തിങ്കളാഴ്‌ച, മാർച്ച് 12, 2012

ആത്മൻ


ആത്മൻ

ഹലോ.. ഗുഡ് മോണിങ്ങ്..”

“gd mng”

“തിരക്കിലാണെന്ന് തോന്നുന്നല്ലോ ? ”

“അതെയതെ..എല്ലായിടത്തും എത്തണ്ടേ ! എഫ്. ബി. യിൽ കണ്ണിൽ കണ്ട കൂതറ വാർക്കപ്പണിക്കാർ വരെ കയറി തുടങ്ങിയപ്പോഴാ ജി പ്ലസിൽ കയറിയത്. ഇന്റലക്വച്ചൽസ്  മുഴുവൻ ഇപ്പോ അവിടെയല്ലേ !..എന്നാലും ഇടയ്ക്കൊന്ന് എഫ്. ബി. യിലും എത്തിനോക്കും. സ്റ്റാറ്റസ് മെയിന്റയിൻ ചെയ്യണമല്ലോ..”

“ഈ ബുജികളൊക്കെ സംസാരിക്കുന്നത് പാവങ്ങൾക്കു വേണ്ടിയല്ലെ ? ”

“യേസ് യേസ്..എന്നാലും ഒരു ചർച്ചയ്ക്കൊന്നും അവറ്റ കൊള്ളില്ലെന്നെ..കൾച്ചർലെസ്സ് ഫെല്ലോസ്..”

“കുറെയുണ്ടല്ലോ കൂടെ സർക്കിളിലും ഗ്രൂപ്പിലും ഒക്കെയായി !”

“ ജി പ്ലസ്സിൽ  ഞാനൊരു പുതിയ ടാക്റ്റിക്സാണുപയോഗിച്ചത്. വന്നയുടനെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റുകളെ കുറെ തെറി പറഞ്ഞു.അപ്പോ മറ്റവന്മാരൊക്കെ കൂടെ പോന്നു. പിന്നെ കൃസ്ത്യൻ മിഷിനറിയെയും ഹിന്ദുസവർണ്ണരെയും തെറി പറഞ്ഞു.അപ്പോ ഇസ്ലാമിസ്റ്റുകളും ഭൂരിഭാഗം ഹിന്ദുക്കളും കൂടി. പിന്നെ വലതന്മാരെ പൂശി. ഇടതന്മാരൊപ്പം പോന്നു. പിന്നെ ഇടതന്മാരെ തോണ്ടി. ദാ കേറുന്നു വലതന്മാർ കൂടെ..ഇവിടെ പിന്നൊരു പ്രത്യേകതയുണ്ട്. നമ്മളൊരു സ്റ്റെപ്പ് മാറീന്നു വച്ച്  ഫോളോ ചെയ്യുന്ന കഴുതകള് തിരിഞ്ഞു നടക്കാനൊന്നും പോകുന്നില്ല ..”

“അതു പോട്ടെ..എന്താ പിന്നിലങ്ങനെ നീണ്ടു കിടക്കുന്നത് ? ”

“ ഓ..സിംപിൾ..യാഹുവിൽ നിന്ന് ജിമെയിലിലേക്കും അവിടെ നിന്ന് ഓർകുടിലേക്കും പിന്നെ എഫ്.ബി.യിലേക്കും അവിടെ നിന്ന് സ്കൈപ്പിലേക്കും ബ്ലോഗ്സ്പോട്ടിലേക്കും ട്വീറ്ററിലേക്കും പിന്നെ ഇപ്പോൾ ജി പ്ലസിലേക്കും ചാടി നടക്കുകയല്ലായിരുന്നോ ! അങ്ങനെ വന്നതാവും. മേ ബി ഡ്യൂ ടു റിവേഴ്സ് ഇവല്യൂഷൻ..!  വെർച്ച്വൽ ആയതുകൊണ്ട് പേടിക്കാനൊന്നുമില്ല. ഇവിടെ മിക്കവർക്കുമുണ്ട്..”

“അല്ലാ..ഇപ്പോ ജോലിക്കൊന്നും പോകുന്നില്ലേ ?”

