ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

മൃഗശാലമൃഗശാല


ഇന്നത്തെ ഉദയാസ്തമയപൂജ വഴിവാട് നൽകിയിരിക്കുന്നത് രാമകൃഷ്ണൻ……….ദേശം,……..നക്ഷത്രംഎന്ന് മൈക്കിലൂടെ ഒഴുകി വന്നപ്പോൾ പ്രാർഥിച്ച് കൈകൂപ്പി നിൽക്കുകയായിരുന്ന രാമകൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. ‘ഭഗവാനേ.. എത്രനാൾ കാത്തിരുന്നിട്ടാണ് നിന്നെയൊന്ന് മനം നിറഞ്ഞ് സേവിക്കാനവസരം കിട്ടുന്നത്. വിനീത ഭക്തന്റെ പൂജാമലരുകൾ സ്വീകരിച്ചനുഗ്രഹിച്ചാലും” . ശയനപ്രദക്ഷിണം നടത്തിയപ്പോൾ ശരീരത്തിൽ തറഞ്ഞ മൺ‌തരികൾ നുറുങ്ങു വേദനകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രാമകൃഷ്ണനതു കാര്യമാക്കിയില്ല. ഭഗവാന്റെ നിർലോഭമായ അനുഗ്രഹമാണ് പ്രധാനം. തലേന്ന് മുഴുവൻ അയാൾമാതാജിയുടെ ആശ്രമത്തിലായിരുന്നു. പ്രദേശത്തെ മാതാഭക്തശിരോമണിയാണ് രാമകൃഷ്ണൻ. (പ്രഥമസ്ഥാനീയ ഭക്തർക്ക് മാത്രം ലഭ്യമാവുന്ന പദവിയാണത് ). പ്രാർത്ഥനകളിലും അർച്ചനകളിലും പങ്കെടുത്ത്, ഒരു മാസത്തേയ്ക്ക് വേണ്ട അനുഗ്രഹങ്ങൾ അവിടെ നിന്നും സംഭരിച്ചിട്ടുണ്ട്. രണ്ടിടത്ത് നിന്നുമുള്ള അനുഗ്രഹങ്ങൾ നേടിയാലെ രാമകൃഷ്ണന് മനസ്സിനൊരു തൃപ്തി വരുള്ളു.
അനുഗ്രഹിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഒന്നാമനായി നിലനിൽക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് വഴിപാട് , സംഭാവന രശീതികളിലും ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാത്തയാളാണ് രാമകൃഷ്ണൻ. എപ്പോഴും ഭക്തരിൽ ഭക്തൻ, ദാസ്യരിൽ ദാസ്യൻ.
രാത്രി : യജമാനന്റെ കൊട്ടാരം
തന്റെ വേട്ടപ്പട്ടികൾക്ക് വിരുന്നൊരുക്കുകയാണ് യജമാനൻ. കറുത്ത് മിനുങ്ങുന്ന ശരീരമുള്ള, കൂർത്ത പല്ലുകളും തിളങ്ങുന്ന കണ്ണുകളും കൂർമ്മ ബുദ്ധിയുമുള്ള ഉശിരൻ വേട്ടനായ്ക്കൾ. തനിക്കേറ്റവും പ്രിയപ്പെട്ട മിടുമിടുക്കൻ വേട്ടനായയാരെന്ന് യജമാനൻ പ്രഖ്യാപിക്കുന്ന സന്ദർഭം കൂടിയാണത്. അദ്ദേഹത്തിന്റെ സമ്പന്നതയുടെ ഓഹരികൾക്കും മറ്റ് സമ്മാനങ്ങൾക്കും പുറമെ, വിജയിക്ക് കറുമുറെ തിന്നാൻ ഒരു ഇളം പെണ്ണാടിനെയും ഒരുക്കി നിർത്തിയിരിക്കുന്നു.
എല്ലാത്തവണത്തേയും പോലെ ഇത്തവണയും രാമകൃഷ്ണൻ തന്നെയായിരിക്കും വിജയി എന്ന് രാമകൃഷ്ണനും യജമാനനും മറ്റ് വേട്ടനായകൾക്കും ( അതിന്റെ നിരാശ അവറ്റയുടെ മുഖത്തുണ്ട് ! ) ധാരണയുണ്ട്. രാമകൃഷ്ണനല്ലാതെ മറ്റാർക്കാണതിന് യോഗ്യത ! – മറ്റെല്ലാ വേട്ടനായ്ക്കളും ഓടിത്തളരുന്നിടത്താ‍ണ് അയാൾ വിജയ ഗാഥ രചിക്കുന്നത്. കാലങ്ങളായി മേഞ്ഞു നടന്നിരുന്ന ആട്ടിൻപറ്റങ്ങളെ തുരത്തിയോടിച്ച് മലയോരത്തെ കണ്ണെത്താപുൽമേടുകൾ യജമാനന് സ്വന്തമാക്കി കൊടുത്താണ് രാമകൃഷ്ണൻ ഇത്തവണ പ്രാഗത്ഭ്യം തെളിയിച്ചത്.
