വ്യാഴാഴ്‌ച, ജൂലൈ 29, 2010

നാം.നാം.

ആനമയിലൊട്ടകം കളിച്ചിരുന്നപ്പോൾ
നിലവിലുണ്ടായിരുന്നത് ബാര്‍ട്ടർ സമ്പ്രദായമായിരുന്നു.
അമ്പഴങ്ങയ്ക്കു പകരം വെളുത്ത പെന്‍സിൽ തുണ്ടുകൾ
ആകാശം കാണാതെ സൂക്ഷിച്ച മയില്‍‌പീലിനാരിനു പകരം
ഉപ്പിലിട്ട കണ്ണിമാങ്ങ.
പക്ഷെ പരന്നൊട്ടിയ വയറിലേക്കു പകുത്ത
പഴങ്കഞ്ഞിയ്ക്കു പകരം നല്‍കിയത് ഹൃദയമായിരുന്നു.

മാന്ത്രികരായിരുന്നു ഏവരും.
ചുണ്ടുകൾ വേഗം നിയന്ത്രിച്ചിരുന്ന വണ്ടികൾ
നിമിഷാര്‍ദ്ധത്തിൽ ലോറിയായും കാറായും തീവണ്ടിയായും
രൂപമാറ്റം വരുത്താന്‍ കഴിവുള്ളവർ.
ഒരേ ബഞ്ചിന്റെ രണ്ടറ്റത്തിരുന്ന്
വിപരീത ദിശകളില്‍ ബസ്സോടിച്ചിരുന്ന ജാലവിദ്യക്കാർ.
പക്ഷെ മണ്‍തരികളെ മനം പോലെ ഭക്ഷണമാക്കാനുള്ള
മന്ത്രവിദ്യമാത്രമറിയാതെ
വിശന്നു തളര്‍ന്നുറങ്ങിയവർ.
ധനതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളും
കേന്ദ്രബാങ്കിന്റെ നിബന്ധനകളും തള്ളിക്കളഞ്ഞ്
ആര്‍ക്കുമെപ്പോഴും പറിച്ചെടുക്കാവുന്ന
'പച്ചനോട്ടുകൾ' കൊണ്ടു കണക്കുകൾ തീര്‍ത്തവർ.
പക്ഷെ മുതിര്‍ന്നവരുടെ സാമ്രാജ്യങ്ങളുമായി
നാണയകൈമാറ്റവ്യവസ്ഥ നിലവില്ലാതിരുന്നതുകൊണ്ടു മാത്രം
മിഠായി ഭരണികളിലേക്ക് ഒടുങ്ങാത്ത നെടുവീര്‍പ്പുകൾ
മാത്രമയക്കാന്‍ വിധിക്കപ്പെട്ടവർ.

മണ്ണെണ്ണപ്പാട്ടയുടെയും ഓലപീപ്പിയുടെയും
അകമ്പടിയിൽ സംഗീതവിരുന്നുകളൊരുക്കി ലോകത്തെ ഞെട്ടിച്ചവസാനം
പാടത്തെ ആറ്റക്കിളികളെ സംഗീതമഭ്യസിപ്പിക്കാൻ
സ്ഥിരം ക്ഷണിതാക്കളായവർ.
പക്ഷെ തോളിലൂടെ കൈയ്യിട്ടിരുന്ന് ആയത്തിൽ പാട്ടുകൾ പാടിയപ്പോൾ
കൈകൾ കോര്‍ത്തത് കരളുകൾ തമ്മിലായിരുന്നു.

മരണവീടുകളിൽ ഇരുട്ടത്തിരുന്ന്
പ്രേതകഥകൾ വിളമ്പി കേൾവിക്കാരെ
വിറപ്പിച്ചിരുന്ന ബ്രാം സ്റ്റോക്കര്‍മാർ
പക്ഷെ നേരിയ നിലാവിൽ
അകലെ വെറുതെയൊന്ന് മിന്നിമറഞ്ഞ നിലാവൊളി കണ്ട്
ആദ്യമായി കൂട്ടിയിടിച്ച മുട്ടുകൾ കഥ പറച്ചിലുകാരന്റേതായിരുന്നു.

