ശനിയാഴ്‌ച, ഒക്‌ടോബർ 16, 2010

പ്രണയവും ഗണിതവും

പ്രണയവും ഗണിതവും


ആത്മപ്രണയം ഒരു ബിന്ദുവായി കണക്കാക്കാം.
ആദിയും മദ്ധ്യവും അന്ത്യവും അതില്‍ തന്നെ.
പ്രണയം ഏകപക്ഷീയമാകുമ്പോള്‍
അതൊരു രശ്മിയാണ്.
ഒരു ബിന്ദുവില്‍ നിന്നാരംഭിച്ച് അനന്തതയിലേക്ക് നീണ്ടു പോകുന്നു.
രണ്ടുപേര്‍ തമ്മിലാവുമ്പോള്‍ പ്രണയം ഒരു രേഖാഖണ്ഡമാകുന്നു.
രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരിക്കലും മുറിയാത്ത ബന്ധം.
'എ' 'ബി'യേയും 'ബി' 'സി' യേയും
'സി' 'എ' യേയും പ്രണയിക്കുമ്പോള്‍
ത്രികോണങ്ങളെക്കുറിച്ച് പഠിക്കാം.
പ്രണയതീവ്രതയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്
സമപാര്‍ശ്വ, സമഭുജ, സമശീര്‍ഷ ത്രികോണങ്ങള്‍ നിര്‍മ്മിക്കാം.
മട്ടത്രികോണമെങ്കില്‍ ത്രികോണമിതി അംശബന്ധങ്ങള്‍ പഠിക്കാം.
പ്രണയസ്വപ്നങ്ങളുമായി 'ഡി'യും 'ഇ'യും 'എഫു'മൊക്കെ
ഇടയില്‍ കയറുന്നതോടെ
ബഹിര്‍ഭുജങ്ങളെ കുറിച്ചും പഠനമെളുപ്പമാകും.
പക്ഷെ, വളരെ മുന്‍പെന്നോ എയ്തുവിട്ട പ്രണയം
ഭൂഖണ്ഡങ്ങളും മഹാസ്മുദ്രങ്ങളും താണ്ടി വന്ന്
വീണ്ടും കുളിര്‍സ്പര്‍ശം പകരുമ്പോള്‍
ഗണിതം ഒരു വൃത്തമായ് വന്ന്
എന്നെ അത്ഭുതപ്പെടുത്തുന്നു.
ഈ വിശ്വവൃത്തത്തിന്റെ ആരമളന്ന്‍
ഭൂമിയില്‍,പ്രണയത്തിന്റെ ആഴവും പരപ്പും
ഗണിച്ചെടുക്കാമെന്ന് കണക്കു കൂട്ടുമ്പോള്‍
അസംഖ്യം വൃത്തങ്ങളും ദീര്‍ഘവൃത്തങ്ങളും ഉള്‍ച്ചേര്‍ന്ന
ഒരു സങ്കീര്‍ണ്ണനിര്‍മ്മിതിയാണ് ഭൂമിയെന്ന് അവള്‍ ചെവിയില്‍ നുള്ളുന്നു.

ഒന്നുമൊന്നും ചേര്‍ന്ന് 'ഇമ്മിണി ബെല്യ ഒന്നെന്ന്'* പ്രണയസങ്കലനം
അറിയാത്ത മാഷ്
പഠിക്കാതിരുന്നത് ബൂളിയന്‍ബീജഗണിതത്തിന്റെ ആധാരമെന്ന്
ഗണിതം കണ്ണുനീരൊഴുക്കുന്നു.

പക്ഷെ,ക്ലാസ്സ് മുറിയിലെ കറുത്ത പലകയില്‍ വെളുത്ത സമവാക്യങ്ങള്‍ വിടരുമ്പോള്‍
പുറകില്‍ കൈമാറിയ ദീര്‍ഘചതുരഹൃദയം കണ്ട്
പ്രണയം വീണ്ടും പുഞ്ചിരിക്കുന്നു :
" Without mathematics, world is a big Zero !"
----------------------------------------------------
*വൈക്കം മുഹമ്മദ് ബഷീര്‍ - ബാല്യകാലസഖി.


