വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പുരുഷ ലക്ഷണം

പുരുഷ ലക്ഷണം


മനസ്സു നിറയെ മനുഷ്യത്വമാണ്.

എങ്കിലും, ചുറ്റിപ്പറക്കുന്ന കഴുകുപോലെ

മുഴുത്ത മാംസത്തിലാണു നോട്ടം.


അമ്മയും പെങ്ങളും വീട്ടിലുണ്ട്.

പക്ഷെ വളം വരിയുന്ന വേരുകൾ പോലെ

ആൾക്കൂട്ടത്തിലെപ്പോഴും

വിരലുകൾ തോണ്ടി ഞെരിക്കും.


അനാദികാലം മുതലേ ചിത്തം സംസ്കൃതമാണ്.

പക്ഷെ മധുരം മണക്കുന്ന മക്ഷിയെപ്പോൽ

ഒറ്റയ്ക്കിരുട്ടിൽ കണ്ടാൽ

മണിപ്രവാളമേ മൂളൂ.


പാശ്ചാ‍ത്യകേളീസൌകുമാര്യങ്ങളിലേക്കാണ്

ദേഹമോഹപ്രയാണം

പക്ഷെ കുറ്റിയിൽ കെട്ടിയ നായയെപ്പോൽ

മനുസ്മൃതിയ്ക്കു ചുറ്റുമാണു മസ്തിഷ്കഭ്രമണം.


ചാമിയോളം വരില്ല;

എങ്കിലും അറുത്തെറിഞ്ഞാൽ

മുളച്ചുപൊന്തുംശിരസ്സുമായ്

ഒരു കുഞ്ഞുദശമുഖച്ചാമി ഉള്ളിലുറങ്ങിക്കിടപ്പുണ്ട്.


അതുകൊണ്ടു പെങ്ങളേ

ഒഴിഞ്ഞുമാറി നടന്നോളിൻ

ഓതിരം കടകം പറഞ്ഞോളിൻ

അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

ഞായറാഴ്‌ച, നവംബർ 06, 2011

ബി പ്രാക്ടിക്കൽ

ബി പ്രാക്ടിക്കൽ


ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും

ശേഷം, കാറ്റുപോയ ബലൂൺ പോലെ

കീശ ശൂന്യമായിത്തീരും.

പിന്നെ പണി കഴിഞ്ഞ്

പൊടിയും വിയർപ്പുമണിഞ്ഞ്

നടന്നു തളർന്നെത്തുമ്പോൾ

നട്ടുച്ചയ്ക്കലക്കിയും

ഉള്ളിയരിഞ്ഞും കനലൂതിയും

മറ്റൊരുച്ഛിഷ്ടമായ്

അടുക്കളയിൽ പുകയുന്നുണ്ടാവും.

കത്തുന്ന കണ്ണുകൾ

പരസ്പരം നോക്കും.

മകനെ തട്ടിയെടുത്തവളെന്നും

അതിനപ്പുറവുമുള്ള സരസ്വതികൾ

കേട്ട് കാതുകൾ തഴമ്പിക്കും.

പീടികക്കാരന്റേയും വാടകക്കാരന്റേയും

മുമ്പിൽ നാണം കെട്ടുവെന്ന്

രാത്രിയങ്കം വെട്ടി

കിടക്കയിൽ പരസ്പരം തൊടാതെ

അരിഞ്ഞു വീണ് രണ്ടു പാഴ്തടികളാകും.

പിന്നെയിതെല്ലാം നിത്യാഭ്യാസമാകും.

സ്വർഗനാളുകളിലെ സാക്ഷിമുകുളങ്ങളെ അനാഥരാക്കി

ആത്മഹത്യയെക്കുറിച്ചോ മോചനത്തെകുറിച്ചോ

ചിന്തിച്ചുറയ്ക്കും.

അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്

നഗരത്തിൽ ഒരു വസതി,

ഒരു നാൽചക്രവണ്ടി,

ശീതീകരണി,

അലക്കു യന്ത്രം,

വാതകയടുപ്പ്,

ഉപ്പ്,

കർപ്പൂരം,

പിന്നെ

പെണ്ണിന്റെ മാത്രം നൈസർഗികാഹ്ലാദത്തിന്

അഞ്ചു റാത്തൽ സ്വർണ്ണം,

വട്ടചിലവിനു ദശലക്ഷങ്ങൾ,

ആവശ്യപ്പെട്ടത്.

ഇതിന്റെയെല്ലാം അകമ്പടിയിൽ

നമ്രമുഖിയായ് കതിർമണ്ഡപത്തിൽ വരൂ.

പ്രണയം

ഇനിയും

വസന്തം വിടർത്തുന്നത്

കാണിച്ചു തരാം.

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെമറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കണ്ണാടി കാണ്മോളവും

കണ്ണാടി കാണ്മോളവും


വ്രണങ്ങളിൽ പുഴുവരിക്കുന്ന ഭ്രാന്തൻ

ആദിവാസിക്കുടികളിലെ പട്ടിണിക്കോലങ്ങൾ

ആകാശമുയരെ നാലു മതിലുകൾക്കുള്ളിൽ

കൊച്ചു വീടിന്റെ സങ്കടം.

ഇതൊക്കെയായിരുന്നു വേണ്ടിയിരുന്നത്.

കണ്ട് കണ്ണ് നിറയണം.

ഹൃദയം വിതുമ്പണം

ലിങ്ക് കൊടുക്കണം

മനസ്സ് പൊള്ളിപ്പിടഞ്ഞ്

കവിത പിറക്കണം.

അയക്കാനെടുത്ത കാശ്

വേണ്ടതെല്ലാം ചെയ്തു

എന്ന ആത്മനിർവൃതിയിൽ

കീശയിലേക്കു തന്നെ മടങ്ങണം.

പക്ഷെ ഇത്തവണ

വൻ‌ചതിയായിപ്പോയി.

പ്രവാസികൾക്ക് മഴക്കാഴ്ച്ച

വീണവന് കൈത്താങ്ങ്

മാനവസ്നേഹഗാഥകൾ

ആർക്കു വേണം ?

ലിങ്കൊടിഞ്ഞു പോയി.

കവിത വറ്റിപ്പോയി.

---------------------------------------

പണ്ട് ഒരു കണ്ണാടിക്കഷണം( ഏഷ്യാനെറ്റ് ) കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ക്രൂരത

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ലില്ലിക്കുട്ടി

ലില്ലിക്കുട്ടി

കാൽച്ചിലമ്പൊലിയായി വന്ന്
ഭയപ്പെടുത്താനാണെങ്കിൽ
നീ ഒരുപാടുറക്കമിളയ്ക്കേണ്ടി വരും.
പാതിരാപ്പടങ്ങൾക്കു ശേഷം
വീടുകളിപ്പോഴുറങ്ങുന്നത്
ഒരു മണിയ്ക്കാണ്.

നിശബ്ദം കാറ്റായി വന്ന്
പൂമുഖത്തെ വർണ്ണകലണ്ടറുകൾ പറിച്ചെറിയാൻ,
അടുക്കളത്തിണ്ണയിൽ കഴുകികമഴ്ത്തിയ പാത്രങ്ങൾ മറിച്ചിടാൻ
മണ്ടിനടന്ന്
നീ അവശയാവേണ്ടതില്ല.
ഇന്നതെല്ലാം കാലഹരണപ്പെട്ട
ശീലമായിരിക്കുന്നു.

നട്ടുച്ചയ്ക്കും നടുപ്പാതിരയ്ക്കും
പുഴയോരത്ത് വെളുത്ത രൂപമായ്
നീ ഉയിർക്കേണ്ടതില്ല.
നീ പതിഞ്ഞ കണ്ണുകളിലെല്ലാം
വെള്ളെഴുത്ത് പടർന്നു കഴിഞ്ഞിരിക്കുന്നു.

