ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

വേഷപ്പകർച്ച


വേഷപ്പകർച്ച.


ഇനിയൊന്നും ചെയ്യാനില്ല..ഗുളികകൾ എടുത്തു വായിലേക്കിടണം.. പിന്നെ ഒരിറക്ക് വെള്ളം.. പെയ്യാനുള്ളതെല്ലാം പെയ്ത് തീർന്നപ്പോൾ എന്താശ്വാസം..!

കത്തെഴുതാനിരിക്കുന്നതുവരെ മനശ്ചാഞ്ചല്യമുണ്ടായിരുന്നു. പക്ഷെ നെഞ്ചുരുകി പൊട്ടിക്കരഞ്ഞ് എല്ലാം എഴുതി തീർത്തപ്പോൾ മനസ്സിന് അലയൊതുങ്ങിയ കടലിന്റെ ശാന്തത..

കുട്ടികളെ ഓർത്തുമാത്രമെ സങ്കടമുള്ളു..ഉം...പത്തു പതിനഞ്ചു വയസ്സൊക്കെ ആയില്ലേ, തന്നെ വളർന്നോളും..ദാസേട്ടനു വിഷമമൊക്കെയുണ്ടാകും..എന്നാലും കക്ഷിയല്ലേ ആള്..ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേക്കും മറ്റൊരാളെ കണ്ടെത്തിക്കോളും..

ആസ്പത്രിയിൽ.. ഓ..അവിടെ ഇതൊക്കെ ഓർക്കാൻ ആർക്കാണു നേരം.. ആകെ ലീലാമണി സിസ്റ്ററിനു മാത്രം അല്പം ആത്മാർത്ഥയുണ്ട്. കക്ഷിയൊന്ന് ഉള്ളുലഞ്ഞ് കരയുമായിരിക്കും..ബാക്കിയുള്ളവരൊക്കെ ഇവിടെ വന്നൊന്ന് മൂക്കു ചീറ്റി തിരിച്ചു പോകും..യൂണിയനിലെ ആരെങ്കിലും ബോർഡെഴുതി വെക്കുമായിരിക്കും..രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ മറ്റൊരു നോട്ടീസ് വരും..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു !
 
കീമോയും റേഡിയേഷനും നരകവേദനയും സഹിച്ച് കിടന്നാൽ നാലഞ്ച് വർഷം കൂടി ആയുസ്സ് കൂട്ടിക്കിട്ടുമായിരിക്കും..വേണ്ട ! വേണ്ടേവേണ്ട !!  ഇത്ര കാലം  ശുശ്രൂഷിച്ച രോഗികൾക്കിടയിൽ, അവരുടെ തന്നെയും പിന്നെ സഹപ്രവർത്തകരുടെയും സഹതാപം ഏറ്റുവാങ്ങി, മുടിയെല്ലാം കൊഴിഞ്ഞ്, ഒരു പേക്കോലമായിങ്ങനെ.സംശയം തോന്നിയപ്പോ അമലയിൽ തന്നെ പോയത് നന്നായി..അല്ലെങ്കിലിപ്പോ ആസ്പത്രിയാകെ പാട്ടായേനെ. ചിലപ്പോൾ സർജറി ചെയ്ത് എടുത്തുകളയാനും മതി.. പിന്നെയവിടെയൊരു സ്പോഞ്ച് സ്ഥാനം പിടിക്കും - ഒറ്റമുലച്ചി !!!ചികിത്സയും ക്ഷീണവും കിടപ്പും തന്നെയാകുമ്പോൾ കുട്ടികൾക്കു പോലും മടുക്കും..  ഓരോരോ കാഴ്ച്ചകൾ എത്രയോ തവണ കണ്ടിരിക്കുന്നു..
എന്തിന്, അമ്മയ്ക്കു തന്നെ..അവരുടെ കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം, കൊടുംവേദന ചുമന്ന് ആയുസ്സ് തള്ളി നീക്കിയിട്ടവസാനം ചെറിയേട്ടൻ പറഞ്ഞത് തീക്കനൽ പോലെ ഈ നെഞ്ചിലും കിടപ്പുണ്ട്
എനിക്ക് വയ്യ..  എനിക്കങ്ങനെയൊന്നും കേൾക്കാൻ വയ്യ... അമ്മേ, ഞാനും വരുന്നു..

