വ്യാഴാഴ്‌ച, ജനുവരി 10, 2013

ശലഭങ്ങൾ പറഞ്ഞ കഥ



                                           ശലഭങ്ങൾ പറഞ്ഞ കഥ

 
സ്മൃതി ലഹരിഅവസാനിച്ചു കഴിഞ്ഞിട്ടും അവളെയവിടെ കാണാതായപ്പോൾ എന്തു പറ്റിയതാവും എന്ന ഒരുത്ക്കണ്ഠ എന്റെയുള്ളിൽ രൂപപ്പെട്ടിരുന്നു. സാധാരണ, പരിപാടി തീരാൻ ഒന്നോ രണ്ടോ പാട്ടുകൾ ബാക്കിയുള്ളപ്പോൾ അവളവിടെ പ്രത്യക്ഷപ്പെടാറുള്ളതാണ്. ഇരുളിൽ മുങ്ങിത്താണു കിടക്കുന്ന ഒരു വലിയ കപ്പലിലെ പ്രകാശനാളം പോലെ, ആ ഇരുണ്ട ഫ്ലാറ്റിലെ നാലാം നിലയിലെ ചെറിയ വെളിച്ചത്തിൽ അവൾ.. അവളുടെ ഫ്ളാറ്റിനും എന്റെ ഗോഡൗണിനുമിടയിലുള്ള റോഡും പരിസരവും വിജനവും ശാന്തവുമായിരിക്കും. കുറച്ചു നേരം അവളവിടെ ബാൽക്കണിയിൽത്തന്നെ നിൽക്കും. ശുഭ്രമായ നിശാവസ്ത്രങ്ങളണിഞ്ഞ്, ഒരു മാലാഖയെപ്പോലെ. താഴെ, പൂത്തു നിൽക്കുന്ന കുറ്റിമുല്ലകൾക്കും നന്ത്യാർവട്ടങ്ങൾക്കും പൂത്തിരിയെന്ന് ഞാൻതന്നെ പേരിട്ട പേരറിയാത്ത ചെടികൾക്കും ഇടയിൽ, ഗോഡൗൺ ഉമ്മറത്തെ ഓറഞ്ച് വെളിച്ചത്തിൽ ഉലാത്തുന്ന എന്നെയാവും അവളപ്പോൾ നോക്കുക. അതോടെ സുഖമുള്ള ഒരസ്വസ്ഥത എന്നെ വന്ന് പൊതിയാൻ തുടങ്ങും. പിന്നെയവൾ അവിടെ നിന്ന് പോകുന്നതു വരെ ഒരു ഒളികൺനോട്ടമായിരിക്കും എന്റെത്. അഥവാ ഞാൻ തലയുയർത്തിയാൽത്തന്നെ അവൾ നോട്ടം മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിക്കും. ശത്രുവിനു മുറിവേൽക്കാതിരിക്കാൻ വ്യവസ്ഥയുള്ള യുദ്ധത്തിലേർപ്പെടുന്നതുപോലെ രസകരമായ ഒരു വിനോദമായിരുന്നു അത്.

എവിടെനിന്നെന്നറിയാതെ വന്നെത്തുന്ന നാലഞ്ച് നിശാശലഭങ്ങൾ എന്റെ പൂക്കളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. കുറച്ചു നേരം അവളങ്ങനെ തന്നെ നിൽക്കും. സൂക്ഷിച്ചു നോക്കിയാൽ, അവളുടെ പൂച്ച വാലുയർത്തി അവളെ മുട്ടിയുരുമ്മി നടക്കുന്നതും കാണാം. ഇടയ്ക്ക് തന്റെ ചെറിയ ബാൽക്കണിമുറ്റത്തെ ചെടികളെ അവൾ താലോലിക്കും. (അതിൽ മൂന്നു ചെടികൾ അവൾ എന്റെ സഹപ്രവർത്തകൻ ബഷീറിനെ പാട്ടിലാക്കി ഈ തോട്ടത്തിൽ നിന്നു തന്നെ കൊണ്ടു പോയി നട്ടതാണ് എന്നെനിക്കറിയാം..പക്ഷേ അവൾ നേരിട്ടിവിടെ പ്രത്യക്ഷപ്പെട്ടാൽപ്പോലും ഞാനത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല.. ) പിന്നെയവൾ സാവധാനം അകത്തു കടന്ന് വാതിലടയ്ക്കും. അവൾ അണയ്ക്കുന്ന ബാൽക്കണിയിലെ വെളിച്ചം പോലും വളരെ സാവധാനത്തിൽ അസ്തമിച്ചു പോകുന്നതായിട്ടാണ് എനിക്കനുഭവപ്പെടുക. അതു കഴിഞ്ഞാൽ ഞാനുമെന്റെ ചെടികളെയും പൂക്കളെയുമൊക്കെ ഒന്നു പരിശോധിക്കും. പുഴുക്കളെയും പ്രാണികളെയുമെല്ലാം നുള്ളിക്കളയും.(സോഡിയം വെളിച്ചത്തിൽ അവയെ കാണുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ പകൽ ഡ്യൂട്ടി എനിക്കിഷ്ടമല്ല. ഭാഗ്യവശാൽ, ബഷീറിനു രാത്രി ഡ്യൂട്ടിയും ഇഷ്ടമല്ല.) പിന്നെ കാവൽപ്പുരയിലെ ബെഞ്ചെടുത്ത് പുറത്തിട്ട് ആകാശം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ, അമ്പിളിക്കല, വല്ലപ്പോഴും മിന്നിയെരിഞ്ഞു പോകുന്ന കൊള്ളിമീനുകൾ, ചെറിയ ഇരമ്പത്തോടെ വെളിച്ചം മിന്നിച്ച് കടന്നു പോകുന്ന വിമാനം..രാത്രിയാകാശം എനിക്കൊരിക്കലും മടുക്കാറില്ല. അവസാനം, പന്ത്രണ്ടിന്റെ സൈറൺ മുഴങ്ങുമ്പോൾ ഞാനെന്റെ കൊച്ചുകാവൽപ്പുരയിലെ ഇരുമ്പുകട്ടിലിലേക്ക് മടങ്ങും. പക്ഷേ ആ സമയത്തൊക്കെയും അവൾ തന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ വീണ്ടും എന്നിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഏയ്.. അങ്ങനെയൊന്നുമുണ്ടാവില്ല, എന്റെ തോന്നൽ മാത്രമാവുംഎന്ന് പിന്നാലെ ആശ്വസിക്കുകയും (അതോ നിരാശപ്പെടുകയാണോ? അറിഞ്ഞു കൂടാ) ചെയ്യും.


ഒടുവിൽ എന്റെ ആകാംക്ഷയ്ക്ക് അറുതി വരുത്തിക്കൊണ്ട് അവളവിടെ പ്രത്യക്ഷപ്പെട്ടു. ഈ രാത്രിയിലെ അത്ഭുതം അവൾ കൂടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു എനിക്ക് ഏറെ തിടുക്കം. പ്രതീക്ഷ തെറ്റിയില്ല, അവരെത്തന്നെയാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്. എന്റെ നിശാശലഭങ്ങളെ! അവരാദ്യമായാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്! സ്വയമറിയാതെ അവളിൽ നിന്നുയർന്ന ആശ്ചര്യശബ്ദം ഞാൻ വ്യക്തമായും കേട്ടു. പിന്നെയവൾ അത്യാഹ്ലാദത്തോടെ തന്റെ ഭർത്താവിനെ ആ കാഴ്ച്ച കാണാൻ ക്ഷണിച്ചു. അയാളാകട്ടെ, അല്പനേരം അവരെ നോക്കി നിന്ന്, പിന്നെന്തൊക്കെയോ ഉപദേശിച്ച് (മഞ്ഞു കൊള്ളേണ്ടെന്നോ മറ്റോ ആയിരിക്കണം..) വീണ്ടും അകത്തേയ്ക്ക് പിൻവലിഞ്ഞു. അല്ലെങ്കിലും, ഒരു ഭർത്താവിന്റെ സ്നേഹനാട്യങ്ങളെക്കാളുപരി, ഒരു ജ്യേഷ്ഠന്റെ കരുതലാണല്ലൊ അയാളുടെ പെരുമാറ്റത്തിൽ നിഴലിക്കാറ്. ( അതോ അയാളവുടെ ജ്യേഷ്ഠൻ തന്നെയാണോ ? ആവോ, ആർക്കറിയാം !) അവളാകട്ടെ, ആദ്യത്തെ അത്ഭുതത്തിനു ശേഷം മറ്റൊരു ചെടിയായി നിന്ന് പൂക്കൾക്കിടയിലൂടെ നീട്ടിയ തന്റെ വിരൽത്തുമ്പിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. നന്നായി’..ഞാൻ ഉള്ളിൽ ചിരിച്ചു. മഹാവികൃതികളും സംശയാലുക്കളുമാണവർ..പക്ഷേ അവസാനം അവൾ വിജയിക്കുക തന്നെ ചെയ്തു.. ആ നിമിഷം, അല്ല, നിമിഷത്തിന്റെ നിമിഷത്തിൽ ഞങ്ങളുടെ മിഴികൾ ഒരു മിന്നൽസ്പർശത്തിലൂടെ ഒന്നാവുകയും, പരസ്പരം തൊട്ടതറിഞ്ഞ് അതിനേക്കാൾ വേഗത്തിൽ അകന്നു മാറുകയും ചെയ്തു. അകത്തു നിന്ന് അയാൾ വീണ്ടും വിളിച്ചപ്പോഴാകണം, തന്റെ റോസാക്കൊമ്പിൽ വിരിഞ്ഞ ആദ്യ മൊട്ടിന് ചെറിയുരുമ്മ സമ്മാനിച്ച് (മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ അതു വിടരും) അവൾ വാതിൽ അടച്ചു.


