ഞായറാഴ്‌ച, ജനുവരി 12, 2014

പ്രളയാനന്തരം



                                                        പ്രളയാനന്തരം

പെയ്യാനൊരുങ്ങി  നില്ക്കുന്ന  ആകാശം പോലെയായിരുന്നു യശോധയും.
 
ടോർച്ച് മിന്നിച്ച് മുൻപേ നടക്കുമ്പോൾ, അവളിൽ ഘനീഭവിച്ച മൗനത്തിന്റെ അർത്ഥാന്തരങ്ങളെ ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അയാൾ. ഒരു മിന്നൽശകലം അവളിൽ നിന്ന് പുറപ്പെട്ടാൽ, ഒരു പക്ഷെ താനും  പെയ്തേക്കുമല്ലോ  എന്നയാൾ  ഭയപ്പെട്ടു.  

ഒരില പോലും അനങ്ങുന്നുണ്ടായിരുന്നില്ല. കുറ്റാക്കൂറ്റിരുട്ടും.
പൊടുന്നനെയാണ് ഇരമ്പം കേട്ടു തുടങ്ങിയത്.
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പടവുകളിറങ്ങി പുഴമണല്പരപ്പിലെത്തി കഴിഞ്ഞു.

വിവരം കേട്ടയുടനെ ഓടിപ്പാഞ്ഞിറങ്ങിയതാണ് യശോധ.  സ്റ്റേഷനിൽ നിന്ന് തിടുക്കപ്പെട്ടിറങ്ങുന്നതിനിടയിൽ അയാളും കുടയെടുക്കാൻ മറന്നിരുന്നു.

മഴത്തുള്ളികൾ ദേഹത്തു വീഴുമ്പോഴെങ്കിലും അവൾ മൗനം വെടിയുമെന്ന  പ്രതീക്ഷയിൽ അയാൾ നടത്തത്തിന്റെ വേഗം ഒന്നു കുറച്ചു.  ചാറ്റൽ മഴ നനഞ്ഞാൽ പോലും തോർത്തുമായി പുറകേ ഓടി വരുന്നവളാണ്.

ഒന്നുമുണ്ടായില്ല.നിറഞ്ഞ മൗനത്തോടെ പിന്തുടരുക മാത്രം.

ഒരാരവത്തോടെ വർഷബിന്ദുക്കൾ താഴേക്കിറങ്ങി വന്ന് അവരെ പൊതിഞ്ഞു.  നനഞ്ഞൊട്ടി ടോർച്ച് മിന്നിച്ച് നടക്കുമ്പോൾ, എരിയുന്ന കൊള്ളിയേന്തി ചിതയെ വലം വെക്കുന്ന വാസുട്ടനെ ഒരു നിമിഷം അയാൾ  ഓർത്തു ;  തന്നെ തന്നെയും.

ഉണങ്ങി വരണ്ട മണല്പരപ്പുകൾ  ആർത്തിയോടെ വെള്ളം കുടിച്ചു തീർക്കുകയാണ്.  നടവഴിയിലെ ഉണങ്ങിയ പുല്ലുകൾക്ക് നേരിയൊരു വഴുവഴുപ്പ്. കാലവർഷം പിറന്നിരിക്കുന്നു !

“നിൽക്ക് !” സ്വയമറിയാതെയാണ് അയാളുടെ ശബ്ദമുയർന്നത്.

നിർത്താതെ മിന്നിയ ടോർച്ച് വെളിച്ചത്തിലേക്ക് അവൾ പുറകിൽ നിന്ന് തലയെത്തിച്ചു നോക്കി.
 
വലിയൊരു പാമ്പ് !!  ടോർച്ചിന്റെ മങ്ങിയ  വെളിച്ചവും കഴിഞ്ഞ് അതിന്റെ നീളം ഇരുളിലേക്ക് നീണ്ടു പോകുന്നു !!

 മരണം പോലെ ഒരു തണുപ്പ് മേലാകെ പടർന്ന് കയറുന്നത് അയാൾ അറിഞ്ഞു..

‘ഇനി ഞാനെന്താണു വേണ്ടത്?’ എന്ന മട്ടിൽ അത് തലയുയർത്തി അവരുടെ നേരെ തിരിഞ്ഞു നിന്നു. അഞ്ച് പത്തടികൾക്കുമിപ്പുറം ചലനമറ്റ് അവരും. മഴയുടെ മിനുക്കത്തിൽ അതിന്റെ  ഇരുണ്ട ശൽക്കങ്ങൾ വെള്ളി പോലെ തിളങ്ങി.

പാമ്പിന്റെ ചലനങ്ങൾ ഏകാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു  അയാൾ. ഇരുണ്ട് മരതകവർണ്ണമാർന്ന ഉടൽ അരയോളം ഉയർത്തിപ്പിടിച്ച്, ജിഹ്വാഗ്രത്താൽ ലോകമറിഞ്ഞ് അതങ്ങനെ ഏറെനേരം നിന്നു. ഒടുവിൽ ഒരു തീർപ്പിലെന്ന വണ്ണം, വിഷാദഗാംഭീര്യത്തോടെ ശിരസ്സൊന്നു നമിച്ച് സാവധാനം പുറകിലെ പുല്പടർപ്പിലേക്കു മടങ്ങി. അതിനിടയിൽ, പുതിയ വെളിപാടിന്റെ ബോധപാരമ്യത്തിൽ അറിയാതുയർന്ന നിലവിളി  വാ പൊത്തി  വിഴുങ്ങി യശോധ  തനിക്കു പിന്നിൽ നിന്നു പിടഞ്ഞത് അയാളറിഞ്ഞില്ല. തിരിഞ്ഞു നോക്കുമ്പോഴാകട്ടെ, അതിനകം  അവസാനഉത്തരവും പൊരുത്തപ്പെട്ട യശോധ വർത്തമാനത്തിന്റെ നിർവികാരമൗനം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഒരു നീർക്കോലിയെ കണ്ടാൽ പോലും അലറിപ്പാഞ്ഞ് അട്ടത്ത് കയറുന്നവളുടെ ആ  ചാഞ്ചല്യമില്ലായ്മ അയാളെ അമ്പരപ്പിക്കുക തന്നെ ചെയ്തു.  

നടത്തം വീണ്ടെടുക്കുമ്പോൾ, ഒരവസാനപ്രതീക്ഷയോടെ യശോധ വീണ്ടുമൊന്ന് തലയുയർത്തി നോക്കി. ഒന്നുമുണ്ടായില്ല.. ആ പുൽക്കാടുകളിലേക്കും ഇരുളിന്റെ തീ പടർന്നു കഴിഞ്ഞിരുന്നു.

                                                         ********

ദഹിപ്പിക്കുന്നതിൽ അതൃപ്തിയുള്ള പലരെയും അയാളവിടെ കണ്ടിരുന്നു. വാസുട്ടന്റെ ബന്ധത്തിലുള്ള ചില കാരണവന്മാർക്ക് അത് ആചാരപരമായി തെറ്റാണെന്ന അഭിപ്രായമാണ്. ‘ഇനിയിപ്പോൾ കുഴിച്ചിട്ടാൽ തന്നെ ആരു ചോദിക്കാനാണ്’  എന്നൊരു ഗർവ്വ്, പഴയ വൈരമൊക്കെ മറന്ന്  ഇഷ്ടത്തിലായ ലില്ലിക്കുഞ്ഞിന്റെ വീട്ടുകാരും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ മാറി നിന്നു കുശുകുശുക്കുന്നതല്ലാതെ ആരുമൊന്നും പറയുന്നില്ല.. മറ്റു ചിലർ എന്തിനേയൊ ഭയപ്പെടുന്നതു പോലെ പൂർണ്ണമൗനത്തിലും.

“ എന്റെ വിശ്വേട്ടാ, ആക്യൊള്ളത് ഈ ഇരുപത് സെന്റ് പറമ്പല്ലേ.. തെങ്ങും കവുങ്ങുമൊക്കെ ഒഴിവാക്കി ഒരിത്തിരി ഇടമുള്ളിടത്ത് കുഴിട്ക്കാന്ന് കര്ത്യപ്പോ അതിന്റെ രണ്ടടി അപ്പറത്താ കെണറ്.. സംഗതി ക്ടാവണങ്കെലും ഒറവ്ട്ക്കാണ്ട്‌രിയ്ക്ക്യോ?” ചിതയ്ക്കു മുകളിൽ തകരപ്പാട്ടയുടെ പന്തൽ   ഉറപ്പിക്കാൻ അവളുടെ ആങ്ങളമാരോടൊപ്പം ഉത്സാഹിക്കുന്നതിനിടയിൽ സ്വകാര്യം പോലെ തിലകൻ പറഞ്ഞപ്പോൾ ഒന്ന് അമർത്തി മൂളുക മാത്രമേ അയാൾക്ക് സാധ്യമായിരുന്നുള്ളു.  മറിച്ചൊരു തീരുമാനം എടുപ്പിക്കാൻ മാത്രം  തിലകനോളം ബന്ധുത്വമോ അടുപ്പമോ അയാൾക്കില്ല.

   പട്രോളിങ്ങിലായിരുന്നോണ്ട് കേട്ട വഴിയ്ക്ക് എറങ്ങാൻ പറ്റില്ല്യ....” തലയ്ക്കു കൈ കൊടുത്ത് മാറിയിരിക്കുകയായിരുന്ന വാസുട്ടനോട്   എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ അയാൾ പരുങ്ങി.

“ ഇനിപ്പോ  എത്തീട്ടും എന്ത് കാര്യം വിശ്വേട്ടാ.. മ്മടെ മുത്ത് വെളുപ്പിനേ പോയില്ല്യേ..”  വാസുട്ടൻ നെഞ്ച് തടവി. പെയ്തു തോർന്ന കണ്ണുകളിൽ വീണ്ടും നീർ നിറഞ്ഞു.

“ന്നാലും ഒന്ന് പോസ്റ്റ് മോർട്ടം  ചെയ്ത് നോക്കായിര്ന്നു  വാസുട്ടാ..”  തന്റെ നെഞ്ചിൽ പുകഞ്ഞുപടർന്നു കൊണ്ടിരുന്നത്  അയാൾ പുറത്തേയ്ക്കിട്ടു. “ ഇതിപ്പോ ദഹിപ്പിക്കുമ്പോ....”