ഇന്നലെ രാത്രി സംഭാഷണം പതിവിലേറെ നീണ്ടു പോയപ്പോൾ ദാസേട്ടൻ ചോദിച്ചിരുന്നു..    
“ ഇന്നെന്താ ശ്രീമതിയ്ക്ക് ഭയങ്കരസ്പ്രേമം ?”

പൊന്തി വന്ന തേങ്ങലമർത്തി ചിരിച്ചു.. “ അതേയ്..ഇതാ ഒറിജിനൽ സ്നേഹം ഇത്രനാളുമുണ്ടായത് വെറും പറ്റിക്കൽസ്..”

“ഉം..ഒറിജിനലൊക്കെ എനിക്കൊന്നു കൂടി കാണണം..” അങ്ങേതലക്കൽ അമർത്തിയ ചിരി.. നേരിട്ടായിരുന്നെങ്കിൽ, ഉള്ളം തുടയിൽ ഒരു മൃദുവായ പിച്ചു വീണേനെ !. അതെ.. രണ്ടുകൊല്ലത്തിലൊരിക്കൽ തിരിച്ചെത്തുമ്പോൾ ദാസേട്ടനും അതാണു വേണ്ടത്..ഒറിജിനൽ !! അതിലൊന്നിന്റെ സ്ഥാനത്താണൊരു സ്പോഞ്ച് കഷണം

പതിവിനു വിപരീതമായി , പാർക്കിലും ഐസ്ക്രീം പാർലറിലും തുണിക്കടയിലുമെല്ലാം ചുറ്റിക്കറങ്ങിയപ്പോൾ കുട്ടികൾക്കും അത്ഭുതം.

“ എന്നാലും അമ്മയ്ക്കെന്താ പറ്റിയേ ? ഇൻക്രിമെന്റ്  കിട്ടുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലൊ?” അമ്മുവിന്റെ സംശയം മാറിയിരുന്നില്ല..

“ എന്നാ ശരി..അടുത്തകൊല്ലം തൊട്ട് ഇല്ലേയില്ല..” ഒരു വിതുമ്പലായാണൊ അതു പുറത്തു വന്നത് ? ഭാഗ്യം ! അവൾ ശ്രദ്ധിച്ചിരുന്നില്ല.പക്ഷെ അപ്പു കേട്ടു.

“എന്നാ നമുക്ക് അടുത്ത കൊല്ലം തോട്ട് വേറേ അമ്മേനെ നോക്ക്യാലോ ചേച്ചി..?” അറം പറ്റുന്ന അവന്റെ വാക്കുകൾ കേട്ട് നെഞ്ച് പിടഞ്ഞു. അല്ലെങ്കിലും അവനെന്നും അമ്മയെ കുറിച്ച് പരാതിയാണ് !

കോളിങ്ങ് ബെല്ലടിച്ചുവോ ? ഇല്ല .തോന്നിയതാവും.. അല്ലെങ്കിലും ആരാണീ നേരത്ത് വരാൻ.
അല്ല..വീണ്ടും ബെല്ലടിക്കുന്നു !

ഏട്ടനെങ്ങാൻ ? ഇല്ല.. മുന്നു മണിക്കാണ് വരാൻ പറഞ്ഞത്. കുട്ടികൾ എത്തുന്നതിനു  മുമ്പെ ആരെങ്കിലും കാണണമല്ലൊ, അറിയണമല്ലൊ..ഏട്ടനാണെങ്കിൽ നല്ല ആത്മധൈര്യവുമുണ്ട്.  കടയിലെ തിരക്കൊഴിഞ്ഞ്, ആ നേരത്തു തന്നെയെ വരാൻ സാധ്യതയുള്ളു..പിന്നെയാര് ?