കാടിവെള്ളം കുടിച്ച്, പുല്ലും പച്ചിലകളും തിന്ന് മേഞ്ഞു നടന്നിരുന്ന ആടുകളുടെ ഇടയിലേക്ക് രാമകൃഷ്ണൻ ആട്ടിൻ‌തോലണിഞ്ഞാണ് കടന്നു ചെന്നത്. സൌജന്യങ്ങളും സദ്യകളും പ്രഭാഷണങ്ങളും നോട്ടീസുകളും രഹസ്യമായി തീറ്റിച്ച് ചിലയെണ്ണത്തിന് കാവിരോമങ്ങളും മറ്റ് ചിലതിന് പച്ചരോമങ്ങളും മുളപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ ചില പച്ചക്കൂടുകൾക്കും കാവിക്കൂടുകൾക്കും മുന്നിൽ കാട്ടമിട്ടു ; മൂത്രം മുള്ളി. ആടുകൾക്ക് പണ്ടെന്നത്തേക്കാളും വിവരമില്ലാതായതുകൊണ്ട് പിന്നെ മറ്റൊന്നും ചെയ്യേണ്ടി വന്നില്ല. അവറ്റ പരസ്പരം കൊമ്പുകൾ കോർത്തു;കുത്തിമലർത്തി. കുത്തിമലർത്തിക്കൊണ്ടേയിരുന്നു. അവശേഷിക്കുന്നവയെ യഥാർത്ഥ രൂപത്തിൽ ചെന്ന് പല്ലിളിച്ചു കാണിച്ച് തുരത്തിയോടിച്ചു. വിജയം പരമാവധി ആസ്വദിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പാലായനം തുടങ്ങിയ നാലഞ്ച് പെണ്ണാടുകളുടെ മേൽ കയറിയിറങ്ങുന്നതിനും രാമകൃഷ്ണനാട് സമയവും ആനന്ദവും കണ്ടെത്തി.
യജമാനന് ആകാശസൌധങ്ങൾ തീർക്കാൻ ആടുകളെയും മാടുകളെയും തുരത്തിയോടിച്ച് മതിലുകൾ തീർക്കുന്ന ബുദ്ധിമാനായ,വിശ്വസ്തനായ വേട്ടപ്പട്ടിയാണ് രാമകൃഷ്ണൻ.
പകൽ : ഒരു സുഹൃത്തിന്റെ കൂട്
യാത്രക്കിടയിൽ ചില നാട്ടുകാരെ കണ്ടു. രാമകൃഷ്ണൻ ചിരിച്ചോ ? ഇല്ലേ ? രാമകൃഷ്ണനറിഞ്ഞു കൂടാ..കന്നിമാസത്തിലെത്തി നിൽക്കുന്ന ഒരു നായക്ക് പരിചയക്കാരെ കാണുമ്പോൾ വാലാട്ടാനറിഞ്ഞു കൂടാ.എന്നു മാത്രമല്ല, ചിലപ്പോൾ കുരച്ചു ചാടിയെന്നും വരും. അതിനിപ്പോൾ ആകെ ഒരു വിചാരമേയുള്ളു. അല്പം മുന്നിലായി വിലാസവതിയായ ഒരു പെൺപട്ടി നടക്കുന്നു. അയാളുടെ കൂട്ടുനായയുടെ പെൺപട്ടി. അവളുടെ മുന്നിലേക്ക് എല്ലിൻ തുണ്ടുകളും മാംസക്കഷണങ്ങളും ഇട്ടുകൊടുത്ത് തൊട്ടുംതലോടിയും കുസൃതി കാണിച്ചും ഏറെ നാളായി നടക്കുന്നുണ്ടെങ്കിലും അവൾ വശംവദയായകുന്നത് ഇപ്പോഴാണ്. ഉച്ചയൂണിന് ശേഷം അവൾക്ക് ചുറ്റും തഞ്ചത്തിൽ വാലാട്ടി, പിൻഭാഗം മണത്ത് ഉരുമ്മി നടന്നപ്പോൾ അവൾ പറഞ്ഞിരുന്നു. : “ സാറിപ്പോ തന്നെ ഇങ്ങനെ മണം പിടിച്ചു നടക്കല്ലേ.. രാധ കുറെ നേരമായി ശ്രദ്ധിക്കുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ..ഒക്കെ റെഡിയാണ്. ഫ്ലാറ്റിലാരും‌ല്ല്യ. ഞാനെറങ്ങി കൊറച്ചെറങ്ങിയിട്ടേ സാറെറങ്ങാവൂ..”
അവളുടെ പിന്നാലെ വാലാട്ടി കൂടിനുള്ളിലേയ്ക്ക് കടക്കുമ്പോൾ രാമകൃഷ്ണൻ ഉദ്ധതനായ കന്നിമാസത്തിലെ ശ്വാവാണ്.
