ബുധനാഴ്‌ച, ഡിസംബർ 11, 2013

ജനിതകം.


                                                    
അസ്പഷ്ടമായെന്തോ പറഞ്ഞു പിറുപിറുത്ത്, അച്ഛൻ ഉറക്കത്തിലേക്ക് ഇറങ്ങി പോയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞു. ‘അസ്പഷ്ടം’ എന്നു പറഞ്ഞാൽ ശരിയാവുമോ ? ദാഹിക്കുന്നെന്നോ തണുക്കുന്നെന്നോ മൂത്രമൊഴിക്കണമെന്നൊ – അങ്ങനെ അതിൽ നിന്നു വേണ്ടതെല്ലാം വേർതിരിച്ചെടുക്കാൻ ലീനക്കും  രാജിക്കുമെല്ലാം  കഴിയുമ്പോൾ,  അസ്പഷ്ടമാകുന്നതെങ്ങനെ ?  പക്ഷേ എത്ര ആത്മാർത്ഥമായി ശ്രമിച്ചിട്ടും ഇത്തവണയും പരാജയപ്പെടുകയാണുണ്ടായത്. ‘ ആ.. പോട്ടെ.. സാരമില്ല..’ എന്നൊക്കെ പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ചു കിടത്താനേ ഇപ്പോഴും കഴിഞ്ഞുള്ളു.

അപൂർവ്വമായേ ലീന  അസൗകര്യങ്ങൾ പറയാറുള്ളൂ. അപ്പോൾ പിന്നെ ആരെങ്കിലുമൊരാൾ ഇങ്ങനെ ലീവെടുത്തിരിക്കണം. ഒരു തവണ ഒരാളെങ്കിൽ  അടുത്ത തവണ മറ്റേയാൾ. അതാണ് രാജിയുടെ ചട്ടം. ‘ അതേയ്..ലീവൊക്കെ എല്ലാവർക്കും ഒരു പോലെയാ.’ അവൾ പറയും.

അച്ഛനൊരിക്കലും പറയത്തക്ക ബുദ്ധിമുട്ടുകൾ  സൃഷ്ടിച്ചിരുന്നില്ല.  ഞാനാണെങ്കിൽ പഴയ ‘ദു:സ്വഭാവങ്ങളിൽ’ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശീലിച്ചു കഴിയുകയും ചെയ്തിരുന്നു.  അപ്പോഴാണ് ഇന്നലത്തെ ഏഴുമണി വാർത്തയിൽ ബോംബു പൊട്ടിയത്. ഹൈക്കോടതി വിധിയിൽ, സകല ചങ്ങലകളും കുടഞ്ഞു കളഞ്ഞ് സത്യം  സൂര്യതേജസ്സോടെ എണീറ്റു നിൽക്കുന്നത് കണ്ടപ്പോൾ, ആദ്യം രോമാഞ്ചമാണുണ്ടായത്. പെൺകുട്ടിയുടെ സ്വരം പതിവു പോലെ നിർവികാരമായിരുന്നു.  പക്ഷേ  അവളുടെ പിതാവ്, ചാനൽ പെൺകുട്ടിയോട് കരഞ്ഞു : “എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.. സത്യം എന്നെങ്കിലും പുറത്തു വരും മോളേ..” അതു പറയാൻ മാത്രമായിരിക്കണം എൺപത്തി നാല് വർഷങ്ങൾ പിഴിഞ്ഞ് ചണ്ടിയാക്കിയ  ആ ശരീരത്തിൽ പ്രാണൻ തുടിച്ചിട്ടുണ്ടാകുക !

ചിന്നു പഠനമുറിയിലായിരുന്നു. രാജി അടുക്കളയിലും. പിന്നെയാരെ പേടിക്കാൻ! വിരലുകൾ റിമോട്ടിലമർന്നില്ല.  വർഷങ്ങളായി കെട്ടി നിർത്തിയതെല്ലാം  അണ പൊട്ടിയൊഴുകി.

പക്ഷേ, കിടന്ന്  ഏറെ കഴിഞ്ഞ്, നെഞ്ചത്ത് വിരലുകളോടിച്ച് രാജി ചോദിച്ചു : “ വീണ്ടും തുടങ്ങ്യോ പഴേ ശീലം ? ..ഞാൻ കണ്ടു
ചാനൽ മാറ്റ്യാ പോരായിരുന്നില്ലേ ?..”

“ ഓക്കേ
ഇതിലെന്താണിത്ര പ്രശ്നം മിസ്റ്റർ അജയ്.. കരഞ്ഞോളൂ. അങ്ങനെയൊരു ഫീലിങ്ങ് ഇല്ലെങ്കിൽ  നിങ്ങളിലെ മനുഷ്യത്വത്തിനു എന്തോ തകരാറുണ്ടെന്നാണ് ഞാൻ കരുതുക..ഇതെല്ലാം അടക്കി വെക്കുന്നതാണ് പ്രശ്നം..” വർഷങ്ങൾക്കു മുമ്പ്, പ്രശ്നങ്ങളെല്ലാം സശ്രദ്ധം കേട്ട ശേഷം  ഡോക്ടർ ജയദേവ് ആദ്യം പറഞ്ഞത് അതാണ്.

