വ്യാഴാഴ്‌ച, ജൂൺ 14, 2012

ജലസ്മാരകം


ജലസ്മാരകം

ഏറെ നേരത്തെ തപ്പിത്തിരച്ചിലിനൊടുവിൽ, തട്ടിൻപുറത്ത്, പഴയ പാർട്ടി ലഘുലേഖകൾക്കിടയിൽ നിന്നാണ് എനിക്കാ നോട്ടു പുസ്തകം കിട്ടിയത്. ആരുമെടുത്തു നോക്കാൻ സാധ്യതയില്ല എന്നുറപ്പുള്ളതുകൊണ്ടാവണം ഞാനന്നത് അവിടെ തന്നെ സൂക്ഷിച്ചത്. അന്നെഴുതി വച്ചതൊക്കെ അതേ പോലെ ഓർമ്മയുണ്ടെങ്കിലും , ഒരാധികാരികതയ്ക്ക് അതൊന്നു കൂടി എടുത്ത് മറിച്ചു നോക്കേണ്ടത് അത്യാവശ്യമായിരുന്നു. പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിട്ടല്ല, എങ്കിലും മിനിഞ്ഞാന്ന് രാത്രി വീട്ടിൽ വന്നു കയറിയപ്പോൾ തുടങ്ങിയ ചിന്തയാണ്.ഇപ്പോഴാണെങ്കിൽ ഇഷ്ടം പോലെ സമയവുണ്ട്..പനി പിടിച്ച് വീട്ടിൽ തന്നെ ചുരുണ്ടുകൂടിയിരിക്കുമ്പോൾ, പഴയ ഓർമ്മകൾ ചർദ്ദിച്ച് ഇങ്ങനെ കിടക്കുന്നതിൽ ഒരു രസമുണ്ടല്ലോ..
  
മില്ലെനിയം ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണാർത്ഥം റെഡ് റോസ് ക്ലബ് നടത്തിയ നറുക്കെടുപ്പിന്റെ വിറ്റു പോവാത്ത നാലഞ്ചു കൂപ്പൺ ബുക്കുകൾ യാതൊരു ചുളിവും വരാതെ ആ നോട്ടു പുസ്തകത്തിലിരിക്കുന്നുണ്ടായിരുന്നു. പ്രീഡിഗ്രിയുടെ സപ്ലി പരീക്ഷാ ഫലം കാത്തിരിക്കുന്ന സമയം..കൂപ്പണിനു പരസ്യം പിടിക്കാൻ ഞാനും കൂട്ടുകാരും ടൗണിൽ കറങ്ങുന്ന നേരത്താണ് ഗ്രാമത്തിൽ അതു സംഭവിച്ചത് എന്നുള്ളതുകൊണ്ട് അന്നെനിക്കതിന് ദൃക്സാക്ഷിയാകാനും കഴിഞ്ഞില്ല. സംഭവം ഇതായിരുന്നു : മേനോൻ തുരുത്തിലെ പൊട്ട കിണറ്റിൽ നിന്ന് ഒരു മനുഷ്യാസ്ഥികൂടം കിട്ടി ! കാടും പടലും പിടിച്ചു കിടക്കുന്ന ആ കിണറിന് നാലയലത്തു പോലും ആരും പോകാറില്ല. പേടിപ്പെടുത്തുന്ന ചില കഥകളും കിണറിനെ കുറിച്ച് നാട്ടുകാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു.പഴയ കൊച്ചിക്കാരനിൽ നിന്ന് സ്ഥലം വാങ്ങിച്ച മറ്റൊരു കൊച്ചിക്കാരൻ,ഇതൊന്നുമറിയാതെ വരത്തന്മാരായ ഏതോ പണിക്കാരെ കൊണ്ട് കിണർ വെടിപ്പാക്കാൻ ഒരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ ഞങ്ങൾ തിരിച്ചെത്തുന്നതിനു മുൻപ് സംഭവം കാട്ടുതീ പോലെ പടരുകയും കൊച്ചിക്കാരന്റെ സ്വാധീനം കൊണ്ടാവാം, അല്ലെങ്കിൽ ആന കുത്താൻ വന്നാലും ഉളകാത്ത പുത്തങ്കാവ് പോലീസ് പെട്ടന്ന് സ്ഥലത്തെത്തുകയും അതെങ്ങോട്ടേയ്ക്കോ മാറ്റുകയും ചെയ്തു.

ഒന്നു രണ്ടാഴ്ച്ചയ്ക്കു ശേഷം അസ്ഥികൂടവിവാദത്തിനു നാട്ടിൽ പുതുമ നഷ്ടപ്പെടുകയും മാങ്കുറ്റി ചന്ദ്രേട്ടന്റെ മോള് നിഷ തോരാത്തി ദിനേശന്റെ കൂടെ ഒളച്ചോടിയ പുതിയ വാർത്തയ്ക്ക് സെൻസേഷൻ കിട്ടുകയും ചെയ്തു. പക്ഷെ ഞാനപ്പോഴും ആ പഴയ വാർത്തയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഹോംസിനെ വല്ലാതെ വായിച്ചതുകൊണ്ടുണ്ടായ ഒരു തരം തരിപ്പായിരുന്നു അതിനു ഹേതു. എന്നെ അലട്ടികൊണ്ടിരുന്ന ചിന്ത ഇതായിരുന്നു :  ആ അസ്ഥികൂടം ആരുടേതായിരുന്നിരിക്കും ? ഞാനൊരന്വേഷണം നടത്തിയാൽ എങ്ങനെയുണ്ടാകും ? അന്വേഷണത്തിനൊടുവിൽ നാട്ടുകാരും പോലീസും ഞെട്ടുമോ ?

അങ്ങിനെയാണ് ഞാനാ നോട്ടുബുക്ക് എഴുതാൻ തുടങ്ങിയത്. – ഒരു കുറ്റാന്വേഷകന്റെ ഡയറി ! അന്വേഷണം പരമരഹസ്യമായിരിക്കണം എന്നുള്ളത് ആദ്യമേ തീർച്ചപ്പെടുത്തിയിരുന്നു..  മനസാക്ഷി സൂക്ഷിപ്പുകാരായ അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞില്ല. അന്വേഷണത്തെ സ്വാധീനിക്കും എന്നുള്ളതു കൊണ്ട് നാട്ടിൽ പരന്ന അഭ്യൂഹങ്ങൾക്കൊന്നും വലിയ പരിഗണന കൊടുക്കേണ്ട എന്നും തീരുമാനിച്ചു.

പുറത്തുനിന്നുള്ളവരാരെങ്കിലുമായിരിക്കും അതിന്റെ പിന്നിൽ എന്ന് ഊഹിക്കുക വയ്യ - കാടും പടലും പിടിച്ചു കിടക്കുന്ന ആ മുനമ്പിൽ, അങ്ങിനെയൊരു കിണറുണ്ടെന്ന് കണ്ടെത്തുക അപരിചിതർക്ക് തീർത്തും ദുഷ്ക്കരമാണ്.

 അസ്ഥികൂടം ആദ്യമായി കണ്ട പണിക്കാരെ പരിചയമില്ലാത്തതുകൊണ്ട്, അവരിൽ നിന്ന് വിവരം ശേഖരിക്കുക അസാധ്യമായിരുന്നു.നാട്ടിലെ ദൃക്സാക്ഷികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ, നാട്ടുകാർക്ക് സംശയമുദിക്കുകയും ചെയ്യും. അതുകൊണ്ട്, അറിയാവുന്ന വിവരങ്ങൾ ക്രോഡീകരിക്കുക, തിരഞ്ഞെടുത്ത ചിലരിൽ നിന്ന് മാത്രം വിവരം ശേഖരിക്കുക എന്നീ കാര്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത്.

അടിയന്തിരമായി  സ്വയം  ഉന്നയിച്ച ചോദ്യങ്ങൾ ഇതായിരുന്നു :
1.    എങ്ങനെയാണ് അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നത് ?
2.    എങ്ങനെയാണ് സ്ത്രീ, പുരുഷ അസ്ഥികൂടങ്ങൾ തിരിച്ചറിയുന്നത് ?
3.    അടുത്തത് പരമപ്രധാനമായ ആ ചോദ്യം  ‌- ഈ അസ്ഥികൂടം ആരുടേതായിരിക്കും ?

ആദ്യ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം അത് സംബന്ധിച്ച സാങ്കേതിക ജ്ഞാനമുള്ളവരിൽ നിന്ന് കണ്ടെത്തേണ്ടതായിരുന്നു. പത്താം ക്ലാസ്സിൽ ശാരീരിക ഘടന പഠിപ്പിച്ച സുമതി ടീച്ചറെ ഈ വിവരത്തിനു വേണ്ടി സമീപിക്കുന്നതിൽ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂൾ പഠനം കഴിഞ്ഞുപോയവനാണെന്നൊന്നുമോർക്കാതെ, അനാവശ്യചോദ്യം ചോദിച്ചുവെന്ന് പറഞ്ഞ് ടീച്ചർ ചിലപ്പോ ഇമ്പോസിഷൻ തന്നു കളയും. പിന്നെയുള്ളത് ദാസേട്ടന്റെ മോള് രാജേശ്വരിയാണ്- എം. എസി. സുവോളജി. പക്ഷെ ഒന്നാം ക്ലാസിൽ ഒരുമിച്ച് പഠിപ്പ് തുടങ്ങുകയും പ്രീ ഡിഗ്രീ മൂന്ന് വർഷം മുന്നേ പൂർത്തിയാക്കുകയും ചെയ്തതിന്റെ ഗമ അവൾക്കുണ്ട്. മാത്രമല്ല, അവൾ സംഭവം പാട്ടാക്കുകയും ചെയ്യും.

ഒടുവിൽ, മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ ആദ്യ രണ്ട് ചോദ്യങ്ങളും അപ്രസക്തമാവുമല്ലോ എന്ന് അതിശയത്തോടെ ഞാനോർക്കുകയും അതിനുള്ള ശ്രമത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു..

