ശനിയാഴ്‌ച, ഒക്‌ടോബർ 16, 2010

പ്രണയവും ഗണിതവും

പ്രണയവും ഗണിതവും


ആത്മപ്രണയം ഒരു ബിന്ദുവായി കണക്കാക്കാം.
ആദിയും മദ്ധ്യവും അന്ത്യവും അതില്‍ തന്നെ.
പ്രണയം ഏകപക്ഷീയമാകുമ്പോള്‍
അതൊരു രശ്മിയാണ്.
ഒരു ബിന്ദുവില്‍ നിന്നാരംഭിച്ച് അനന്തതയിലേക്ക് നീണ്ടു പോകുന്നു.
രണ്ടുപേര്‍ തമ്മിലാവുമ്പോള്‍ പ്രണയം ഒരു രേഖാഖണ്ഡമാകുന്നു.
രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരിക്കലും മുറിയാത്ത ബന്ധം.
'എ' 'ബി'യേയും 'ബി' 'സി' യേയും
'സി' 'എ' യേയും പ്രണയിക്കുമ്പോള്‍
ത്രികോണങ്ങളെക്കുറിച്ച് പഠിക്കാം.
പ്രണയതീവ്രതയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്
സമപാര്‍ശ്വ, സമഭുജ, സമശീര്‍ഷ ത്രികോണങ്ങള്‍ നിര്‍മ്മിക്കാം.
മട്ടത്രികോണമെങ്കില്‍ ത്രികോണമിതി അംശബന്ധങ്ങള്‍ പഠിക്കാം.
പ്രണയസ്വപ്നങ്ങളുമായി 'ഡി'യും 'ഇ'യും 'എഫു'മൊക്കെ
ഇടയില്‍ കയറുന്നതോടെ
ബഹിര്‍ഭുജങ്ങളെ കുറിച്ചും പഠനമെളുപ്പമാകും.
പക്ഷെ, വളരെ മുന്‍പെന്നോ എയ്തുവിട്ട പ്രണയം
ഭൂഖണ്ഡങ്ങളും മഹാസ്മുദ്രങ്ങളും താണ്ടി വന്ന്
വീണ്ടും കുളിര്‍സ്പര്‍ശം പകരുമ്പോള്‍
ഗണിതം ഒരു വൃത്തമായ് വന്ന്
എന്നെ അത്ഭുതപ്പെടുത്തുന്നു.
ഈ വിശ്വവൃത്തത്തിന്റെ ആരമളന്ന്‍
ഭൂമിയില്‍,പ്രണയത്തിന്റെ ആഴവും പരപ്പും
ഗണിച്ചെടുക്കാമെന്ന് കണക്കു കൂട്ടുമ്പോള്‍
അസംഖ്യം വൃത്തങ്ങളും ദീര്‍ഘവൃത്തങ്ങളും ഉള്‍ച്ചേര്‍ന്ന
ഒരു സങ്കീര്‍ണ്ണനിര്‍മ്മിതിയാണ് ഭൂമിയെന്ന് അവള്‍ ചെവിയില്‍ നുള്ളുന്നു.

ഒന്നുമൊന്നും ചേര്‍ന്ന് 'ഇമ്മിണി ബെല്യ ഒന്നെന്ന്'* പ്രണയസങ്കലനം
അറിയാത്ത മാഷ്
പഠിക്കാതിരുന്നത് ബൂളിയന്‍ബീജഗണിതത്തിന്റെ ആധാരമെന്ന്
ഗണിതം കണ്ണുനീരൊഴുക്കുന്നു.

പക്ഷെ,ക്ലാസ്സ് മുറിയിലെ കറുത്ത പലകയില്‍ വെളുത്ത സമവാക്യങ്ങള്‍ വിടരുമ്പോള്‍
പുറകില്‍ കൈമാറിയ ദീര്‍ഘചതുരഹൃദയം കണ്ട്
പ്രണയം വീണ്ടും പുഞ്ചിരിക്കുന്നു :
" Without mathematics, world is a big Zero !"
----------------------------------------------------
*വൈക്കം മുഹമ്മദ് ബഷീര്‍ - ബാല്യകാലസഖി.


വ്യാഴാഴ്‌ച, ജൂലൈ 29, 2010

നാം.



നാം.

ആനമയിലൊട്ടകം കളിച്ചിരുന്നപ്പോൾ
നിലവിലുണ്ടായിരുന്നത് ബാര്‍ട്ടർ സമ്പ്രദായമായിരുന്നു.
അമ്പഴങ്ങയ്ക്കു പകരം വെളുത്ത പെന്‍സിൽ തുണ്ടുകൾ
ആകാശം കാണാതെ സൂക്ഷിച്ച മയില്‍‌പീലിനാരിനു പകരം
ഉപ്പിലിട്ട കണ്ണിമാങ്ങ.
പക്ഷെ പരന്നൊട്ടിയ വയറിലേക്കു പകുത്ത
പഴങ്കഞ്ഞിയ്ക്കു പകരം നല്‍കിയത് ഹൃദയമായിരുന്നു.

മാന്ത്രികരായിരുന്നു ഏവരും.
ചുണ്ടുകൾ വേഗം നിയന്ത്രിച്ചിരുന്ന വണ്ടികൾ
നിമിഷാര്‍ദ്ധത്തിൽ ലോറിയായും കാറായും തീവണ്ടിയായും
രൂപമാറ്റം വരുത്താന്‍ കഴിവുള്ളവർ.
ഒരേ ബഞ്ചിന്റെ രണ്ടറ്റത്തിരുന്ന്
വിപരീത ദിശകളില്‍ ബസ്സോടിച്ചിരുന്ന ജാലവിദ്യക്കാർ.
പക്ഷെ മണ്‍തരികളെ മനം പോലെ ഭക്ഷണമാക്കാനുള്ള
മന്ത്രവിദ്യമാത്രമറിയാതെ
വിശന്നു തളര്‍ന്നുറങ്ങിയവർ.
ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളും
കേന്ദ്രബാങ്കിന്റെ നിബന്ധനകളും തള്ളിക്കളഞ്ഞ്
ആര്‍ക്കുമെപ്പോഴും പറിച്ചെടുക്കാവുന്ന
'പച്ചനോട്ടുകൾ' കൊണ്ടു കണക്കുകൾ തീര്‍ത്തവർ.
പക്ഷെ മുതിര്‍ന്നവരുടെ സാമ്രാജ്യങ്ങളുമായി
നാണയകൈമാറ്റവ്യവസ്ഥ നിലവില്ലാതിരുന്നതുകൊണ്ടു മാത്രം
മിഠായി ഭരണികളിലേക്ക് ഒടുങ്ങാത്ത നെടുവീര്‍പ്പുകൾ
മാത്രമയക്കാന്‍ വിധിക്കപ്പെട്ടവർ.

