തിങ്കളാഴ്‌ച, സെപ്റ്റംബർ 14, 2009

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

ഡിസംമ്പര്‍
നിസ്സഹായതയുടെ മഞ്ഞ് പെയ്യുന്നു.
വഴിവക്കിലെ എണ്ണവിളക്കുകള്‍ പൊലിഞ്ഞു തീരാറയിരിക്കുന്നു.
അകലെ, സത്രത്തിലെ മുറിയില്‍,
നെരിപ്പോടിലെ കനല്‍ക്കട്ടകള്‍ എരിഞ്ഞു മരിക്കുന്നു.
ബേല,
ഒരു കണ്ണുനീര്‍തുള്ളിയ്ക്ക് മറ്റൊരു കണ്ണുനീര്‍തുള്ളിയോട്
പരിഭവം തീര്‍ക്കേണ്ട സമയമായിരിക്കുന്നു.
പക്ഷെ, നീയെവിടെയാണ്‌ ?
തടാകത്തിലും പുല്‍മേടിലും നിന്റെ പള്ളിയിലും
നിന്നെ ഞാന്‍ തിരഞ്ഞു.
നീ എവിടെയാണ് മറഞ്ഞിരിക്കുന്നത് ?
ഇനിയും നീ അറിഞ്ഞില്ലേ !
വിരഹത്തിന്റെ ഹിമധൂളികളിലേക്ക്
നിന്നെയും പ്രണയത്തെയും വലിച്ചെറിഞ്ഞവന്‍,
നിന്റെ ഹൃദയദൂതുകള്‍ക്ക് തീ പകര്‍ന്നവന്‍
പ്രണയാഗ്നിയില്‍ പകുതി വെന്ത ഹൃദയവുമായി തിരിച്ചെത്തിയിരിക്കുന്നു.
നീ കാണുന്നില്ലേ,
ഈ ദേവദാരുവില്‍ നാം കോറിയിട്ട പ്രണയലിഖിതങ്ങള്‍
മറ്റാരും തിരുത്തിയിട്ടില്ല
ഈ ചരിഞ്ഞ മരകൊമ്പില്‍ നാമല്ലാതെ മറ്റാരുമിരിപ്പിടമൊരുക്കിയിട്ടില്ല.
പക്ഷെ, നീയെവിടെയാണ്‌ ?
ഈ അലച്ചില്‍ എനിക്കിനിയും വയ്യ ബേല
കൊടുങ്കാറ്റിലെ കാറ്റാടി പോലെ ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു.
നീ സമ്മാനിച്ച ഈ തൂവാലയില്‍
നിന്റെ സുഗന്ധവും പ്രണയശേഷിപ്പുകളുമായി
ഇടവഴികളിലും പൂന്തോട്ടങ്ങളിലും നിന്നെ ഞാന്‍ തിരഞ്ഞലഞ്ഞു.
നിനക്കെന്തറിയാം !
നിന്റെ പേരു ചൊല്ലി വിളിക്കുമ്പോള്‍
ഈ മലമടക്കുകള്‍ അതേറ്റു പറഞ്ഞെന്നെ പരിഹസിക്കുന്നു.
ഇതിലുമെത്രയോ പ്രേമനാട്യങ്ങള്‍ക്ക് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്ന്
ചന്ദ്രതാരകള്‍ വിടാതെ പിന്തുടര്‍നെന്നെ പുച്ഛിക്കുന്നു.
അറിയുക :
ഇതിലും താഴെയൊരു കീഴടങ്ങലില്ല ;
ഇതിലുമുച്ചത്തില്‍ ഒരഭ്യര്‍ഥനയും.
സത്യമാണ്‌ ബേല, ഞാന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു.
എന്റെ ചുണ്ടുകള്‍ക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു
എന്റെ കണ്ണുകള്‍ പെയ്തു തോരാറായിരിക്കുന്നു.
ഈ കണ്ണുനീര്‍തുള്ളികള്‍ എത്ര നിര്‍മലമാണെന്ന്
ഇപ്പോള്‍ പെയ്യുന്ന ഹിമകണങ്ങളോട് ചോദിക്കുക
ഈ പ്രണയം എത്ര അഗാധമാണെന്ന്
ഈ തടാകത്തോട് അറിയുക.
ചിലര്‍, നുണകളുടെ ലോകത്തെ ചക്രവര്‍ത്തിമാര്‍, പറയുന്നു,
നീ മറ്റൊരു സ്വര്‍ലോകത്ത് നിതാന്തനിദ്രയിലമര്‍ന്നു കഴിഞ്ഞുവെന്ന്.
എനിക്കറിയാം; പച്ചനുണയാണത്.
പനിനീര്‍പൂവിതളുകള്‍ കൊണ്ടുണ്ടാക്കിയ നിന്റെ ഹൃദയത്തിന്
ഇത്രയും കഠിനമായി ആരേയയും ശിക്ഷിക്കുക വയ്യ.
എനിക്കിനിയും വയ്യ ബേല
എന്റെ ചിന്തകള്‍ക്കു തീ പിടിക്കുന്നു
എന്റെ ദേഹം മഞ്ഞിനേക്കാള്‍ തണുത്തിരിക്കുന്നു.
ഒരു തുള്ളി വിഷം. ഒരു ചുടുവെടിയുണ്ട ;
എത്ര എളുപ്പമാണത് !
പക്ഷെ എനിക്കതിന് കഴിയില്ല ബേല
നീ എവിടെയാണെങ്കിലുമോര്‍ക്കുക ;എനിക്കൊരിക്കലുമതിന്‌ കഴിയില്ല.
സത്യം ബേല, എന്റെ ജീവപേടകത്തിന്റെ താക്കോല്‍
നിന്റെ പച്ചപ്പുകളിലെങ്ങോ കളഞ്ഞു പോയിരിക്കുന്നു.
ഒന്നുകില്‍ നീയതു വീണ്ടെടുത്തു തരിക
അല്ലെങ്കില്‍, ഇവിടെ വന്ന്
ഈ ഹൃദയചലനങ്ങള്‍ സ്വയം നിലയ്ക്കുന്നതിനു തൊട്ടുമുന്‍പെങ്കിലും
നിന്റെ തുടുത്ത ചുണ്ടുകളില്‍
കണ്ണീരുപ്പും മഞ്ഞും കലര്‍ന്ന
ഈ മരവിച്ച ചുണ്ടുകളില്‍ നിന്ന്
ഒരു മാപ്പപേക്ഷ സ്വീകരിക്കുക.
ഞാന്‍ കാത്തിരിക്കുന്നു.
ഓര്‍ക്കുക ബേല, ഞാന്‍ കാത്തിരിക്കുന്നു.