“ ഇനീം അതൊക്കെ അറിഞ്ഞ്ട്ട് എന്ത് കാര്യം ചേട്ടാ.. ഒരു കൊഴപ്പൊല്ല്യാന്ന് ലോകത്തൊള്ള ഡോക്ടർമാരൊക്കെ ആണയിട്ട് പറഞ്ഞ്ട്ടും  മ്മടെ കുട്ടി ഇവടെ കെടന്ന് കാട്ടിക്കൂട്ടിര്ന്ന്ത് കണ്ണാലെ കണ്ട്‌ര്ന്നതല്ലേ.. അവളണങ്ങെ ന്റെ പൊന്നിനെ വെട്ടിപ്പൊളിക്കല്ലേന്ന്  ചങ്ക് പൊട്ടി നെലോളി..പെറ്റ വയറല്ലേ.. ” വാസുട്ടന്റെ ശബ്ദമിടറി.. “ മ്മക്ക് വിധിച്ചിട്ടില്ല്യാ വിശ്വേട്ടാ.. അദെന്നെ..”

അയാൾക്ക് മറുപടിയൊന്നും പറയാനുണ്ടായില്ല. ഉള്ളിലെ അഗ്നിസഞ്ചാരം ദേഹമാകെ പടരുകയാണ്.

“ തിലകൻ പറഞ്ഞ്ട്ട് കഴിഞ്ഞ മാസം  വൈലത്തൂര് ഒരു വൈദ്യരെ കൊണ്ടു കാണിച്ച്ര്ന്നു. ഒറക്കം ത്തിരി കൂടിര്ന്നൂന്നെ ള്ളൂ ; അതീ പിന്നെ മോന് നല്ല ആശ്വാസണ്ടായിര്ന്നു വിശ്വേട്ടാ. എല്ലാം മാറീന്ന്വെച്ചിരിക്ക്യായ്ര്ന്നു ഞങ്ങള്.. ആ ആശ്വാസത്തിലാ മില്ലില്  മോട്ടറ് കത്ത്യപ്പോ കിട്ട്യ ഗ്യാപ്പിനു ഞാനിന്നലെ  തന്നെ വന്നത്. രാത്രി കൊറെ നേരം എണ്റ്റ് കെട്ന്ന് കളിയ്ക്ക്യേം ചെയ്തു ന്റെ മോൻ.. പിന്നെ പാതിരാത്രീല്  കരച്ചില് കേട്ട്ട്ടാ ഞാനെനിയ്ക്ക്ണത്... പിന്നെ എന്തോരം നേരം കഴിഞ്ഞ്ട്ടാ കുട്ടനൊന്ന് ഒറങ്ങി പോയത്
ന്നാലും അതെന്റെ പൊന്നിന്റെ ഒടുക്കത്തെ ഒറക്കാന്ന് വിചാരിച്ച്ര്ന്നില്ല്യ. ..” വാസുട്ടൻ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് തേങ്ങി.

അവസാനമാണ് അയാൾ ഉമ്മറത്തേയ്ക്ക് കയറിയത്.  അങ്ങിങ്ങായി തേങ്ങി കൊണ്ടിരുന്ന സ്ത്രീകൾക്കിടയിൽ,  തോറ്റവന്റെ വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞ് മുറിക്കകത്ത് വെള്ള പുതച്ചു കിടന്നു. ഉഴറി നടന്ന കണ്ണുകൾ,  മയൂര ശോഭയാർന്ന  പിഞ്ചുപാദങ്ങളിൽ മറ്റാരും കാണാത്ത വിധം  സൂഷ്മമായ  ഒരു അരുണസുഷിരം അയാൾക്ക് ചൂണ്ടി കൊടുത്തു.  അയാൾ കേട്ടു : “ എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേൾക്കാതെയും, അകന്നു നിന്നതെന്തുകൊണ്ട്? . എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചു; അങ്ങു കേട്ടില്ല; രാത്രിയിലും വിളിച്ചപേക്ഷിച്ചു;എനിക്ക് ആശ്വാസം ലഭിച്ചില്ല.*”

മേലാസകലം  വെന്തുരുകി അയാൾ പുറത്തെ വെയിലിലേക്കു ചാടി.

 അതിനും മുൻപൊരിക്കൽ, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം  യശോധയുടെ  നിർബന്ധം അസഹ്യമായപ്പോഴാണ് അയാൾ അവരെ  മെഡിക്കൽ കോളേജിലേക്ക്   അനുഗമിച്ചത്.

തിരികെ എത്തിയതിനു ശേഷം, വാസുട്ടൻ എങ്ങോ മാറിയ   നേരത്ത്, മാറിലുറങ്ങി കിടന്നിരുന്ന   കുഞ്ഞിനെ കൈകളിൽ  മലർത്തി കിടത്തി അയാൾക്കു നേരെ നീട്ടി ലില്ലിക്കുഞ്ഞ് അടക്കി                    ചിരിച്ചു  :  “പറയണംന്ന് വെച്ചതാ മുന്നേ തന്നെ.. ആളെ ഒന്നു മുന്നിൽ വീണു കിട്ടണ്ടേ !..അതേയ്..ആർക്കാനും വേണ്ടി ലീവെടുത്തൂന്ന് ഈർഷ്യയൊന്നും വേണ്ട; ഇവന്റെ അച്ഛനാരാന്നറിയ്യോ ?!..”   

വിശ്വസിക്കാനോ അവിശ്വസിക്കാനോ ആവാതെ, അവളുടെ   ആകർഷണ വലയത്തിൽ മുൻപൊരു ഇരവിൽ സ്വയം  നഷ്ടപ്പെട്ടതു പോലെ,  സകലപ്രതിരോധവും തകർന്ന്  അയാൾ മിഴിച്ച്  നിന്നു പോയി.

കുഞ്ഞപ്പോൾ   ഉറക്കത്തിൽ ഒന്ന് മന്ദഹസിച്ചു.

“ദേ, കണ്ടോ.. സത്യം.. അവനറിയാം..”  അവൾ ചിരിച്ചു.

പിറവി തൊട്ടേ പേരു കേൾപ്പിച്ച കുഞ്ഞാണവൻ .  ഉദയസൂര്യനെ പോലെ തേജസ്സുറ്റ മുഖം.   പിറന്നു വീണതേ ചിരിച്ചു കൊണ്ടായിരുന്നത്രെ.! വായിൽ മൂന്നു നാലു പല്ലുകളുണ്ടായിരുന്ന കാര്യം യശോധ  തന്നെ നേരിട്ടു പരിശോധിച്ചിട്ടുള്ളതാണ്. പക്ഷേ, അകാരണമായി ചില നേരത്തുയരുന്ന കരച്ചിൽ കണ്ടാൽ  ആരായാലും ഭയപ്പെട്ടു പോകും.  ഒരു പിഞ്ചുപൈതലിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഉച്ചത്തിൽ, നിർത്താതെയുള്ള ഒരലറി കരച്ചിൽ..  . ആ  കുഞ്ഞിളം ദേഹമാകെയങ്ങ് ചുവന്നു തുടുക്കും. പിന്നെയൊന്ന് ഉറങ്ങി പോകുന്നതു വരെ ഒരു നിവൃത്തിയുമില്ല. അമ്മിഞ്ഞ കൊടുക്കാനെങ്ങാൻ ശ്രമിച്ചാൽ,  ആ കൊച്ചരിപ്പലുകൾ കൊണ്ട്  മുലക്കണ്ണ് ആഞ്ഞാഞ്ഞു  കടിച്ചു മുറിയ്ക്കുമത്രെ !.. ചിലപ്പോൾ, പുഴ കടന്ന് കരച്ചിൽ ഇപ്പുറത്തെ കരയിൽ  വരെ എത്തും. പിന്നെ അതു നിലയ്ക്കുന്നതു വരെ ഇവിടെ യശോധയ്ക്കും പരിഭ്രമമാണ്. കാണിക്കാത്ത  ഡോക്ടർമാരോ വൈദ്യന്മാരോ ഇല്ല..എല്ലാവർക്കും ഒരേ അഭിപ്രായം –  അതെല്ലാം   കുഞ്ഞിന്റെ കുസൃതിയോ ശാഠ്യമോ ഒക്കെയാകാം, അല്ലാതെ  പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.. അന്ന്, പലതരം ടെസ്റ്റുകൾക്കു പുറമേ വിശദമായ പരിശോധനയും കഴിഞ്ഞ്, അയാൾക്ക് പരിചയമുണ്ടായിരുന്ന പ്രൊഫസറും   പറഞ്ഞത് അതൊക്കെ തന്നെ.

  ലില്ലിക്കുഞ്ഞ് കോരിയിട്ട കനൽകുണ്ഠം ശമനമില്ലാതെ ഇടനെഞ്ചിൽ  നീറിക്കൊണ്ടിരുന്ന അതേ ദിവസങ്ങളിലൊന്നാണ്,  ഉമ്മറത്തിരുന്നെന്തോ  വായിക്കുകയായിരുന്ന അയാളെ  യശോധ  തോണ്ടി വിളിച്ച് അക്കരേയ്ക്ക് ചൂണ്ടുന്നത് : “ ദേ നോക്ക്യേ..”

അയാൾ തലയുയർത്തി നോക്കി. പുഴയ്ക്കക്കരെ,  ശങ്കരൻനായരുടെ വസ്തുവിന്റെ അതിരിൽ  ലില്ലിക്കുഞ്ഞ്  പാത്തും പതുങ്ങിയും നിൽക്കുന്നത് പുലർവെട്ടത്തിൽ നിഴലു പോലെ കാണാം. കമ്പിവേലി നൂണ്ട് അപ്പുറം നിൽക്കുന്ന അവളുടെ മൂത്ത കുട്ടി   അഭിക്കുട്ടനെയും കാണാം.  വീണു കിടക്കുന്ന തേങ്ങകൾ പറുക്കിപ്പിക്കുകയാവും. ഒരു നാലുവയസ്സുകാരന്റെ ആരോഗ്യവും വളർച്ചയുമല്ല അവന്.

