ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

വര്‍ഗ്ഗം

വര്‍ഗ്ഗം
വരൂ, നമുക്ക് വഴിയരികില്‍ ചെന്ന് രാപ്പാര്‍ക്കാം
അവിടുത്തെ വിളക്കുകള്‍ പൊലിഞ്ഞോ എന്നു നോക്കാം.
അതാ,അവിടെയുള്ള ഭീമന്‍പൈപ്പാണു
നമ്മുടെ മണിയറ.
ദുര്‍ഗന്ധപൂരിതമെന്നു ദുഖിക്കേണ്ട:
ചെളിക്കും ചില്ലുകള്‍ക്കും മീതെ കട്ടിക്കടലാസ് പൂമെത്ത.
കുനിഞ്ഞു നമ്രമുഖിയായ് നീ മണിയറയില്‍ പ്രവേശിക്കുമ്പോള്‍
ഞാന്‍ നീണ്ടു നിവര്‍ന്നു മരിച്ചു കിടക്കുകയായിരിക്കും.
നിന്‍ വിരല്‍പൂക്കള്‍ എന്‍ മൃതസഞ്ജീവനി.
കുനിഞ്ഞിരുന്നു കാറ്റിനെക്കാള്‍ വേഗതയോടെ
നിന്നെ ഞാന്‍ നഗ്നയാക്കുമ്പൊള്‍
വണ്ടി വെളിച്ചങ്ങളുടെ വെള്ളിവാളുകള്‍
നിന്റെ പൂമേനിയില്‍ മുറിവുകളേല്പ്പിച്ചാല്‍
നീ ഭയപ്പെടരുത്:
നിന്നെ ആശ്വസിപ്പിക്കാന്‍,
അമ്മ കൊണ്ടുവച്ചിരിക്കുന്ന പട്ടച്ചാരായത്തിന്റെ
പകുതി നിനക്കു ഞാന്‍ തരും.
നീ ഒട്ടും ഭയപ്പെടേണ്ട;
ആദ്യരാത്രി, നിന്നില്‍ വിശുദ്ധിയുടെ
അടയാളങ്ങള്‍ തേടി ഞാന്‍ വിവശനാവുകയില്ല.
ഉണ്ടെങ്കിലും ഇല്ലെങ്കിലും
എന്റെ മര്‍ദ്ദനങ്ങള്‍ നിനക്കുള്ളതു തന്നെ.
ഒരു മുഴുപ്പട്ടിണിക്കാരന്റെ ആര്‍ത്തിയോടെ
നിന്റെ ശരീരം ഞാന്‍ പങ്കിട്ടെടുക്കുമ്പോള്‍
ഒരു ഒരു പട്ടിയിങ്ങോട്ടു വന്നാല്‍
നീ ഞെട്ടരുത് -
ഇതു അവന്റെ സ്ഥലമായിരുന്നു.
അവന്‍ മാന്യനാണ്‌
(എനിക്കു ശേഷം ഊഴം ചോദിക്കുന്ന പോലീസുകാരനെപ്പോലെയല്ല )
ദയവായ്പ്പോടെ ഒന്നു പുഞ്ചിരിച്ച് അവന്‍ തിരിച്ചുപൊയ്ക്കൊള്ളും.
ഇതൊക്കെയാണെങ്കിലും,സത്യം, ഞാനിതാ വാഗ്ദാനം നല്‍കുന്നു:
ലഹരിയുടെ ഓളങ്ങളടങ്ങി കരക്കടിഞ്ഞാല്‍
ഇരന്നും മോഷ്ടിച്ചും പണിയെടുത്തും നേടിയ
എന്റെ അപ്പത്തിന്റെ പകുതി,
എന്റെ വീഞ്ഞിന്റെ പകുതി,
നിനക്കു ഞാന്‍ തരും.
നിന്റെ മുറിവുകളില്‍ എന്റെ കണ്ണീരുപ്പു തലോടും.
ഒരു ചുംബനത്തിന്റെ വിശുദ്ധിയിലലിഞ്ഞ്
നാം അര്‍ദ്ധനാരീശ്വരന്‍മാരാവും.
പക്ഷെ, ഒരു മയക്കത്തിനു ശേഷം നീ എന്നെ തപ്പിനോക്കരുത്;
'എവിടെപ്പോയി ' എന്നാകുലപ്പെടരുത്.
കാനേഷുമാരിയുടെ കണക്കുകളില്‍ ഇടമില്ലാത്തവര്‍ക്ക്
എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും അപ്രത്യക്ഷമാകാനുള്ള
അത്ഭുതസിദ്ധിയുണ്ടെന്നോര്‍ക്കുക.
അഥവാ, അതു വിഴുങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍,
ഞാന്‍ എന്റെ പണിക്കിറങ്ങിയെന്ന് മനസ്സിലാക്കുക.
പുലര്‍ച്ചെ ക്ഷീണിതയായി എണീക്കുമ്പൊള്‍
എല്ലാം തട്ടിപ്പറിച്ച് നിന്നെ വഴിയില്‍ തള്ളിയ
പുതിയ ലോകത്തിന്റെ മുഖത്ത് കാറിത്തുപ്പി,
ഒരുഗ്രന്‍ പച്ചത്തെറിയോടെ നീ സൂര്യനെ വരവേല്‍ക്കണം.
ഓര്‍ക്കുക,അപ്പോള്‍ മാത്രമാണ്‌
എന്റെ വര്‍ഗ്ഗത്തിലേക്ക് നിനക്കംഗത്വം ലഭിക്കുക.

