ഞായറാഴ്‌ച, ജനുവരി 04, 2015

ദ ലാസ്റ്റ് ലൈഫ്.

-----------------------------------------------------------------------------------------------------------
ഈ കഥ ഒ. ഹെന്റിയ്ക്കു കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ‘ദ ലാസ്റ്റ് ലീഫ്’ എന്ന കഥ കൂടി ചേരുമ്പോഴാണ് ഇതിന്റെ വായന പൂർണ്ണമാവുക.
----------------------------------------------------------------------------------------------------------

                                                         
അതിശയകരമെന്നു പറയട്ടെ, എല്ലാം പഴയതു പോലെ തന്നെയായിരുന്നു. വാഷിങ്ങ്ടൺ സ്ക്വയറിനടുത്തുള്ള ആ  ഗ്രാമം, അതിലെ ഇടുങ്ങിയതും വഴി തെറ്റിക്കുന്നതുമായ തെരുവുകൾ, ആ പഴയ മൂന്നു നില കെട്ടിടം, മിസ്റ്റർ ന്യൂമോണിയ,  മഞ്ഞുകാലം,  ജോൺസി, സ്യൂ , ബർമ്മൻ, അവരുടെ സൗഹൃദം, അതിന്റെ വഴിത്താരകൾ..
പിന്നെ മാറിയതെന്താണ് എന്നു ചോദിച്ചാൽ - അതെ, അതാണു പറയാൻ തുടങ്ങുന്നത്.

ഒരു പ്രഭാതത്തിൽ, പരിശോധനയ്ക്കു ശേഷം  ഡോക്ടർ സ്യൂവിനോട് പറഞ്ഞു :
  സിംറ്റംസ് എല്ലാം കൃത്യമാണ്. പക്ഷേ ജീവിക്കണം എന്നൊരാഗ്രഹം അവൾക്ക് ഇപ്പോഴും ഉള്ളതു പോലെ. അവളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ ?”

“ഇറ്റലിയിൽ പോകണമെന്നും  നേപ്പിൾ  ഉൾക്കടലിന്റെ ചിത്രം വരയ്ക്കണമെന്നും അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.” സ്യൂ പറഞ്ഞു.

“ വരയോ.. ച്ഛേ.. അതല്ല.. കാര്യമായ എന്തെങ്കിലും
ഒരു കാമുകൻ ?..”

“ കാമുകനോ ?” സ്യൂ  അത്ഭുതപ്പെട്ടു.. “ അതിനുമാത്രം എന്താണു  ഒരു പുരുഷനിലുള്ളത്.. ഇല്ല ഡോക്ടർ.. അങ്ങനെയൊരാളില്ല..”

“ അവൾ ക്ഷീണിതയാണ്..” ഡോക്ടർ പറഞ്ഞു . “ എനിക്ക് അറിയാവുന്നതെല്ലാം ഞാൻ ചെയ്യാം.  പക്ഷേ, ഈ സ്റ്റേജിലെത്തിയ ഒരാൾ താൻ മരിക്കാൻ പോകുന്നില്ല എന്ന് ചിന്തിക്കാൻ തുടങ്ങുന്നതോടെ എന്റെ ജോലി ഇരട്ടിക്കുകയാണ്. നിങ്ങൾക്കറിയാമല്ലോ, അവളുടെ മെഡിക്ലെയിം പോളിസിയിൽ  ഇനി ബാക്കിയുള്ളത് വെറും പതിനായിരത്തി ഇരുപത്തി മൂന്ന് ഡോളറാണ്. ട്രീറ്റ്മെന്റ് തുടരാനുള്ള പൈസ ഇല്ലാത്തതുകൊണ്ട്, അതിൽ പതിനായിരം ഡോളർ ശവസംസ്ക്കാര ചിലവുകൾക്ക് മാറ്റി വെക്കാൻ  ഏതു ഡോക്ടറും നിയമപരമായി ബാധ്യസ്ഥനാണ്. അതുകൊണ്ടാണല്ലോ ഇത്തരക്കാർക്ക് മരണം സ്വീകരിക്കാൻ അനുവാദം നൽകുന്ന, ഞങ്ങളെ അതിനു പ്രാപ്തരാക്കുന്ന നിയമം തന്നെ നിലവിലുള്ളത്...”