കണ്ണാടിച്ചില്ലിൽ നിന്ന് ചിതറിയ സൂര്യ വെളിച്ചം
വെള്ളം നിറച്ച ബള്‍ബിനിപ്പൂറം ചിത്രഫലകത്തിലേക്ക് പടര്‍ത്തി
ചുമരിൽ വര്‍ണ്ണവിസ്മയങ്ങൾ തീര്‍ത്ത ശാസ്‌ത്രവിശാരദർ.
പക്ഷെ 'യുറേക്ക ' എന്ന് ഉടുതുണിയില്ലാതെ കരഞ്ഞുവിളിച്ചോടിയത്
നിശബ്ദമായി കരയിൽ തമ്പിട്ടുനിന്ന
ജലക്രീഢാവിരോധികളുടെ പിന്നിലൊളിപ്പിച്ചു പിടിച്ച
ചൂരല്‍വടികൾ കണ്ടുപിടിച്ചതു കൊണ്ടായിരുന്നു.

കാലാവസ്ഥാമുന്നറിയിപ്പുകൾ പുല്ലുപോലെ അവഗണിച്ച്
പടിഞ്ഞാറെ തോട്ടിൽ പിണ്ടിച്ചങ്ങാടത്തിലുരുന്ന്
സധൈര്യം മല്‍സ്യബന്ധനം നടത്തിയവർ.
പക്ഷെ കിട്ടിയ ചെറുമീനുകളെക്കാൾ
ചൂണ്ടയിൽ നിന്ന് ആരും കാണാതെ വഴുതിപ്പോയ
മീനിന് എന്നും ആനയോളമായിരുന്നു വലിപ്പം.

കള്ളനും പോലീസും കളിച്ചവസാനം
കള്ളന്‍, കള്ളന്‍ ജയനേയും
പോലീസ്, പോലീസ് ജയനേയും
മനസ്സിലോര്‍ത്ത്
പൂഴിമണ്ണിൽ 'റ്റിഷ്യൂം റ്റിഷ്യും' കൊമ്പുകൾ കോര്‍ത്തവർ.
പക്ഷെ നിലം പതിച്ച കള്ളന്റെ നിലവിളി നിര്‍ത്താൻ
കൈക്കൂലി കൊടുത്തു തോറ്റത് പോലീസുകാരനായിരുന്നു.

മീശ കുരുത്തപ്പോൾ
സോഷ്യലിസം നിലവിൽ വന്നു.

സ്ക്കൂളിനടുത്ത് താമസത്തിനെത്തിയ രാജകുമാരിയെ
പ്രേമിക്കാന്‍ തുല്യാവകാശമായിരുന്നു.
ഇടവഴികളിലെ പ്രണയാകമ്പടികള്‍ക്ക്
വിളക്കുകാലുകളായി നിന്ന് അടയാളവെളിച്ചങ്ങൾ
തെളിച്ചിരുന്നത് ഊഴമിട്ടായിരുന്നു.
പൊടുന്നനെയൊരു ദിനം
അവള്‍ മറ്റെങ്ങോ താമസം മാറിയപ്പോൾ
അവള്‍ക്കെഴുതിയ പ്രേമലേഖനത്തിൽ
ഏവരുടേയും ഹൃദയരക്തം കലര്‍ന്നിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുമര്‍പൊത്തുകളിൽ
പമ്മനും പി. അയ്യനേത്തും മടക്കുപുസ്തകങ്ങളും
വിശ്രമമില്ലാത്ത പൊതുസ്വത്തായിരുന്നു.
ഇരുളിൽ, ഓലമേഞ്ഞ ടാക്കീസിൽ
തടിച്ച നടി നീലനീരാട്ട് തുടങ്ങിയപ്പോൾ
നെഞ്ചിടിപ്പുകളുടെ താളം മുറുകിയത്
ഒരേ വേഗത്തിലായിരുന്നു.
ദൈവങ്ങളല്ലാതിരുന്നതുകൊണ്ടു മാത്രം
മരക്കൊമ്പിനു പകരം ഇരിപ്പിടങ്ങളൊരുക്കിയത്
പെണ്‍കുളിക്കടവിലെ പൊന്തക്കാടുകളിലായിരുന്നു.
നാട്ടിലെ പെണ്‍ഭൂമിശാസ്‌ത്രങ്ങൾ അളന്നും
ചര്‍ച്ച ചെയ്തും കലുങ്കിലിരിക്കുമ്പോൾ
വായൂവേഗത്തിലോടാന്‍ പരിശീലനം പകര്‍ന്നത്
വളവു തിരിഞ്ഞ് പലപ്പോഴും പാഞ്ഞെത്താറുള്ള
പോലീസ് വാഹനങ്ങളായിരുന്നു.

