ശനിയാഴ്‌ച, ഒക്‌ടോബർ 16, 2010

പ്രണയവും ഗണിതവും

പ്രണയവും ഗണിതവും


ആത്മപ്രണയം ഒരു ബിന്ദുവായി കണക്കാക്കാം.
ആദിയും മദ്ധ്യവും അന്ത്യവും അതില്‍ തന്നെ.
പ്രണയം ഏകപക്ഷീയമാകുമ്പോള്‍
അതൊരു രശ്മിയാണ്.
ഒരു ബിന്ദുവില്‍ നിന്നാരംഭിച്ച് അനന്തതയിലേക്ക് നീണ്ടു പോകുന്നു.
രണ്ടുപേര്‍ തമ്മിലാവുമ്പോള്‍ പ്രണയം ഒരു രേഖാഖണ്ഡമാകുന്നു.
രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരിക്കലും മുറിയാത്ത ബന്ധം.
'എ' 'ബി'യേയും 'ബി' 'സി' യേയും
'സി' 'എ' യേയും പ്രണയിക്കുമ്പോള്‍
ത്രികോണങ്ങളെക്കുറിച്ച് പഠിക്കാം.
പ്രണയതീവ്രതയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്
സമപാര്‍ശ്വ, സമഭുജ, സമശീര്‍ഷ ത്രികോണങ്ങള്‍ നിര്‍മ്മിക്കാം.
മട്ടത്രികോണമെങ്കില്‍ ത്രികോണമിതി അംശബന്ധങ്ങള്‍ പഠിക്കാം.
പ്രണയസ്വപ്നങ്ങളുമായി 'ഡി'യും 'ഇ'യും 'എഫു'മൊക്കെ
ഇടയില്‍ കയറുന്നതോടെ
ബഹിര്‍ഭുജങ്ങളെ കുറിച്ചും പഠനമെളുപ്പമാകും.
പക്ഷെ, വളരെ മുന്‍പെന്നോ എയ്തുവിട്ട പ്രണയം
ഭൂഖണ്ഡങ്ങളും മഹാസ്മുദ്രങ്ങളും താണ്ടി വന്ന്
വീണ്ടും കുളിര്‍സ്പര്‍ശം പകരുമ്പോള്‍
ഗണിതം ഒരു വൃത്തമായ് വന്ന്
എന്നെ അത്ഭുതപ്പെടുത്തുന്നു.
ഈ വിശ്വവൃത്തത്തിന്റെ ആരമളന്ന്‍
ഭൂമിയില്‍,പ്രണയത്തിന്റെ ആഴവും പരപ്പും
ഗണിച്ചെടുക്കാമെന്ന് കണക്കു കൂട്ടുമ്പോള്‍
അസംഖ്യം വൃത്തങ്ങളും ദീര്‍ഘവൃത്തങ്ങളും ഉള്‍ച്ചേര്‍ന്ന
ഒരു സങ്കീര്‍ണ്ണനിര്‍മ്മിതിയാണ് ഭൂമിയെന്ന് അവള്‍ ചെവിയില്‍ നുള്ളുന്നു.

ഒന്നുമൊന്നും ചേര്‍ന്ന് 'ഇമ്മിണി ബെല്യ ഒന്നെന്ന്'* പ്രണയസങ്കലനം
അറിയാത്ത മാഷ്
പഠിക്കാതിരുന്നത് ബൂളിയന്‍ബീജഗണിതത്തിന്റെ ആധാരമെന്ന്
ഗണിതം കണ്ണുനീരൊഴുക്കുന്നു.

പക്ഷെ,ക്ലാസ്സ് മുറിയിലെ കറുത്ത പലകയില്‍ വെളുത്ത സമവാക്യങ്ങള്‍ വിടരുമ്പോള്‍
പുറകില്‍ കൈമാറിയ ദീര്‍ഘചതുരഹൃദയം കണ്ട്
പ്രണയം വീണ്ടും പുഞ്ചിരിക്കുന്നു :
" Without mathematics, world is a big Zero !"
----------------------------------------------------
*വൈക്കം മുഹമ്മദ് ബഷീര്‍ - ബാല്യകാലസഖി.