“ ഏസ് എ ടീച്ചർ..  നമുക്ക് കുട്ടികളോട് പലതും കൺവേ ചെയ്യാനുണ്ടാവില്ലേ ഡോക്ടർ ? കുറച്ചു നാൾ മുമ്പ്  കമ്പോഡിയയിലെ  ടോൾ സ്ലെങ്ങ് സ്മാരകത്തെ കുറിച്ച് ഒരു ഫീച്ചറുണ്ടായിരുന്നു പത്രത്തിൽ.   അതേ കുറിച്ചൊക്കെ  പറയുമ്പോൾ
.. ചെറിയ കുട്ടികളാണെങ്കിൽ, അവരതൊന്നും ശ്രദ്ധിക്കില്ലെന്ന് വെക്കാം.. പക്ഷേ  പതിനാറും പതിനേഴുമൊക്കെയെത്തിയ കുട്ടികളാവുമ്പോൾ, അവർക്കതറിയാം. സബ്ജക്റ്റ് ഹിസ്റ്ററി ആവുമ്പോൾ ഇതൊന്നും പറയാതെ പോകാനും പറ്റില്ലല്ലൊ... മിസ്റ്റർ സെന്റിമെന്റ്സ് എന്നാണ് അവർക്കിടയിൽ എന്റെ വിളിപ്പേരു തന്നെ... ഇന്നലെ തന്നെ, ഈ ജഡ്ജ്മെന്റിനെ  കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരമുണ്ടായി. ‘പെൺകുട്ടി അറിഞ്ഞു കൊണ്ടു തന്നെയാവും, പിടിക്കപ്പെട്ടപ്പോൾ അവൾ അടവ് മാറ്റിയതാവും’. ഇങ്ങനത്തെയൊക്കെ ആർഗ്യുമെന്റ്സ് കേട്ടങ്ങനെ മിണ്ടാതിരിക്കാനാവുന്നില്ല, എന്റെ കോ വർക്കേഴ്സിനോടു പോലും.” ഡോക്ടറോട് ഒന്നു കൂടി വിശദീകരിച്ചു.

കൗൺസിലിങ്ങിന് തിയ്യതി നിശ്ചയിച്ച് ഇറങ്ങാൻ നേരമാണ് ഡോക്ടർ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് : “ ആട്ടെ. എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം മനസ്സിലുണ്ടോ ?..”

‘ഇല്ല’ എന്നാണപ്പോൾ മറുപടി കൊടുത്തത്.

പക്ഷേ എന്തൊരു ചോദ്യമാണത് ?

വാലിൽ തൂങ്ങിയ ചരടിൽ ജീവൻ പിടഞ്ഞ തുമ്പികളും ഈർക്കിലി കുടുക്കിൽ കുരുങ്ങി പ്രാണൻ വെടിഞ്ഞ തവളക്കുഞ്ഞുങ്ങളും തൊട്ട് എത്രയോ  വികൃതികൾ, തെറ്റുകൾ..

മോഷ്ടിച്ചത്  ഒരുമിച്ചായിരുന്നെങ്കിലും അതിനുള്ള ശിക്ഷ തനിച്ച്  ഏറ്റു വാങ്ങേണ്ടി വന്ന ബാലകൃഷ്ണൻ..

ഒരു പതിമൂന്നു കാരന്റെ ദേഹകൗതുകങ്ങൾക്ക് വിധേയയായി ചലനമറ്റു നിൽക്കുമ്പോൾ മിഴികളിൽ കൗതുകം മാത്രം തിളങ്ങിയ ഒരു നാലുവയസ്സുകാരി..

‘ഒരു കൂടപ്പിറപ്പിനെ പോലെയാണല്ലോ   അജയേട്ടാ  കണ്ടിരൊന്നൊള്ളൂ ..’  എന്ന് പൊട്ടിക്കരഞ്ഞ്, ഇരുട്ടിലേക്ക് തള്ളിയിട്ട് മറഞ്ഞ ഇരുപതുകാരി..

കുറ്റബോധം ഇല്ലത്രെ !!

പിന്നെ കൗൺസിലിങ്ങിന് പോയില്ല. പകരം ഇങ്ങനെ ചില പൊടിക്കൈകളൊക്കെയാണ് പരീക്ഷിച്ചത്. റിമോട്ടിൽ, ഒരു ക്ലിക്ക് അകലെയാണ് കാർട്ടൂൺ ചാനൽ. പിന്നെയാണോ പ്രയാസം ! ടോം ഏന്റ് ജെറി കണ്ട് കൺനിറയെ ചിരിക്കാറുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ,  ഡോക്ടർ തിരിച്ചിങ്ങോട്ടു ചോദിച്ച ചോദ്യവും അതായിരുന്നു. ‘ അത്തരം ആഹ്ലാദങ്ങൾക്കു നൽകുന്ന ഒരു വിലയായി കണ്ടാൽ പോരേ അതും ?’

പക്ഷേ അന്നേ ശ്രദ്ധിച്ചിരുന്നു - അച്ഛനും പുറകിലുണ്ടായിരുന്നു. പൂർണ്ണ ബോധത്തോടെ, ആരോഗ്യത്തോടെ.

ചിന്നുവിന്റെ കളികളിൽ ചേർന്ന്,ടി വി യ്ക്കു മുന്നിൽ കാലു നീട്ടി അമ്മയുമിരിക്കുന്നുണ്ടാവും.

അവളങ്ങനെ അവിടെ നിൽക്കുന്നതാണ് പ്രശ്നം.  സിനിമയിൽ ഏതു രംഗം വരുമ്പോഴാണ്,  ഏതു വാർത്ത വരുമ്പോഴാണ്,  തിരിഞ്ഞു നോക്കേണ്ടത് എന്നവൾക്കറിയാം.പിന്നെ  റണ്ണിങ്ങ് കമന്റ്റി തുടങ്ങുകയായി: “ അച്ഛമ്മേ.. ദേ.. അച്ഛൻ കരയ്ണ്
അച്ചച്ഛനും കരയ്ണ്ണ്ട്

അമ്മയോ രാജിയോ നോക്കില്ലെന്നറിയാമെങ്കിലും, കണ്ണട തുടക്കുന്നതു പോലെ തിടുക്കത്തിലെന്തെങ്കിലും ചെയ്ത് നീർപ്പൊടിപ്പുകൾ തുടച്ചു മാറ്റും. പക്ഷേ അച്ഛനങ്ങനെ ചമ്മലൊന്നുമില്ല..കുറച്ചു വിസ്തരിച്ചു തന്നെ, മുണ്ടിന്റെ കോന്തലയിൽ മൂക്കു ചീറ്റി
……
എങ്ങാനും അതു കണ്ടാൽ മാത്രം  രാജി എന്നെയൊന്ന് നോക്കും.. മൂക്കു ചീറ്റി മുണ്ടിൽ തേക്കുന്ന  ‘വൃത്തികെട്ട ശീലം’ എനിക്കുമുണ്ടത്രെ.