രാത്രിസ്വപ്നങ്ങളിൽ വീണുകിട്ടിയ പെണ്ണിനെപ്പോലും
പാണ്ഡവരെപ്പോലെ പങ്കിട്ടെടുത്തവർ
ഓഹരിയുടമകളായി അവകാശവാദമുന്നയിച്ചിരുന്നത്
അവസാനത്തെ ബീഡിപ്പുകയ്ക്കു മാത്രമായിരുന്നു.
വീട്ടിലെ തീവ്രവിപ്ലവകാരികൾ
ചെങ്കൊടിയേന്തി നെഞ്ചുവിരിച്ചാഞ്ഞു നടക്കുമ്പോൾ
മുന്‍പിൽ ചട്ടിതൊപ്പിയും മുളവടിയും കണ്ടാൽ
നൊടിയിൽ പിന്‍നിരയിലെത്താനുള്ള ജാലവിദ്യ പഠിച്ചവരായിരുന്നു.
മരനീരടിച്ച് കാവടിയിൽ
തകില്‍താളത്തിൽ തകര്‍ത്താടിയവർ
പക്ഷെ, പഠന,പ്രാരാബ്ദങ്ങളായ് പലവഴി പിരിഞ്ഞന്ന്
കുടിച്ച് തീര്‍ത്തത് ഒരു കുടം കണ്ണുനീരായിരുന്നു.

പക്ഷെ,
'നീ ഞാന്‍ തന്നെ'യെന്ന് കരഞ്ഞുകൈപിടിച്ചകവര്‍ന്നവർ
വല്ലപ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോൾ
പഴയ കിട്ടാക്കടങ്ങളുടെ കണക്കുകൾ ഓര്‍മ്മപ്പെടുത്തുമെന്ന് ഭയപ്പെട്ട്
തിടുക്കത്തിലൊരു കുശലാന്വേഷണം നടത്താന്‍ മാത്രം
പഠിച്ചു കഴിഞ്ഞിരുന്നു.
--------------------------------------------------------------------
മണികണ്ഠന്‍,
എല്ലാ കൊള്ളരുതായ്മകളിൽ നിന്നും
സൗമ്യമായി പുഞ്ചിരിച്ച് നീ അകന്നു നിന്നിട്ടേയുള്ളു.
ഞങ്ങളുയര്‍ത്തിയ വീരവാദങ്ങളള്‍ക്കിടയിൽ
'നിങ്ങൾ ചെയ്തത് തെറ്റായിരുന്നു' എന്ന് മൗനം കൊണ്ട്
വിളിച്ചു പറഞ്ഞത് നീ മാത്രമായിരുന്നു.
പക്ഷെ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ?
'ആ പഴയ സുഹൃത്തില്ലേ, മണികണ്ഠന്‍....'
എന്ന് കൂട്ടുകാരി ഫോണിലൂടെ പറയാന്‍ തുടങ്ങിയപ്പോൾ
നിന്റെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി.
പക്ഷെ അവൾ പറഞ്ഞത് നിന്റെ ശൂന്യതയെക്കുറിച്ചാണ്.
'വരുന്നില്ല' എന്നാണു ഞാനാദ്യം പറഞ്ഞതെങ്കിലും
പറഞ്ഞുതീരാത്ത പഴയ സ്നേഹക്കടങ്ങൾ
എനിക്കിരിക്കപ്പൊറുതി തന്നില്ല.

