ബുധനാഴ്‌ച, ഫെബ്രുവരി 10, 2010

പ്രണയ മര്‍മ്മരങ്ങള്‍

സാധാരണ ഗതിയില്‍ എന്റെ പ്രണയം ഒരു ശല്യക്കാരനല്ല.
പക്ഷെ പാതിരയാകുമ്പോള്‍,
പുറത്ത് ആളനക്കം നിലയ്ക്കുമ്പോള്‍,
ഹൃദയത്തോട് ചേര്‍ത്തു ബന്ധിച്ചിരിക്കുന്ന
ദുര്‍ബലമായ ചങ്ങലകള്‍ തകര്‍ത്ത്
വിശ്വരൂപിയായ് അവന്‍ പുറത്തു വരും.
' ഇനിയും നീയെന്നെ സ്വതന്ത്രനാക്കാത്തതെന്ത് '
എന്ന അലര്‍ച്ചയോടെ അവനെന്റെ കഴുത്തില്‍ പിടിമുറുക്കും
പിന്നെ, നാക്കു വരണ്ട്, കണ്ണുകള്‍ തുറിച്ച്
ഞാന്‍ വെളുക്കുന്നതു വരെ ഉറങ്ങാതെ മരവിച്ചു കിടക്കും.
പക്ഷെ വളരെ വിചിത്രമാണത് :
അവസാന ശ്വാസത്തിനു തൊട്ടു മുന്‍പ്
അവന്‍ ദയാവായ്പ്പോടെ പിടിയയക്കും.
പിന്നെയുമെവിടെനിന്നെങ്കിലും ശക്തി സംഭരിച്ച്
ഞാനവനെ വീണ്ടും ആ ദുര്‍ബലമായ ചങ്ങലകള്‍ക്കുള്ളില്‍
തളയ്ക്കും.

പ്രണയത്തോട് :
അഭ്യര്‍ത്ഥിക്കപ്പെടുമ്പോള്‍ പ്രണയമേ, നീ
ഇപ്പോള്‍ പിറന്നു വീഴുന്ന ഒരു കുഞ്ഞിനെപ്പോലെയാകുന്നു.
ചിലപ്പോള്‍ നീയുടന്‍ നിഷ്ക്കരുണം വധിക്കപ്പെട്ടേക്കാം.
മറ്റു ചിലപ്പോള്‍, സ്വീകരിക്കപ്പെട്ടാലും,
നിന്നിലുള്ള കൗതുകം അവസാനിക്കുമ്പോള്‍
ആരോരുമറിയാതെ വഴിയിലുപേക്ഷിക്കപ്പെട്ടേക്കാം.
അല്ലെങ്കില്‍, വാല്‍സല്യാതിരേകത്തോടെ വളര്‍ത്തപ്പെട്ടേക്കാം,
അനേകകാലം സൗഖ്യജീവിതം ലഭിച്ചേക്കാം.
പക്ഷെ ഓര്‍ക്കുക :
എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന
മരണത്തിലേക്ക് പിറന്നു വീഴുമ്പോള്‍ തൊട്ട്
നീ നടന്നു നീങ്ങിയെ തീരു.
വേണ്ട ; എന്റെ പ്രിയപ്പെട്ട പ്രണയമെ,
നീ എത്ര വേണമെങ്കിലും ഇനിയും എന്നെ വേദനിപ്പിച്ചോളൂ
പക്ഷെ എനിക്കു മുമ്പെ നിന്റെ ശ്വാസം നിലയ്ക്കുന്നതിനേക്കാള്‍
വേദനാജനകമായി മറ്റൊന്നില്ല.

നിന്നോട് :