‘മിണ്ടാതിരിക്കെടീ..” പച്ചക്കറി അരിയുന്നതിനിടയിൽ രാജി അവൾക്കു നേരെ കൈയ്യോങ്ങും.

അമ്മയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ടാവും.

അതേ ചിരിയോടെയാണ്, ഒരിക്കലമ്മ പറഞ്ഞത് : “ അച്ഛനത്ര പാവമൊന്നുമല്ലായിരുന്നു മക്കളേ..”

 ജയേച്ചിയും  സത്യയും  പിള്ളേരുമൊക്കെയുണ്ടായിരുന്നു. ഒരോണത്തിന്റെ പിറ്റേന്ന്. മദ്യലഹരിയിൽ പേരക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ബേബി ചേട്ടന്റെ കൊടുമയിൽ നിന്ന് തുടങ്ങിയ പരദൂഷണം ആണുങ്ങളിലേക്കെത്തിയപ്പോഴായിരുന്നു അത്.  

അച്ഛന്റെ മുഖമൊന്നു മങ്ങി. അത്ര മാത്രം.

“ ഏ.. അതെന്താദ് ഇപ്പോ ഇങ്ങനൊരു വർത്താനം
ശരിയാണോ അച്ഛാ ?” സത്യയ്ക്ക് മാത്രമേ എന്തും വെട്ടി തുറന്ന് ചോദിക്കാനുള്ള ധൈര്യമുള്ളൂ. അന്നും ഇന്നും. അച്ഛന്റെ തന്നെ മറ്റൊരു പകർപ്പ്.

“ ഉം..” അച്ഛനൊന്ന് ചിരിച്ച് മൂളിയതേയുള്ളൂ.

അപ്പോഴേയ്ക്കും അമ്മ തന്നെ മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റി.

അടുത്ത ഓണത്തിന് അമ്മയുണ്ടായില്ല.

ഒരു സൂചന, പേരിന് ഒരു ജലദോഷം പോലുമുണ്ടായിരുന്നില്ല. വൈകുന്നേരം, കാവിൽ നിന്നു വന്നു കയറിയ ഉടനെ, ‘മോളേ, നെഞ്ചത്തൊരു വല്ലാത്ത കെതപ്പ്’ എന്ന് രാജിയോടു പറഞ്ഞ് സോഫയിലൊന്നു കിടന്നതാണ്.

‘തനിച്ചായി പോയി’ എന്നൊരു തോന്നൽ അച്ഛനുണ്ടാവരുതെന്ന് എല്ലാവർക്കും – കൂട്ടുകാർക്കും വീട്ടുകാർക്കും ഞങ്ങൾ  മക്കൾക്കും - എല്ലാവർക്കും  നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും അച്ഛൻ തനിച്ചായി. ആദ്യമാദ്യം ഓർമ്മകൾക്കു ചുറ്റും ജീവിച്ച്, പിന്നെ ആ  ഓർമ്മകൾ പോലും നഷ്ടപ്പെട്ട്.

മലർന്നു കിടന്നാണ് അച്ഛൻ ഉറങ്ങുന്നത്. മലർന്നു കിടന്നുറങ്ങുന്നത് ധീരതയുടെ ലക്ഷണമാണത്രെ. ആവോ.. എനിക്കൊരിക്കലും കഴിയാറില്ല.

എണീറ്റ് നിലത്തിരുന്ന് കട്ടിലിനടിയിൽ നിന്ന് അച്ഛന്റെ ട്രങ്ക് പെട്ടി ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്തു. ഓർമ്മക്കേടിന്റെ മൂർദ്ധന്യത്തിലും, അച്ഛൻ നിധി പോലെ സൂക്ഷിക്കുന്ന താക്കോൽ തലയണക്കടിയിൽ നിന്ന് പതുക്കെ കൈ നീട്ടിയെടുത്തു.

 ഡോക്ടർ ജയദേവിന്റെ  ചോദ്യം പണ്ടേ ഉള്ളിൽ കുരുങ്ങി കിടക്കുന്നതാണ്. പിന്നെ അമ്മയുടെ അന്നത്തെ ആ   മുന ചൂണ്ടലും.

എതിരാളികൾക്കു പോലും ചൂണ്ടി കാണിക്കാൻ ഒരു  കറയില്ലാത്ത നേതാവിനെ  ഏത്  പാപബോധമാവും വിടാതെ പിൻതുടർന്നിട്ടുണ്ടാവുക? അറിഞ്ഞിട്ട് കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ ഒന്നുമല്ല.. വെറുതെ ഒരാകാംക്ഷ.. പണ്ടത്തെ  പാർട്ടി നേതാക്കൾക്ക് കാലം മാത്രം സാക്ഷി പറയുന്ന ചില പകർപ്പുകൾ രഹസ്യമായി പിറന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പിറന്ന വയർ മറ്റൊന്നായതു കൊണ്ടു മാത്രം, തിരിച്ചറിയപ്പെടാനാവാത്ത ചോര  എവിടെയെങ്കിലും ?  എങ്കിൽ മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും
?

പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് അച്ഛൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.  ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് വെറുമൊരു എൽ സി അംഗത്വത്തിലേക്ക്. ജോലി കിട്ടിയതിന് അമ്മയുടെ നേർച്ച പ്രകാരം വ്രതം നോറ്റ്, കെട്ടുനിറച്ച് ഞാൻ  മലയ്ക്കു പോയതാണോ  അതിനു കാരണം എന്നൊരു ശങ്കയുണ്ടായിരുന്നു. സത്യ അതിന്റെ പേരിൽ വഴക്കിനു വരികയും ചെയ്തു.     ‘ ഏയ്..അതൊന്നുമല്ല’ എന്ന് തള്ളിക്കളഞ്ഞെങ്കിലും, ‘ മനസ്സീ പിടിക്കാത്ത എന്തെങ്കിലും കണ്ടിട്ടുണ്ടാവും’ എന്നൊരു ഊഹം മുന്നോട്ടു വെക്കാനേ അമ്മയ്ക്കും കഴിഞ്ഞുള്ളൂ.

