ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2014

മൂന്ന്. അവൾ തുടർന്നു : “അതേ നിമിഷത്തിലാണ്, അടിമേ, നിന്നോടുള്ള അലിവും എന്നെ പ്രതിയുള്ള പ്രതിഷേധവും എന്റെ അബോധത്തിന്റെ വേരുകളിൽ തൊട്ടത്. ഉറവിടം തേടി പോകേ വേരുകൾ എന്നെ പലതായി പകുത്തിരിക്കുന്നു. ഓരോ വിഭജനത്തിലും അടരലിന്റെ നോവും പിറവിയുടെ നവോന്മേഷവും ഞാനനുഭവിക്കുന്നു. പക്ഷേ മറുവശത്ത്, ഓരോ ആയുധവും  പുതുമയും വിജയോന്മാദവും ഉറപ്പു നൽകി  എന്നെ കാത്തിരിക്കുന്നു. എതിരാളികളെ ഒന്നൊഴിയാതെ അരിഞ്ഞു തള്ളിയ നീയിനി അവയെല്ലാം ആർക്കു നേരെ പ്രയോഗിക്കും എന്ന് നിന്റെ അടിമമസ്തിഷ്ക്കം നിശബ്ദം എന്നോടു ചോദിക്കുന്നു. ജാനകിയായിരുന്നു ശരി എന്നെനിക്ക് പറയാനാവില്ല. പക്ഷേ അറിയുന്നു, അവൾ പറഞ്ഞതിൽ ചില ശരികളുണ്ടായിരുനെന്ന്.  അതേ. ഇനിയൊരു മടക്കയാത്രയില്ല.  എന്നോടു തന്നെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട്, ഞാനിതാ നിന്നെ സ്വതന്ത്രനാക്കുന്നു. മംഗളം !”
 വൃത്തിഹീനമായ ഒരു ചേരിയിലേക്ക്  കാലെടുത്തു വച്ചതു പോലെയാണ് ഡിറ്റക്ടീവ് ഭദ്രയ്ക്ക് തോന്നിയത്. അംഗഭംഗം വന്നവർ,  നിർവികാരരായ വൃദ്ധർ, മുറിവുകളിൽ നിന്ന് പഴുപ്പും  ചോരയുമൊലിപ്പിച്ചു കൊണ്ട് എന്തൊക്കെയോ ശാപവചനങ്ങളുരുവിടുന്നവർ, അശ്ലീല ആംഗ്യങ്ങളോടെ ക്ഷണിക്കുന്ന സ്ത്രീകൾ, കരഞ്ഞു മയങ്ങുന്ന കുഞ്ഞുങ്ങൾ.  ആ അന്തരീക്ഷത്തിനനുയോജ്യമായ വേഷവിധാനങ്ങളോടെ, ആരുടെയും ശ്രദ്ധയ്ക്ക് ഇടം കൊടുക്കാതെ നടന്നു നീങ്ങുമ്പോൾ തന്നെ അവരുടെ സൂക്ഷദൃഷ്ടികൾ തെരുവിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കുകയായിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ,തന്നെ മറികടന്ന് മുന്നോട്ട്  നീങ്ങിയ നരച്ച സാരി ചുറ്റിയ സ്ത്രീ, അബദ്ധത്തിലെന്നോണം ഒന്നു തോണ്ടിയ ശേഷം പിറുപിറുക്കുന്നത് തനിക്കുള്ള  സന്ദേശമാണെന്ന് അവരുടെ അപസർപ്പകബുദ്ധി പെട്ടന്നു തന്നെ തിരിച്ചറിഞ്ഞു. ‘പിന്തുടരുക’ എന്ന അവസാനവാക്ക് മാത്രമേ വ്യക്തമായുള്ളൂവെങ്കിലും, അത് ചെയ്യാൻ തന്നെയാണ് ഡിറ്റ. ഭദ്ര തീരുമാനിച്ചത്. സാരിത്തലപ്പു കൊണ്ട് മുഖം മുറച്ച്, ആൾക്കൂട്ടത്തിലൂടെ  തിടുക്കത്തിൽ മുന്നോട്ടു നിങ്ങുന്ന  ഈ സ്ത്രീ  എങ്ങോട്ടാണ് തന്നെ നയിച്ചു കൊണ്ടു പോകുന്നത് എന്നൊരു സന്ദേഹം ഡിറ്റ. ഭദ്രയിൽ ഉണർന്ന അതേ  നിമിഷത്തിലാണ് അവർ പൊടുന്നനെ അപ്രത്യക്ഷയായത്. അതേ നിമിഷം തന്നെ, ഇടതുവശത്തുള്ള കെട്ടിടത്തിന്റെ ഒരു ഇടുങ്ങിയ വാതിലൂടെ നീണ്ടു വന്ന ഒരു കൈ, ഡിറ്റ. ഭദ്രയെ അകത്തേക്കൊളിപ്പിക്കുകയും ചെയ്തു.