പുൽത്തകിടിയും, അലങ്കരിച്ചും കത്രിച്ചും ഭംഗിയാക്കിയ ചെടികളുമുള്ള നഗരവീടുകളിലെ പൂന്തോട്ടങ്ങളെ അപേക്ഷിച്ച് തീർത്തും അപരിഷ്കൃതം എന്നു പറയാവുന്ന ഒന്നായിരുന്നു എന്റെത്. ഗോഡൗണിന്റെ ഉമ്മറത്ത്, കാവൽപ്പുരയ്ക്കും ഗേറ്റിനുമിടയ്ക്കുള്ള ഇത്തിരി മണ്ണിൽ ഞാൻ തന്നെ വീട്ടിൽ നിന്നു കൊണ്ടു വന്നു പിടിപ്പിച്ച നാടൻ ചെടികൾ. പിന്നെ നാലഞ്ചെണ്ണം വരുന്ന വഴിക്ക് കാണുന്ന വീടുകളിൽ നിന്ന് തക്കം കിട്ടുമ്പോൾ ഒടിച്ചുകൊണ്ടു വന്ന് നട്ടത്. പക്ഷേ വൈകുന്നേരം ഡ്യൂട്ടിയ്ക്കെത്തുമ്പോൾ, ലോഡിറക്കാനും കയറ്റാനും വരുന്ന ഡ്രൈവർമാരുടെ തോന്ന്യാസവഴികളിൽപ്പെട്ട് ഇടയ്ക്കിടെ പലതും ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ട് നെഞ്ചു് ഉരുകിപ്പോകാറുണ്ട്. ഒരു തുള്ളി വെള്ളമൊഴിക്കുന്നതു പോകട്ടെ, അതൊന്നു ശ്രദ്ധിക്കാൻ പോലും ബഷീർ ഓർക്കാറില്ല. ഇതൊക്കെത്തന്നെ എന്തോ വലിയ ഔദാര്യം പോലെയാണ് ചില നേരത്തെ അവന്റെ പെരുമാറ്റം . അവന്റെ മാത്രമല്ല, ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്ന മാനേജരുടെയും നയം അതു തന്നെയാണ്. ജോലി സമയത്തല്ലല്ലോ ഇതെല്ലാം ചെയ്യുന്നതെന്ന പതിവു ചോദ്യംചെയ്യലുമുണ്ടാകും.

ആകാശം എന്നത്തെക്കാളും മനോഹരമായിരുന്നു. നക്ഷത്രങ്ങൾ പതിവില്ലാത്തവിധം തിളങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു കൊള്ളിമീൻ എനിക്കു നേർക്കെന്നവണ്ണം പാഞ്ഞുവന്ന് കത്തിയമർന്ന് അപ്രത്യക്ഷമായി. ശലഭങ്ങൾ എന്റെ പൂക്കളിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. കൊച്ചുതെമ്മാടികളേ.. എന്നെ വിട്ടു പോകും അല്ലേ?” ഞാനവരെ കളിയായി ശകാരിച്ചു. പക്ഷേ അവരതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ തേനൂറ്റാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചു തെമ്മാടികൾ!


അവർക്കു വേണ്ടി വിരൽത്തുമ്പുകൾ നീട്ടാനൊന്നാഞ്ഞെങ്കിലും അവൾ കാണുന്നുണ്ടാവുമല്ലൊ എന്ന ജാള്യതയോടെ ഞാൻ വേഗം കൈ പിൻവലിച്ചു.


പന്ത്രണ്ടിന്റെ സൈറനു ശേഷം മയങ്ങാൻ കിടക്കുമ്പോഴും അവൾ മനസ്സിൽ നിന്നു മാഞ്ഞിരുന്നില്ല.

പരിചയമില്ലാത്തവരെ നിരന്തരം നിരീക്ഷിച്ചും പിന്നെയതെല്ലാം കൂട്ടിച്ചേർത്തും
അവർക്കൊരു ചരിത്രം നിർമ്മിക്കുക പണ്ടുമുതലേ എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കുറച്ചുനാളുകളായി അവളാണ് എന്റെ കഥാപാത്രം.


അവളൊരു അദ്ധ്യാപകന്റെ മകളാണ്. അമ്മ ഒരു വീട്ടമ്മയായിരിക്കും..’, മുൻപു നിർത്തിയതിൽ നിന്ന് ഞാൻ വീണ്ടും തുടങ്ങി. ദൂരെയേതോ ഗ്രാമത്തിലായിരിക്കും അവളുടെ വീട്. തൊടിയിലും വയലിലുമെല്ലാം നിറയെ പച്ചപ്പും കൃഷിയുമുള്ള ഒരു പഴയ മാതൃകയിലുള്ള വീട്..പഠിക്കാൻ മിടുക്കിയായിരുന്നിരിക്കണം . മുതിർന്നപ്പോൾ നഗരത്തിലെ ഏതെങ്കിലും കോളേജിലായിരിക്കും അവൾ പഠിച്ചിട്ടുണ്ടാവുക. മിക്കവാറും ബോട്ടണിയോ അല്ലെങ്കിൽ മലയാളമോ പോലെ വേരുകളിൽ ജീവനുള്ള ഒന്ന്. ഡിഗ്രി കഴിഞ്ഞയുടനെ അവളെ ഈ വിധവയായ സ്ത്രീയുടെ മകനു വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ടാവണം. അതിനിടയിലെപ്പോഴൊ അവളുടെ വാത്സല്യനിധിയായ അച്ഛൻ മരിച്ചു പോയിട്ടുണ്ടാവണം. ആ സ്ത്രീയെ അധികമങ്ങനെ പുറത്തു കണ്ടിട്ടില്ലെങ്കിലും, അവളുടെ ഭർത്താവിനെ നാലഞ്ചു തവണ ഞാൻ ബാൽക്കണിയിൽ കണ്ടിട്ടുണ്ട്. കണ്ടിടത്തോളം അയാൾ ഒരരസികനല്ല. പക്ഷേ അവളുടെ ചെടികളെ പരിചരിക്കാനോ പൂച്ചയെ ഓമനിക്കാനോ ഒന്നും അയാൾ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. കുട്ടികളുണ്ടാവാത്താതാണ് അവളുടെ സ്ഥായിയായ വിഷാദഭാവത്തിനും അവർക്കിടയിലെ യാന്ത്രിക സംഭാഷണങ്ങൾക്കും കാരണം.. അത്രയും ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അവളുടെ പൂച്ച..അത്രയുമായപ്പോൾ എന്റെ ചിന്ത അവനിലേക്കാണൊഴുകിയത്. അവളോളമോ അതിൽക്കൂടുതലോ എനിക്കു പരിചയം അവനെയാണല്ലോ... ഒരു തികഞ്ഞ തന്ത്രശാലിയാണവൻ. എങ്ങനെയാണവൻ നാലാം നിലയിൽ നിന്ന് അത്താഴ സമയത്ത് കൃത്യമായി എന്റെ അടുത്തെത്തുന്നതെന്നുള്ളത് എന്റെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ്. ലിഫ്റ്റിലൂടെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചോ, പടികളിറങ്ങിയോ ആണ് അവൻ എന്റെ അടുത്തെത്തുന്നതെന്ന് വിശ്വസിക്കാൻ വയ്യ. പകരം, അവനു മാത്രമറിയാവുന്ന ഒരു ഗൂഢമാർഗം അവിടെ നിന്ന് എന്റെ കാവൽപ്പുരയിലേക്കുണ്ട് എന്നു തന്നെ കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ തന്റെ നിഗൂഢപാതകൾക്കും തന്ത്രങ്ങൾക്കുമപ്പുറം അവനെവിടെയോ സ്നേഹിക്കുന്ന ഒരു ഹൃദയവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.