ഈ ട്രങ്കു പെട്ടിയിൽ,  എല്ലാ ചോദ്യങ്ങൾക്കും  ഉത്തരമുണ്ടാവുമെന്ന ഒരു തോന്നൽ.

ഉറക്കത്തിലൊന്ന് കണ്ണു തുറന്നാലും പെട്ടന്ന് കാണാനാവാത്ത വിധം കട്ടിലിന്റെ  തലക്കൽ മറഞ്ഞിരുന്ന്   പൂട്ട് തുറക്കുമ്പോൾ മുന്നിലൊരു കുറ്റബോധം വന്ന് പല്ലിളിക്കാതിരുന്നില്ല.  അച്ഛനിൽ നിന്ന് അടി കിട്ടാറുള്ളത് രണ്ട് കാര്യങ്ങൾക്കാണ് : ഒന്ന്, നുണ പറഞ്ഞാൽ. രണ്ട്, ഈ പെട്ടിയിലെങ്ങാൻ ഒന്നു തൊട്ടു പോയാൽ..

പെട്ടി തുറന്നു. പഴകിയ കടലാസ്സിന്റെ മണം മൂക്കിലേക്ക് കയറുന്നു. കരുതിയിരുന്നയത്രയൊന്നുമില്ല. കുറച്ച് നോട്ടീസുകൾ, ലഘുലേഖകകൾ, നോട്ടു ബുക്കുകൾ, ഡയറികൾ, കത്തുകൾ, രണ്ടു മൂന്നു വാരികകൾ, ഒന്നു രണ്ടു മുദ്രപത്രങ്ങൾ , പഴയ  ചില പണയപ്പാടു രസീതികൾ, നിറം മങ്ങിയ നാലഞ്ച് ഫോട്ടോകൾ, നാണയങ്ങൾ.

ഏതിൽ നിന്നാണ് തുടങ്ങേണ്ടത് ?

അധികം പഴക്കമില്ലാത്ത കടലാസ്സ് - അതീയടുത്ത കാലത്ത് എഴുതിയതാണ് - മുദ്രപത്രത്തിന്റെ പകർപ്പ്. ശരീരം മെഡിക്കൽ കോളേജിലേക്കു സംഭാവന ചെയ്യുന്നതിന്. അതന്നേ പറഞ്ഞു വെച്ചിരുന്നതുമാണല്ലൊ.
 
പഴക്കമുള്ളത് ആധാരമാണെന്ന് തോന്നുന്നു.

നോട്ടീസുകളും ലഘുലേഖകളും  വാരികകളും എല്ലാം ആദ്യം മാറ്റി വെച്ചു. പാർട്ടിയുടേയും യുക്തിവാദസംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയുമെല്ലാമുണ്ട്.

ഫോട്ടോകൾ രണ്ടെണ്ണം ഒട്ടും വ്യക്തമല്ല. ഒന്ന്, പണ്ട് ഫ്രെയിം ചെയ്തു വച്ച വിവാഹഫോട്ടോയാണ്. ചില്ലു പൊട്ടിയപ്പോൾ എടുത്തു വച്ചതാവണം. പണ്ട് കണ്ടിട്ടുണ്ട്. പിന്നൊന്ന് ഞങ്ങൾ മക്കൾ മൂന്നാളും നിൽക്കുന്നതാണ്. പണ്ട് വല്ല്യാപ്പൻ എടുത്തതാവണം.

ഇൻലാന്റുകൾ ബോംബെയിൽ നിന്നുള്ളതാണ്. ഓടിച്ചു നോക്കി. രാധമ്മായിയുടെയാണ്. അന്നും പ്രാരാബ്ധം പറച്ചിൽ തന്നെ ! എയർ മെയിൽ  വല്ല്യാപ്പന്റെയാണ്. നോക്കേണ്ട കാര്യമില്ല - വാചകമടിയായിരിക്കും.

ഡയറികൾ ഓരോന്നായി മറിച്ചു നോക്കി.
ഫണ്ട് പിരിവിന്റെയും  പത്ര വരിക്കാരുടെയും പുസ്തക വില്പനയുടെയുമൊക്കെ കണക്കുകളാണധികവും. എല്ലാം  ഡേറ്റിട്ട് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നെയുള്ളത് സമ്മേളനങ്ങളുടെ കാര്യപരിപാടികളും ചർച്ചകളും ക്ലാസ്സുകളുടെ വിശദാംശങ്ങളും എല്ലാം ഉൾക്കൊള്ളിച്ച കുറിപ്പുകളാണ്.  പാർട്ടിയുടെയും പരിഷത്തിന്റെയും യുക്തിവാദസംഘത്തിന്റേയുമെല്ലാമുണ്ട്.

നോട്ടുപുസ്തകങ്ങൾ തപ്പി. ഇതൊക്കെ തന്നെ. ഒന്നിൽ ജയേച്ചിയുടെ കല്ല്യാണ ചെലവുകളും വിളിക്കേണ്ടവരുടെ ലിസ്റ്റും എല്ലാം എഴുതി കണ്ടു.

‘കരുതിയതൊന്നും കണ്ടെത്താനായില്ലല്ലൊ എന്ന നിരാശയോടെ  എല്ലാം വീണ്ടുമൊന്ന്  മറിച്ചു നോക്കുന്നതിനിടയിലാണ്   ഒരു  നോട്ടു പുസ്തകത്തിലെ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്.  ആദ്യത്തെ നാലഞ്ചു താളുകൾ വിട്ട് എഴുതി തുടങ്ങിയിരിക്കുന്നു.

1973 ഡിസംബർ 14.

സഖാവ് വള്ളിയമ്മ പോലീസിൽ നിന്നു നേരിട്ട കൊടും പീഡകളെ കുറിച്ച് രണ്ടാഴ്ച്ച മുമ്പ് അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ, എന്റെ ശബ്ദം വല്ലാതെ ഇടറിവീണുപോയത് മറ്റാരും ശ്രദ്ധിച്ചിട്ടില്ലെന്നാണ്  കരുതിയിരുന്നത്.