********

 നാട്ടിൽ നിന്ന് കാണാതായവരാരൊക്കെ എന്നു ഓർമ്മിച്ചെടുക്കുകയായിരുന്നു ആദ്യം ചെയ്തത്.
എന്റെ അറിവിൽ, നാട്ടിൽ നിന്ന് കാണാതായിട്ടുള്ള ഒരേയൊരാൾ മസ്ക്കറ്റ് ഹംസയുടെ മോൻ ജബീറലിയാണ്. അവനെ കാണാതായിട്ട് നാലഞ്ച് വർഷം കഴിഞ്ഞിരുന്നു.
മൈലാടി കോളനി കേന്ദ്രീകരിച്ച് ആർ. എസ്. എസ്സുകാർ പുതിയ ശാഖ തുടങ്ങിയപ്പോൾ , ( ബാബറി മസ്ജിദ് പൊളിച്ചതിനു ശേഷം, അവന്മാർക്ക് ഹുങ്ക് കൂടി വരുന്ന സമയമായിരുന്നു അത് ) കട്ടയ്ക്കു കട്ട നിൽക്കാനായി ഞങ്ങൾ തുടങ്ങിയ കളരിപ്പയറ്റ് ക്ലാസ്സിൽ വെച്ചാണ് ഞാനവനെ കൂടുതൽ പരിചയപ്പെട്ടത്. കാളികാവ് ക്ഷേത്ര കമ്മിറ്റി മെംബറും , ധനശ്രീ ചിറ്റ്സ് & ലോൺസ് പ്രൊപ്രൈറ്ററും സർവോപരി പൂനിലാർകാവിൽ പോയി കളരി പഠിച്ചവനുമായ സുഭാഷേട്ടനായിരുന്നു പാർട്ടിയുടെ നിർദേശപ്രകാരം ക്ലാസ് തുടങ്ങിയത്. കോളനിവാസികളായ ചില കൊത്തിപ്പിള്ളേരൊഴിച്ച് , ഒരു വിധം ഭേദപ്പെട്ട കുടുംബങ്ങളിലെ എല്ലാ ആൺതരികളും ഞങ്ങളുടെ ക്ലാസിനെത്തി. പിള്ളേരുടെ ആവേശം കണ്ട് പാർട്ടിക്കാരടക്കം അന്തിച്ചു  പോയി എന്നുള്ളതാണ് സത്യം.  അതിനു മുമ്പേ തന്നെ, ആർ.എസ്.എസ്. മൂരാച്ചികളുമായി  ഉരസലുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതും പരിശീലനത്തിന് ആളെ കിട്ടാൻ സഹായിച്ചു എന്നുള്ളതൊരു വസ്തുതയാണ്. പരിശീലനത്തിൽ കൂടുതൽ ആവേശം കാട്ടിയ നാലു പേരെ – ജബീറലിലും അതിൽ ഉൾപ്പെട്ടിരുന്നു – സുഭാഷേട്ടൻ പ്രധാനശിഷ്യരായി അവരോധിച്ചു. ജബീറലിയുടെ വാപ്പ, മസ്ക്കറ്റ് ഹംസ, ഒരു ലീഗ് അനുകൂലിയായിരുന്നു എന്നുള്ളത്, ഞങ്ങളെ കൂടുതൽ ഗൂഢമായി ആഹ്ലാദിപ്പിച്ചു.

പക്ഷെ അതൊന്നും അധികം നീണ്ടു നിന്നില്ല. ആർ. എസ്സ്. എസ്സ് ശിക്ഷാ പ്രമുഖ് സജീവൻ നായർ ജോലിയന്വേഷിച്ച് ഗൾഫിലേക്ക് പോകുകയും കോളനിയിലെ പിള്ളേരിൽ ചിലർ വണ്ടി മോഷണകേസിൽ അകത്താവുകയും ചെയ്തതോടെ അവർ തണൂത്തു. അവർ തണുത്തതോടെ ഞങ്ങളും തണുത്തു. പയറ്റിനു കെട്ടിയുണ്ടാക്കിയ ഷെഡ്ഡിൽ പുല്ലു കിളിർത്തു തുടങ്ങി..
പക്ഷെ ജബീറലിക്കു മാത്രം ഒരു മാറ്റവും ഉണ്ടായില്ല. അവനെന്നും വൈകീട്ട് ഷെഡ്ഡിലെത്തി കസർത്ത് തുടർന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ഞങ്ങളാകട്ടെ, അവൻ പോയി കഴിഞ്ഞാൽ പഴയ സ്ഥിരം  വിഷയങ്ങളിലേക്ക്-ലാലേട്ടൻ, മമ്മൂക്ക, ചിറ്റാട്ടുകര ഡേവിസണിലെ പീസ്, നാട്ടിലെ ഒളിസേവകൾ തുടങ്ങിയവയിലേക്ക് എളുപ്പം തിരിച്ചെത്തുകയും ചെയ്തു.

രണ്ടു മൂന്നു മാസത്തിനു ശേഷം ഷെഡ്ഡ് ചിതലരിച്ചു നിലം പൊത്തി. പഴയതെല്ലാം ഞങ്ങൾക്കൊരു ഓർമ്മ മാത്രമാവുകയും ചെയ്തു.അതിനിടയ്ക്ക്, ജബീറലി വടക്കേതോ കോളേജിൽ ഡിഗ്രിയ്ക്ക് ചേർന്നിരുന്നു. കാണാതായി തുടങ്ങിയപ്പോ അവനെയും ഞങ്ങൾ മറന്നു.

അവൻ പറഞ്ഞത് സത്യമായിരുന്നല്ലോ എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് പിന്നെയും രണ്ട് കൊല്ലം കഴിഞ്ഞാണ്. യൂത്ത് ഫെഡറേഷൻ  വില്ലേജ് കമ്മിറ്റി സെക്രട്ടറി നിഷാന്തിനെ പുത്തങ്കാവ് പൂരത്തിനുണ്ടായ  നിസ്സാരമായ ഒരു ഉരസലിന്റെ പേരിൽ പുറത്തു നിന്നുള്ള നാലഞ്ച് സംഘികൾ ചേർന്ന് വെട്ടിക്കൊല്ലാറാക്കിയപ്പോ.

അന്നേയ്ക്കന്നു രാത്രി പന്തം കോളുത്തി പ്രകടനം നടത്താനായിരുന്നു തീരുമാനം.എന്നു വെച്ചാൽ അവരുടെ സ്തംഭങ്ങളും ബോർഡുകളും ഒക്കെ പൊളിച്ചടുക്കാനും രണ്ടുമൂന്ന് വീടുകൾക്ക് കല്ലെറിയാനുള്ള തയ്യാറെടുപ്പ് കൂടി വേണം എന്നു സാരം. ജബീറലിയെ അന്വേഷിച്ചു പോയവൻ നിരാശയോടെ തിരിച്ചു വന്നു. വെക്കേഷൻ സമയത്തു പോലും അവനിപ്പോ വീട്ടിലെത്താറില്ലത്രെ. പ്രകടനത്തിന് വേണ്ടത്ര പിള്ളേരില്ലാതെ ഒടുവിലന്ന് പൂവത്തുശ്ശേരിയിലെ പിള്ളേരെ കൂടി വിളിക്കേണ്ടി വന്നു എന്നുള്ളതും ഓർക്കുന്നു.

പിന്നീടൊരിക്കൽ ജബീറലിയെ  ബസ്സിൽ വച്ചു കണ്ടു. അവനാകെ മാറിപ്പോയിരുന്നു. ഊശാന്താടി, തൊപ്പി, മുക്കാൽ പാന്റ്..ഒരു ചെറിയ കുശലാന്വേഷണം നടത്തിയതൊഴിച്ചാൽ പിന്നീട് ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല. നാട്ടിൽ ആയിടെ പരക്കെ പ്രത്യക്ഷപ്പെട്ടിരുന്ന പി.ഡി. പിയുടെയും എൻ. ഡി. എഫിന്റെയും പോസ്റ്ററുകൾക്ക് പിന്നിൽ അവനാണെന്നൊരു സൂചന എനിക്ക് കിട്ടിയിരുന്നു. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണു സംസാരിച്ചതും. കാളികാവിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുഭാഷേട്ടന് തിരക്കൊഴിഞ്ഞ് സമയമുണ്ടായിരുന്നില്ല. എങ്കിലും, വീണ്ടുമൊരു അപകടം മുന്നിൽ കണ്ട്  പാർട്ടി വീണ്ടും കളരിപ്പയറ്റ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചു വരികയായിരുന്നു. അതെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അവന്റെ പുച്ഛം കലർന്ന ചിരി കണ്ട് എനിക്കവന്റെ ലൈൻ ഏതെന്നുള്ളത് ഉറപ്പായി. ക്ഷേത്രോദ്ധാരണത്തിന്റെ പേരിലും  പാർട്ടിയെ പരിഹസിച്ചു കൊണ്ടുള്ള എൻ. ഡി. എഫിന്റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു( ഒന്നയഞ്ഞാൽ, സംഘികൾ ക്ഷേത്രത്തിൽ കയറി കളി തുടങ്ങും എന്നുള്ളത് ഞങ്ങൾക്കല്ലേ അറിയൂ ). പാർട്ടിക്ക് ശത്രുക്കൾ ഏറി വരികയാണല്ലൊ എന്ന് ഞങ്ങൾ അങ്കലാപ്പിലായി.

അതിനിടെ, ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സജീവൻ നായർക്കു നേരെ ഉണ്ടായ ഒരു വധശ്രമകേസിൽ ജബീറലി പ്രതി ചേർക്കപ്പെട്ടു. പോലീസ് അവന്റെ വീട്ടിൽ നിന്ന് ലഘുലേഖകളും കാസറ്റുകളും പിടിച്ചെടുത്തെന്ന് വാർത്ത പരന്നു. ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം അവനെ വീണ്ടും കാണാതായി. പക്ഷെ   എൻ.ഡി.എഫിന്റെ പോസ്റ്ററുകൾ വീണ്ടും  മുറയ്ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞ് , അവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു ശേഷവും അവൻ  അപ്രത്യക്ഷനായി തുടർന്നു.

ഇതാണ് ജബറലിയുടെ ചരിത്രം. ഇതിനിടയ്ക്ക് അവനെയൊരിക്കൽ ആരോ ഗൾഫിൽ വെച്ചു കണ്ടെന്ന് ഒരു വാർത്ത പരന്നു. വേറെ ചിലർ പറഞ്ഞു, കാശ്മീരിൽ വെച്ചവൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചുവെന്നും അത് പരമരഹസ്യമായി വെച്ചിരിക്കുകയാണെന്നും.
എന്തായാലും, മേനോൻ തുരുത്തിൽ കിണറ്റിൽ കണ്ട അസ്ഥികൂടം അവന്റേതാവാനുള്ള സാധ്യത വിരളമാണ്. എങ്കിലും,  സത്യം  പലപ്പോഴും വിചിത്രവും അവിശ്വസനീയവുമാകാം എന്നുള്ളതുകൊണ്ടും ഒരു കുറ്റാന്വേഷകൻ ഒരു സാധ്യതയും തള്ളികളയാൻ  പാടില്ല എന്നുള്ളതുകൊണ്ടും സാധ്യതാ ലിസ്റ്റിൽ ഞാൻ ഒന്നാമതായി അവന്റെ പേര് എഴുതി ചേർത്തു. 

അവനാണ് എന്ന  ഒരു സാധ്യത ഞാൻ സങ്കല്പിക്കുകയാണെങ്കിൽ , ആര്, എന്തിനതു ചെയ്തു എന്ന ചോദ്യങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നെനിക്കു തോന്നി. ഞാൻ കണ്ടെത്തിയ ചില  സാധ്യതകൾ :

1. ആർ. എസ്.എസിന്റെ രഹസ്യപ്രതികാരം : സാധ്യത വിരളം. രാഷ്‌ട്രീയ കൊലപാതകങ്ങൾ രഹസ്യസ്വഭാവമുള്ളവയല്ല. പുറമേ നിഷേധിക്കുമെങ്കിലും, മരിച്ചവൻ അതർഹിക്കുന്നു എന്ന രീതിയിലുള്ള പ്രസ്താവനകൾ എതിരാളികളുടെ നിഷേധകുറിപ്പിൽ നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളു.

2. അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റ് ശരീരം തളർന്നു കിടക്കുന്ന സജീവൻ നായരുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളൊ നൽകിയ ക്വട്ടേഷൻ.