“ഓ..അവന്മാരുടെയൊരു കണ്ടീഷൻ ! – സോഷ്യൽ സൈറ്റുകൾ ബ്ലോക്ക് ചെയ്യുമെന്ന്..പുല്ല് ! വലിച്ചെറിഞ്ഞു പോന്നു..അവർക്കവരുടെ ജോലി ചെയ്താൽ പോരെ ? കാര്യം ഇതിനിടയിൽ കുറച്ചു പ്രോബ്ലംസ് ഒക്കെ പറ്റി, ഏസ് യൂഷ്വൽ.. എന്നാലും ഇതാണോ റെമഡി ?..കളി എന്നോടേ !.. ഇതിലും നല്ല ഓഫറുകൾ ഇനിയും വരും”

“അപ്പോ ഫാമിലി ?”

“വൈഫ് എമ്പ്ലോയ്ഡായതു കൊണ്ട് ഫിനാൻഷ്യൽ ക്രൈസിസ് ഒന്നുമില്ല.. അത്യാവശ്യത്തിന് അവളുടെ ഓർണമെന്റ്സും എടുക്കും. .ചിലപ്പോ കക്ഷി അപ്പുറത്ത് ബെഡ് റൂമിലുണ്ടാവും. അവൾക്കു ലാപ്പാ ഇഷ്ടം. പരസ്പരം ഡിസ്റ്റർബ് ചെയ്യണ്ടാന്നാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നേ.. അഥവാ എന്തെങ്കിലും സംസാരിക്കണമെങ്കിൽ ഓൺലൈനിൽ വന്ന് ചാറ്റ് ചെയ്യാലോ..ഇൻഡിവിജ്വൽ പ്രൈവസി ഒക്കെ നിലനിക്കേം ചെയ്യും..”

“കുട്ടികൾ ?”

“കുട്ടികൾ……?.....ഓ സോറി പെട്ടന്ന്  ആ ഫയൽസ് മിസ്സിങ്ങായി മെമ്മറീന്ന്..മൂത്തവൻ ഹോസ്റ്റലിലാ..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓൺലൈനിൽ വരും..പിന്നെ ഇളയത്..അവളെ ഞാനാ റൂമിലിട്ടു പൂട്ടി. ആ നോട്ട് ബുക്ക് കേടായേ പിന്നെ  വലിയ ഡിസ്റ്റർബൻസാന്നേ..”

“ഫ്രണ്ട്സ് ? റിലേറ്റീവ്സ് ? ”

“ശല്യങ്ങൾ!.നമ്മളിവിടെ ഓൺലൈനിലിരിക്കുകയാണെന്നൊന്നും അവർ നോക്കില്ല.വന്നയുടനെ തുടങ്ങും പഴയ സെന്റിമെന്റ്സും പറഞ്ഞ് കത്തിയടി. ചാറ്റിങ്ങിലാവുമ്പോ ഇന്റിമസി കൂടും, നെറ്റ് വഴി വരാൻ പറഞ്ഞാലോ അതൊട്ട് കേൾക്കുകയുമില്ല. ഇഡിയറ്റ്സ്..ഞാൻ എല്ലാത്തിനേം ഒഴിവാക്കി !”

“അപ്പോ സോഷ്യൽ ആക്ടിവിറ്റീസൊന്നുമില്ലേ ? പണ്ട് വലിയ വിപ്ളവകാരിയായിരുന്നല്ലോ..”

“ ഓ സോഷ്യൽ  റവല്യൂഷനിലൊക്കെ ഇപ്പോ ആര് വിശ്വസിക്കുന്നു ! അതും കേരളത്തിൽ..ഇനിയത്തെ വിപ്ലവമൊക്കെ കീബോർഡിലൂടെയായിരിക്കും ! ഈജിപ്തിലും സിറിയയിലും ഒക്കെ കണ്ടില്ലേ ? പിന്നെ കമ്മിറ്റ്മെന്റ് . അതു കൂടിയിട്ടേ ഉള്ളൂഎന്റെ ബ്ലോഗുകളും ട്വീറ്റുകളും കമന്റുകളും ഒക്കെ കണ്ടിട്ടുണ്ടോ ? അഴിമതിയ്ക്കും വർഗ്ഗീയതയ്ക്കും പീഢനങ്ങൾക്കും അശാസ്ത്രീയതയ്ക്കും  ചൂഷണങ്ങൾക്കുമെതിരെ തീ തുപ്പുന്ന പീരങ്കികളാണവ..വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ ”