“ അയാളുടെ ആൾക്കാർ ഇവിടെയുമുണ്ട്..എന്നെയവർക്കറിയാം.. നിങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു നാടകം കളിക്കേണ്ടി വന്നത്....” സാരിത്തലപ്പെടുത്ത് വീശി ഉഷ്ണമകറ്റാൻ ശ്രമിച്ചു കൊണ്ട് ആ സ്ത്രീ പുഞ്ചിരിച്ചു. “ വരൂ..  മഹി അകത്തുണ്ട്..”
പുറത്തെ ശബ്ദകോലാഹലങ്ങളൊന്നും കടനെത്താത്ത വിധം   ശാന്തമായ ഒരു മുറിയായിരുന്നു അത്. നിശബ്ദതയാണ് ആ ലോകത്തിന്റെ അടയാളമെന്ന് പൊടുന്നനെ ഡിറ്റ. ഭദ്രയ്ക്ക് തോന്നി.  തന്നോട്  അകൽച്ചയില്ലാത്തെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയോട് എവിടെയോ എന്തോ പരിചയങ്ങൾ  ഉള്ളിലുണരുന്നതു പോലെയും.
.
“മഹീ ..”  അടുത്ത മുറിയിൽ, മയക്കം പിടിച്ചു തുടങ്ങിയിരുന്ന യുവതിയെ അവർ തട്ടിയുണർത്തി. “ഞാൻ പറഞ്ഞിരുന്നില്ലേ.. നിന്നെയന്വേഷിച്ച് ഭദ്ര എത്താതിരിക്കില്ലെന്ന്... ”

മഹി എണീറ്റു ഭദ്രയ്ക്കു നേരെ കൈ നീട്ടി.. “  കേട്ടിട്ടുണ്ട്  ഒരുപാട്...”

 ദാറ്റ് വാസ് എ ബ്രില്ല്യന്റ് മൂവ് മഹീ....” ഡിറ്റ്കറ്റീവ്  അവളുടെ കൈ നുകർന്ന ശേഷം അവളുടെ മുടിയിഴകളിൽ നിന്ന്  ആ സൂക്ഷ്മക്യാമറ നുള്ളിയെടുത്തു. “ മിടുക്കില്ലാത്ത ഒരാൾക്ക് ഇങ്ങനെയൊരു സ്പൈ കാം മുടിയിൽ തിരുകി വെക്കുക സാദ്ധ്യമല്ല..”

മഹിയ്ക്ക് അത്ഭുതം തോന്നാതിരുന്നില്ല. ഒരു മൊട്ടുസൂചിയോളം പോന്ന ആ  സ്പൈ കാം തനിക്കല്ലാതെ മറ്റാർക്കും വീണ്ടെടുക്കാനാവില്ലെന്നാണ് അവൾ കരുതിയിരുന്നത്. ആ വിശ്വാസം അയാൾക്കരികിൽ ചെല്ലുമ്പോഴുമുണ്ടായിരുന്നു.

“ അബോധത്തെ അളക്കാതിരുന്നിടത്താണ് നിനക്ക്  പിഴച്ചത് – അയാളുടെ, നിന്റെ തന്നെയും...”  ഡിറ്റ. ഭദ്ര പറഞ്ഞു. “ അങ്ങനെ നോക്കുമ്പോൾ, അയാൾ പൂർണ്ണമായും കുറ്റക്കാരനുമല്ല
.. അല്ലേ , ജാനകീ.?” തന്നെയവിടെയെത്തിച്ച മൂന്നാമൾക്കു നേരെ തിരിഞ്ഞു കൊണ്ട്, ഒരു  അന്വേഷകയ്ക്ക് മാത്രം സാധ്യമാവുന്ന  നാടകീയതയോടെ, ആ പേരിൽ അത്രമേൽ ഊന്നി കൊണ്ടാണ് ഡിറ്റ. ഭദ്ര അതു ചോദിച്ചത്.
“ തിരിച്ചറിഞ്ഞു അല്ലേ....” അവരുടെ കൈ പുണർന്നു കൊണ്ട് ജാനകി പുഞ്ചിരിച്ചു.. “ഗ്രേറ്റ്, ഭദ്രാ.. നമിക്കുന്നു, ഈ പാടവത്തെ..”

