ശനിയാഴ്‌ച, സെപ്റ്റംബർ 05, 2009

ഇസബെല്ല

ഇസബെല്ല

വീണ്ടും ശരത്കാലം.
കുന്നി്ന്‍ മുകളിലെ രാത്രിസത്രത്തില്‍
നമ്മള്‍.

ചൂടുപിടിപ്പിച്ച മുറിയില്‍
നിന്റെ നഗ്നതയുടെ നിലാവ്.

നിന്റെ ശരീരം
മഞ്ഞിനെക്കാള്‍ കുളിരുന്നതും
അഗ്നിയെക്കാള്‍ പൊള്ളുന്നതും.

നീയും ഞാനും
പരസ്പരം ചൂടുപകര്‍ന്ന്
ഉരുകിയസ്തമിക്കുന്ന രണ്ടു മഞ്ഞുകട്ടകളാണ്.

പുലര്‍ച്ചെ ,
മഞ്ഞു വീണ ഇടവഴികളിലൂടെ
നാം നടന്നു പോകുന്നു.

ഒറ്റമരത്തിലെ
കൊഴിഞ്ഞു പോകാറായ ഇല
ഒരു തണുത്ത കാറ്റിനുവേണ്ടി കാത്തിരിക്കുന്നു.

ചിറകൊടിഞ്ഞേകാകിയായ ദേശാടനപക്ഷി
വിരഹഗാനം പാടുന്നു.

പുല്‍തുമ്പിലെ മഞ്ഞിന്‍കണത്തിലും
നിന്റെ കണ്ണുനീര്‍തുള്ളിയിലും
തണുത്ത സൂര്യന്‍ തിളങ്ങുന്നു.

മരിച്ചുറഞ്ഞ തടാകത്തിലൂടെ
എന്റെ കളിവഞ്ചി
നിന്നില്‍നിന്നകന്നു പോകുന്നു.

ഇസബെല്ല,പ്രിയപ്പെട്ടവളെ,വിട;
അടുത്ത ശരത്കാലം വരേയ്ക്കും.

-----------------------------

ഇസബെല്ല എന്ന ചലച്ചിത്രത്തോടു കടപ്പാട്.

3 അഭിപ്രായങ്ങൾ: