ബുധനാഴ്‌ച, ജനുവരി 13, 2010

വെളിച്ചമില്ലാത്ത പ്രണയം

വെളിച്ചമില്ലാത്ത പ്രണയം

അയാളുടെ കടയില്‍ പ്രണയികള്‍ക്കു വേണ്ടതെല്ലാമുണ്ടായിരുന്നു -
തേനില്‍ മുക്കിയെഴുതിയ പ്രണയ വചനങ്ങള്‍,
ആശംസാപത്രികകള്‍, ഗര്‍ഭനിരോധന സാമഗ്രികള്‍.. എല്ലാം.
എന്നിട്ടും ഒരീച്ച പോലും അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല.
ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി :
ഒരു പലക കഷണത്തില്‍ ചോക്കുകൊണ്ടിങ്ങനെ എഴുതി വെച്ചു -
'ഇവിടെ പ്രണയികള്‍ക്കായൊരു മുറിയുണ്ട് : പക്ഷെ വെളിച്ചമില്ല ! '
പിറ്റേന്നു മുതല്‍,
കടയ്ക്കു മുന്‍പിലെ തിരക്കു നിയന്ത്രിക്കാന്‍
രണ്ടു പോലീസുകാര്‍ക്കു കൈകൂലി
കൊടുക്കേണ്ടി വന്നു അയാള്‍ക്ക്.

തിങ്കളാഴ്‌ച, ജനുവരി 04, 2010

തണല്‍മരങ്ങള്‍

തണല്‍മരങ്ങള്‍

നീണ്ട എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം,മേരിയുടെ പതിഞ്ഞ സ്നേഹമുള്ള സ്വരം കേട്ടിരിക്കുന്നു. സന്തോഷം കൊണ്ടായിരിക്കുമോ അവളുടെ ശബ്ദം ചെറുതായി വിതുമ്പിയിരുന്നത് !
മുഷിപ്പന്‍ ഫയലുകള്‍ക്കിടയില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ട് , ഫോണ്‍ ചെന്നെടുക്കുമ്പോള്‍ യൂണിയനാഫീസില്‍ നിന്നായിരിക്കുമെന്നാണ് കരുതിയത്.

"ഹലോ.. വര്‍ഗ്ഗീസ്സല്ലേ.. ഞാന്‍ മേരിയാണെടാ.. മറന്നോ നീയ്യ് ? "

മേരി !! മേരിയെ എങനെ മറക്കും ? ജീവിതത്തിലാകെ ഒരു മേരിയെ ഉള്ളൂ. !

" അപ്പോ നീ..." അത്ഭുതം മറച്ചു വെക്കാതെ ചോദിച്ചു.

" അതേടാ... ഞാനിപ്പോ ഇവടെ തന്ന്യണ്ട്.. എട്ട് മാസത്തോളായി തിരിച്ചു വന്നിട്ട്.. സിറ്റീലാ ഒരു വീട് കിട്ട്യേത്..വന്നൊടനെ നിന്നെ കൊറെ അന്നേഷിച്ചിരുന്നു.ഇന്ന്, നീ യൂണിയന്‍ സെക്രട്ടറിയായീന്ന് പറഞ്ഞ് പേപ്പറില് ഫോട്ടോ കണ്ടപ്പഴല്ലേ ഇവടെ തന്ന്യണ്ട്ന്ന് ബോധ്യായത്...
നീയെപ്പഴാ ന്റെ വീട്ടിലിയ്ക്ക് വരണ്.. ? വേം വാടാ.. നിന്നെ കണ്ട് രണ്ട് വര്‍ത്താനം പറയാന്‍ കൊത്യാവ്ണ്. "

നാവിറങ്ങി പോയിരുന്നു.. കുറ്റബോധം. മറുപടി അയക്കാത്ത എത്രയോ കത്തുകള്‍.. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കോടുമ്പോള്‍ സൗകര്യപൂര്‍വ്വം ഉപേക്ഷിച്ച ആത്മബന്ധം...പോയി കാലു പിടിയ്ക്കുകയല്ലാതെ പ്രായ്ശ്ച്ചിത്തമെന്ത് ?

" ഞാന്‍ .........ഉച്ചയ്ക്ക് ലീവെടുത്ത് വരാം"


" നന്നായി.. ഞാനങ്ങ്ട് പറയാനിരിക്ക്യാര്‍ന്നു..അപ്സരേരവ്ട്ന്ന് പടിഞ്ഞാറെ സൈഡില് നാലാമത്തെ വീടാ.. ഉച്ചയ്ക്കെന്നെ വരണം ട്ടാ.. ഞാന്‍ ഗൂര്‍ഖ്യോട് പറഞ്ഞെക്ക്യാം..ഇനി ഒക്കെ നേരീ കണ്ട് പറയാ..അല്ലെങ്ങെ എല്ലാം ഫോണീക്കൂടെ പറഞ്ഞവസാനിപ്പിക്കും.. വെക്കുന്നു.."
മേരി..! അവസാനത്തെ കത്ത് കിട്ടുമ്പോഴും അവള്‍ അമേരിക്കയിലായിരുന്നു..അമ്മ മരിച്ചിട്ട് ഒരാഴ്ചയോളമേ ആയിട്ടുണ്ടായിരുന്നുള്ളു അന്ന്. പലിശ കൊടുക്കാന്‍ കാശില്ലാതെ വീണ്ടും സൈക്കിള്‍കട പൂട്ടിയിട്ട് രണ്ടു മാസത്തോളമായിരുന്നു. മിക്കപ്പോഴുമതെ ; ജീവിതത്തെക്കുറിച്ച് വളരെ വേദനയോടെയും മരണത്തെക്കുറിച്ച് സ്വല്പം പ്രതീക്ഷയോടെയും ചിന്തിക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലായിരിക്കും മേരി അറിഞ്ഞും അറിയാതേയും ജീവിതത്തിലിടപെടുക. എല്ലാം അറിയുന്ന ആളെന്ന ഭാവത്തോടെ സ്വാന്ത്വനങ്ങള്‍, സ്നേഹമധുരമായ കുറ്റപ്പെടുത്തലുകള്‍, മുന്നോട്ട് നീങ്ങാനുള്ള ആഹ്വാനം..ചുരുക്കത്തില്‍, ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു കുത്തിവെയ്പ്പ്.
ആ കത്തും വ്യത്യസ്തമായിരുന്നില്ല. കഠിനപ്രയത്നത്തിലൂടെ ധനികനായി തീര്ന്ന ഏതോ ഒരു വികലാംഗനെക്കുറിച്ചും അയാളെ കണ്ട് പഠിക്കണമെന്നുമൊക്കെ പറഞ്ഞ് കത്ത് വാചാലമായിരുന്നു.ഒപ്പം അവളുടെ കുറച്ച് വിശേഷങ്ങളും - ജോലി നല്ല സുഖമാണെന്നും നല്ല ശമ്പളമുണ്ടെന്നും ഇപ്പോഴും ചിലരൊക്കെ വിവാഹാലോചനകളുമായി സമീപിക്കാറുണ്ടെന്നും.
അതിനും മറുപടി അയച്ചില്ല. എന്നാലും ജീവിതം വഴിമുട്ടിയെന്നു തോന്നുമ്പോള്‍,വീണ്ടും കത്തെടുത്ത് വായിക്കും, ആശ്വാസം കൊള്ളും. ഏതായാലും കത്തു കിട്ടി പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മുനിസ്സിപ്പാലിറ്റിയില്‍ തൂപ്പുകാരനായി ജോലിയില്‍ കയറി പറ്റിയത്.

" ദെന്താ സാറെ, ഫയലും തൊറന്ന് വച്ച് സ്വപ്നം കാണ്‌ ണദ്....? വെല്ല ലോട്ടറ്യെങ്ങാന്‍ എട്ത്ത്ട്ടിണ്ടാ ? " ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി അപ്പുറത്തു നിന്ന് കുഞ്ഞികൃഷ്ണന്‍ വിളിച്ചു ചോദിക്കുന്നു.