സായാഹ്നം : വീട്
രാമകൃഷ്ണൻ പടി കടന്നെത്തുമ്പോൾ പുൽത്തകിടിയിൽ മകളും അവളുടെ പ്രിയപ്പെട്ട നായയും. അവളുടെ മാറത്ത് കൈകളമർത്തി കൈയ്യിലുയർത്തിപ്പിടിച്ചിരിക്കുന്ന ബിസ്ക്കറ്റിലേക്ക് കൊതിയോടെ നോക്കുന്ന നായ. അങ്ങനെ നിൽക്കുമ്പോൾ ഒരു രതിക്ക് തയ്യാറായിട്ടെന്ന വണ്ണം അവന്റെ അവയവം പുറത്തേയ്ക്ക് ചുവന്ന് നീണ്ട്..മകൾ ചിരിക്കുന്നു. “ നിലത്ത് നിൽക്കെടാ ബ്ലഡിരാമകൃഷ്ണൻ ഉച്ചത്തിൽ കുരച്ചു. തന്നെക്കാൾ ഉച്ചത്തിൽ, ശക്തമായ കുര കേട്ട് നായ മോങ്ങി, വാലു ചുരുട്ടി കൂട്ടിൽ പോയൊളിച്ചു. രാമകൃഷ്ണൻ അമർഷം തീരാതെ നായയെ നോക്കി മുരണ്ടു. പെൺകുട്ടിയെ നോക്കി മൃദുവായി മുരണ്ടുകൊണ്ടു തന്നെ വാലാട്ടി. അവൾ പകച്ച കണ്ണുകളോടെ അയാളെ നോക്കി.
പകൽ : പ്രവർത്തിയിടം
ആയിരം മദയാനയെക്കാൾ മദയാനയാണ് രാമകൃഷ്ണൻ. ഒരു കരിമ്പിൻ തോട്ടത്തിനു വേണ്ടി എന്തും ചെയ്യുന്നവൻ.ഭയങ്കരൻ.ഒറ്റയാൻ. പക്ഷെ ഉടമക്ക് പ്രിയങ്കരൻ.    
അല്പം മുമ്പു വരെ രാമകൃഷ്ണൻ മണ്ണിലിറങ്ങാനുള്ള അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു.ഭരണതമ്പുരാനും ഉദ്യോഗതമ്പുരാനും നേരത്തെ തന്നെ അനുവാദം കൊടുത്തതാണ് ( വാങ്ങിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് രാമകൃഷ്ണനറിയാം ) . പുതിയ സമ്പ്രദായമനുസരിച്ച് സാധുതതമ്പുരാന്റെ അനുമതി കൂടെ വേണം. അതും ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. സ്വല്പം വൈകും, അത്രമാത്രം. മൂന്നാം തമ്പുരാന്റെ അനുമതി ചുറ്റികയടിച്ചറിയിച്ചയുടൻ രാമകൃഷ്ണൻ ആയിരം കൊമ്പുകളും തുമ്പികളുമുള്ള മദം കൊണ്ട് മഞ്ഞച്ച കൊമ്പനായി മണ്ണിലിറങ്ങി.തുമ്പി കൊണ്ട് മരങ്ങൾ പിഴുതെറിഞ്ഞു.കൊമ്പുകൾ മണ്ണിലാഴ്ത്തി ഇളക്കിമറിച്ചു. ഓരോ കാൽക്കീഴിലും ചെറു സസ്യജീവജാലങ്ങളെ ഞെരിച്ചമർത്തി. വെട്ടിത്തിരിഞ്ഞ് കുടിലുകളോരോന്നായി പിഴുതെറിഞ്ഞു. ഇടത്തോട്ടും വലത്തോട്ടും മേല്പോട്ടും കീഴ്പ്പോട്ടും തുമ്പികളുയർത്തി അട്ടഹസിച്ച്, നിരപ്പിന്റെ അവസാനമെത്തിയപ്പോൽ രാമകൃഷ്ണൻ തിരിഞ്ഞു നോക്കി. സ്തനങ്ങൾ ഞെരിച്ച്, പ്രജനനാവയവങ്ങൾ ആഴത്തിൽ പിളർന്നടച്ച് ധമനികളൂറ്റി താൻ കൊന്നടക്കിയ മണ്ണിന്റെ ഉപരിതല മിനുസത്തിൽ മൃദുവായി തഴുകി മിനുസം പരിശോധിച്ച്, തൃപ്തിയടഞ്ഞ് അനിഷേധ്യനായി ചിന്നംവിളിച്ചു. അവിടവിടെ നിന്ന് കുരച്ചു ചാടി വന്ന എല്ലുന്തിയ നാട്ടുപട്ടികളെ അടിച്ചോടിക്കാൻ ആവശ്യത്തിന് കാക്കി നായ്ക്കളെ മൂന്ന് തമ്പുരാക്കന്മാരും അനുവദിച്ചു തന്നിരുന്നതുകൊണ്ട് അവറ്റകളെ ഒന്നും ചെയ്യേണ്ടി വന്നില്ല.
പകൽ : ഒരു പഞ്ചനക്ഷത്രമാളം
രാമകൃഷ്ണൻ അഞ്ചരആറടി നീളം വരുന്ന ഒരുഗ്രൻ പാമ്പാണ്. പക്ഷെ ഇര വിഴുങ്ങി കിടക്കുന്നതുകൊണ്ട് പുളയാൻ വയ്യ.