പക്ഷേ അന്നു വൈകീട്ട് വറുഗീസിന്റെ പീടികയിൽ വച്ച് കണ്ടപ്പോൾ സ.  രാജൻ മേപ്പോടി എന്നെ ഇരുട്ടത്തേക്ക് വിളിച്ചു മാറ്റി  നിർത്തി : “ സഖാവിനെ ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. അടികൊണ്ടു വീണവന്റെ വേദന   പ്രതിഷേധമായി ജ്വലിപ്പിക്കാനുള്ള ഊർജ്ജമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കുകളിൽ തുടിക്കേണ്ടത്.  അല്ലാതെ കണ്ണീരൊഴുക്കി വീര്യം കെടുത്തുന്നവയാവരുത് അവ. സഖാവിനു  എവിടൊക്കെയോ  വീഴ്ച്ച പറ്റുന്നുണ്ട്. തിരുത്തണം അത്..”

രണ്ടാഴ്ച്ചയായി ഞാനാലോചിക്കുന്നു. എവിടെ നിന്നാണ് ഞാൻ തിരുത്തി തുടങ്ങേണ്ടത് ?

ബാല്യകാലത്ത്, ഓല നാരിൽ പിടഞ്ഞ നീർമാണിക്ക്യനും*  ഈർക്കിലി കുടുക്കിൽ തൂങ്ങിയ മണ്ഡൂകശിശുക്കൾക്കും ആര് ജീവൻ തിരികെ കൊടുക്കും?  ഇരുട്ട് മൂടിയ ചെറ്റയ്ക്കുള്ളിൽ, ഒരു പതിനഞ്ചുകാരന്റെ  നഗ്നദേഹത്തിനു മുമ്പിൽ കൗതുകം പൂണ്ടു നിന്ന ചെറുബാല്യക്കാരിയുടെ നയനനിഷ്ക്കളങ്കത എവിടെ നിന്നു തിരിച്ചു കൊടുക്കും ?  ‘ തമ്പ്രാൻ സഖാവ് ഞങ്ങടെ  ദൈവാണ്’ എന്ന് കണ്ണീരോടെ  കൈ കൂപ്പിയവൾക്കു മുന്നിൽ നിന്ന് ഞാനെങ്ങനെ മാന്യതയെ കുറിച്ച്  പ്രസംഗിക്കും ?  അഭയം നൽകിയ സ. വർഗീസും സ. കുഞ്ഞിക്കണാരനും ബയണറ്റിനു നേരെ വിരിമാറ് കാട്ടിയപ്പോൾ  ഒളിവിൽ നിന്ന് ഒളിവിലേക്ക് പാലായനം ചെയ്ത ഞാനെങ്ങനെ ബലികുടീരങ്ങളേ ചുണ്ടുകൾ വിതുമ്പാതെ പാടി തീർക്കും ?

കുതറി മാറാനുള്ള ശ്രമത്തിലാണ് ഞാൻ.. എന്തിലും ഏതിലും ചിരിക്കുള്ള  വക കണ്ടെത്തുന്ന സ.കോയക്കുട്ടിയുടെ കളിമ്പങ്ങൾ മാത്രമാണൊരാശ്രയം.

  വായനക്കിടയിലെപ്പോഴോ  മിഴികളിലെ ഈർപ്പം അക്ഷരങ്ങൾക്കു മേലെ സ്ഥടിക സുതാര്യമായ് പെയ്തു തുടങ്ങിയിരുന്നു. ‘അച്ഛാ..’ എന്നൊരു വാക്ക് തൊണ്ടയിൽ കൊളുത്തി വലിക്കുന്നുണ്ട്.

 പുസ്തകം മടക്കി വെച്ച് പെട്ടി അടച്ചു പൂട്ടി കട്ടിലിനടിയിലേക്ക് തള്ളി.

അച്ഛനിപ്പോഴും ഉറക്കമാണ്.

അധികം കിടന്നിട്ടില്ല, അച്ഛനോടൊപ്പം. എന്നും അമ്മയുടെ മോനായിരുന്നു  ഞാൻ.

ആ കാൽക്കൽ തല വെച്ച്, വിലങ്ങനെ ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു. വിരൽ തുമ്പുകളിൽ അച്ഛനെ തൊട്ട്.

ജനിതകത്തിന്റെ നിറവ് കട്ടിലിൽ  ഒഴുകിപ്പരന്നു കൊണ്ടിരുന്നു.

                                                                  *********

* നീർമാണിക്ക്യൻ - ഒരിനം തുമ്പി.


40 അഭിപ്രായങ്ങൾ:

  1. ഭൂതകാലത്തിന്റെ കനക്കെടുത്താല്‍ ആര്‍ക്കാണില്ലാത്തത് പശ്ചാത്തപിക്കാനൊരവസരം!
    പക്ഷെ അത് ചെയ്യുന്നവനാണ് ശരിയായ മനുഷ്യന്‍. ഒന്നും നേരെയാക്കാനോ പരിഹരിയ്ക്കാനോ കഴിഞ്ഞില്ലെങ്കിലും!!

    കഥ വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  2. പലായനങ്ങള്‍ - ജനിതക യാത്ര - നിസഹായതയുടെ കുറ്റബോധ മണങ്ങള്‍! "ട്രങ്ക് പെട്ടി " ;)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍12/11/2013 9:33 AM

    നന്നായി... തിരിഞ്ഞു നോട്ടം... :)

    മറുപടിഇല്ലാതാക്കൂ
  4. മൂന്നുവട്ടം വായിച്ചു.. എന്നാലും കുറെ സംശയങ്ങള്‍ ബാക്കി.. ( എന്‍റെ വായനയുടെ അശ്രദ്ധയാണെങ്കില്‍ ക്ഷമിക്കണം.)

    അജയനും അദ്ദേഹത്തിന്‍റെ അച്ഛനും ഒരേ കാര്യങ്ങളില്‍ കുറ്റബോധം തോന്നിയോ..? ( ഞാനങ്ങനെയാണ് മനസ്സിലാക്കുന്നത്.. അജയന്‍ ഡോക്ടറെ കണ്ടിട്ട് വരുമ്പോള്‍ ചിന്തിക്കുന്നതും, അച്ഛന്റെ എഴുത്തും ഒരേ കാര്യം പറയുന്നു..)

