ശനിയാഴ്‌ച, ഡിസംബർ 19, 2009

പുതിയ കഥ

പുതിയ കഥ

ഭൂതം തടവിലാക്കിയ രാജകുമാരിയെ രക്ഷിക്കുകയായിരുന്നു
എന്റെ ലക്ഷ്യം
ദൂരെ കുന്നുകള്‍ക്കും കാടുകള്‍ക്കുമപ്പുറത്ത്
ഭൂതത്താന്‍ കോട്ട.
വഴിയില്‍,
ചെങ്കുത്തായ മലകളും
അഗാധമായ കിടങ്ങുകളും
കടിച്ചുകീുന്ന ഹിംസ്റജന്തുക്കളും
മുന്‍പെ പോയവരുടെ ജഡങ്ങളും
ധാരാളം.
ഭക്ഷണമില്ലാതെ ആദ്യത്തെ കുന്നിന്‍്‌ചരിവില്‍‍ തന്നെ
എന്റെ ചാവാലിക്കുതിര ചത്തു വീണു.
എങ്കിലും തളരാതെ, കൊടും യാതനകള്‍ സഹിച്ച്
ഞാന്‍ അവസാനം അവളുടെ മുന്‍പിലെത്തി.
"നീയൊ എന്റെ രക്ഷകന്‍ ?
കടന്നു പോ അശ്രീകരമെ എന്റെ കണ്‍വെട്ടത്തുനിന്നും !"
അവളുടെ അലര്‍ച്ചയില്‍ സകലം തകര്‍ന്ന്,
ബോധം നശിച്ച് ഞാന്‍ നിലം പതിച്ചു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ്,
ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍,
അംഗരക്ഷകരുമൊത്തു വന്ന സുമുഖനായ ഒരു രാജകുമാരന്‍
ഭൂതത്തെ കൊന്ന്,
രാജകുമാരിയേയും കൊണ്ട്
അവളോടുള്ള പ്രണയത്തില്‍ അപ്പോഴും മിടിച്ചു കൊണ്ടിരുന്ന
എന്റെ ഹൃദയത്തിനു മീതെ കുതിരയോടിച്ച് കടന്നു പോയി..
പാവം, പാവം എന്റെ ഹൃദയം
പുതിയ കഥകളില്‍
രാജകുമാരന്‍‌മാരാണ്‌ രാജകുമാരികളെ
രക്ഷിക്കേണ്ടതെന്നു്‌ ഒരിക്കലുമതോര്‍ത്തില്ല.