"ലോട്ടറിയൊന്നൂല്യ കുഞ്ഞികൃഷ്ണാ.. ഒരാള്ന്ന് അത്യാവശ്യായിട്ട് കാണാന്‍ ചെല്ലണന്ന് പറഞ്ഞിരുന്നു..ദിപ്പഴാ ഓര്‍മ്മ വന്നത്.. ഹാഫ് ഡേ എടുക്കണം.."
ഫയലുകള്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.പക്ഷെ ഓര്‍മ്മകള്‍ പിന്നേയും മേരിയിലേക്ക് ഒഴുകി പോകുകയാണ്.
നടക്കാതെ പോയ ഒരു കച്ചവടത്തിലൂടെയാണ് മേരി ജീവിതത്തിലേക്ക് കടന്നു വന്നത്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്ന്, ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ലോകം തികച്ചും വ്യത്യസ്തമായിരുന്നു. ഇടവേളകളില്‍, ആണ്‍കുട്ടികള്‍ക്ക് കള്ളനും പോലീസും, ബസ്സോടിപ്പിക്കല്‍, മരം കയറ്റം തുടങ്ങിയ കളികള്‍, പിണങ്ങിയാല്‍ 'ജയന്‍ സ്റ്റൈലില്‍' സ്റ്റണ്ട്. പെണ്‍കുട്ടികള്‍ക്ക് കല്ലുകളി, അത്തികളി, സാരിയുടുക്കല്‍, മോളെ, മോളെ വിളി. വ്യാപാരസംബന്ധമായ ചില കാര്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് ( ഒന്നു വെച്ചാ രണ്ട്, ആനമയിലൊട്ടകം, പകരത്തിനു പകരം ) ആണ്‍- പെണ്‍ ബന്ധങ്ങള്‍ ചിരപുരാതനമായ ചില അലിഖിത നിയമങ്ങളാല്‍ നിഷിദ്ധമാക്കപ്പെട്ടിരുന്നു.അത്തരമൊരു സന്ദര്‍ഭത്തിലാണ്, ഓടാന്‍ പറ്റാത്തതുകൊണ്ട് ഒറ്റപ്പെടല്‍ സാധാരണമായിരുന്ന എന്നെ അവള്‍ സമീപിച്ചത്.

" പകരത്തിനു വേണോ..ആ കുഞ്ഞിക്കഷണം പെന്‍സില് തന്നാ മതി.. രണ്ട് അമ്പഴങ്ങീം പത്ത് കര്‍കിലീം.."

ഞാന്‍ അവളെ സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന, വലിയ കണ്ണുകളുള്ള, കറുത്തിട്ടെങ്കിലും ഒരാനചന്തമൊക്കെയുള്ള മെലിഞ്ഞ പെണ്‍കുട്ടി. ആദ്യമായിട്ടായിരുന്നു അവള്‍ എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ( ക്ലാസ്സില്‍ എന്നോടൊപ്പം ഒന്നാമതെത്താന്‍ ശ്രമിച്ചിരുന്ന, ഞാനെപ്പോഴും'കുശുമ്പോടെ ' നോക്കിയിരുന്ന ചില 'പെണ്ണുങ്ങ'ളെ മാത്രമെ അതു വരെ ശ്രദ്ധിച്ചിരുന്നുള്ളു ) 'ആ കുഞ്ഞി കഷണം പെന്‍സില് ' എന്നവളുദ്ദേശിച്ചിരുന്നത് എനിക്കൊരിക്കല്‍ സമ്മാനം കിട്ടിയ വെളുത്ത പെന്‍സിലിന്റെ ഒരു കഷണമായിരുന്നു. ക്ലാസ്സിലെ എല്ലാ പിള്ളേരുടേയും സ്വപ്നമായിരുന്നു ആ പെന്‍സില്‍. മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ചിലര്‍ക്കൊക്കെ അച്യുതന്‍ മാഷില്‍ നിന്ന്‍ തല്ലും കിട്ടിയിട്ടുണ്ട്.

പാടത്തും പറമ്പിലുമൊന്നും ഇറങ്ങി നടക്കാന്‍ കഴിയാതിരുന്ന എനിക്ക് മേരി പറഞ്ഞ കായ്കനികളോടൊക്കെ തീര്‍ത്താല്‍ തീരാത്ത കൊതിയുണ്ടായിരുന്നു. കൂടാതെ മൂന്നു നാലു പെന്‍സില്‍ കഷണങ്ങള്‍ കൂടി എന്റെ സൂക്ഷിപ്പിലുണ്ടായിരുന്നു. അതുകൊണ്ട് അധികമൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ഞാന്‍ അമ്പഴങ്ങയും കറുകയിലയും വാങ്ങി; പെന്‍സില്‍ കൊടുത്തു. അമ്പഴങ്ങയിലൊന്ന്‍ വേഗം വായിലുമാക്കി.

അവള്‍ പെന്‍സില്‍ വാങ്ങി എന്നെ നോക്കി ചിരിച്ചു. പെന്‍സിലൊന്ന് സൂക്ഷിച്ചു നോക്കി. പിന്നെ സ്ലേറ്റില്‍ വലുതാക്കി അവളുടെ പേരെഴുതി - 'മേരി'. പെട്ടന്ന് അവളുടെ മുഖമിരുണ്ടു. പെന്‍സില്‍ കൊണ്ട് സ്ലേറ്റില്‍ കുത്തി വരച്ചു. വീണ്ടും അവളുടെ മുഖം തെളിഞ്ഞു :

" വേണ്ട . നീ തന്ന്യെടുത്തോ..അമ്പഴങ്ങീം കര്‍കിലീം ഞാനിനീം കൊണ്ടന്നരാ..നിയ്ക്ക് പെന്‍സിലൊന്നും വേണ്ട. മ്മക്ക് കൂട്ടുകാരാവാ.."

അങ്ങനത്തെ അനുഭവം ആദ്യമായിരുന്നു. ഞാന്‍ അത്ഭുതത്തോടെ, സങ്കോചത്തോടെ പെന്‍സില്‍ വാങ്ങി കീശയിലിട്ടു.സന്തോഷത്തോടെ പറഞ്ഞു : ന്റെ പേര് വര്‍ഗ്ഗീസ്ന്നാ..

" എനിക്ക്യറ്യാം. ന്റെ പേര് മേരീന്നാ.." അവള്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. സുഹൃദ്ബന്ധം ശക്തിപ്പെട്ടതോടെ ഞങ്ങളെ മറ്റു കുട്ടികള്‍ ഒറ്റപ്പെടുത്തി. സ്ക്കൂളിന്റെ ചരിത്രത്തിലിന്നു വരെ സംഭവിച്ചിട്ടില്ലാത്ത അപരാധമാണല്ലോ ഞങ്ങള്‍ ചെയ്തത്. ഞങ്ങളാകട്ടെ ആത്മബന്ധത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുമ്പോള്‍ അതെല്ലാം പുല്ലു പോലെ അവഗണിച്ചു.

"ദെങ്ങന്യാ ഇദ് പറ്റ്യേത് ? " മേരി എന്റെ തളര്‍ന്നു പോയ കാലിനെ കുറിച്ച് ചോദിച്ചു. വെള്ളിയാഴ്ചകളിലെ ദീര്‍ഘമായ 'ഊണുബെല്ലു'കളില്ലൊന്നില്‍ ഞങ്ങള്‍ മേരിയുടെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു.

"പനി വന്നതാന്നാ അമ്മച്ചി പറയ്`ണ്. ആരോടു പറയുമ്പഴും നെലോളിക്കും." ഞാന്‍ പറഞ്ഞു.