    അറിയാത്ത പ്രായത്തില്‍ പിടിച്ചു പീഡിപ്പിച്ച തുമ്പിയെ ഓര്‍ത്ത് വേദനിക്കുന്ന മനുഷ്യര്‍ ഉണ്ടായിരിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ആദ്യത്തെ ചോദ്യത്തിനു മറുപടി പറയുന്നത് ശരിയല്ലെന്ന് തോന്നുന്നു. :)

    അറിയാത്ത പ്രായത്തില്‍ പിടിച്ചു പീഡിപ്പിച്ച തുമ്പിയെ ഓര്‍ത്ത് വേദനിക്കുന്ന മനുഷ്യര്‍ ഉണ്ടായിരിക്കുമോ? >> ഉണ്ടായിരിക്കണം. എന്തായാലും ഈ കഥാപാത്രങ്ങൾക്ക് ഉണ്ട്.

    ഞാൻ എന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളവും ഉണ്ട്. എന്റെ ഓർമ്മയിൽ, അങ്ങനെ ചെയ്തിരുന്നപ്പോൾ എനിക്കറിയാമായിരുന്നു, അങ്ങനെ ചെയ്തപ്പോൾ അതിനു വേദനിച്ചിരുന്നു, അല്പം കഴിഞ്ഞാൽ അതു വാലു മുറിഞ്ഞ് ചത്തു വീഴും എന്നൊക്കെ. 'തിരിച്ചറിവില്ലാത്ത പ്രായത്തിൽ ചെയ്തതല്ലേ' എന്നൊരു ന്യായീകരണം വെച്ച് അതിനെ മറികടക്കാൻ ശ്രമിക്കുന്നു എന്നേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓക്കേ.. രണ്ടും അംഗീകരിക്കുന്നു. കഥയില്‍ അധികം ചോദ്യം പാടില്ലല്ലോ.. ആദ്യത്തേതിനു ഉത്തരം ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കാം..

      ഇല്ലാതാക്കൂ
    2. കഥയിൽ ചോദ്യം പാടില്ല എന്നൊന്നുമില്ല. കഥയിൽ, കഥയുടെ യുക്തിയില്ലായ്മ കണ്ടെങ്കിൽ ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷേ 'ഇതാണോ കഥ' എന്നു ചോദ്യത്തിനു ഇവിടെ മറുപടി പറഞ്ഞാൽ, അത് മറ്റുള്ളവരുടെ വായനയെ ബാധിക്കും എന്ന വിശ്വാസം, അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

      ഇല്ലാതാക്കൂ
    3. അംഗീകരിക്കുന്നു..

      ഇല്ലാതാക്കൂ
  7. ഓര്‍മ്മകളുടെ പഴമണം പേറുന്ന ട്രങ്ക് പെട്ടി... പശ്ചാത്താപത്തിന്‍റെ കണ്ണീര്‍... ഇഷ്ടായി കഥ

    മറുപടിഇല്ലാതാക്കൂ
  8. വായന രേഖപ്പെടുത്തുന്നു - അധികം പറയാൻ സമയ പരിധി അനുവദിക്കുന്നില്ല.
    ഒറ്റവാക്കില്‍ ഇഷ്ടമെന്നു പറയാം !
    ബാക്കി സമയം പോലെ.

    മറുപടിഇല്ലാതാക്കൂ
  9. കഥ ഇഷ്ടപ്പെട്ടു..എന്നാലും MANOJ KUMAR M പറഞ്ഞ സംശയം എനിക്കും ബാക്കി നില്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. കഥ ഇഷ്ടായി ,ചൂണ്ടുന്നത് എവിടേക്ക് എന്നും മനസ്സിലായി .പക്ഷെ അവര്‍ക്ക് മനസ്സിലാകുന്നില്ല ചങ്ങാതീ ,,മനുഷ്യര്‍ ,മനുഷ്യര്‍ മാത്രം മതി എന്ന് പറഞ്ഞിരുന്നാല്‍ എന്ത് ചെയ്യാനാ ?

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍12/12/2013 5:10 AM

    ഉള്ളതു പറഞ്ഞാല്‍..ബോറടിച്ചൂ..

    മറുപടിഇല്ലാതാക്കൂ
  12. കഥയെ അറിഞ്ഞു ...ന്നാലും എന്തൊക്കെയോ..?

    മറുപടിഇല്ലാതാക്കൂ
  13. കഥ കൊള്ളാം - എന്നാലും ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു... വീണ്ടും വായിച്ചാല്‍ ഉത്തരം കിട്ടുമോ എന്ന് നോക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  14. പ്രിയ മനോജ്‌,

    ജനിതകമണം വീശിയടിക്കുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ആധുനികാവസ്ഥാവിവരണം അച്ഛനിലും മകനിലും ഒതുക്കി പറഞ്ഞ കയ്യടക്കത്തെ അഭിനന്ദിക്കാതെവയ്യ. ( ഇനി അഥവാ അങ്ങിനെയല്ലെങ്കില്‍ ഭ്രാന്തന്‍റെ വായനയുടെ പിശകാകാം. ) അച്ഛനോര്‍ക്കുന്ന , പോലീസ് പീഡിപ്പിച്ച വെള്ളിയമ്മയും മകന്‍ വിതുമ്പിയ ടോള്‍ സ്ലെങ്ങ് കുടുസു മുറികളില്‍ പീഡിപ്പിക്കപ്പെട്ടവരും ജനിതകതുടര്‍ച്ചതന്നെയാണ്. ഒരു പ്രസ്ഥാനം കരയാന്‍ തുടങ്ങുമോ എന്ന് മാത്രമേ ശങ്കയുള്ളൂ സഖേ ! ( വായന നേര്‍വഴിക്കാണ് എന്ന് ഉറപ്പില്ല. മഞ്ഞുമൂടിയ ജാലകവാതിലില്‍കൂടിയൊരു ഒളിഞ്ഞു നോട്ടത്തില്‍ തോന്നിയവ )

    ‘ഒരു കൂടപ്പിറപ്പിനെ പോലെയാണല്ലോ കണ്ടിരുന്നുള്ളല്ലോ അജയേട്ടാ’ ഇതില്‍ 'ല്ലോ' രണ്ടു വട്ടം ആവര്‍ത്തിച്ചോ , അതോ സംസാരഭാഷ അങ്ങിനെയാണോ ?