“ ഇതിലെന്താത്ര പുതുമ ? ” കണ്ണുകൾ വീണ്ടും വായനയിലേക്കാഴ്ത്തുന്നതിനിടയിൽ അയാൾ ചോദിച്ചു. അറിയാതെയാണെങ്കിൽ പോലും  അവർക്കിടയിൽ വന്നു പെടുമ്പോൾ അയാൾക്കൊരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്.

“ അതല്ലാന്ന്, ദേ..നോക്ക്..” യശോധ വിട്ടില്ല.
അയാൾ വീണ്ടും തലയുയർത്തി.

നാലഞ്ച് തേങ്ങകളെങ്കിലും കിട്ടിയിട്ടുണ്ടാകണം. അവളിപ്പോൾ അഭിക്കുട്ടനെ തിരിച്ച്  വേലി നൂഴ്ന്നിറങ്ങാൻ സഹായിക്കുകയാണ്.

“നിനക്കിതെന്തിന്റെ  കേടാ ?” അയാൾക്ക് ചെറുതായി അരിശം വന്നു തുടങ്ങിയിരുന്നു.

“ അതല്ലാന്നേ.. ദേ


അവൾ പൂർത്തിയാക്കുന്നതിനു മുമ്പ്, പുരയ്ക്കകത്തു നിന്ന് കുഞ്ഞിന്റെ അലറിക്കരച്ചിൽ  കേൾക്കായി.

അതിൽ അസ്വസ്ഥയായെന്ന പോലെ, തേങ്ങകളെല്ലാം പൊന്തക്കാട്ടിൽ ഒളിച്ചു വെച്ച്  ലില്ലിക്കുഞ്ഞ് അഭിക്കുട്ടനെയും കൊണ്ട് തിടുക്കത്തിൽ വീട്ടിലേക്ക് തിരിച്ചു പോകുന്നു.

“ ദേ.. ഇതാ ഞാൻ പറഞ്ഞത്..അവളിങ്ങനെ ഓരോ കള്ളത്തരങ്ങൾ ഒപ്പിക്കുമ്പോഴാ ആ കുഞ്ഞിങ്ങനെ കരയുന്നത് !! ”

അയാൾ എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു.. “ എന്റെ യശോധേ.. നിനക്ക് വേറെ പണിയൊന്നൂല്ല്യേ ?”

യശോധ മുഖം വീർപ്പിച്ചു : “ എന്റെ അമ്മാത്തും കാവിലമ്മ്യാണേ. കണ്ണീ കണ്ട സത്യാ ഞാൻ പറഞ്ഞത്. ഇന്നാളിതു പോലെ, ഒരീസം ഞാനൊന്ന്  കുഞ്ഞിനെ കാണാൻ കേറിയതാ.. അവള്ടെ കഴ്ത്തിലിണ്ട് ഒരു പുത്യേ മാല.. രണ്ട് മൂന്ന് പവന്ണ്ടാവും.. നാല് കൊല്ലം മുമ്പ് മ്മടെ ജമീലേരെ താലിമാല കടവില് വച്ച് കാണാണ്ടായില്ല്യേ ? അതേ പണിഭാഷ.. ഒന്ന് പോളീഷ് ചെയ്ത് മിനിക്കീട്ട്ണ്ട്.. ഇത്തിരി നീളോം കൂട്ടിട്ട്ണ്ട്.. അദെന്നെ.. തിലകന്റെ കുറി കിട്ടീട്ട് വേടിച്ചതാന്ന് പറഞ്ഞവള് നാവ് വായേൽക്കിട്വല്ല, ആ നിമിഷം കേട്ടൂ  കുഞ്ഞുമോന്റെ  അലറി പൊളിച്ചൊള്ള നെലോളി.. ഞാൻ കേട്ട ഭാവം നടിക്കാൻ പോയില്ല്യ.. പക്ഷേ ആ സെക്കന്റില് അവള്ടെ മോറ് കടന്നല് കുത്ത്യോണം വന്ന് വീർത്തു.. സത്യാ വിശ്വേട്ടാ.. ..”

“ നീയ്യൊന്ന് മിണ്ടാണ്ടിരിയ്ക്ക്യോ ? ...കുട്ടി നെലോളിക്ക്ണ് കേട്ടാ വഴീക്കൂടെ പോണോരൊക്കെ നോക്കും ; അവളെ കാണും.. അദെന്നെ
അല്ലാണ്ട്..” അയാൾ തന്റെ പോലീസ് നിരീക്ഷണബുദ്ധി ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.  “ നാട്ട്വാര് കേക്കണ്ട നിന്റെയീ വിഡ്ഡിത്തങ്ങള്.. ”

 യശോധയെ അന്നങ്ങനെ തള്ളി കളഞ്ഞെങ്കിലും അതിനു ശേഷം അതു പോലൊരു സന്ദർഭം ഒത്തു വന്നപ്പോൾ അയാൾ ശ്രദ്ധിക്കാതിരുന്നില്ല.

 മൂന്നാഴ്ച്ച മുമ്പായിരുന്നു അത്..

യശോധ അപ്പുറത്തെന്തോ പണിയിലായിരുന്നു. അയാൾ കണ്ണുകൾ കൂർപ്പിച്ചു. അഭിക്കുട്ടൻ വേലി നൂണ്ട് തിരികെ ഇറങ്ങി കഴിഞ്ഞു. ലില്ലിക്കുഞ്ഞ് ചുറ്റും കണ്ണോടിച്ച്, തേങ്ങകൾ കൈയ്യിലുണ്ടായിരുന്ന ചാക്കിലേക്കിടുകയാണ്. അയാൾ ഒന്നു കൂടി കാതോർത്തു നോക്കി.. ഇല്ല, യാതൊരു ശബ്ദവുമില്ല.

അയാൾ ശബ്ദമുയർത്താതെ ഭാര്യയെ വിളിച്ചു.

“ കണ്ടോടീ.. ഒക്കെ നിന്റെയോരോ തോന്നലുകളായിരുന്നു..”  പക്ഷേ അങ്ങനെ അവളെ നിരാകരിക്കുമ്പോഴും തന്റെയുള്ളിൽ  പുകഞ്ഞു കൊണ്ടിരിക്കുന്ന വേവലാതിക്ക് ശമനം കിട്ടുന്നില്ലല്ലൊ  എന്നയാൾ ഓർത്തു. ചിലപ്പോൾ അതിങ്ങനെ എരിഞ്ഞെരിഞ്ഞ് നാവിൻതുമ്പു വരെ എത്തുമ്പോൾ, യശോധയോട് എല്ലാം പറഞ്ഞൊന്ന് കുമ്പസാരിച്ചാലോ എന്നയാൾക്കു തോന്നാറുണ്ട്.  

“ അതു തന്നെയാ ഞാനുമാലോചിക്കുന്നത്..” യശോധ ചിന്തയിലാണ്ടു.. “ വിശ്വേട്ടൻ ശ്രദ്ധിച്ചിരുന്നോ ?  അഞ്ചു പത്തു ദിവസായി കുഞ്ഞിന്റെ കരച്ചിലിപ്പോ അങ്ങനെ കേക്കാനില്ല.. അല്ലെങ്ങെ പാതിരാത്രിയൊക്കെ എടയ്ക്ക് കേക്കാറൊള്ളതല്ലേ.. ഇപ്പോ ഏതു നേരം ചെന്നു നോക്കിയാലും നല്ല ഉറക്കത്തിലായിരിക്കും.. അവളിനി കുഞ്ഞിനെ മയക്കി കിടത്താൻ എന്തെങ്കിലും ചെയ്യുന്നുണ്ടാവുമോന്നാ എന്റെ സംശയം
കളിയാക്കണ്ട.. അതിനും മടിക്കാത്തോളാ അവള്.. വന്നു കേറി രണ്ട് കൊല്ലം കഴിയുമ്പഴയ്ക്കും കല്ല്യാണ്യമ്മായി ചോര ശർദ്ദിച്ച് മരിച്ചില്ല്യേ ? നേരാ നേരം വാറ്റ്യേതെടുത്തു കൊട്ത്ത് ഷണ്മുഖൻ വെല്ലിച്ചനെ മയക്കി കെടത്തുന്നതാരാ ? ന്ന്ട്ട് കാർന്നോമ്മാരെ ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊടുക്കണ്ടേന്നൊരു ന്യായോം..  എന്തു  ചെയ്യാനാ.. ?  ഇവടെ അയ്ലക്കത്താരോടെങ്കിലും ഒന്നു ചോയ്ക്കാന്നു വെച്ചാ അത് വീഴാതെ തട്ടാതെ അവള്ടെ ചെവ്ട്ടിലെത്തും.. അവ്‌ള്യണല്ലൊ എല്ലാർക്ക്വിപ്പൊ വേണ്ടൂ. ആ മൈക്കിര്യത്തില്** വീണു പൂവ്വാത്ത ആരാ ഇപ്പോ ഇവ്ട്യൊള്ളത് ?”

ഇരുട്ടി തുടങ്ങിയത് നന്നായി എന്നയാൾക്കു തോന്നി. മുഖത്തെ രക്തം  ഒലിച്ചു പോകുന്നത് അവൾ കാണില്ലല്ലൊ. എങ്കിലും ഒരു വേള, അവൾ എന്തെങ്കിലും അറിഞ്ഞിരിക്കുമോ എന്നു തന്നെ അയാൾ  സന്ദേഹിച്ചു.

“ നീയ്യൊന്ന് മിണ്ടാണ്ടി‌രിയ്ക്ക്.. എന്തായാലും അവര്ടെ കുഞ്ഞല്ലേ.. നമ്മക്കെന്ത് ചെയ്യാൻ പറ്റും ?” തന്റെ  സ്വരം പതിവില്ലാത്ത വിധം  ദുർബലമാകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

“ അവര്ടേന്ന് പറയുമ്പോ
പെറ്റത് അവളു തന്നെ.. സത്യം.. . പക്ഷെ തന്ത.. ആ വാസുട്ടൻ ഒരു പൊട്ടനാ..അല്ലെങ്ങെ ഇങ്ങനൊരുത്തീരെ പ്രേമത്തീ ചെന്നു പെട്വോ ? കാശ് കണ്ടപ്പൊ അവന്റെ കണ്ണും മഞ്ഞളിച്ചുന്നാലും, ഇത്രേം സത്യചൈതന്യമുള്ളൊരു വിത്ത്.. ? ..അതും അവൾടെ വയറ്റില് ആ; ഇരുട്ടിന്റെ പാരമ്യത്തിലല്ലേ വെളിച്ചം പിറക്കണ്ട കാര്യൊള്ളൂ..അതാവും..”