7 അഭിപ്രായങ്ങൾ:

 1. നന്നായിട്ടുണ്ട് മനോജ്‌. detail ആയി വായിച്ചു detail അഭിപ്രായം പറയാം..

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍
  പ്രണയത്തിന്റെ യഥാര്‍ത്ത മാസ്മരികതക്ക് കാത്തിരിപ്പിന്റെ വിരഹം അനിവാര്യം, അവിടെ കവിത വിളയും പൂക്കും കായ്ക്കും

  മറുപടിഇല്ലാതാക്കൂ
 3. കൊടുംകാറ്റിലെ കാറ്റാടികള്‍ എന്നാ പ്രയോഗം എന്ത് കൊണ്ടോ വേണ്ടത്ര രുചിച്ചില്ല എനിക്ക് ,പ്രണയം നല്ലതാണ് ,പക്ഷെ അമൃതും നല്ലതായാല്‍ ?/?/

  മറുപടിഇല്ലാതാക്കൂ
 4. ബേലാ...നീ എവിടെയാണ്‍...
  ഈ രോദനം നീ കേള്‍ക്കുന്നില്ലേ..?

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ കടപ്പാടും ഇസബെല്ല എന്ന ചിത്രത്തിന്

  മറുപടിഇല്ലാതാക്കൂ
 6. എനിക്ക് ഇഷ്ടമായി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. എഴുത്ത് കൊള്ളാം പക്ഷെ വിഷയം പഴയത് ആയതിനാല്‍ ഒരു വായനാ വിരസത.... അഭിനന്ദനങ്ങള്‍.....

  മറുപടിഇല്ലാതാക്കൂ