“ കുറ്റവും ശിക്ഷയുമെല്ലാം....”  ജാനകി പുഞ്ചിരിച്ചു. “ഇവൾ തന്നെ തീരുമാനിക്കട്ടെ. നോ കമന്റ്സ്..”

“ ശരി തന്നെ. അവൾ തന്നെ തീരുമാനിക്കട്ടെ....” ഡിറ്റ. ഭദ്ര തന്റെ ടാബ് ഓൺ ചെയ്ത് ഒരു ചിത്രം അവൾക്കു നേരെ നീട്ടി. “പറയൂ മഹീ.. അയാളെ എന്തു ചെയ്യണം ? എന്താണു നിന്റെ വിധി?”
ടാബിൽ കണ്ട പുരുഷന്റെ ചിത്രം ഒരു നിമിഷത്തേയ്ക്ക്  അവളെ പരിഭ്രമിപ്പിച്ചു.  

“പേടിക്കേണ്ട.. അയാൾക്കിപ്പോഴും ഓർമ്മ തെളിഞ്ഞിട്ടില്ല .” ഡിറ്റ. ഭദ്ര അവളെ ആശ്വസിപ്പിച്ചു.

“ ഇവിടെയാണ് ഇപ്പോൾ നാമുള്ളത്.. ” ഡിറ്റ. ഭദ്ര അയാളുടെ ശിരസ്സിലേക്ക് വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു, “ ഇവിടെ -  അയാളുടെ അബോധപാതാളത്തിൽ
”. .

“ആദ്യം, നിനക്കെവിടെയാണ് പിഴച്ചത് എന്നു നമുക്ക് പരിശോധിക്കാം..” ഡിറ്റ. ഭദ്ര അവളുടെ ചാരക്ക്യാമറയിൽ നിന്ന് മെമ്മറി ചിപ്പ് അടർത്തിയെടുത്ത്, തന്റെ ടാബിൽ കുത്തി.  

 അവളോട് ഇണചേരാനൊരുങ്ങുന്ന പുരുഷന്റെ കളിചിരികളും ലാസ്യചലനങ്ങളും സ്ക്രീനിൽ തെളിഞ്ഞോടിക്കൊണ്ടിരിക്കേ, പൊടുന്നനെ   ദൃശ്യങ്ങൾ മാഞ്ഞു.
“അയാൾ ക്യാമറ കണ്ടു എന്ന് നീ ഭയപ്പെട്ടു. അല്ലേ ? ” ഡിറ്റ. ഭദ്ര ആരാഞ്ഞു.

അവളൊന്നും മിണ്ടിയില്ല.  

“കുറച്ചു കാലമായി ഞാനയാൾക്കു പുറകേയുണ്ട്..കൃത്യമായി പറഞ്ഞാൽ അങ്കിതയുടെ തിരോധാനം മുതൽ..അവളെ എങ്ങനെയാണ് തുടച്ചു നീക്കിയതെന്ന് അയാൾ  പറയുന്നത് ഞാനും കേട്ടതാണ്. അങ്ങനെയോരോന്ന് പറുക്കിയെടുക്കാനാണ് അയാൾക്കു പിറകേ കൂടിയിരിക്കുന്നതും.” ഡിറ്റ. ഭദ്രയുടെ  കണ്ണുകൾ വന്യരൗദ്രതയിൽ തിളങ്ങി. “പക്ഷേ അയാളത് നിന്നെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രം പറഞ്ഞതാണ്. .. നീ കൃത്യമായും  അതിൽ വീണു പോയി.  അയാൾ ആ ക്യാമറ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.. പക്ഷേ നീ അപ്രത്യക്ഷയായത് അയാളെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. ..അയാൾ എന്നാൽ
അയാളുടെ സ്വബോധം..അതിനു നിന്നെ വേണമെന്നുണ്ടായിരുന്നു..ഏറ്റവും കുറഞ്ഞത് ആദ്യസംയോഗം തീരുന്നതു വരെയെങ്കിലും....”

മഹി ഒന്നു മൂളി.