“അപ്പോൾ ഇവിടെ  തെരുവിലെ സമരങ്ങൾ അർഥശൂന്യമാണ് ?”
“പിന്നല്ലാതെ..മെയ്യനങ്ങാത്ത ഭരണാധികാരികൾക്കു മുന്നിൽ ചെന്നൊച്ച വെച്ച്  കണ്ണിൽ ചോരയില്ലാത്ത പോലീസുകാരുടെ അടിയും വെടിയും ഇരന്നുവാങ്ങിക്കുന്നത് വിഡ്ഡികൾ മാത്രമാണ്..ഇൻ മൈ ഒപിനിയൻ..ഗൂഗിളൊക്കെ ഓൺലൈൻ മാർച്ചിനുള്ള ഒരു നൂതനമായ അപ്ലിക്കേഷൻ ലോഞ്ചു ചെയ്യേണ്ട കാലം അതിക്രമിച്ചു. ഒരൊറ്റ മൗസ് ക്ലിക്കിലൂടെ ആർക്കു വേണമെങ്കിലും അണിചേരാവുന്ന ഓൺലൈൻ മാർച്ചുകൾ.!  നോ ലാത്തിച്ചാർജ്ജ്, നോ വെടിവെപ്പ്, നോ ട്രാഫിക്ക് ബ്ലോക്ക് നോക്കു..എത്ര അഡ്വാൻടേജസാണെന്ന്.”

“എങ്ങാനും പോലീസപ്പോ ഓൺലൈൻ ലാത്തിച്ചാർജ്ജ് നടത്തിയാലോ ? ”

“ ഹോ ! സിമ്പിൾ..അപ്പോ നമ്മൾ ഓൺലൈൻ സത്യാഗ്രഹം നടത്തുംഗാന്ധിജിയല്ലേ നമ്മുടെ റോൾ മോഡൽ !”

“അതോണ്ടൊക്കെ വിശക്കുന്നവന്റെ വയറു നിറയുമോ?”

“ യൂ മീൻ ചാരിറ്റി ? അതിനിപ്പോയുള്ള സംവിധാനങ്ങൾ തന്നെ ധാരാളം.ഓൺലൈൻ പീപ്പ്ൾ  ആർ സൊ കൈന്റ്...എന്റെ തന്നെ ഡൊണേഷന്റെ ഡീറ്റയിൽസ് നോക്കിക്കോളൂ..എന്റെ മൈൻട് എത്ര സോഫ്റ്റാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും..”

“പക്ഷെ നിങ്ങളുടെ ഫ്ലാറ്റിനപ്പുറത്തെ കോളനിയിൽ മൂന്ന് കുട്ടികൾ ചികിത്സിക്കാൻ പണമില്ലാതെ മരിച്ചല്ലോ ?”

“ അതെയ്യൊ ? റിയലി പതെറ്റിക്..ആരെങ്കിലും ഓൺലൈനിൽ ഇട്ടിരുന്നെങ്കിൽ സെർട്ടൻലി ഞാനെന്തെങ്കിലും ചെയ്തേനെ..ഇതിപ്പോ അറിയാതെ എങ്ങനെയാണ് സഹായിക്കുക ?”

“അതൊക്കെ പോട്ടെ..എന്താ ഇവിടെയൊരു നാറ്റം ?”

“ ഓ സോറി..ഈ ചെയർ കണ്ടോ ? ഞാൻ പ്രത്യേകം ഡിസൈൻ ചെയ്യിച്ചതാണ്.ഡ്രെയിനേജ് സിസ്റ്റം ഒന്നു പരിഷ്ക്കരിച്ചു. ചെയറിൽ നിന്ന് പൈപ്പ് റ്റോയ്ലറ്റിലേക്ക് നേരിട്ട് കണക്റ്റ് ചെയ്തിരിക്കുകയാണ്.. ഇപ്പോ നാലഞ്ചു ദിവസമായി വെള്ളമില്ല..ദാറ്റ്സ് വൈ..”

“ഓ..യെസ് യെസ്..അല്ലാ, ഇത്രയായിട്ടും ഞാനാരാണെന്ന് ചോദിച്ചില്ലല്ലോ? ”
“ഓ..ഞാനത് ആരോടും ചോദിക്കാറില്ല. ഐ തിങ്ക് ഇറ്റ് ഇസ്സ് എ മീനിങ്ങ് ലെസ്സ് ക്വസ്റ്റൻ ഇൻ ഓൺലൈൻ വേൾഡ്..”