17 അഭിപ്രായങ്ങൾ:

 1. valare nalla kavitha... athi manoharamaayi avatharippichirikkunnu congrats

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍... എന്തിനോടൊക്കെയോ ഉള്ള ദേഷ്യം വരികളില്‍ ഉണ്ടോ.. ചിലപ്പോള്‍ എനിക്ക് തോന്നിയതാകാം..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദേഷ്യം, അമർഷം, സങ്കടം എല്ലാമുണ്ട് ജെഫു

   ഇല്ലാതാക്കൂ
 3. ഭൂമി യഥാവിധി പുനര്‍വിതരണം ചെയ്യപ്പെടണം.
  ശുദ്ധ ജലം ലോക നീതിയാല്‍ സര്‍വ്വര്‍ക്കും അവകാശപ്പെട്ടത്. അതനുവദിക്കണം.
  ഭക്ഷ്യ സുരക്ഷയില്‍ ഒരു ഡസന്‍ കാനേഷുമാരികളെ ഉള്ചേര്‍ക്കണം. കാരണം, ഇന്നും ഇന്നലെയും മിനിയാന്നും കഴിഞ്ഞ കൊല്ലവും എന്തിനു ജനിച്ച അന്നു മുതലേ പട്ടിണിയിലാണ്.
  കിടക്കാനുള്ള ഒരിടം കെട്ടി കൊടുക്കണം.
  തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കണം.
  മക്കളെ.. സാര്‍വ്വത്രിക സൌജന്യ വിദ്യാഭ്യാസത്തിന്റെ ഔദാര്യത്തിലേക്ക് അടുപ്പിക്കണം.
  ആതുരാലയങ്ങളെ ആതുരതക്ക് അറുതി വരുത്തുന്ന ഇടമാക്കി പകരം സമ്മാനിക്കണം.
  ഏയ്.. ജന ഹിതത്തിന്റെ രക്തമൂറ്റി കൊഴുത്ത ദുര്ഭൂതമേ.. അന്യന്റെ അവകാശങ്ങളെ വിലക്കിയും നിഷേധിച്ചു നേടിയെടുത്ത സുഖാലസ്യത്തില്‍ തമ്പുരാക്കന്മാര്‍ പള്ളിയുറക്കം തുടരുമ്പോള്‍ നിന്റെ നെഞ്ചത്ത്‌ ചവിട്ടി മനുഷ്യനെന്ന് ഘോഷിക്കും നാളിലേക്ക് ഇനിയധിക ദൂരമില്ലാ... !!!

  സുഹൃത്തേ.,.,.
  റെഡ് സെല്യൂട്ട്‌.

  മറുപടിഇല്ലാതാക്കൂ
 4. സുഹൃത്തെ... നന്ദി.
  ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് 'മരിച്ച' പാവങ്ങളെ ഓര്‍ത്തതിന്.
  താങ്കളിലെ നല്ല മനുഷ്യനിരിക്കട്ടെ.. ഇന്നത്തെ എന്റെ 'സ്നേഹ' സലാം .

  മറുപടിഇല്ലാതാക്കൂ
 5. ആദ്യമായാണ് വിഡ്ഢിയെന്ന് സ്വയം പ്രഖ്യാപിച്ച് നമ്മുടെ കാലം കെട്ടിയാടുന്ന വിഡ്ഢിവേഷങ്ങളെ മുഴുവന്‍ പരിഹാസ്യരാക്കുന്ന താങ്കളെ വായിക്കുന്നത്....

  ശക്തമാണ് സുഹൃത്തെ താങ്കളുടെ തൂലിക.... മുന്നോട്ടു പോവുക. എല്ലാ ഭാവുകങ്ങളും...

  മറുപടിഇല്ലാതാക്കൂ
 6. വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ച്ചയിലേക്കൊരു വിരല്‍ ചൂണ്ടല്‍ .നന്നായി.അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 7. നന്നായിരിക്കുന്നൂ വിഡ്ഢീ. നല്ല രചന,ആശയം. ആരോടൊക്കെയോ ഉള്ള അമർഷം വാക്കുകളിൽ പതഞ്ഞുപൊന്തിയിരിക്കുന്നു. ചിലപ്പോൾ എനിക്ക് തോന്നിയതാകാം. എനിക്ക് തോന്നിയ മറ്റൊരു സത്യം ഞാൻ പറയട്ടെ. ആ തെരുവിലേക് പോരുമ്പോൾ അമ്മ കൊടുത്തയച്ചതാണോ 'ആ' പട്ടച്ചാരായം. ക്ഷമിക്കുക ഈ കോമഡിക്ക് ട്ടോ. ഞാനിങ്ങനെയായിപ്പോയി. എന്തു കാര്യത്തിലും ഒരു ഹാസ്യം കാണാൻ ശ്രമിക്കും. നല്ല ആശയം, പ്രതിഷേധം ഇനിയും ഉച്ചത്തിൽ ഉയരട്ടെ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തെരുവിലേക്ക് വിരുന്നുപോയതല്ല മണ്ടൂസാ, അവിടെയാണ് ജീവിതം..

   ഇല്ലാതാക്കൂ
 8. ദൈവമേ...എന്തൊക്കെ കാണണം ..കേള്‍ക്കണം ...അക്ഷരതെറ്റുകള്‍ പതിവില്ലാത്തവിധം .പക്ഷെ ആശയം നല്ലത് .വരികള്‍ക്ക് നല്ല മൂര്‍ച്ച .സന്ധിയാകാന്‍ കഴിയാത്ത കാര്യങ്ങളോടുള്ള പ്രതിഷേധം അക്ഷരങ്ങളാല്‍ തീര്‍ക്കാം അല്ലെ?

  മറുപടിഇല്ലാതാക്കൂ