ചൊവ്വാഴ്ച, മാർച്ച് 09, 2010

മറുപടികള്‍ ( പ്രണയമര്‍മ്മരങ്ങള്‍ - തുടര്‍ച്ച )

മറുപടികള്‍ ( പ്രണയമര്‍മ്മരങ്ങള്‍ - തുടര്‍ച്ച )

പ്രണയം :

ശരിയാണ്, നിന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന്
ഞാനെന്നും കണ്ണീര്‍ വാര്‍ക്കുന്നു.
നിലാവില്‍, കുളിര്‍ക്കാറ്റില്‍, നനുത്ത സുഗന്ധം പരക്കുമ്പോള്‍,
എന്നെ തുറന്നു വിടൂ.
അനന്തമായ ആഹ്ലാദം ഞാന്‍ പകരം നല്‍കാം.
നിന്റെ നൊമ്പരങ്ങള്‍ നിന്റെ മാത്രം സൃഷ്ടിയാണെന്നറിയുക.
മൗനത്തിന്റെ നിത്യഗര്‍ഭത്തിലൊളിപ്പിച്ച്
നീ നല്‍കുന്ന അനശ്വരത - ആര്‍ക്കുവേണമത് !
നശ്വരതയാണ് പൃകൃതി നിയമം.
നാളെ ദലങ്ങള്‍ പൊലിഞ്ഞു പോകുമെന്നു കരുതി
ഇന്ന് പൂക്കള്‍ വിടരാതിരിക്കുന്നുല്ല.
മാറിലടിഞ്ഞുടന്‍ മരിക്കുമെന്നു കരുതി
തിരകള്‍ തീരങ്ങളെ ചുംബിക്കാതിരിക്കുന്നില്ല.
പിറന്നു വീഴുമ്പോള്‍ തന്നെ ഞാന്‍ വധിക്കപ്പെട്ടോട്ടെ
പക്ഷെ അതൊരു ധീരമായ മരണമായിരിക്കും.
വളര്‍ന്നു വരുമ്പോള്‍ അപ്രതീക്ഷിതമായി
ഞാന്‍ ഇല്ലായ്മ ചെയ്യപ്പെട്ടോട്ടെ
അനന്തമായ സ്വപ്നങ്ങളോടെ മരിക്കുന്ന ആര്‍ക്കും
എളുപ്പത്തില്‍ പുനര്‍ജനിക്കാനാവും.
അല്ലെങ്കില്‍ നിന്നോടൊപ്പം വയസ്സെത്തി,
നിന്നോടൊപ്പം തൊലികള്‍ ചുളിഞ്ഞ്,
നിന്നോടൊപ്പം കണ്ണുകള്‍ ഇരുണ്ട്,
നിന്നോടൊപ്പം ഞാന്‍ മരിച്ചോട്ടെ -
പക്ഷെ അതൊരു സ്വച്ഛന്ദമൃത്യുവായിരിക്കും.
പ്രണയം സകലതിനേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു.
മണ്‍തരികളെ പ്രേമിച്ചു തുടങ്ങുമ്പോള്‍
പഴുത്തു മഞ്ഞളിച്ച ഇല
കാറ്റിന്റെ രൂപത്തിലെത്തുന്ന മരണത്തോട്
ഒരു കടത്തുതോണിക്കാരനോടുള്ള സ്നേഹം സൂക്ഷിക്കുന്നു.

അവള്‍ :

പാലായനത്തിന് കാരണങ്ങള്‍ തേടുന്ന
വെറുമൊരു ഭീരുവാണു നീ.
തൊണ്ടയില്‍ കുരുങ്ങിപ്പിടയുന്ന പ്രണയത്തിന്റെ
നീലഞരമ്പുകള്‍ കണ്ട് മനസ്സു നൊന്ത്
നിന്റെ പുറകെ ഒരു നിഴലായ് ഞാന്‍ അലഞ്ഞിട്ടും
ഒരിക്കല്‍ പോലും നീ നാവുയര്‍ത്തിയില്ല.
അവസാനം മൗനമായ് നീ വിട് ചൊല്ലിയപ്പോള്‍
എന്റെ കണ്ണുകളില്‍നിന്നടര്‍ന്നത് ഹൃദയമായിരുന്നെന്ന്
നീ അറിഞ്ഞില്ല.
ഒന്നുകില്‍ പ്രണയത്തെക്കുറിച്ച്
ഒന്നുമറിയാത്ത ഒരു വിഡ്ഡിയാണ് നീ.
അല്ലെങ്കില്‍
സ്വര്‍ത്ഥതയെ പരിത്യാഗത്തിന്റെ
മുഖമ്മൂടിയണിയിക്കാന്‍ ശ്രമിക്കുന്ന കപടനാട്യക്കാരന്‍.
അറിയുക :
പ്രണയം പ്രകൃതിയാണ്.
വേണ്ടതുമാത്രമെടുത്താല്‍
നമുക്കതിനെ അനന്തകാലം നിലനിര്‍ത്തനാവും -
എത്രനേരം കളിയോടം തുഴഞ്ഞാലും
ഒഴുക്കവസാനിക്കാത്ത നദിയെപ്പോലെ.
പക്ഷെ നീ പറയുന്നത്
പഴുത്തടര്‍ന്ന ഫലങ്ങള്‍ മുന്നിലുള്ളപ്പോളും
പട്ടിണി കിടക്കുന്നതിനെക്കുറിച്ചാണ്.
ശരിയായിരിക്കാം -
എന്റെ ഇണയെ എനിക്ക് സ്നേഹിക്കാന്‍ കഴിഞ്ഞേക്കും.
പക്ഷെ,
തുടര്‍ന്നെത്ര പൂക്കള്‍ വിടര്‍ന്നാലും
ആദ്യം വിടര്‍ന്ന പൂവിലൂടെയാണ്
ചെടി ലോകത്തിനു മുന്‍പില്‍ തന്റെ ഹൃദയം തുറക്കുന്നത്.

