തിങ്കളാഴ്‌ച, മേയ് 31, 2010

ഋതുസംഗമം.

ഋതുസംഗമം.

വറുതിയുടെ കൊടുംചൂടില്‍
ക്ഷീണിച്ച്, ശുഷ്ക്കിച്ച്,
കണ്ണീര്‍ഞരമ്പുകള്‍ പോലും വറ്റി,
ഏകാകിനിയായ്, വിരഹനൊമ്പരത്തോടെ,
നീ കാത്തിരിക്കുകയാണെന്ന് ഞാനറിയുന്നു.

നരച്ചുണങ്ങിക്കീറിയ ഉടയാടകള്‍ വാരിച്ചുറ്റി,
ഒരു ഭ്രാന്തിയെപ്പോലെ,
വഴിക്കണ്ണുമായ് അവനെ മാത്രം കാത്തിരിക്കുകയാണെന്ന്
ഞാനറിയുന്നു.

ഇപ്പോള്‍ നിന്റെ ശ്വാസചലനങ്ങള്‍ പോലും
എന്നെ പിടിച്ചുലയ്ക്കുന്ന ചുടുകാറ്റുകളാണ്.

ഒടുവിലാദിനം -
ആകാശവീഥിയിലാദ്യം പ്രത്യക്ഷപ്പെടുക
അവന്റെ രഥം വലിക്കുന്ന കറുത്ത കുതിരകളാണ്.
അനന്തരം, ചിത്രവെളിച്ചങ്ങള്‍ മിന്നിതെളിയുമ്പോള്‍,
താളമേളങ്ങളും പെരുമ്പറകളും മുഴങ്ങുമ്പോള്‍,
ഒരു സീല്‍ക്കാരത്തോടെ പറന്നിറങ്ങി,
ഒരു ധീരനായകനെപ്പോലെ,
 പുണരാനുയര്‍ന്ന പൂവാലധൂളികളെ
നിമിഷാര്‍ദ്ധത്തിലടിച്ചൊതുക്കി
അവന്‍ നിന്നെ ആപാദചൂഡം പുണരുമ്പോള്‍
നീ സാമോദം വിതുമ്പുന്നു.

നിന്നില്‍ പെയ്തിറങ്ങുമ്പോള്‍
അവന് എന്റെ ഹൃദയതാളമായിരിക്കും.

കരഞ്ഞും ചിരിച്ചും
പരിരംഭണം ചെയ്തും പരിഭവിച്ചും
നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
ചില്ലുജാലകത്തിനിപ്പുറമിരുന്ന്
അവന്‍ പ്രണയമായ് പെയ്തിറങ്ങുന്നത്
എനിക്കു കാണണം.

കണ്ണുകളടച്ചിരുന്ന്,
നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
അവന്റെ കേളീതാളം മുറുകുന്നത്,
എനിക്കു കേള്‍ക്കണം.

സുഖകരമായ ആദ്യരതിക്കു ശേഷം,
ഇളംതണുപ്പില്‍ ആലസ്യമാര്‍ന്ന് മയങ്ങുമ്പോള്‍
നിന്നില്‍
സംതൃപ്തിയുടെ സ്വേദബിന്ദുക്കള്‍,
അവന്‍ കോറിയിട്ട
രാഗം കിനിയുന്ന നഖക്ഷതങ്ങള്‍
നിലാവില്‍ തിളങ്ങുന്നത്
എനിക്കു കാണണം.

ഇപ്പോള്‍ എന്റെ സ്നേഹാശ്രുപൂക്കള്‍
അവന് ഞാന്‍ ഹൃദയപൂര്‍വ്വം
സമര്‍പ്പിച്ച നിര്‍മ്മാല്യമാണ്.

21 അഭിപ്രായങ്ങൾ:

  1. മനോജേട്ടാ അതിമനോഹരം....
    ഗ്രീഷ്മവും വര്‍ഷവും ഹൃദയത്തിലേക്ക് വാരിയെറിയുന്ന വരികള്‍ ഒരുപാടിഷ്ടമായി.....