ഒരു മണിക്കൂർ മുമ്പാണ് ഉടമ പാമ്പാട്ടി മകുടിയൂതി അയാളെ പുതിയ വിജയമാഘോഷിക്കാൻ മാളത്തിലേക്ക് ക്ഷണിച്ചത്. ഇഷ്ടവിഭവങ്ങളായ ചുവന്ന പാലും ഇണപ്പാമ്പുമായിരുന്നു സൽക്കാര വിഭവങ്ങൾ. ഏതു വേണമെന്ന് രാമകൃഷ്ണനാദ്യം ശങ്കിച്ചു. പാൽ സ്വല്പം അകത്താക്കിയാൽ ഉശിര് കൂട്ടാമെന്ന് കരുതിയാണ് കുപ്പിക്കഴുത്ത് വിഴുങ്ങിയത്. പക്ഷെ എന്തു ചെയ്യാം ! സ്വയമറിയാതെ മുഴുവനായങ്ങ് വിഴുങ്ങിപ്പോയി. ഇണപ്പാമ്പ് ആവുന്നത്ര ചെയ്യുന്നുണ്ട്. സഹായിക്കുന്നുണ്ട്. പക്ഷെ അവൾ ചുറ്റിവരിയുമ്പോൾ അയാൾ അയഞ്ഞുപോകുന്നു. അല്പസമയത്തിനകം അവൾ ഇഴഞ്ഞുപോകുമെന്നോർത്ത് രാമകൃഷ്ണൻ ദേഷ്യത്തോടെ, പകയോടെ ചീറുന്നുണ്ട്, പകുതിയുയർന്ന് ആഞ്ഞു കൊത്തുന്നുണ്ട്. പക്ഷെ, ദുർബലം.
പകൽ : അവധി ദിവസം, വീട്, പിന്നാമ്പുറ മുറി
നീണ്ട കഴുത്ത്, കഷണ്ടിത്തല, വളഞ്ഞ് കൂർത്ത കൊക്കുകളും നഖങ്ങളും. സൂഷ്മതയുള്ള നോട്ടം. രാമകൃഷ്ണൻ ആയാസപ്പെട്ട് പറന്ന് കട്ടിളയിൽ ഇരിപ്പുറപ്പിച്ചു. കഴുത്തു നീട്ടി ശ്രദ്ധാപൂർവം വീക്ഷിച്ചു :“അനക്കമുണ്ടോ ..അധികനാളില്ലെന്ന് ഡോക്ടർ പറഞ്ഞതാണ്. ചത്താൽ ആദ്യം കൊത്തിപ്പറിച്ചെടുക്കേണ്ടത് ശുഷ്ക്കിച്ച മുലകൾക്കിടയിലൂടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന തിളങ്ങുന്ന ചരടാണ്. അഞ്ചു പവൻ വരുമത്. പിന്നെ ഇരു കൈകളിൽ..’ രാമകൃഷ്ണൻ വെറുതെ ചിറകു കുടഞ്ഞ്അമ്മേയെന്ന് വികൃതമായൊന്ന് കരഞ്ഞു. “ ഇപ്പോഴറിയാം കട്ടിലിലെ പ്രാകൃതരൂപം കണ്ണു തുറന്നു. എന്തൊക്കെയോ ഞരങ്ങി. “ഇല്ല. സമയമായിട്ടില്ല..സാരമില്ല, കാത്തിരിക്കാം..” രാമകൃഷ്ണൻ പറന്നകന്നു.
രാത്രി : വീട്, മകന്റെ മുറി
രാമകൃഷ്ണൻ അധികാരദണ്ഢുയർത്തി വായുവിൽ ചുഴറ്റി. മകൻ നാലുകാലുകളിൽ നിർഗുണൻ, മണ്ടൻ, കാമം കരഞ്ഞു തീർക്കുന്ന ജീവിവർഗ്ഗം എന്നൊക്കെ രാമകൃഷ്ണൻ വിളിക്കുമെങ്കിലും വംശവർദ്ധനാ തന്ത്രങ്ങളിൽ പ്രാവീണ്യം നേടിയവൻ. അച്ഛന്റെ ചെയ്തികളെ മാറി നിന്ന് പഠിച്ചാസ്വദിക്കുന്നവൻ. ഇപ്പോൾ ഭാണ്ഡങ്ങൾ ചുമക്കാൻ വിധിക്കപ്പെട്ടവനെങ്കിലും അടുത്ത രാമകൃഷ്ണൻ. “നിന്നോട് എസ്സെകൾ കൂടി പഠിക്കാൻ പറഞ്ഞിട്ടില്ലേ ഞാൻരാമകൃഷ്ണൻ അലറി. എന്തൊക്കെയോ ഭാണ്ഡങ്ങൾ കൂടി പയ്യന്റെ പുറത്തു വന്നു വീണു. അവൻ വേദനയോടെ, വിമ്മിട്ടത്തോടെ ഞരങ്ങി. നാളെ മുതൽ വിഴുപ്പു ഭാണ്ഡങ്ങൾ കൂടി അവൻ വിദ്യാലയത്തിലേക്കും തിരിച്ചും ചുമക്കേണ്ടിയിരിക്കുന്നു.