“നീയാണ് തല കുനിച്ച് കീഴടങ്ങിയത്. നിന്റെ അബോധം.. ദുർബലയെന്ന നിന്റെ നിതാന്തഭയം. പ്രതിഷേധമേതുമില്ലാതെ നീ കീഴടങ്ങിയ വിജയോന്മാദത്തിൽ അയാളുടെ അബോധം നിന്നെ വിഴുങ്ങിക്കളഞ്ഞു.!.”

   ‘ഓ..അങ്ങനെയോ’എന്ന കൗതുകഭാവത്തിൽ മഹി ഡിറ്റ. ഭദ്രയെ നോക്കി.

“.നിങ്ങളുടെ മുറിക്ക് തൊട്ടപ്പുറത്തിരുന്ന് ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. അയാൾ അങ്ങനെ കൈ നീട്ടിയ നേരത്ത്, നീ പൊടുന്നനെ അപ്രത്യക്ഷയായത് ഒരു നിമിഷം എന്നെയും അമ്പരപ്പിച്ചു. നീ എന്തെങ്കിലും മായാജാലവിദ്യകൾ പ്രയോഗിച്ചതാവാം എന്നാണ് അപ്പോഴെനിക്കു തോന്നിയത്. അയാൾ പരിഭ്രമിച്ചു തലകുടയുന്നതും നിന്നെ ഉറക്കെവിളിക്കുന്നതും കണ്ടപ്പോൾ ആ സമയത്ത് ഇടപെട്ടില്ലെങ്കിൽ മുറിയിൽ മറ്റുള്ളവർ വരാനും പരിശോധിക്കാനും സാധ്യതയുള്ളതുകൊണ്ട് അയാളുടെ ബോധം കെടുത്തുകയല്ലാതെ എനിക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. പക്ഷേ മുറി മുഴുവൻ അരിച്ചു പെറുക്കിയിട്ടും നിന്റെ പൊടി  പോലും കണ്ടുകിട്ടിയതുമില്ല. നിന്നെ അന്വേഷിച്ചന്വേഷിച്ചാണ് ഞാനിവിടെയെത്തുന്നത്.. ഇതൊരു ചരിത്രനിയോഗമായിരിക്കാം അല്ലേ ജാനകീ......ഇവളേക്കാൾ വളരെ മുമ്പേ ഇതേ ലോകത്താൽ വിഴുങ്ങപ്പെട്ടവളാണല്ലൊ  താങ്കൾ..
..”

  തെറ്റി,ഭദ്രാ..”  ജാനകി പുഞ്ചിരിച്ചു. “വിഴുങ്ങപ്പെടുകയല്ല ; ഈ ലോകത്തേക്ക് ഞാൻ സ്വമേധയാ ഇറങ്ങി വരികയാണുണ്ടായത്..” .   

“ അങ്ങനെയോ ! ” ഡി. ഭദ്രയുടെ പുരികം ചുളിഞ്ഞു.  “ അമ്മയുടെ മടിത്തട്ടിന്റെ സ്വാസ്ഥ്യത്തിലേക്കിറങ്ങി പോയി എന്ന കഥ വിശ്വസനീയമായി എനിക്കൊരിലും തോന്നിയിരുന്നില്ല...പക്ഷേ താങ്കൾ സ്വയമിറങ്ങി വന്നതാണ് എന്നു കേൾക്കുമ്പോൾ.......”

ഡിറ്റ. ഭദ്ര മഹിക്കു നേരെ തിരിഞ്ഞു. “എക്സ്ക്യൂസ് മി മഹീ
അയാൾക്കു ബോധം തെളിയുന്നതുവരെ നമുക്ക് സമയമുണ്ട്.. ഞാൻ ജാനകിയുടെ  വെർഷൻ ഒന്നു കേൾക്കട്ടെ....  ഒരു തീരുമാനത്തിലെത്താൻ ഒരുപക്ഷേ ഈ കഥയും നിന്നെ സഹായിച്ചേക്കും....”
മഹി താല്പര്യമില്ലാത്ത മട്ടിൽ  തലയാട്ടി.

 “ ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം  ജാനകീ
.അത്രയും വലിയൊരു ആൾക്കൂട്ടത്തിന്റെ മുൻപിൽ വച്ച് ഹീനമായി അപമാനിക്കപ്പെട്ടതായിരുന്നില്ലേ താങ്കളുടെ തിരോധാനത്തിനു കാരണം ?”

“അല്ല ഭദ്ര.  ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.  സാന്ദർഭീകമായ ചില വൈകാരികതകൾ അപ്പോഴുണ്ടായിരുന്നെങ്കിലും പ്രതികാരമോ പ്രതിഷേധമോ ആയിരുന്നില്ല അതിനു പിന്നിൽ..”