മണ്ണെണ്ണപ്പാട്ടയുടെയും ഓലപീപ്പിയുടെയും
അകമ്പടിയിൽ സംഗീതവിരുന്നുകളൊരുക്കി ലോകത്തെ ഞെട്ടിച്ചവസാനം
പാടത്തെ ആറ്റക്കിളികളെ സംഗീതമഭ്യസിപ്പിക്കാൻ
സ്ഥിരം ക്ഷണിതാക്കളായവർ.
പക്ഷെ തോളിലൂടെ കൈയ്യിട്ടിരുന്ന് ആയത്തിൽ പാട്ടുകൾ പാടിയപ്പോൾ
കൈകൾ കോര്‍ത്തത് കരളുകൾ തമ്മിലായിരുന്നു.

മരണവീടുകളിൽ ഇരുട്ടത്തിരുന്ന്
പ്രേതകഥകൾ വിളമ്പി കേൾവിക്കാരെ
വിറപ്പിച്ചിരുന്ന ബ്രാം സ്റ്റോക്കര്‍മാർ
പക്ഷെ നേരിയ നിലാവിൽ
അകലെ വെറുതെയൊന്ന് മിന്നിമറഞ്ഞ നിലാവൊളി കണ്ട്
ആദ്യമായി കൂട്ടിയിടിച്ച മുട്ടുകൾ കഥ പറച്ചിലുകാരന്റേതായിരുന്നു.

കണ്ണാടിച്ചില്ലിൽ നിന്ന് ചിതറിയ സൂര്യ വെളിച്ചം
വെള്ളം നിറച്ച ബള്‍ബിനിപ്പൂറം ചിത്രഫലകത്തിലേക്ക് പടര്‍ത്തി
ചുമരിൽ വര്‍ണ്ണവിസ്മയങ്ങൾ തീര്‍ത്ത ശാസ്‌ത്രവിശാരദർ.
പക്ഷെ 'യുറേക്ക ' എന്ന് ഉടുതുണിയില്ലാതെ കരഞ്ഞുവിളിച്ചോടിയത്
നിശബ്ദമായി കരയിൽ തമ്പിട്ടുനിന്ന
ജലക്രീഢാവിരോധികളുടെ പിന്നിലൊളിപ്പിച്ചു പിടിച്ച
ചൂരല്‍വടികൾ കണ്ടുപിടിച്ചതു കൊണ്ടായിരുന്നു.

കാലാവസ്ഥാമുന്നറിയിപ്പുകൾ പുല്ലുപോലെ അവഗണിച്ച്
പടിഞ്ഞാറെ തോട്ടിൽ പിണ്ടിച്ചങ്ങാടത്തിലുരുന്ന്
സധൈര്യം മല്‍സ്യബന്ധനം നടത്തിയവർ.
പക്ഷെ കിട്ടിയ ചെറുമീനുകളെക്കാൾ
ചൂണ്ടയിൽ നിന്ന് ആരും കാണാതെ വഴുതിപ്പോയ
മീനിന് എന്നും ആനയോളമായിരുന്നു വലിപ്പം.

കള്ളനും പോലീസും കളിച്ചവസാനം
കള്ളന്‍, കള്ളന്‍ ജയനേയും
പോലീസ്, പോലീസ് ജയനേയും
മനസ്സിലോര്‍ത്ത്
പൂഴിമണ്ണിൽ 'റ്റിഷ്യൂം റ്റിഷ്യും' കൊമ്പുകൾ കോര്‍ത്തവർ.
പക്ഷെ നിലം പതിച്ച കള്ളന്റെ നിലവിളി നിര്‍ത്താൻ
കൈക്കൂലി കൊടുത്തു തോറ്റത് പോലീസുകാരനായിരുന്നു.

മീശ കുരുത്തപ്പോൾ
സോഷ്യലിസം നിലവിൽ വന്നു.

സ്ക്കൂളിനടുത്ത് താമസത്തിനെത്തിയ രാജകുമാരിയെ
പ്രേമിക്കാന്‍ തുല്യാവകാശമായിരുന്നു.
ഇടവഴികളിലെ പ്രണയാകമ്പടികള്‍ക്ക്
വിളക്കുകാലുകളായി നിന്ന് അടയാളവെളിച്ചങ്ങൾ
തെളിച്ചിരുന്നത് ഊഴമിട്ടായിരുന്നു.
പൊടുന്നനെയൊരു ദിനം
അവള്‍ മറ്റെങ്ങോ താമസം മാറിയപ്പോൾ
അവള്‍ക്കെഴുതിയ പ്രേമലേഖനത്തിൽ
ഏവരുടേയും ഹൃദയരക്തം കലര്‍ന്നിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുമര്‍പൊത്തുകളിൽ
പമ്മനും പി. അയ്യനേത്തും മടക്കുപുസ്തകങ്ങളും
വിശ്രമമില്ലാത്ത പൊതുസ്വത്തായിരുന്നു.
ഇരുളിൽ, ഓലമേഞ്ഞ ടാക്കീസിൽ
തടിച്ച നടി നീലനീരാട്ട് തുടങ്ങിയപ്പോൾ
നെഞ്ചിടിപ്പുകളുടെ താളം മുറുകിയത്
ഒരേ വേഗത്തിലായിരുന്നു.
ദൈവങ്ങളല്ലാതിരുന്നതുകൊണ്ടു മാത്രം
മരക്കൊമ്പിനു പകരം ഇരിപ്പിടങ്ങളൊരുക്കിയത്
പെണ്‍കുളിക്കടവിലെ പൊന്തക്കാടുകളിലായിരുന്നു.
നാട്ടിലെ പെണ്‍ഭൂമിശാസ്‌ത്രങ്ങൾ അളന്നും
ചര്‍ച്ച ചെയ്തും കലുങ്കിലിരിക്കുമ്പോൾ
വായൂവേഗത്തിലോടാന്‍ പരിശീലനം പകര്‍ന്നത്
വളവു തിരിഞ്ഞ് പലപ്പോഴും പാഞ്ഞെത്താറുള്ള
പോലീസ് വാഹനങ്ങളായിരുന്നു.