രാത്രി : മകളുടെ മുറി
വെളുപ്പും കറുപ്പും നിറഞ്ഞ രോമാവൃതമായ ശരീരം. തിളങ്ങുന്ന കണ്ണുകൾ. പതിഞ്ഞ കാലടികളോടെ രാമകൃഷ്ണൻ വാതിൽക്കലെത്തി കരഞ്ഞു. “മ്യാവൂ..” മകൾ പഠിക്കുകയായിരുന്നിടത്തു നിന്ന് തലയുയർത്തി നോക്കി. രാമകൃഷ്ണൻ അകത്തേക്കു വന്ന് പെൺകുട്ടിയെ മുട്ടിയുരുമ്മി. “മതി മോളെ.. ഇത്ര വായിച്ചാൽ മതി. പതിന്നൊന്നരയായി. കിടന്നോളൂ ഇനി..എക്സാമിനേഷനായാലും ഒരു റെസ്റ്റൊക്കെ വേണ്ടേ ..”. മകൾ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു. എപ്പോഴും കുരച്ചു ചാടാ‍റുള്ള അച്ഛനെപ്പോഴാണ് ഇത്ര പാവം പൂച്ചയായി പരിണമിച്ചത് ! കണ്ണുകളിൽ എത്ര സ്നേഹം ! അല്പനേരം കൂടി തഴുകി തലോടിയുരുമ്മി നിന്ന് അവളുടെ കണങ്കാലിൽ കാൽനഖം കൊണ്ട് മൃദുവായൊന്ന് കോറി നിശബ്ദ പാദപതനങ്ങളോടെ പൂച്ച പുറത്തേക്ക് പോകുമ്പോൾ താൻ സ്വപ്നം കാണൂകതന്നെയായിരിക്കുമെന്നാണ് പെൺകുട്ടി ഓർത്തത്.
രാത്രി : വീട്, അടുക്കള
ഇരുട്ട്. രാമകൃഷ്ണ പൂച്ച നിശബ്ദ പാദപതനങ്ങളോടെ അകത്തെത്തിയിട്ട് നേരമേറെയായി. നിമ്ന്നോതികളിലെ വിയർപ്പും പാചകാവശിഷ്ടങ്ങളും നക്കിത്തോർത്തി , മാംസളതകൾ കടിച്ചു വലിച്ച് ഭുജിച്ചുകൊണ്ടിരിക്കുന്നു. പെൺപൂച്ച ഇക്കിളിപ്പെട്ട് അമർന്നു ചിരിക്കുന്നു. ഇരുട്ടിൽ, ജനാലക്കപ്പുറത്ത് മറ്റ് രണ്ടു പൂച്ച കണ്ണുകൾ തിളങ്ങുന്നത് രാമകൃഷ്ണപ്പൂച്ച കാണുന്നില്ല. അവൻ കൊതിയോടെ കാത്തിരിപ്പാണ്. അച്ഛൻ പൂച്ച ഇറങ്ങിപ്പോയിട്ട് വേണം അവന്റെ വിശപ്പ് മാറ്റാൻ.
യജമാനന്റെ കൂടാരം
രാമകൃഷ്ണൻ ബുദ്ധികുർമ്മതയും മിടുക്കും ചങ്കൂറ്റവും താൻപോരിമയുമുള്ള ഒരു മുട്ടൻ ഒട്ടകമാണ്. തലയ്ക്കിടം ചോദിച്ച് കൂടാരം തന്നെ സ്വന്തമാക്കിയവൻ.
പുറത്ത് പൊള്ളുന്ന വെയിൽ. കൂടാരത്തിനുള്ളിൽ യന്ത്രം സൃഷ്ടിക്കുന്ന തണുപ്പ്. സ്വർണ്ണത്തരികൾ തിളങ്ങുന്ന തറകളും ചുമരുകളും. പട്ടുപരവതാനികൾ. നീന്തൽക്കുളങ്ങൾ.കൃത്രിമമായ ജലധാര. ഓരോ വിളിയും കാതോർത്ത് സുഭഗകളായ ദാസിപ്പെണ്ണുങ്ങൾ. പണിതുയർത്തുമ്പോൾ തന്നെ സ്വന്തമാക്കണമെന്ന് നിനച്ചതാണ് രാമകൃഷ്ണൻ . സ്വന്തമാക്കിയിരിക്കുന്നു. ഒക്കെ തന്റെ മിടുക്കും ഭഗവാന്റെയും മാതാജിയുടെയും അനുഗ്രഹങ്ങളും.