" ന്ത് സൂക്കേട് വന്നാലും മുട്ടിപ്പായി പ്രാര്‍ത്തിച്ചാ മാറുന്നാ അപ്പന്‍ പറയ് ണ്‌ദ്. മ്മക്ക് നല്ലോണം പ്രാര്‍ത്തിക്കണം ട്ടാ." മേരി മുന്നിലൂടെ വഴി കാണിച്ചുകൊണ്ട് എനിക്കു വേണ്ടി പതുക്കെ നടന്നു. അമ്മയുടെ ഒക്കത്തിരുന്ന് സ്കൂളിലേക്ക് വരികയും പോകുകയും ചെയ്തിരുന്ന ഞാന്‍ കുറച്ചു നടന്നപ്പോഴേക്കും കിതച്ചു തുടങ്ങിയിരുന്നു. മേരിയുടെ വീട് ഭൂമിയുടെ'അപ്രത്താ'യിരിക്കുമെന്ന് എനിക്കു തോന്നി. എന്നാലും എന്തൊ ഒരുത്സാഹം. അവസാനം, പുഞ്ചപ്പാടത്തേക്കിറങ്ങിപ്പോകുന്ന ഇടുങ്ങിയ വഴിയുടെ അറ്റത്ത്, ഓലമേഞ്ഞ ഒരു ചെറിയ പുര ചൂണ്ടി മേരി പറഞ്ഞു : " അദണെന്റെ വീട് "

" എന്തൂട്ടണ്ടീ പെണ്ണെ നീയി കാട്ട്യേ..ആ വയ്യാത്ത ക്ടാവിന്യേം വിളിച്ചൂണ്ട് വന്നിരിയ്ക്ക്യാ ഇത്ര ദൂരത്തിയ്ക്ക് ? അയിന്റെ തള്ളങ്ങ്യാന്‍ അറിഞ്ഞാ ഞാനെന്തു സമാധാനം പറയെന്റെ കര്‍ത്താവേ..അയ്യോ.. മോന്‍ വന്ന കാലുമെന്നെ നിക്കാണ്ട് ആ പായുമ്മെ ഇരിക്കിട്ടാ.. അമ്മായി രണ്ട് മൊട്ട പുഴുങ്ങട്ടെ.."

അവളുടെ അമ്മ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. കറുത്ത്, മെലിഞ്ഞിട്ടെങ്കിലും അവര്‍ വീടിനു ചുറ്റും ചുറുചുറുക്കോടെ ഓടി നടന്നു.അമ്മച്ചിയുടെ സാരിയില്‍ നിന്ന് വ്യതസ്തമായി, ചട്ടയും മുണ്ടുമായിരുന്നു അവരുടെ വേഷം.

" ദ്ണല്ലേ നിന്റെ വര്‍ഗ്ഗീസ് ? " മേരിയുടെ അപ്പന്‍ പറമ്പില്‍ നിന്ന് കയറി വന്നു. അദ്ദേഹം എനിക്കൊരു ബബ്ലൂസ്സ് നാരങ്ങയുടെ അല്ലി തന്നു. തലയില്‍ തലോടി : " മോന്‍ നല്ലോണം പഠിക്കണം ട്ടാ.. നല്ലോണം പ്രാര്‍ത്ഥിക്കേം വേണം. പിന്ന്യോക്കെ കര്‍ത്താവ് ശെര്യാക്കും ".മധുരവും ലേശം പുളിയുമുള്ള ബബ്ലൂസ് നാരങ്ങ തിന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സന്തോഷത്തോടെ തലയാട്ടി.

" നല്ലോണം പ്രാര്‍ത്തിച്ചാ വര്‍ഗ്ഗീസ്സിന്റെ സൂക്കേട് മാറും ല്ല്യേ അപ്പാ.." മേരി ചോദിച്ചു.

" പിന്നെ. കുരുടന് കാഴ്ച്ച കൊടുത്തോന്നല്ലേ കര്‍ത്താവ്. മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാ ഏത് മാറാരോഗോം കര്‍ത്താവ് മാറ്റും " അദ്ദേഹം കൈകളും കണ്ണുകളും ആകാശത്തേക്കുയര്‍ത്തികൊണ്ടു പറഞ്ഞു. പള്ളിയിലെ കപ്യാരായിരുന്നു അവളുടെ അപ്പൻ.

പിറ്റേന്ന് മുതല്‍ ഊണുബെല്ല് എന്റെ പ്രാര്‍ത്ഥനാസമയമായി. മേരി കൊണ്ടു വന്ന കര്‍ത്താവിന്റെ ചെറിയ ഫോട്ടൊയുടെ മുന്‍പില്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചു : കര്‍ത്താവെ, ന്റെ കാല് ശെര്യാക്കി തരണേ."

ഒരാഴ്ച്ക കഴിഞ്ഞിട്ടും ഒരു ഫലവും കാണാതായപ്പോള്‍ ഞാന്‍ മേരിയോട് ചോദിച്ചു :

“ഒന്നും ശെര്യാവ്ണില്ല്യല്ലോ മേര്യേ ? "

" നിന്റെ പ്രാര്‍ത്തന മുട്ടിപ്പാവ്ണ്ണ്ടാവില്ല്യ " മേരി ഗൗരവത്തോടെ പറഞ്ഞു.

"ന്തൂട്ടാ അങ്ങനെ പറഞ്ഞാല് ? "

" ന്തൂട്ടാന്ന് ഇനിയ്ക്ക്യും അറിഞ്ഞൂടാ.. ന്നാലും മുട്ടിപ്പാവ്ണ്ണ്ടാവില്ല്യ. അതൊറപ്പാ ."


" സാറേ..ആ മൂന്നാം വാര്‍ഡിലെ പൈപ്പുലൈന്റെ എസ്റ്റിമേറ്റ് എത്ര്യാന്ന് ഓര്‍മ്മയുണ്ടോ ? ഇതില്‍ തെളിയിണില്ല്യ " അപ്പുറത്തു നിന്ന് ലീലാമ്മ വിളിച്ചു ചോദിക്കുന്നു.

" ഏ  ? "

"മൂന്നാം വാര്‍ഡിലെ പൈപ്പുലൈന്റെ എസ്റ്റിമേറ്റേ.."

"ഇരുതപേ അറനൂറ്റി നാല്പതാന്നാ ഓര്‍മ്മ. സൂപ്രണ്ടിന്റെ പിന്നിലെ അലമാരീലിണ്ടാവും "
വയ്യാത്ത കാല്‍ മരവിച്ചു തുടങ്ങിയിരുന്നു. ഇരുവശത്തുമുള്ള കമ്പികള്‍ക്കിടയിലൂടെ കാലില്‍ തിരുമ്മാന്‍ ശ്രമിച്ചു. വീട്ടില്‍ പോയി നല്ലപോലെ കുഴമ്പു പുരട്ടി തിരുമ്മണം.

" നിന്റെ ഈ കാല് പാവം കാലാല്ലേ.. ഒന്നും ചെയ്യാനും പെറ്റില്ല്യ. ആരോടും തല്ലുപിടിയ്ക്കാനും പെറ്റില്ല്യ.ആരേം ഇടങ്കാലിടാനും പെറ്റില്ല്യ. നല്ല കാല്..ല്ലേ.." ഞങ്ങള്‍ അകലെയുള്ള ഹൈസ്കൂളിലേക്ക് മേരി കണ്ടു പിടിച്ച പുതിയ വഴിയിലൂടെ പോകുകയായിരുന്നു. തലേന്ന്, എന്റെ നടപ്പു കണ്ട് പന്തികേടു കണ്ടിട്ടായിരിക്കാം, പഴയ വഴിയിലൂടെ പോയിരുന്നപ്പോള്‍ ഒരു പശു ഞങ്ങളെ കുത്താനോടിച്ചിരുന്നു. മൂന്നു കിലോമീറ്ററോളം അകലെയായിരുന്ന സ്കൂളിലേക്ക് ഞങ്ങളുടെ പോക്കും വരവും ഒരുമിച്ചായിരുന്നു. കാലത്തു തന്നെ മേരി വീട്ടിലേയ്ക്കു വരും. ഒരുമിച്ചു നടന്നു തുടങ്ങും. സ്കൂളെത്തുന്നതിനു മുമ്പ് മറ്റു പല കുട്ടികളും ഞങ്ങളെ 'വെട്ടിച്ച് ' കടന്നു പോയിട്ടുണ്ടാവും. തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെ.

" നീയ്യിവിടിരിയ്ക്ക് " മേരി എന്നെ വീണു കിടന്നിരുന്ന ഒരു തെങ്ങിലിരുത്തി. കാല്‍ മടിയിലേക്ക് വച്ചു. പതുക്കെ തഴുകാന്‍ തുടങ്ങി. ( ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുന്നത് അവള്‍ക്കിഷ്ടമായിരുന്നു. എനിക്കും )

" ന്തൊരു തണപ്പ്..പാവം..ന്തോരം നടക്കണം.ചെരുപ്പിടാനും പറ്റില്ല്യ. " കുറച്ചു നേരത്തേയ്ക്ക് അവള്‍ മിണ്ടിയില്ല. അവളുടെ കണ്ണുനീര്‍ തുള്ളികള്‍ എന്റെ കാലിലേയ്ക്കു വീണു. " നിന്‍ക്കെന്താ തോന്ന്ണദ് ? ഈ ദൈവം ന്ന് പറയണ സാദനം ഇല്ല്യാല്ലേ..മ്മള് ന്തോരം പ്രാര്‍ത്തിച്ചതാ..ന്ന്ട്ടും..."