രാത്രിസ്വപ്നങ്ങളിൽ വീണുകിട്ടിയ പെണ്ണിനെപ്പോലും
പാണ്ഡവരെപ്പോലെ പങ്കിട്ടെടുത്തവർ
ഓഹരിയുടമകളായി അവകാശവാദമുന്നയിച്ചിരുന്നത്
അവസാനത്തെ ബീഡിപ്പുകയ്ക്കു മാത്രമായിരുന്നു.
വീട്ടിലെ തീവ്രവിപ്ലവകാരികൾ
ചെങ്കൊടിയേന്തി നെഞ്ചുവിരിച്ചാഞ്ഞു നടക്കുമ്പോൾ
മുന്‍പിൽ ചട്ടിതൊപ്പിയും മുളവടിയും കണ്ടാൽ
നൊടിയിൽ പിന്‍നിരയിലെത്താനുള്ള ജാലവിദ്യ പഠിച്ചവരായിരുന്നു.
മരനീരടിച്ച് കാവടിയിൽ
തകില്‍താളത്തിൽ തകര്‍ത്താടിയവർ
പക്ഷെ, പഠന,പ്രാരാബ്ദങ്ങളായ് പലവഴി പിരിഞ്ഞന്ന്
കുടിച്ച് തീര്‍ത്തത് ഒരു കുടം കണ്ണുനീരായിരുന്നു.

പക്ഷെ,
'നീ ഞാന്‍ തന്നെ'യെന്ന് കരഞ്ഞുകൈപിടിച്ചകവര്‍ന്നവർ
വല്ലപ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോൾ
പഴയ കിട്ടാക്കടങ്ങളുടെ കണക്കുകൾ ഓര്‍മ്മപ്പെടുത്തുമെന്ന് ഭയപ്പെട്ട്
തിടുക്കത്തിലൊരു കുശലാന്വേഷണം നടത്താന്‍ മാത്രം
പഠിച്ചു കഴിഞ്ഞിരുന്നു.
--------------------------------------------------------------------
മണികണ്ഠന്‍,
എല്ലാ കൊള്ളരുതായ്മകളിൽ നിന്നും
സൗമ്യമായി പുഞ്ചിരിച്ച് നീ അകന്നു നിന്നിട്ടേയുള്ളു.
ഞങ്ങളുയര്‍ത്തിയ വീരവാദങ്ങളള്‍ക്കിടയിൽ
'നിങ്ങൾ ചെയ്തത് തെറ്റായിരുന്നു' എന്ന് മൗനം കൊണ്ട്
വിളിച്ചു പറഞ്ഞത് നീ മാത്രമായിരുന്നു.
പക്ഷെ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ?
'ആ പഴയ സുഹൃത്തില്ലേ, മണികണ്ഠന്‍....'
എന്ന് കൂട്ടുകാരി ഫോണിലൂടെ പറയാന്‍ തുടങ്ങിയപ്പോൾ
നിന്റെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി.
പക്ഷെ അവൾ പറഞ്ഞത് നിന്റെ ശൂന്യതയെക്കുറിച്ചാണ്.
'വരുന്നില്ല' എന്നാണു ഞാനാദ്യം പറഞ്ഞതെങ്കിലും
പറഞ്ഞുതീരാത്ത പഴയ സ്നേഹക്കടങ്ങൾ
എനിക്കിരിക്കപ്പൊറുതി തന്നില്ല.

ഞാനറിഞ്ഞിരുന്നില്ല മണികണ്ഠന്‍,
വിരല്‍ത്തുമ്പുകൊണ്ടു നേടിയ ഭൂലോകസൗഹൃദങ്ങളുമായി
ഞാന്‍ സല്ലപിക്കുമ്പോൾ
കുറച്ചപ്പുറത്ത്,
സര്‍ക്കാരുശുപത്രിയുടെ വിളറിയ ചുമരുകള്‍ക്കുള്ളിൽ
ഹൃദയം പകര്‍ന്ന് ഹൃദയം നേടിയവൻ
മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന്.
നിന്റെ രോഗത്തിന് മരുന്നുകളില്ലായിരിക്കാം.
പക്ഷെ അല്‍പ്പനേരത്തേക്കെങ്കിലും
വ്യാധിയുടെ കൂര്‍ത്ത മുള്ളുകൾ വകഞ്ഞു മാറ്റി,
കൈകൾ കോര്‍ത്ത്,
നമുക്കാ പഴയ മാമ്പഴക്കാലത്തേക്ക് പറന്നുപോകാമായിരുന്നു.

പക്ഷെ, പിഴുതെറിഞ്ഞ പൂമരം പോലെ ചലനമറ്റ് വാടിയെങ്കിലും
മുഖത്ത് യാതൊരു പരിഭവങ്ങളുമില്ലാതെ
ആ പഴയ സൗമ്യമായ പുഞ്ചിരിയോടെ
നീയെന്നെ വരവേറ്റു.
അപ്പോളാളിവന്ന ഒരു തേങ്ങൽ
ഇപ്പോഴുമെന്നുള്ളിൽ
അടങ്ങാതെ കിടപ്പുണ്ട്.

വേറൊരു സ്വര്‍ലോകം മറ്റെവിടെ പണിതീര്‍ത്താലും
ഇനിയും നിന്റെ ദൈവത്തോടെനിക്കു സന്ധി ചെയ്യുക വയ്യ ‍.

നീ കാണുന്നുണ്ടാവും -
നമ്മുടെ കളിസ്ഥലങ്ങളിൽ ചുമരുകളയുര്‍ന്നിരിക്കുന്നു
നമ്മുടെ പുഴ വറ്റിയമര്‍ന്നിരിക്കുന്നു.
നമ്മുടെ കുന്നിന്‍പുറങ്ങൾ തച്ചുതകര്‍ത്തിരിക്കുന്നു.
നമ്മുടെ തണല്‍മരങ്ങൾ വെട്ടിവെളുത്തിരിക്കുന്നു.
എവിടെയിരുന്നാണ്
മുടി ചുരുണ്ടു നീണ്ട ഏതൊ ഒരു വധുവിനായി
നീ പണിതീര്‍ത്ത സ്വര്‍ണ്ണമാല്യത്തെക്കുറിച്ച്,
സൗമ്യലളിതമായിരുന്ന നിന്റെ സ്വപ്നങ്ങളെക്കുറിച്ച്,
ഹൃദയം നുറുങ്ങിയ വരികൾ
കടം തീരാത്ത കണ്ണീർ കൊണ്ട് ഞാനെഴുതി തീര്‍ക്കേണ്ടത്..

