ബുധനാഴ്‌ച, ഏപ്രിൽ 18, 2012

കൗൺസിലിങ്ങ്


കൗൺസിലിങ്ങ്


ചോര വിയർപ്പായതാണ് നാലു നാഴി ഭൂമി.

നാലു കാലുയർത്തിയപ്പോൾ

കാറ്റു കയറിയ കീശ.

മണ്ണ്, മണൽ, കമ്പി, സിമന്റ്

വായ്പയ്ക്കു വകുപ്പില്ലത്രെ.

ഉണ്ടാകും, വേണ്ടപോലെ കണ്ടാൽ.

കീഴടങ്ങിയില്ല.

 നീലപ്ലാസിക് വിരിപ്പിനു കീഴിൽ

ജീവിതം തുടർന്നു.

നടപ്പു തുടർന്നപ്പോൾ കിതപ്പ്.

സ്വപ്നങ്ങൾ തകർന്നടിഞ്ഞ്

ഹൃദയധമനികൾ വഴിയടഞ്ഞത്രെ.

വിദഗ്‌ദ്ധൻ വഴി തുറക്കും,.

വേണ്ട പോലെ കണ്ടാൽ.

വേണ്ട, കീഴടങ്ങാം.

കണ്ണീരിൽ കത്തെഴുതി.

തലയുയർത്തിയപ്പോൾ

പണ്ടെന്നോ കോറിയിട്ട ഒരു നമ്പർ !

തൊണ്ടയിലെത്തിയ വിഷം തുപ്പിതെറിച്ചു.

വിളിച്ച് പൊട്ടിക്കരഞ്ഞു.

ശ്രവ്യസാന്ത്വനത്തിനു പുറമെ,

മണിക്കൂർ തികഞ്ഞില്ല,

ഉമ്മറത്ത്

കണ്ണുകളിൽ മനുഷ്യത്വം ഉരുകിയൊലിച്ച്

ഒരു ഹൃദയാലു !

‘എല്ലാത്തിനും വഴിയുണ്ട്’

ദേവദൂതൻ കൈ പിടിച്ചപ്പോൾ

കണ്ണീരണകൾ തകർന്നു.

നന്നായ് കേട്ടും പതിയെ പറഞ്ഞും

ഒപ്പമിരുന്നു സ്നേഹദൂതൻ.

പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ

പ്രതീക്ഷയുടെ പുൽനാമ്പുകൾ പൊടിഞ്ഞു.

പക്ഷെ ഹൃദയാലു തലചൊറിയുന്നു :

‘ഓട്ടോ വിളിച്ചാണു വന്നത്..’

കീശയിൽ തപ്പി.

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

ദേവദൂതൻ വീണ്ടും തല ചൊറിയുന്നു;

‘ലീവെടുത്താണ് വന്നത്’

മേശയിൽ തപ്പി

ഭാഗ്യം !

ഏതാനും നോട്ടുകളുണ്ട്.

കാരുണ്യദൂതൻ തിരികെ പോയപ്പോൾ

ഭ്രാന്തോടെ തപ്പി തിരഞ്ഞു.

ഒരു നൂലാണ് കിട്ടിയത്.

മതിയായിരുന്നു !

ഓലത്തുമ്പിൽ കുരുക്കിട്ട്

കെട്ടി ഞാന്നു ചത്തു !!


*********

കൗൺസിലിങ്ങിന് വരുന്നവരും കൈകൂലി ആവശ്യപ്പെടാറുണ്ട് എന്ന കേട്ടുകേൾവിയിലെ ഷോക്കിൽ പിറന്നത്..അതുകൊണ്ടു തന്നെ യഥാർത്ഥ സ്നേഹദൂതരെ ഉദ്ദേശിച്ചല്ല. അവരുടെ ചെരുപ്പിൽ പിടിക്കാനുള്ള യോഗ്യതയുമില്ല..