ഡോക്ടർ പോയ ശേഷം സ്യൂ മറ്റൊരു മുറിയിലിരുന്ന് മതിയാവോളം കരഞ്ഞു.

പിന്നെയവൾ തന്റെ ചിത്രമെഴുത്ത് സാമഗ്രികളുമായി ജോൺസിയുടെ മുറിയിലേക്ക് നടന്നു.
“സമയമാം രഥത്തിൽ ഞാൻ..” അവൾ പതിയെ  മൂളി കൊണ്ടിരുന്നു.
മെലിഞ്ഞുണങ്ങിയ ജോൺസി നിശബ്ദം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. ജാലകത്തിലേക്ക് മുഖം തിരിച്ചാണ് അവൾ കിടന്നിരുന്നത്. അവൾ ഉറങ്ങുകയാണെന്നു കരുതി സ്യൂ പാടുന്നതു നിർത്തി ചിത്രമെഴുതാൻ തുടങ്ങി.
അല്പം കഴിഞ്ഞപ്പോൾ  ഒരു ഞരങ്ങൽ കേട്ട് അവൾ വേഗം കട്ടിലിനടുത്തേയ്ക്ക് നടന്നു.
ജോൺസിയുടെ മിഴികൾ തുറന്നിരിക്കുകയായിരുന്നു. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി എണ്ണി കൊണ്ടിരിക്കുകയായിരുന്നു.

“ പന്ത്രണ്ട്,” അവൾ  എണ്ണി. പിന്നെയല്പം  കഴിഞ്ഞ്, “ പതിനൊന്ന്”, പിന്നെ, “പത്ത്’, “ഒമ്പത്” ഏഴും  എട്ടും അവൾ ഒരുമിച്ചാണ് എണ്ണിയത്.

 എണ്ണാൻ മാത്രം എന്താണുള്ളത് എന്ന  കൗതുകത്തോടെ സ്യൂ പുറത്തേക്ക് നോക്കി. അവിടെ, അടുത്ത കെട്ടിടത്തിന്റെ ചുമരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുമരിനിപ്പുറത്ത്, ഒരു പഴഞ്ചൻ മരം നില്പുണ്ടായിരുന്നു. ശിശിരത്തിന്റെ തണുത്തുനിർവികാരമായ ആലിംഗനത്തിൽ, അതിന്റെ ഇലകൾ ഏകദേശം മുഴുവനായും പൊഴിഞ്ഞു കഴിഞ്ഞിരുന്നു.
“ എന്താ നീ എണ്ണുന്നത് ?” സ്യൂ ചോദിച്ചു.
“ ആറ്” ജോൺസി എണ്ണി.  പിന്നെ ദുർബലമായ സ്വരത്തിൽ തുടർന്നു. “ എല്ലാം വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസം മുമ്പ് നൂറോളമെണ്ണമുണ്ടായിരുന്നു. എണ്ണിതീർക്കാൻ ഞാൻ ബുദ്ധിമുട്ടി.  ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു.. ദാ.. ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളൂ..”

“ നീയെന്തിന്റെ കാര്യമാ പറയുന്നത്?”

“ഇലകൾ- ആ മരത്തിന്റെ.. അവസാനത്തെ ഇല പൊഴിയുന്നതിനൊപ്പം, ഞാനും പോകേണ്ടി വരും.. മുന്നു ദിവസമായി ഞാനതു മനസ്സിലാക്കിയിട്ട്
പക്ഷേ എങ്ങാനും ?”