തിങ്കളാഴ്‌ച, മേയ് 31, 2010

ഋതുസംഗമം.

ഋതുസംഗമം.

വറുതിയുടെ കൊടുംചൂടില്‍
ക്ഷീണിച്ച്, ശുഷ്ക്കിച്ച്,
കണ്ണീര്‍ഞരമ്പുകള്‍ പോലും വറ്റി,
ഏകാകിനിയായ്, വിരഹനൊമ്പരത്തോടെ,
നീ കാത്തിരിക്കുകയാണെന്ന് ഞാനറിയുന്നു.

നരച്ചുണങ്ങിക്കീറിയ ഉടയാടകള്‍ വാരിച്ചുറ്റി,
ഒരു ഭ്രാന്തിയെപ്പോലെ,
വഴിക്കണ്ണുമായ് അവനെ മാത്രം കാത്തിരിക്കുകയാണെന്ന്
ഞാനറിയുന്നു.

ഇപ്പോള്‍ നിന്റെ ശ്വാസചലനങ്ങള്‍ പോലും
എന്നെ പിടിച്ചുലയ്ക്കുന്ന ചുടുകാറ്റുകളാണ്.

ഒടുവിലാദിനം -
ആകാശവീഥിയിലാദ്യം പ്രത്യക്ഷപ്പെടുക
അവന്റെ രഥം വലിക്കുന്ന കറുത്ത കുതിരകളാണ്.
അനന്തരം, ചിത്രവെളിച്ചങ്ങള്‍ മിന്നിതെളിയുമ്പോള്‍,
താളമേളങ്ങളും പെരുമ്പറകളും മുഴങ്ങുമ്പോള്‍,
ഒരു സീല്‍ക്കാരത്തോടെ പറന്നിറങ്ങി,
ഒരു ധീരനായകനെപ്പോലെ,
 പുണരാനുയര്‍ന്ന പൂവാലധൂളികളെ
നിമിഷാര്‍ദ്ധത്തിലടിച്ചൊതുക്കി
അവന്‍ നിന്നെ ആപാദചൂഡം പുണരുമ്പോള്‍
നീ സാമോദം വിതുമ്പുന്നു.

നിന്നില്‍ പെയ്തിറങ്ങുമ്പോള്‍
അവന് എന്റെ ഹൃദയതാളമായിരിക്കും.

കരഞ്ഞും ചിരിച്ചും
പരിരംഭണം ചെയ്തും പരിഭവിച്ചും
നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
ചില്ലുജാലകത്തിനിപ്പുറമിരുന്ന്
അവന്‍ പ്രണയമായ് പെയ്തിറങ്ങുന്നത്
എനിക്കു കാണണം.

കണ്ണുകളടച്ചിരുന്ന്,
നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
അവന്റെ കേളീതാളം മുറുകുന്നത്,
എനിക്കു കേള്‍ക്കണം.

സുഖകരമായ ആദ്യരതിക്കു ശേഷം,
ഇളംതണുപ്പില്‍ ആലസ്യമാര്‍ന്ന് മയങ്ങുമ്പോള്‍
നിന്നില്‍
സംതൃപ്തിയുടെ സ്വേദബിന്ദുക്കള്‍,
അവന്‍ കോറിയിട്ട
രാഗം കിനിയുന്ന നഖക്ഷതങ്ങള്‍
നിലാവില്‍ തിളങ്ങുന്നത്
എനിക്കു കാണണം.

ഇപ്പോള്‍ എന്റെ സ്നേഹാശ്രുപൂക്കള്‍
അവന് ഞാന്‍ ഹൃദയപൂര്‍വ്വം
സമര്‍പ്പിച്ച നിര്‍മ്മാല്യമാണ്.

ചൊവ്വാഴ്ച, മേയ് 11, 2010

ശലഭ പത്രങ്ങളിലെ കാറ്റ്

ശലഭ പത്രങ്ങളിലെ കാറ്റ്

'അവസാനിപ്പിക്കാം' എന്നന്നു നീ ഗര്‍ജ്ജിച്ചപ്പോള്‍

ഇടിഞ്ഞുവീണത് ഞാനുയര്‍ത്തിയ ആകാശഗോപുരങ്ങളായിരുന്നു.

എന്റെ പ്രണയാക്ഷരങ്ങളുടെ ചാരം ചിതയിലൊഴുക്കി

 നീ ആവശ്യപ്പെട്ടത്

നിന്റെ പ്രണയത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തിരികെ തരാനായിരുന്നു.

വരികളൊന്നൊഴിയാതെ ഇടനെഞ്ചിലേക്കു പകര്‍ത്തിയിരുന്നതിനാല്‍

ഞാനതെല്ലാം നിസ്സംശയം തിരികെ തന്നു.

നീയകട്ടെ, നിസ്സങ്കോചം ആ ജീവാക്ഷരങ്ങള്‍ക്കും തീ പടര്‍ത്തി.


മൂന്നാമതായി നീ ആവശ്യപ്പെട്ടത്

നിന്നെയെന്‍ മനസ്സില്‍ നിന്നും പറിച്ചെറിയാനായിരുന്നു.

എന്നില്‍നിന്നെന്നെ പറിച്ചെറിയാനാവുന്നില്ലെന്നറിഞ്ഞ്

ഞാന്‍ നിസ്സഹായതയോടെ നിനക്കു മുന്‍പില്‍ തല താഴ്ത്തി.

നീയാകട്ടെ, വിജയസ്മിതത്തോടെ,

ആണ്ടിലൊരിക്കല്‍ തിരികെ വരാനുള്ള ഇടം പോലും നല്‍കാതെ

മറവിയുടെ പാതാളലോകത്തേക്കെന്നെ ചവിട്ടിതാഴ്ത്തി.