18 അഭിപ്രായങ്ങൾ:

  1. ഹായ് പതിവു പോലെ ഈ കവിതയും ഏറെ ഇഷ്റ്റപെട്ടൂ ..
    അതുപോലെ ബ്ലോഗിന്‍റെ പുതിയ ഛായമാറ്റവും ..

    വേള്‍ഡ് വൈഡ് വെബില്‍ തിരഞ്ഞ് കറങ്ങിനടക്കുന്നതിനിടയില്‍..
    പഴയ ഏതോ ഒരു പ്രണയശലഭം കാലത്തിന്‍റെ
    വലിയ ഭ്രമണപഥവും താണ്ടി നിനക്കടുത്തുകൂടെ വീണ്ടും കടന്നു പോയോ ..??

    കവിത വായിക്കുമ്പോള്‍ എന്തോ ഒരിത് .. ;

    മറുപടിഇല്ലാതാക്കൂ
  2. പ്രണയത്തെ കണക്കുമായി വളരെ മനോഹരമായി ബന്ധിച്ചിരിക്കുന്നു..
    നന്ദി വിഡ്ഢി....

    മറുപടിഇല്ലാതാക്കൂ
  3. പുതിയ layout ഇഷ്ടമായി.
    കവിതയുടെ layout വിഡ്ഢിമാന്റെ പഴയ കവിതകളുമായി താരതമ്യം ചെയ്‌താല്‍ ഇനിയും നന്നാവാം.

    മറുപടിഇല്ലാതാക്കൂ
  4. വേള്‍ഡ് വൈഡ് വെബില്‍ തിരഞ്ഞ് കറങ്ങിനടക്കുന്നതിനിടയില്‍..
    പഴയ ഏതോ ഒരു പ്രണയശലഭം കാലത്തിന്‍റെ
    വലിയ ഭ്രമണപഥവും താണ്ടി നിനക്കടുത്തുകൂടെ വീണ്ടും കടന്നു പോയോ ..??

    എടാ.. പ്രണയമാണ് എന്നെ വീണ്ടും തൊട്ടത്.. പ്രണയിനി അല്ല..മൃദുവായ് തലോടിയും ഗാഡമായ് പുണര്‍ന്നും പ്രണയം ജീവിതാവസാനം വരെ എന്നോടൊപ്പമുണ്ടാവണമെന്നാണാഗ്രഹം.

    മറുപടിഇല്ലാതാക്കൂ
  5. ഗണിതപരമായ ഒരു സംശയം..(ക്ഷമിക്കുക)
    "എ' 'ബി'യേയും 'ബി' 'സി' യേയും
    'സി' 'എ' യേയും പ്രണയിക്കുമ്പോള്‍
    ത്രികോണങ്ങളെക്കുറിച്ച് പഠിക്കാം."
    ഈ ത്രികോണം പൂര്‍ത്തിയാകണമെങ്കില്‍ ഇതില്‍ ആരെങ്കിലും "സ്വവര്‍ഗ്ഗ പ്രണയി "ആവണ്ടേ സുഹൃത്തേ?