“ ഓഹ്.. കേട്ടുകേൾവിയില്ലാത്ത വിഡ്ഡിത്തം
” സ്യൂ വിന്റെ ശബ്ദമുയർന്നു.. ഒരു വയസ്സൻ മുന്തിരിവള്ളി നിന്റെ ഭാവിയിൽ എന്തു മാറ്റം വരുത്താനാണ്.. ഇലകൾ പൊഴിഞ്ഞാലും ഇല്ലെങ്കിലും ..നീ.. നോക്കൂ, നമ്മുടെ കൈയ്യിൽ ഇനി ചികിത്സക്കായി പൈസയൊന്നുമിരിപ്പില്ല എന്ന് മറക്കല്ലേ.. മനസ്സിൽ നിന്ന് മറ്റ് ചിന്തകളൊക്കെ മാറ്റൂ..ഡോക്ടർ പറഞ്ഞത് സിംറ്റസ് എല്ലാം കൃത്യമാണെന്നാണ്. എന്തെങ്കിലും കഴിക്കാനൊക്കെ ആഗ്രഹം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ  പറയ്.. എന്റെ കൈയ്യിൽ  കുറച്ച് പൈസയിരിപ്പുണ്ട്..”
“അതൊന്നും വേണ്ട സ്യൂ
ദാ.. ഒരെണ്ണം കൂടി വീണു..” ജോൺസി മരത്തിൽ നിന്നു കണ്ണെടുക്കാതെ തുടർന്നു. “ എനിക്ക് ഒന്നും കഴിക്കണമെന്നില്ല.. ഇനിയുള്ളത് നാല് ഇലകളാണ്.. ഇരുട്ടുന്നതിനു മുമ്പ് അവസാനത്തെ ഇലയും പൊഴിയുന്നത് എനിക്കു കാണണം..അപ്പോൾ ഞാനും പോകും..”
സ്യൂ  ഒന്നുകൂടി പുറത്തേക്കു നോക്കി.
“ എന്റെ പൊന്നു ജോൺസി, നീയൊന്നു കുറച്ചു നേരം കണ്ണടച്ചു കിടക്കൂ.. എനിക്ക് ഈ ചിത്രം നാളെ കൊടുക്കാനുള്ളതാണ്.. കർട്ടനിട്ടാൽ വെളിച്ചം കിട്ടില്ല.. ഞാനിതു തീർക്കുന്നതുവരെ പുറത്തേക്കു നോക്കില്ല എന്നു നീയെനിക്ക് ഉറപ്പു താ..”

“നിനക്ക് അടുത്ത മുറിയിൽ പോയിരുന്നു വരച്ചു കൂടേ ?” ജോൺസി തണുത്ത സ്വരത്തിൽ ചോദിച്ചു.

“ അപ്പോ നീ തനിച്ചായി പോവില്ലേ ?.. നീ ആ ഇലകളിൽ തന്നെ നോക്കി കിടക്കുന്നത് എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു..”
“ നിന്റെ വരപ്പു തീരുമ്പോൾ പറയ്..” ജോൺസി കണ്ണുകളടച്ചു. “ അവസാനത്തെ ഇല പൊഴിയുന്നത് കാണാൻ എനിക്കാഗ്രഹമുണ്ട്.. എന്റെ കാത്തിരിപ്പ്  അവസാനിക്കാറായിരിക്കുന്നു. എന്റെ ചിന്തകൾ അന്ത്യമടുത്തു തുടങ്ങിയിരിക്കുന്നു.. ആ ഇലകളെ പോലെ,   താഴേക്ക്, താഴേക്ക് ആണ്ടുപോകാൻ ഞാനാഗ്രഹിക്കുന്നു..”

“ഉറങ്ങാൻപറ്റുമോന്ന് നോക്കൂ..” സ്യൂ പറഞ്ഞു. “ ഞാനാ ബർമ്മനെ വിളിക്കാൻ പോവുകയാണ്.. ഈ ചിത്രത്തിൽ എനിക്കൊരാളെ വരയ്ക്കാനുണ്ട്.. ബർമ്മനെ പോലൊരാൾ.. ഞാൻ പെട്ടന്നു വരാം..അതുവരെ  അനങ്ങാതെ കിടക്കൂ..”

താഴത്തെ നിലയിൽ, ബർമ്മൻ അയാളുടെ ഡാർക്ക് റൂമിൽ തന്നെ ഉണ്ടായിരുന്നു. പതിവുപോലെ,  അയാളെ മദ്യം മണത്തു. സ്യൂ അയാളോട് ജോൺസിയെ കുറിച്ചും മുന്തിരിവള്ളിയിലെ ഇലകളെ കുറിച്ചും പറഞ്ഞു.