മുഖമൊന്ന് തുടച്ച് വാതിൽ ചെന്നു തുറന്നു.

തലയിൽ തട്ടമൊക്കെയിട്ട് ഒരുത്തി.. “ ചേച്ചീ.. ക്യാൻസറാണ്.. എന്തെങ്കിലുമൊരു സഹായം..”

ഒലക്ക!..കള്ളലക്ഷണമാണ് മുഖത്ത്.

“ഇവിടെയൊന്നുമില്ല.”  ദേഷ്യത്തോടെ വാതിലടക്കാൻ തുടങ്ങുകയായിരുന്നു. പെണ്ണ് വീണ്ടും ഇടയിൽ കയറി.. “ എന്നാ ഒരിത്തിരി കഞ്ഞിവെള്ളം തര്വോ ? കാലത്തൊന്നും കഴിക്ക്യാൻ പറ്റില്ല്യേ..” ദേഷ്യം  ഇരട്ടിക്കുകയായിരുന്നെങ്കിലും ഒരു മിന്നായം പോലെ കണ്ടു.. അവളുടെ തട്ടത്തിനടിയിൽ, തല മിക്കവാറും ശൂന്യമാണ്.  ഏതാനും മുടിനാരുകൾ മാത്രം ഞാന്നു കിടക്കുന്നു !

ഇനിയെങ്ങാനും സത്യമായിരിക്കുമോ ? കീമോ എടുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്..

കാൻസർ..?!

 ഇഡ്ഡലി മൂന്നാലെണ്ണം ബാക്കിയിരിപ്പുണ്ട്.. കൊടുത്താലോ ? പോകുന്ന  പോക്കിൽ ഒരു പുണ്യമായിക്കോട്ടെ..കൊടുത്തിട്ട് വേഗം പറഞ്ഞു വിടാം..

“ അവിടെ നിക്ക്..ഇഡ്ഡലി ഇരിപ്പുണ്ട്..”

അകത്തു നിന്ന് കൊണ്ടു വരമ്പോഴാണ് കണ്ടത്..അവളുടെ കൈയ്യിൽ പാത്രമൊന്നുമില്ല എങ്ങനെ മുറ്റത്തിരുത്തി ഭക്ഷണം കൊടുക്കും ?

“വാ..”  അകത്തേക്കു വിളിച്ചു.

“എവിടെയാ ചികിത്സ ?” ഒരു കൗതുകത്തിൽ  അവളോട് ചോദിച്ചു.

“ ഇവ്ടെ മെഡിക്കൽ കോളേജില്..” സംശയം തീർക്കാനെന്നോണം അവൾ ഇടതുകൈ കൊണ്ട് പ്ലാസ്റ്റിക് കവറിൽ നിന്ന് ചില പേപ്പറുകളെടുത്ത് നീട്ടി..

നിത്യ പരിചയമുള്ള കൈയ്യക്ഷരങ്ങൾ..ഡോക്ടർ ജോർജ്ജ് വർഗീസ്സ്.. ! അവൾ പറഞ്ഞത് സത്യമാണ് !.. സഹതാപം തോന്നി.. ഒപ്പം, അവളോടെന്തോ ഒരടുപ്പം ഊറി വരുന്നു.ഒ പി ചീട്ടുകൾക്ക്  വർഷങ്ങളുടെ പഴക്കമുണ്ട്..പക്ഷെ..

“തൊടങ്ങീട്ട് കൊറെ നാളായല്ലൊ..? ” സംശയം തീർക്കാൻ ചോദിച്ചു.