    മറുപടിഇല്ലാതാക്കൂ
  6. അതിന്റെ ആവശ്യമുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  7. പ്രണയത്തെ ഗണിതപ്പലകയിൽ എഴുതിക്കൂട്ടിയത് മനോഹരം. പക്ഷേ, കവിത എന്ന സാഹിത്യസൃഷ്ടിക്ക് ചില മാനദണ്ഡങ്ങളൊക്കെയില്ലേ? ഇല്ലെന്നാണോ? അതോ, അങ്ങിനെയൊന്നുണ്ടെന്ന് ഞാൻ അബദ്ധവശാൽ ധരിച്ചുവശായതോ? പല കവിതകളും കാണുമ്പോൾ ചെറിയ ഒരു കഥയാണെന്നൊക്കെയാണെനിക്ക് തോന്നാറുള്ളത്. എന്തായാലും മേൽ സാഹിത്യ സൃഷ്ടി നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. @ചീരാമുളക്
    ചിലതെല്ലാം കവിതയാണോ കഥയാണോ എന്നെനിക്കു തന്നെ സംശയം തോന്നാറൂണ്ട് :)
    കവിതയോടടുത്തു നിൽക്കുന്നു എന്ന വിശ്വാസത്തിൽ കവിത എന്നു വിളിക്കാൻ ധൈര്യപ്പെടുന്നു.
    വൃത്തത്തിൽ, ഈണത്തിൽ കവിതയെഴുതുന്നവരാണ് യഥാർത്ഥ കവികളെന്ന് കരുതിയിരുന്നു. പക്ഷെ നെരൂദയുടെയും ജിബ്രാന്റെയുമൊക്കെ കവിതകൾ കണ്ടപ്പോൾ ആ ധാരണ മാറി.
    കഥ എന്നു തോന്നുന്ന കവിതകൾ ഏതാണെന്ന് അതാതിന്റെ ചുവട്ടിൽ ചൂണ്ടിക്കാണിച്ചാൽ സന്തോഷമായി..

    മറുപടിഇല്ലാതാക്കൂ
  9. ഭൂമിയുടെ സ്പന്ദനം..... - അപ്പോള്‍ ഗണിതമാണല്ലെ വിഷയം.

    മറുപടിഇല്ലാതാക്കൂ
  10. ബൂലോകത്തിന്‌റെ ഒാരോ സ്പന്ദനങ്ങളും ഇപ്പോള്‍ കണക്കിലാണല്ലോ ഭായ്‌.... ഒരു മട്ട ത്രികോണം വരച്ച്‌ ത്രികോണമിതി കണ്‌ടെത്താന്‍ കഴിഞ്ഞാല്‍ പ്രണയം വിജയിക്കുമത്രെ ! ഹിഹിഹി വേറെ നല്ല പോസ്റ്റ്‌ കൊണ്‌ട്‌ വാ ഭായ്‌...

    മറുപടിഇല്ലാതാക്കൂ
  11. നിന്നവൾ ബിന്ദു. വന്നവൾ രശ്മി. ഇപ്പോൾ ഞങ്ങൾക്കിടയിലെ പ്രണയം രേഖ... ഹഹഹ,എന്റെ പ്രണയമോ ഗണിതമോ പിഴച്ചതു! വായിച്ചപ്പോൾ ചിന്തിച്ചത്!! നന്നായി ഈ പരസ്പര ബാന്ധവം .

    മറുപടിഇല്ലാതാക്കൂ
  12. പ്രധാനപ്പെട്ട ഒന്ന് പ്രണയ ഗണിതത്തില്‍ വിട്ടുപോയില്ലേ??

    "O"


    :)

    മറുപടിഇല്ലാതാക്കൂ
  13. ആര്‍ഷ അഭിലാഷിന്റെ 2014 ലെ ബ്ലോഗ്‌ പോസ്റ്റ്‌ നിമിത്തം വിഡിമാന്‍ ചേട്ടന്റെ ഈ പോസ്ടിലേക്കെത്താന്‍ കഴിഞ്ഞു....സന്തോഷം അറിയിക്കുന്നു നാല് വര്‍ഷങ്ങള്‍ക്ക് ശേഷം

    മറുപടിഇല്ലാതാക്കൂ
  14. ഹാ! ജ്യാമിതിയിലെ മറ്റൊരു പ്രണയ വീക്ഷണം -ഇഷ്ടായി -പക്ഷേം ത്രികോണത്തിലെ മൂന്നാം ബിന്ദു എന്താണെന്നു കൂടി പറയണം :)

    മറുപടിഇല്ലാതാക്കൂ