  പക്ഷേ ആ പിന്മാറ്റം അധികാരോന്മത്തതയെ അരക്കിട്ടുറപ്പിക്കുകയല്ലാതെ എന്തു മാറ്റമാണുണ്ടാക്കിയത് ?..തലയുയർത്തി നിന്ന്, നേർക്കു നേർ പോരാട്ടം ആവശ്യപ്പെടുന്ന  ചരിത്രസന്ദർഭമായിരുന്നു അത്. ജാനകി അതിനു ശേഷിയില്ലാത്തവളായിരുന്നെന്ന് ഞാൻ കരുതുന്നില്ല..”

“ അധികാരത്തോടൊപ്പവും അതിന്റെ തടവിലും  രണ്ടിൽ നിന്നും മുക്തയായും ഞാൻ ജീവിച്ചിട്ടുണ്ട്.  സ്വാർത്ഥത്തെ സ്വാർത്ഥം കൊണ്ടോ അധികാരത്തെ അധികാരം കൊണ്ടോ നേരിടാൻ കഴിയില്ല  ഭദ്രാ..അങ്ങനെയൊരു യുദ്ധത്തിൽ എതിരാളികൾ ഉന്മൂലനം ചെയ്യപ്പെട്ടാലും അവിടെ അവശേഷിക്കുന്നത് അതേ സ്വാർത്ഥവും അധികാരവും തന്നെയായിരിക്കും. രൂപവും ഭാവവുമെല്ലാം വിജയികളുടേതായി  മാറും എന്നു മാത്രം.പിന്നീട് ആ വിജയികൾ തന്നെ ഇരകളെ കണ്ടെത്താൻ തുടങ്ങും..  .”

“ അതുകൊണ്ട്, സ്വയം തിരുത്തുന്നതുവരെ അധികാരം അതിന്റെ നൃശംസതകൾ തുടരട്ടെ എന്ന  നിഷ്ക്രിയസിദ്ധാന്തം വേട്ടക്കാർക്കാണാനൂകൂല്യം നൽകുന്നത്..എനിക്കതു പിന്തുടരാൻ വയ്യ..” ഡിറ്റ. ഭദ്രയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു.
ജാനകി ഡിറ്റ. ഭദ്രയുടെ കൈകൾ സ്നേഹപൂർവം കൈയ്യിലെടുത്തു. “ അറിയാം., ഈ ചോര തിളയ്ക്കുന്നത്, എട്ടു കൈകളുടെ വീറോടെ അടരാടുന്നത്, അനീതികൾക്കെതിരെയാണെന്ന്..സംശയമില്ല.. പോരാട്ടം തുടരുക തന്നെ വേണം. തിന്മകൾ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം..... ”

“പറയാൻ പലതുമുണ്ട്.. ഇനിയൊരവസരത്തിലാവട്ടെ..” ഡിറ്റ. ഭദ്ര അസംതൃപ്തയായി തലയാട്ടി.

.  “ അതെ ” ജാനകി മഹിക്കു നേരെ മിഴി ചൂണ്ടി “  മഹിയുടെ കോട്ടുവായും അതാണ് പറയുന്നത് ....
  നമുക്ക് ഓരോ കപ്പ്  ചായയായാലോ ?”

ചായ മൊത്തി കൊണ്ടിരിക്കേ,  ഡിറ്റ. ഭദ്രയാണ് വീണ്ടും തുടക്കമിട്ടത്. “ അയാൾക്കു ബോധം തെളിയാൻ ഇനിയും ഒരു മണിക്കൂർ എടുക്കും..മഹിയ്ക്ക് തിടുക്കമൊന്നുമില്ലല്ലോ ?”

“ എന്നു ചോദിച്ചാൽ..” മഹി തന്റെ  അസ്വാരസ്യം മറച്ചു വെച്ചില്ല.. “ ജാനകി പറഞ്ഞതാണു കാര്യം.. ബോറടിക്കുന്നുണ്ട്
ഇവിടെ മറ്റു മനുഷ്യരൊന്നുമില്ലേ ?”

 “ അതാണ് എനിക്കും ചോദിക്കാനുള്ളത്..  താങ്കളുടെ  കുട്ടികളെ പോലും താങ്കൾക്കൊപ്പം കാണാനില്ലല്ലോ ജാനകീ....” ഡിറ്റ. ഭദ്രയുടെ ശബ്ദത്തിൽ സഹതാപപുച്ഛങ്ങൾ ഇടകലർന്നു..