വിജയങ്ങളുടെ പ്രതിഫലമായി രാമകൃഷ്ണനു കിട്ടിയത് യജമാനന്റെ സമ്പന്ന കൂടാരത്തിനുള്ളിൽ തല കടത്താനുള്ളയിടം മാത്രം. പുറത്തെ പ്രാരാബ്ധങ്ങൾ പറഞ്ഞപേക്ഷിച്ച് കഴുത്തിനുള്ളയിടം കൂടി നേടിയെടുത്തു. വരുമാനക്കരം‌പിരിവുകാരെക്കൊണ്ട് ഓരിയിടീച്ച് യജമാനന്റെ ശ്രദ്ധ മാറ്റി പകുതിയോളം കടന്നു. ആരും കാണാതെ നെടുംതൂൺ കുലുക്കി പരിഭ്രമം വിതച്ച് മുക്കാൽ ഭാഗത്തോളം പ്രവേശിച്ചു. തുടർന്ന് യജമാനനെ പുറത്താക്കാനുള്ള തൊഴി തുടങ്ങി. രഹസ്യമായി രാമകൃഷ്ണനനൊട്ടകത്തിന്റെ പുറത്തിരുന്ന് രസം പിടിച്ച യജമാന പത്നിയും മകളും ( എത്ര ദൂരം പുറത്തിരുന്ന് സഞ്ചരിച്ചാലും തളരാത്ത രസികൾ ഒട്ടകമാണ് രാമകൃഷ്ണനെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു ) ഇരുട്ടിൽ നിന്ന് സഹായിച്ചു.
ലക്ഷ്യം വരിക്കാൻ വിശ്വാസ്യതയുടെയും വിശ്വാസവഞ്ചനയുടെയും കരുക്കൾ ഒരു പോലെ നീക്കാൻ പഠിക്കണമെന്ന് രാമകൃഷ്ണൻ സിദ്ധാന്തിക്കുന്നു. ആദ്യം വിശ്വാസ്യതയുടെ കുറച്ച് കാലാളുകളെ കുരുതി കൊടുക്കണം. പിന്നെ, സാമ്രാജ്യത്തിനുള്ളിൽ കടന്നു കയറി ആന, കുതിര, തേര്, മന്ത്രി എന്നിവകൊണ്ട് ചുറ്റും വളഞ്ഞ് ഒരു ചെക്ക്, ആഞ്ഞൊരു വെട്ട്. ..ക്ലോസ് !. യജമാനൻ കളി മറന്നുപോയെങ്കിൽ അതയാളുടെ തെറ്റ്, അയാളുടെ വീഴ്ച്ച.
ഇപ്പോൾ യജമാനൻ കൂടാരത്തിനു പുറത്ത് കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് അലയുന്നു. സ്ത്രീകളെയും ഒട്ടകങ്ങളെയും വിശ്വസിക്കരുതെന്ന് മണലിലിരുന്ന് അണമുറയിരുന്നു. പാവം !
തന്റെ പുറത്ത് മാറിമാറിയിരുന്ന് യാത്ര ചെയ്ത് ശല്യം സൃഷ്ടിക്കുന്ന അമ്മയെയും മകളെയും തമ്മിൽ തല്ലിച്ച് തലതകർത്തവശരാക്കി കയങ്ങളിൽ തള്ളുന്നത് കുറച്ചു കഴിഞ്ഞു മതി എന്നാണ് രാമകൃഷ്ണൻ തീരുമാനിച്ചിരിക്കുന്നത്.
ഒഴിവുദിനം: വീട്
രാമകൃഷ്ണൻ പുലർച്ചെയും അതിനുശേഷവും പലവട്ടം കൂവുകയും ചേവലിടുകയും ചെയ്യുന്ന മൂത്ത പൂവൻ കോഴി. ഒഴിവുദിനങ്ങൾ അവന്റെ പിടക്കോഴിക്ക് പേടി സ്വപ്നം.
എല്ലാവരും ഒരുമിച്ചുള്ളപ്പോഴും അവളെ വലംചുറ്റി നടക്കുകയും കാലുകൊണ്ട് തോണ്ടുകയും കൊത്തിവലിക്കുകയും ചെയ്യുന്നത് രാമകൃഷ്ണന്റെ വിനോദമാണ്. ഒന്നും കാണാത്തതുപോലെ എല്ലാം കണ്ട് ഒന്നുമറിയാത്തതുപോലെ എല്ലാമറിഞ്ഞ് കുട്ടികൾ ചിക്കിപ്പരത്തി നടക്കുമ്പോൾ പിടക്കോഴി ഓടിപ്പറന്ന് മറ്റൊരാക്രമണം പ്രതീക്ഷിച്ച് കിടക്കയിലമരും. അയാൾക്കു തന്നെ മതിയാവുന്നില്ലെന്നതുകൊണ്ടു മാത്രം മറ്റൊരു ഭാര്യയും ചെയ്യാത്ത വിട്ടുവീഴ്ച്ചകൾക്ക് താൻ തയ്യാറാവുന്നില്ലേയെന്നും പിന്നെയുമെന്തിനാണുപദ്രവിക്കുന്നതെന്നും അവൾ കൊക്കി കരയും.രാമകൃഷ്ണനത് ഗൌനിക്കാറില്ല.