" പോട്ടെ, സാരല്ല്യ " മറുപടി എന്റെ തൊണ്ടയിലിരുന്ന് വിറച്ചു.
രണ്ടാഴ്ച്ക കഴിഞ്ഞിട്ടുണ്ടാവണം, ആബേലച്ചന്‍ എന്റെ വീട്ടിലേയ്ക്കു വന്നു.

" ജോര്‍ജേ..നമുക്കിവനെയൊരു ക്യമ്പിലേക്കു കൊണ്ടു പോകണം. ടൗണില് നമ്മടെ സഭേരെ കീഴിലുള്ള ഒരു സ്ഥാപനം നടത്തുന്നതാ. സൗജന്യായിട്ട് ഇവന് വേണ്ട കൊറെ ഉപകരണങ്ങളൊക്കെ കിട്ടും. ഏതോ പേപ്പറില് കണ്ടൂന്ന് പറഞ്ഞ് നമ്മടെ മേരി മോള് കാണിച്ചു തന്നപ്പഴല്ലേ ഞാനറിഞ്ഞത്. ഇവര് വെല്ല്യ കൂട്ടുക്കാരാണല്ലേ..ആ ..പൂവ്വുമ്പോ റേഷന്‍ കാര്‍ഡു കൂടി എടുക്കണം. " അച്ചന്‍ അപ്പനോടു പറഞ്ഞു.

അങ്ങനെ എന്റെ കാല് അലുമിനിയം കമ്പികളുടെ തടവിലായി. കാല്‍മുട്ട് സ്ഥിര്‍മായി നീര്‍ന്നു നിന്നപ്പോള്‍ , കൈ കുത്താതെ നീര്‍ന്ന് നടക്കാറായെങ്കിലും എനിക്കാ 'സാദനം' ഒട്ടും ഇഷ്ട്ടപെട്ടില്ല. പരിമിതമായ സ്വാതന്ത്ര്യം പിന്നേയും കുറയ്ക്കുന്ന ഒന്നായിരുന്നു അത്. ( അതു കൊണ്ട് , കുറച്ചു കാലം ഞാന്‍ മേരിയോടു പിണങ്ങി ) പോരാത്തതിന്, ലാടമടിച്ച അതിന്റെ ഷൂസ്സുകള്‍ക്കു കീഴെ, ഉറച്ച സ്കൂള്‍ മുറ്റത്തെ ഉരുളന്‍ കല്ലുകള്‍ , ഗോലികള്‍ക്കു മീതെ നടക്കാന്‍ ശ്രമിച്ച കള്ളനെയെന്ന പോലെ എന്നെ നിരന്തരം വീഴിച്ചു കൊണ്ടിരുന്നു.

" ഈ പണ്ടാറം ഞാനൂരിക്കളയാന്‍ പൂവ്വാ " വീണു കിടക്കുമ്പോഴൊരിക്കല്‍ ഞാനരിശത്തോടെയും സങ്കടത്തോടെയും പറഞ്ഞു.

" നീയ്യെന്തിനണ്ടാ ചെക്കാ ആവിശ്യല്ലാണ്ട് എറങ്ങി നടക്ക്ണ്ത്..അവനാന്‍ സൂക്ഷിച്ചു നടക്കാണ്ട് വെറുതേന്തിനാ ആ സാദനത്തിനെ കുറ്റം പറയ്ണ് ? " മേരി, നിറഞ്ഞ കണ്ണുകള്‍ എന്നില്‍ നിന്ന് മറച്ചു വെക്കാന്‍ ശ്രമിച്ചു കൊണ്ടു ചോദിച്ചു.ഒരു നിമിഷത്തേയ്ക്ക് മേരി എന്റെ അമ്മയാണെന്ന് എനിക്കു തോന്നി. അതുകൊണ്ടു മാത്രം, പിന്നീട് അവളോടുടക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ഒപ്പം തന്നെ മേരി ഒരു പുതിയ പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. കാലത്തു തന്നെ, സ്കൂളീല്‍ എനിക്ക് അത്യാവശ്യം പോകേണ്ട വഴിയിലുള്ള ( മൂത്രപ്പുര, പൈപ്പ്, മജീദിക്കയുടെ 'പീട്യ' , ...) കല്ലുകളൊക്കെ പെറുക്കി മാറ്റുക.മറ്റു പിള്ളേരൊക്കെ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ചിരുന്നെങ്കിലും മേരിയുടെ ആ സൂത്രവും ഫലപ്രദമായി.

പത്താം ക്ലാസ്സില്‍ എന്നേക്കാള്‍ പത്തുമാര്‍ക്കെ മേരിയ്ക്ക് കുറവുണ്ടായിരുന്നുള്ളു. ഇംഗ്ലീഷിനും കണക്കിനും മേരിക്കായിരുന്നു മാര്‍ക്ക് കൂടുതല്‍. വീട്ടിലെ കടുത്ത സാഹചര്യങ്ങള്‍ക്കൊണ്ട് മേരിയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. എന്നാലും അവള്‍ എന്റെ കോളേജ് പുസ്തകങ്ങളെല്ലാം വാങ്ങി വായിച്ചു. എന്നോട് ചോദിച്ച് അര്‍ത്ഥം മനസ്സിലാക്കി. അവസ്സാനം അതെനിക്കു തന്നെ പാരയാവാന്‍ തുടങ്ങി. അവള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം കിട്ടാത്തപ്പോള്‍ കളിയാക്കി, ശകാരിച്ചു, വീണ്ടും ഓര്‍മ്മിപ്പിച്ചു.

" നീയ്യെന്നും ഇവളെ വന്ന് കാണേം കുശുകുശുക്കേം ഒക്കെണ്ടില്ലാ..ന്തണ്ടാ.. നിന്‍ക്കിവളെ കെട്ടണാ.." ഒരിക്കല്‍ മേരിയുടെ ചേട്ടന്റെ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ സ്തബ്ദനായി. അയാള്‍ ഗൗരവത്തിലാണോ തമാശയിലാണോ ചോദിച്ചതെന്ന് എനിക്ക് വ്യക്തമായില്ല.നാട്ടിലെ ഒരിടത്തരം തല്ലുകൊള്ളിയും സ്ഥിരം മദ്യപാനിയുമായിരുന്ന അയാളെ എനിക്ക് ഉള്ളാലെ പേടിയുമായിരുന്നു.

" നീയ്യെന്തിനണ്ടാ ആ ക്ടാവിനോട് ഈ വക വേണ്ടാതീനങ്ങളൊക്കെ ചോയ്ക്ക്ണ്..? അവന് ഇവള്ന്ന് വെച്ചാ അവന്റെ പെങ്ങമാരെക്കാ കാര്യാ.." മേരിയുടെ അമ്മ പായില്‍ കിടന്ന് വിളിച്ചു പറഞ്ഞു. അവര്‍ വാതം പിടിച്ച് കിടപ്പിലായിട്ട് നാളുകളേറെയായിരുന്നു.

" ഞങ്ങള് പ്രേമക്കാരല്ല..ഞങ്ങള് ആങ്ങളപെങ്ങമാരൂംല്ല. ഞങ്ങള് ഞങ്ങളാ.. വെഷമൊള്ളോര് പോയി കേസു കൊടുക്ക്.. നീ വാടാ.." മേരി അരിശത്തോടെ പറഞ്ഞു.

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു.ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞാന്‍ മേരി ദേഷ്യപ്പെടുന്നത് കണ്ടത്.

"ആ ന്തെങ്കിലുമായ്ക്കൊ.. അവസാനം എന്റെ പെടലിയ്ക്ക് വന്ന ചവ്ട്ടി ഞാന്‍ തണ്ടലൊടിയ്ക്കും." അവളുടെ ചേട്ടന്‍ ഉറക്കെ പറഞ്ഞു.