“സത്യം തന്നെ. ഞാനിപ്പോഴും തനിച്ചാണ്.....എങ്കിലും മണ്ണടിഞ്ഞു മറ്റൊന്നിനു വളമാകുന്നതുവരെ ഇവിടെ തന്നെ തുടരാനാണ് ആഗ്രഹം..” മഹിയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ജാനകി അതു പറഞ്ഞത്.

“ ശരി.. ഇനിയും വൈകിക്കുന്നില്ല ..” ഡിറ്റ  ഭദ്ര മഹിക്കു നേരെ തിരിഞ്ഞു..
 “ ഇത്രയുമെത്തിയ മഹിക്കു മുന്നിൽ ഏതുലോകവും തിരഞ്ഞെടുക്കുന്നതിനുള്ള ഒരവസരം  നൽകേണ്ടതുണ്ട് എന്ന്  കരുതുന്നു..” ഡിറ്റ. ഭദ്രയുടെ  ശബ്ദത്തിൽ ആത്മവിശ്വാസം തുളുമ്പിയിരുന്നു. “ എന്തു പറയുന്നു മഹീ ?. ജാനകിക്കൊപ്പം കൂടുന്നോ അതോ ഭൗതികത്തിലേക്ക് തിരികെ പോരുന്നോ ?.”

ജാനകി വാൽസല്യത്തോടെ പുഞ്ചിരിച്ചു. “ അതൊരു നല്ല തീരുമാനമാണ്. അവൾ തീരുമാനിക്കട്ടെ
..”

ഒരു പുഞ്ചിരി മഹിയുടെ ചുണ്ടിലും വിരിഞ്ഞു. ഒട്ടും തിടുക്കം കൂട്ടാതെയാണ് അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്ന്   പിസ്റ്റൾ  പുറത്തെടുത്ത് ജാനകിക്കു നേരെ ചൂണ്ടിയത്.

“ സോറി,   ജാനകീ..ഇനിയും  പാഴാക്കാൻ സമയമില്ല..”

 ഒരു മിന്നൽ പിണർ പാഞ്ഞതു പോലെയാണ് ഡിറ്റ. ഭദ്രയ്ക്കു തോന്നിയത്. “ എന്താണീ ചെയ്തത് !!” അരയിൽ നിന്ന് പിസ്റ്റളെടുത്ത് മഹിക്കു നേരെ ചൂണ്ടിക്കൊണ്ട് അവർ അലറി.  

മഹി പുച്ഛത്തോടെ ചിരിച്ചു. “ എനിക്കറിയാം, നിങ്ങൾ ഇതു കണ്ടിട്ടുണ്ടാവില്ല, ഡിറ്റക്റ്റീവ് !” അവൾ  തോക്കിൽ ചുംബിച്ചു. “ ദിസ് ഈസ് ദ മോസ്റ്റ് അഡ്വാൻസ്ഡ് വൺ..    ഒരൊറ്റ ട്രിഗറിന്, ഇരുപത്തിനാലിലധികം തവണ റേയ്സ്  പായും. ഒരു പൊടി പോലും ശേഷിക്കില്ല. ഇനി,  ദാ ഈ ബട്ടനിൽ ജസ്റ്റ് ഒന്നു പ്രെസ്സ് ചെയ്താൽ, നിങ്ങളുദ്ദേശിക്കുന്നവരുടെ അബോധത്തിലേക്ക് പ്രവേശിക്കാം, അവിടെ എന്തു ചെയ്യാം. അതിനാണ് ഞാനിവിടെ വന്നത്- അയാളുടെ പ്രതിരോധങ്ങളും സന്ദേഹങ്ങളും ഓരോന്നായി കണ്ടെത്താൻ, അവ തുടച്ചു നീക്കാൻ; അല്ലാതെ ഇതൊരു  വിഴുങ്ങലും പുഴുങ്ങലും കീഴടങ്ങലുമൊന്നുമല്ല.  എനിക്കെന്റെ ലക്ഷ്യം പൂർത്തീകരിച്ചേ പറ്റൂ. ജാനകി ഒരു വേസ്റ്റ് ആണ്. നിങ്ങൾ ഒരു ന്യൂയ്സെൻസും..സോറി. ”

തോക്കിൽ നിന്ന് ഒരു തവണ കൂടി കണ്ണഞ്ചിക്കുന്ന പ്രകാശം നിറയൊഴിഞ്ഞു.