ചൊവ്വാഴ്ച, മേയ് 11, 2010

ശലഭ പത്രങ്ങളിലെ കാറ്റ്

ശലഭ പത്രങ്ങളിലെ കാറ്റ്

'അവസാനിപ്പിക്കാം' എന്നന്നു നീ ഗര്‍ജ്ജിച്ചപ്പോള്‍

ഇടിഞ്ഞുവീണത് ഞാനുയര്‍ത്തിയ ആകാശഗോപുരങ്ങളായിരുന്നു.

എന്റെ പ്രണയാക്ഷരങ്ങളുടെ ചാരം ചിതയിലൊഴുക്കി

 നീ ആവശ്യപ്പെട്ടത്

നിന്റെ പ്രണയത്തിന്റെ സാക്ഷ്യപത്രങ്ങള്‍ തിരികെ തരാനായിരുന്നു.

വരികളൊന്നൊഴിയാതെ ഇടനെഞ്ചിലേക്കു പകര്‍ത്തിയിരുന്നതിനാല്‍

ഞാനതെല്ലാം നിസ്സംശയം തിരികെ തന്നു.

നീയകട്ടെ, നിസ്സങ്കോചം ആ ജീവാക്ഷരങ്ങള്‍ക്കും തീ പടര്‍ത്തി.


മൂന്നാമതായി നീ ആവശ്യപ്പെട്ടത്

നിന്നെയെന്‍ മനസ്സില്‍ നിന്നും പറിച്ചെറിയാനായിരുന്നു.

എന്നില്‍നിന്നെന്നെ പറിച്ചെറിയാനാവുന്നില്ലെന്നറിഞ്ഞ്

ഞാന്‍ നിസ്സഹായതയോടെ നിനക്കു മുന്‍പില്‍ തല താഴ്ത്തി.

നീയാകട്ടെ, വിജയസ്മിതത്തോടെ,

ആണ്ടിലൊരിക്കല്‍ തിരികെ വരാനുള്ള ഇടം പോലും നല്‍കാതെ

മറവിയുടെ പാതാളലോകത്തേക്കെന്നെ ചവിട്ടിതാഴ്ത്തി.