“ എന്തൊരു വിഡ്ഡിത്തം..” അയാൾ  ഒച്ചവെച്ചു.. “ ഇല വീഴുന്നതിനനുസരിച്ചാണോ ഒരാളുടെ ജീവൻ പോകുന്നത് ! എന്നെ വച്ച് പടം വരയ്ക്കാനോ ? വേറെ ആളെ നോക്ക്
ആ മണ്ടിപ്പെണ്ണ് ജോൺസി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നീ കാരണമല്ലേ ?..”

“ അവൾക്കു തീരെ വയ്യ.. അതാണ്  ഇങ്ങനത്തെ ചിന്തകളൊക്കെ അവൾക്കു തോന്നുന്നത്..മിസ്റ്റർ ബർമ്മൻ, നിങ്ങൾ  വരുന്നില്ലെങ്കിൽ വേണ്ട.. പക്ഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്നാണ് ഞാൻ കരുതിയിരുന്നത്..”

“ നീ ശരിക്കും ഒരു പെണ്ണു തന്നെ..” ബർമ്മൻ ദേഷ്യപ്പെട്ടു..” ആരാണു പറഞ്ഞത് ഞാൻ വരില്ലെന്ന്.. നടക്ക്.. ഞാൻ വരാം.. അരമണിക്കൂറായി ഞാനിതു തന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.. ജോൺസിയെ പോലൊരു നല്ല കുട്ടി ഇങ്ങനെ കിടന്നു നരകിക്കാൻ പാടില്ല.. നോക്കിക്കോ... ഒരു ദിവസം ഞാനെന്റെ മാസ്റ്റർപീസ് വരയ്ക്കുക തന്നെ ചെയ്യും.. എന്നിട്ടു വേണം നമുക്കിവിടെ നിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ..”

അവർ മുറിയിലെത്തുമ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ കർട്ടൻ വലിച്ചിട്ട ശേഷം ബർമ്മനെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്ന് അവർ ആ മരത്തിലേക്ക്  അങ്കലാപ്പോടെ നോക്കി. ഒരു നിമിഷം, അവരുടെ കണ്ണുകൾ നിശബ്ദം സംവദിച്ചു.. പുറത്ത് മാരി പോലെ നേർത്ത മഴ പെയ്തുകൊണ്ടിരുന്നു.

ബർമ്മൻ താഴെയിരുന്നു. സ്യൂ അയാളെ നോക്കി ചിത്രമെഴുതാൻ  തുടങ്ങി.

രാത്രി വൈകുന്നതുവരെയും അവൾ ചിത്രമെഴുത്ത് തുടർന്നു കൊണ്ടിരുന്നു.

കാലത്തെഴുന്നേറ്റയുടനെ സ്യൂ ജോൺസിക്കരികിലേക്ക് ചെന്നു. അവൾ വിടർന്ന കണ്ണുകളോടെ ജനാലയ്ക്കലേക്കു തന്നെ നോക്കി കിടക്കുകയായിരുന്നു. “ എനിക്കു കാണണം..” അവൾ പറഞ്ഞു.

സ്യൂ ജാലക തിരശ്ശീല മാറ്റി.
രാത്രി മുഴുവൻ കാറ്റും വീശിയടിക്കുകയായിരുന്നിട്ടും മരത്തിന്റെ ശാഖയോടു ചേർന്ന്, കടുംപച്ച നിറത്തിൽ ഒരില തലയുയർത്തി നില്പുണ്ടായിരുന്നു. ഒരേയൊരില. മൂപ്പു കൊണ്ട് അതിന്റെ അരികുകളിൽ മഞ്ഞപ്പു കലർന്നു തുടങ്ങിയിരുന്നു. ഏകദേശം ഇരുപതടി ഉയരത്തിലുള്ള ചില്ലയിലാണ് അത് തൂങ്ങി നിന്നിരുന്നത്.
“ ഇതാണവസാനത്തേത്..” ജോൺസി പറഞ്ഞു. “  രാത്രി കാറ്റിന്റെ അലർച്ച കേട്ടപ്പോൾ, ഞാനിത് ഇന്നലെ തന്നെ പൊഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതിയിരുന്നത്. എന്തായാലും ഇന്നത് പൊഴിയും.. അതോടൊപ്പം എന്റെ ജീവനും പറന്നു പോവും..”
“എന്റെ പൊന്നു ജോൺസി..” സ്യൂ കേണു.. “ ഇങ്ങനെയൊന്നും പറയാതെ.. എന്തിനാണിതു തന്നെ  ഓർത്തുകൊണ്ടിരിക്കുന്നത് ?.. ഇല പൊഴിയുകയോ  നിൽക്കുകയോ ചെയ്തോട്ടെ..”