ഒമ്പതിന്, അകലെയുള്ള ഫാക്ടറിയിലെ സൈറൺ മുഴങ്ങുമ്പോഴാണ് ഞാൻ അത്താഴത്തിനായി ചോറ്റുപാത്രം തുറക്കുക. അതിനു തൊട്ടു മുമ്പ്, അവൻ എന്റെ കാവൽപ്പുരയ്ക്കു മുന്നിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. കറുപ്പും വെളുപ്പും കലർന്ന ഓമനത്തമാർന്ന ഉടൽ. വെളുത്ത മുഖത്ത്, നെറ്റിയിൽ ഒരു കറുത്ത പൊട്ട്. ഒരു മൃദുഗാനം പോലെ പതിഞ്ഞ ശബ്ദത്തിൽ രണ്ടു മൂന്നു തവണ അവൻ കരയും. ചോറ്റുപാത്രം തുറന്നാലുടൻ വാലുയർത്തി, എന്റെ കാലുകളിൽ വന്നുരുമ്മി തന്റെ ഗാനാലാപനം ആവർത്തിക്കും. രണ്ടുരുള ചോറുമാത്രമാണ് അവൻ കഴിക്കുക. അതു വെടിപ്പായി തിന്നു തീർത്ത്, ഒരു പ്രതിഫലം നൽകുന്ന കൃത്യതയോടെ വീണ്ടുമൊന്ന് മുട്ടിയുരുമ്മി ഉമ്മറത്ത് ചെന്നിരിക്കും. പിന്നെ തോക്കു പോലെ കാലുയർത്തിയിരുന്ന് ശരീരമാസകലം നക്കിത്തോർത്തി വെടിപ്പാക്കും. അഞ്ചു മിനിറ്റ് അവിടെ കിടന്നൊരു മയക്കം. അതു കഴിഞ്ഞ് മതിൽ ചാടി അപ്രത്യക്ഷനാകും. പിന്നെയവളവിടെ ബാൽക്കണി വാതിൽ തുറക്കുമ്പോൾ, ഒന്നുമറിയാത്തവനെപ്പോലെ അവളെ മുട്ടിയുരുമ്മി നടക്കുന്നുതാവും കാണുക. കള്ളൻ !


അവന്റെ സ്നേഹവായ്പും വിശേഷബുദ്ധിയും വെളിപ്പെട്ടതും അതുപോലൊരു രാത്രി തന്നെ. സുഹൃത്ത് എന്നു പറയാൻ കഴിയില്ലെങ്കിലും അയൽപക്കത്തെ നല്ലവനായ ഒരു ചെറുപ്പക്കാരൻ തലേന്ന് വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ അഴൽ എന്നെ വിട്ടു പോയിരുന്നില്ല. ബഷീറിനു മറ്റെന്തോ അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് ലീവൊട്ട് കിട്ടിയതുമില്ല. പകൽ സമയത്തെ അദ്ധ്വാനം, ഉറക്കമിളപ്പ്, വിഷാദം എല്ലാം കൂടി വിശപ്പൊക്കെ എപ്പോഴോ കെട്ടു പോയിരുന്നു. നെഞ്ചത്താകട്ടെ, കല്ലു കയറ്റി വച്ചതു പോലെ ഒരു വീർപ്പുമുട്ടലും. വെറുതെ രണ്ടുരുള വാരിത്തിന്ന്, ബാക്കിയുള്ള ചോറെല്ലാം അവനിട്ടു കൊടുത്തു. അവനാകട്ടെ, എന്നെപ്പോലെ തന്നെ വെറുതെയതൊന്ന് തിന്നെന്നു വരുത്തി കാൽക്കൽത്തന്നെ വന്നു ചുരുണ്ടു കിടപ്പായി. അതുവരെ അവനെക്കുറിച്ച് ഞാൻ കാര്യമായി ആലോചിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. തിരിച്ചു പോകേണ്ട സമയം കഴിഞ്ഞിട്ടും അവൻ എണീക്കാനുള്ള ലക്ഷണമില്ല എന്നു കണ്ടപ്പോൾപോകുന്നില്ലേടായെന്ന് കാലു കൊണ്ടു മൃദുവായൊന്ന് തോണ്ടി നോക്കി. പക്ഷേ അവൻ അതിഷ്ടപ്പെടാത്ത മട്ടിൽ ചെറുതായൊന്ന് കരഞ്ഞ് ഒരു രോമപ്പന്തു പോലെ അവിടെത്തന്നെ ചുരുണ്ടു കിടന്നതേയുള്ളൂ. ഒടുവിൽ, അവനെ കാണാതെ അവൾ ആധിപിടിക്കേണ്ട എന്നു കരുതി ഞാൻ അവനെയെടുത്ത് ഉമ്മറത്തു കൊണ്ടു കിടത്തി. ഒരു മയക്കത്തിനു ശേഷം പാതിരാത്രിയെങ്ങോ ഉണർന്നു നോക്കിയപ്പോൾ അവൻ അവിടെയില്ല എന്നു കണ്ട് ആശ്വാസപ്പെടുകയും ചെയ്തു.


ഒരു രാത്രി കൂടി അവൻ അതേപോലെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന് ഞാൻ വല്ലാതെ കഷ്ടപ്പെട്ടുപോയ ഒരു രാത്രിയായിരുന്നു അത്. കനപ്പെട്ട ജോലിയൊന്നും അധികം ചെയ്യരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും രണ്ടാമത് വന്ന വണ്ടിയിലെ ക്ലീനർ ഒരു പയ്യനായിരുന്നതുകൊണ്ട്, ലോഡ് ഇറക്കാൻ ഞാൻ കൂടി പണിപ്പെടേണ്ടി വന്നു. എല്ലാം കഴിയുമ്പോഴേക്കും, ക്ഷീണം കൊണ്ട് വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. ഒന്നും കഴിക്കാതിരുന്നതാവാം തളർച്ചയുടെ രണ്ടാമത്തെ കാരണം എന്നു കരുതി വേഗം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴാണ്, എന്റെ വല്ലായ്മ തിരിച്ചറിഞ്ഞതു പോലെ, തിരിച്ചു പോകാതെ അവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കുന്ന അവനെ കണ്ടത്. സത്യം പറഞ്ഞാൽ വാരിയെടുത്ത് ഒരുമ്മകൊടുക്കാനാണാദ്യം തോന്നിയത്. പക്ഷേ കിടന്നിടത്തു നിന്നൊന്നെണീക്കാൻ പോലും പറ്റാത്ത വിധം അശക്തനായിരുന്നു ഞാൻ. അഥവാ അവനെ കാണാതെ അവൾ വിഷമിച്ചാലും ഒരു രാത്രിമാത്രമല്ലേഎന്ന ആശ്വാസത്തോടെ അവിടെത്തന്നെ കിടന്നു. പക്ഷേ നെഞ്ചത്തെ അസ്വസ്ഥതകൾ സമയം ചെല്ലുന്തോറും വർദ്ധിക്കുകയായിരുന്നു. നെഞ്ചിടിപ്പുകളൊക്കെ താളം തെറ്റിയതു പോലെ.. അതങ്ങനെ പെരുകിപ്പെരുകി ഇനിയൊരു രക്ഷയുമില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ, അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഗുളികയെടുത്ത് കഴിച്ചു. അവനാകട്ടെ, ‘ഇതെന്താണീ ചെയ്യുന്നത്!എന്ന അത്ഭുതഭാവത്തോടെ ഒന്നു തലയുയർത്തി നോക്കി അവിടെത്തന്നെ കിടന്നു. അപ്പോഴാണ് അവനു പുറത്തു പോകാനുള്ള വഴി അടച്ചിരിക്കുകയാണല്ലൊ എന്നു ഞാൻ ഓർത്തത്. സോറി കുട്ടാവാതിൽ തുറന്നിട്ട് വീണ്ടും വന്നു കിടക്കുമ്പോൾ ഞാനവനോട് ക്ഷമ ചോദിച്ചു. ഇനിയെപ്പഴാ നിനക്ക് തോന്നുന്നതെന്നു വച്ചാ പൊക്കോഎന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഉടനെ എല്ലാം ഭേദമാവും എന്നു കരുതിയിരുന്നെങ്കിലും, പുലർച്ചെയാവാറായപ്പോഴാണ് വേദനയൊക്കെ ശമിച്ച് ഞാനൊന്നുറങ്ങിയത്. അതുവരെ അവൻ അവിടെ ചുരുണ്ടുകൂടി കിടക്കുകതന്നെയായിരുന്നു.


ആ നെഞ്ചുവേദന പന്തിയല്ല എന്നു തോന്നിയതുകൊണ്ടാണ് അന്ന് ഡ്യൂട്ടികഴിഞ്ഞ് പോകുന്ന വഴിക്കു തന്നെ വീണ്ടും ഡോക്ടറെ കണ്ടത്. ശകാരം, ഇ.സി.ജി, അടിയന്തിരമായി രണ്ടിഞ്ചക്ഷനുകൾ, കൂടുതലായി നാലഞ്ചിനം മരുന്നുകൾ, പിന്നെ വർഷങ്ങൾക്കു മുമ്പേ വഴിയടഞ്ഞു തുടങ്ങിയ എന്റെ ഹൃദയക്കുഴലുകൾക്ക് എത്രയും വേഗം സമാന്തരപാത സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആവർത്തനം എല്ലാം മുറപോലെ തന്നെ നടന്നു. എനിക്കറിയാം, ഡോക്ടർക്കുമറിയാം പെട്ടന്ന് നടക്കുന്ന കാര്യമൊന്നുമല്ല.. അങ്ങേർ തന്നെ ശുപാർശ ചെയ്ത് പുട്ടപർത്തിയിൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് അവസരം കിട്ടിയെങ്കിലും ഊഴമെത്താൻ ഇനിയും ഒരു വർഷത്തോളം കാക്കണം.. അതുവരെ ഈ നെഞ്ചിൻകൂട് കൂടുതൽ പരിക്കേൽക്കാതെ ഇങ്ങനെ തള്ളി നീക്കണം!