“..ശരി..നിങ്ങൾ ചോദിച്ചില്ലെങ്കിലും പറയാം..ആക്ച്വലി അയാം ന്യൂ ടു യൂ..ഒരു യമകിങ്കരനാണ്..കുറച്ചു നാളായി ഭക്ഷണമൊന്നും കഴിക്കാത്തതുകൊണ്ട് താങ്കളുടെ ശരീരം തളർന്നു കൊണ്ടിരിക്കുകയാണ്.. സെൽസ് എല്ലാം ഡാമേജായി ഇർ റിക്കവറബ്ൾ സ്റ്റേജായി.അക്ച്വലി യു ആർ സിങ്കിങ്ങ്..മൂന്ന് മിനിറ്റു കൂടിയെ താങ്കൾക്കിനി ആയുസ്സുള്ളു..”

“റിയലി ? !! യു ആർ കറക്റ്റ്..കഴിച്ചിട്ട് കുറച്ചു നാളായി..നാലഞ്ച് ഡിസ്കഷനിൽ ഇരുന്നുപോയതാണ്..ഒരു മിനിറ്റൊന്നു സൈലെന്റ് ആയാൽ അവന്മാർ വിചാരിക്കും കീഴടങ്ങിയെന്ന്..അങ്ങനെ വിട്ടു കൊടുക്കാൻ പറ്റ്വോ ? എന്നാലും മരിക്കുകാനൊക്കെ പറഞ്ഞാൽ...റിയലി ഹൊറിബ്‌ൾ !!.പക്ഷെ നോക്കൂ..എന്റെ ഫിംഗർമൂവ്മെന്റ്റ്സിനൊന്നും ഇപ്പോഴും ഒരു പ്രോബ്ളവുമില്ല.എത്ര ഈസിയായാ ടൈപ്പ് ചെയ്യുന്നത് !! ഐ തിങ്ക്മേ ബി യു ആർ മിസ്ടേക്കൺ ?”

“.സോറി..ദേർ ആർ നോ മിസ്ടേക്ക്സ് ആന്റ് ഹാങ്ങൗട്ട്സ് ആന്റ് റീസ്റ്റാർട്ട്സ് ഇൻ  അവർ സിസ്റ്റം.നൗ ഇറ്റ് ഇസ് യൂ ആന്റ് ഒൺലി യൂ..പിന്നെ വിരലുകൾ....അത് സിമ്പിൾ..ഈ പാമ്പു ചത്താലും അതിന്റെ  വാലു കിടന്ന് പിടക്കുന്നത് കണ്ടിട്ടില്ലേ..നിങ്ങളുടെ വിരലുകൾ ഇനിയും ഇരുപത്തിനാല് മണിക്കൂറെങ്കിലും ചലിച്ചുകൊണ്ടിരിക്കും..”

“ 100 % ഷുവർ ?”

“100% ഷുവർ..”

“കാൻ ഐ ആസ്ക് വൺ ഡൗട്ട് ? വേർ ആർ യു ഗോയിങ്ങ് റ്റു ടേക്ക് മി  ?  റ്റു ഹെൽ ഒർ  ഹെവൻ ?

“നോ ഡൗട്ട്..റ്റു ഹെൽ ! ”

“ഉം.. പ്രതീക്ഷിച്ചതു തന്നെ..ജസ്റ്റ് ക്യൂരിയോസ് യു നോ....അവിടെ നെറ്റ് ഉണ്ടോ ?”

“പിന്നെ! നരകത്തെക്കുറിച്ച് നിങ്ങൾക്കെന്തറിയാം ! അവിടെയിപ്പോൾ 10 ജിയാ..!!”

“10 ജി ? !!  ഇനഫ് !!..വൺ മിനിറ്റ് പ്ലീസ്..ഞാൻ മരിച്ചുവെന്ന വിവരം ഒന്നിവിടെ ഷെയർ ചെയ്തോട്ടെ.എക്സ്ക്ലൂസ്സിവ്...അല്ലെങ്കിൽ അതിന്റെ ക്രെഡിറ്റ് മറ്റു വല്ലവന്മാരും കൊണ്ടു പോകും !!”

“സെർട്ടൻലി..ദേർ ഈസ് വൺ മിനിറ്റ് മോർ ഇൻ യുവർ ടൈം..!!”

 -------------------------
ഇംഗ്ലീഷ് ഭാഷണങ്ങളിലെ തെറ്റു തിരുത്തി തന്ന ബിജുമാഷിന് ( ബ്ലോഗർ ബിജു ഡേവിസ് ) പ്രത്യേക നന്ദി.