ബുധനാഴ്‌ച, ഒക്‌ടോബർ 21, 2020

ചങ്ങാത്തം.

 ചങ്ങാത്തം.


അമ്മുവും ചിമ്മുവും കൂട്ടുകാരാണ്.

ഒരേ ക്ലാസ്സിലാണ് രണ്ടാളും പഠിക്കുന്നത്.

അവർ സ്കൂളിലേക്ക് പോകുന്ന വഴി, കാവിനു മുമ്പിൽ ഒരു ചക്കരമാവുണ്ട്. നല്ല മധുരമുള്ള  മാമ്പഴം തരുന്ന, ആകാശത്തോളം ഉയരമുള്ള ഒരു ചക്കരമാവ്. മാമ്പഴത്തിന് ഒരു  നെല്ലിക്കയോളമേ വലിപ്പമുള്ളൂ. എന്നാലുമതിന്റെ രുചി !! ഹൗ..  അമൃത് തന്നെ !!

പക്ഷേ ഒരു കുഴപ്പമുണ്ട് – വല്ലപ്പോഴും ഒരിക്കലേ മാമ്പഴം വീണു കിട്ടൂ.

എല്ലാ ദിവസവും മാവിനടുത്തെത്താറാവുമ്പോൾ ഇരുവരുടേയും നടത്തം ഒരു ഓട്ടമായി മാറും.  വീണു കിടക്കുന്ന മാമ്പഴം തിരയാനുള്ള ഓട്ടം. മിക്കദിവസവും മാമ്പഴം കിട്ടില്ല. എങ്കിലും ഒരിക്കൽ രുചിച്ചാൽ, എന്നെന്നും നാവിൽ കൊതിയൂറുന്ന രുചിയുള്ളതുകൊണ്ട് ഇരുവരും ഒരിക്കലും അന്വേഷണം അവസാനിപ്പിച്ചില്ല.

അങ്ങനെയിരിക്കെ അമ്മുവിന് ഒരു സംശയം തോന്നി – തനിക്കു കിട്ടുന്നതിൽ കൂടുതൽ മാമ്പഴം ചിമ്മുവിന് കിട്ടുന്നുണ്ട്.

“ ശരിയാ.. അതിനിപ്പോ എന്താ.. ഇപ്പോ എനിക്ക് കുറേ മാമ്പഴം തരാനായിരിക്കും ദൈവത്തിന് ഇഷ്ടം.. അടുത്ത തവണ നിനക്ക് കുറേ തരുമായിരിക്കും. അപ്പോ എനിക്ക് കുറവേ കിട്ടൂ..” ചിമ്മു പറഞ്ഞു.

അമ്മുവിന് ആ മറുപടി തൃപ്തികരമായില്ല. ‘അതെന്തിനാ ദൈവം മാറി മാറി ഇഷ്ടം കാണിക്കുന്നത് ? ഇതിപ്പോ കുറേക്കാലം താൻ സങ്കടപ്പെടണം. അതു കഴിയുമ്പോ ചിമ്മുവും.  ദൈവത്തിന് എപ്പോഴും എല്ലാവരേയും ഒരുപോലെ ഇഷ്ടപ്പെട്ടുകൂടേ. ?. ഒരേ പോലെ മാമ്പഴം തന്നാൽ രണ്ടാൾക്കും എന്നും സന്തോഷമായിരിക്കില്ലേ ?’ അവൾ സ്വയം ചോദിച്ചു.

അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ അമ്മു മറ്റൊരു കാര്യം കണ്ടെത്തി. – ചിമ്മുവിന് തന്നേക്കാൾ വേഗത്തിൽ മാമ്പഴം കണ്ടെത്താനാവുന്നുണ്ട്. ഓട്ടത്തിലും അവളാണ് മുമ്പിൽ - അതുകൊണ്ടാണ് അവൾക്ക് കൂടുതൽ മാമ്പഴം കിട്ടുന്നത് !!

മടിച്ചു മടിച്ചാണെങ്കിലും അവൾ കാര്യം അവതരിപ്പിച്ചു “.. അതുകൊണ്ട്.. മാമ്പഴം എന്നും നമുക്ക് പങ്കിട്ടെടുത്തു കൂടേ ? ”

അവർ പഴയതിനേക്കാൾ വളർന്നിരുന്നു.