ആരോ തോണ്ടിവിളിക്കുന്നതു പോലെ തോന്നിയപ്പോഴാണ് ചാടിയെഴുന്നേറ്റത്..നോക്കുമ്പോൾ, തൊട്ടു മുമ്പിൽ അവൾ!!! എന്താണിത് ?


നല്ല ഉറക്കമായിരുന്നു.. എത്ര വിളിച്ചിട്ടാ..അവൾ മൃദുവായി ചിരിച്ചു.

സ്വപ്നമാണോ എന്ന പാതിസംശയത്തോടെ തന്നെ അവളെ അന്തിച്ചു നോക്കി. ഇതവൾ തന്നെയോ? ഇത്രയടുത്ത് കാണുമ്പോൾ അവൾക്ക് ദൂരെ കാണുന്ന സൗകുമാര്യമില്ല.. സ്വല്പം ഇരുണ്ട്, വിളറിയ മുഖം..ചലനം നിലച്ച മിഴികൾ..


സംശയിക്കണ്ട.. ഞാൻ തന്നെ..അവൾ ചിരിച്ചു, ഒന്നു യാത്ര പറയാമെന്നു കരുതി വന്നതാണ്..ഞാൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവൾ കാണാതെ സമയം നോക്കി. മൂന്ന് നാല്പത് !!

നിങ്ങൾ ഒരു കുഴിമടിയനായ കാല്പനികനാണെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്.. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ പൂക്കളോടും ശലഭങ്ങളോടും പൂച്ചയോടുമെല്ലാം കിന്നാരം പറഞ്ഞ് തന്റെ ജീവിതം പാഴാക്കിക്കളയുന്നതു കാണുമ്പോൾ മറ്റെന്താണ് കരുതേണ്ടത്! അതുകൊണ്ടുതന്നെ അന്നൊക്കെ ഒരീർഷ്യയോടെയാണു നിങ്ങളെ ഞാൻ കണ്ടിരുന്നത്.. പക്ഷേ എന്റെ നിത്യനെ നിങ്ങൾക്കരികിൽ കണ്ട അന്ന് ഞാൻ ശരിക്കും അന്തിച്ചു പോയി. അതിനു ശേഷമാണ് ഞാൻ നിങ്ങളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നെയെനിക്കു തോന്നി അതവന്റെ ചെറിയൊരു തമാശ മാത്രമാണെന്ന്.. പക്ഷേ.”അവളൊന്നു നിർത്തി.


പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..ജനാലത്തിണ്ടിൽ വച്ചിരുന്ന എന്റെ മരുന്നുകളിലേക്ക് നോക്കിയാണവൾ അതു പറഞ്ഞത്.


നിങ്ങളെ ഞാൻ വളരെ മുമ്പേ കാണേണ്ടതായിരുന്നു..എങ്കിൽ ഇത്ര നേരത്തേ ഈ യാത്ര വേണ്ടി വരുമായിരുന്നില്ല..ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.


പൂക്കൾ, ചെടികൾ, നിലാവ്, നക്ഷത്രങ്ങൾ, പാട്ട്..എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു കാലം! പക്ഷേ അവനെ എന്നെയേല്പിച്ച് അച്ഛൻ കടന്നു പോയതിനു ശേഷം അവൻ മാത്രമായി എന്റെ എല്ലാം. അവന്റെ ഇരിപ്പ്, നടപ്പ്, കാറ്റുപോലും അറിയാത്ത കാലൊച്ചകൾ, പിന്നിലൂടെ അറിയാതെ വന്നുള്ള മുട്ടിയുരുമ്മലുകൾ..പിന്നെ അവനായി എന്റെ ലോകം.. എനിക്കു വേണ്ടി ഉരുകുന്ന അമ്മയെയും ജീവിതം മാറ്റിവച്ച ഏട്ടനെയുമെല്ലാം പുറത്തെവിടെയോ തള്ളിയിട്ട് . എനിക്കറിയാം..നിങ്ങൾക്കവനെ ഭയമൊന്നുമില്ല.. പക്ഷേ എന്നെപ്പോലെ അവനെ അത്രമാത്രം സ്നേഹിക്കുകയും വേണ്ട കേട്ടോ .....


അപ്പോഴും, കാണുന്നത് സ്വപ്നമാണോയെന്ന് അന്തിച്ചു നിന്നിരുന്ന എന്നെ അവഗണിച്ച് അവൾ സ്റ്റൂളിൽ ഇരുന്നു.


ഒരിക്കൽ, ആ രാത്രി.. നിങ്ങളന്ന് വല്ലാതെ ക്ഷീണിതനായിരുന്നു.. നിത്യൻ തിരിച്ചങ്ങോട്ടു വരാതെ നിങ്ങളുടെ കാൽക്കൽത്തന്നെ ചുരുണ്ടുകൂടിയുറങ്ങുന്നത് കണ്ട് ഞാൻ വിറങ്ങലിച്ചു പോയി.. അവനെ തിരികെ വിളിക്കാൻ ഞാനെന്തൊക്കെ ചെയ്തെന്നറിയാമോ?.. എന്റെ കിടപ്പുമുറിയിൽ നിന്ന് നിങ്ങളുടെ ഈ ജനലിലൂടെ എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി കാണാം. നെഞ്ചത്തൊരു കല്ലു കയറ്റി വച്ചതുപോലെ നിങ്ങളിവിടെക്കിടന്ന് വീർപ്പുമുട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മുറിയിലിരുന്ന് ഞാനവനെ നിരന്തരം തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.. ഒരു വേള, എന്നെക്കാളുപരി നിങ്ങളെയാണോ അവനു പ്രിയമെന്ന് ഞാൻ സംശയിച്ചു പോയി. പക്ഷേ പാതിരയായപ്പോൾ - നിങ്ങളപ്പോൾ നല്ല ഉറക്കമായിരുന്നു - അവൻ ഒന്നുമറിയാത്തതു പോലെ തിരികെ വന്നു..അപ്പോൾ മാത്രമാണെന്റെ ശ്വാസം നേരേ വീണത്..അതോടെ അവനു നിങ്ങളിലുള്ള ഭ്രമം അവസാനിച്ചു എന്നാണു ഞാൻ കരുതിയിരുന്നത്."


"പക്ഷേ പിന്നീടൊരിക്കൽക്കൂടി അവനെന്നെ ഭയപ്പെടുത്തി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന്, നിങ്ങൾക്കൊരു വിശ്രമമില്ലാത്ത രാത്രിയായിരുന്നു അത്. ഒടുവിലൊടുവിൽ നിങ്ങൾ തളർന്ന് വീണു പോകുമോ എന്നു പോലും ഞാൻ ഭയന്നു. അതിനു മുമ്പേ തന്നെ അവനിവിടെ വന്നു സ്ഥലം പിടിച്ചതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഊണു കഴിഞ്ഞു കിടന്നിട്ടും അവനിവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുകയാണെന്ന് കണ്ടപ്പോൾ എനിക്കുണ്ടായ ടെൻഷൻ! അപ്പോൾത്തൊട്ട് ഞാനവനെ വിളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അവനെന്നെ ശ്രദ്ധിച്ചതേയില്ല. നിങ്ങളുടെ മിടിപ്പുകളുടെ താളം തെറ്റുന്നത്, ഒടുവിൽ എണീറ്റ് ആ മരുന്ന് കഴിക്കുന്നത്, നിത്യൻ കൗതുകത്തോടെ അതു നോക്കി കിടക്കുന്നത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അതിനു ശേഷമെങ്കിലും അവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. അവൻ അതേ പുച്ഛം നിറഞ്ഞ കൗതുകത്തോടെ നിങ്ങളെ നോക്കി കിടന്നു.. അപ്പോൾ ഞാനാദ്യമായി അവനെ വെറുത്തു..കഠിനമായി വെറുത്തു.. ആംബുലൻസ് സർവീസിൽ വിളിച്ചു പറഞ്ഞാലെന്ത് ? അല്ലെങ്കിൽ എന്റെ ഏട്ടനെ തന്നെ പറഞ്ഞയച്ചാലെന്ത് ? അല്ല്ലെങ്കിൽ ഞാൻ തന്നെ ഇറങ്ങിവന്നാലെന്ത് ? അങ്ങനെ പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ഒരു തോക്കു കിട്ടിയിരുന്നെങ്കിൽ അവനെ വെടിവച്ചു കൊല്ലാമായിരുന്നു എന്ന വ്യർത്ഥചിന്ത പോലും..പക്ഷേ ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു ഞാൻ.. "


"ഒടുവിലെപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അതെ.. വർഷങ്ങൾക്കു ശേഷം ഞാൻ കരഞ്ഞു.. അതും മറ്റൊരാളെയോർത്ത്..അവൾ പുഞ്ചിരിച്ചു. അതെ..നിസ്സഹായതയോടെ നിങ്ങളെ നോക്കി സർവ്വം തളർന്ന് ഞാനങ്ങനെ കിടന്നു..പക്ഷേ അവസാനം അവനങ്ങോട്ടു തന്നെ വന്നു.. അപ്പോൾ വീണ്ടുമെന്റെ കണ്ണീരുറവകൾ പൊട്ടിത്തകർന്നു. ആദ്യം ആഹ്ലാദം കൊണ്ട്..പിന്നെ..