3. അവന്റെ സംഘത്തിന്റെ ആയുധ പരിശീലനത്തിനിടയിൽ ( രാത്രിയിൽ,  മേനോൻ തുരുത്ത് കേന്ദ്രീകരിച്ച് ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടിലൊരു കാലത്ത് സംസാരമുണ്ടായിരുന്നു ) ആർക്കെങ്കിലും പറ്റിയ കൈയ്യബദ്ധം. അല്ലെങ്കിൽ  ഒരു ആശയത്തർക്കം കൊലപാതകത്തിലവസാനിച്ചാലും മതി. പച്ചമാസം വെട്ടി കീറി പരിചയമുള്ളവർ, എപ്പോഴും ആയുധം കരുതുന്നവർ, ഭൂലോകം നിറച്ചും ശത്രുക്കളാണ് എന്നു കരുതുന്നവർ, ആയുധം പ്രയോഗിക്കാൻ ഒരു ചെറിയ പ്രകോപനം മതി.

4. പാർടി ? ഏയ്..ആവില്ല.. ഞാൻ വെറുമൊരു മെംബറാണെങ്കിലും , അത്തരമൊരു നീക്കം അറിയാതിരിക്കില്ല.

ഓരോ സാധ്യതയും വിശദമായി പരിശോധിക്കേണ്ടതുണ്ട്., ഞാൻ ഡയറിയിലെഴുതി.
പക്ഷെ അതിനു മുൻപ്, വളരെ പ്രധാനപ്പെട്ട മറ്റൊരന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു – നാട്ടിൽ നിന്ന് അപ്രത്യക്ഷമായ മറ്റുള്ളവരുടെ വിവരങ്ങൾ..

***********

ഏറെ ചുഴിഞ്ഞാലോചിച്ചപ്പോൾ മറ്റൊരു പേര് കൂടി ഓർമ്മയിൽ വന്നു : അയ്യപ്പൻ തങ്ക ! നാലഞ്ചു തവണ നേരിട്ട് കണ്ടിട്ടുണ്ട്. സ്വല്പം വശപ്പിശകുള്ള പേരാണ്... തങ്കയ്ക്കാണെങ്കിൽ, മേനോൻ തുരുത്തുമായി നേരിട്ടു കണക്ഷനുമുണ്ട്..

കുട്ടിക്കാലത്തൊരു ദിവസം കാലത്ത് , പാലളക്കാൻ കൊണ്ടു പോകുന്ന  ലീലേച്ചി അമ്മയോട് വെടി പൊട്ടിക്കുന്നത് കേട്ടുണർന്നത് ഓർമ്മയുണ്ട്. 

“ അറിഞ്ഞാ ? മ്മടെ തങ്ക ആ ഒറ്റക്കയൻ തമിഴന്റെ കൂടെ ഒളിച്ചോടി !”

‘ഒളിച്ചോട്ടം’ എന്താണെന്നറിയാനുള്ള കൗതുകത്തോടെ അന്ന് കാതോർത്ത് കിടന്നു .

“ ഏത്..മ്മടെ അയ്യപ്പൻ തങ്ക്യാ ?” അമ്മ ചോദിക്കുന്നു.

“ ആ എന്ത്യാനിച്ചി ന്നെ.. ആ ചെറ്ത് കെട്ന്ന് തൊള്ള പൊളിക്ൿണ് കേട്ട് ചെന്നപ്പഴാ ഞാൻ സംഭവറിഞ്ഞത്..മൂത്തോനോട് പറഞ്ഞിട്ടാ അവ്‌ള് പോയത് ത്രേ..”

“ ആ ഒരുമ്പെട്ടോള്ക്ക് ആ പിള്ളേര്ടെ കാര്യങ്കിലൊന്ന് ആലോചിക്കാർന്നില്ല്യേ ..” അമ്മ.

പിന്നെയും രണ്ടു മൂന്നു കൊല്ലം കഴിഞ്ഞ് ലീലേച്ചി വീണ്ടും വാർത്തയുമായെത്തി .

“അറിഞ്ഞാ..മ്മടെ അയ്യപ്പൻ തങ്ക തിരിച്ചു വന്നൂ!..കരിമുട്ടി പോലത്തെ ഒരു ക്ടാവൂണ്ട്..”

“ ആര്..മ്മടെ അയ്യപ്പൻ തങ്ക്യാ ? “ അമ്മ പഴയ അതിശയ ചോദ്യം ആവർത്തിക്കുന്നു.

“ ആ കൂത്തിച്ച്യെന്നെ..”

“ പെരേല് കെട്ക്ൿണ ആണ്ങ്ങളെ  അവളിനീം  തല്ല് കൊള്ളിക്ക്യോ. !.”

അന്നിത്തിരി കൂടി മുതിർന്നിരുന്നു. എന്തുകൊണ്ടാണ് പുരയിലെ ആണുങ്ങളുടെ സ്വൈര്യം കെടുന്നത് എന്നു മനസ്സിലാക്കാൻ തക്ക. അതുകൊണ്ടു തന്നെ, തങ്ക തന്റെയും ശ്രദ്ധാപാത്രമാവാൻ തുടങ്ങുകയായിരുന്നു.അവൾ, മംഗലത്ത് തറവാട്ടിലെ ഒരു വാല്യക്കാരിയായിരുന്നത്രെ. അവിടത്തെ ഏതോ പുരുഷനാണത്രെ അവളെ പിഴപ്പിച്ചത്. പ്രസവിച്ചന്ന്, കുഞ്ഞിനെ പടിപ്പുരയിൽ കിടത്തി അവളും തന്ത അയ്യപ്പനും നാടു വിടാൻ നോക്കിയതാണത്രെ. മംഗലത്തെ കിങ്കരന്മാർ കൈയ്യോടെ പിടിച്ചു രണ്ടു പെടയും കൊടുത്ത് വീട്ടിൽ കൊണ്ടാക്കി.  അതീപ്പിന്നെയാണത്രെ തങ്ക നാട്ടിൽ പേരു കേട്ടു തുടങ്ങിയത്.കൂടെ കിടക്കാൻ കാശൊന്നുമില്ലെങ്കിലും വേണ്ടില്ല, തങ്കയ്ക്ക് ഒരു കാര്യം നിർബന്ധമായിരുന്നു: കിടക്കുന്നത് മേനോൻ തുരുത്തിലായിരിക്കണം.അതും മംഗലത്തെ തേങ്ങാപ്പുരയിലോ  വെപ്പുപ്പുരയിലോ കയ്യാലയിലോ കഴിയുമെങ്കിൽ  ഉമ്മറത്തൊ തന്നെ !.. തങ്കയുടെ ആ പ്രതിഷേധത്തിന് മംഗലത്തുകാരുടെ മറുമരുന്ന് മറ്റൊന്നായിരുന്നു..പിടിച്ചാൽ തങ്കയുടെ രോമം പോലും തൊടില്ല; പക്ഷെ കൂടെ കിടന്നവന്റെ കൈയ്യും കാലും           തല്ലിയൊടിക്കും !.അങ്ങിനെ നാട്ടുകാർ പോത്തിറച്ചിക്ക് കാവൽ കിടക്കാൻ വിധിക്കപ്പെട്ട പട്ടിയുടെ അവസ്ഥയിലായി..തങ്കയുടെ കൂടെ മേനോത്ത് കിടന്നു എന്നുള്ളത് നാട്ടാണുങ്ങൾക്കിടയിൽ വാചകമടി മാത്രമായി... നാട്ടുപുരാണങ്ങൾ പിടിയില്ലാത്ത വരത്തന്മാർ മാത്രം തങ്കയുടെ ദേഹത്തിന്റെ ചൂടറിയാൻ ഭാഗ്യം സിദ്ധിച്ചവരായി.  അവരിൽ നിർഭാഗ്യവാന്മാർ  മംഗലത്തെ കിങ്കരന്മാരുടെ കൈയ്യുടെ ചൂടും വേണ്ടപോലെ അറിഞ്ഞു.  പക്ഷെ, അങ്ങിനെ അടി കൊണ്ടു വീണവരാണ് തങ്കയുടെ സ്നേഹത്തിന്റെ ചൂടു കൂടി അറിയുക : തങ്കയുടെ ചിലവിൽ ബാലാനന്ദൻ വൈദ്യരുടെ ചികിത്സയൊക്കെ കഴിഞ്ഞ്  ഉഷാറായി കഴിഞ്ഞാൽ    പിന്നെ , തന്ത അയ്യപ്പനേയും മക്കളേയുമൊക്കെ അവരുടെ പാടിനു വിട്ട് അയാളൊടൊപ്പം ഒരു ഹണിമൂൺ ട്രിപ്പിനിറങ്ങും.പിന്നെ രണ്ടു മൂന്നു കൊല്ലം കഴിഞ്ഞേ തിരിച്ചു വരൂ..അപ്പോൾ ആ പുരുഷനുണ്ടാവില്ല കൂടെ..പകരം ഒക്കത്തൊരു കൊച്ചുണ്ടാവും..  

പഴയ പ്രതാപം തുരുമ്പെടുത്ത് തുടങ്ങുകയും തമ്മിൽ തമ്മിൽ വസ്തു തർക്കവും കേസ്സും കൂട്ടവുമൊക്കെ മൂക്കുകയും ചെയ്ത കാലത്ത്, മേനോത്തെ അന്നത്തെ അവകാശി രാഘവമേനോൻ മേനോൻ തുരുത്ത് ഒരു കൊച്ചിക്കാരൻ ബിസിനസ്സു കാരന് കിട്ടിയ വിലയ്ക്ക് രഹസ്യമായി വിറ്റ്, ചരൽക്കുന്നിലേക്ക് താമസം മാറിയിരുന്നു. തങ്കയാണെങ്കിലപ്പോൾ ഒരു കോഴിക്കോടൻ മീങ്കാരൻ മാപ്ലയുമായുള്ള ജീവിതം അവസാനിപ്പിച്ച്, പുതിയ മധുവിധുസ്മാരത്തെ ഒക്കത്തു വെച്ച് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളു.വന്നതിന്റെ തൊട്ടു പിന്നാലെയാണ് തങ്കയെ അവസാനമായി കാണാതാകുന്നതും.അവൾ പുതിയ ഏതെങ്കിലും ഭർത്താവിനെ കണ്ടെത്തിക്കാണണം, അതായിരുന്നു   എന്നത്തേയും പോലെ അപ്പോഴും  നാട്ടുകാരുടെ ചിന്ത. തങ്കയില്ലാതെ ജീവിക്കാൻ കുട്ടികളും അയ്യപ്പേട്ടനും അതിനകം ശീലിച്ചു കഴിഞ്ഞതുകൊണ്ട് അവർക്കും പരാതിയൊന്നുമുണ്ടായില്ല. പക്ഷെ നാട്ടുകാർ പ്രതീക്ഷിച്ച പോലെ തങ്ക പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. എവിടെയെങ്കിലും കിടന്ന് എയിഡ്സ് പിടിച്ചോ ആണുങ്ങളുടെ തല്ലു കൊണ്ടൊ ചത്തു പോയി കാണും ! - നാട്ടുകാർ അങ്ങിനെയാണ് ആ കേസ് എഴുതി തള്ളിയത്.

പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം, അത് തങ്കയായിരുന്നെങ്കിൽ, ആര് ? എന്തിന് ?
എല്ലാം കൂടി കൂട്ടി ചേർത്ത് വായിക്കുമ്പോൾ ചില പുതിയ അനുമാനങ്ങളിലെത്താവുന്നതാണ് : പഴയ ശീലം വെച്ച് തങ്ക, തന്റെ അന്നത്തെ ഉപഭോക്താവുമൊന്നിച്ച് തുരുത്തിലേക്കെത്തുന്നു. കൊച്ചിക്കാരന്റെയും അയാളുടെ കാവൽസംഘത്തിന്റെയും  കൈയ്യിൽ അവർ അകപ്പെടുന്നു. വരത്തനെ തല്ലിയോടിച്ച് കാവൽക്കാർ തങ്കയെ കീഴ്പ്പെടുത്തുന്നു. ചെറുത്തു നിൽപ്പിലോ ബലാൽക്കാരത്തിനൊടുവിലോ തങ്ക കൊല്ലപ്പെടുന്നു. ആരോരുമറിയാതെ അവളുടെ ശരീരം കിണറ്റിൽ തള്ളുന്നു.

ഒപ്പം തന്നെ മറ്റൊരു സാദ്ധ്യത കൂടി പരിശോധിക്കാം : തങ്കയുടെ ഉപഭോക്താവ്, കാവൽക്കാരുമായുള്ള സംഘടനത്തിൽ ഏർപ്പെടുന്നു. അവരുടെ കൈയ്യാൽ കൊല്ലപ്പെടുന്നു. അപ്പോൾ മറ്റൊരു ചോദ്യം ഉയരുന്നു : അങ്ങിനെയെങ്കിൽ തങ്കയ്ക്കെന്ത് സംഭവിച്ചു ?  അവളും നിശബ്ദയാക്കപ്പെട്ടെന്നു വരാം..ആ ശരീരം എവിടെപ്പോയി ?  അങ്ങിനെയെങ്കിൽ സമാന്തരമായി മറ്റൊരന്വേഷണം കൂടി നടത്തേണ്ടിയിരിക്കുന്നു.. ഞാനന്ന് ഡയറിയിലെഴുതി.

************

അതവിടെ നിൽക്കട്ടെ, ഇനി, എന്റെ അറിവിൽ പെടാതെ ഗ്രാമത്തിൽ നിന്ന് കാണാതായവരാരൊക്കെ എന്നറിയണം . അതൊരു കുഴയ്ക്കുന്ന പ്രശ്നം തന്നെ . അസ്ഥികൂടം ദ്രവിച്ചു തുടങ്ങുന്നത് എത്ര കാലമെത്തുമ്പോഴാണൊ ആവോ ? അത്രയും പുറകിലേക്ക് അന്വേഷിക്കണമല്ലോ. ‘ആ..എന്തായാലും കഴിയുന്നിടത്തോളം അന്വേഷിക്കുക തന്നെ’ എന്നായിരുന്നു തീരുമാനം.

പ്രായമെത്തിയവരിൽ, എഴുപതിലെത്തി നിൽക്കുന്ന നാരായണേട്ടൻ ജീവിക്കുന്ന ഒരു ചരിത്രപുസ്തകമാണ്. പിന്നെ, പഴയകാലഓർമ്മകൾ തെളിമയോടെ വിളമ്പാറുള്ള അമ്മാമ്മയുണ്ട്. പക്ഷെ വിഷയം ഇന്നതാണെന്ന് പറയാതെ എങ്ങിനെ അവരെ പഴയ ഓർമ്മകളിലേക്കെത്തിക്കും ?

ഐഡിയ ! വായനശാലയിൽ ഒരു പഴയ ഫോട്ടോ കിടപ്പുണ്ട്. ആരോ മരിച്ചു കിടക്കുന്നതിനു ചുറ്റും കുറെ ഹിപ്പി തലയന്മാരും ഈർക്കിലി മീശക്കാരും നിരന്നു നിൽക്കുന്ന ഒരു മങ്ങിയ ബ്ലാക് & വൈറ്റ് ഫോട്ടൊ. അതിൽ കയറി പിടിച്ച് നാരായണേട്ടനെ ട്രാക്കിലേക്കെത്തിക്കാം. കക്ഷി അന്തിക്കള്ള് മോന്താൻ ഇറങ്ങുന്നതിനു മുൻപ്, പത്രവായനയ്ക്കായി വായനശാലയിൽ വരും.
ഭാഗ്യം പോലെ, ആ നേരത്ത് വായനശാലയിൽ മറ്റാരുമുണ്ടായില്ല. നാരായണേട്ടന്റെ ശ്രദ്ധ പതിയുന്നുണ്ട് എന്നുറപ്പു വരുത്തി പതുക്കെ ഫോട്ടോ നിരീക്ഷിക്കാൻ തുടങ്ങി.മുൻപൊരിക്കലും ഇത്ര താല്പര്യത്തോടെ ഇതു നോക്കിയിട്ടില്ല.  നാരായണേട്ടൻ, അച്ഛൻ, സുഭാഷേട്ടൻ, ജോസപ്പേട്ടൻ, മജീദിക്ക, വീട് മാറിപ്പോയ ജോസേട്ടൻ, ചിത്രാംഗദേട്ടൻ, ..രണ്ടു മൂന്നു പേരൊഴിച്ച് എല്ലാവരെയും തിരിച്ചറിയാനാവുന്നുണ്ട്. പൂതുരുത്തി ചന്ദ്രേട്ടന്റെ അനിയനാണ് വിഷം കുടിച്ച് മരിച്ചതെന്നു കേട്ടിട്ടുണ്ട്. അന്നൊക്കെ പ്രേമനൈരാശ്യം വന്നാൽ രമണൻ മോഡൽ സാഹിത്യം കുത്തി നിറച്ച കത്തെഴുതിവെച്ചിട്ട് ആത്മഹത്യ ചെയ്യുന്നത് ഒരു നാട്ടു നടപ്പായിരുന്നത്രെ.

“ആരാ നാരായണേട്ടാ ജോസേട്ടന്റെ വലത്തെയറ്റത്ത് നിക്കുന്ന ആ കണ്ണാടക്കാരൻ ? ” 

പച്ചവെള്ളം ചവച്ചു കുടിക്കുന്ന ഒരുവന്റെ നിഷ്ക്കളങ്കതയോടെ ആദ്യ ചോദ്യം പൊട്ടിച്ചു.

ഏറ്റു..( ഏൽക്കാതിരിക്കുമോ ! ) .കക്ഷി എത്രവേഗമാണ് അരികിലെത്തിയത് !

“ അല്ലാ..പ്പെന്താ നിൻക്ക് ഇദുമ്മൊരു കമ്പം ?” മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട തുടച്ച് 

മൂപ്പരുടെ മറുവെടി.പിന്നെ ഞാൻ ഫോട്ടോയിൽ വിരൽ ചൂണ്ടി നിൽക്കുന്ന ആളെ സൂക്ഷിച്ചു നോക്കി.

“ ആ..ഇദാ..? ഇവനെ നീയ്യ്  അറിയില്ല്യ..ആനവണ്ടി തട്ടി മരിച്ച ഡേവീസ്..നീയൊന്നും അന്ന് ജെനിച്ചിട്ടില്ല്യ..”

പിന്നെ നാരായണേട്ടൻ തലയിൽ കാടുപോലെ മുടി വളർത്തി നിൽക്കുന്ന അച്ഛനെ ചൂണ്ടി ചോദിച്ചു.. “ഇദാരാന്ന്  മൻ‌സിലായാ  നിൻക്ക് ? ”.

“ഉം.. അച്ഛൻ..” ഞാൻ ചിരിച്ചു.

“ അഃ അപ്പൊ നിൻക്കറിയാം !..അന്നൊക്കെ ഈർക്കിലി മീശീം ഹിപ്പിത്തലീം ആയ്ര്ന്നു ഫേഷൻ..! ദേ..ഈ നിക്ൿണ എല്ലങ്കോരി ഹിപ്പീനെ നിൻക്ക് മൻ‌സിലായാ ? “

ഇല്ല. പിടികിട്ടാതെ മാറ്റി നിർത്തിയതിലൊരാളാണയാൾ .. അവരെയാണറിയേണ്ടതും.

“ഇല്ല്യ” ഞാൻ കൈമലർത്തി.

“ഒന്നും കൂട്യൊന്ന് സൂക്ഷിച്ച് നോക്ക്യേ..”

“ഇല്ല്യ..പിടി കിട്ട്‌ണ്ല്ല്യ..എവ്ട്യാണ്ടൊക്കെ കണ്ട പോലെ തോന്ന്‌ണ്‌ണ്ട്..പക്ഷെ..”

“ ഡാ പോത്തെ..”, നാരായണേട്ടൻ ചിരിച്ചു. “ നിന്റെ പടിഞ്ഞാറേലെ ശിവരാമനാ അത്..”

ദൈവമേ..മത്തങ്ങ ശിവരാമേട്ടൻ !

എപ്പോഴും നല്ല ചോന്ന് തുടുത്ത ആപ്പിൾ പോലിരിക്കുന്ന ശിവരാമേട്ടനാണൊ ഈ മുരിങ്ങക്കോൽ പരുവത്തിൽ !

“ കണ്ടാ ആർക്കും മനസ്സിലാവില്ല്യാട്ടാ !” ഞാൻ അതിശയം മറച്ചു വെച്ചില്ല.

“ഉം..കപ്പലീ കേറിയേ പിന്ന്യല്ലെ അവനിത്ര തടിച്ചേ..!” നാരായണേട്ടൻ വീണ്ടും ചിരിച്ചു.
തിരിച്ചറിയാതെ മാറ്റി നിർത്തിയ മൂന്നു പേരെ കൂടി  നാരായണേട്ടൻ പറഞ്ഞു തന്നു. ഒന്നുറപ്പായി. അക്കാലത്തൊന്നും ആരെയും ഇവിടെ നിന്ന് കാണാതായിട്ടില്ല. അഥവാ കാണാതായിട്ടുള്ളവർ പിന്നീടൊരിക്കൽ തിരിച്ചു വന്നിട്ടുമുണ്ട്.

നിരാശനായി തിരിച്ചു നടക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് നാരായണേട്ടൻ ഒറിജിനൽ വെടി പൊട്ടിച്ചത് : 

“ ഈ ഫോട്ടോലൊന്നും പെടാത്ത ഒരുത്തനുണ്ട്..നെന്മണിക്കൽ പ്രകാശൻ..അവനായിരുന്നു ഇവന്റെ പരമാത്മാവ്.. ഇരുമെയ്യും ഒറ്റക്കരളും ..അതായിരുന്നു അവര്..” നാരായണേട്ടൻ നിശ്വസിച്ചു.

പുതിയ സ്കൂപ്പ് !.. നെന്മണിക്കൽ പ്രകാശൻ ! അങ്ങനെയൊരാളെ കുറിച്ച് ഞാൻ കേട്ടിട്ടേയില്ല..

“ നെന്മണിക്കൽ പ്രകാശൻ..? !” ഞാൻ നെറ്റി ചുളിച്ചു.