മേരി അപ്പോഴങ്ങനെ പറഞ്ഞെങ്കിലും ഞങ്ങള്‍ പഴയ മേരിയും വര്‍ഗ്ഗീസ്സുമല്ലെന്നും വളര്‍ച്ചയെത്തിയ ആണും പെണ്ണുമാണെന്നും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായി ആ ചോദ്യം. സ്വാഭാവികമായും ഞങ്ങളുടെ കണ്ടുമുട്ടലുകള്‍ കുറയുവാന്‍ തുടങ്ങി. ആദ്യമൊക്കെ മേരി അതെതിര്‍ത്തെങ്കിലും അവള്‍ക്കും അപവാദത്തെ പേടിയുണ്ടായിരുന്നു. കോളേജില്‍, പുതിയ സൗഹൃദങ്ങളിലേക്കും തിരക്കുകളിലേയ്ക്കും ഇഴുകി ചേരാന്‍ ഞാനും ശ്രമിച്ചു. എങ്കിലും മാസത്തിലൊരിക്കലെങ്കിലും കണ്ട് വിശേഷങ്ങള്‍ കൈമാറിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഉറക്കം വരില്ലായിരുന്നു. " ഞാന്‍ മഠത്തില് ചേരാന്‍ പൂവ്വാ.." ഒരിക്കല്‍ കണ്ടപ്പോള്‍ മേരി സങ്കടത്തോടെ പറഞ്ഞു. അവളുടെ ചേട്ടന്റെ വിവാഹം കഴിയുകയും അപ്പനുമമ്മയും മരിക്കുകയും ചെയ്തിരുന്നു. ആദ്യമൊന്നും മേരി എന്നോടു പറഞ്ഞില്ലെങ്കിലും അസഹ്യമായി വരുന്ന 'നാത്തൂന്റെ ശല്യ' ത്തെ കുറിച്ച് പിന്നീടൊക്കെ അവള്‍ ദുഃഖത്തോടെ പറയാറുണ്ടായിരുന്നു.

" പിന്നെ ! മഠത്തില് ചേരാന്‍ പോണ് ! വേറെ പണ്യൊന്നൂല്ല്യ.. മറിയമെ.. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ സത്യസന്ധനും നീതിമാനുമായ ഒരു ജോസഫിനെ വിവാഹം ചെയ്യും . എന്നിട്ട് നീ കൊറെ ഉണ്ണിയേശുക്കളെ പെറും..അവര് സാക്ഷ്യം നിന്ന് എന്റെ കാല് ശെര്യാക്കും ",

ഞാന്‍ പറഞ്ഞു. അവള്‍ക്ക് കുടുംബജീവിതത്തോട് താല്പര്യമുണ്ടെന്ന് എനിക്കറിയാമായിരുന്നു.

" പോടാ ചെക്കവ്ട്ന്ന്..." അവള്‍ നാണിച്ച് എന്റെ നേരെ കയ്യോങ്ങി.

അന്ന് വൈകീട്ട് ഞാന്‍ പോയി ആബേലച്ചനെ കണ്ടു: " അച്ചോ.. ഞാനിതേവരെ അച്ചനോടൊരു കാര്യോം ആവശ്യപ്പെട്ടിട്ടില്യ.. ഇപ്പോ ഒരു കാര്യം ചോയ്ക്ക്ണ്..മ്മടെ മേരീരെ അവസ്ത അച്ചനറിയാലോ.. അവക്കൊരു ജോലി ശെര്യാക്കി കൊടുക്കണം. സഭേരെ ഏതെങ്കിലും സ്താപനത്തില്'' അച്ചന്‍ വിചാരിച്ചാ പെറ്റും. തൂപ്പുകാര്യായിട്ടായാലും മതി..

" ഇതാണ് തമാശ. " അച്ചന്‍ ചിരിച്ചു " മേരി പറയുന്നു നിനക്കൊരു ജോലി ശരിയാക്കാന്‍.. നീ പറയുന്നു മേരിക്കൊരു ജോലി ശരിയാക്കാന്‍. നിങ്ങള്‍ രണ്ടാളും കൂടി പറഞ്ഞൊത്തിട്ട് എന്നെ വട്ടം കറക്കാന്‍ നോക്കുകയാണല്ലേ.അമ്പമ്പടാ.. ! " എനിക്കുത്തരം മുട്ടി - 'മേരി അങ്ങന്യൊരു പണി ഒപ്പിച്ചു വെച്ചിട്ടുണ്ടാ ?!'

" അവളങ്ങനെ പറഞ്ഞതൊന്നും അച്ചന്‍ കണക്കാക്കണ്ട. ഞാനട്ത്ത മാസം തൊട്ട് അന്തോണ്യേട്ടന്റെ കടേല് സൈക്കിള്‍ റിപ്പയറിങ്ങ് പടിക്കാന്‍ പൂവ്വാ.. അവള്‍ടെ കാര്യാ കഷ്ടം..
നാത്തൂന്‍ കിടക്കപ്പൊറുതി കൊടുക്കാറില്ല്യ ആ പാവത്തിന് "

"നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ജോലി ശെര്യാക്കി തരാന്‍ അച്ചനാഗ്രഹണ്ട്.. ", അച്ചന്‍ ഗൗരവത്തിലായി : " മോനേ, പക്ഷെ നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങള്‍. സഭയില് ഞാനൊന്നും ഒന്ന്വല്ല. അതിനൊക്കെ വേറെ ആള്‍ക്കാര്ണ്ട്..ന്നാലും ഞാനൊന്ന് നോക്കട്ടെ.."

എന്തായാലും എന്റെ വാദം ജയിച്ചു. അങ്ങനെയാണ് മേരിയ്ക്ക് തിരുവല്ലയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരാസ്പത്രിയില്‍ തൂപ്പുകാരിയായി ജോലി കിട്ടിയത്. എണ്ണൂറ് രൂപയായിരുന്നു ശമ്പളം.

" ന്തെങ്കില്വാവട്ടെ..തല്‍ക്കാലം ഇവട്ന്ന് രക്ഷപ്പെട്ടല്ലോ..നിന്നൊയൊക്കെ വിട്ടു പൂവ്വാന്‍ വെഷമണ്ട്..ന്നാലും എന്നെങ്കിലൊരിക്ക്യെ നമ്മളൊക്കെ അങ്ങോട്ടുമിങ്ങോട്ടും പിരിഞ്ഞു പോണല്ലോ.." മേരി എന്റെ മുഖത്തു നോക്കാതെ പറഞ്ഞു. ഞാനും മറ്റെങ്ങോ നോക്കിയിരിക്കുകയായിരുന്നു. ഞങ്ങള്‍ കരയുകയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
" പോട്ടേടാ.." അവള്‍ എന്റെ തോളില്‍ പിടിച്ചമര്‍ത്തി : " എടയ്ക്കെടയ്ക്ക് എഴുതണം ട്ടാ.."


" സോപാനത്തിലെ രമ സൂയിസൈഡ് ചെയ്യുമോ സാറെ ? " ഓഫീസില്‍ സീരിയല്‍ ചര്‍ച്ച നടക്കുകയാണ്. ഉച്ച സമയമായാല്‍ പതിവുളളതാണ്. ഇപ്പോള്‍ താല്പര്യം തോന്നുന്നില്ല :

 " ഒരു പിടീം കിട്ടുന്നില്ല"

"എന്തായാലും. പിടിച്ചു നില്‍ക്കാന്‍ ഒരു പുല്‍തുമ്പെങ്കിലുമില്ലെങ്കില്‍ ഒരാള്‍ക്കും അധികം കാലം ജീവിക്കാന്‍ പറ്റില്ല്യാന്നുള്ള അവളുടെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു. " , രാമന്‍കുട്ടി പറഞ്ഞു. ( സ്വന്തം ദുരന്തകഥകള്‍ വിവരിച്ച് , പോകുന്ന ഓഫീസുകളിലെല്ലാം സഹതാപം പിടിച്ചു പറ്റുന്ന വിരുതനാണയാള്‍ ).

