വ്യാഴാഴ്‌ച, ജൂലൈ 29, 2010

നാം.

നാം.

ആനമയിലൊട്ടകം കളിച്ചിരുന്നപ്പോള്‍
നിലവിലുണ്ടായിരുന്നത് ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു.
അമ്പഴങ്ങയ്ക്കു പകരം വെളുത്ത പെന്‍സില്‍ തുണ്ടുകള്‍
ആകാശം കാണാതെ സൂക്ഷിച്ച മയില്‍‌പീലിനാരിനു പകരം
ഉപ്പിലിട്ട കണ്ണിമാങ്ങ.
പക്ഷെ പരന്നൊട്ടിയ വയറിലേക്കു പകുത്ത
പഴങ്കഞ്ഞിയ്ക്കു പകരം നല്‍കിയത് ഹൃദയമായിരുന്നു.
മാന്ത്രികരായിരുന്നു ഏവരും.
ചുണ്ടുകള്‍ വേഗം നിയന്ത്രിച്ചിരുന്ന വണ്ടികള്‍
നിമിഷാര്‍ദ്ധത്തില്‍ ലോറിയായും കാറായും തീവണ്ടിയായും
രൂപമാറ്റം വരുത്താന്‍ കഴിവുള്ളവര്‍.
ഒരേ ബഞ്ചിന്റെ രണ്ടറ്റത്തിരുന്ന്
വിപരീത ദിശകളില്‍ ബസ്സോടിച്ചിരുന്ന ജാലവിദ്യക്കാര്‍.
പക്ഷെ മണ്‍തരികളെ മനം പോലെ ഭക്ഷണമാക്കാനുള്ള
മന്ത്രവിദ്യമാത്രമറിയാതെ
വിശന്നു തളര്‍ന്നുറങ്ങിയവര്‍.
ധനതത്ത്വശാസ്ത്രത്തിന്ടെ അടിസ്ഥാന നിയമങ്ങളും
കേന്ദ്രബാങ്കിന്റെ നിബന്ധനകളും തള്ളിക്കളഞ്ഞ്
ആര്‍ക്കുമെപ്പോഴും പറിച്ചെടുക്കാവുന്ന
'പച്ചനോട്ടുകള്‍' കൊണ്ടു കണക്കുകള്‍ തീര്‍ത്തവര്‍.
പക്ഷെ മുതിര്‍ന്നവരുടെ സാമ്മ്റാജ്യങ്ങളുമായി
നാണയകൈമാറ്റവ്യവസ്ഥ നിലവില്ലാതിരുന്നതുകൊണ്ടു മാത്രം
മിഠായി ഭരണികളിലേക്ക് ഒടുങ്ങാത്ത നെടുവീര്‍പ്പുകള്‍
മാത്രമയക്കാന്‍ വിധിക്കപ്പെട്ടവര്‍.
മണ്ണെണ്ണപാട്ട ചെണ്ടയുടെയും ഓലപീപ്പിയുടെയും
അകമ്പടിയില്‍ സംഗീതവിരുന്നുകളൊരുക്കി ലോകത്തെ ഞെട്ടിച്ചവസാനം
പാടത്തെ ആറ്റക്കിളികളെ സംഗീതമഭ്യസിപ്പിക്കാന്‍
സ്ഥിരം ക്ഷണിതാക്കളായവര്‍.
പക്ഷെ തോളിലൂടെ കൈയ്യിട്ടിരുന്ന് ആയത്തില്‍ പാട്ടുകള്‍ പാടിയപ്പോള്‍
കൈകള്‍ കോര്‍ത്തത് കരളുകള്‍ തമ്മിലായിരുന്നു.
മരണവീടുകളില്‍ ഇരുട്ടത്തിരുന്ന്
പ്രേതകഥകള്‍ വിളമ്പി കേള്വിക്കാരെ വിറപ്പിച്ചിരുന്ന ബ്രാം സ്റ്റോക്കര്‍മാര്‍.
പക്ഷെ നേരിയ നിലാവില്‍ അകലെ മിന്നി മറഞ്ഞ വെളുത്ത ആള്‌രൂപം കണ്ട്
ആദ്യമായി കൂട്ടിയിടിച്ച മുട്ടുകള്‍ കഥ പറച്ചിലുകാരന്റ്റേതായിരുന്നു.
കണ്ണാടിച്ചിലില്‍ നിന്ന് ചിതറിയ സൂര്യ വെളിച്ചം
വെള്ളം നിറച്ച ബള്‍ബിനിപ്പൂറം ചിത്രഫലകത്തിലേക്ക് പടര്‍ത്തി
ചുമരില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്ത ശാസ്ത്ര വിശാരദര്‍.
പക്ഷെ 'യുറേക്ക ' എന്ന് ഉടുതുണിയില്ലാതെ ഓടിയത്
നിശബ്ദമായി കരയില്‍ തമ്പിട്ടുനിന്ന
ജലക്റീഡാവിരോധികളുടെ പിന്നിലൊളിപ്പിച്ചു പിടിച്ച
ചൂരല്‍വടികള്‍ കണ്ടുപിടിച്ചതു കൊണ്ടായിരുന്നു.
കാലാവസ്ഥാമുന്നറിയിപ്പുകള്‍ പുല്ലുപോലെ അവഗണിച്ച്
പടിഞ്ഞാറെ തോട്ടില്‍ പിണ്ടിച്ചങ്ങാടത്തിലുരുന്ന്
സധൈര്യം മല്‍സ്യബന്ധനം നടത്തിയവര്‍.
പക്ഷെ കിട്ടിയ ചെറുമീനുകളെക്കാള്‍
ചൂണ്ടയില്‍ നിന്ന് ആരും കാണാതെ വഴുതിപ്പോയ
മീനിന് എന്നും ആനയോളമായിരുന്നു വലിപ്പം.
കള്ളനും‌പോലീസുംകളിച്ചവസാനം
കള്ളന്‍, കള്ളന്‍ ജയനേയും
പോലീസ്, പോലീസ് ജയനേയും
മനസ്സിലോര്‍ത്ത്
പൂഴിമണ്ണില്‍ 'റ്റിഷ്യൂം റ്റിഷ്യും' കൊമ്പുകള്‍ കോര്‍ത്തവര്‍.
പക്ഷെ നിലം പതിച്ച കള്ളന്റെ നിലവിളി നിര്‍ത്താന്‍
കൈക്കൂലി കൊടുത്തു തോറ്റത് പോലീസുകാരനായിരുന്നു.