പക്ഷെ, എനിക്കറിയാം
പുറത്തെത്തിക്കാനാവാതെ ഞാനും
അകത്തേക്കിറക്കാനാവാതെ നീയും
പിടിമുറുക്കിയതു കൊണ്ട്
എന്റെ തൊണ്ടയില്‍ കുരുങ്ങിപ്പിടയുന്ന
പ്രണയത്തിന്റെ നീലഞ്ഞരമ്പുകള്‍
നീ കാണുന്നുണ്ട്.
പരസ്പരം കണ്ടുമുട്ടുമ്പോള്‍
എന്റെ കണ്ണുകളിലെ വെളിച്ചം
നിന്റെ കണ്ണുകളില്‍ തിളങ്ങുന്നത്
ഞാന്‍ അറിയുന്നുണ്ട്.
നാം തനിച്ചാവുമ്പോള്‍
നമുക്ക് വേണ്ടി മാത്രം
നിലാവുദിക്കുന്നത്
കുളിര്‍കാറ്റ് വീശുന്നത്
നനുത്ത സുഗന്ധം പരക്കുന്നത്
നാം അറിയുന്നുണ്ട്.
ഇതിനുമപ്പുറം എന്തിന്
പ്രഖ്യാപനങ്ങള്‍ ! പരിരംഭണങ്ങള്‍ !
പക്ഷെ, അവസാനം മൗനമായ് വിടപറഞ്ഞപ്പോള്‍
നിന്റെ മിഴികളില്‍ മറ്റാരും കാണാതെ സമര്‍പ്പിച്ച നീര്‍ത്തുള്ളികള്‍
എന്റെ നെഞ്ചകം പൊള്ളിക്കുന്നുണ്ട്.
എങ്കിലും
നിന്റെ വിവാഹവേദിയില്‍
ഞാന്‍ ആഹ്ലാദവാനായി പ്രത്യക്ഷപ്പെട്ടത്
എന്തുകൊണ്ടാണെന്ന് നീ അമ്പരക്കുന്നുണ്ടാവും.
അശാന്തമായ രാവുകള്‍ക്കൊടുവില്‍
പ്രണയം നല്‍കിയ പുതിയ വെളിപാടുകളാണ് എന്റെ ആശ്വാസം.
യതാര്‍ത്ഥത്തില്‍ പ്രണയം പ്രപഞ്ചമത്രെ.
അത് സ്വയംഭൂവാണ് ; അനന്തവുമാണ്.
അതില്‍ നിന്നൊരു തരി എടുക്കാനും
ഒരു തരി തിരികെ കൊടുക്കാനും
ആര്‍ക്കും സാധ്യമല്ല.
ആയതിനാല്‍ അറിയുക :
നീ പുഷ്പമാല്യം ചാര്‍ത്തി സ്വീകരിച്ച
നിന്റെ ഇണയില്‍ ഞാനുണ്ട്.
ഇനിയെന്നോ ഞാന്‍ സ്വന്തമാക്കുന്ന
എന്റെ ഇണയില്‍ നീയും.

നിങ്ങളോട് :

പ്രണയിക്കുന്നവരെ, ഓര്‍ത്തു നോക്കു ;
പ്രണയത്തിനു വേണ്ടി ഏറ്റം തീവ്രമായ്
നിങ്ങളുടെ ഹൃദയം വിതുമ്പിയത്
നിങ്ങളുടെ കണ്ണുകള്‍ നീരണിഞ്ഞത്
നിങ്ങള്‍ ദിവാസ്വപ്നങ്ങളില്‍ ഒഴുകി നടന്നത്
പ്രഖ്യാപനത്തിന് മുന്‍പോ ശേഷമോ ?
അറിയുക :
പ്രഖ്യാപിക്കപ്പെടുമ്പോള്‍ പ്രണയം നശ്വര ജന്മമെടുക്കുന്നു.
സ്വയം സമര്‍പ്പിക്കുമ്പോള്‍ അത് നിശ്ചലമാകുന്നു
സ്വന്തമാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വാര്‍ത്ഥമയമാകുന്നു
ഒരു ചുമ്പനം കൊതിക്കുമ്പോള്‍ മൃഗതൃഷ്ണയാകുന്നു
സ്നേഹിക്കുക മാത്രം ചെയ്യുമ്പോള്‍ വെറും വികാരം മാത്രമാകുന്നു.
ഇതിലുമൊക്കെയും എത്രയോ ഉയരെയാണ് പ്രണയം !
വിഡ്ഡികളെ, പറയാന്‍ തുടങ്ങിയ നാവുകള്‍ പറിച്ചെറിയൂ
എഴുതാന്‍ തുടങ്ങിയ വിരലുകള്‍ ഞെരിച്ചൊടിക്കൂ
ഉള്ളിലാളിപ്പടര്‍ന്ന പ്രണയജ്വാല
ചൂടും വെളിച്ചവും പകര്‍ന്ന്
അനന്തമായി ജ്വലിച്ചുകൊണ്ടിരിക്കട്ടെ !

1 അഭിപ്രായം:

  1. അങ്ങനെ ഉള്ളിലൊതുക്കിയ എത്രയെത്ര പ്രണയങ്ങള്‍! അപ്പോള്‍ അതാണ്‌ യഥാര്‍ത്ഥ പ്രണയം!

    നല്ല ചിന്തകള്‍.
    രണ്ടാം ഭാഗം നോക്കട്ടെ, ഇനി മാറ്റിപ്പറയുമോ എന്ന് അറിയണമല്ലോ :)

    മറുപടിഇല്ലാതാക്കൂ