 ശരിയാണ്. മേരിയുടെ കത്തുകളായിരുന്നു എന്റെ പുല്‍ത്തുമ്പ്. അവള്‍ പോയതിനു ശേഷം നരകമായിരുന്നു കുറേ കാലത്തേയ്ക്ക് ജീവിതം.പെങ്ങന്മ്മാരുടെ വിവാഹത്തിന്റെ വലിയ കടബാദ്ധ്യതകള്‍ ബാക്കി വെച്ച് അപ്പന്‍ ആകസ്മികമായി മരിച്ചത്,കടയില്‍ നന്നാക്കാന്‍ കൊണ്ടു വന്നു വെച്ചിരുന്ന സൈക്കിള്‍ വീണ് കാലൊടിഞ്ഞത്,ബാങ്കുകാരുടെ ജപ്തി,.സര്‍വ്വോപരി, നിരാശയില്‍ നിന്ന് നിരാശയിലേക്ക് തള്ളിവിടുന്ന ഇന്റര്‍വ്യൂകള്‍...മേരിയുടെ കത്തുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ എന്നേ ജീവിതം അവസാനിപ്പിച്ചേനെ.ഉപദേശങ്ങളും ശാസനകളും നിര്‍ദ്ദേശങ്ങളും നിറഞ്ഞ എഴുത്തുകള്‍ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നു. അവളുടെ വിശേഷങ്ങളുണ്ടാവും അവസാനം കുറച്ച്. ഒഴിവു സമയത്ത് ഹോം നഴ്സിങ്ങ് പഠിക്കുന്നുണ്ടെന്ന് ഒരിക്കല്‍ അവളറിയിച്ചിരുന്നു. പഠിച്ച് കഴിഞ്ഞ ശേഷം ഒന്നു രണ്ടു രോഗികളെ കിട്ടി തുടങ്ങിയെന്നും തുടര്‍ന്നുള്ള എഴുത്തുകളിലുണ്ടായിരുന്നു. അവളുടെ കൈകൊണ്ട് ശുശ്രൂഷിക്കപ്പെടുന്നവര്‍ ഭാഗ്യം ചെയ്തവരായിരിക്കുമെന്ന് എനിക്കു തോന്നി. അവള്‍ എഴുതി : ‘ ഒന്നും ചെയ്യാന്‍ വയ്യാത്തോരെ കുളിപ്പിയ്ക്ക്യാ..ഊണ് വാരിക്കൊട്ക്കാ,കെട്ത്താ, ഒറക്കാ, മരുന്നൊഴിച്ചൊടുക്ക്വാ..ഒക്കെ ന്തൊരു സന്തോഷാ.. ന്ന്ട്ടെന്താ.. അവസാനം കണക്ക് പറഞ്ഞ് കാശ് വേടിക്കുമ്പോ നിക്ക്യ് ന്നോട് തന്നെ ദേഷ്യം തോന്ന്ണ്ണ്ട്. ന്നാലും ജീവിക്ക്യണ്ടേ, ല്ലേടാ..’

" സാറ് പോണില്ല്യേ.. ഇന്ന് ഹാഫ് ഡേയാ ഉള്ളൂന്ന് പറഞ്ഞിട്ട്.. ഒരു മണ്യായല്ലാ.." കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. ശരിയാണ് . സമയം ഒന്നേ അഞ്ചായിരിക്കുന്നു.

" എറങ്ങായി കുഞ്ഞികൃഷ്ണാ.."

ലീവെഴുതി സൂപ്രണ്ടിന്റെ മുന്നില്‍ ചെന്നു. " സാറെ.. ഇന്നത്ത്യാവശ്യായിട്ട് ഒരാളെ കാണണം..ഒരു ഹാഫ് ഡേ.."

" ഉം..ആയിക്കോട്ടെ.. നിങ്ങള്‍ക്കൊക്കെ പിന്നെ ലീവുണ്ടല്ലോ ഇഷ്ടം പോലെ.."
ഓഫീസില്‍ നിന്നിറങ്ങി ഓട്ടോ വിളിച്ചു. "നെഹ്റു നഗറില്..അപ്സരേരെ അപ്രത്തിയ്ക്ക്.."

നെഹ്റു നഗറില് വീട് വാങ്ങിക്കണമെങ്കില്‍ അവള്‍ അമേരിക്കയില്‍ നിന്ന് ഒരു പെട്ടി കാശും കൊണ്ടാവും വന്നിട്ടുണ്ടാകുക. അമേരിക്കയില്‍ നിന്ന് അവളുടെ ആദ്യ എഴുത്ത് വന്നപ്പോള്‍ നിറഞ്ഞ അത്ഭുതമായിരുന്നു. മുമ്പത്തെ എഴുത്തുകളിലൊന്നും അവിടേയ്ക്ക് 'പറക്കുമെന്ന് ' അവള്‍ സൂചിപ്പിച്ചിരുന്നില്ല. താനിപ്പോഴും ഒരു സ്വപ്നമാണ് കാണുന്നതോയെന്ന് സംശയമുണ്ടെന്ന് ആ കത്തിലവളെഴുതിയിരുന്നു. അവള്‍ ശുശ്രൂഷിച്ചിരുന്ന ഒരു വൃദ്ധയെ അവരുടെ മക്കള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയപ്പോള്‍ തള്ള അവര്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ടാണത്രെ മേരിയേയും കൊണ്ടുപോയത്.

" ഇനിയ്ക്ക് നിന്നോട് കുശുമ്പ് തോന്ന്‍ണ്. ന്ത് ഒലക്കേരെ മൂടിന്ണാവോ ഞാനിത്രേം പഠിച്ചത്..അന്ന് വെല്ല തൂപ്പുകാരനായി നിന്നിരുന്നെങ്ങെ ഇപ്പ ഞാനും അമേരിക്ക്യേലെത്ത്യേനെ..". ഞാനെഴുതി. ദുരിതങ്ങളൊക്കെയറിഞ്ഞിട്ടും തീരെയൊന്ന് സഹായിക്കാത്തതു കൊണ്ട് എനിക്കിടയ്ക്കൊക്കെ മേരിയോട് ദേഷ്യം തോന്നി തുടങ്ങിയിരുന്നു.എന്നാല്‍ അത്തരം ചിന്തകളെ തുടച്ചു നീക്കാന്‍ അവളുടെ കത്തുകള്‍ക്ക് കഴിവുണ്ടായിരുന്നു.

" ഇവിടെ നിര്‍ത്തിക്കോളൂ " ഓട്ടോക്കാരനോട് പറഞ്ഞു. മേരി പറഞ്ഞ വീടെത്തിയിരുന്നു. തിരിച്ചറിഞ്ഞതുകൊണ്ടാകാം, ഗൂര്‍ഖ വേഗത്തില്‍ ഗേറ്റ് തുറന്നു.

" അയ്യോ !നിന്നെ കണ്ടാ ഒരു വയസ്സനെപ്പോലിണ്ടല്ലോ. വല്ലാണ്ട് ചടച്ചിട്ടൂണ്ട്. എത്ര നാളായതാ കണ്ടിട്ട് !" മേരി മുറ്റത്തേക്കിറങ്ങി വന്നെന്റെ കൈയ്യില്‍ പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞത് സന്തോഷം കൊണ്ടു മാത്രമല്ലെന്ന് എനിക്ക് അകാരണമായി തോന്നി.

" കൊല്ലങ്ങളായി നമ്മള് കണ്ടിട്ട്.." ഞാന്‍ പറഞ്ഞു. " നിനക്കൊരു മാറ്റോല്ല്യ. ത്തിരീം കൂടി പ്രായം കുറഞ്ഞ മാതിരി. നീ പ്രായം കൊറയ്ക്കാന്‍ വെല്ല മരുന്നും കഴിക്കിണ്ണ്ടാ ? "

" പോടാ..നിന്റ്യൊരു തമാശ. " അവളുടെ കണ്ണുകള്‍ നിമിഷനേരത്തേയ്ക്ക് തിളങ്ങി. വീണ്ടും കെട്ടു. അഗാധമായ ദുഃഖം നിറഞ്ഞു. :
" നിന്‍ക്കറ്യാണ്ടാ..ദൊക്കെ വെര്‍ദ്യാ.." പിന്നെ മുഖം പ്രസന്നമാക്കിക്കൊണ്ട് ചോദിച്ചു :

 " നീയെന്താ കെട്ട്യോളേം പിള്ളേര്യീം ഒന്നും കൊണ്ടരാഞ്ഞത് ? ഞാനതു പറയാന്‍ മറന്നു. എങ്ങന്യണ്ട്റാ കെട്ട്യോള് കാണാനൊക്കെ..നിന്റെ കൂട്യൊക്കെ ജീവിക്കണങ്ങെ ആ ക്ടാവ് നല്ല ക്ഷമ്യൊള്ള കൂട്ടത്തിലായിരിക്ക്യല്ലോ..."