പച്ചിലസാരിയുടുത്തും

കരിക്കട്ട കൊണ്ട് മീശ മെനഞ്ഞും

കളിപ്പാവക്കുട്ടിയുടെ അച്‌ചനുമ്മയുമായതും

നിനക്കേറെയിഷ്ടമുള്ള ഞാവല്‍ പഴങ്ങള്‍ പറിക്കാന്‍

വലിഞ്ഞു കയറിയതിന് പകരം കിട്ടിയ

ചൂരല്‍ പഴങ്ങളുടെ തിണര്‍ത്ത പാടുകള്‍ കണ്ട്

എന്നെക്കാള്‍ വേദനയില്‍ നീ കരഞ്ഞതും

വാടത്ത നീലാമ്പലുകള്‍കൊണ്ട് മാല ചാര്‍ത്തി

രാമായണത്തിലെ സീതയും രാമനുമായതും


കാരണമറിയാതെയെങ്കിലും, നിന്നമ്മ വിളമ്പിയ

സദ്യയാമോദമുണ്ണുമ്പോള്‍

ജാലകത്തിനപ്പുറം, കളിത്തോഴിമാര്‍ക്കിടയിലിരുന്നു നീ

സലജ്ജം സമര്‍പ്പിച്ച മധുപുഞ്ചിരിയുടെ

അര്‍ത്ഥമറിയാതെ അമ്പരന്നതും


കാവിലെ കളിയാട്ടം കഴിഞ്ഞന്നു രാത്രി

ചെറുമഴച്ചാറ്റലില്‍, കാട്ടുചേമ്പിലക്കുടക്കീഴില്‍

അറിഞ്ഞിട്ടുമറിയാതെ കുളിരുന്ന മിന്നല്‍ സ്പര്‍ശങ്ങള്‍

പരസ്പരം പായിച്ച്

ഒരു കാറ്റായ് ഒഴുകി വീട്ടിലെത്തിയതും

ഉള്ളം പകര്‍ത്തുന്ന

വാക്കുകള്‍ വിടരുന്നില്ലെന്നു വ്യസനപ്പെട്ട്

ആദ്യ ഹൃദയലേഖനം

ശൂന്യ ശുഭ്രമാം കടലാസ്സു മാത്രമായതും


കനലാട്ടം കണ്ണിലുടക്കിയവരുടെ കണ്ണുവെട്ടിച്ച്

ദൂരെ,ഇരുട്ടില്‍,പൂമരച്ചോട്ടില്‍

കരളിലെ ദാഹക്കനലുകള്‍ക്കു മീതെയന്നാദ്യമായ്

അധരങ്ങളധരങ്ങളില്‍ മധുമഴ ചൊരിഞ്ഞതും


എല്ലാം, എല്ലാം നിനക്കൊന്നുമോര്‍ക്കാതെ

കുഴിച്ചുമൂടുവാന്‍ കഴിയുമായിരിക്കാം.

പക്ഷെ എനിക്കതെല്ലാം

ഓരോ അണുവിലും ത്രസിക്കുന്ന ജീവമാത്രകള്‍, പ്രാണവായു.


പക്ഷെ ഇപ്പോള്‍,


നിന്റെ രാജപാതകളില്‍നിന്നേഴുകടലുകള്‍ക്കിപ്പുറം,

ഞാനെന്നെ സ്വയം തളച്ചിട്ടിരിക്കുന്നൊരീ

കുടുസ്സുമുറിയില്‍ കടന്നുവന്ന്

നീ നിന്റെ സൗഹൃദം മാത്രം തിരികെ തരാമെന്ന്

വാഗ്ദാനം നല്‍കുന്നതെന്തിന് ?


വേണ്ട, വേണ്ടയെന്‍ സ്വപ്ന നക്ഷത്രമെ,

പ്രണയാകാശത്തില്‍ പറന്നുല്ലസ്സിച്ച പറവകുഞ്ഞിന്

സൗഹൃദത്തിന്‍ ഇത്തിരി തണലില്‍

നീയൊരുക്കുന്നത് സ്വര്‍ണ്ണകൂടെങ്കിലും

അനുഭവപ്പെടുക പാരതന്ത്ര്യമല്ലാതെ മറ്റെന്താണ് !


ഒന്നുകില്‍ പ്രണയം ;

അല്ലെങ്കില്‍ ആ കാണുന്ന തിളങ്ങുന്ന കഠാരയെടുത്ത്

ഈ ഹൃദയത്തില്‍ കുത്തിയിറക്കിക്കോളൂ.

ഒരു ശബ്ദം പോലുമെടുക്കാതെ

മരണത്തെ വരിക്കാനെനിക്കു കഴിയും-

നീയെന്റെ സുഹൃത്തുമാത്രമായിരുന്നെന്ന്

സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്

ഇഞ്ചിഞ്ചായി മരിക്കുന്നതിനെക്കാള്‍ എത്ര ഭേദമാണത് !


പക്ഷെ ഞാന്‍ കാണുന്നുണ്ട് :

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും,

നിന്റെ കണ്ണുകളില്‍

പ്രണയശൂന്യതയുടെ

വിഷാദവും ഏകാന്തതയും രോദനങ്ങളുമുണ്ട്.


കൊടുങ്കാറ്റുകളുത്ഭവിക്കുന്നത്

ശലഭപത്രങ്ങളുടെ ചലനങ്ങളില്‍ നിന്നാണെങ്കില്‍,

ഞാനിതാ നിന്നോടു പറയുന്നു

എന്റെ പ്രണയനൊമ്പരങ്ങളുടെ പിടച്ചിലിലുരുവുന്ന

കൊടുങ്കാറ്റില്‍

നിനക്കുചുറ്റും നീ പണിതുയര്‍ത്തിയ

കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീഴും.

നിന്റെ ശുശ്രൂഷകരും തോഴിമാരും

സ്തുതിപാഠകരും എങ്ങോട്ടെന്നില്ലാതെ പറന്നുപോകും.

പിന്നീടവശേഷിക്കുന്നത്

ഞാനും നീയും നമ്മുടെ ചും‌മ്പനങ്ങളും മാത്രമായിരിക്കും.