“ ഉം..നീയ്യ് കേട്ട്‌ട്ട്‌ണ്ടാവില്ല്യ..ഈ  ശിവൻ  മരിക്കിണേന്നും രണ്ട് ദിവസം മുമ്പ് കാണാണ്ടായതാ അവനെ..പിന്നെ ഒരു വിവരോം കിട്ടീട്ടില്ല്യ ഇതുവരെ.. അവന്റെ അമ്മേനെ നീ ചെലപ്പോ അറിയും..ഓണത്തിനും വിഷൂനൊക്കെ ഇവിടെ മുടി ജട പിടിച്ചൊരു തള്ള വരാറില്ല്യേ..നാണിപ്പാട്ടി..?”

ചെവി കൂർപ്പിച്ചു..ഇതാണ് വേണ്ടത്..ഈ പുതിയ അറിവുകൾ..

“ ഈ ശിവനും പ്രകാശനും  ഒരു പെണ്ണിന്യാ പ്രേമിച്ചേ.. മംഗലത്ത് മാധവമേനോന്റെ മോള് ലളിതാംബികേനെ..”

ഞെട്ടാതിരുന്നില്ല..പ്രണയവിവരം കേട്ടിട്ടല്ല ; മംഗലത്ത്  എന്ന പേരു കേട്ടപ്പോൾ !

“ നല്ല വായനയൊള്ളവരായിരുന്നു പ്രകാശൻ.. അളന്ന് മുറിച്ച സംസാരം..ആരെടാന്ന് ചോദിച്ചാ എന്തെടാന്ന് ചോയ്‌ക്ൿണ പ്രകൃതം..ഇവനീ ശിവനെണങ്കിലോ..തനി തൊട്ടാവാടി നന്നായി പാടും. അവൻ കറ്ത്ത്ട്ട് ഇവൻ വെള്ത്ത്ട്ട്..അവൻ പാണൻ ഇവൻ നായര്.. അവൻ നക്സലൈറ്റ് ഇവൻ ഗാന്ധിമാർഗം..എന്ന്ട്ടും ഇവരെങ്ങന്യാ ഈ അടേം ചക്കരീം പോല്യായദ്ന്നാ ഞങ്ങക്കൊന്നും പിടി കിട്ടാണ്ടിര്ന്നത് ! ലളിതാംബിക ആര്യാ ശരിക്കും പ്രേമിക്ക്യ്ണ്ന്നൊള്ളതായിരുന്നു ഞങ്ങട്യൊക്കെ അന്നത്തെ പ്രധാന ചർച്ചാവിഷയം..പക്ഷെ അവളെ അവസാനം ഒരു സിംഗപ്പൂരാരൻ കല്യാണം കഴിച്ചുണ്ടോയി..ഇവനെ ഇഷ്ടാന്ന് അവനോട്  പറഞ്ഞപ്പോ അവൻ നാടു വിട്ടതാന്നും അവനെ ഇഷ്ടാന്ന് ഇവനോട് പറഞ്ഞപ്പോ ഇവൻ വെഷം കഴിച്ചതാന്നുമായിരുന്നു അന്നത്തെ നാട്ടുസംസാരം.."

കിട്ടിയ വാർത്തകൾ വച്ച് കണക്കുകൂട്ടലുകളാരംഭിച്ച് തിരിച്ചു നടക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് നാരായണേട്ടൻ പതിഞ്ഞ സ്വരത്തിൽ തിരികെ വിളിച്ചത്..

 “ ഡാ..അവിടെ നിന്നേ..”

ഇനിയുമെന്താണ് പുതിയ വാർത്ത ?

“നിന്നോടെങ്കിലും അത് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല്യ..ദേശത്തിന്റെ കാണാക്കതകള് ഇനിക്ക്യു ശേഷം ഇല്ല്യാണ്ടാവര്ദല്ലാ....” നാരായണേട്ടൻ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തിയ ശേഷം കാറ്റിന്റെ മർമ്മരം പോലെ  പറഞ്ഞു : “  എന്റെ കണക്കു കൂട്ടല് വെച്ച് പ്രകാശനെ കൊന്നതാ..!! മാധവമേനോനും ഇൻസ്പെകട്ടർ പാപ്പാളിയും കൂടി..വയനാട്ടില് അഡിഗ കൊല്ലപ്പെട്ടേപ്പിന്നെ, പ്രകാശൻ ഒളിവിലായിരുന്നു. നക്സലൈറ്റുകളുടെ അടുത്ത ഉന്നം മാധവമേനോനാണെന്നും നാട്ടിലൊരു ശ്രുതി പരന്നിര്ന്നു.  ലളിതാംബിക വഴി ശിവനീന്ന്  മേനോൻ   പ്രകാശന്റെ ഒളിസ്ഥലം ചൂണ്ടീട്ട്ണ്ടാവണം.. അന്നേക്കന്നു രാത്രി അവനെ മേനോനും പോലീസുകാരും ചേർന്ന് ഇല്ല്യാണ്ടാക്കീട്ട്ണ്ടാവണം.ആ ദെവസങ്ങളിലൊക്കെ ഇവടെ സി.ഐ.ഡ്യേൾടീം പോലീസ്കാര്ടീം കൂത്തായിരുന്നു...  അവള് ചതിക്ക്യായിരുന്നൂന്ന് മനസ്സിലായപ്പോഴാവും ശിവൻ വെഷം കുടിച്ചത്..”

എന്റെ ദൈവമെ..എത്രമാത്രം നിഗൂഢ ചരിത്രങ്ങൾ !

ഒരു ദീർഘ നിശ്വാസത്തിനു ശേഷം നാരായണേട്ടൻ തുടർന്നു.. “ നാട്ടുകാര്ക്ക് അന്ന് വിശ്വസിക്കാൻ വേറൊരു കാരണണ്ടായി..വേറെ വിഷയങ്ങള് കിട്ട്യപ്പോ അതൊക്കെ മറക്ക്വേം ചെയ്തു..എന്തിന്..നാണിപ്പാട്ടി പോലും മറന്നു.. മേനോൻ തുരുത്തീന്ന് അസ്ഥികൂടം കിട്ടീന്ന് കേട്ടപ്പോ ഞാനതൊക്കെ ഓർത്തു..ഇനിയ്ക്കൊറപ്പാ..അതവൻ തന്ന്യാവും..”

ഹൊ ! അമ്പരപ്പ് മാറിയിരുന്നില്ല..കണക്കുക്കൂട്ടലുകളൊരു പിടിയും തരാതെ പരന്നൊഴുകുന്നു... മറ്റൊന്നുകൂടി അറിയുന്നു, ഞാൻ മാത്രമല്ല ആ അസ്ഥികളിൽ കുടുങ്ങിക്കിടക്കുന്നത്...

തിരിഞ്ഞു നടക്കുമ്പോൾ ഒരു മുന്നറിയിപ്പു പോലെ നാരാണേട്ടൻ പറഞ്ഞു: 

“ നാട്ട്വാരോട് പാടി നടക്കാനല്ല ഞാൻ നിന്നോടിതു പറഞ്ഞത്..അത് മറക്കര്ദ്...എന്റുള്ളിലിരുന്ന പോലെ നിന്റുള്ളിലും ഇതാരുമറിയാണ്ടു കെടന്നോട്ടെ..അദാ എന്റീം നിന്റീം നിയോഗം..അതീ കൂടുതലൊന്നും ചെയ്യണ്ട..”

**********

ഇനി ചരിത്രം ചോർത്തിയെടുക്കേണ്ടത് അമ്മാമ്മയിൽ നിന്നാണ്. എങ്കിലും, തല മാന്തി അമ്മാമ്മയ്ക്കു മുന്നിൽ  ചെന്നിരിക്കുമ്പോൾ, കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.( വളർന്നതിനു ശേഷം , അമ്മാമ്മയുമായി ബന്ധിക്കുന്ന അപൂർവം സംഗതികളേയുള്ളു..പ്രാഞ്ചീസേട്ടന്റെ പീട്യയിലെ വെറ്റില, തലയിലെ പേൻ..മറ്റ് തിരക്കുകളൊന്നുമില്ലെങ്കിൽ തലയിലാ കൈകൾ അരിച്ചു നടക്കാൻ വേണ്ടി കീഴടങ്ങുന്നത് ഒരു സുഖമാണ്..അല്പനേരത്തേയ്ക്ക് വീണ്ടുമൊരു അഞ്ചു വയസ്സുകാരനാവാം..).

എന്തിൽ പിടിച്ചു കയറിയാണ് പഴയ ചരിത്രങ്ങളിലേക്കെത്തിക്കുക എന്നാണാലോചിച്ചു കൊണ്ടിരുന്നത്..അല്ലെങ്കിൽ ഒട്ടും താല്പര്യം കാണിക്കാത്ത വിഷയമാണ്.

“ഡാ..നീയ്യന്ന് കണ്ടിരുന്നോ മേനോൻ തുരുത്തിലെ

പെട്ടന്നുള്ള അമ്മാമയുടെ ചോദ്യം ഞെട്ടിച്ചു കളഞ്ഞു ! ടെലപ്പതി ? !

“ഇല്ല്യ”..സംശയത്തോടെ മറുപടി പറഞ്ഞുഅമ്മാമ്മയും ഇതു തന്നെ ഓർക്കാൻ തക്ക കാരണമെന്ത് ?

“ഉം..” അമ്മാമ്മയൊന്ന് ഇരുത്തി മൂളി : “ ഇനിയ്ക്കൊന്ന് കാണാൻ പൂവണംന്നുണ്ടായിരുന്നു..പനി പിടിച്ച് കെടക്കുമ്പോ തണപ്പത്തെറങ്ങി നടന്നൂന്ന് നിന്റെ അച്ചൻ ചീത്ത പറയുംന്ന് പേടിച്ചിട്ടാ പൂവാഞ്ഞെ.. “

കൗതുകമുള്ള ഒന്ന് കാണാതിരുന്നതിലുള്ള ഇച്ഛാഭംഗമല്ല, അതിലുമപ്പുറം ആഴത്തിലുള്ളതെന്തോ നഷ്ടപ്പെട്ടതിന്റെ ദുഃഖമായിരുന്നു അമ്മാമ്മയുടെ ശബ്ദത്തിൽ.അതെന്തിനാണ് എന്ന് ഞാൻ അത്ഭുതപ്പെട്ടുകൊണ്ടിരിക്കെ അമ്മാമ്മ തുടർന്നു :

“ സഖാവ് വേലുകൂട്ടീരെക്കൂടെ നിന്റെ അച്ചാച്ചനന്ന് രാത്രി എറങ്ങി പൂവുമ്പോ നിന്റച്ചന് ഏഴു വയസ്സാ..മാലതിയ്ക്ക് ഒമ്പതും.. സെക്രട്ടറി കൃഷ്ണനാ പറഞ്ഞയച്ചതെന്ന് കേട്ടപ്പോ അച്ചാച്ചനൊരു സംശയം തോന്നിര്ന്നു. പക്ഷെ കുഞ്ഞമ്പൂന്റെ വീട് കത്തിയ്ക്ക്യാൻ നായമ്മാരും നസ്രാണ്യേളും കൂടെ വട്ടം കൂട്ട്‌ണ്ണ്ട്ന്ന് കേട്ടപ്പോ പിന്ന്യൊന്നും നോക്കില്ല്യ. പെണ്ണും വേണ്ട , പെടക്കോഴീം വേണ്ടാന്ന് പറഞ്ഞ് അയ്യങ്കാളി പ്രസ്ഥാനക്കാര്ടെ പിന്നാലെ നടന്നിരുന്ന നിന്റെ കുഞ്ഞച്ചാച്ചനെ വിളിച്ച് രണ്ടു വാക്കേ പറഞ്ഞൊള്ളു  ..ആള്ക്കെന്തെങ്കിലും പറ്റ്യാല്  ആ വേഷോം മാലേം ഒക്കെ ഊരിക്കളഞ്ഞ് എന്നീം ക്ടാങ്ങളീം നോക്കണംന്ന്..മറ്ത്തൊര് വാക്ക് പറയാൻ ആര്ക്കും തോന്നില്ല്യ..അതാ പ്രകൃതം..സെക്രട്ടറി കൃഷ്ണൻ വരെ ഓച്ചാനിച്ചു നിക്കും… ….  അന്നതും പറഞ്ഞ് ആ ഇരുട്ടത്തിറങ്ങി പോയതാ..പിന്നെ കണ്ടിട്ടില്ല്യവേലുക്കുട്ടീരെ ശരീരം രണ്ടീസം കഴിഞ്ഞ് താഴെ കടവില് പൊങ്ങി

ശിരസ്സിലൊരു ചുടുനീർത്തുള്ളി വീണു..പടിയിലിരിക്കുന്നതുകൊണ്ട് അമ്മാമ്മയുടെ മുഖം കാണാൻ വയ്യ..