വലതുകാലുയർത്തി, അവൾക്കു ചുറ്റും വൃത്തത്തിൽ വലംവെച്ച് പ്രത്യേകഭാഷയിൽ കൊക്കി താനൊരു പൂവൻ‌കോഴിയാണെന്ന വിവരം രാമകൃഷ്ണൻ സസന്തോഷം അംഗീകരിക്കും. നാട്ടുകാർ കാൺകെ കൊക്കി ബഹളമുണ്ടാക്കി മുമ്പേ ഓടുകയും മറ്റൊരിടത്ത് ചെന്ന് പതുങ്ങിയിരുന്ന് പൂവൻ‌കോഴികളെ പ്രതീക്ഷിക്കുകയുമാണ് പിടക്കോഴികളുടെ മനശാസ്ത്രമെന്ന് കൂവും. ചേവലുകളാസ്വദിക്കാനും അനുഭവിക്കാനുമാണ് പിടക്കോഴികളെ സൃഷ്ടിച്ചിരിക്കുന്നത്. അവൾ മാത്രം ഏറെ വാരിവലിച്ചു തിന്നുകൊഴുത്ത് ഓരോ ചലനത്തിലും കിതക്കുന്ന കാസരോഗിയായ ഇറച്ചിക്കോഴിയായത് അവളുടെ കുഴപ്പം.അവളുടെ മാത്രം വീഴ്ച്ച. രാമകൃഷ്ണൻ വീണ്ടും ഉച്ചത്തിലൊന്ന് കൂവി, അങ്കവാ‍ലുയർത്തി, ചിറകുകൾ വിടർത്തി, കൊക്കുകൾ കൂർപ്പിച്ച് അവളുടെ മുകളിലേക്ക് ചാടിക്കയറും. ആണും പെണ്ണും തമ്മിൽ നടക്കുന്നത് കുട്ടികൾ അറിയാത്തതൊന്നുമല്ല. അവർ കണ്ടാലെന്ത് ? കണ്ടില്ലെങ്കിലെന്ത് !

പുലർച്ചെ : വീട്


ഒഴിവുദിനങ്ങളിൽ പതിവുള്ള കോട്ടുവായോടെ രാമകൃഷ്ണൻ ഉണർന്നു. തൂവലുകൾ, അങ്കവാലുൾപ്പെടെ മെത്തയിൽ കൊഴിഞ്ഞുകിടന്നിരുന്നു.അയാൾ കണ്ണാടിയിലേക്ക് നോക്കി. ഒരു മുഴുത്ത ചെമ്പൻ കുതിര ! സമൃദ്ധമായ കുഞ്ചിരോമങ്ങൾ, ഉറച്ച മാംസപേശികൾ, മനോഹരമായ വാൽ. ഏറെ നാളായി ഒരു കുതിരയെ സ്വപ്നം കാണുന്നെങ്കിലും അതിന്നുതന്നെ ആയതെന്തെന്ന് ഓർത്തയാൾ അതിശയപ്പെട്ടു. മെത്തയിൽ നിറഞ്ഞുകിടക്കുകയാണ് കുതിര. അയാൾ ഒന്നെഴുന്നേൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. കിടന്നുകഴിഞ്ഞാൽ എഴുന്നേൽക്കാൻ പ്രയാസമുള്ളതുകൊണ്ട് കുതിരകൾ നിന്നാണ് ഉറങ്ങാറുള്ളതെന്നയാൾ ഓർത്തു. പക്ഷെ ആരോഗ്യമുളള കുതിരയ്ക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. കൈകാലുകൾ ഒന്നു കുടഞ്ഞെറിഞ്ഞ്, ഒരു ആക്കത്തോടെ രാമകൃഷ്ണനെഴുനേറ്റു. എന്തൊരു പൊക്കം ! എന്തൊരു വലുപ്പം ! എത്ര ചെറുപ്പം ! ജീനിയുടെയും കടിഞ്ഞാണിന്റെയും ബന്ധനമില്ലാത്ത, സർവതന്ത്രസ്വതന്ത്രനാ‍യ കരുത്തൻ, മുട്ടാളൻ, സുന്ദരൻ കുതിര ! വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുന്ന രാജസൂയയാഗാശ്വം.‘ആരൊരാളീ കുതിരയെ കെട്ടുവാൻ ! ആരൊരാളിതിൻ മാർഗ്ഗം മുടക്കുവാൻ !’ അയാൾ തൃപ്തിയിലൊന്ന് ചിനച്ചു. വെറുതെ പല്ലിറുമ്മി. മുറിയിലങ്ങോട്ടുമിങ്ങോട്ടും കുളമ്പടികൾ വെച്ചു.ഇനിയെന്താണ് വേണ്ടത് ? ഓരോ അണുവും ത്രസിക്കുന്നു. ആരെയാണിനി കീഴടക്കേണ്ടത് ? ചെവിയുയർത്തി വട്ടം പിടിച്ചു.മൂക്ക് വിടർത്തി.ആരാണവിടെ ശബ്ദിക്കുന്നത് ? എവിടെ നിന്നാണൊരു ഗന്ധം ? അതെ..