ചൊവ്വാഴ്ച, മാർച്ച് 09, 2010

മറുപടികള്‍ ( പ്രണയമര്‍മ്മരങ്ങള്‍ - തുടര്‍ച്ച )

മറുപടികള്‍ ( പ്രണയമര്‍മ്മരങ്ങള്‍ - തുടര്‍ച്ച )

പ്രണയം :

ശരിയാണ്, നിന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന്
ഞാനെന്നും കണ്ണീര്‍ വാര്‍ക്കുന്നു.
നിലാവില്‍, കുളിര്‍ക്കാറ്റില്‍, നനുത്ത സുഗന്ധം പരക്കുമ്പോള്‍,
എന്നെ തുറന്നു വിടൂ.
അനന്തമായ ആഹ്ലാദം ഞാന്‍ പകരം നല്‍കാം.
നിന്റെ നൊമ്പരങ്ങള്‍ നിന്റെ മാത്രം സൃഷ്ടിയാണെന്നറിയുക.
മൗനത്തിന്റെ നിത്യഗര്‍ഭത്തിലൊളിപ്പിച്ച്
നീ നല്‍കുന്ന അനശ്വരത - ആര്‍ക്കുവേണമത് !
നശ്വരതയാണ് പൃകൃതി നിയമം.
നാളെ ദലങ്ങള്‍ പൊലിഞ്ഞു പോകുമെന്നു കരുതി
ഇന്ന് പൂക്കള്‍ വിടരാതിരിക്കുന്നുല്ല.
മാറിലടിഞ്ഞുടന്‍ മരിക്കുമെന്നു കരുതി
തിരകള്‍ തീരങ്ങളെ ചുംബിക്കാതിരിക്കുന്നില്ല.
പിറന്നു വീഴുമ്പോള്‍ തന്നെ ഞാന്‍ വധിക്കപ്പെട്ടോട്ടെ
പക്ഷെ അതൊരു ധീരമായ മരണമായിരിക്കും.
വളര്‍ന്നു വരുമ്പോള്‍ അപ്രതീക്ഷിതമായി
ഞാന്‍ ഇല്ലായ്മ ചെയ്യപ്പെട്ടോട്ടെ
അനന്തമായ സ്വപ്നങ്ങളോടെ മരിക്കുന്ന ആര്‍ക്കും
എളുപ്പത്തില്‍ പുനര്‍ജനിക്കാനാവും.
അല്ലെങ്കില്‍ നിന്നോടൊപ്പം വയസ്സെത്തി,
നിന്നോടൊപ്പം തൊലികള്‍ ചുളിഞ്ഞ്,
നിന്നോടൊപ്പം കണ്ണുകള്‍ ഇരുണ്ട്,
നിന്നോടൊപ്പം ഞാന്‍ മരിച്ചോട്ടെ -
പക്ഷെ അതൊരു സ്വച്ഛന്ദമൃത്യുവായിരിക്കും.
പ്രണയം സകലതിനേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു.
മണ്‍തരികളെ പ്രേമിച്ചു തുടങ്ങുമ്പോള്‍
പഴുത്തു മഞ്ഞളിച്ച ഇല
കാറ്റിന്റെ രൂപത്തിലെത്തുന്ന മരണത്തോട്
ഒരു കടത്തുതോണിക്കാരനോടുള്ള സ്നേഹം സൂക്ഷിക്കുന്നു.

അവള്‍ :

പാലായനത്തിന് കാരണങ്ങള്‍ തേടുന്ന
വെറുമൊരു ഭീരുവാണു നീ.
തൊണ്ടയില്‍ കുരുങ്ങിപ്പിടയുന്ന പ്രണയത്തിന്റെ
നീലഞരമ്പുകള്‍ കണ്ട് മനസ്സു നൊന്ത്
നിന്റെ പുറകെ ഒരു നിഴലായ് ഞാന്‍ അലഞ്ഞിട്ടും
ഒരിക്കല്‍ പോലും നീ നാവുയര്‍ത്തിയില്ല.
അവസാനം മൗനമായ് നീ വിട് ചൊല്ലിയപ്പോള്‍
എന്റെ കണ്ണുകളില്‍നിന്നടര്‍ന്നത് ഹൃദയമായിരുന്നെന്ന്
നീ അറിഞ്ഞില്ല.
ഒന്നുകില്‍ പ്രണയത്തെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു വിഡ്ഡിയാണ് നീ.
അല്ലെങ്കില്‍
സ്വര്‍ത്ഥതയെ പരിത്യാഗത്തിന്റെ
മുഖമ്മൂടിയണിയിക്കാന്‍ ശ്രമിക്കുന്ന കപടനാട്യക്കാരന്‍.
അറിയുക :
പ്രണയം പ്രകൃതിയാണ്.
വേണ്ടതുമാത്രമെടുത്താല്‍
നമുക്കതിനെ അനന്തകാലം നിലനിര്‍ത്തനാവും -
എത്രനേരം കളിയോടം തുഴഞ്ഞാലും
ഒഴുക്കവസാനിക്കാത്ത നദിയെപ്പോലെ.
പക്ഷെ നീ പറയുന്നത്
പഴുത്തടര്‍ന്ന ഫലങ്ങള്‍ മുന്നിലുള്ളപ്പോളും
പട്ടിണി കിടക്കുന്നതിനെക്കുറിച്ചാണ്.
ശരിയായിരിക്കാം -
എന്റെ ഇണയെ എനിക്ക് സ്നേഹിക്കാന്‍ കഴിഞ്ഞേക്കും.
പക്ഷെ,
തുടര്‍ന്നെത്ര പൂക്കള്‍ വിടര്‍ന്നാലും
ആദ്യം വിടര്‍ന്ന പൂവിലൂടെയാണ്
ചെടി ലോകത്തിനു മുന്‍പില്‍ തന്റെ ഹൃദയം തുറക്കുന്നത്.

അവര്‍ :