അവര്‍ :

പ്രണയം ഒഴുക്കില്ലാതെ നിശ്ചലമായ ഒരു തടാകമല്ല .
പ്രഖ്യാപനത്തിനു മുന്‍പും അതിനു ശേഷവും
കണ്ണീരും പുഞ്ചിരിയും പകല്‍സ്വപ്നങ്ങളുമുണ്ട്.
മുന്‍പ് പങ്കിടല്‍ ഒരു സ്വപ്നമായിരുന്നെങ്കില്‍
ശേഷം അതൊരു യാതാര്‍ത്ഥ്യമാകുന്നു.
പ്രണയം സ്വാര്‍ത്ഥതയും സ്വയം സമര്‍പ്പിക്കലുമല്ല.
രണ്ട് അരുവികള്‍ ഒരുമിച്ചു ചേര്‍ന്നൊഴുകാന്‍ തുടങ്ങുമ്പോള്‍
അത് സ്വാര്‍ത്ഥതയോ സ്വയം സമര്‍പ്പിക്കലൊ ആകുമോ ?
നിന്നെയും അവളെയും
മെയ്യോടു മെയ്യ്, ഉയിരോടുയിര്‍ ചേര്‍ത്ത്
പ്രകൃതിയൊരുക്കുന്ന സവിശേഷമായ സങ്കലനമാണ് പ്രണയം.
ചുംബിക്കാന്‍ തുടങ്ങുമ്പോള്‍
പ്രണയികള്‍ക്കായി സ്വര്‍ഗ്ഗകവാടം തുറക്കുന്നു.
സ്നേഹ,സൗമ്യവികാരങ്ങള്‍ തോഴിമാരെങ്കില്‍
അവര്‍ പരിചരിക്കുന്ന രാഞ്ജിയാണ് പ്രണയം.
നാവടക്കേണ്ടത് ഹൃദയം നാവിന്‍്‌തുമ്പിലേക്കിറങ്ങി
വരുന്നതുവരെ മാത്രമാണ്.
വിരലുകള്‍ നിശ്ചലമാവേണ്ടത്
പ്രണയഞരമ്പുകളിലെ നീലരക്തം
പേനതുമ്പിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതുവരെ മാത്രമാണ്.
വിഡ്ഡീ, മറ്റാരും കാണാതെ നിന്റെ നെഞ്ചകത്ത്
മണ്‍കുടത്തിലൊളിക്കേണ്ട തിരിനാളമല്ല പ്രണയം .
ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കത് പകരുമ്പോള്‍
ലോകം ഒരു പുതിയ വെളിച്ചത്തില്‍ വീണ്ടും പിറവിയെടുക്കുന്നത്
നീയെന്നാണ് കാണുക !

3 അഭിപ്രായങ്ങൾ:

  1. മനോജേട്ടാ നന്നാകുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഹേ..............വിഡ്ഢി......മനോഹരമായിരിക്കുന്നു .....നിന്റെ പ്രണയം ......നിന്റെ വരികളെ ...ഞാന്‍ ഒരു പാടിഷ്ടപ്പെടുന്നു .....ഒരു തീ നാളെത്തെ പോലെ ...ആ വരികള്‍ എന്നെ ചുറ്റി വരിയുന്നു ....ഇനിയും ഉയരട്ടെ പ്രണയമെന്ന തീ നാളം.അതില്‍ കിടന്നു ഞാന്‍ ആനന്ദം കൊള്ളട്ടെ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ....

    മറുപടിഇല്ലാതാക്കൂ
  3. അപ്പോള്‍ മാറി.......
    പറഞ്ഞാലും പ്രണയം, പറഞ്ഞില്ലെങ്കിലും പ്രണയം, ലോകമാകമാനം നിറയുന്ന പ്രണയം,
    ഒന്നിനോന്നോട് തോന്നുന്ന പ്രണയം.
    -----------------------------------------------------------------------------

    ഒരുപാട് ഒരുപാട് ഉപമകള്‍ ഇതിലുണ്ട് ഇഷ്ടമായി!

    മറുപടിഇല്ലാതാക്കൂ