" ആ..പറ്റ്യൊരെണ്ണത്തിനെ ഈ കാല് കാണിച്ച് അടിച്ചെടുത്തതല്ലേ മേര്യേ.." വിവാഹകമ്പോളത്തില്‍, ഒപ്പം ത്രാസ്സില്‍ വെക്കാന്‍ ആഭരണങ്ങളില്ലാത്തതുകൊണ്ടാണ് അവള്‍ തന്നെ സ്വീകരിച്ചതെന്നു മേരിയോടു പറയാന്‍ തോന്നിയില്ല.

" അദ് പോട്ടെ.. ഇന്യായാലും കാണാലോ..നിന്‍ക്ക് വെശ്ക്ക്ണ്ണ്ടാവും മ്മക്ക് ചോറുണ്ടിട്ടാവാം ഇനി വര്‍ത്താനം. റോസ്യേ..ചോറ് വെളമ്പിക്കോട്ടാ.. " അവള്‍ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

" നീ അമേരിക്ക്യേപ്പോയി കൊറെ കാശ്ണ്ടാക്കീട്ട്ണ്ടല്ലേ..നെഹ്രു നഗറില് വീട്, ഗൂര്‍ഖ, വേലക്കാരി.."

" നിന്‍ക്കറിഞ്ഞൂടെ.. കാശ് വേണംന്ന് ഞാനൊരിക്കലും കര്‍ത്താവിനോട് പ്രാര്‍ത്തിച്ചിട്ടില്ല്യ. അദ് കൊറെ കര്‍ത്താവെനിക്കു തന്നു.. പ്രാര്‍ത്തിച്ചതൊന്നും തന്നില്ല്യ.." അവളുടെ മുഖം മ്‌ളാനമായി.

" ഞാന്‍ നിനക്കൊരു സാദനം കൊണ്ടന്നിട്ട്ണ്ട്.." ഊണു കഴിഞ്ഞിരിക്കുമ്പോള്‍ മേരി ഒരു പെട്ടി മുറിയിലേക്ക് കൊണ്ടു വന്നു. :" അവ്ടെ ചെന്ന് കൊറച്ച് നാള് കഴിഞ്ഞ് ഇണ്ടാക്കിച്ചതാ..അളവറിയാണ്ട് ഇണ്ടാക്കി തരാന്‍ പറ്റില്ല്യാന്ന് അവരാദ്യം പറഞ്ഞു.. നിന്റെ അളവൊക്കെ ഇന്‍‌ക്കറ്യിഞ്ഞൂടെ..ന്നാലും ഒരു സംശയം.."

അവള്‍ പെട്ടി തുറന്നു. ഫൈബര്‍ കൊണ്ടുണ്ടാക്കിയ ഒരു പുതിയ തരം കാലിപ്പര്‍ ആയിരുന്നു അത്. തീരെ കനം കുറഞ്ഞത്.കാല്‍ എളുപ്പത്തിന്‍ ചലിപ്പിക്കാന്‍ കൂടുതല്‍ സം‌വിധാനങ്ങള്‍.

" നീയിദൊന്നിട്ടു നോക്ക്യേ പാകണോന്ന് " അവള്‍ അപ്പുറത്തെ മുറിയിലേക്ക് പോയി.

ഞാന്‍ വാതിലടച്ചു, പിന്നെ ശബ്ദമില്ലാതെ കരഞ്ഞു. അവളുടെ മുന്‍പില്‍ ഞാന്‍ തോല്‍ക്കുമ്പോഴൊക്കെ ആത്മനിന്ദയോടെ ഒഴുക്കാറുള്ള കണ്ണീര്‍.

ഷൂസ്സിടാന്‍ ശ്രമിച്ചു, ദശാബ്ദങ്ങള്‍ നീണ്ടു പരിചയമുള്ള പഴയതുപേക്ഷിച്ച് പുതിയത് ധരിച്ചപ്പോള്‍ ആദ്യ കാല്‍‌വെപ്പില്‍ തന്നെ അടി തെറ്റി വീഴാനാഞ്ഞു. പിന്നെ, വാതില്‍ തുറന്ന് , വീഴാതിരിക്കാന്‍ കഴിവതും ശ്രദ്ധിച്ച് അവളുടെ അരികിലേക്ക് നടന്നു.

" നീ വിചാരിച്ച പോലെന്നെ.. കൃത്യം പാകം."

" അദൊക്കെ ഇനിക്ക്യറിഞ്ഞൂടെ.."

" നിന്‍‌ക്കിത്രേം കാലം മറുപടി അയക്കാണ്ടിരിന്ന്ട്ടും നിന്‍‌ക്കെന്നോട് ദേഷ്യൊന്നില്ല്യേ ? "

സ്വരമിടറാതിരിക്കാന്‍ ശ്രദ്ധിച്ച് ഞാന്‍ ചോദിച്ചു.

" ഇല്ല്യ പിന്നെ.. ഞാനെന്താ വെല്ല കര്‍ത്താവ്ങ്ങാന്ണോ..ന്നാലും പിന്നെ, നീ എഴുതാണ്ടിരിക്കുമ്പഴൊക്കെ നീ നല്ല സന്തോഷായി ജീവിച്ചിരിക്കാവും‌ന്നാ ഞാന്‍ വിചാരിക്കാറ്. ന്നാലും. ജോലി കിട്ട്യപ്പഴെങ്ങിലും നിന്‍‌ക്കൊന്ന് എഴ്തായിര്‍ന്നു. നീ വീടും കുട്യൊക്കെ മാറിപ്പോയോണ്ട് ഞാന്‍ പിന്നെ അയച്ച കത്തൊക്കെ ആളില്ല്യാന്ന് പറഞ്ഞ് തിരിച്ചു വന്നു.. .. ഇനി ഞാനൊരു കാര്യം ചോയ്ക്കട്ടെ...നീയ്ത്രേം കഷ്ടപ്പാടനുഭവിച്ചിരുന്ന കാലത്തും ത്തിരിം കൂടി കാശ് സഹായിക്കാത്തോണ്ട് നിന്‍‌ക്കെന്നോട് ദേഷ്യം തോന്നീട്ടില്ല്യേ..? " അവളുടെ മുഖത്ത് കുസൃതി നിറഞ്ഞു.

"ഇണ്ടോന്ന് ചോയ്ച്ചാ ഇണ്ട്... ന്നാലും കൊറച്ച് കാലത്തിക്ക്യേണ്ടാവൊള്ളു.."

" ഉം.. അതോണ്ടൊക്ക്യാവും പിന്നെ നീ മറുപടി അയക്കിണതൊക്കെ പതുക്കെ നിര്‍‌ത്ത്യേതല്ലേ.....അന്നൊക്കെ ഓരോ പ്രാവശ്യോം നിന്റെ എഴുത്ത് വര്മ്പോ ഞാന്‍ ന്തോരം വെഷമിച്ചിരുന്നൂറിയോ..നിന്‍‌ക്കയക്കാനൊള്ള കാശും ഞാന്‍ ശെര്യാക്കി വെക്കും.. ന്നാലും അവസാനനിമിഷം ഞാനയിക്കില്ല്യ.. ന്താന്നറിയോ ? .. ഞാന്‍ കാശയച്ച് തന്നാല് പിന്നെ നീ തന്നെ പണിട്ത്താദാന്നൊള്ള സന്തോഷത്തില് നീയെങ്ങന്യാ ഇനിയ്ക്ക് രണ്ടുര്‍‌ള ചോറ് തെരാ.. ആ കാശൊക്കെ ഞാന്‍ കൂട്ടി വെച്ചിട്ട്ണ്ട്...അല്ല; ഇനിപ്പോ മുനിസിപ്പലിറ്റീലെ യു. ഡി. ക്ലാര്‍ക്കിനെന്തിനാ മ്മടെ പിച്ചക്കാശ് !.. അദ്മ്മക്ക് വെല്ല അനാഥാലയത്തില്‍‌ക്ക്യും കൊടുക്കാല്ലടാ.."