ഓരോ നിമിഷവും വളരണമെന്നാഗ്രഹിച്ച്
ഇടവഴികളിലും പാടവരമ്പുകളിലും ഓടിയും നടന്നും
വളര്‍ന്നെത്തി മുതിര്‍ന്നവരുടെ ലോകങ്ങള്‍ സ്വന്തമാക്കിയവര്‍.
പക്ഷെ തിരിഞ്ഞു നോക്കിയപ്പോള്‍
നഷ്ടപ്പെട്ടത്
അമ്മയുടെ മടിത്തട്ടും
അച്ഛന്റെ താരാട്ടും
കളിക്കൂട്ടുകാരുടെ നിര്‍മലാലിംഗനങ്ങളും
സ്വപ്നലോകങ്ങള്‍ സൃഷ്ടിക്കാനുള്ള ജാലവിദ്യാമന്ത്രങ്ങളുമാണെന്നറിഞ്ഞ്
തരിച്ചു നില്‍ക്കുന്നവര്‍.

17 അഭിപ്രായങ്ങൾ:

 1. എത്ര വ്യക്തവും സുന്ദരവുമായ ഫ്ള്ാഷ്ബാക്ക്.നന്ദി!ഇനിയും വരട്ടെ ഇതുപോലുള്ള സ്രിഷ്ട്ടികള്.