അവളൊന്നു വിതുമ്പി. പിന്നെയതു മറച്ച് തിടുക്കത്തിൽ സംസാരം തുടർന്നു.


എനിക്കു വേണ്ടി ഞാനൊരിക്കലും അവനോട് കെഞ്ചിയിരുന്നില്ലപക്ഷേ, ഈ രാത്രി, കുറച്ചു മുമ്പ് ഞാനവന്റെ കാൽക്കൽ വീണു കെഞ്ചി.. നിങ്ങൾ കണ്ടതാണല്ലൊ.. . നിങ്ങളുടെ ശലഭങ്ങൾ എന്റെ പൂക്കൾ തേടി വന്ന ദിവസമായിരുന്നു ഇത്..അവരെന്റെ വിരൽത്തുമ്പുകളെ ചുംബിച്ചു!
നിങ്ങൾ കണ്ടതാണല്ലൊ, എന്റെ പനിനീർമൊട്ട് വിരിയാറായിരിക്കുന്നു.. ഏതാനും ദിവസങ്ങൾ മാത്രമാണു ഞാൻ ചോദിച്ചത്..പക്ഷേ അവൻ നിസ്സംഗനായി മുഖം കഴുകി ഇരുന്നതേയുള്ളു. ഇപ്പോൾ എനിക്കു തോന്നുന്നു..അവന്റെ ഔദാര്യമല്ല, നിങ്ങളുടെ ആ വയസ്സൻ ഡോക്ടറില്ലേ, അയാളുടെ കരുതലാണു നിങ്ങൾ എന്ന്.. യന്ത്രങ്ങൾക്കും നോട്ടുകൾക്കുമിടയിൽ എന്റെ ചികിത്സകർക്കു നഷ്ടപ്പെട്ടുപോയത്..അവളൊരു നിമിഷം എന്തോ ആലോചനയിൽ മുഴുകിയ ശേഷം തുടർന്നു.


അല്ലെങ്കിൽ, അവരെ പറഞ്ഞിട്ടും കാര്യമില്ല..ഇതിനിടയ്ക്കെപ്പോഴോ, ഞാനെന്റെ മനസ്സും ശരീരവും അവനു സമർപ്പിച്ചു കഴിഞ്ഞിരുന്നല്ലൊ.ഒരു ദീർഘനിശ്വാസത്തോടെ അവളെണീറ്റു.


സമയമായിരിക്കുന്നു.. ഇറങ്ങട്ടെ.. ഞാൻ മാത്രമേ ഇറങ്ങുന്നുള്ളു.. നിത്യൻ ഇവിടെയൊക്കെ തന്നെയുണ്ടാവും.. ആവർത്തിക്കട്ടെ. അവനെയൊരു മിത്രമായി കൂടെ കൂട്ടേണ്ടതില്ല.....ശത്രുവായി കരുതിയിരിക്കേണ്ടതുമില്ല....കൂടെച്ചേർത്താലും കല്ലെറിഞ്ഞോടിച്ചാലും നിഴൽ പോലെ പിന്തുടരുന്ന ഒരനിവാര്യത.. അതുമാത്രമാണവൻ...


അവൾ നടന്നു തുടങ്ങിയതായിരുന്നു. പിന്നെ തിരിഞ്ഞു നിന്നൊന്ന് പുഞ്ചിരിച്ചു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ഏട്ടനെയൊന്ന് കാണൂ.. പുട്ടപർത്തിയിലേക്കുള്ള യാത്ര വേഗത്തിലാക്കാനുള്ള ചിലത് ചെയ്യാൻ ഏട്ടനാവും.. ഈ പൂക്കളും ചെടികളും സ്നേഹവാത്സല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്..


ഒരു മായ പോലെ അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞതിനു ശേഷമാണ് ഞാൻ കണ്ണു തുറന്നത്. അണമുറിയാതെ അവൾ പറഞ്ഞു തീർത്തതെല്ലാം, ഒരു വാക്കു പോലും ചോർന്നു പോകാതെ എന്നിൽ തങ്ങി നില്പുണ്ടല്ലൊ എന്നാണു ഞാനാദ്യമോർത്തത്. സമയമാണ് പിന്നെ നോക്കിയത് നാലു മണി !


അവളുടെ പ്രത്യക്ഷപ്പെടലിന്റെയും വാക്കുകളുടെയും പൊരുൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ഒരാന്തലോടെ ഞാനവളുടെ ശയനമുറിയിലേക്ക് നോക്കി.

അവിടെ വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. പരിഭ്രാന്തിയുടെ ചലനങ്ങൾ ഉണർന്നു കഴിഞ്ഞിരുന്നു.

                                                             ********
.

52 അഭിപ്രായങ്ങൾ:

  1. അതിമനോഹരം !!
    അടുത്ത കാലതൊന്നും ഇത്ര ലളിത സുന്ദരവും അത്ഥപൂര്‍ണ്ണവുമായ കഥ വായിച്ചിട്ടില്ല !!

    മറുപടിഇല്ലാതാക്കൂ
  2. ഏതോ ഒരു മായാ ലോകത്ത് കൂടി സഞ്ചരിച്ചു ഞാന്‍ വീണ്ടും തിരിച്ചെത്തി.. എന്റെ മനസ്സിലേക്ക്...
    കൂട്ടിചെര്‍ത്താലും കല്ലേരിന്ജോടിച്ചാലും നിഴല്‍ പോലെ പിന്തുടരുന്ന അനിവാര്യത... മനോഹരം..
    ഒരു പൂച്ചയില്‍ മരണത്തെ ഒളിപ്പിച്ച ഭാവന അഭിനന്ദനീയം..
    നല്ല കഥ..

    മറുപടിഇല്ലാതാക്കൂ
  3. നല്ല പൂക്കള്‍ ഉണ്ടാകാന്‍ നല്ലതുപോലെ സംരക്ഷിച്ചു പരിപാലിക്കപ്പെടെണ്ടാതാണ് ചെടികളെ. പൂക്കള്‍ ശലഭങ്ങളെ ആകര്‍ഷിക്കുമെങ്കിലും നല്ല തേനും പൂമ്പൊടിയും അവ പ്രതീക്ഷിക്കാതെ ലഭിക്കുമ്പോള്‍ ശലഭങ്ങള്‍ പ്രതീക്ഷിക്കാതെ തന്നെ പൂക്കള്‍ ലക്ഷ്യമാക്കുന്ന പരാഗണവും നടക്കുന്നു. ക്രമേണ ശലഭങ്ങള്‍ക്ക് പൂക്കളുടെ ഭംഗിയെക്കാള്‍ തേനും പൂമ്പൊടിയും കൂടുതല്‍ ആകര്‍ഷകമാകുന്നു, പ്രതീക്ഷിക്കുന്നു. പൂക്കള്‍ പരാഗണം മുന്നില്‍ കാണുമ്പോള്‍ അവ നന്നായി തന്നെ വളരണം. നഷ്ടമാകാത്ത വളര്‍ച്ചയും തളിര്ക്കലും നിലനിറുത്താന്‍ ആവശ്യമായത് നഷ്ടപ്പെടുത്താതെ വളരണം.
    ശലഭങ്ങള്‍ ആണ് മുഴച്ചു നില്‍ക്കേണ്ടത് എന്നിരുന്നാലും ഞാന്‍ പൂക്കളെയും പൂച്ചയെയും ആണ് കണ്ടത്. പൂക്കള്‍ എന്ന കടമയോ ആഗ്രമോ ലക്ഷ്യമോ എന്തായാലും പൂച്ചെയെന്ന മരണം നാമറിയാതെ നമ്മെ നക്കിത്തുടച്ചും നമ്മളെ നിരീക്ഷിച്ചും സദാസമയവും പിന്തുടരുന്നുണ്ട്. പല മേഖലകളിലേക്കും സഞ്ചരിക്കുന്ന ഈ കഥ ഏറെ മാനങ്ങള്‍ സമ്മാനിക്കുന്നു.
    ഞാന്‍ പറഞ്ഞതായിരിക്കില്ല കഥയെങ്കിലും ഞാനിങ്ങനെ വായിച്ചു.
    ഈ നല്ലെഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. കഥ വായിച്ചിരുന്നു. പലവട്ടം. ഭാവനയുടെ ലോകം വായനക്കാരനെ മതിഭ്രമത്തിലെത്തിക്കുന്നിടത്തോളം തീവ്രമാകുമ്പോള്‍ ഒരു കഥ കലാസൃഷ്ടി എന്നാ രീതിയില്‍ വിജയം കൈവരിക്കുകയാണ്. കഥയിലുടനീളം വായനാക്കാരന്‍ കൂടെയുണ്ടാവണം. കഥയില്‍ പറയാത്ത ഒരു കഥാപാത്രമായി വായനക്കാരന്‍ കൂടെ കഥയില്‍ ചേരുമ്പോള്‍ കഥ ലക്‌ഷ്യം വെക്കുന്നിടത് എത്താന്‍ സാധിക്കുന്നു. അത് തന്നെയാണ് ഈ കഥയുടെ വിജയം . മരണം പൂച്ചയാകുന്നതില്‍ വായനക്കാരന് തെല്ലും അസ്വാഭാവികത തോന്നുന്നില്ല. മികച്ച ഒരു വായന.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയില്‍ പറയാത്ത ഒരു കഥാപാത്രമായി വായനക്കാരന്‍ കൂടെ കഥയില്‍ ചേരുമ്പോള്‍ കഥ ലക്‌ഷ്യം വെക്കുന്നിടത് എത്താന്‍ സാധിക്കുന്നു.....