“ഉവ്വ ചേച്ചി.. അഞ്ചുകൊല്ലം മുമ്പായിരുന്നു തൊടക്കം.. അന്ന് ഇഞ്ചക്ഷനും ലൈറ്റൊട്യൊക്ക്യായ്ട്ട്  മുഴുവനായ്ട്ടങ്ങ്ട് മാറി തൊടങ്ങ്യേതായ്ര്ന്നു.. അയിന്റെടേല് കെട്ട്യോൻ മരത്തുമ്മന്ന് വീണ് അരയ്ക്ക് താഴെ തളന്നു..മൂപ്പര്ടെ ചികിൽസയ്ക്ക് കാശ് കൊറെ ചെലവായപ്പൊ മ്മടെ കാര്യവടിട്ടു..അദാപ്പോ പ്രശ്നായേ.. രണ്ട് മാസം മുമ്പ് പിന്നീം ലക്ഷണങ്ങള് കണ്ട് തൊടങ്ങി.. ആസ്പത്രീ പോയപ്പോ ഡോക്ടറു പറഞ്ഞു ഇനീം  ഇഞ്ചക്ഷനും ലൈറ്റടീം വേണന്ന്.. ഇപ്പൊ രണ്ടിഞ്ചക്ഷൻ കഴിഞ്ഞു..ഇനിപ്പോ ലൈറ്റടി തൊടങ്ങണം..” പറയുമ്പോഴും അവൾക്ക് സങ്കടമൊന്നുമില്ല. അല്ലെങ്കിലും കണ്ടിട്ടുണ്ട്.. പലർക്കും ഒരു നിർവികാരതയാണ്..

“ എന്നെ കണ്ട്ട്ട്‌ണ്ടോ അവ്ടെ ?”

അവൾ ചോദ്യഭാവത്തിൽ സൂക്ഷിച്ചു നോക്കി..

“ഞാനവിടെ നേഴ്സാ.. ഓങ്കോളജീ തന്നെ..മര്ന്ന് കേറ്റാൻ നിങ്ങളവ്ടെ ഒര് മുറീ വന്ന് കെട്ക്കാറില്ല്യേ ? ഞാനവടിണ്ടാവാറ്ണ്ട്..”

“അങ്ങനെ പറഞ്ഞപ്പോ” അവൾ സംശയത്തോടെ നോക്കി.. “ കണ്ട പോലെ ഒരു തോന്നല്..”

“ മര്ന്നൊക്കെ അവ്ടന്ന് ഫ്രീ കിട്ടാറില്ല്യേ ?”

“ഇല്ല്യാന്നേ..ഞങ്ങടെ കഷ്ടകാലം ..പുത്യേ റേഷങ്കാർഡ് കിട്ട്യേല് ഞങ്ങള് എ.പി.എല്ലാ.. ശെര്യാക്കാൻ നടന്നെന്റെ കാല് തേഞ്ഞു..അട്ത്തമാസം ശെര്യാക്കി തെരാന്ന് റേഷൻ പീട്യക്കാരൻ പറഞ്ഞ്ട്ട്ണ്ട്.. കണ്ടറിയണം..”

 അവിശ്വസിക്കേണ്ടതുണ്ട് എന്നു തോന്നിയില്ല.

അവൾ ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി വച്ചു.

“ കുട്ട്യേള് ?” വീണ്ടുമൊരു കൗതുകം.