  നീയ്യൊന്ന് പതുക്കെ പറ...” അയാൾ ഒരു വിഡ്ഡിചിരിയിലേക്ക്   സ്വയമൊതുങ്ങാൻ ശ്രമിച്ചു.
കശുമാങ്ങാഗന്ധമുള്ള തെളിനീർ തൊണ്ടയിൽ തീപകർന്നിറങ്ങിയത് അശനിപാതം പോലെ ഓർമ്മയിൽ നിറഞ്ഞു. കേട്ടറിഞ്ഞ് താക്കീതു നൽകാനിറങ്ങിയ ഒരു രാത്രിയിലെ  ആവേശം, വഴി തിരിച്ചൊഴുക്കപ്പെട്ടത് അങ്ങനെയൊരു സൽക്കാരാരംഭത്തിലൂടെയാണ്. ആദ്യത്തേത്, അവസാനത്തേതും. പക്ഷെ അതുമതിയായിരുന്നല്ലൊ.

 എനിക്കവള്ടെ കാര്യം ഓർക്കുമ്പഴേ  മേലാകെ പെരുക്കാൻ തൊടങ്ങും..” യശോധ അകത്തേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞു. “ ആ പൈതലിനെ അമ്മാത്തുംകാവിലമ്മ കാക്കട്ടെ..”  

സ്ത്രീസഹജമായ അസൂയയാണോ അവളുടെ വിദ്വേഷത്തിനു പുറകിലെന്ന് അയാൾ ആലോചിച്ചു നോക്കിയിട്ടുണ്ട്.

ദേശത്തെ കുഞ്ഞുങ്ങളുടെ ‘വൈയ്യമ്മ’യായിരുന്നല്ലോ യശോധ. വയറിളക്കം, ചർദ്ദി, ചെവിവേദന തുടങ്ങിയ എല്ലാ ശിശുരോഗങ്ങൾക്കും ചില ഒറ്റമൂലികളുണ്ട് യശോധയുടെ കൈയ്യിൽ. അതൊന്നുമില്ലെങ്കിൽ തന്നെ,  കുഞ്ഞുങ്ങൾക്ക് നൽകാനായി എപ്പോഴുമെന്തെങ്കിലും – അരിനെല്ലിക്കയോ കശുവണ്ടി ചുട്ടതോ തേങ്ങാപ്പൂളോ കപ്പലണ്ടി മിഠായിയോ  സ്റ്റോക്കുണ്ടാവും. രണ്ടോ  മൂന്നോ നാഴി അരിയോ നെല്ലോ എണ്ണയോ എല്ലാം മുഖം കറുപ്പിക്കാതെ കടം കൊടുക്കുന്നതുകൊണ്ട് നാട്ടിൻപുറത്തെ പെണ്ണുങ്ങൾക്കും വേണ്ടപ്പെട്ടവൾ.  വാസുട്ടന്റെ കൈപിടിച്ച് ലില്ലിക്കുഞ്ഞ് വന്ന് കയറിയ കാലത്ത്, യശോധയ്ക്കവളോടും ഇഷ്ടക്കുറവൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല,  പെണ്ണിനെയും ചെക്കനെയും കൊത്തിയരിയാനായി അരിശം പൂണ്ട് പാഞ്ഞു നടന്നിരുന്ന അവളുടെ ആങ്ങളമാരിൽ നിന്നൊളിക്കാൻ,  പൊന്നാഞ്ചേരിയിൽ സ്വന്തം വീടു തന്നെ അവർക്കൊരുക്കി കൊടുത്തതും ഈ  യശോധ തന്നെയായിരുന്നല്ലൊ.  അതിനെല്ലാം മാറ്റം വരുന്നത്,   ആഴ്ച്ചക്കുറി നടത്താനും അത്യാവശ്യക്കാർക്ക് ഈടൊന്നുമില്ലാതെ പലിശയ്ക്ക് കൊടുക്കാനും, എന്തിന്, കുഞ്ഞുങ്ങൾ ഓക്കാനിച്ച് തുപ്പി കളയുന്ന കയ്പുമരുന്നുകൾ, കളി പറഞ്ഞു ശ്രദ്ധ തെറ്റിച്ച് കവിളിൽ മൃദുമായൊന്നമർത്തി ഒരു ഞൊടിയിൽ തൊണ്ടയിലേക്കൊഴിച്ചു കൊടുക്കാൻ വരെ ( അവൾ നഴ്സിങ്ങും പഠിച്ചിട്ടുണ്ടത്രെ ) -    അങ്ങനെ എന്തിനും ഏതിനും   നാട്ടുകാർക്ക് ഉപകാരപ്പെടുന്ന ഒരുവളായി ലില്ലിക്കുഞ്ഞ് സ്വയം ഉയർന്നു വരുന്നതോടെയാണ്.

കളിചിരി പറഞ്ഞിരിക്കുന്നതിനിടയിൽ, മറ്റൊരു നേരമ്പോക്കെന്ന വണ്ണം അവളുടെ മനസ്സറിയാൻ ഒരിക്കൽ അയാൽ  ഒരു ശ്രമം നടത്തുകയും ചെയ്തു : “ എന്നാലും യശോധേ
എന്താ  നിനക്കവളോടിത്ര  വിരോധം ?... ഓരോരുത്തർക്കും ദൈവം ഓരോന്ന് വിധിച്ചിട്ടുണ്ട് ..അതിപ്പൊ നമ്മളായിട്ട് അസൂയപ്പെട്ട്ട്ട് കാര്യണ്ടോ

“ വിരോധൊന്നൂല്ല്യ വിശ്വേട്ടാ..” യശോധയുടെ മുഖം വാടി.  “ അവളിപ്പോ ഒരിത്തിരി കാടും പടലും വെട്ടിത്തെളിച്ച് പയറു നട്ടോണ്ട് കാട്ടിലെ കഞ്ഞുണ്ണീം കർളകോം മുത്തങ്ങീം ഒന്നും ഇല്ല്യാണ്ടാവാൻ പോണില്ല്യാന്ന്  നിക്ക്യറിയാം.. ഇനിപ്പോ അതെല്ലാം പറിച്ചൂണ്ട് വന്ന്  ഇടിച്ചു പിഴിഞ്ഞ് കൊടുത്താല് ഇന്നത്തെ കുട്ട്യോൾടെ ദണ്ണൊന്നും മാറാൻ പോണില്ല്യാന്നും നിക്ക്യറിയാം...ന്നാലും എല്ലാരും അവൾടെ പോലെ തൊടങ്ങ്യാലോ ? കാലിലൊരു മുള്ളൊന്നു കേറിയാ ഇറ്റിച്ചു കൊടുക്കാൻ കുരുട്ടുപാലേരെ പാലു തന്നെ വേണ്ടേ ?  ശെര്യാ.. കുണ്ടനെടവഴീക്കൂടെ പോണ കാളവണ്ടീരെ കൂട്ടത്തിലാ ഞാൻ.. എന്നാലവളോ, പിന്നിലുള്ളതെല്ലാം എരിച്ച് പായുന്ന തീവാണത്തിന്റെ പ്രകൃതോം....”

അവളൊന്നു നിർത്തി   രണ്ടും തെറ്റാ, രണ്ടിന്റേം എടേലു ഒരു  ശരിവേഗം ഉണ്ടാവുംന്നൊരു തോന്നല്
ആ ശരിവേഗത്തിലാ ഒരു നിലനിൽപ്പുണ്ടാവുള്ളൂന്നൊരു തോന്നല്.. ആ ശരിലോകത്തിയ്ക്ക്യ്  കൈ പിടിച്ചെത്തിക്കാൻ എന്റെ വയറ്റിലൊരു ഉണ്ണി പിറക്കുംന്നൊരു തോന്നല്..അല്ലാണ്ടിപ്പോ എനിക്കെന്തിനാ അവളോടൊരു വിരോധം ! ” അവൾ ശബ്ദമില്ലാതെ കരഞ്ഞു.

വേണ്ടെന്നു തോന്നി അയാൾക്ക് .പ്രതീക്ഷകൾ മാത്രം ബാക്കി നിർത്തി അവളുടെ ഗർഭപാത്രം ഏഴാമതും അകാലത്തിൽ ഒഴിഞ്ഞിട്ട് ദിവസങ്ങളേ ആയിരുന്നുള്ളു അന്ന്..

                                                            ***********

കാലുകളിൽ പുഴ വന്നു തൊട്ടു കഴിഞ്ഞിരുന്നു. അയാൾ നടപ്പൊന്നു നിർത്തി. വഴി രണ്ടായി പിരിയുകയാണ്. വലത്തോട്ടു പോയാൽ,  മരത്തടികൾ  ചേർത്തുകെട്ടി  നാട്ടുകാർ നിർമ്മിച്ച താൽക്കാലിക  പാലം വഴി പുഴ കടക്കാം. ഇടത്തോട്ടു നടന്നാൽ, പുഴയുടെ ആഴം കുറഞ്ഞ ഭാഗം വഴി മുറിഞ്ഞു കടക്കാം.

  മഴ തിരിമുറിയാതെ തുടരുകയാണ്. അയാൾ പുഴയിലേക്ക് ടോർച്ച് മിന്നിച്ചു. വെള്ളം ഉയർന്നിട്ടുണ്ട്. കലങ്ങിമറിഞ്ഞ് കാളിന്ദിയായി മുന്നിൽ നിറഞ്ഞു പരന്നൊഴുകുകയാണ് പുഴ. 

പ്രളയാരംഭമാണെന്ന നിറഞ്ഞ ബോധ്യത്തിലും ഇടത്തോട്ടു തന്നെ അയാളുടെ കാലുകൾ ചലിച്ചത്, സകല പിണക്കങ്ങളും മറന്ന്, ‘വേണ്ടാട്ടോ.. പാലം വഴി പോയാ മതി’ എന്നൊരു പിൻവിളി, ഏതു നിമിഷവും കൈകളിൽ പിടിച്ചു നിർത്തും എന്ന പ്രതീക്ഷയോടെയായിരുന്നു.  അവൾ  കാണാത്ത പുഴയൊന്നുമല്ലല്ലൊ അത്.