      ഇല്ലാതാക്കൂ
  5. വ്യതസ്തമായ ഒരു പ്രമേയം ,എവിടെയൊക്കെയോ ചില അനുഭവം പറയുന്നത് പോലെ വായനയില്‍ തോന്നി ..അല്‍പ്പം നീളംകൂടിയെങ്കിലും വായന മടുപ്പിക്കുന്നില്ല .

    മറുപടിഇല്ലാതാക്കൂ
  6. ഈ കഥ മനോഹരം എന്ന് പറഞ്ഞാല്‍, പനിനീര്‍പൂവിന് നല്ല സുഗന്ധം എന്ന് പറയുന്നതുപോലെ തന്നെയാവും.
    അതുകൊണ്ട് ഒന്നും പറയാതെ വായിച്ച് ആസ്വദിക്ക മാത്രം ചെയ്യുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഒഴുക്ക് നഷ്ടപ്പെടാത്ത വായന ഏത് സൃഷ്ടിയുടേയും ഭംഗിയും കരുത്തുമാണ് .
    സ്നേഹത്തിന്‍റെ ഭാഷ . സ്വപ്നം , സന്തോഷം , സങ്കടം . അര്‍ത്ഥമറിയാത്ത ചില സത്യങ്ങള്‍ .
    നല്ലൊരു വായന സമ്മാനിച്ചു . സന്തോഷം

    മറുപടിഇല്ലാതാക്കൂ
  8. വളരെ മനോഹരം .... ഇടക്ക് എന്നെ മതിഭ്രമത്തിലാക്കി താങ്കളുടെ കഥ ....
    ഒരിക്കല്‍ കൂടി ..... മനോഹരം

    മറുപടിഇല്ലാതാക്കൂ
  9. അല്‍പ്പം ആശയകുഴപ്പത്തില്‍ പെടുത്തിയെങ്കിലും നല്ല കഥ. വ്യത്യസ്തമായ ഒരു ശൈലിയും. അഭിനന്ദനങ്ങള്‍ കഥാകാരാ...

    മറുപടിഇല്ലാതാക്കൂ
  10. മനോഹരമായ കഥ നല്ല ഒരു ആസ്വാദനം ആണ് ഇവിടെ സാദ്യമായത് അഭിനന്ദനങ്ങള്‍ മനോജ്‌

    മറുപടിഇല്ലാതാക്കൂ
  11. നല്ല പ്രമേയവും എഴുത്തും.കഥ ഭംഗിയായി എന്നതില്‍ സംശയമില്ല.പക്ഷേ അല്പം കൂടി ഒതുക്കിപ്പറയാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുസ്മേഷ്.. താങ്കളെ പോലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ അഭിപ്രായം ഏറെ വിലമതിക്കുന്നു.

      എന്നെപോലൊരാൾക്ക് ഏറെ നാൾ ആഘോഷിക്കാനുള്ളതുണ്ടിത്. :)

      നന്ദി, ഈ സന്ദർശനത്തിന്.

      ഇല്ലാതാക്കൂ
  12. വിഡ്ഢിമാന്‍റെ കഥ വിശദ വായന ആവശ്യപ്പെടുന്ന ഒന്നാണ്. ചെടികളും പൂക്കളും ശലഭങ്ങളും മാത്രമല്ല. അവിടെ ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രം ആ പൂച്ചയാണ് എന്നെനിക്ക് തോന്നുന്നു. പരസ്പരം വ്യക്തിപരമായി അറിയാത്ത രണ്ടു വ്യക്തിത്വങ്ങളെ വായനക്കാരന് പരിചയപ്പെടുത്തുന്ന നിശ്ശബ്ദ വിദൂഷകന്‍ ...!

    പൂച്ചയെ മാധ്യമമായി മാറ്റിയ ഈ കഥ, എം.ടി യുടെ 'ഷെര്‍ലക്ക്‌' ഓര്‍മിപ്പിച്ചു. എന്നിരുന്നാലും ആഴമേറിയ ഒരു നദിയുടെ നിശ്ചല മേല്പ്പരപ്പു പോല്‍ ഒഴുകുന്ന ഈ കഥയില്‍ 'പൂച്ച' പ്രതിനിധീകരിക്കുന്നത് മരണത്തെയാണ് എന്നത് വളരെ ആശ്ചര്യമായി... കാരണം ആദ്യമായി ആണ് മൃത്യുവിനെ പൂച്ചയുടെ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ വായിക്കുന്നത്. ( ഇതിനു മുന്‍പ്‌ അങ്ങിനെ ഒന്ന് വന്നിരുന്നുവോ എന്നത് എന്‍റെ പരിമിതമായ വായനാ അറിവിന്‍റെയും അപ്പുറമാണ് ).

    ഒരിക്കലും പെട്ടെന്ന് പിടിതരാത്ത എന്നാല്‍ പിടിയില്‍ വന്നാല്‍ വല്ലാതെ ഭയപ്പെടുത്തുന്ന പ്രതീകവല്‍ക്കരണം Viddi Man ...! അവസാന വാചകം എത്തുംവരെ എന്‍റെ മൂന്നാം വായനയിലും അവന്‍ പിടിതരാതെ മുന്‍കാലുകള്‍ നക്കി പതിയെ കരഞ്ഞു കൊണ്ടിരുന്നു...

    "അവനെയൊരു മിത്രമായി കൂടെകൂട്ടെണ്ടതില്ല. ശത്രുവായി കരുതിയിരിക്കേണ്ടതുമില്ല . കൂടെ ചേര്‍ത്താലും കല്ലെറിഞ്ഞോടിച്ചാലും നിഴല്‍ പോലെ പിന്തുടരുന്ന ഒരു അനിവാര്യത "

    ഈ വാചകം എനിക്ക് പിടിതന്നപ്പോള്‍ എന്‍റെ രോമങ്ങള്‍ അറിയാതെ എഴുന്നേറ്റു നിന്നു... ഒരു പക്ഷെ , ഭയമാകാം . കാരണം, ഞാന്‍ ഇത് വായിക്കുന്നത് രാത്രി മൂന്നുമണിക്കാണ്. കഥയില്‍ ആ സ്ത്രീയുടെ പ്രതീകാത്മക പ്രേതം അയാളോട് സംസാരിക്കുന്ന ഏകദേശ സമയം ..... !

    വ്യത്യസ്തമായ ഒരു വായനാനുഭവം തന്നതിന് നന്ദി മനോജ്‌. .. ഈ വിഷയം കൈകാര്യം ചെയ്ത കൈയ്യടക്കത്തിനു തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ സഖേ ..! ഇങ്ങിനെയൊരു കഥ വായനക്കാരന് മുന്നിലെത്തിച്ച ഇ-മഷിക്കും നന്ദി .

    (ഇനി ഞാന്‍ ഈ കണ്ടത് മറ്റുള്ളവര്‍ക്ക് കഥയില്‍ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പക്ഷെ അതെന്‍റെ വായനയുടെ / വീക്ഷണത്തിന്റെ കുഴപ്പമാകാം ....!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കഥക്കുള്ള നല്ല വിലയിരുത്തൽ - അംജതിന്റെ വായന സഞ്ചരിച്ച ദിശയിലൂടെ കഥ വീണ്ടും വായിക്കുന്നു....

      ഇല്ലാതാക്കൂ
    2. ആഴത്തിലുള്ള വായനയ്ക്കും വിശകലനത്തിനും നന്ദി, അംജത്

      ഇല്ലാതാക്കൂ
  13. നന്നായി കഥയുടെ അവതരണം...

    മറുപടിഇല്ലാതാക്കൂ
  14. കഥയിലൂടെയും അഭിപ്രായങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു. അജിത് സാർ പറഞ്ഞതുപോലെ ഞാൻ ഈ കഥയെ പനിനീർപ്പൂവിനോട് ഉപമിക്കുന്നു. മികച്ച രീതിയിൽ എഴുതപ്പെട്ട കഥ. സൂക്ഷ്മമായ വായനയിലൂടെ ഇവിടെ പലരും നടത്തിയ നിരീക്ഷണങ്ങൾ....സുസ്മേഷിനെപ്പോലുള്ള മലയാളത്തിലെ പ്രഗത്ഭ കഥാകൃത്തുക്കളുടെ വിലയിരുത്തലുകൾ...