ഞാനറിഞ്ഞിരുന്നില്ല മണികണ്ഠന്‍,
വിരല്‍ത്തുമ്പുകൊണ്ടു നേടിയ ഭൂലോകസൗഹൃദങ്ങളുമായി
ഞാന്‍ സല്ലപിക്കുമ്പോൾ
കുറച്ചപ്പുറത്ത്,
സര്‍ക്കാരുശുപത്രിയുടെ വിളറിയ ചുമരുകള്‍ക്കുള്ളിൽ
ഹൃദയം പകര്‍ന്ന് ഹൃദയം നേടിയവൻ
മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന്.
നിന്റെ രോഗത്തിന് മരുന്നുകളില്ലായിരിക്കാം.
പക്ഷെ അല്‍പ്പനേരത്തേക്കെങ്കിലും
വ്യാധിയുടെ കൂര്‍ത്ത മുള്ളുകൾ വകഞ്ഞു മാറ്റി,
കൈകൾ കോര്‍ത്ത്,
നമുക്കാ പഴയ മാമ്പഴക്കാലത്തേക്ക് പറന്നുപോകാമായിരുന്നു.

പക്ഷെ, പിഴുതെറിഞ്ഞ പൂമരം പോലെ ചലനമറ്റ് വാടിയെങ്കിലും
മുഖത്ത് യാതൊരു പരിഭവങ്ങളുമില്ലാതെ
ആ പഴയ സൗമ്യമായ പുഞ്ചിരിയോടെ
നീയെന്നെ വരവേറ്റു.
അപ്പോളാളിവന്ന ഒരു തേങ്ങൽ
ഇപ്പോഴുമെന്നുള്ളിൽ
അടങ്ങാതെ കിടപ്പുണ്ട്.

വേറൊരു സ്വര്‍ലോകം മറ്റെവിടെ പണിതീര്‍ത്താലും
ഇനിയും നിന്റെ ദൈവത്തോടെനിക്കു സന്ധി ചെയ്യുക വയ്യ ‍.

നീ കാണുന്നുണ്ടാവും -
നമ്മുടെ കളിസ്ഥലങ്ങളിൽ ചുമരുകളയുര്‍ന്നിരിക്കുന്നു
നമ്മുടെ പുഴ വറ്റിയമര്‍ന്നിരിക്കുന്നു.
നമ്മുടെ കുന്നിന്‍പുറങ്ങൾ തച്ചുതകര്‍ത്തിരിക്കുന്നു.
നമ്മുടെ തണല്‍മരങ്ങൾ വെട്ടിവെളുത്തിരിക്കുന്നു.
എവിടെയിരുന്നാണ്
മുടി ചുരുണ്ടു നീണ്ട ഏതൊ ഒരു വധുവിനായി
നീ പണിതീര്‍ത്ത സ്വര്‍ണ്ണമാല്യത്തെക്കുറിച്ച്,
സൗമ്യലളിതമായിരുന്ന നിന്റെ സ്വപ്നങ്ങളെക്കുറിച്ച്,
ഹൃദയം നുറുങ്ങിയ വരികൾ
കടം തീരാത്ത കണ്ണീർ കൊണ്ട് ഞാനെഴുതി തീര്‍ക്കേണ്ടത്..