ഒരു പെൺകുതിരയുടെ മസൃണമായ ഗന്ധമാണത്. തനെ പെൺകുതിര കഴുതക്കുട്ടിക്കൊപ്പം സദ്യയിൽ മുതിര തിന്നാൻ പോകുമെന്ന് തലേന്നു തന്നെ പറഞ്ഞുവെച്ചിരുന്നത് രാമകൃഷ്ണനോർത്തു.അടുക്കളയിലെ എല്ലിച്ച കുതിരയെയും അയാൾ തന്നെയാണ് പറഞ്ഞു വിട്ടത്അതെ, ഇത് തീർച്ചയായും അവരുടെ മണമല്ല. ആണിന്റെ വിയർപ്പണിഞ്ഞിട്ടില്ലാത്ത ഒരു കന്യകയായ കുതിരയുടെ ഗന്ധമാണിത്. എവിടെ നിന്നാവാം ഗന്ധമെന്ന് കിണഞ്ഞോർത്തു കൊണ്ടിരിക്കെ മുകളിൽ വീണ്ടുമൊരു ചിനച്ചിൽ കേട്ടു. ഒപ്പം ഒരു പട്ടികുരയും. ഗന്ധത്തിന്റെ ഉറവിടം ഒരു മിന്നൽ പോലെ രാമകൃഷ്ണൻ തിരിച്ചറിഞ്ഞു. തന്റെ പുൽമേടുകളിൽ മേഞ്ഞുവളർന്നവൾ. തന്റെ..കുതിര ഒന്നു കൂടി ഉണർന്നു. പേശികൾ ത്രസിച്ചു. തൃപ്തിയോടെ ഉച്ചത്തിൽ ചിനച്ച്, കുതിരകൾ മറ്റുള്ളവരെ നോക്കി മോണകൾ പുറത്തുകാട്ടി പുച്ഛത്തിൽ ചിരിക്കാറുള്ള ചിരി വിതറി, പല്ലിറുമ്മി, കുളമ്പടികൾക്ക് കീഴെ മാർബിൾ തറയും ഏണിപ്പടിയും തകർത്ത് മുകളിലേക്ക് പായുമ്പോൾ രാമകൃഷ്ണക്കുതിര ഓർത്തു. ‘ലായത്തിന്റെ കൊളുത്തുകൾ കൈകൾ കൊണ്ട് തൊഴിച്ചു തുറക്കണം. നിസ്സാരൻ പട്ടിയെ കാലുകൾകൊണ്ട് തോണ്ടിയെറിയണം. എന്നിട്ട്
മുയൽ ഒരു നിശബ്ദജീവിയാണ്. കാഴ്ച്ചയിൽ പെട്ടില്ലെങ്കിൽ അതെന്താണ് ചെയ്യുന്നതെന്നുപോലും നാമറിയില്ല. മനുഷർക്കിടയിൽ, മനുഷ്യർ വളരത്തുന്ന മുയലുകൾ വെളുത്ത്, സുന്ദരരും സൌമ്യരുമായി കാണപ്പെടുന്നു. പക്ഷെ, ഒരു പ്രശ്നമുണ്ട്. അമ്മമുയൽ വയറൊഴിഞ്ഞ നറും‌പൈതങ്ങളെ അടങ്ങാത്ത വിശപ്പുള്ള ചില അച്ഛൻ‌മുയലുകൾ ഭക്ഷണമാക്കിയേക്കാം. അതൊഴിവാക്കാനാണത്ര അവയെ പ്രസവത്തിനു മുമ്പുതന്നെ മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നത്. രാമകൃഷ്ണനിപ്പോൾ വെളുത്ത്, സുന്ദരനും സൌമ്യനുമായ ഒരു തന്തമുയലാണ്. ഇതും കഴിഞ്ഞ് രാമകൃഷ്ണൻ അളിഞ്ഞ മൃതശരീരങ്ങൾ കുറ്റിക്കാടുകൾക്കിടയിൽ രഹസ്യമായൊളിപ്പിച്ച് മറ്റാരുമറിയാതെ തിന്നു തീർക്കുന്ന കഴുതപ്പുലിയാകും. അതുകഴിഞ്ഞ് പുഴയോളം കണ്ണീരൊഴുക്കുന്ന മുതലയാകും. അതും കഴിഞ്ഞ്.
ക്ഷമിക്കണം.മാനവവിജയഗാഥകളുടെ അനിവാര്യതകളിൽ വിശ്വസിക്കുന്നവർ ചരിത്രം ശുഭപര്യവസായി ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇനിയുള്ള വരികൾ അവർക്കു വേണ്ടി മാത്രം.
അതുംകഴിഞ്ഞ് രാമകൃഷ്ണൻ സുഖമായുറങ്ങും. പുലർച്ചെ ആരാധനപ്പുരകളിലും ആശ്രമങ്ങളിലും പോകും.വഴിപാടുകളും സംഭാവനകളും ഉദാരമാക്കും. പ്രാർത്ഥനകളിലും അർച്ചനകളിലും പങ്കെടുക്കും. നമ്മളിലൊരാളാവും. ചിലപ്പോൾ നമ്മെക്കാളുയരെ, നാം ആരാധിക്കുന്ന


മാധ്യമം ആഴ്ച്ചപ്പതിപ്പ്  2005 ഏപ്രിൽ 8
-----------------------------------
ചിത്രങ്ങൾ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ നിന്ന്