    ഇവയോടൊപ്പം എന്റെ കൈയ്യൊപ്പുകൂടി ചേർക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  15. വിഡ്ഢിമാന്‍റെ പല കഥകളും അതിശയിപ്പിച്ചിട്ടുണ്ട്‌ ,അസൂയ ജനിപ്പിച്ചിട്ടുണ്ട് ,അനുഭൂതിദായകവും ആയിരുന്നിട്ടുണ്ട് .ഈ കഥ ആഖ്യാന ചാതുരി കൊണ്ട് മാത്രം രക്ഷപ്പെട്ട ഒന്നാണ് എന്നാണു എന്‍റെ പക്ഷം .കഥയുടെ പ്രമേയം എന്ത് കൊണ്ടോ സരളമായ ഭാഷ ആയിരുന്നിട്ടു പോലും വായനക്കാരിലെക്കെത്തുന്നില്ല .എന്ന് തന്നെയല്ല കഥ മരണത്തെ ചിത്രീകരിക്കാന്‍ വേണ്ടി മാത്രം മെനക്കെട്ടത്‌ പോലെയും അനുഭവപ്പെട്ടു .

    മറുപടിഇല്ലാതാക്കൂ
  16. മരണ പ്രതീകമായി പൂച്ചയെ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.
    തികച്ചും വ്യത്യസ്തമായ ശൈലി. അനിവാര്യമെങ്കിലും മുന്നില്‍ വന്നു നില്‍ക്കുന്ന മരണത്തോടു കെഞ്ചാത്തവര്‍ കാണുമോ...?
    വളരെ ഇഷ്ടം തോന്നിയ കഥ .

    മറുപടിഇല്ലാതാക്കൂ
  17. എനിക്കീ കഥ നന്നായി ഇഷ്ടപ്പെട്ടു. കഥ പറഞ്ഞ രീതി. കഥ പറയുന്ന ആളിന്റെ വീക്ഷണത്തോടൊപ്പം അതെ കാര്യങ്ങള്‍ മറ്റൊരാളുടെ വീക്ഷണത്തിലൂടെയും അവതരിപ്പിച്ചതും , മരണത്തെയും പൂച്ചയെയും ബന്ധപ്പെടുത്തിയതും തുടങ്ങി പലതും നല്ല രചനാതന്ത്രമായി തോന്നി.
    ശരിക്കും,ഒരു മികച്ച കഥ.

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍1/13/2013 12:49 AM

    വായിക്കാൻ സുഖമുള്ള കഥ. പക്ഷേ ആ പൂച്ച മരണത്തെയാണ് പ്രതിനിധീകരിച്ചതെന്ന് മനസ്സിലാക്കാൻ എന്റെ ബുദ്ധി മതിയായില്ല! ഉറക്കച്ചടവിൽ വായിച്ചതു കൊണ്ടാവാം.

    മറുപടിഇല്ലാതാക്കൂ
  19. തീർത്തും വ്യത്യസ്ഥമായ വായന നൽകി...
    നന്ദി മനോജ്‌..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  20. തീർത്തും വ്യത്യസ്ഥമായ വായന നൽകി...
    നന്ദി മനോജ്‌..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  21. തീർത്തും വ്യത്യസ്ഥമായ വായന നൽകി...
    നന്ദി മനോജ്‌..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  22. മരണം നിഗുഡമായ വഴികളിലൂടെ എത്തിച്ചേരുന്നു. സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടതുപോലെ ഒന്നുകൂടെ ഒതുക്കിപ്പറഞ്ഞിരുന്നെങ്കില്‍ ! ഇത് ഒരിയ്ക്കലും ഒരു വിമര്‍ശനമല്ല കേട്ടോ .... കവിതപോലെ സുന്ദരമായൊരു കഥ സമ്മാനിച്ചതിന് നന്ദി, viddiman !

    മറുപടിഇല്ലാതാക്കൂ
  23. മികച്ച കഥ. വ്യത്യസ്ഥതയ്ക്കൊപ്പം നില്‍ക്കുന്നു ആശയവും രചനാമികവും. നേരത്തെ ഇമഷിയില്‍ വായിച്ചിരുന്നതുകൊണ്ടാണ് വരാനിത്രയും വൈകിയത്. അഭിനന്ദനങ്ങള്‍ മനോജ് ഈ വേറിട്ട രചനയ്ക്ക്.

    മറുപടിഇല്ലാതാക്കൂ
  24. വ്യത്യസ്തമായ ശൈലിയില്‍ മനോജിന്റെ മികച്ച ഒരു കഥ കൂടെ വായിക്കാന്‍ സാധിച്ചു ..ഇ മഷിയില്‍ ഞാനും വായിച്ചിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  25. മുൻപു വായിച്ചവരുടെ അഭിപ്രായങ്ങൾ കൂടുതൽ ഉപകരിച്ചു മുഴുവനായും മനസ്സിലാക്കാൻ. എങ്കിലും ഒഴുക്കുള്ള ഒരു വായന നല്കി. (മുഷിപ്പിചു വെങ്കിൽ അത് ആദ്യഭാഗത്തു മാത്രം)
    എഴുത്തുകാരന്‌ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  26. ഞാനും മികച്ചത് എന്ന് പറഞ്ഞിലെല്‍ എന്നെ കൊന്നു കൊലവിളിക്കുമോ
    ആവേശത്തോടെ വായിച്ചു ഡാഷ്ബോര്‍ഡില്‍ വന്നു വീണിരിക്കുന്ന ശലഭത്തെ തേടി ഒരോട്ടമാ ബ്ലോഗില്‍ ..തൂലികക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. അഭിനന്ദനങ്ങള്‍... ഈ എഴുത്തിന്

    മറുപടിഇല്ലാതാക്കൂ
  28. നല്ലൊരു കഥ...കഥാപാത്രങ്ങള്‍ ജീവനോടെ മുന്നില്‍ നിന്ന് കാണുന്നത് പോലെ .നല്ല ഒഴുക്കോടെ ഉള്ള അവതരണവും ..ആശംസകള്‍ കേട്ടാ അതെന്നെ...

    മറുപടിഇല്ലാതാക്കൂ
  29. കഥ വായിച്ചശേഷം പ്രമുഖരുടെ അഭിപ്രായങ്ങള്‍ കൂടി കൂട്ടി വായിച്ചപ്പോഴാണ് കഥാകൃത്തിന്റെ മഹത്വം മനസിലായത്.

    ഞമ്മളൊക്കെ ഇത്രേം ഉള്ളു ഭായ്..:)

    മറുപടിഇല്ലാതാക്കൂ
  30. കഥക്കുള്ളില്‍ പ്രേതത്തിന്റെ മായാ വലയം
    പുറത്ത് പ്രതിഭയുടെ കര സ്പര്‍ശം..
    അഭിപ്രായങ്ങളില്‍ ഉടനീളം
    പ്രഗല്‍ഭരുടെ കയ്യൊപ്പുകള്‍ ..
    കൂടുതലായി ഞാനെന്തു പറയാന്‍...
    മനോഹരമായ ആവിഷ്കാരം തന്നെയെന്നു
    പറയാതെ വയ്യ മനോജേട്ടാ ..
    ആശംസകള്‍... :)

    മറുപടിഇല്ലാതാക്കൂ
  31. അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.
    കഥയുടെ പകുതിയില്‍ മാത്രമാണ് പൂച്ച പിടിതന്നത്.
    എന്നാല്‍ ആ ശലഭങ്ങളുടെ റോള്‍ എന്തായിരുന്നു എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.

    മറുപടിഇല്ലാതാക്കൂ
  32. അടുത്തയിടെ വായിച്ച ഏറ്റവും മനോഹരമായ കഥ.

    ആശംസകള്‍ മനോജ്‌

    മറുപടിഇല്ലാതാക്കൂ
  33. കഥ നന്നായിരിക്കുന്നു. തുടക്കം അത്ര ഏശിയില്ല.പിന്നെപ്പിന്നെ മനസ്സിലേക്ക് പടര്‍ന്ന് കയറിയത് പോലെ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  34. മരണം!

    വിഡ്ഡിമാന്‍,

    ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വിഡ്ഡിമാന്റെ ഒരു കഥ വായിക്കുന്നത്. ഇത് പബ്ലിഷ് ചെയ്തിട്ടും കുറെ ആയിരിക്കുന്നു. പല വട്ടം വായിക്കണമെന്ന് വിചാരിച്ചു. നടന്നില്ല. ഇന്നിപ്പോള്‍തന്നെ രണ്ട് വട്ടം ഇടയ്ക്ക് ഇലക്ട്രിസിറ്റി പോയി. ആരോ തടസപ്പെടുത്തിയതാണോ? ;)

    വേരുകളില്‍ ജീവനുള്ള കഥ! :) നിമിഷത്തിന്റെ നിമിഷമെന്ന പ്രയോഗമൊക്കെ ക്ഷ പിടിച്ചു.
    ഒന്ന് പറയട്ടെ, മരണത്തിന്റെ തണുപ്പുണ്ട് ഈ കഥയ്ക്ക്. തണുത്ത മൌനം പോലെ. ഒരു പൂച്ചയെ മരണമായി സിംബലൈസ് ചെയ്യുന്നത് പുതുമയാണ്. ശരിയാണ്, അങ്ങനെ നോക്കുമ്പോള്‍ മരണത്തിന് ഒരു പൂച്ചയുടെ എല്ലാ ഭാവഹാവാദികളുമാണ്. നിശബ്ദനായി, ഇടയ്ക്കിടെ, തൊട്ടുരുമ്മി, സാന്നിധ്യം പോലുമറിയിക്കാതെ, എല്ലാം കണ്ടുകൊണ്ട്, എപ്പോഴുമങ്ങനെ..