പ്രണയം ഒഴുക്കില്ലാതെ നിശ്ചലമായ ഒരു തടാകമല്ല .
പ്രഖ്യാപനത്തിനു മുന്‍പും അതിനു ശേഷവും
കണ്ണീരും പുഞ്ചിരിയും പകല്‍സ്വപ്നങ്ങളുമുണ്ട്.
മുന്‍പ് പങ്കിടല്‍ ഒരു സ്വപ്നമായിരുന്നെങ്കില്‍
ശേഷം അതൊരു യാതാര്‍ത്ഥ്യമാകുന്നു.
പ്രണയം സ്വാര്‍ത്ഥതയും സ്വയം സമര്‍പ്പിക്കലുമല്ല.
രണ്ട് അരുവികള്‍ ഒരുമിച്ചു ചേര്‍ന്നൊഴുകാന്‍ തുടങ്ങുമ്പോള്‍
അത് സ്വാര്‍ത്ഥതയോ സ്വയം സമര്‍പ്പിക്കലൊ ആകുമോ ?
നിന്നെയും അവളെയും
മെയ്യോടു മെയ്യ്, ഉയിരോടുയിര്‍ ചേര്‍ത്ത്
പ്രകൃതിയൊരുക്കുന്ന സവിശേഷമായ സങ്കലനമാണ് പ്രണയം.
ചുംബിക്കാന്‍ തുടങ്ങുമ്പോള്‍
പ്രണയികള്‍ക്കായി സ്വര്‍ഗ്ഗകവാടം തുറക്കുന്നു.
സ്നേഹ,സൗമ്യവികാരങ്ങള്‍ തോഴിമാരെങ്കില്‍
അവര്‍ പരിചരിക്കുന്ന രാഞ്ജിയാണ് പ്രണയം.
നാവടക്കേണ്ടത് ഹൃദയം നാവിന്‍്‌തുമ്പിലേക്കിറങ്ങി
വരുന്നതുവരെ മാത്രമാണ്.
വിരലുകള്‍ നിശ്ചലമാവേണ്ടത്
പ്രണയഞരമ്പുകളിലെ നീലരക്തം
പേനതുമ്പിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതുവരെ മാത്രമാണ്.
വിഡ്ഡീ, മറ്റാരും കാണാതെ നിന്റെ നെഞ്ചകത്ത്
മണ്‍കുടത്തിലൊളിക്കേണ്ട തിരിനാളമല്ല പ്രണയം .
ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കത് പകരുമ്പോള്‍
ലോകം ഒരു പുതിയ വെളിച്ചത്തില്‍ വീണ്ടും പിറവിയെടുക്കുന്നത്
നീയെന്നാണ് കാണുക !

ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

പ്രണയ മര്‍മ്മരങ്ങള്‍

സാധാരണ ഗതിയില്‍ എന്റെ പ്രണയം ഒരു ശല്യക്കാരനല്ല.
പക്ഷെ പാതിരയാകുമ്പോള്‍,
പുറത്ത് ആളനക്കം നിലയ്ക്കുമ്പോള്‍,
ഹൃദയത്തോട് ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന
ദുര്‍ബലമായ ചങ്ങലകള്‍ തകര്‍ത്ത്
വിശ്വരൂപിയായ് അവന്‍ പുറത്തു വരും.
' ഇനിയും നീയെന്നെ സ്വതന്ത്രനാക്കാത്തതെന്ത് '
എന്ന അലര്‍ച്ചയോടെ അവനെന്റെ കഴുത്തില്‍ പിടിമുറുക്കും
പിന്നെ, നാക്കു വരണ്ട്, കണ്ണുകള്‍ തുറിച്ച്
ഞാന്‍ വെളുക്കുന്നതു വരെ ഉറങ്ങാതെ മരവിച്ചു കിടക്കും.
പക്ഷെ വളരെ വിചിത്രമാണത് :
അവസാന ശ്വാസത്തിനു തൊട്ടു മുന്‍പ്
അവന്‍ ദയാവായ്പ്പോടെ പിടിയയക്കും.
പിന്നെയുമെവിടെനിന്നെങ്കിലും ശക്തി സംഭരിച്ച്
ഞാനവനെ വീണ്ടും ആ ദുര്‍ബലമായ ചങ്ങലകള്‍ക്കുള്ളില്‍
തളയ്ക്കും.

പ്രണയത്തോട് :
അഭ്യര്‍ത്ഥിക്കപ്പെടുമ്പോള്‍ പ്രണയമേ, നീ
ഇപ്പോള്‍ പിറന്നു വീഴുന്ന ഒരു കുഞ്ഞിനെപ്പോലെയാകുന്നു.
ചിലപ്പോള്‍ നീയുടന്‍ നിഷ്ക്കരുണം വധിക്കപ്പെട്ടേക്കാം.
മറ്റു ചിലപ്പോള്‍, സ്വീകരിക്കപ്പെട്ടാലും,
നിന്നിലുള്ള കൗതുകം അവസാനിക്കുമ്പോള്‍
ആരോരുമറിയാതെ വഴിയിലുപേക്ഷിക്കപ്പെട്ടേക്കാം.
അല്ലെങ്കില്‍, വാല്‍സല്യാതിരേകത്തോടെ വളര്‍ത്തപ്പെട്ടേക്കാം,
അനേകകാലം സൗഖ്യജീവിതം ലഭിച്ചേക്കാം.
പക്ഷെ ഓര്‍ക്കുക :
എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന
മരണത്തിലേക്ക് പിറന്നു വീഴുമ്പോള്‍ തൊട്ട്
നീ നടന്നു നീങ്ങിയെ തീരു.
വേണ്ട ; എന്റെ പ്രിയപ്പെട്ട പ്രണയമെ,
നീ എത്ര വേണമെങ്കിലും ഇനിയും എന്നെ വേദനിപ്പിച്ചോളൂ
പക്ഷെ എനിക്കു മുമ്പെ നിന്റെ ശ്വാസം നിലയ്ക്കുന്നതിനേക്കാള്‍
വേദനാജനകമായി മറ്റൊന്നില്ല.

നിന്നോട് :