മുട്ടറ്റം വെള്ളം വരെ അതൊരു പ്രതീക്ഷയായിരുന്നു. അരയോളമെത്തുമ്പോൾ തൊണ്ട കനത്തു  തുടങ്ങിയ വാശിയും. ഒന്നുമുണ്ടായില്ല. ഒന്നു മുരടനക്കുക പോലും. കൈനീട്ടിയാൽ തൊടാവുന്ന ദൂരത്തിൽ നിശബ്ദം പിൻതുടരുക മാത്രം. അതിനിടയിലെപ്പോഴോ  വെള്ളം കയറി ഇരുട്ടു തുപ്പി തുടങ്ങിയ ടോർച്ച് അയാൾ പതുക്കെ പുഴയ്ക്ക് വിട്ടു കൊടുത്തു.

നെഞ്ചൊപ്പം വെള്ളത്തിൽ, പുഴയല്ല, തന്റെ സങ്കടക്കടൽ ആണ് ചുറ്റും പരന്നൊഴുകുന്നതെന്ന് അയാളറിഞ്ഞു. ഒഴുക്കിൽ കാലുകളുറയ്ക്കുന്നില്ല.  ഒടുങ്ങുന്നതിനു  ഭയമുണ്ടായിട്ടല്ല.. ഇത്രയും കാലം നിഴൽ പോലെ  അറിഞ്ഞവൾക്ക്
.അതെ , തെറ്റു തന്നെ. തെറ്റ്. തെറ്റ്. തെറ്റ്. പക്ഷെ, ഇത്രയും വലിയ ശിക്ഷ.. അയാളുടെ തൊണ്ട കനത്തു വിങ്ങി. പറയാനുമറിയാനുമുള്ളത് നെഞ്ചിനും ചുണ്ടിനുമിടയിൽ കിടന്ന് പിടഞ്ഞു.

 ന്റെ വെളിച്ചായിരുന്നല്ലോ വിശ്വേട്ടാ..
.. ? എന്തിനേ ആ കെണിയിൽ പോയ് പിണഞ്ഞു ?.. ”  അണമുറിഞ്ഞ ഒരു  തേങ്ങൽ.

 ഒരു നൊന്തുപിടച്ചിലിൽ അയാൾ പുറകിലേക്ക് തിരിഞ്ഞു. ഹൃദയങ്ങളിലേക്ക് നീണ്ട നാലു കൈകൾ ഒഴുക്കിനിടയിൽ പരസ്പരം കൊരുത്തു.

“ അവളതേ ചെയ്യുമായിരുന്നുള്ളൂ.. തിരിച്ചറിയാൻ പറ്റില്ല്യ എനിക്ക്..അവളെ തിരുത്താനൊരു പിറവി.. അത്ര്യേ ഞാൻ കരുത്യൊള്ളൂ.. എന്തേ  ഒരു വാക്ക് പറഞ്ഞില്ല്യ  ?...  ഞാൻ നോക്ക്യേനല്ലോ.. പൊന്നു പോലെ..”  എന്ന് യശോധ  മാറിലമർന്നു വിതുമ്പുന്നത് ഇനിയൊന്നും പറയാനാവാത്ത വിധം  അയാളെ നിശബ്ദനാക്കി കളഞ്ഞു.

എവിടെ നിന്നോ ഒരു ചിരി മുഴങ്ങുന്നത് അയാൾക്കു കേൾക്കായി. ചിരിയല്ല.. അട്ടഹാസം
ചെവി പിളരും വിധം അതിങ്ങനെ ഇരമ്പി പെരുകുകയാണ്.

“ അവളാണ്.. ഇനി അവളുടെ കാലാണ് വിശ്വേട്ടാ
..”  കഴുത്തറ്റം വെള്ളത്തിൽ, യശോധയുടെ കൈകൾ ഒരു കവചം പോലെ അയാളെ പൊതിഞ്ഞു.

                                                      ##########

* സങ്കീർത്തനങ്ങൾ - ബൈബിൾ

** മൈക്കിര്യം = ശൃംഗാരം

36 അഭിപ്രായങ്ങൾ:

  1. വായന മദ്ധ്യത്തില്‍ എത്തിയപ്പോള്‍ പിറവിയിലേ പല്ലുമായി വന്ന പൂയില്യനെക്കുറിച്ച് ഒരു നിമിഷം ഓര്‍ത്തു. ഇനി തുടര്‍വായന നാളേയ്ക്ക് വയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മിനിമം രണ്ടുവട്ടം വായിക്കാണ്ട് പറ്റില്ലാട്ടോ.. ഒരിക്കല്‍ വായിച്ചു.. ഒന്നുകൂടി വായിച്ചിട്ട് അഭിപ്രായം നാളെ പറയാം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ വായിച്ചു വിയര്‍ത്തു ഇരിക്കുവാണ് ഈ തണല്‍മരങ്ങള്‍ക്ക് കീഴെ.. പക്ഷെ കഥ ഞാന്‍ ഒരുവിധം മനസിലാക്കിയിട്ടുണ്ട്.. ഇടയ്ക്കൊക്കെ ബൈബിളും മഹാഭാരതവും ഒക്കെ അവിയലിലെ അരപ്പും കഷ്ണങ്ങളും പോലെ കിടപ്പോണ്ടോ കഥയില്‍..? തോന്നി അങ്ങനെ..

      എന്നാലും യശോധയോടാരു പറഞ്ഞു, ആ കുഞ്ഞിന്‍റെ പിതൃത്വം..? എന്‍റെ സംശയം.. ഉത്തരം പ്രതീക്ഷിച്ചല്ല..

      പിന്നെ, ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വാര്‍ഡ്‌ ആയതുകൊണ്ട്, കഥയ്ക്കുള്ളില്‍ എന്തെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല, എന്ന് കൂടി ധരിപ്പിക്കട്ടെ.. :)

      ഇല്ലാതാക്കൂ
  3. ഇത് എന്‍റെ ആസ്വാദനശേഷിക്ക് അപ്പുറമാണോ എന്തോ...പകുതിക്ക് വച്ച് തുടര്‍ച്ച നഷ്ട്ടമായി.:(

    മറുപടിഇല്ലാതാക്കൂ
  4. പ്രായശ്ചിത്തത്തിന്‍റെ ഇരമ്പലായി..........
    നല്ലൊരു കഥ.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. എവിടെക്കെയോ മനസ്സിനെ പിടിച്ചുവെക്കുന്നുണ്ട് ,പിന്നെ ചില ഭാഗങ്ങളില്‍ പിടി തരാതെ മുന്നോട്ടു ..ഈ വായനക്ക് അഭിപ്രായം പറയാന്‍ ആളല്ല മാഷേ ......

    മറുപടിഇല്ലാതാക്കൂ
  6. കൺഫൂഷ്യൻ ഉളവാക്കിയ ഒരു വായനയായല്ലോ ഇത്.

    മറുപടിഇല്ലാതാക്കൂ
  7. കഥ വായിച്ചു ഞാൻ ഗണിച്ചതിനെക്കാൽ കൂടുതൽ ഉ ഉള്ലോഴുക്ക് ഉണ്ടോ എന്നെനിക്കറിയില്ല .... സ്ത്രീ / അമ്മ / മാതൃത്വം .... എത്ര മേനി നടിച്ചാലും പുരുഷസഹജമായ തെറ്റ് / അതിലേക്കുള്ള പ്രവണത !
    പിന്നെ നന്മയുടെ പ്രായശ്ചിത്തങ്ങൾ
    കഥയില ഒഴുക്കോടെ വായിക്കാവുന്ന വചനങ്ങള .
    അനിഷ്ടം പറയാൻ ഒന്നുമില്ല.
    എന്നാൽ അതി ഗംഭീരം എന്ന് തോന്നിയതുമില്ല.
    ഒരാളെ ഒരു പാട് വായിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രതീക്ഷകള.
    നിങ്ങളിലെ നല്ല കഥാ കാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
    ഓണ്‍ലൈനിൽ നിന്ന് സുഹൃത്തുക്കൾ എന്ന് അഭിമാനത്തൊടെ പറഞ്ഞു വെക്കാൻ തന്ന അവസരത്തിന് നന്ദിയും.
    ഈ കഥ ഇത്തിരി കാണാം കുറച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഉറപ്പായും ചിന്തിക്കും /
    കാര്യം ,
    ബന്ധങ്ങൾ ലളിതമായ നൂലുകളിലാണ് എന്നാണു എന്റെ വിചാരം!

    മറുപടിഇല്ലാതാക്കൂ
  8. ഇന്നലെ തന്നെ വായിച്ചിരുന്നു. ഒട്ടും മനസ്സിലായില്ല എന്ന് പറയാനാവില്ല. ആദ്യപകുതി വളരെ ആസ്വദിച്ച് മനസ്സിലാക്കി വായിച്ചു. രണ്ടാം ഘട്ടവുമതെ. പക്ഷേ അവസാനഭാഗം പൂര്‍ണ്ണമായും ഞാന്‍ മനസ്സിലാക്കിയോ എന്നൊരു സംശയം. വളരെ ഇഷ്ടത്തോടെ വായിച്ചു വന്ന കഥ അവസാനഭാഗമെത്തിയപ്പോള്‍ എന്നെ തപ്പിത്തടച്ചിലിലെത്തിച്ചു. കഥയുടെ അടിയൊഴുക്കുകള്‍ കണ്ടത്താനാവുന്നില്ല എന്നൊരു തോന്നല്‍. അടിയൊഴുക്കുണ്ട് എന്നത് എന്‍റെ സന്ദേഹം മാത്രമാണൊ എന്നൊരു തോന്നലുമുണ്ട് കൂടെ.

    മറുപടിഇല്ലാതാക്കൂ
  9. കഥാകഥനം വളരെയധികം ഇഷ്ടപ്പെട്ടു.പലവരികളിലും ദ്വയാര്‍ത്ഥങ്ങള്‍ അനുഭവിച്ചു.കഥ ഒരാവര്‍ത്തി വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ വീണ്ടും വായിക്കാനുള്ള പലതും കഥയില്‍ ഉണ്ടെന്നും മനസ്സിലായി.. വളരെ മനോഹരം.
    അവളതേ ചെയ്യുമായിരുന്നു എന്ന യശോദയുടെ വാക്കില്‍ നിന്നും സംശയം തീര്‍ന്നു. കഴുത്തറ്റം വെള്ളത്തിലെ കവചം ജീവിതത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അവസാനം വല്ലാതെ സ്പര്‍ശിച്ചു.അഭിനന്ദനങ്ങള്‍ ,,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. എനിക്കെന്തോ അങ്ങട് ദഹിക്കുന്നില്ല ... :P ഇടക്കൊക്കെ ഇവിടെ വന്നു പോകാറുണ്ട് ഒന്നും പറയാതെ. കാരണം ഇത് തന്നെ. എന്റെ വായനയിൽ ഒതുങ്ങുന്നില്ല ഈ വല്യ "വിഡ്ഢിത്തങ്ങൾ ". എത്ര മനസ്സിരുത്തി വായിച്ചാലും വിഡ്ഢി മാൻ പറയുന്ന കഥകൾ എനിക്ക് മാത്രം എന്ത് കൊണ്ട് സങ്കീർണമായി അനുഭവപ്പെടുന്നു എന്നറിയില്ല. അതറിയാൻ വേണ്ടി പലപ്പോഴും ഈ ബ്ലോഗിൽ വരും, വായിക്കും, ഒന്നും പറയാതെ മടങ്ങും. പണ്ട് ഏതോ രണ്ടു കഥകൾ വായിച്ചപ്പോൾ മനസ്സിൽ ഒരിതൊക്കെ തോന്നിയപ്പോൾ ചെറിയ അഭിപ്രായങ്ങളൊക്കെ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടായിരുനു. (ശലഭങ്ങൾ പറഞ്ഞത് ..അതാണെന്ന് തോന്നുന്നു. )

    കുറെ പുതിയ വാക്കുകൾ ഞാൻ പഠിക്കുന്നത് ഈ ബ്ലോഗ്‌ വായിച്ചാണ്. എന്തായാലും ഞാനിനിയും വരും ..ഇനിയും വായിക്കും. പക്ഷേ ഇന്ന് മുതൽ എന്റെ വായന രേഖപ്പെടുത്താനായെങ്കിലും ഞാൻ എന്തെങ്കിലുമൊക്കെ നാല് വരികൾ ഇവിടെ കുറിച്ച ശേഷമേ മടങ്ങൂ.

    വീണ്ടും വരാം ട്ടോ മാഷെ .. ആശംസകളോടെ .. :)

    മറുപടിഇല്ലാതാക്കൂ
  11. ചില കഥകൾ അങ്ങനെയാണ്. വെറുതെ പറഞ്ഞു പോയാൽ അസ്ഥിപഞ്ജരം മാത്രമേ കാണൂ. എത്ര പ്രാവശ്യം കേട്ട കഥ എന്ന് പറയും. പക്ഷെ കഥയെ പൊതിയുന്ന ആ അക്ഷരങ്ങളാണ് അതിനു ജീവനും മനോഹാരിതയും നല്കുന്നത്. രണ്ടാമത്തെ വായനയിൽ ആ വശ്യസൌന്ദര്യം മുഴുവൻ ഉതിർന്നു വന്നു. ഇക്കഥയ്ക്ക് വേണ്ട ശൈലി തന്നെ ഇത്.. ഒരു നല്ല വായന തന്നതിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  12. കഥ രണ്ടു തവണ വായിച്ചു...പല സ്ഥലങ്ങളിലും ദ്വയാര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നി....സത്യം പറഞ്ഞാല്‍ ഒട്ടേറെ ഭാഗങ്ങള്‍ ഇപ്പോഴും എനിക്ക് പിടി തരാതെ കിടക്കുന്നുണ്ട്...

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. കഥകളില്‍ മന:പൂര്‍വ്വം ദുര്‍ഗ്രഹത കുത്തി നിറക്കുന്നതിനെ ഞാന്‍ പിന്തുണക്കുന്നില്ല. എന്നാല്‍ ചില വികാര വിചാരങ്ങള്‍ വായനക്കാരനിലേക്ക് ആവാഹിക്കുവാന്‍ ബിംബ കല്പനയും അല്പം ദുര്‍ഗ്രഹ ഭാഷയും ആവശ്യം ആണ്. ഭാഷാ ചാതുരി കൊണ്ട് കൂടിയാണ് കഥകള്‍ മനോഹരം ആകുന്നതു. നല്ല വായന ഭാഷയെ ഉയര്‍ത്തും. ഉണര്‍ത്തും. ഇവിടെ വിഡ്ഢിമാന്‍ സാധാരണ ഇതിവൃത്തത്തെ മികവുറ്റ ഭാഷ കൊണ്ട് അടയാളപ്പെടുത്തുക ആണ്,. എങ്കിലും ഇഴച്ചില്‍ അനുഭവപ്പെട്ടു. "മനസ്സിലാവുന്നില്ല" എന്ന് പറയുന്ന എന്റെ പ്രിയ അനുജന്മാരോട് "വായിക്കോ..വായിക്കൂ.." എന്ന് ആവര്ത്തിക്കുന്നതിന്റെ പൊരുള്‍ ഇതൊക്കെയാണ്. എങ്കിലും മനോജിനു അല്പം ചുരുക്കാമായിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  15. "എടേലൊരു ശരിവേഗം ഉണ്ടാവുംന്നൊരു തോന്നല്...."
    പുതിയതിനും പഴയതിനും ഇടയില്‍ എന്തുവേണമെന്നറിയാതെ സ്തംഭിച്ചുനില്‍ക്കുന്നവരാണ് അധികവും.രണ്ടിനിടയിലും ഒരു ശരിവേഗം കിട്ടുമെന്ന പ്രതീക്ഷയില്‍. അതുകൊണ്ടുതന്നെയാണ് ഇന്നലത്തെ തെറ്റുകള്‍, ഇന്നതിന്റെ ഗൌരവം കുറഞ്ഞുവരുന്നതും നാളെ ശരിയായി തീര്‍ന്നേക്കാവുന്നതും. മാറ്റത്തിന്റെ നീറ്റലുകള്‍ അനുഭവിക്കേണ്ടിവരുമ്പോഴും വരാനിരിക്കുന്നത് വ്യക്തമാവാതെ പുഴ കടക്കാന്‍ പാലമോ അല്ലെങ്കില്‍ പുഴയുടെ ആഴം കുറഞ്ഞ ഭാഗമോ ഏത് തെരഞ്ഞെടുക്കുമെന്ന ആശങ്ക.

    “ അവളാണ്.. ഇനി അവളുടെ കാലാണ് വിശ്വേട്ടാ..”
    എന്നതില്‍ സംസാരഭാഷ ഉപയോഗിച്ചെങ്കിലും 'കാലാണ്' എന്നത് കല്ലുകടിയായി തോന്നി. ആദ്യത്തെ അവളാണ് കുഴപ്പം. ആ അവളെ മാറ്റാനും കഴിയില്ല.

    മറുപടിഇല്ലാതാക്കൂ
  16. കഥ, നല്ല രസായിത്തന്നെയാണ് പറഞ്ഞുപോകുന്നത്. ഉടലിനെപ്പൊതിയുന്ന കുപ്പായം തുന്നിയിരിക്കുന്നത് നാടന്‍ സൂചീം നൂലും കോര്‍ത്താണ്. കാരണം, ഒരു ഗ്രാമാന്തരീക്ഷത്തിലെ കുടുംബ വൃത്താന്തം പറയാന്‍ പറ്റുന്ന/നാട്യമേതുമില്ലാത്ത ഭാഷയാണ് ഈ കഥക്കുപയോഗിച്ചിരിക്കുന്നത്.

    യശോധക്ക് വല്ല്യ ഇഷ്ടായിരുന്നു ആ കുട്ടിയെ, അതുകൊണ്ടാണല്ലോ അതിന് വേണ്ടി പ്രാര്‍ത്ഥിച്ചതും മരണ വാര്‍ത്തയില്‍ സ്ഥലകാലബോധമേതുമില്ലാതെ അന്തിച്ചു പോകും വിധം ഞെട്ടിത്തളര്‍ന്നു പോയതും. ലില്ലി അതിനെ കൊല്ലുമെന്ന് യശോധ ഭയപ്പെട്ടത് കുട്ടിക്ക് മേല്‍ യശോധ തന്നെ കല്പിച്ചു കൊടുത്തിട്ടുള്ള അസാധരണത്വവും ലില്ലിയുടെ സ്വഭാവത്തെ കുറിച്ചുള്ള ബോധ്യവുമാണ്. ലില്ലിയുടെ അടുത്ത കള്ളത്തിലും കുഞ്ഞ് കരയും പിന്നേം കരയും പിന്നേം പിന്നേം കരയും. അത് ലില്ലിക്ക് പ്രയാസമാകും. യശോധയുടെ പേടി അതാണ്‌. അങ്ങനെ ഒരു കള്ളത്തിനൊടുവില്‍ കുട്ടി കൊല്ലപ്പെട്ടു എന്നാണ് യശോധ ഇപ്പോഴും കരുതുന്നത്. അതുകൊണ്ടാണല്ലോ കുഞ്ഞിനെ 'എനിക്ക് തന്നൂടായിരുന്നോ ഞാന്‍ പൊന്നുപോലെ നോക്കുമായിരുന്നല്ലോ' എന്നവള്‍ വിശ്വനോട് പതം പറയുന്നത്.

    പക്ഷെ, ഇങ്ങനെ യശോധയിലൂടെ ലില്ലിയെ കൊലപാതകിയെന്ന് തെറ്റിദ്ധരിപ്പിക്കുമ്പോള്‍ തന്നെ കഥ കൃത്യം കൊലപാതകിയെ ചൂണ്ടുന്നുണ്ട്. മരണ വീട്ടിലേക്കുള്ള യാത്രയില്‍ വഴിമുടക്കിയായി ആ കൊലപാതകി വന്ന്‍ നില്‍ക്കുന്നുണ്ട്. അത് പിന്നീട് കുട്ടിയുടെ നീലിച്ച കാലിലെ നന്നേ ചെറിയ ആ ചുവന്ന പൊട്ടിലൂടെ സ്ഥിതീകരിക്കുന്നുമുണ്ട്. ഇവിടെയാണ് കഥ വായനക്കാരനെ കബളിപ്പിക്കുന്നത്. എന്നാല്‍, അതൊരു കബളിപ്പിക്കലല്ല. അതൊരു രസം കയറ്റലാണ്. "വഴികണ്ടു പിടിക്കൂ.." എന്ന്‍ ബാലപംക്തികളിലെ അഴിയാ കള്ളി തീര്‍ക്കലാണ്.