പച്ചിലസാരിയുടുത്തും

കരിക്കട്ട കൊണ്ട് മീശ മെനഞ്ഞും

കളിപ്പാവക്കുട്ടിയുടെ അച്‌ചനുമ്മയുമായതും

നിനക്കേറെയിഷ്ടമുള്ള ഞാവല്‍ പഴങ്ങള്‍ പറിക്കാന്‍

വലിഞ്ഞു കയറിയതിന് പകരം കിട്ടിയ

ചൂരല്‍ പഴങ്ങളുടെ തിണര്‍ത്ത പാടുകള്‍ കണ്ട്

എന്നെക്കാള്‍ വേദനയില്‍ നീ കരഞ്ഞതും

വാടത്ത നീലാമ്പലുകള്‍കൊണ്ട് മാല ചാര്‍ത്തി

രാമായണത്തിലെ സീതയും രാമനുമായതും


കാരണമറിയാതെയെങ്കിലും, നിന്നമ്മ വിളമ്പിയ

സദ്യയാമോദമുണ്ണുമ്പോള്‍

ജാലകത്തിനപ്പുറം, കളിത്തോഴിമാര്‍ക്കിടയിലിരുന്നു നീ

സലജ്ജം സമര്‍പ്പിച്ച മധുപുഞ്ചിരിയുടെ

അര്‍ത്ഥമറിയാതെ അമ്പരന്നതും


കാവിലെ കളിയാട്ടം കഴിഞ്ഞന്നു രാത്രി

ചെറുമഴച്ചാറ്റലില്‍, കാട്ടുചേമ്പിലക്കുടക്കീഴില്‍

അറിഞ്ഞിട്ടുമറിയാതെ കുളിരുന്ന മിന്നല്‍ സ്പര്‍ശങ്ങള്‍

പരസ്പരം പായിച്ച്

ഒരു കാറ്റായ് ഒഴുകി വീട്ടിലെത്തിയതും

ഉള്ളം പകര്‍ത്തുന്ന

വാക്കുകള്‍ വിടരുന്നില്ലെന്നു വ്യസനപ്പെട്ട്

ആദ്യ ഹൃദയലേഖനം

ശൂന്യ ശുഭ്രമാം കടലാസ്സു മാത്രമായതും


കനലാട്ടം കണ്ണിലുടക്കിയവരുടെ കണ്ണുവെട്ടിച്ച്

ദൂരെ,ഇരുട്ടില്‍,പൂമരച്ചോട്ടില്‍

കരളിലെ ദാഹക്കനലുകള്‍ക്കു മീതെയന്നാദ്യമായ്

അധരങ്ങളധരങ്ങളില്‍ മധുമഴ ചൊരിഞ്ഞതും


എല്ലാം, എല്ലാം നിനക്കൊന്നുമോര്‍ക്കാതെ

കുഴിച്ചുമൂടുവാന്‍ കഴിയുമായിരിക്കാം.

പക്ഷെ എനിക്കതെല്ലാം

ഓരോ അണുവിലും ത്രസിക്കുന്ന ജീവമാത്രകള്‍, പ്രാണവായു.


പക്ഷെ ഇപ്പോള്‍,


നിന്റെ രാജപാതകളില്‍നിന്നേഴുകടലുകള്‍ക്കിപ്പുറം,

ഞാനെന്നെ സ്വയം തളച്ചിട്ടിരിക്കുന്നൊരീ

കുടുസ്സുമുറിയില്‍ കടന്നുവന്ന്

നീ നിന്റെ സൗഹൃദം മാത്രം തിരികെ തരാമെന്ന്

വാഗ്ദാനം നല്‍കുന്നതെന്തിന് ?


വേണ്ട, വേണ്ടയെന്‍ സ്വപ്ന നക്ഷത്രമെ,

പ്രണയാകാശത്തില്‍ പറന്നുല്ലസ്സിച്ച പറവകുഞ്ഞിന്

സൗഹൃദത്തിന്‍ ഇത്തിരി തണലില്‍

നീയൊരുക്കുന്നത് സ്വര്‍ണ്ണകൂടെങ്കിലും

അനുഭവപ്പെടുക പാരതന്ത്ര്യമല്ലാതെ മറ്റെന്താണ് !


ഒന്നുകില്‍ പ്രണയം ;

അല്ലെങ്കില്‍ ആ കാണുന്ന തിളങ്ങുന്ന കഠാരയെടുത്ത്

ഈ ഹൃദയത്തില്‍ കുത്തിയിറക്കിക്കോളൂ.

ഒരു ശബ്ദം പോലുമെടുക്കാതെ

മരണത്തെ വരിക്കാനെനിക്കു കഴിയും-

നീയെന്റെ സുഹൃത്തുമാത്രമായിരുന്നെന്ന്

സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്

ഇഞ്ചിഞ്ചായി മരിക്കുന്നതിനെക്കാള്‍ എത്ര ഭേദമാണത് !


പക്ഷെ ഞാന്‍ കാണുന്നുണ്ട് :

ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും,

നിന്റെ കണ്ണുകളില്‍

പ്രണയശൂന്യതയുടെ

വിഷാദവും ഏകാന്തതയും രോദനങ്ങളുമുണ്ട്.


കൊടുങ്കാറ്റുകളുത്ഭവിക്കുന്നത്

ശലഭപത്രങ്ങളുടെ ചലനങ്ങളില്‍ നിന്നാണെങ്കില്‍,

ഞാനിതാ നിന്നോടു പറയുന്നു

എന്റെ പ്രണയനൊമ്പരങ്ങളുടെ പിടച്ചിലിലുരുവുന്ന

കൊടുങ്കാറ്റില്‍

നിനക്കുചുറ്റും നീ പണിതുയര്‍ത്തിയ

കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീഴും.

നിന്റെ ശുശ്രൂഷകരും തോഴിമാരും

സ്തുതിപാഠകരും എങ്ങോട്ടെന്നില്ലാതെ പറന്നുപോകും.

പിന്നീടവശേഷിക്കുന്നത്

ഞാനും നീയും നമ്മുടെ ചും‌മ്പനങ്ങളും മാത്രമായിരിക്കും.