“ ശരിയാണ്.. നിന്റെ കാഴ്ച്ചശക്തിയും കായികശേഷിയും കുറഞ്ഞു പോയത് നിന്റെ കുറ്റമല്ല. പക്ഷേ അതുപോലെ, അതു രണ്ടും കൂടിയത് എന്റെ കുറ്റവുമല്ല. മറിച്ച്, അത്  പരിണാമത്തിലൂടെയോ പാരമ്പര്യത്തിലൂടെയോ മറ്റോ എനിക്ക് കിട്ടിയ ഒരു ശേഷിയുമാകാം. നാം ചങ്ങാതിമാർ തന്നെ. പക്ഷേ നാം തമ്മിലുള്ള മത്സരം നിലയ്ക്കുമ്പോൾ, ആ ശേഷി ഞാനുപയോഗിക്കാതാകും. സ്വന്തമാക്കുന്നതിനുള്ള മത്സരമാണ് ആരോഗ്യത്തിന്റെയും വളർച്ചയുടെയും അടിസ്ഥാനം. മത്സരം വേണ്ടെന്നു വെക്കുന്നതോടെ ഒരു പാട് ശേഷികൾ മുരടിച്ച് ഇല്ലാതായി പോകും…മനുഷ്യകുലത്തോട്  തന്നെ ചെയ്യുന്ന ദോഷമാകും അത്…”, ചിമ്മു നയം വ്യക്തമാക്കി. “ എന്റെ ആവശ്യം കഴിഞ്ഞും ബാക്കി മാമ്പഴമുണ്ടെങ്കിൽ നിനക്കും ആവശ്യത്തിന് തിന്നാമായിരുന്നു. അതുകൊണ്ട് കൂടുതൽ മാമ്പഴങ്ങൾ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്..മാത്രമല്ല, പത്തു മാമ്പഴം കിട്ടുമ്പോ, ഒരെണ്ണം നിനക്ക് കിട്ടിക്കോട്ടെ എന്നു കരുതി ഞാൻ എടുക്കാതിരിക്കാറുമുണ്ട്…”  .

അമ്മു ഒന്നും പറഞ്ഞില്ല. കടിച്ചീമ്പിയതെങ്കിലും, പിന്നെയീമ്പുമ്പോൾ നാര് മാത്രമേ കിട്ടാറുള്ളൂവെങ്കിലും, തിന്നു തീർത്ത മാങ്ങായണ്ടികൾ മുഴുവൻ ചിമ്മു അവൾക്ക് കൊടുക്കാറുണ്ട്. ശത്രുതയിലായാൽ അതും ഇല്ലാതായാലോ !
അതുകൊണ്ട് അന്നു മുതൽ മാങ്ങായണ്ടികൾ  ഓരോന്നും വഴിയരികിൽ കുഴിച്ചിടാനും തൈകൾ വെള്ളവും വളവുമൊഴിച്ച് പരിചരിക്കാനും അവൾ ശ്രദ്ധിച്ചു.

അവർ വീണ്ടും വളർന്നു. അമ്മമാരായി. അമ്മുവിന് അമ്മുമ്മു എന്നും ചിമ്മുവിന് ചിമ്മുമ്മു എന്നും പേരുള്ള കുട്ടികളുണ്ടായി.

അമ്മുമ്മുവും ചിമ്മുമ്മും സ്കൂളിൽ പോയി തുടങ്ങി.

ഇപ്പോൾ ഒരു ചക്കരമാവല്ല, ധാരാളം ചക്കരമാവുകൾ ഉണ്ട്. ഓരോന്നിന്റെ ചുവട്ടിലും വല്ലപ്പോഴുമൊക്കെ മധുരമാമ്പഴം വീഴാറുമുണ്ട്.
അമ്മുമ്മുവിന് അമ്മുവിനേക്കാൾ കൂടുതൽ  മാമ്പഴം കിട്ടാറുണ്ട്.
ചിമ്മുമ്മുവാകട്ടെ, താൻ തിന്ന ശേഷം ബാക്കി വരുന്ന  മാമ്പഴങ്ങൾ പാവാടയിൽ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകാറാണ് പതിവ്.. അവളുടെ അമ്മ അതുകൊണ്ട് മാമ്പഴത്തെരയും മാംഗോ ജ്യൂസും മാംഗോ ഷേക്കുമെല്ലാം ഉണ്ടാക്കി  അവൾക്കും വീട്ടുകാർക്കും വിളമ്പും.

ചിമ്മുമ്മുവിന്റെയും വീട്ടുകാരുടേയും ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മാങ്ങകൾ വയറു നിറയെ തിന്നുന്നത് സ്വപ്നം കണ്ടുകൊണ്ട്, ആരൊക്കെയോ കടിച്ചീമ്പിയ മാങ്ങായണ്ടികൾ അമ്മുമ്മുവും വീട്ടുകാരും   പാകി നട്ടു നനച്ച് വളർത്തുന്നുണ്ട്.

അതങ്ങനെയാണ്. പാകി നനയ്ക്കാരൊടു വിത്ത് പ്രപഞ്ചത്തിൽ ശേഷിക്കുവോളം, ആ കർമ്മവും സ്വപ്നവും തുടരാതെ തരമില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ചിമ്മുമ്മുവിന് കൂടുതൽ മാമ്പഴം കിട്ടുന്നത് കണ്മുന്നിലുണ്ടല്ലോ. അതാണ്, അതു മാത്രമാണ് വഴി.

ദേർ ഈസ് നോ അദർ അൾട്ടർനേറ്റീവ് !

കാത്തു കാത്തിരിക്കുന്ന സ്വപ്നം, അതിനു ശേഷം പുലരുമത്രെ. !  .  

അമ്മുവും അമ്മുമ്മുവും അമ്മുമ്മുമ്മുവുമെല്ലാം കാത്തിരിക്കുകയാണ്..
മൺതരികളും മുരുപ്പുകളുമേറ്റ അവരുടെ തിണർപ്പുകളിൽ ചോര കിനിയുന്നുണ്ട്.