    നേരത്തെ സൗഹൃദത്തിലായിരുന്ന ലില്ലിയോട് യശോധക്ക് പിന്നീട് മുഷിവുണ്ടാകാനും പിണങ്ങാനുമുള്ള കാരണങ്ങള്‍ വിശ്വന്റെ ചോദ്യത്തിനുത്തരമായിത്തന്നെ കഥ നേരിട്ട് പറയുന്നുണ്ട്. എന്നിട്ടും ആശുപത്രിയിലേക്ക് കൂട്ടുപോകാന്‍ വിശ്വനെ നിര്‍ബന്ധിക്കുന്നിടത്താണ്, കുഞ്ഞ് വിശ്വന്‍റെതാണെന്ന് യശോധ നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്ന്‍ മനസ്സിലാകുന്നത്. പക്ഷെ, അതെങ്ങനെയാണ്‌ അവള്‍ അറിയുന്നതെന്ന ചോദ്യത്തിന് കഥക്ക് അകത്തോ പുറത്തോ ഒരുത്തരമില്ല. പക്ഷെ, ചിലതൊക്കെ ചില മൂളലുകളില്‍/നിശ്വാസങ്ങളില്‍/നെടുവീര്‍പ്പുകളില്‍ വായിച്ചെടുക്കാനാവുന്ന സ്നേഹങ്ങള്‍ മനുഷ്യനിലുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍, 'യശോധക്ക് വിശ്വന്‍ അവളുടെ വെളിച്ചമായിരുന്നു' ആ വെട്ടം ഇരുളുന്നത് വെളിച്ചത്തിരിക്കുന്നവര്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും. അതെ, യശോധ അറിഞ്ഞു.!

    മനോജിന് ഇനിയും നിറയെ കഥകളുണ്ടാകട്ടെ, ആശംസകള്‍.!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതെനിക്ക് മനസ്സിലായത്.
      സംഗതി മറ്റു സാധ്യതകളും ഉണ്ട്. പക്ഷെ, എനിക്ക് വിശ്വാസമില്ല. എന്തായാലും മരണകാരണം വിഷമാണ് അതുറപ്പ്‌. :) മറ്റുള്ള വായനകള്‍ വീക്ഷിക്കുന്നു. :)

      ഇല്ലാതാക്കൂ
  17. പ്രളയാനന്തരം സര്‍വം ശാന്തം. ഇന്നലെ പാതിയില്‍ നിര്‍ത്തിയത് ഇന്ന് പൂര്‍ണ്ണമാക്കി. ശ്രദ്ധയോടെ വായിച്ചില്ലെങ്കില്‍ എത്തും പിടിയും കിട്ടാത്ത ഒരു കഥ. എത്ര ശ്രദ്ധയോടെ വായിച്ചാലും പല സാദ്ധ്യതകളും ഉത്തരങ്ങളും തരുന്ന ഒരു കഥ. ഇനി അവളുടെ കാലമാണ് എന്ന് പറഞ്ഞുകൊണ്ട് കഴുത്തറ്റം വെള്ളത്തില്‍ കുത്തൊഴുക്കില്‍ നിന്ന വിശ്വം പൊലീസും യശോധയും പിന്നെ എങ്ങോട്ട് പോകുന്നു. വായനക്കാരന്‍ തന്റെ അഭിരുചിയ്ക്കൊത്ത് പൂരിപ്പിക്കേണ്ട ഒരു ശൂന്യസ്ഥലം. കവചം പോലെ യശോധയുടെ കൈകള്‍ വിശ്വത്തെ പൊതിഞ്ഞത് രണ്ടു വിധത്തില്‍ കണ്ടിട്ടുണ്ട്. ഒരു ഭൂകമ്പത്തില്‍ തന്റെ കുഞ്ഞിനെ ഗര്‍ഭപാത്രത്തിലെന്നപോലെ പൊതിഞ്ഞുപിടിച്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ചതഞ്ഞുമരിച്ച അമ്മയുടെ ചിത്രം. വന്‍ചുഴലിക്കാറ്റില്‍ തന്റെ കൂട്ടുകാരിയെ പൊതിഞ്ഞുപിടിച്ച് ജീവങ്കലേയ്ക്ക് കൈനീട്ടുന്ന ഒരു യുവാവിന്റെ ചിത്രം. അതുകൊണ്ട് പൊതിഞ്ഞുപിടിച്ചിടത്തുനിന്ന് ഞാന്‍ എന്റെ ഇഷ്ടാനുസരണം അവരെ കൊണ്ടുപോകും. മനോജിന് ഒന്നും പറയാന്‍ അവകാശമില്ല. എം.പി നാരായണപിള്ളയുടെ പൂയില്യന്‍ ജനിച്ചപ്പോഴേ വായില്‍ പല്ലുണ്ടായിരുന്നു എന്ന് വായിച്ച ഓര്‍മ്മയുണ്ട് (പരിണാമം) വായന മദ്ധ്യത്തില്‍ എത്തിയപ്പോള്‍ പൂയില്യനെ ഓര്‍മ്മ വന്നു. എന്ത് സംശയം വന്നാലും തീര്‍ത്തുതരുന്ന സശയനിവാരണദേവനോട് ചോദിച്ചപ്പോള്‍ വായില്‍ പല്ലുമായി ജനിക്കുന്നത് അപൂര്‍വമാണെങ്കിലും അസംഭവ്യമല്ല എന്ന് പറഞ്ഞുതന്നു. കുഞ്ഞിന്റെ കാല്പാദത്തിനടിയില്‍ ഒരു ചെറിയ ചുവന്ന പൊട്ട് വിശ്വം കാണുന്നതിനാല്‍ വായനക്കാരെ വിഷമവൃത്തത്തിലാക്കുന്നു മനോജ്. ഒരു ശരാശരി കേരളീയന്‍ എന്ന നിലയ്ക്ക് ലില്ലിക്കുഞ്ഞിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരിയ്ക്കും എല്ലാര്‍ക്കും ഇഷ്ടം. ജനമനസ്സിന്റെ ഇഷ്ടം സാധിച്ചുകൊടുക്കാത്ത മനോജിന് മാപ്പില്ല. യശോധയ്ക്ക് ലില്ലിയോടുള്ള ചേര്‍ച്ചയില്ലായ്മയ്ക്ക് ഒറ്റമൂലിമരുന്ന് പ്രയോഗവും തദ്വാരാ ഉണ്ടാകുന്ന സ്ഥാനനഷ്ടവും മാത്രമല്ല കാരണം എന്ന് വായിയ്ക്കണം. അതിന് സൈക്കോളജിക്കല്‍ ആയിട്ടുള്ള ചില മൈക്കര്യങ്ങള്‍ ചുറ്റും നിന്ന് ആംഗ്യങ്ങള്‍ കാട്ടുന്നുണ്ട്. കഥാരംഭത്തില്‍ പാമ്പിനെ കൊണ്ടുവരുമ്പോള്‍ ജിഹ്വാഗ്രം എന്ന പ്രയോഗം ആകെമൊത്തം കഥയുടെ സ്വഭാവവുമായി ചേരാതെ സുന്ദരിയുടെ മൂക്കിലെ അരിമ്പാറ പോലെ തോന്നിയത് എന്റെ മാത്രം വീക്ഷണകോണിന്റെ പ്രശ്നമാവാം. എന്റെ ദൈവമേ എന്റെ ദൈവമേ എന്നെ കൈവിട്ടതെന്ത് എന്ന് ഉള്ളുരുകാന്‍ വിശ്വവും ബൈബിളുമായി ഒരു ലിങ്ക് ഇടണമായിരുന്നു. അല്ലെങ്കില്‍ അത് ഏച്ചുകെട്ടിയ ഒരു ക്വോട്ട് ആയിട്ട് മാത്രമേ എനിയ്ക്ക് തോന്നുകയുള്ളു. സന്ദര്‍ഭവശാല്‍ പറയട്ടെ, ഈ അടുത്ത കാലത്ത് അതിമനോഹരയോജിപ്പോടെ ബൈബിള്‍ വചനം ക്വോട്ട് ചെയ്തത് വായിച്ചത് സിയാഫിന്റെ യൂത്തനേഷ്യയില്‍ ആണ്. അവിടെ നമുക്ക് ഒരു ചേര്‍ച്ചയില്ലായ്മയും അനുഭവപ്പെടുന്നില്ല, ആരുടെയും പുരികം ഉയരുന്നതുമില്ല. ഇന്ന് ഞാന്‍ മറ്റ് ബ്ലോഗ് വായനയ്ക്കൊക്കെ അവധി കൊടുത്ത് ഒരു മണിക്കൂറെടുത്ത് പ്രളയാനന്തരം വായിക്കയായിരുന്നു. അതിമനോഹരകഥ. മനോജ് നമ്മുടെയിടയിലെ അനുഗ്രഹിയ്ക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ ആണ്. സംശയമില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടന്‍ കഥയിലെ ഇതിഹാസ പരിസരം കൂടെ വായിച്ചിരിക്കുന്നു. തീര്‍ച്ചയായും ആ വായന വിശ്വത്തെയും സംശയിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അപ്പോ... ????

      ഇല്ലാതാക്കൂ
    2. അജിത്തേട്ടനെ ഞാന്‍ പലയിടത്തും കണ്ടിരുന്നത് മൃദുവായി പറഞ്ഞ് വായന അടയാളപ്പെടുത്തിപ്പോകുന്ന വ്യക്തിയായിട്ടാണ്. പക്ഷെ ഇപ്പോള്‍ ചിലയിടങ്ങളിലായി ഗൌരവപൂര്‍വ്വമായ വിലയിരുത്തലുകള്‍ കാണുന്നു. ഏറെ ഇഷ്ടപ്പെട്ടു. ഈ വേഷം എപ്പോഴും ധരിക്കുക.(എന്റെ കുറ്റോം പറയണംന്ന്..)