    ഒരാകാംഷ - ഒരാകാംക്ഷ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുത്തുകാരന്റെ ദൃഷ്ടിക്കപ്പുറമുള്ള ഓരോ വായനയും എഴുത്തുകാരനുള്ള ബോണസ് തന്നെ. എങ്കിലും, അർഹിക്കാത്ത പൊൻതൂവലുകൾ തലയിൽ ചാർത്താൻ ഇരുന്നു കൊടുക്കണോ എന്നൊരു ശങ്കയുമില്ലാതില്ല. :)

      സംസാരഭാഷയിലും ചെറിയൊരു അപാകത വന്നിട്ടുണ്ട്. തിരുത്തിയിട്ടുണ്ട്.

      'ആകാംഷയും'

      നന്ദി അംജത്

      ഇല്ലാതാക്കൂ
    2. അതിരുവിട്ട വായന വരികള്‍ക്കപ്പുറം വായിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ലാ എന്നറിഞ്ഞതില്‍ നിരാശ. എന്നാല്‍ പോലും വെറും ജനിതകം തലമുറകള്‍ പടരുന്നു എന്നതാണ് ഉദ്ദേശമെങ്കില്‍ അച്ഛനെപ്പോലെതന്നെ , വീരനെപ്പോലെ മലര്‍ന്നു കിടന്നുറങ്ങാന്‍ കഴിയാത്ത ജനിതശോഷണം മകന് സംഭവിച്ചതെങ്ങനെ എന്ന് കഥകാരനോട് ചോദിക്കുവാന്‍ സാധിക്കാത്ത സംശയം വായനക്കാരന്. :)

      ഇല്ലാതാക്കൂ
    3. എഴുത്തുകാരൻ വായനയിൽ ഇടപെടരുതെന്ന് അഭിപ്രായപ്പെടാറുള്ള ആളാണു ഞാൻ.

      പക്ഷേ, ഞാൻ ഊന്നൽ നൽകിയ വിഷയം ഒരു വായനയിലും അത്ര കണ്ട് പരാമർശിക്കപ്പെടാതെ പോയപ്പോൾ, ഞാൻ തന്നെ അതു മറന്നു. സുഹൃത്തുക്കൾ എന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ് എന്റെ വായനയിലേക്കു തന്നെ കൊണ്ടു വരാൻ ശ്രമിച്ചത്. പാടില്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് വായനക്കാരനു സ്വന്തമാണ്. അബോധമായ സൂചനകൾ കഥയിലുണ്ടാവാം. അത് കണ്ടെത്തുന്ന വായനക്കാരന് അങ്ങനെ വായിക്കുകയുമാവാം. എന്തു സാഹചര്യത്തിലും എഴുത്തുകാരൻ അവിടെ ഇടപെടാൻ പാടില്ല.

      എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

      ഇല്ലാതാക്കൂ
    4. മനോജ് ഊന്നല്‍ നല്‍കിയ വിഷയം എന്താണ്? അജയന്റെ ‘ദുസ്വഭാവങ്ങള്‍‘ ജനിതകമായി പകര്‍ന്ന് കിട്ടിയതാണെന്ന വിഷയമാണോ ഊന്നല്‍? കോടതി വിധിയുടെ വാര്‍ത്ത കണ്ട് കരയണമെങ്കില്‍ വാദി ആ പെണ്‍കുട്ടിയും പ്രതി അജയനുമായിരുന്നോ? എന്റെ വായനയില്‍ അതില്‍ കൂടുതലൊന്നും കിട്ടിയില്ല. അംജത് സങ്കല്പിച്ചതുപോലെ പ്രസ്ഥാനവുമായി ഒരു ബന്ധം എനിയ്ക്ക് വായനയില്‍ കാണുവാന്‍ കഴിഞ്ഞില്ല. സിയാഫിന്റെ കമന്റാണെങ്കില്‍ അതിദുരൂഹമായിത്തോന്നുകയും ചെയ്തു.

      ഇത്രയും വാക്കുകള്‍ ചെലവിട്ട് കഥ രചിച്ചിട്ടും മനോജ് ഊന്നിയ വിഷയം എന്തെന്ന് ഈ വായിച്ചവര്‍ക്ക് ആര്‍ക്കും മനസ്സിലാതെ പോയെങ്കില്‍ എന്തോ ഒരു പ്രശ്നമുണ്ട് മനോജ്.

      എനിയ്ക്ക് ഇത് അതിസാധാരണരായ മനുഷ്യരുടെ കഥയായേ വായിക്കാനായുള്ളു. ഞാന്‍ അധികം ബുദ്ധിമാന്‍ ആയ ഒരു വായനക്കാരനല്ല, എന്നാല്‍ സഹൃദയനായ ഒരു വായനക്കാരനാണ്. അക്ഷരങ്ങള്‍ കണ്ണിലൂടെ പ്രവേശിച്ച് കഴിഞ്ഞാല്‍ അത് മേലേയ്ക്ക് അല്ല, താഴോട്ട് ആണ് യാത്ര ചെയ്യുന്നത്. അങ്ങനെ ആണ് എന്റെ വായന.

      ഇല്ലാതാക്കൂ
    5. ഇനിയുമൊരു വിശദീകരണം നൽകുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് കരുതുന്നു അജിത്തേട്ടാ..

      എഴുത്തുകാരന്റെ മനസ്സറിയുന്ന വായനക്കാരനെ കാത്തിരിക്കുക തന്നെ. വരും ; വരാതിരിക്കില്ല.

      വായനക്കാരുടെ അഭിപ്രായങ്ങൾ കണ്ട്, പണ്ട് ജലസ്മാരകം എന്ന കഥയിൽ ചില കൂട്ടി ചേർക്കലുകൾ നടത്തിയിരുന്നു. പക്ഷേ, എന്തോ, ഇവിടെ അങ്ങനെ ചെയ്യാൻ മനസ്സു വരുന്നില്ല.