എങ്കിലും ഞാനെന്താണതോർക്കാതിരുന്നത് ? കാണാതായവരുടെ ചരിത്രമെടുക്കുമ്പോൾ ഒരു രാത്രിയിലേക്കിറങ്ങി അപ്രത്യക്ഷനായ സ്വന്തം അച്ചച്ഛനെ മറന്നു പോയതെന്താണ് ! ഈ കഥ അമ്മാമ്മ ആദ്യമായല്ലല്ലോ പറയുന്നത് ! – അതിനു ശേഷം കുഞ്ഞച്ചാച്ചൻ അമ്മാമ്മയെ വിവാഹം കഴിച്ചതും കുഞ്ഞാപ്പനും അമ്മായിമാരും പിറന്നതുമെല്ലാം മുൻപും കേട്ടിട്ടുള്ളതാണല്ലൊ..

“സെക്രട്ടറി കൃഷ്ണൻന്ന് പറയ്മ്പോ ബിജൂന്റെ അച്ചാച്ചനല്ലേ ? ആ പൊഴേല് വഞ്ചി മറിഞ്ഞു മരിച്ച..അയാക്കെന്തിനാ അച്ചാച്ചനോടിത്ര ശത്രുത ? ”. അതെ, ഇപ്പോൾ മാത്രമാണ് ആ ചരിത്രം അറിയാനുള്ള താല്പര്യം തോന്നുന്നത്..

“ പാർട്ടീല്, സെക്രട്ടറി കൃഷ്ണന്റെ ഏറ്റോം വെല്ല്യ വിമർശകനായിരുന്നു നിന്റെ അച്ചാച്ചൻ..അവനൊരു ഒറ്റുകാരനാണ്ന്ന് അച്ചാച്ചൻ മാത്രെ തിരിച്ചറിഞ്ഞിരൊന്നൊള്ളു..നിൻക്കറിയ്യോ..പണ്ട് നമ്മടെ പെര മേനോന്തുരുത്തിലായിരുന്നു..നമ്മള് മാത്രല്ല, പത്തോളം വീട്ട്കാര്ണ്ടായിരുന്നു അവടെ കുടികെടപ്പായിട്ട്..”

ഞെട്ടിപ്പോയി !..കഥ വീണ്ടും മേനോൻ തുരുത്തിലേക്കൊഴുകുന്നു.. !

“ അമ്പത്തേഴില് സഖാവ് ഗൗര്യമ്മ പുത്യേ നെയമം കൊണ്ടന്നപ്പോ എല്ലാവര്ക്കും അവടെ തന്നെ കുടികെടപ്പും ബൂമീം കിട്ടുംന്നൊറപ്പായിരുന്നു.. അതിന്റെടേല് മാധവമേനോന്റെ അമ്മാൻ ശങ്കുണ്ണിമേനോൻ അധികാരീനെ സ്വാദീനിച്ച് രേഖകളിലെന്തോ ക്രിത്രിമം ഒപ്പിച്ചു.പാർട്ടി വിചാരിച്ചാ അതൊക്കെ പുല്ലുപോലെ പൊളിക്ക്യായിര്ന്നു..പക്ഷെ കൃഷ്ണൻ പറഞ്ഞു പരമാവധി അഞ്ചു സെന്റേ കിട്ട്വൊള്ളൂന്നും അതിലും ബേദം പൊഴേരെ ഇപ്രത്ത് മേനോന്റെ തന്നെ ഭൂമീല് പത്തു സെന്റ് വെച്ച് കിട്ട്യാ അതാ മെച്ചന്നും..കേന്ദ്രത്തിലെ കോങ്ക്‌രസ് നിയമം അംഗീകരിക്കില്ല്യാന്നൊരു സംസാരോം അന്ന് നാട്ടില്ണ്ടായിരുന്നു..പെര കെട്ടിത്തരണംന്ന  പാർട്ടീരെ ആവശ്യം ശങ്കുണ്ണിമേനോൻ സമ്മതിച്ചൂന്ന്  കൂടി കേട്ടപ്പോ നിന്റെ അച്ചാച്ചൻ  പറയോണ്‌ട്ത്ത് നിക്കാൻ ആരൂല്ല്യാണ്ടായി.. അങ്ങന്യാ നമ്മളൊക്കെ ഈ വെള്ളക്കുഴീല് വന്ന് പെട്ടത്..എല്ലാവരും ഇങ്ങ്ട് മാറ്യേന്റെ അന്നയ്ക്കന്നു രാത്രി, മേനോന്തുരുത്തിലെ പെരേളെല്ലാം ഒരു കുറ്റി പോലും ശേഷിക്കാണ്ട് അവര് കത്തിച്ചു കളഞ്ഞു..എല്ലാത്തിന്റ്യീം പിന്നില് ശങ്കുണ്ണി മേനോന്റെ കാശും കൃഷ്ണന്റെ കുരുട്ടുബുദ്ദീം ഇണ്ട്ന്ന് നാട്ട്വാര്ക്ക് തോന്നി തൊടങ്ങ്യേത് അപ്പളാ..പിന്നെ  പറയണോ ! പാർട്ടി രണ്ടു തട്ടായി..കൃഷ്ണനും സിൽബന്ദ്യേളൊക്കെ അപ്രത്ത്.. അച്ചാച്ചനും വേലുക്കുട്ടീം മുളങ്കണ്ടത്തെ രാമോദരനും തേറ്റപ്പുള്ളി അമ്മദും കൂട്ടര്വൊക്കെ ഇപ്രത്ത്..അച്ചാച്ചന്റെ കൂട്യായിരുന്നു ആള് കൂടുതൽ..അദങ്ങനെ മൂത്ത്, കൃഷ്ണനെ പാർട്ടീന്ന് പൊറത്താക്കുംന്നൊള്ള സ്തിദ്യായി തൊടങ്ങ്യേതായ്ര്ന്നു..അയിന്റെടേലാ നായമ്മാരും നസ്രാണ്യേളും കൂടി സർക്കാരിനെതിരെ സമരം തൊടങ്ങ്യേത്..മുന്നത്തെ എല്ലാ ചതീം മറന്ന് അച്ചാച്ചനും കൂട്ടരും പാർട്ടീനെ വിജാരിച്ച് കൃഷ്ണന്റെ ഒപ്പം ചെന്നു..എന്നിട്ടാ അവൻ..”

അമ്മാമ്മ, സങ്കടവും വാക്കുകളും തൊണ്ടയിൽ വന്ന് മുട്ടി കിതക്കുന്നത് അറിയുന്നുണ്ടായിരുന്നു..തിരിഞ്ഞ്, ആ മുഖത്തേക്ക് തലയുയർത്തി നോക്കാൻ എനിക്കു ധൈര്യം തോന്നിയില്ല..

“നാട്ട്വാരെ ബോദിപ്പിക്കാൻ വേലുക്കുട്ടീനെ കൊന്നേനാന്ന് പറഞ്ഞ് ശങ്കുണ്ണി മേനോന്റെ നാലഞ്ച് കിങ്കരമാരെ പിടിച്ച് കൊറച്ചീസം ജയിലിലിട്ടു.. എന്ത് കാര്യം !.. അവര്ടെ പോലീസ്, അവര്ടെ സാക്ഷ്യേള്, .. നാലഞ്ച് മാസം കഴിഞ്ഞ് ഒക്കേത്തിനീം വെറ്ദെ വിട്ടു..

അച്ചാച്ചനെ കാണാനില്ല്യാന്ന് ഞാനും കുഞ്ഞച്ചാച്ചനും കൂടി പരാതി പറയാൻ ചെന്നപ്പോ ആ ഇൻസ്പെക്ട്ടറ് തെണ്ടി പറഞ്ഞതെന്താന്നറിയ്യോ ? സ്വന്തം പെണ്ണ് അനിയന്റെ കൂടെ കെട്ക്ൿണ്  കണ്ടാ ഏതൊരാണായാലും പൊഴേ ചാട്വേ നാട് വിട്വേ ഒക്കെ ചെയ്യുംന്ന്.. .

പിള്ളേര്ട്യൊക്കെ മുട്ടുംകാലൊറച്ചേപ്പിന്നെ നിന്റെ കുഞ്ഞച്ചാച്ചന് ഒര് ലക്ഷ്യേ ഇണ്ടായ്ര്ന്നൊള്ളു..       കൃഷ്ണൻ !..പൊഴേല് വഞ്ചി മറിഞ്ഞ് അവൻ ചത്തപ്പോ, ജീവിക്ക്യാനൊള്ള ആഗ്രഹം തന്നെ കൊറച്ച് കാലത്തിക്കില്ല്യാണ്ടായീന്നാ കുഞ്ഞച്ചാച്ചൻ പറഞ്ഞിര്ന്നത്.. നിന്റെ അച്ചാച്ചൻ തെന്ന്യാ കൃഷ്ണനെ പൊഴേല്യ്ക്ക് മുക്കിതാഴ്ത്ത്യേന്നാ നാട്ട്വാര് പറയണ്ദ്.. അല്ലെങ്ങെ പിന്നെങ്ങന്യാ ഏത് മലവെള്ളത്തിലും പൊഴ മുറിഞ്ഞ് നീന്താറുള്ള കൃഷ്ണൻ ആ വേനക്കാലത്ത് മുങ്ങിച്ചത്തത് ! ..വേറൊരു കാര്യം കേക്കണോ.. ചെല ദെവസം നട്ടുച്ചയ്ക്കും മൂവന്തിയ്ക്കൊക്കെ നിന്റെ അച്ചാച്ചൻ മേനോന്തുരുത്തിന്റെ മൊനമ്പത്തിര്ന്ന് വീഡി വലിക്ൿണ്ദ് ചെലരൊക്കെ കണ്ട്ട്ട്‌ണ്ട്ന്ന്..!