തിങ്കളാഴ്‌ച, സെപ്റ്റംബർ 14, 2009

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

ഡിസംമ്പര്‍
നിസ്സഹായതയുടെ മഞ്ഞ് പെയ്യുന്നു.
വഴിവക്കിലെ എണ്ണവിളക്കുകള്‍ പൊലിഞ്ഞു തീരാറയിരിക്കുന്നു.
അകലെ, സത്രത്തിലെ മുറിയില്‍,
നെരിപ്പോടിലെ കനല്‍ക്കട്ടകള്‍ എരിഞ്ഞു മരിക്കുന്നു.
ബേല,
ഒരു കണ്ണുനീര്‍തുള്ളിയ്ക്ക് മറ്റൊരു കണ്ണുനീര്‍തുള്ളിയോട്
പരിഭവം തീര്‍ക്കേണ്ട സമയമായിരിക്കുന്നു.
പക്ഷെ, നീയെവിടെയാണ്‌ ?
തടാകത്തിലും പുല്‍മേടിലും നിന്റെ പള്ളിയിലും
നിന്നെ ഞാന്‍ തിരഞ്ഞു.
നീ എവിടെയാണ് മറഞ്ഞിരിക്കുന്നത് ?
ഇനിയും നീ അറിഞ്ഞില്ലേ !
വിരഹത്തിന്റെ ഹിമധൂളികളിലേക്ക്
നിന്നെയും പ്രണയത്തെയും വലിച്ചെറിഞ്ഞവന്‍,
നിന്റെ ഹൃദയദൂതുകള്‍ക്ക് തീ പകര്‍ന്നവന്‍
പ്രണയാഗ്നിയില്‍ പകുതി വെന്ത ഹൃദയവുമായി തിരിച്ചെത്തിയിരിക്കുന്നു.
നീ കാണുന്നില്ലേ,
ഈ ദേവദാരുവില്‍ നാം കോറിയിട്ട പ്രണയലിഖിതങ്ങള്‍
മറ്റാരും തിരുത്തിയിട്ടില്ല
ഈ ചരിഞ്ഞ മരകൊമ്പില്‍ നാമല്ലാതെ മറ്റാരുമിരിപ്പിടമൊരുക്കിയിട്ടില്ല.
പക്ഷെ, നീയെവിടെയാണ്‌ ?
ഈ അലച്ചില്‍ എനിക്കിനിയും വയ്യ ബേല
കൊടുങ്കാറ്റിലെ കാറ്റാടി പോലെ ഞാന്‍ തകര്‍ന്നു പോയിരിക്കുന്നു.
നീ സമ്മാനിച്ച ഈ തൂവാലയില്‍
നിന്റെ സുഗന്ധവും പ്രണയശേഷിപ്പുകളുമായി
ഇടവഴികളിലും പൂന്തോട്ടങ്ങളിലും നിന്നെ ഞാന്‍ തിരഞ്ഞലഞ്ഞു.
നിനക്കെന്തറിയാം !
നിന്റെ പേരു ചൊല്ലി വിളിക്കുമ്പോള്‍
ഈ മലമടക്കുകള്‍ അതേറ്റു പറഞ്ഞെന്നെ പരിഹസിക്കുന്നു.
ഇതിലുമെത്രയോ പ്രേമനാട്യങ്ങള്‍ക്ക് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്ന്
ചന്ദ്രതാരകള്‍ വിടാതെ പിന്തുടര്‍നെന്നെ പുച്ഛിക്കുന്നു.
അറിയുക :
ഇതിലും താഴെയൊരു കീഴടങ്ങലില്ല ;
ഇതിലുമുച്ചത്തില്‍ ഒരഭ്യര്‍ഥനയും.
സത്യമാണ്‌ ബേല, ഞാന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു.
എന്റെ ചുണ്ടുകള്‍ക്ക് ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നു
എന്റെ കണ്ണുകള്‍ പെയ്തു തോരാറായിരിക്കുന്നു.
ഈ കണ്ണുനീര്‍തുള്ളികള്‍ എത്ര നിര്‍മലമാണെന്ന്
ഇപ്പോള്‍ പെയ്യുന്ന ഹിമകണങ്ങളോട് ചോദിക്കുക
ഈ പ്രണയം എത്ര അഗാധമാണെന്ന്
ഈ തടാകത്തോട് അറിയുക.
ചിലര്‍, നുണകളുടെ ലോകത്തെ ചക്രവര്‍ത്തിമാര്‍, പറയുന്നു,
നീ മറ്റൊരു സ്വര്‍ലോകത്ത് നിതാന്തനിദ്രയിലമര്‍ന്നു കഴിഞ്ഞുവെന്ന്.
എനിക്കറിയാം; പച്ചനുണയാണത്.
പനിനീര്‍പൂവിതളുകള്‍ കൊണ്ടുണ്ടാക്കിയ നിന്റെ ഹൃദയത്തിന്
ഇത്രയും കഠിനമായി ആരേയയും ശിക്ഷിക്കുക വയ്യ.
എനിക്കിനിയും വയ്യ ബേല
എന്റെ ചിന്തകള്‍ക്കു തീ പിടിക്കുന്നു
എന്റെ ദേഹം മഞ്ഞിനേക്കാള്‍ തണുത്തിരിക്കുന്നു.
ഒരു തുള്ളി വിഷം. ഒരു ചുടുവെടിയുണ്ട ;
എത്ര എളുപ്പമാണത് !
പക്ഷെ എനിക്കതിന് കഴിയില്ല ബേല
നീ എവിടെയാണെങ്കിലുമോര്‍ക്കുക ;എനിക്കൊരിക്കലുമതിന്‌ കഴിയില്ല.
സത്യം ബേല, എന്റെ ജീവപേടകത്തിന്റെ താക്കോല്‍
നിന്റെ പച്ചപ്പുകളിലെങ്ങോ കളഞ്ഞു പോയിരിക്കുന്നു.
ഒന്നുകില്‍ നീയതു വീണ്ടെടുത്തു തരിക
അല്ലെങ്കില്‍, ഇവിടെ വന്ന്
ഈ ഹൃദയചലനങ്ങള്‍ സ്വയം നിലയ്ക്കുന്നതിനു തൊട്ടുമുന്‍പെങ്കിലും
നിന്റെ തുടുത്ത ചുണ്ടുകളില്‍
കണ്ണീരുപ്പും മഞ്ഞും കലര്‍ന്ന
ഈ മരവിച്ച ചുണ്ടുകളില്‍ നിന്ന്
ഒരു മാപ്പപേക്ഷ സ്വീകരിക്കുക.
ഞാന്‍ കാത്തിരിക്കുന്നു.
ഓര്‍ക്കുക ബേല, ഞാന്‍ കാത്തിരിക്കുന്നു.