അവള്‍ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു. ഏറെ ആഹ്ലാദം വരുമ്പോഴാണ് അവള്‍ അങ്ങനെ ചെയ്യാറുള്ളതെന്ന് ഞാനോര്‍ത്തു.

" ന്തായാലും, തിരിച്ച് പോണേന്ന് മുമ്പ്, വീട്ടിക്കൊണ്ടോയി ഒരു നേരത്തെ ചോറ് തന്നില്ല്യെങ്ങെ ഞാന്‍ പെണങ്ങുട്ടാ... പറഞ്ഞില്ല്യാന്ന് വേണ്ട.."

മേരിയുടെ ഉത്തരങ്ങള്‍ എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. അവള്‍ വിതറുന്ന പൂക്കള്‍ കുറ്റബോധത്തിന്റേയും ആത്മനിന്ദയുടേയും മുള്‍ക്കിരീടങ്ങളായി മാറുന്നു. അവസാനം എല്ലാ നിയന്ത്രണങ്ങളും അഴിഞ്ഞു വീഴുമെന്നും കരഞ്ഞു കൊണ്ട് അവളുടെ കാല്‍ക്കല്‍ വീഴുമെന്നും ഞാന്‍ ഭയന്നു.' തീര്‍ച്ചയായും അവളതിഷ്ടപ്പെടില്ല ', ഞാനോര്‍ത്തു.

പിന്നേയും ഞങ്ങള്‍ കുറെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അപ്പന്‍ മരിച്ചത്, എന്റെ വിവാഹം,ഭാര്യ, കുട്ടികള്‍, ജോലി, പ്രമോഷന്‍, അവളുടെ ചേട്ടന്‍,നാത്തൂന്‍....' നിന്റെ കല്യാണം കഴിഞ്ഞില്ല്യേ ? ' എന്ന ഒരു ചോദ്യം മാത്രം ഉള്ളില്‍ നിന്ന് പുറത്തേയ്ക്ക് വരാതെ എന്നില്‍ വിങ്ങിക്കൊണ്ടിരുന്നു.

" നിന്‍‌ക്കെന്റെ ജോസഫിനെ കാണണ്ടേ ? " അവസാനം അവള്‍ ചോദിച്ചു : " വാ."

എന്നെ അവള്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. മേശപ്പുറത്ത്, അവളുടെ തോളിലൂടെ കൈയ്യിട്ടു നില്‍ക്കുന്ന നീലകണ്ണുള്ള ഒരു സായിപ്പിന്റെ പടമുണ്ടായിരുന്നു.

" ദ്ണ് ആള് " അവള്‍ പറഞ്ഞു :

 "പ്രേമം. ന്റെ നഴ്സിങ്ങ് സൂപ്പര്‍‌വൈസറായിരുനു..ഒരു കൊല്ലം മുമ്പ് ഡൈവോഴ്സായി...ന്റെ സ്നേഹം മൂപ്പര്ക്ക് സഹിക്ക്യാന്‍ പറ്റിണില്ല്യാത്രെ..ഇനിയ്ക്ക് ചീത്ത പറയാനും തല്ല് പിടിയ്ക്കാനും ഒന്നും അറിയില്ല്യാന്ന്..ഒന്നും മിണ്ടാണ്ട് എല്ലാം സഹിയ്ക്കേം ഷമിക്ക്യേം ചെയ്യണോരെ കൂടെ ജീവിയ്ക്കുമ്പോ വീര്‍പ്പുമുട്ടലോണ്ട് സൂയിസൈഡ് ചെയ്യാന്‍ പോലും തോന്ന്ണ്ന്ന്...പിന്നെ.. ഞാന്‍ അമ്മ്യാവണതും അങ്ങോര്ക്ക് ഇഷ്ടണ്ടായില്ല്യ..ക്ടാവിനും ന്റെ സ്വഭാവങ്ങാന്‍ ആവ്വ്വോന്ന് പേടിച്ചിട്ടാവും..അയാള് തന്ന നഷ്ട പരിഹാരം കൊണ്ടല്ലേ ഞാനീ വീടും സാദനങ്ങളൊക്കെ വേടിച്ചത്.. അല്ലണ്ടെന്റേലെവ്ട്ന്നാ ഇത്രേം കാശ് ! ഡൈവോഴ്സ് ചെയ്തൂന്ന്വെച്ചാലും ഇപ്പഴും എന്നെ വെല്ല്യ കാര്യാട്ടാ.. ഇപ്പഴും എടയ്ക്ക് ഫോണ്‍ ചെയ്യും.." മേരി കണ്ണീരിലൂടെ ചിരിക്കാന്‍ ശ്രമിച്ചു.

മേരിയുടെ പുതിയ വാര്‍ത്തകള്‍ കേട്ട് ഞാന്‍ സ്തബ്ധനായി. ഔപചാരികമായ ആശ്വാസവചനങ്ങള്‍ പോലും മനസ്സില്‍ തെളിയുന്നില്ല. മേരിയ്ക്ക് ..എന്തിന്.. ഇങ്ങനെയൊരു വിധി !

" ഇന്യെന്റെ യേശൂനെ കാണണ്ടേ നിന്‍‌ക്ക്.? " ഉണ്ണിയേശുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രങ്ങള്‍ നിറഞ്ഞ മറ്റൊരു മുറിയിലേക്ക് എന്നെ അവള്‍ കൊണ്ടുപോയി.ജനലിനരികില്‍, വൈക്കോല്‍ പോലെ എന്തോ കൊണ്ട് മേഞ്ഞ ഒരു ആട്ടുതൊട്ടില്‍. അതിനും മുകളില്‍ ഒരു
നക്ഷത്രം തൂക്കിയിട്ടിരിക്കുന്നു. ഞാന്‍ തൊട്ടിലിലേക്ക് നോക്കി. നിഷ്ക്കളങ്കമായി പുഞ്ചിരിക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ മാത്രമേ അതിലുണ്ടായിരുന്നില്ല.

" അവനീം കര്‍ത്താവെനിക്കു തന്നില്ല്യ..ജനിക്കുമ്പോ തന്നെ ഹാര്‍ട്ടിന്റെ വാല്‍‌വിന്....വെറും ആറ് മാസം...നീയ്യല്ലേ പറഞ്ഞ്ദ് അവന്‍ സാക്ഷ്യം നിന്ന് നിന്റെ കാല് ശെര്യാക്കും‌ന്ന്... ന്നിട്ട് ന്ത്യേടാ... അവള്‍ എന്റെ തോളില്‍ പിടിച്ചു കുലുക്കി.പിന്നെ വിതുമ്പികൊണ്ട് മാറിലേയ്ക്ക് ചാഞ്ഞു." ന്ത്യേടാ നീ പറഞ്ഞതൊന്നും ശെര്യാവാഞ്ഞത്..? "

പടുത്തുയര്‍ത്തിയ എല്ലാ ആകാശങ്ങളും ഇടിഞ്ഞു വീണു. കര്‍ത്താവെ, ഈ കനലുകള്‍ക്കു മീതെ കിടന്നു കൊണ്ടാണല്ലോ മേരി ഇത്രയും നേരം എന്നോട് സംസാരിച്ചത്..ദൈവത്തിന്റെ സങ്കടങ്ങള്‍ കണ്ട് ഉത്തരം മുട്ടിയ ഒരു ഭക്തനെപ്പോലെ ഞാന്‍ നിന്നു...

" നിന്‍‌ക്കറ്യാം.. ന്റെ പ്രാര്‍ത്തനകളൊന്നും മുട്ടിപ്പായ്ട്ട്ണ്ടാവില്ല്യ...ല്ലേടാ..."

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ഒരു കല്ലു പോലെ ഞാന്‍ നിന്നു. കര്‍ത്താവിനെയൊരു മുട്ടന്‍ തെറി പറയണോ അതോ ഉറക്കെയൊന്നു കരയണോ എന്നു ശങ്കിച്ച്.

യേശുവിന്റെ ആട്ടു തൊട്ടില്‍ മാത്രം ജനലിലൂടെ കടന്നു വന്ന കാറ്റില്‍ ചെറിയ താളത്തില്‍ ആടിക്കൊണ്ടിരുന്നു.