      ഇല്ലാതാക്കൂ
  15. ഒറ്റ വായനയില്‍ ഒതുങ്ങിയില്ല .... രണ്ടാമത്തെ വായനയിലും ചിലയിടങ്ങള്‍ പിടി തന്നില്ല.... വീണ്ടും വായിപ്പിക്കാനുള്ള കഴിവ് പണ്ടേ മാഷിന്റെ തൂലികയ്ക്കുണ്ടല്ലോ...
    പശ്ചാതാപം കണ്ണീരാവുന്നത് തനിചായിപ്പോവുന്ന നിമിഷങ്ങളിലാണെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌..... ആശംസകള്‍ മാഷേ.........

    മറുപടിഇല്ലാതാക്കൂ
  16. ഇതും ഒരു കഥ.
    അടി പൊളി, കിടിലൻ, സൂപർ.

    മറുപടിഇല്ലാതാക്കൂ
  17. കഥ വായിച്ചുവെച്ച് ഒരു യാത്രപോയി....
    യാത്ര കഴിഞ്ഞുവന്ന് ഇന്ന് വീണ്ടും വായിച്ചു....

    കഥയുടെ വായനകൾ ശ്രദ്ധിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  18. ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ എന്നു പറയാറുണ്ടെങ്കിലും ഇത്രയും വരുമോ എന്നൊരു സംശയം. അച്ഛനും..മകനും.....മാറിക്കൊണ്ടിരിക്കുന്ന കാലങ്ങൾക്കനുസരിച്ച് രണ്ടു തലമുറയെ വിലയിരുത്തുമ്പോൾ ഒരേ സംഭവങ്ങൾ ( തുമ്പികളും-നീർമാണിക്യനും-; തവളക്കുഞ്ഞുങ്ങളും-മണ്ഡൂകശിശുക്കളും-, പതിമൂന്നുകാരനും നലു വയസ്സുകാരിയും...) തന്നെ രണ്ടുപേരും അഭിമുഖീകരിക്കുന്നത് എനിക്കെന്തോ അത്ര പോതിച്ചില്ല. (കഥയല്ലകെട്ടോ, കഥയിലെ ഈ രണ്ടു സംഭവങ്ങൾ മാത്രം.) അച്ഛനേയും മകനേയും ഒരേ അനുഭവങ്ങളിലൂടെ കാണിച്ചത്. പക്ഷേ, വള്ളിയമ്മയും; റ്റീവിയിലെ വാർത്ത ബോംബു പൊട്ടിച്ചതും നല്ല താരതമ്യമാണ്‌.
    എല്ലാറ്റിനും ഉപരിയായി പിടിച്ചുനിർത്താനാകാതെ വരുന്ന മനുഷ്യമനസ്സിന്റെ ദൗർബല്യങ്ങൾ, തലമുറകളിലെ വ്യത്യാസങ്ങൾ തടസ്സമാകാതെ ചെയ്തികളിലൊന്നാവുന്നുവെങ്കിലും അനുഭവങ്ങളിൽ രൂപമാറ്റം സംഭവിക്കുന്നു എന്നത് ജനിതകത്തിലൂടെ വളരെ നന്നായി പറഞ്ഞു.

    ഒന്നല്ല, രണ്ടല്ല പലതവണ ഞാനിത് വായിച്ചു. ഇത്രയും വായിക്കാനുള്ള ക്ഷമ സാധാരണ ഞാൻ കാണിക്കാറില്ല. അതാണ്‌ ബ്ലോഗിന്റെ ഒരു മെച്ചം എന്നു ഞാൻ കാണുന്നു. നമ്മളൊക്കെത്തമ്മിൽ സംഭവിക്കുന്ന ഒരുതരം കൊളുത്തിപ്പിടുത്തം. എനിക്ക് പ്രിയപ്പെട്ട എഴുത്തകാരല്ലാതെ പ്രശസ്തരായ മറ്റാരെങ്കിലുമായിരുന്നു ഈ കഥ എഴുതിയിരുന്നതെങ്കിൽപോലും ആദ്യഭാഗത്തെ ആദ്യ വായനയോടെ ഞാനീ കഥ ഉപേക്ഷിക്കുമായിരുന്നു. കാരണം ഒന്നുരണ്ടു വായനയിലൊന്നും കഥാപാത്രങ്ങളെ എനിക്ക് പിടി കിട്ടിയിരുന്നില്ല. അല്പം ലളിതമായ കഥകൾ തന്നെയാണ്‌ എനിക്കിഷ്ടം എന്ന എന്റെ കുറവായിരിക്കാം.

    നല്ലൊരു ഭാവനയെ അല്പം കടുപ്പിച്ചു പറഞ്ഞെങ്കിലും വായന പൂർത്തിയായപ്പോൾ നല്ല സന്തോഷം.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി റാംജിയേട്ടാ. പതിമൂന്നുകാരനും നാലു വയസ്സുകാരിയും ആവർത്തിച്ചത് അശ്രദ്ധ മൂലമാണ്. തിരുത്തിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  19. തുടക്കത്തിലെ അസ്പഷ്ടത്തിന്റെ വിശദീകരണം ഇഷ്ടമായി. കുറ്റബോധം തോന്നിപ്പിക്കുന്ന രംഗങ്ങളുടെ ആവിഷക്കാരവും ഇഷ്ടമായി. അച്ഛനും മകനും പറ്റിയ തെറ്റിലെ സാമ്യത ഒരു അഭംഗി വരുത്തിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  20. പൈതൃകം പകരുന്നത് നന്മകള് മാത്രമല്ലെന്നും ചില വൈകൃതങ്ങള് കൂടി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ഈ കഥ തീ൪ച്ചയായും രണ്ടാംവായനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  21. പൈതൃകം പകരുന്നത് നന്മകള് മാത്രമല്ലെന്നും ചില വൈകൃതങ്ങള് കൂടി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ഈ കഥ തീ൪ച്ചയായും രണ്ടാംവായനയ്ക്ക് പ്രേരിപ്പിക്കുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  22. ചില വൈകൃതങ്ങൾ അങ്ങിനെ
    പൈതൃകം മൂലവും പകർന്നു വരാം അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