    കഥയുടെ ഒടുവില്‍ അത്രയും വിവരിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ആ വിവരണത്തില്‍ കഥയുടെയും മരണത്തിന്റെയും നിഗൂഡതയും നിശ്ചലതയും തണുപ്പും കുറയുന്നുണ്ട്. അത്രയും വിവരിക്കാതെ തന്നെ കഥ ഒന്നാന്തരമായി കണ്‍വേ ചെയ്യുന്നുണ്ട്. നമ്മളെന്തിനാണ് വിഡ്ഡിമാന്‍ ഒരു ഡിസ്ക്രിപ്റ്റീവ് എക്സാമിലെന്നപോലെ ഇത്രയധികം എക്സ്പ്ലനേഷന്‍സ് കൊടുക്കുന്നത്? ചെറുകഥകള്‍ സൂചനകളാല്‍ തീര്‍ക്കുന്ന ജിഗ്സോപസിലുകളല്ലേ! വിജയികള്‍ക്ക് ലോകം കീഴടക്കുന്ന സന്തോഷം നല്‍കുന്ന പസിലുകള്‍!

    മറുപടിഇല്ലാതാക്കൂ
  35. വേറിട്ട ഒരു ശൈലിയിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...

    മറുപടിഇല്ലാതാക്കൂ
  36. അങ്ങിനെ ഏറെക്കാലത്തിനു ശേഷം ഒരാഗ്രഹം സാധിച്ചു ...വിഡ്ഢി മാന്റെ ബ്ലോഗില്‍ വന്നു ഒരു കഥ വായിച്ചു ... പലപ്പോഴും കഥയുടെ നീളക്കൂടുതല്‍ കാണുമ്പോള്‍ മടങ്ങുകയാണ് പതിവ്...ഇപ്പോള്‍ തന്നെ ഈ കഥയുടെ പേജ് എത്രയോ തവണ വായിക്കാന്‍ വേണ്ടി തുറക്കുകയും അടക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് പക്ഷെ എന്തോ... ആ ശലഭങ്ങള്‍ എന്നെ ശല്യം ചെയ്തു... ആര് പറഞ്ഞു അവര്‍ നിശബ്ദരാണ് എന്ന് ? അവര്‍ എന്തൊക്കെയോ ഉറക്കെ മൂളുന്നുണ്ട് .. എല്ലാത്തിനും ഇടയിലും എനിക്ക് അല്‍പ്പം ആശ്വാസമായത് ആ കറുത്ത പൂച്ചയാണ്..അവന്‍ എന്റെ കാലിലും കുറെ നേരം ഉരസി ..അവനു കഴിക്കാന്‍ ഞാന്‍ ഒന്നും കൊടുത്തിട്ടോന്നുമല്ല എങ്കില്‍ കൂടി അവന്‍ എന്നോടും എന്തൊക്കെയോ നന്ദി പ്രകടിപ്പിക്കുന്നു .. അവന്റെ സാമീപ്യം ശാന്തിയുടെയാണ്... അവന്റെ സ്പര്‍ശനം ആശ്വാസത്തിന്റെയാണ് ...

    കഥ എനിക്ക് ഇപ്പോഴും പൂര്‍ണമല്ല ..അത് പിടി തരുന്നില്ല..പക്ഷെ മറ്റെന്തൊക്കെയോ അദൃശ്യമായി എന്നെ പിന്തുടരുന്നുണ്ട് ..അതാണോ കഥ എന്ന് ഞാന്‍ സംശയിക്കുന്നു ... ഈ കഥ വായികുംപോള്‍ എന്റെ മനസ്സില്‍ മിന്നി മായുന്ന ദൃശ്യങ്ങള്‍ മറ്റു ചിലതാണ്.. മഞ്ഞുള്ള ദിവസങ്ങള്‍ ..പൂക്കള്‍, അലോസര ശബ്ദമുണ്ടാക്കി നടക്കുന്ന ശലഭങ്ങള്‍ ..കറുത്ത ശാന്തനായ പൂച്ച , അവന്റെ സാമീപ്യം .. അടുത്തടുത്ത രണ്ടു കെട്ടിടങ്ങള്‍ പിന്നെ അവയുടെ തുരുമ്പിച്ച ജനലുകള്‍, ..അങ്ങിനെ കുറെയേറെ ദൃശ്യങ്ങള്‍ മനസ്സില്‍ വരുന്നുണ്ട്...മനുഷ്യരെ ഒരാളെയും ഞാന്‍ അവിടെയൊന്നും കണ്ടില്ല..കണ്ടത് ചില ശുഭ്ര വസ്ത്രങ്ങള്‍ മാത്രം ... അതില്‍ ചില ആളുകളുടെ വസ്ത്രങ്ങളില്‍ ചളി പറ്റി പഴകിയിരിക്കുന്നു...

    ചുരുക്കി പറഞ്ഞാല്‍ വിഡ്ഢി മാന്‍ എഴുതിയ കഥയല്ലേ ഞാന്‍ വായിച്ചത് എന്ന് എനിക്ക് തന്നെ സംശയം തോന്നി..വീണ്ടും വായിച്ചു... പക്ഷെ അവസ്ഥ അത് തന്നെ... ഇനി ഒരിക്കല്‍ കൂടി ഞാന്‍ വായിക്കും..മനസ്സ് ഒന്ന് കൂടെ ശാന്തമാകേണ്ടിയിരിക്കുന്നു...ആദ്യം എനിക്ക് ഈ ശലഭങ്ങളെ ആട്ടിപ്പായിക്കണം .. വല്ലാത്തൊരു ശബ്ദം ..സഹിക്കാന്‍ പറ്റുന്നില്ല...ഞാന്‍ പിന്നെ വരാം ...

    മറുപടിഇല്ലാതാക്കൂ
  37. മനോഹരമായ രചന! അസൂയ ഉണ്ട് തീര്‍ച്ചയായും..

    ആദ്യ വായനയില്‍ എല്ലാമൊന്നും മനസിലായില്ല എന്നതാണ് സത്യം.. പക്ഷെ താഴെ കണ്ട മൂന്നുനാലു കമന്റ്സ് കഴിഞ്ഞപ്പോള്‍ വീണ്ടും പുറകിലേക്ക് പോയി നോക്കി... അപ്പൊ ഒരുവിധം വ്യക്തമായി തെളിഞ്ഞുവന്നു... ഇങ്ങനെയൊക്കെയാണ് കഥ എഴുതേണ്ടത് എന്ന് എന്നെ പോലുള്ളവരോട് പറഞ്ഞുതരുന്ന ഒരെഴുത്ത് !!!


    അവസാനം ബാക്കി കമന്റ്സ് കൂടി വായിച്ചു.. അംജത് ഭായിയുടെ വിലയിരുത്തല്‍ കണ്ടപ്പോ ഉള്ളില്‍ ഒരു വല്ലാത്ത ഭീതി തോന്നി.. കാല്‍കീഴില്‍ എന്തോ മൃദുവായി മുട്ടിയുരുമ്മിയ പോലെ... അവന്‍ ഇവിടേം വരാം ല്ലേ?

    മറുപടിഇല്ലാതാക്കൂ
  38. ഒത്തിരി താമസിച്ചു വായിക്കാന്‍ :) തീമിനെക്കാളും നരേഷനെ കാളും ആ വശ്യമായ ഭാഷയ്ക്കൊരു സലാം :)

    മറുപടിഇല്ലാതാക്കൂ
  39. വളരെ നല്ല രജന..നല്ല പ്രതീകങ്ങളും ആശയങ്ങളും

    മറുപടിഇല്ലാതാക്കൂ
  40. എന്ത് പറയണം ഈ പാമരന്‍ ?? വണക്കം ... അത്രമാത്രം !

    മറുപടിഇല്ലാതാക്കൂ
  41. മനസ്സിലാക്കാന്‍ രണ്ട് വട്ടം വായിക്കേണ്ടി വന്നു. ഒഴുക്ക് തോന്നിയില്ല. കവിത പോലൊരു കഥ.

    മറുപടിഇല്ലാതാക്കൂ
  42. ഇഷ്ടമായി...ഞാന്‍ പൊതുവേ സംസാര പ്രിയനല്ല....വാക്കുകള്‍ ചുരുക്കുന്നു ..ആസംസകള്‍

    മറുപടിഇല്ലാതാക്കൂ