ശനിയാഴ്‌ച, ഡിസംബർ 19, 2009

പുതിയ കഥ

പുതിയ കഥ

ഭൂതം തടവിലാക്കിയ രാജകുമാരിയെ രക്ഷിക്കുകയായിരുന്നു
എന്റെ ലക്ഷ്യം
ദൂരെ കുന്നുകള്‍ക്കും കാടുകള്‍ക്കുമപ്പുറത്ത്
ഭൂതത്താന്‍ കോട്ട.
വഴിയില്‍,
ചെങ്കുത്തായ മലകളും
അഗാധമായ കിടങ്ങുകളും
കടിച്ചുകീുന്ന ഹിംസ്റജന്തുക്കളും
മുന്‍പെ പോയവരുടെ ജഡങ്ങളും
ധാരാളം.
ഭക്ഷണമില്ലാതെ ആദ്യത്തെ കുന്നിന്‍്‌ചരിവില്‍‍ തന്നെ
എന്റെ ചാവാലിക്കുതിര ചത്തു വീണു.
എങ്കിലും തളരാതെ, കൊടും യാതനകള്‍ സഹിച്ച്
ഞാന്‍ അവസാനം അവളുടെ മുന്‍പിലെത്തി.
"നീയൊ എന്റെ രക്ഷകന്‍ ?
കടന്നു പോ അശ്രീകരമെ എന്റെ കണ്‍വെട്ടത്തുനിന്നും !"
അവളുടെ അലര്‍ച്ചയില്‍ സകലം തകര്‍ന്ന്,
ബോധം നശിച്ച് ഞാന്‍ നിലം പതിച്ചു.
പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ്,
ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍,
അംഗരക്ഷകരുമൊത്തു വന്ന സുമുഖനായ ഒരു രാജകുമാരന്‍
ഭൂതത്തെ കൊന്ന്,
രാജകുമാരിയേയും കൊണ്ട്
അവളോടുള്ള പ്രണയത്തില്‍ അപ്പോഴും മിടിച്ചു കൊണ്ടിരുന്ന
എന്റെ ഹൃദയത്തിനു മീതെ കുതിരയോടിച്ച് കടന്നു പോയി..
പാവം, പാവം എന്റെ ഹൃദയം
പുതിയ കഥകളില്‍
രാജകുമാരന്‍‌മാരാണ്‌ രാജകുമാരികളെ
രക്ഷിക്കേണ്ടതെന്നു്‌ ഒരിക്കലുമതോര്‍ത്തില്ല.