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2009

വര്‍ഗ്ഗം

വർഗ്ഗം.

---------------------

വരൂ, നമുക്ക് വഴിയരികിൽ ചെന്ന് രാപ്പാർക്കാം

അവിടുത്തെ വിളക്കുകൾ പൊലിഞ്ഞോ എന്നു നോക്കാം.

അതാ,അവിടെയുള്ള ഭീമൻ പൈപ്പാണു

നമ്മുടെ മണിയറ.

ദുർഗന്ധപൂരിതമെന്നു ദുഖിക്കേണ്ട:

ചെളിക്കും ചില്ലുകൾക്കും മീതെ കട്ടിക്കടലാസ് പൂമെത്ത.

കുനിഞ്ഞു നമ്രമുഖിയായ് നീ മണിയറയിൽ പ്രവേശിക്കുമ്പോൾ

ഞാൻ നീണ്ടു നിവർന്നു മരിച്ചു കിടക്കുകയായിരിക്കും.

നിൻ വിരൽപ്പൂക്കൾ എൻ മൃതസഞ്ജീവനി.

കുനിഞ്ഞിരുന്നു കാറ്റിനെക്കാൾ വേഗതയോടെ

നിന്നെ ഞാൻ നഗ്നയാക്കുമ്പോൾ

വണ്ടി വെളിച്ചങ്ങളുടെ വെള്ളിവാളുകൾ

നിന്റെ പൂമേനിയിൽ മുറിവുകളേല്പ്പിച്ചാൽ

നീ ഭയപ്പെടരുത്:

നിന്നെ ആശ്വസിപ്പിക്കാൻ,

തള്ള കൊണ്ടുവച്ചിരിക്കുന്ന പട്ടച്ചാരായത്തിന്റെ

പകുതി നിനക്കു ഞാൻ തരും.

നീ ഒട്ടും ഭയപ്പെടേണ്ട;

ആദ്യരാത്രി,

നിന്നിൽ വിശുദ്ധിയുടെ

അടയാളങ്ങൾ തേടി ഞാൻ വിവശനാവുകയില്ല.

ഉണ്ടെങ്കിലും ഇല്ലെങ്കിലും

എന്റെ മര്ദ്ദനങ്ങൾ നിനക്കുള്ളതു തന്നെ.

ഒരു മുഴുപ്പട്ടിണിക്കാരന്റെ ആർത്തിയോടെ

നിന്റെ ശരീരം ഞാൻ പങ്കിട്ടെടുക്കുമ്പോൾ

ഒരു ഒരു പട്ടിയിങ്ങോട്ടു വന്നാൽ

നീ ഞെട്ടരുത് -

ഇതു അവന്റെ സ്ഥലമായിരുന്നു.

അവൻ മാന്യനാണ്‌

(എനിക്കു ശേഷം ഊഴം ചോദിക്കുന്ന

പോലീസുകാരനെപ്പോലെയല്ല )

ദയവായ്പ്പോടെ ഒന്നു പുഞ്ചിരിച്ച് അവൻ

തിരിച്ചുപൊയ്ക്കൊള്ളും.

ഇതൊക്കെയാണെങ്കിലും,സത്യം,

ഞാനിതാ വാഗ്ദാനം നല്കുന്നു:

ലഹരിയുടെ ഓളങ്ങളടങ്ങി കരക്കടിഞ്ഞാൽ

ഇരന്നും മോഷ്ടിച്ചും പണിയെടുത്തും നേടിയ

എന്റെ അപ്പത്തിന്റെ പകുതി,

എന്റെ വീഞ്ഞിന്റെ പകുതി,

നിനക്കു ഞാൻ തരും.

നിന്റെ മുറിവുകളിൽ എന്റെ കണ്ണീരുപ്പു തലോടും.

ഒരു ചുംബനത്തിന്റെ വിശുദ്ധിയിലലിഞ്ഞ്

നാം അര്ദ്ധനാരീശ്വരന്മാരാവും.