ജോൺസി മറുപടിയൊന്നും പറഞ്ഞില്ല. യാത്രയ്ക്കു തയ്യാറെടുക്കുന്ന ഒരാത്മാവിന്റെ ഏകാന്തത അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. മണ്ണിലേക്കും സൗഹൃദത്തിലേക്കും  അവളെ ബന്ധിച്ചു നിർത്തിയിരുന്ന കെട്ടുകൾ ഓരോന്നായി പൊട്ടിത്തകർന്നു തുടങ്ങിയിരുന്നു.

പകൽ പതിയെ ഇഴഞ്ഞു പോയി. ഇരുട്ടു പരക്കുന്നതു വരെയും,  ആ ഇല തണ്ടിന്മേൽ തന്നെ  ഉറച്ചുതൂങ്ങിക്കിടക്കുന്നത് അവർക്കു കാണാമായിരുന്നു. രാത്രിയായതോടെ, വടക്കൻ കാറ്റ് വീശിയടിക്കാൻ തുടങ്ങി.  തല്ലിയലയ്ക്കുന്ന മഴയും.

അടുത്ത പ്രഭാതത്തിൽ, വെളിച്ചം പരന്നതോടെ, ജാലക തിരശ്ശീല മാറ്റാൻ ജോൺസി ആവശ്യപ്പെട്ടു.

അവിടെ ഇല ഉണ്ടായിരുന്നില്ല.
ആ ശൂന്യതയിലേക്ക് നോക്കി ജോൺസി ഏറെ നേരം കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ ഞാനൊരു ചീത്തപ്പെൺകുട്ടിയായിരുന്നു, സ്യൂ..” അവൾ വിതുമ്പി “ പൊഴിഞ്ഞു പോയ ആ അവസാന ഇല ഞാനെത്ര മാത്രം മണ്ടിയായിരുന്നുവെന്ന് എനിക്ക് കാണിച്ചു തരുന്നു. ജീവിക്കാനുള്ള ആഗ്രഹം ഒരു മഹാപരാധമാണ്.. ..  നിന്റെ സൂപ്പു കുടിക്കാനോ കണ്ണാടി നോക്കാനോ നീ പാചകം ചെയ്യുന്നത് നോക്കിയിരിക്കാനോ ഇനി ഞാനാഗ്രഹിക്കുകയില്ല..”

ഒരു മണിക്കൂർ കഴിഞ്ഞ്, തീർത്തും ദുർബലമായ സ്വരത്തിൽ അവൾ  വീണ്ടും വിതുമ്പി “ സ്യൂ.. ഒരു ദിവസം മേപ്പിൾ ഉൾക്കടൽ വരയ്ക്കാനാവുമെന്നും ഞാനിനി ആഗ്രഹിക്കുകയില്ല..”

ഉച്ച തിരിഞ്ഞ് ഡോക്ടർ വന്നു.

പരിശോധനയ്ക്കു ശേഷം  സംസാരിക്കാനായി സ്യൂ  അയാളെ മുറിക്കു പുറത്തുള്ള  ഹാളിലേക്ക് അനുഗമിച്ചു.
“ ഇപ്പോൾ നല്ല പുരോഗതിയുണ്ട്..” ഡോക്ടർ പറഞ്ഞു.. “ പൾസ് ഒക്കെ താഴ്ന്നു വരുന്നുണ്ട്.
ശല്യമൊന്നുമുണ്ടാക്കാതെ ഇനിയവളെ തനിച്ചു വിട്ടേക്കുക. .. എനിക്ക് ഇവിടെ തന്നെ വേറൊരാളെ നോക്കാനുണ്ട്.. ബർമ്മൻ എന്നാണയാളുടെ പേര്.. എനിക്കു കുഴപ്പമൊന്നും തോന്നിയില്ല. വെറും പനി.. പക്ഷേ അയാൾക്കു  പിന്നേയും സംശയം..ന്യൂമോണിയയോ മറ്റോ ആണോയെന്ന്.. ആശുപത്രിയിൽ കൊണ്ടു പോയി ടെസ്റ്റുകളൊക്കെ ചെയ്യിക്കണമെന്നാണ് അയാളുടെ ആവശ്യം..”