    മറുപടിഇല്ലാതാക്കൂ
  2. വരികള്‍ നന്നായിട്ടുണ്ട് .
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. കവിത ഇഷ്ടപ്പെട്ടു.. ഈ പോസ്റ്റ്‌ കൂടുതല്‍ പേരില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു..!

    മറുപടിഇല്ലാതാക്കൂ
  4. ഋതുസംഗമം...ഇഷ്ടായി ട്ടൊ...ആശംസകൾ...!

    മറുപടിഇല്ലാതാക്കൂ
  5. മനോജ് - മനോഹരമായി എഴുതിയിരിക്കുന്നു.... ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. ഇഷ്ടായി ട്ടോ .
    നല്ല വരികള്‍ .
    ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  7. പുതുമഴ ഉണങ്ങിവരണ്ട ഭൂമിയെ പ്രണയിക്കുന്നത് കണ്ടുനില്‍ക്കുന കാലം!
    ഓ.......എനിക്ക് അസൂയതോന്നുന്നു മനോജ്‌........

    ഈ ഭാഷയുടെ പരിമളത്തിന്റെ ഒരംശമെങ്കിലും എന്നെ തലോടിയിരുന്നെന്കില്‍ ...................

    മറുപടിഇല്ലാതാക്കൂ
  8. മനോജ്‌ ..
    കവിത സൂപ്പര്‍

    കരഞ്ഞും ചിരിച്ചും
    പരിരംഭണം ചെയ്തും പരിഭവിച്ചും
    നിന്റേതെല്ലാം അവനു സമര്‍പ്പിക്കുമ്പോള്‍
    ചില്ലുജാലകത്തിനിപ്പുറമിരുന്ന്
    അവന്‍ പ്രണയമായ് പെയ്തിറങ്ങുന്നത്
    എനിക്കു കാണണം.
    കണ്ണുകളടച്ചിരുന്ന്,
    നിന്റെ പുതുവിയര്‍പ്പിന്റെ സുഗന്ധം പരക്കുന്നത്,
    അവന്റെ കേളീതാളം മുറുകുന്നത്,
    എനിക്കു കേള്‍ക്കണം.

    എന്ത് പറയാന്‍ ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഗ്രീഷ്മവും വര്‍ഷകാലവും സംഗമിക്കുന്നത് തരക്കേടില്ലാതെ പറഞ്ഞു. സ്ടാന്‍സകള്‍ ആക്കി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ വായിക്കാന്‍ അല്പം കൂടെ സുഖം കിട്ടിയേനെ.

    തുടക്കത്തിലെ വരികള്‍ക്ക് നല്ല പുതുമ. ഇടയ്ക്കിടെ എവിടെയോ വായിച്ചോ കേട്ടോ മറന്ന വരികളുമായോ ആശയവുമായോ സാമ്യമുണ്ടോന്നു സംശയം

    വിഡ്ഢിമാന് ഗദ്യ കവിത അസ്സലായി വഴങ്ങും.

    മറുപടിഇല്ലാതാക്കൂ
  10. ഞങ്ങളും വരാം ഈ തണലിലിരുന്നു അതൊക്കെ കാണാന്‍ ..നന്നായി ..

    മറുപടിഇല്ലാതാക്കൂ
  11. മനോജ്‌ ഭായ് - എനിക്ക് നിരൂപണം വശമില്ല ... പ്രണയവും രതിയും ഒക്കെ മഴയായ് തൂവിയത് ബോധിച്ചു ... കഴിവുള്ള താങ്കള് എഴുത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ - ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. വായിച്ചു സന്തോഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  13. പുതുമഴ....... വളരെ മനോഹരമായിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. ആദിയിൽ നിന്ന് അനാദിയിലേക്ക്‌ ഒറ്റക്കായിപ്പോയൊരു വേനൽ. ഇടക്കൊന്നു പെയ്താൽ, മദ്ധ്യേയിങ്ങനെ സജീവമാകുന്നു ജീവിതം.!

    മറുപടിഇല്ലാതാക്കൂ