ഹൗ !..അതു കേട്ടപ്പോൾ ..രോമങ്ങൾ എഴുന്നുനിന്നു..

“ ഇനിയ്ക്കൊറപ്പാ..അദ് നിന്റെ അച്ചാച്ചൻ തന്ന്യാ..വന്ന് കണ്ടില്ല്യെങ്കിലും , ആ അസ്ത്യേളവടന്ന് പർക്ൿണ നേരത്ത് ഇവടെ എന്റെ നെഞ്ഞത്തൊര് പെടച്ചിലിണ്ടായി..”

തലയിൽ, വിരലുകളുടെ ചലനം നിലച്ചിരുന്നു. പകരം,  നീർത്തുള്ളികളുടെ മഴ..

എന്തോ, ഞാനറിയാതെ എന്റെ കണ്ണും നനയുണ്ടായിരുന്നു..

*******

വാലും തുമ്പുമില്ലാതെ ഒരന്വേഷണം അവസാനിപ്പിക്കുക ലജ്ജാവഹം തന്നെ. പക്ഷെ അതല്ലാതെ എനിക്കന്ന് മറ്റു മാർഗമൊന്നുമില്ലായിരുന്നു.. ഞാൻ ഷെർലക് ഹോംസൊന്നുമല്ലല്ലൊ, വെറുമൊരു സാധാരണ ചെറുപ്പക്കാരൻ. അമ്മാമ്മ പറഞ്ഞതു കേട്ടതു മുതൽ പിന്നെ എന്റെ ചായ്‌വ് അങ്ങോട്ടായി.. പക്ഷം പിടിക്കാതെ ചരിത്രം ചികയുക അസാധ്യം തന്നെ, ഞാൻ തീർച്ചപ്പെടുത്തി. ഒരപരിചിതന്റെ കുഴിമാടം മാന്തുമ്പോൾ തോന്നുന്ന വികാരമല്ല വേണ്ടപ്പെട്ടൊരാളുടേതെന്ന വിങ്ങലിൽ അസ്ഥികൾ തിരയുമ്പോൾ  ഉണ്ടാകുക .അതുകൊണ്ടു തന്നെ, ഈ കാര്യത്തിൽ ഞാൻ സത്യം കണ്ടെത്തും എന്നുള്ള ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടു. ഒന്നു ഞാനുറപ്പിച്ചു: അതെന്തായാലും ജബീറലിയല്ല.. ആ കിണറിന്റെ നാലയലത്തു പോലും എത്താനുള്ള യോഗ്യത അവനില്ല.

എന്തായാലും, അവസാനമായി, മേനോന്തുരുത്തിലെ കിണർ ഒന്നു കാണേണ്ടതുണ്ട്, തനിച്ച്..ഞാൻ തീരുമാനിച്ചു.

നല്ല ഇരുട്ടുള്ള ഒരു രാത്രിയായിരുന്നു അത്. കൊതുമ്പുവഞ്ചി തുഴഞ്ഞ്, ഞാൻ തുരുത്തിന്റെ പിൻഭാഗത്തേയ്ക്ക് പോയി. കൊച്ചിക്കാരൻ വാങ്ങിയ ശേഷം, തുരുത്തിന് ചുറ്റും മതിൽ കെട്ടി കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇവിടം ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കുകയാണത്രെ അയാളുടെ ഉദ്ദേശം.

വഞ്ചി ഒരു കണ്ടലിൽ കെട്ടിയിട്ട്,  ശബ്ദമുണ്ടാക്കാതെ മതിൽ ചാടി കടന്നു. അങ്ങ് ദൂരെ, ഒരു കൊട്ടാരം പോലെ നാലുകെട്ട് വെളിച്ചത്തിൽ കുളിച്ച് കിടപ്പുണ്ടായിരുന്നു. ഇങ്ങു തെക്കേ മുനമ്പിലാണ് കിണർ. അമ്മാമ്മ പറഞ്ഞതനുസരിച്ച്, ഇവിടെയായിരിക്കണം ഞങ്ങളുടെയൊക്കെ വീടുണ്ടായിരുന്നത്. ഇവിടെയായിരിക്കണം അച്ചനൊക്കെ ഓടി കളിച്ചത്..എനിക്ക് ചെറുതായി കുളിരുന്ന പോലെ തോന്നി.കിണറിനു ചുറ്റും മുൾപടർപ്പും പുൽക്കാടുകളും പടർന്നിട്ടുണ്ടായിരുന്നു..  അസ്ഥികൂടം കാണാൻ നാട്ടുകാർ വെട്ടിതെളിച്ച കാലടിപ്പാതയിൽ വീണ്ടു പുല്ല് പടർന്നു തുടങ്ങിയിരിക്കുന്നു.

കിണറിനോടടുക്കുന്തോറും എന്റെ അസ്വസ്ഥത വർദ്ധിക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും ഞാനറിയുന്നുണ്ട്.. ‘ച്ഛെ ! എന്താണിത് ! ചോരത്തിളപ്പുള്ള ഒരു  ചെറുപ്പക്കാരനാണ് ഞാൻ.’ സ്വയം ധൈര്യം പകരാൻ ശ്രമിച്ചു. സൂക്ഷിച്ചാണ് ഓരോ അടിയും മുന്നോട്ടു വെച്ചത്....ഒടുവിൽ നടപ്പ്  അവസാനിച്ചു.കുറ്റിമരങ്ങൾക്കിടയിലൂടെ, ഇരുളിന്റെ ഒരു വലിയ തൂൺ ആകാശത്തു നിന്ന് പാതാളത്തിലേക്ക് നീണ്ടു പോകുന്നു...കീശയിൽ തപ്പി..ചതിച്ചു !..പെൻ ടോർച്ചില്ല !!..എവിടെപ്പോയി ? അല്പം മുമ്പു വരെ ഉണ്ടായിരുന്നതാണല്ലോ ! പക്ഷെ പിൻവാങ്ങാൻ തോന്നുന്നില്ല.. ദേഹത്തുനിന്നാകെ പുക ഉയരുന്നതു പോലെ..അരികിൽ കണ്ട ഒരു കുറ്റിമരത്തിൽ പിടിച്ച് തല നീട്ടി നോക്കി..ഒന്നും കാണാനില്ല, പക്ഷെ കൈയ്യിൽ ആഴത്തിലെന്തോ തറഞ്ഞു കയറുന്നു..ഏതോ മുൾമരത്തിലാണു കയറിപ്പിടിച്ചത്..പെട്ടന്നു പിൻ വലിഞ്ഞപ്പോൾ കിണറ്റിലേക്കെന്തോ വീണ ശബ്ദം..അതിന്റെ മുഴക്കത്തിനിടയിൽ ആരോ പതുക്കെ പേരു ചൊല്ലി വിളിക്കുന്നുണ്ടോ ? ഇരുട്ടിനിടയിലും താഴെ വെളുത്തതെന്തോ തിളങ്ങുന്നതു കണ്ടോ ? കാലുകൾ അനങ്ങുന്നില്ല.ഇടനെഞ്ച് പിടയ്ക്കുന്നു...ഭയമല്ല ;.അതിലും ആഴത്തിലെന്തോ ..
വലതു കൈ മുഷ്ടി ചുരുളുന്നു...നാവ് പിടയുന്നു.അപ്പോൾ അതാണു തോന്നിയത് : കണ്ണടച്ചു നിന്ന് , മനസ്സിൽ പൊള്ളുന്ന മുദ്രാവാക്യം തൊണ്ടപൊട്ടുമാറ് മൂന്നാവർത്തി വിളിച്ചു.. “ ഇല്ലാ ഇല്ലാ മരിക്കുന്നില്ല, രക്ത സാക്ഷി മരിക്കുന്നില്ല..ജീവിക്കുന്നു ഞങ്ങളിലൂടെ..”

അതിനു ശേഷമാണ് ഞാനാ സ്വപ്നം കാണാൻ തുടങ്ങിയത്. മദ്രാസിൽ വെച്ചും, ബാഗ്ലൂരിൽ വെച്ചും, ഡീപോർട്ടേഷൻ കാത്ത് സൗദിയിലെ ജയിലിൽ കിടക്കുമ്പോഴും ഞാനാ സ്വപ്നം കണ്ടിട്ടുണ്ട് : കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണു പോകുകയാണ് ഞാൻ ..ശ്വാസം മുട്ടി, കൈ കാൽ കുഴഞ്ഞ്, കണ്ണുകൾ തുറിച്ച്.. ജീവനുവേണ്ടിയുള്ള അവസാന ശ്വാസത്തിൽ.. പെട്ടന്ന്, ബലിഷ്ഠമായ ഒരു കൈ മുടിയിൽ പിടിച്ച് മുകളിലേക്കുയർത്തി കൊണ്ടു പോകുന്നു..ജലപ്പരപ്പിലെത്തി, ജീവപരാക്രമത്തോടെ വലിയൊരു ശ്വാസമെടുത്തു വിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് നടുങ്ങി തെറിക്കുക : ആ കൈ.ആ ശരീരം...അതൊരു അസ്ഥികൂടമായിരുന്നു !!  അപ്പോൾ കണ്ണു തുറന്നാൽ, മേലാകെ കുളിരു പൊന്തിയിരിക്കുന്നത് കാണാം..

******

അതെ, അന്നനുഭവപ്പെട്ട ആ തുടിപ്പ് ഇപ്പോഴും എനിക്കനുഭവപ്പെടാറുണ്ട്, അന്ന് കയറിയ കാരമുൾ തുമ്പ് ഇപ്പോഴുമെന്റെ ഇടതുകൈയ്യിൽ കഴപ്പുണ്ടാക്കാറുണ്ട്..

പക്ഷെ ഇതൊക്കെ ഇപ്പോൾ വിളമ്പി നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതെന്തിനാണ് എന്നാവും നിങ്ങൾ ചോദിക്കുന്നത് .

പറയാം, മിനിഞ്ഞാന്ന്  ഒരു സംഭവമുണ്ടായി..  ഓ..അതിനു മുമ്പ്, ഞാനെവിടെയാണ് ജോലി ചെയ്യുന്നതെന്നു പറഞ്ഞില്ലല്ലൊ.. കുറച്ച് കാലം ചില്ലറ പണികളുമായി പരദേശങ്ങളിലൊക്കെ അലഞ്ഞ ശേഷം, ഞാനിപ്പോ നാട്ടിൽ ഒരു അമ്യൂസ്മെന്റ് പാർക്കിലാണ് ജോലി ചെയ്യുന്നത്..കൃത്യമായി പറഞ്ഞാൽ, പാർട്ടിയുടെ നേതൃത്വത്തിൽ  മേനോൻ തുരുത്തിൽ ( ഇപ്പോ മേനോൻ തുരുത്തല്ല ; ഡ്രീം കേരള ലാന്റ് ) നടത്തുന്ന അമ്യൂസ്മെന്റ് പാർക്കിൽ ഗാർഡായിട്ട്.. ദോഷം പറയരുതല്ലൊ, കോണ്ട്രാക്റ്റ് അടിസ്ഥാനത്തിലാണെങ്കിലും ദിവസം 300 രൂപ വെച്ചു കിട്ടും. 11 മണിക്കൂർ ഡ്യൂട്ടി.