“ രണ്ടെണ്‌ണ്ട്..മൂത്തോൻ എട്ടില്..എളേത് പെണ്ണാ.. അഞ്ചില്.. അവ്റ്റങ്ങൾടെ കാര്യോർത്ത്ട്ടാ ഞാന്ങ്ങനെ എന്‌റ്റ് നടക്ക്ണ്ദ്.... അല്ലെങ്ങെ വെല്ല വെഷോം കുടിച്ച് ചത്തേനെ....നമ്മള് വയ്യാണ്ട് കെട്ക്കുമ്പഴേ അവ്റ്റങ്ങള്ടെ സ്നേഹം മനസ്സിലാവൊള്ളു..ചേച്ചിക്ക്യറിയോ ? ഇനിയ്ക്ക് തീരെ എനിയ്ക്ക്യാൻ പറ്റാണ്ടായ നാലഞ്ച് ദെവ്സം എട്ടാം ക്ലാസ്സീ പടിക്കണ എന്റെ പൊന്നുമോൻ  അഞ്ച് മണിക്കെന്ന്റ്റ് ചോറും കൂട്ടാനും വെച്ചു...” ഒരു ഏന്തലോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.. “ആ കുഞ്ഞുമക്കളീം വയ്യാണ്ട് കെട്ക്കണ ഒരാളീം വിട്ട് മ്മടെ വേദനാന്നും പറഞ്ഞ് നെലോളിച്ച് നടന്ന്ട്ട് എന്ത് കാര്യം  ..അവ്ടെ കെട്ന്ന് ചാവും..അദെന്നെ..”

കണ്ണുകൾ നിറയുന്നുണ്ട്.. പക്ഷെ സംസാരിച്ച് മതിയാവുന്നില്ല.. മരണത്തിന്റെ ഗുഹാമുഖത്തേക്ക് അവളൊരു പുതിയ വെളിച്ചം വീശുന്നു..എത്ര വേഗമാണ് ചിലതെല്ലാം മറന്നു പോകുന്നത്..

എന്റെ പൊന്നുമക്കൾ !!..

ഒരു വലിയ തേങ്ങൽ വന്ന് തൊണ്ടയിൽ തടഞ്ഞു..

അവൾ പോകാനൊരുങ്ങുകയാണ്.

“നിക്ക്..” പൊട്ടിയൊലിക്കാതെ പറഞ്ഞൊപ്പിച്ചു.

ബെഡ്രൂമിലെ അലമാരിയിൽ നിന്ന് എത്ര നോട്ടുകളെടുത്തു എന്നോർമ്മയില്ല..കണ്ണുകളിൽ ഒരു മൂടൽ വന്നു നിറഞ്ഞൊഴിയുന്നു..

“ഇതു വച്ചോ..” അവളുടെ കൈകളിൽ വച്ചു കൊടുത്തു.

അത്രയും തുക അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..” അയ്യോ..ഇത്രയ്ക്കൊന്നും വേണ്ട ചേച്ചി.. ഇത് കൊറെ കൂട്തലാ..” അവളുടെ കണ്ണുകൾ നിറയുന്നു.

പാവം ! ഈ നോട്ടുകൾക്ക് പകരം തന്നത് എന്താണെന്ന് അവളറിയുന്നില്ലല്ലൊ..

“ വെച്ചോളു.. നമുക്ക് ആസ്പത്രീവെച്ച് കാണാ..ഞാനുമ്ണ്ടാവും ഇനി അവടെ നിങ്ങക്കൊപ്പം.. നഴ്സായ്ട്ടല്ല.. രോഗ്യായ്ട്ട്..എനിക്കും ..” പൊട്ടിക്കരഞ്ഞു പോയി . രണ്ടു ദിവസമായി ചുമക്കുന്ന താങ്ങാഭാരം അങ്ങനെ പൊട്ടിയൊഴുകി പോകുന്നു.

ആദ്യമൊന്നന്തിച്ച്, പിന്നെ എല്ലാം തിരിച്ചറിഞ്ഞ് അവൾ കൈ കൂട്ടിപ്പിടിച്ചു.. “ കുറുന്തോട്ടിക്കും വാതം..!!” അവൾക്കത് മനസ്സിലാവും.. അവളും കരയുകയാണല്ലൊ..

“ ചേച്ചീനെ കണ്ടപ്പഴേ തോന്നിഉള്ളിലെന്തോ വെല്ല്യ പ്രയാസണ്ട്ന്ന്..”, അവൾ തുടർന്നു.