  മറുപടിഇല്ലാതാക്കൂ
 2. മനോജ്.. ഇതിപ്പോള്‍ മൂന്നോ നാലോ തവണയാണ്
  ഈ കവിത ഞാനിവിടെ വന്ന് വായിക്കുന്നത് ..

  ആര്‍ദ്രം ..

  വായിച്ചപ്പോള്‍ 'ബാലശാപങ്ങള്‍' എന്ന കവിത പെട്ടന്ന്
  ഓര്‍മ്മയില്‍ വന്നു പോയി എങ്കിലും ..
  നിന്‍റെ കയ്യൊപ്പുകള്‍ ഈ ഓര്‍മ്മചെപ്പില്‍ എവിടെയും നിറഞ്ഞിരിക്കുന്നു ..

  'മാന്ത്രികരായിരുന്നു ഏവരും.
  ചുണ്ടുകള്‍ വേഗം നിയന്ത്രിച്ചിരുന്ന വണ്ടികള്‍
  നിമിഷാര്‍ദ്ധത്തില്‍ ലോറിയായും കാറായും തീവണ്ടിയായും
  രൂപമാറ്റം വരുത്താന്‍ കഴിവുള്ളവര്‍. ..'

  "കാലാവസ്ഥാമുന്നറിയിപ്പുകള്‍ പുല്ലുപോലെ അവഗണിച്ച്
  പടിഞ്ഞാറെ തോട്ടില്‍ പിണ്ടിച്ചങ്ങാടത്തിലുരുന്ന്
  സധൈര്യം മല്‍സ്യബന്ധനം നടത്തിയവര്‍.
  പക്ഷെ കിട്ടിയ ചെറുമീനുകളെക്കാള്‍
  ചൂണ്ടയില്‍ നിന്ന് ആരും കാണാതെ വഴുതിപ്പോയ
  മീനിന് എന്നും ആനയോളമായിരുന്നു വലിപ്പം"

  പക്ഷെ തോളിലൂടെ കൈയ്യിട്ടിരുന്ന് ആയത്തില്‍ പാട്ടുകള്‍ പാടിയപ്പോള്‍
  കൈകള്‍ കോര്‍ത്തത് കരളുകള്‍ തമ്മിലായിരുന്നു..

  ലളിതം ... പേലവം ... സൂക്ഷ്മം ..

  മുടുക്കന്‍ !!

  മറുപടിഇല്ലാതാക്കൂ
 3. കിട്ടുന്ന കാലത്ത് വേണ്ട വിധം ആസ്വദിക്കാതെ, ഇപ്പോൾ ആ നഷ്ടങ്ങളെക്കുറിച്ച് വിലപിച്ചിട്ടും കണ്ണീർ വാർത്തിട്ടും എന്തു കാര്യം ? നമുക്ക് അതൊന്നും നഷ്ടപ്പെടാതെ സൂക്ഷിക്കാം, സംരക്ഷിക്കാം നാളെയുടെ,നമ്മുടെ മക്കൾക്കായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കിട്ടിയ കാലത്ത് വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട് മണ്ടൂസാ.. അതുകൊണ്ടാണു നഷ്ടങ്ങളെക്കുറിച്ചോർത്തു വിലപിക്കുന്നത്

   ഇല്ലാതാക്കൂ
 4. അതി മനോഹരമായി.. ശരിക്കും ഇഷ്ടപ്പെട്ടു..

  മറുപടിഇല്ലാതാക്കൂ
 5. വളരെ ഇഷ്ടായി ............നന്ദി വിഡ്ഢിമാന്‍ ..................................:) (മനോജേട്ടാ )

  മറുപടിഇല്ലാതാക്കൂ
 6. സന്തോസായി മനോജേട്ടാ ,കിടു പോസ്റ്റ്‌ ..

  മറുപടിഇല്ലാതാക്കൂ
 7. നഷ്ടസ്വപ്നങ്ങള്‍............. നല്ല ബാല്യങ്ങള്‍.
  നന്നായി അവതരിപ്പിച്ചു.
  ആശംസകള്‍ മനോജ്‌.

  മറുപടിഇല്ലാതാക്കൂ