6 അഭിപ്രായങ്ങൾ:

  1. പ്രണയത്തിന്‍റെ കനലെരിയുന്ന വരികള്‍ തേടി
    ലാറ്റിനമേരിക്കയിലേയ്ക്കും ലെബനോണിലേയ്ക്കുമല്ലാം
    പോകുന്നതെന്തിന് .... ?


    അടുത്തയിടെ ഇത്ര തീവ്രമായ പ്രണയം എവിടെയും ഞാന്‍ വായിച്ചിട്ടില്ല ..

    ഈ വരികള്‍ നോക്കൂ ..




    "നീയെന്‍റെ സുഹൃത്തുമാത്രമായിരുന്നെന്ന്
    സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്
    ഇഞ്ചിഞ്ചായി മരിക്കുന്നതിനെക്കാള്‍ എത്ര ഭേദമാണത് !

    പക്ഷെ ഞാന്‍ കാണുന്നുണ്ട് :
    ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും,
    നിന്റെ കണ്ണുകളില്‍
    പ്രണയശൂന്യതയുടെ
    വിഷാദവും ഏകാന്തതയും രോദനങ്ങളുമുണ്ട്.

    കൊടുങ്കാറ്റുകളുത്ഭവിക്കുന്നത്
    ശലഭപത്രങ്ങളുടെ ചലനങ്ങളില്‍ നിന്നാണെങ്കില്‍,
    ഞാനിതാ നിന്നോടു പറയുന്നു.
    എന്റെ പ്രണയനൊമ്പരങ്ങളുടെ കമ്പനങ്ങളില്‍നിന്നുയരുന്ന
    കൊടുങ്കാറ്റില്‍
    നിനക്കുചുറ്റും നീ പണിതുയര്‍ത്തിയ
    കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീഴും.
    നിന്‍റെ ശുശ്രൂഷകരും തോഴിമാരും
    സ്തുതിപാഠകരും എങ്ങോട്ടെന്നില്ലാതെ പറന്നുപോകും.

    പിന്നീടവശേഷിക്കുന്നത്
    ഞാനും നീയും നമ്മുടെ ചും‌മ്പനങ്ങളും മാത്രമായിരിക്കും"



    മനോഹരമായിരിക്കുന്നു മനോജ് .. !!!

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം നന്നായിട്ടുണ്ട്
    തീവ്രമായ പ്രണയം..!

    മറുപടിഇല്ലാതാക്കൂ
  3. പ്രണയത്തിന്റെ തുരുത്തുകള്‍ തേടുന്നവര്‍ക്ക് നൂറു നൂറു പനിനീര്‍ പൂക്കള്‍ ..അതോടൊപ്പം ആശംസകളും

    മറുപടിഇല്ലാതാക്കൂ
  4. എന്റെ പ്രണയനൊമ്പരങ്ങളുടെ കമ്പനങ്ങളില്‍നിന്നുയരുന്ന
    കൊടുങ്കാറ്റില്‍
    നിനക്കുചുറ്റും നീ പണിതുയര്‍ത്തിയ
    കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീഴും.
    നിന്റെ ശുശ്രൂഷകരും തോഴിമാരും
    സ്തുതിപാഠകരും എങ്ങോട്ടെന്നില്ലാതെ പറന്നുപോകും.
    പിന്നീടവശേഷിക്കുന്നത്
    ഞാനും നീയും നമ്മുടെ ചും‌മ്പനങ്ങളും മാത്രമായിരിക്കും.

    നല്ല വരികള്‍ ,,,, പ്രണയത്തിന്റെ ഭാവ തീവ്രത തൊട്ടറിഞ്ഞു ഈ വരികളില്‍ ..
    മനോജ്‌ ... ഇത്തവണ പതിവ് ആശംസകള്‍ ഇല്ല. ഒരു നൂറു ലൈക്‌ ഈ വരികള്‍ക്ക്

    മറുപടിഇല്ലാതാക്കൂ
  5. ബാല്യവും കൌമാരവും യൌവനവും പ്രണയവും വിരഹവും വേദനയും ഞാനിതില്‍ കണ്ടു.

    ഞാനൊരു ഹൃദയമാണ്.
    അതിന്റെ പേര് മനോജ്‌ എന്നാണ്.

    മറുപടിഇല്ലാതാക്കൂ