പക്ഷെ, ഒരു മയക്കത്തിനു ശേഷം നീ എന്നെ

തപ്പിനോക്കരുത്;

'എവിടെപ്പോയി ' എന്നാകുലപ്പെടരുത്.

കാനേഷുമാരിയുടെ കണക്കുകളിൽ

ഇടമില്ലാത്തവർക്ക്

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും

അപ്രത്യക്ഷമാകാനുള്ള

അത്ഭുതസിദ്ധിയുണ്ടെന്നോർക്കുക.

അഥവാ, അതു വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ,

ഞാൻ എന്റെ പണിക്കിറങ്ങിയെന്ന് മനസ്സിലാക്കുക.

പുലർച്ചെ ക്ഷീണിതയായി എണീക്കുമ്പൊൾ

എല്ലാം തട്ടിപ്പറിച്ച് നിന്നെ വഴിയിൽ തള്ളിയ

പുതിയ ലോകത്തിന്റെ മുഖത്ത് കാറിത്തുപ്പി,

ഒരുഗ്രന് പച്ചത്തെറിയോടെ നീ സൂര്യനെ

വരവേല്ക്കണം.

ഓർക്കുക,അപ്പോൾ മാത്രമാണ്‌

എന്റെ വര്ഗ്ഗത്തിലേക്ക് നിനക്കംഗത്വം ലഭിക്കുക.

ശനിയാഴ്‌ച, സെപ്റ്റംബർ 05, 2009

ഇസബെല്ല

ഇസബെല്ല

വീണ്ടും ശരത്കാലം.
കുന്നി്ന്‍ മുകളിലെ രാത്രിസത്രത്തില്‍
നമ്മള്‍.

ചൂടുപിടിപ്പിച്ച മുറിയില്‍
നിന്റെ നഗ്നതയുടെ നിലാവ്.

നിന്റെ ശരീരം
മഞ്ഞിനെക്കാള്‍ കുളിരുന്നതും
അഗ്നിയെക്കാള്‍ പൊള്ളുന്നതും.

നീയും ഞാനും
പരസ്പരം ചൂടുപകര്‍ന്ന്
ഉരുകിയസ്തമിക്കുന്ന രണ്ടു മഞ്ഞുകട്ടകളാണ്.

പുലര്‍ച്ചെ ,
മഞ്ഞു വീണ ഇടവഴികളിലൂടെ
നാം നടന്നു പോകുന്നു.

ഒറ്റമരത്തിലെ
കൊഴിഞ്ഞു പോകാറായ ഇല
ഒരു തണുത്ത കാറ്റിനുവേണ്ടി കാത്തിരിക്കുന്നു.

ചിറകൊടിഞ്ഞേകാകിയായ ദേശാടനപക്ഷി
വിരഹഗാനം പാടുന്നു.

പുല്‍തുമ്പിലെ മഞ്ഞിന്‍കണത്തിലും
നിന്റെ കണ്ണുനീര്‍തുള്ളിയിലും
തണുത്ത സൂര്യന്‍ തിളങ്ങുന്നു.

മരിച്ചുറഞ്ഞ തടാകത്തിലൂടെ
എന്റെ കളിവഞ്ചി
നിന്നില്‍നിന്നകന്നു പോകുന്നു.

ഇസബെല്ല,പ്രിയപ്പെട്ടവളെ,വിട;
അടുത്ത ശരത്കാലം വരേയ്ക്കും.

-----------------------------

ഇസബെല്ല എന്ന ചലച്ചിത്രത്തോടു കടപ്പാട്.

ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2009

പുഞ്ചിരി

പുഞ്ചിരി

വഴിയില്‍ ഒരു പരിചയക്കാരനെ കണ്ടു;
ചിരിച്ചില്ല.
' ഹൊ, മഹത്തായ ഒരു ചിരി ലാഭിച്ചു' എന്നു
മനസ്സില്‍ പറഞ്ഞു
വീട്ടിലെത്തിയപ്പോള്‍ ലാഭിക്കപ്പെട്ട പുഞ്ചിരികള്‍
അനേകമുണ്ടായിരുന്നു.
ഓരോന്നിനെയായി പുറത്തെടുത്തു കഴുത്തു ഞെരിച്ചു കൊന്നു.
അതിനു ശേഷം ഊറിവന്ന ചിരിയും ചിന്തയും കണ്ണീരുമെല്ലാം
ചതുരദര്‍ശനത്തിലേക്കു ചാലിട്ടു.