നിന്റെ കുരുത്തോലമങ്കമാർ
നിന്റെ സ്മൃതിയിൽ വ്യാകുലപ്പെട്ട്
ഇപ്പോൾ കുരിശുവരച്ച് വിരൽ മുത്താറില്ല.
കർക്കിടകത്തിലെ ക്യാമ്പുകളിൽ
പോട്ടയ്ക്കലച്ചനോടൊപ്പം
ഉച്ചത്തിൽ ഹാലേലൂയകൾ പാടി
വിശുദ്ധരതിമൂർച്ഛയിൽ
അവർ പുളഞ്ഞാടുകയാണ് പതിവ്.

വെളുത്ത സുന്ദരിയായ് വന്ന്
കുഞ്ഞുങ്ങളെ സ്വപ്നത്തിൽ
നീ ഭയപ്പെടുത്തേണ്ടതില്ല.
ഹാരിപ്പോട്ടറും
ചെകുത്താൻ മരണവും കണ്ട്
തഴമ്പിച്ച കണ്ണുകൾക്ക്
നിന്റെ കലാപ്രകടനങ്ങൾ
നല്ലൊരു നേരമ്പോക്കു മാത്രമായിരിക്കും.

ഒറ്റയ്ക്ക് തുണിയലക്കുന്ന
നാട്ടുപെണ്ണുങ്ങളിൽ മനം കയറിയിരുന്ന്
നീയിനി
കന്യകാത്വത്തെയും
പ്രണയദുരന്തങ്ങളെയും പറ്റി
അലമുറയിടേണ്ടതില്ല.
കൊട്ടകയിൽ തകർത്തോടുന്ന
തട്ടുപൊളിപ്പൻ സിനിമകൾ പോലെ
പ്രണയമിപ്പോൾ
ശുഭപര്യവസായിയായി തീർന്നിരിക്കുന്നു.
അഥവാ അങ്ങനെയല്ലാത്തപ്പോൾ
നറുപെൺകൊടിമാർ
ഓരോ തവണയും
പഴയ പ്രണയാവശിഷ്ടത്തിന്റെ
ജീവത്തുടിപ്പുകൾ തൂത്തെറിഞ്ഞും
പുതിയ ചെറുക്കൻ‌മാർക്ക്
ചായ പകർന്നും
സദാ പ്രണയ,മംഗല്യസന്നദ്ധരായി മാറിയിരിക്കുന്നു.

വാലിട്ടെഴുതിയ മിഴികളും
മുട്ടോളം മുടിയും
റോസാപൂവും
വെളുത്ത വസ്ത്രങ്ങളുമണിഞ്ഞ്
നീ നിന്റെ ശവക്കല്ലറയിൽ
ഒരോർമ്മകുറിപ്പുപോലുമില്ലാതെ
മരിച്ചമർന്നിരിക്കുന്നു.

പക്ഷെ, നീയറിയണം:
നീ കൊളുത്തിയ മെഴുതിരി
ഒരു താഴ്വാരമാകെ
ചെറുതരി വെളിച്ചങ്ങളുടെ
വസന്തം പടർത്തുകയാണെന്ന്.
നീ പാടിയ പാട്ടുകൾ
ഒരു പുതിയ സാമ്രാജ്യത്തിന്റെ
ഉണർത്തു പാട്ടായെന്ന്.

------------------------------


ലില്ലിക്കുട്ടി ഞങ്ങളുടെ നാട്ടിൻപുറത്തെ ഒരു പഴഞ്ചൻ പ്രണയരക്തസാക്ഷി. അന്യമതസ്ഥനെ പ്രേമിച്ച് ഒടുവിൽ അയാൾ വഞ്ചിക്കുകയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്തു.