“ഇവടെ ആരോടും പറഞ്ഞ്ട്ടില്ല്യ.. രണ്ട് ദിവസ്സായ്ട്ടൊള്ളു അറ്ഞ്ഞ്ട്ട്..” എത്ര നിയന്ത്രിച്ചിട്ടും  തേങ്ങൽ അടങ്ങുന്നില്ല.. “ എന്താ ചെയ്യണ്ടേന്ന് ഒരു രൂപോല്ല്യാണ്ട് ഇരിക്ക്യായിര്ന്നു..”

“തലയ്ക്ക് മീതെ വെള്ളം വന്നാ അയ്നു മേലെ തോണി..” അവൾ ആശ്വസിപ്പിച്ചു.. “ ചേച്ചി  വീട്ട്വാരോടൊക്കെ കാര്യം പറയ്.. അപ്പൊ തന്നെ മനസ്സിന്റെ ഭാരം കൊറയും..”


“ഇന്നത്തെ കാലത്ത് ഇദൊക്കെ വെല്ല സൂക്കേട്വൊണൊ..അവടത്തെ തെരക്ക് ചേച്ചി കാണാറില്ല്യേ.. ജലദോഷം വര്ണ മായിര്യല്ലേ ആൾക്കാര്ക്ക്  കേൻസറ് വര്ണദ്.. ഇഞ്ചക്ഷനും ലൈറ്റടിയൊക്കെ കഴിഞ്ഞാ ഒക്കെ ശെര്യാവും.. കൊറച്ച് നാള് ബുദ്ധിമുട്ട്വൊക്കിണ്ടാവും..മുടി പൂവും.. അയിനിപ്പെന്താ.. ഒക്കെ ശര്യാവില്ല്യെ.. ഇത്രേം വെല്ല്യ പ്രതാപത്തില് നിക്ക്ണ അമ്പലത്തിലെ ആല്വേള്  വരെ കൊല്ലത്തിലൊരിയ്ക്കെ ഇല്യൊക്കെ കൊഴിഞ്ഞ് അസ്തികൂടായ് നിക്ക്ണ്.. പിന്ന്യണ് മൻഷ്യന്മാര്..”

ഒന്നും അറിയാത്തതല്ല. ചിലതൊക്കെ താനും പലരെ ആശ്വസിപ്പിക്കാൻ പറഞ്ഞിട്ടുള്ളതാണ്..
ഒരാണിന്റെ ചങ്കൂറ്റമുണ്ടെന്ന് പലരും വിശേഷിപ്പിക്കാറുള്ളയാളാണ്.. പക്ഷെ, കുന്തം സ്വന്തം നെഞ്ചിലേക്ക് വന്നപ്പോൾ, എല്ലാ പാഠങ്ങളും മറന്നു പോയി.

പിന്നെയുമെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് അവൾ പടിയിറങ്ങിപ്പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. എത്ര നിർബന്ധിച്ചിട്ടും അവൾ ആയിരം രൂപയെ വാങ്ങിയുള്ളു.. പാവം !..

അല്പം കഴിഞ്ഞാൽ ഏട്ടൻ വരും.. ആദ്യമറിയുന്നത് ഏട്ടനാവട്ടെ.. അമ്മയുടെ അസ്ഥിത്തറയിൽ പോയൊന്ന് നെഞ്ചുപൊട്ടികരയണം.. ദാസേട്ടനോട് പറയണം.അമ്മു കേക്കുമ്പോൾ പേടിക്കുമോ ? സാരമില്ല.. അവൾ സത്യമറിയട്ടെ. ലീലാമണി സിസ്റ്ററോട് പറയണം.. പിന്നെ മറിയുമ്മയോട്..

ഓർത്തപ്പോൾ ചിരി വന്നു..

മറിയുമ്മയോട് പറഞ്ഞാൽ മതി.. പിന്നെ എല്ലാവരും അറിഞ്ഞോളും..

********