കുറച്ച് കാലം മുമ്പ് പാർക്ക് പണിയുന്നതു വരെ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കിണറൊരു  സ്മാരകമാക്കുക എന്നുള്ളത്. പക്ഷെ കൈയ്യിൽ കാശില്ലാത്തവന്, അതൊരു നടക്കാത്ത സ്വപ്നമാണല്ലോ എന്ന് പിന്നാലെ ഞാനോർക്കുകയും ചെയ്യും. പക്ഷെ, പാർക്ക് പണിയുന്നതിനിടയിൽ, ഒരിക്കൽ മനസ്സിലതങ്ങനെ തിക്കുമുട്ടിയപ്പോൾ ഞാനത്  സുഭാഷേട്ടനോട് (മൂപ്പരാണ്  എം. ഡി. ) സൂചിപ്പിക്കുകയും ചെയ്തു..

 “ ഈ കണ്ണായ സ്ഥലത്തൊ !..നിൻക്കെന്താ പ്രാന്തുണ്ടോ ? ഞാനാ കിണർ കോൺക്രീറ്റ് ചെയ്ത് അടപ്പിട്ടു മൂടി അതിനോട് ചേർത്തൊരു സ്വിമ്മിങ്ങ് പൂൾ പണിയും..അതാവുമ്പോ ആവശ്യം വന്നാ  ഇതിലെ വെള്ളം തന്നെ ഉപയോഗിക്ക്യേം ചെയ്യാം.. അല്ലാ, ഇപ്പെന്താ നിൻക്കങ്ങനെ തോന്നാൻ ? അയിനുമാത്രം രക്തസാക്ഷ്യായിട്ട് ആരാ ഒള്ളത് നമ്മടെ നാട്ടില് ? അതും ദുർലക്ഷണമൊള്ള ഒരു പൊട്ടക്കെണറ് !! ” സുഭാഷേട്ടന്റെ മറുപടിയിൽ എന്റെ മിണ്ടാട്ടം മുട്ടിപ്പോയി.

സുഭാഷേട്ടൻ പറഞ്ഞതു പോലെ തന്നെ ചെയ്തു.കിണർ കോൺക്രീറ്റ് ചെയ്യുന്നതിനുവേണ്ടി വൃത്തിയാക്കുന്ന സമയത്ത്,  വീണ്ടുമെന്തിങ്കിലുമൊക്കെ പൊന്തിവരുമോ എന്നെനിക്ക് ഭയമുണ്ടായിരുന്നു..ആകാംഷ മൂത്ത് , അടിത്തട്ടിൽ മണൽ വിരിക്കുന്നതിനു മുമ്പ് ഞാൻ തന്നെ കിണറ്റിലിറങ്ങി പരിശോധിക്കുകയും ചെയ്തു. പക്ഷെ, ഏതാനും ഉണങ്ങിയ മരക്കൊമ്പുകളല്ലാതെ ഒന്നും ലഭിച്ചില്ല.ചിലപ്പോൾ എന്റെ അന്വേഷണത്തിന്റെ പ്രശ്നമാവണമെന്നില്ല, ഞാനാശ്വസിക്കാൻ ശ്രമിച്ചു, നാട്ടിൽ ഇവിടെ മാത്രമല്ലല്ലോ പൊട്ടക്കിണറുള്ളത് .

അപ്പോ ഞാനെന്താണു പറഞ്ഞു വന്നത്.. ആ..അതു തന്നെ.. മിനിഞ്ഞാന്നാണത് സംഭവിച്ചത്.. സ്വിമ്മിങ്ങ് പൂളിലെ വെള്ളത്തിനൊരു കലങ്ങൽ.. ടെക്നീഷ്യനെ വിളിച്ച് ഫിൽട്ടർ പരിശോധിച്ചപ്പോൾ അതിന്റെ മോട്ടോർ കത്തിപ്പോയിരിക്കുന്നു..തൽക്കാലം കിണറ്റിലെ വെള്ളം പമ്പു ചെയ്യാമെന്നു വച്ചപ്പോൾ, പഴക്കം കാരണം വെള്ളത്തിനു വല്ല ചുവയുമുണ്ടാവുമോന്ന് സുഭാഷേട്ടനൊരു സംശയം. വെള്ളമൊന്ന് അടിച്ചു നോക്കാമെന്നു കരുതി സ്വിച്ചിട്ടപ്പോൾ, മോട്ടോർ വെള്ളം എടുക്കുന്നില്ല .  . കോൺക്രീറ്റ് സ്ലാബ് പണിപ്പെട്ടിളക്കി മാറ്റി വെച്ച്, സക്ഷൻ പൈപ്പ് നോക്കുന്നതിനിടയിൽ, ദാ കിടക്കുന്നു അടുത്ത കുരിശ് – സുഭാഷേട്ടന്റെ എട്ടരപവന്റെ മാല, വാൽവിന്റെ പിടിയിൽ കൊളുത്തി പൊട്ടി വീണത് കിണറ്റിൽ ! എല്ലാം ഞാൻ മൂലം സംഭവിച്ചതാണ് എന്ന മട്ടിലാണ്, കിണറ്റിലിറങ്ങി മാല തപ്പാൻ സുഭാഷേട്ടൻ എന്നെത്തന്നെ  ചുമതലപ്പെടുത്തിയത്.

ഭാഗ്യം, വാട്ടർ പാർക്കായതുകൊണ്ട് ബ്രീത്തിങ്ങ് മാസ്കും ഡൈവ് ലൈറ്റുമെല്ലാം ഓരോ സെറ്റ് വാങ്ങിച്ചു വച്ചിട്ടുണ്ടായിരുന്നു. എല്ലാം ധരിച്ച്, മനസ്സുകൊണ്ട് കിണറിനെ പ്രാകി താഴേക്കിറങ്ങി.ഏറെ നാൾ ഉപയോഗിക്കാതിരുന്നതുകൊണ്ടാവാം, വെള്ളത്തിന്റെ മുകൾപ്പരപ്പിൽ ഒരു പാട.സക്ഷൻ പൈപ്പ് , കിണറ്റിലേക്കാണ്ടു പോകുന്നു.  അതിൽ പിടിച്ച് പതുക്കെ  താഴേക്കിറങ്ങി.നല്ല വഴുവഴുപ്പുണ്ട്. ഇറങ്ങുന്തോറും ഇരുട്ടും തണുപ്പും കൂടി വരുന്നു..ഈ പൈപ്പിനൊരവസാനമില്ലേ ? താഴേക്കെത്തുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ടോ ?.. പുതുക്കി പണിതപ്പോ, കിണറിന്റെ വിസ്താരം അല്പം കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. വശങ്ങളിലൊക്കെ ഇരുണ്ട പായൽ പിടിച്ചിരിക്കുന്നു..അങ്ങിനെ താഴോട്ടിറങ്ങി പോകെ,  പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല – പെട്ടന്ന് ടോർച്ചിലെ വെളിച്ചം കെട്ടു.. കൂരാകൂരിരുട്ട്..പക്ഷെ എനിക്കു പേടി തോന്നിയില്ല കെട്ടോ..ഇങ്ങനെയൊക്കെയാണ് സംഭവിക്കുക, ഇനിയും എന്തൊക്കെയാണ് സംഭവിക്കുക എന്ന്  അതിനു മുമ്പേ, ആ വെളിച്ചം കെടുന്നതിനു തൊട്ടുമുമ്പേ, ഞാനറിഞ്ഞു തുടങ്ങിയിരുന്നു..പൈപ്പിൽ തപ്പി പിടിച്ച് രണ്ടടി കൂടി താഴേക്കിറങ്ങിയപ്പോൾ കാൽ,  മണൽ പാകിയ നിലത്ത് തൊട്ടു..പൈപ്പിന്റെ അറ്റത്ത്, ഫുട് വാൽവ് തപ്പി.. തപ്പിയെന്നേയുള്ളു..ഫുട്ട് വാൽവല്ല പ്രതീക്ഷിച്ചത്..ഫുട്ട് വാൽവല്ല കിട്ടിയതും..കൂരിരുട്ടിലും, ചിലത് വെളുത്ത്  തെളിഞ്ഞ് വരുന്നുണ്ട് കണ്ണിൽ.. അപ്പോൾ മാത്രം ഞെട്ടി ! ഒരെണ്ണമല്ല, രണ്ടെണ്ണം !! വെറുതെയല്ല വെള്ളം കയറാത്തത്- ഒരെണ്ണത്തിന്റെ കൈപ്പത്തി, ഫുട് വാൽവിനെ പൊതിഞ്ഞിരിക്കുന്നു.വീണ്ടും ടോർച്ചിന്റെ സ്വിച്ചിട്ടു നോക്കി – ദാ കത്തുന്നു, ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ !

മണലിലൊരു കുഴിയെടുത്ത്, അസ്ഥികളോരോന്നായി വേർപെടുത്തി അതിലിട്ടു മൂടുമ്പോൾ, ഒരു മുദ്രാവാക്യവും തിളച്ചില്ല; ഒരു സങ്കടവും തികട്ടിയില്ല; കിണർ പുതുക്കി പണിതതിനു ശേഷം, ആരെയൊക്കെയാണ് നാട്ടിൽ നിന്നു കാണാതായത് എന്നുപോലുമോർക്കാൻ ശ്രമിച്ചില്ല. വയറ്റുപ്പിഴപ്പു മാത്രം മനസ്സിലോർത്തു. പിന്നെ, മണലിൽ കിടന്ന് തിളങ്ങിയിരുന്ന മാലയെടുത്ത് കീശയിലിട്ടു.                                                                                              
                                                                                                                                      സുഭാഷേട്ടനടക്കം, നാലഞ്ചു പേർ കരയ്ക്കൽ കാത്തു നിന്നിരുന്നു.

‘എന്തായി ?’ ആരോ ചോദിച്ചു.

“ഓ.. അടിത്തട്ടില്ണ്ടായിരുന്നു..” സുഭാഷേട്ടന് മാല നീട്ടുന്നതിനിടെ ഞാൻ പറഞ്ഞു , “പിന്നെ.. ഫുട്‌വാൽവിൽ ഒരു പഴേ വേരു കുടുങ്ങീട്ട്ണ്ടായ്ര്ന്നു...ഞാനതു മാറ്റീട്ട്ണ്ട്..”.

“ഉം..നന്നായി..നിന്നെ കാണാണ്ടായി തൊടങ്ങ്യപ്പോ ഞങ്ങ വിചാരിച്ചു നീയും ഞങ്ങക്ക് പണിയുണ്ടാക്കി വെക്കുംന്ന്..” ..  മാല വാങ്ങിക്കുമ്പോൾ സുഭാഷേട്ടൻ ചിരിച്ചു..ഞാനും, മറ്റെല്ലാവരും ചിരിച്ചു..

ഉള്ളത് പറയാമല്ലോ, അമ്മ കുറ്റപ്പെടുത്തുന്നതുപോലെ, വിയർത്തിരിക്കുമ്പോൾ തല നനഞ്ഞതല്ല, സത്യത്തിൽ ആ ചിരിയാണ് എനിക്കി നശിച്ച പനി പിടിപ്പിച്ചത്..അതുകൊണ്ടാണത് മരുന്നൊന്നും കഴിച്ചിട്ടും വിട്ടു പോകാത്തതും..

**********

.