      ഇല്ലാതാക്കൂ
  18. രണ്ടുവട്ടം വായിച്ചു.മനോഹരമായി എഴുതി .ദുരൂഹതയും നീളവും അല്പം കൂടിപ്പോയോ ?സങ്കടത്തിന്റെ പ്രളയാനന്തരം വിശ്വനും യശോധയും ജീവിതത്തിലേക്കോ മരണത്തിലേക്കോ പോയത്? വായനക്കാരന്‍ തീരുമാനിക്കട്ടെ എന്നാണോ?

    മറുപടിഇല്ലാതാക്കൂ
  19. കുറേ കാലത്തിനു ശേഷമാണ് വിഡ്ഡിമാന്റെ ബ്ലോഗിൽ...

    കഥയുടെ പ്രമേയം ചെറുതാണെങ്കിലും പറഞ്ഞ രീതി ഇച്ചിരി കട്ടി കൂടിയതായോ എന്നൊരു സംശയം. പക്ഷേ, വിവരണത്തിലെ ഭാഷയിലെ ലാളിത്യം എന്നിലെ വായനക്കാരനെ ഉണർത്തി.

    ജോലിക്കിടെ എന്റെ അതിവേഗ വായനയിൽ ഞാൻ മനസ്സിലാക്കിയത്, ലില്ലിയുടെ കുഞ്ഞിന്റെ അവകാശി സ്വന്തം ഭർത്താവാണെന്ന് മനസ്സിലാക്കിയതിന്റെ ഈർഷ്യ അവൾ പ്രകടിപ്പിക്കുന്നു എന്ന് അയാൾ തെറ്റിദ്ധരിക്കുന്നു. കുഞ്ഞുണ്ടാവാത്ത അവർക്ക് ഈ കുട്ടിയെ കിട്ടിയിരുന്നെങ്കിൽ പൊന്നുപോലെ നോക്കാ‍ാമായിരുന്നു എന്നായിരുന്നു അവൾ ശരിക്കും കരുതിയിരുന്നത്. ആ കുഞ്ഞിന്റെ അതിജീവനം ലില്ലിക്കൊരു വെല്ലുവിളിയായതിനാൽ അതിനെ കൊന്നുവെന്ന് യശോധ കരുതുന്നു. എന്നാൽ സർപ്പ ദംശനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കഥയിലൂടെ പറയാതെ പറയുന്നു.

    ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  20. പോലീസ് കാരനാണ് അയാൾ എല്ലാ അർത്ഥത്തിലും സമർത്ഥമായി അത് ചെയ്യ്തു നിഷ്കളങ്കനായി അയാൾ മരിക്കുന്നില്ല കൊല്ലുന്നതെ ഉള്ളൂ

    മറുപടിഇല്ലാതാക്കൂ
  21. പരത്തിപ്പറഞ്ഞ ഈ കഥ, ഒന്നു കാടും പടലും വെട്ടി മാറ്റി വൃത്തിയാക്കിയിരുന്നെങ്കില്‍, മികച്ചതാകുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  22. അഭിപ്രായങ്ങള് വായിച്ചു ദുര്ഗ്രാഹ്യമായൊരു ഗുഹയിലേക്കാണ് കാലെടുത്തു വെക്കുന്നതെന്ന ധാരണയിലാണ് വായന തുടങ്ങിയത്. പക്ഷെ, മനോജ് കബളിപ്പിച്ചു. ഏറ്റവും നല്ല ഭാഷയില് ഒരു നല്ല കഥ പറഞ്ഞിരിക്കുന്നു. സൂചിപ്പിച്ച പുഴയൊഴുക്ക് തന്നെയാണ് ഈ കഥയിലും. കഥയില് വായനക്കാരന് ആഗ്രഹിക്കുന്ന മുഴുവന് ചോദ്യങ്ങള്ക്കും ഉത്തരം നല്കാന് കഴിയില്ല. വായിച്ചു കഴിഞ്ഞാലും ചിന്തക്ള് ശേഷിപ്പിക്കുന്നവയാകും ചിലത്. അത് വായനക്കാരന്റ അറിവനുസരിച്ച് പൂര്ത്തിയാക്കാം. ജീവിതം തന്നെ ദുരൂഹതകള്ക്ക മീതെ ദുരൂഹതകള് നിറയുന്പോള് ജീവിതം പറയുന്ന കഥകള് അതില്ലാതെങ്ങിനെ പൂര്ത്തിയാകും. നന്ദി മനോജ്. ഒരു വായന പാഴാക്കാതിരുന്നതിന്.

    മറുപടിഇല്ലാതാക്കൂ
  23. കഥ വായിച്ചു. കഥാന്ത്യം വായനക്കാരന് എങ്ങിനെ വേണമെങ്കിലും ഉള്‍ക്കൊള്ളാം എന്ന രീതിയില്‍ വിട്ടുകൊടുത്തതും നന്നായി. ഏറെക്കുറെ വായനക്കാര്‍ ഉന്നയിച്ച യശോധ കുഞ്ഞിന്റെ പിതൃത്വം വിശ്വന്റെതാണെന്ന് മനസ്സിലാക്കുന്ന സ്രോതസ്സെന്ത് എന്നിടത്തു തന്നെയാണ് ഞാനും ഉടക്കി നിന്നത്. കമന്റുകളിലൂടെ പോയി നോക്കിയപ്പോള്‍ നമൂസിന്റെ കമന്റില്‍ ഒരു സൂചന കണ്ടു. പക്ഷെ .......

    അതിനും മുൻപൊരിക്കൽ, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം യശോധയുടെ നിർബന്ധം അസഹ്യമായപ്പോഴാണ് അയാൾ അവരെ മെഡിക്കൽ കോളേജിലേക്ക് അനുഗമിച്ചത്.

    ഇവിടെയും ഒരയല്‍വാസിയുടെ അല്ലെങ്കില്‍ നാട്ടുകാരിയുടെ കുഞ്ഞിനെ ആതുരാലയത്തില്‍ കൊണ്ട് പോകുമ്പോള്‍ ഒരു സഹായമെന്ന നിലയില്‍ നിയമപാലകനായ ഭര്‍ത്താവിനോട് അവരോടൊപ്പം ചെല്ലാന്‍ യശോധ നിര്‍ബന്ധിച്ചു എന്ന സാമാന്യ വശം മാത്രമാണ് എന്നിലെ വായനക്കാരന്‍ കണ്ടത്. വായനയിലെ പിഴവായിരിക്കാം.

    മികച്ച എഴുത്തിന്റെ അകമ്പടിയാല്‍ നന്നായി പറഞ്ഞ ഒരു കഥ.

    മറുപടിഇല്ലാതാക്കൂ
  24. എനിക്ക് കഥ ഇഷ്ടമായില്ല ,,ദുര്‍ഗ്രാഹ്യത കൊണ്ടൊന്നുമല്ല ,കഥ വളരെ ഏറെ പ്രാവശ്യം കേട്ടതായത് കൊണ്ട് ,കഥ പറയാന്‍ ഉപയോഗിച്ച സങ്കേതങ്ങള്‍ കഥയില്‍ നിന്ന് പിരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് ,പ്രായശ്ചിത്തം ഉളവാക്കുന്ന പാപബോധം വിശ്വനെ പോലെ തന്നെ വായനക്കാരനിലും അത്രയൊന്നും രൂഢമൂലമാക്കുവാന്‍ കഥാകൃത്തിന് കഴിയാതെ പോയത് കൊണ്ട് ...അങ്ങനെ പലതും ..മനോജിന്‍റെ പ്രതിഭ വേണ്ടത്ര ദൃശ്യമാകാത്ത കഥ !

    മറുപടിഇല്ലാതാക്കൂ
  25. ഒന്നുകൂടി ഒതുക്കാംആയിരുന്നു .....കുറെയേറെ കഥകള്‍ വായിച്ചു മറന്നതുപോലെ

    മറുപടിഇല്ലാതാക്കൂ
  26. ബ്ലോഗെഴുത്ത് കുറച്ചു കൂടി ഹൃസ്വമാക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു - പലര്‍ക്കും ക്ഷമയില്ല - സമയവും ഇല്ല -
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. തുടക്കത്തിലെ മൌനത്തിന്റെ ഭാഷ വളരെ ഇഷ്ടപ്പെട്ടാണ് വായിച്ചുതുടങ്ങിയത്. പക്ഷെ രണ്ട് വട്ടം വായിക്കേണ്ടി വന്നു. ഒരു കല മനസ്സിലാക്കാന്‍ രണ്ട് വട്ടം അനാവശ്യമാണെന്നാണ് എന്റെ മതം. ദൈര്‍ഘ്യം ഏറിയതായും തോന്നി.കഥയില്‍ കുഞ്ഞ് വിഷം തീണ്ടിയതായി മനസ്സിലാകുന്നു. അവന്റെ കുഞ്ഞാണെന്ന് യശോധ എങ്ങനെയറിഞ്ഞു? കഥ എഴുതിയപ്പോള്‍ തീര്‍ന്നു. പക്ഷെ വായനക്കാര്‍ക്കിടയില്‍ മറ്റൊരു പംക്തി പിറക്കുകയാണ്. ചോദ്യോത്തരം.രണ്ടാമത്തെ വായനയില്‍ ഇഷ്ടപ്പെടാനാകും

    മറുപടിഇല്ലാതാക്കൂ
  28. ഈ കഥ അക്ഷരങ്ങള്ക്ക് അപ്പുറത്തേക്ക് ചിന്തിക്കേണ്ടി യിരിക്കുന്നു എന്ന് തോനുന്നു .... അതൊരു കഴിവ് തന്നെയാണ് വായനക്കാരനെ ചിന്തിപ്പീകാനു ള്ള തന്ത്രം ...ആശംസകൾ ട്ടോ .... അച്ചടി പുരണ്ട പുതകങ്ങല്ക്കും ഈ കഥയ്ക്കും

    മറുപടിഇല്ലാതാക്കൂ
  29. കഥ വളരെ മികവുറ്റതാണ്.
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  30. തകര്‍പ്പന്‍...........വല്ലാത്തോരെഴുത്ത് തന്നെ

    മറുപടിഇല്ലാതാക്കൂ
  31. വായിക്കാന്‍ വൈകി. വായിച്ചു. സന്തോഷം.

    മറുപടിഇല്ലാതാക്കൂ