പക്ഷെ, എനിക്കറിയാം
പുറത്തെത്തിക്കാനാവാതെ ഞാനും
അകത്തേക്കിറക്കാനാവാതെ നീയും
പിടിമുറുക്കിയതു കൊണ്ട്
എന്റെ തൊണ്ടയില്‍ കുരുങ്ങിപ്പിടയുന്ന
പ്രണയത്തിന്റെ നീലഞ്ഞരമ്പുകള്‍
നീ കാണുന്നുണ്ട്.
പരസ്പരം കണ്ടുമുട്ടുമ്പോള്‍
എന്റെ കണ്ണുകളിലെ വെളിച്ചം
നിന്റെ കണ്ണുകളില്‍ തിളങ്ങുന്നത്
ഞാന്‍ അറിയുന്നുണ്ട്.
നാം തനിച്ചാവുമ്പോള്‍
നമുക്ക് വേണ്ടി മാത്രം
നിലാവുദിക്കുന്നത്
കുളിര്‍കാറ്റ് വീശുന്നത്
നനുത്ത സുഗന്ധം പരക്കുന്നത്
നാം അറിയുന്നുണ്ട്.
ഇതിനുമപ്പുറം എന്തിന്
പ്രഖ്യാപനങ്ങള്‍ ! പരിരംഭണങ്ങള്‍ !
പക്ഷെ, അവസാനം മൗനമായ് വിടപറഞ്ഞപ്പോള്‍
നിന്റെ മിഴികളില്‍ മറ്റാരും കാണാതെ സമര്‍പ്പിച്ച നീര്‍ത്തുള്ളികള്‍
എന്റെ നെഞ്ചകം പൊള്ളിക്കുന്നുണ്ട്.
എങ്കിലും
നിന്റെ വിവാഹവേദിയില്‍
ഞാന്‍ ആഹ്ലാദവാനായി പ്രത്യക്ഷപ്പെട്ടത്
എന്തുകൊണ്ടാണെന്ന് നീ അമ്പരക്കുന്നുണ്ടാവും.
അശാന്തമായ രാവുകള്‍ക്കൊടുവില്‍
പ്രണയം നല്‍കിയ പുതിയ വെളിപാടുകളാണ് എന്റെ ആശ്വാസം.
യതാര്‍ത്ഥത്തില്‍ പ്രണയം പ്രപഞ്ചമത്രെ.
അത് സ്വയംഭൂവാണ് ; അനന്തവുമാണ്.
അതില്‍ നിന്നൊരു തരി എടുക്കാനും
ഒരു തരി തിരികെ കൊടുക്കാനും
ആര്‍ക്കും സാധ്യമല്ല.
ആയതിനാല്‍ അറിയുക :
നീ പുഷ്പമാല്യം ചാര്‍ത്തി സ്വീകരിച്ച
നിന്റെ ഇണയില്‍ ഞാനുണ്ട്.
ഇനിയെന്നോ ഞാന്‍ സ്വന്തമാക്കുന്ന
എന്റെ ഇണയില്‍ നീയും.

നിങ്ങളോട് :

പ്രണയിക്കുന്നവരെ, ഓര്‍ത്തു നോക്കു ;
പ്രണയത്തിനു വേണ്ടി ഏറ്റം തീവ്രമായ്
നിങ്ങളുടെ ഹൃദയം വിതുമ്പിയത്
നിങ്ങളുടെ കണ്ണുകള്‍ നീരണിഞ്ഞത്
നിങ്ങള്‍ ദിവാസ്വപ്നങ്ങളില്‍ ഒഴുകി നടന്നത്
പ്രഖ്യാപനത്തിന് മുന്‍പോ ശേഷമോ ?
അറിയുക :
പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രണയം നശ്വര ജന്മമെടുക്കുന്നു.
സ്വയം സമര്‍പ്പിക്കുമ്പോള്‍ അത് നിശ്ചലമാകുന്നു
സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വാര്‍ത്ഥമയമാകുന്നു
ഒരു ചുമ്പനം കൊതിക്കുമ്പോള്‍ മൃഗതൃഷ്ണയാകുന്നു
സ്നേഹിക്കുക മാത്രം ചെയ്യുമ്പോള്‍ വെറും വികാരം മാത്രമാകുന്നു.
ഇതിലുമൊക്കെയും എത്രയോ ഉയരെയാണ് പ്രണയം !
വിഡ്ഡികളെ, പറയാന്‍ തുടങ്ങിയ നാവുകള്‍ പറിച്ചെറിയൂ
എഴുതാന്‍ തുടങ്ങിയ വിരലുകള്‍ ഞെരിച്ചൊടിക്കൂ
ഉള്ളിലാളിപ്പടര്‍ന്ന പ്രണയജ്വാല
ചൂടും വെളിച്ചവും പകര്‍ന്ന്
അനന്തമായി ജ്വലിച്ചുകൊണ്ടിരിക്കട്ടെ !

ചൊവ്വാഴ്ച, ഫെബ്രുവരി 02, 2010

ബ്ലോഗ് ചൊറി

ബ്ലോഗ് ചൊറി

മഹാകാവ്യം ബ്ലോഗിലെഴുതി ഞാന്‍ കാത്തിരുന്നു.
ഒരു ദിവസം, ഒരാഴ്ച്ച , ഒരു മാസം...
ങ്ങേ ഹെ ! ഒരാളു പോലും തിരിഞ്ഞു നോക്കിയില്ല.
എന്തു ചെയ്യും ? ഞാന്‍ തലപുകഞ്ഞാലോചിച്ചു.
അവസാനം ബള്‍ബു മിന്നി :
അണ്ടന്‍, അടകോടന്‍, മുള്ള്, മുരട്, മൂര്‍ഖന്‍പാമ്പ്...
തുടങ്ങിയ സകലമാന സര്‍‌വകലാവല്ലഭന്‍‌മാരുമെഴുതിയ
സകല ചവറുകളിലും ഞാന്‍ അഭിനന്ദനമെഴുതി.
മലയാളത്തില്‍ വാക്കുകള്‍ പോരെന്നു തോന്നിയപ്പോള്‍
ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും
പേരറിയാത്ത മറ്റനേകം ഭാഷകളിലും
കൈയയച്ച് അഭിനന്ദനങ്ങളയച്ചു.
അത്ഭുതം !
അതാ തിരിച്ചിങ്ങോട്ടും അഭിനന്ദനപ്രവാഹങ്ങള്‍ !!
എന്റെ സൃഷ്ടികള്‍ ലോകോത്തരമാണെന്നും
ഞാന്‍ ആലോകമഹാസാഹിത്യകാരനാണെന്നും
വായിച്ച് ഞാന്‍ കോള്‍മയിര്‍ കൊണ്ടു.
ഒടുവില്‍, രാജാവ് നഗ്നനാണെന്നു പണ്ടു
വിളിച്ചു പറഞ്ഞ ആ കുട്ടി ( അതിശയം ! അവനിപ്പോഴും
വളര്‍ന്നിട്ടില്ല ! ) ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി.
" എന്തൊരു നാറ്റം ! ഒന്നു കുളിച്ചൂടെ ? ! "
അവന്‍ ഞങ്ങളെ ചീത്ത വിളിച്ചു.
ഞങ്ങള്‍ സ്വയം നോക്കി :
ശരിയാണ് .. ! പരസ്പരം ചൊറിഞ്ഞു ചൊറിഞ്ഞ്
മേലാകെ, ചലം നിറഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന
വണ്ടന്‍ ചൊറികള്‍ - ബ്ലോഗ് ചൊറികള്‍ !!!!!