അടുത്ത ദിവസം കാലത്ത്, പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. “ നിങ്ങളുടെ ഊഹം ശരിയാണ്..പത്തു പതിനാലു മണിക്കൂറെങ്കിലുമായിട്ടുണ്ടാവും.. ഞാൻ പേപ്പറുകൾ ഒപ്പിട്ടു തരാം..നിങ്ങൾ സംസ്ക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ..”

അന്ന് ഉച്ച തിരിഞ്ഞ്, സ്യൂ  ജോൺസി കിടന്നിരുന്ന കട്ടിലിൽ വന്നിരുന്നു. പിന്നെയൊരു തലയണയെടുത്ത് മടിയിൽ വച്ചു.

“ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്..” അവൾ പറഞ്ഞു. “ നാളെ ബർമ്മന്റെ ചിത്രപ്രദർശനമുണ്ട്. റോയൽ ഗാലറിയിൽ.. ഒരേയൊരു ചിത്രം മാത്രം.. അയാളുടെ മാസ്റ്റർ പീസ്.. ദ ലാസ്റ്റ് ലൈഫ്.. ഒന്നാന്തരം വെതർ  പ്രൂഫ് ജാക്കറ്റും ബൂട്ടുകളും അണിഞ്ഞിരുന്നിട്ടും, ഒരു  രാത്രി മുഴുവൻ പുറത്തിരുന്ന് ചിത്രമെഴുതിയതുകൊണ്ട് തനിക്കു ന്യൂമോണിയയെങ്ങാൻ പിടിപെട്ടിട്ടുണ്ടാവുമോ എന്നയാൾക്ക് പേടിയുണ്ടായിരുന്നു. പക്ഷേ കഥയെല്ലാം കേട്ടയുടനെ റോയൽ ഗാലറി ഉടമ നിക്കോളാസ് പതിനായിരം ഡോളർ ആണ് അഡ്വാൻസ് ചെയ്യാൻ തയ്യാറായത്.  പിന്നെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു


നോക്കൂ ചങ്ങാതി.. ആ ജനാല ചില്ലിലേക്ക് സൂക്ഷിച്ചു നോക്കൂ.. ബർമ്മൻ തന്റെ വിശേഷമായ ചായക്കൂട്ടുകളുപയോഗിച്ച്  ആ ഇല അവിടെ എഴുതി ചേർക്കുന്നതിനു മുമ്പ്, മറ്റൊരു കരിംപച്ച ഇല അവിടെയാരോ വരച്ചു വെച്ചിട്ടുണ്ടായിരുന്നു..എനിക്കു തോന്നുന്നത് പണ്ടുമുതലേ അതവിടെ ഉണ്ടായിരുന്നുവെന്നാണ്. അരികുകളിൽ മഞ്ഞപ്പു കലർന്ന ആ അവസാന ഇല.. ഇത്രമാത്രം കാറ്റടിച്ചിട്ടും ആ ഇല എന്തുകൊണ്ടനങ്ങുന്നില്ല എന്നു നീ ശ്രദ്ധിച്ചില്ല ? അതിന്മേൽ കൃത്യമായി വരച്ചു ചേർത്ത ആ ശൂന്യഇല – ബർമ്മന്റെ മാസ്റ്റർപീസ് ഇല്ലായിരുന്നുവെങ്കിൽ, നിന്റെ ജീവിതം എത്ര മാത്രം ദുരന്തപൂർണ്ണമായിരുന്നിരുന്നേനെ എന്നോർത്തു നോക്കിക്കേ..”

                                                                   ***********