ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012

മൃഗശാല



മൃഗശാല


ഇന്നത്തെ ഉദയാസ്തമയപൂജ വഴിവാട് നൽകിയിരിക്കുന്നത് രാമകൃഷ്ണൻ……….ദേശം,……..നക്ഷത്രംഎന്ന് മൈക്കിലൂടെ ഒഴുകി വന്നപ്പോൾ പ്രാർഥിച്ച് കൈകൂപ്പി നിൽക്കുകയായിരുന്ന രാമകൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു. ‘ഭഗവാനേ.. എത്രനാൾ കാത്തിരുന്നിട്ടാണ് നിന്നെയൊന്ന് മനം നിറഞ്ഞ് സേവിക്കാനവസരം കിട്ടുന്നത്. വിനീത ഭക്തന്റെ പൂജാമലരുകൾ സ്വീകരിച്ചനുഗ്രഹിച്ചാലും” . ശയനപ്രദക്ഷിണം നടത്തിയപ്പോൾ ശരീരത്തിൽ തറഞ്ഞ മൺ‌തരികൾ നുറുങ്ങു വേദനകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രാമകൃഷ്ണനതു കാര്യമാക്കിയില്ല. ഭഗവാന്റെ നിർലോഭമായ അനുഗ്രഹമാണ് പ്രധാനം. തലേന്ന് മുഴുവൻ അയാൾമാതാജിയുടെ ആശ്രമത്തിലായിരുന്നു. പ്രദേശത്തെ മാതാഭക്തശിരോമണിയാണ് രാമകൃഷ്ണൻ. (പ്രഥമസ്ഥാനീയ ഭക്തർക്ക് മാത്രം ലഭ്യമാവുന്ന പദവിയാണത് ). പ്രാർത്ഥനകളിലും അർച്ചനകളിലും പങ്കെടുത്ത്, ഒരു മാസത്തേയ്ക്ക് വേണ്ട അനുഗ്രഹങ്ങൾ അവിടെ നിന്നും സംഭരിച്ചിട്ടുണ്ട്. രണ്ടിടത്ത് നിന്നുമുള്ള അനുഗ്രഹങ്ങൾ നേടിയാലെ രാമകൃഷ്ണന് മനസ്സിനൊരു തൃപ്തി വരുള്ളു.
അനുഗ്രഹിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഒന്നാമനായി നിലനിൽക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് വഴിപാട് , സംഭാവന രശീതികളിലും ഒന്നാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാത്തയാളാണ് രാമകൃഷ്ണൻ. എപ്പോഴും ഭക്തരിൽ ഭക്തൻ, ദാസ്യരിൽ ദാസ്യൻ.
രാത്രി : യജമാനന്റെ കൊട്ടാരം
തന്റെ വേട്ടപ്പട്ടികൾക്ക് വിരുന്നൊരുക്കുകയാണ് യജമാനൻ. കറുത്ത് മിനുങ്ങുന്ന ശരീരമുള്ള, കൂർത്ത പല്ലുകളും തിളങ്ങുന്ന കണ്ണുകളും കൂർമ്മ ബുദ്ധിയുമുള്ള ഉശിരൻ വേട്ടനായ്ക്കൾ. തനിക്കേറ്റവും പ്രിയപ്പെട്ട മിടുമിടുക്കൻ വേട്ടനായയാരെന്ന് യജമാനൻ പ്രഖ്യാപിക്കുന്ന സന്ദർഭം കൂടിയാണത്. അദ്ദേഹത്തിന്റെ സമ്പന്നതയുടെ ഓഹരികൾക്കും മറ്റ് സമ്മാനങ്ങൾക്കും പുറമെ, വിജയിക്ക് കറുമുറെ തിന്നാൻ ഒരു ഇളം പെണ്ണാടിനെയും ഒരുക്കി നിർത്തിയിരിക്കുന്നു.
എല്ലാത്തവണത്തേയും പോലെ ഇത്തവണയും രാമകൃഷ്ണൻ തന്നെയായിരിക്കും വിജയി എന്ന് രാമകൃഷ്ണനും യജമാനനും മറ്റ് വേട്ടനായകൾക്കും ( അതിന്റെ നിരാശ അവറ്റയുടെ മുഖത്തുണ്ട് ! ) ധാരണയുണ്ട്. രാമകൃഷ്ണനല്ലാതെ മറ്റാർക്കാണതിന് യോഗ്യത ! – മറ്റെല്ലാ വേട്ടനായ്ക്കളും ഓടിത്തളരുന്നിടത്താ‍ണ് അയാൾ വിജയ ഗാഥ രചിക്കുന്നത്. കാലങ്ങളായി മേഞ്ഞു നടന്നിരുന്ന ആട്ടിൻപറ്റങ്ങളെ തുരത്തിയോടിച്ച് മലയോരത്തെ കണ്ണെത്താപുൽമേടുകൾ യജമാനന് സ്വന്തമാക്കി കൊടുത്താണ് രാമകൃഷ്ണൻ ഇത്തവണ പ്രാഗത്ഭ്യം തെളിയിച്ചത്.
കാടിവെള്ളം കുടിച്ച്, പുല്ലും പച്ചിലകളും തിന്ന് മേഞ്ഞു നടന്നിരുന്ന ആടുകളുടെ ഇടയിലേക്ക് രാമകൃഷ്ണൻ ആട്ടിൻ‌തോലണിഞ്ഞാണ് കടന്നു ചെന്നത്. സൌജന്യങ്ങളും സദ്യകളും പ്രഭാഷണങ്ങളും നോട്ടീസുകളും രഹസ്യമായി തീറ്റിച്ച് ചിലയെണ്ണത്തിന് കാവിരോമങ്ങളും മറ്റ് ചിലതിന് പച്ചരോമങ്ങളും മുളപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ ചില പച്ചക്കൂടുകൾക്കും കാവിക്കൂടുകൾക്കും മുന്നിൽ കാട്ടമിട്ടു ; മൂത്രം മുള്ളി. ആടുകൾക്ക് പണ്ടെന്നത്തേക്കാളും വിവരമില്ലാതായതുകൊണ്ട് പിന്നെ മറ്റൊന്നും ചെയ്യേണ്ടി വന്നില്ല. അവറ്റ പരസ്പരം കൊമ്പുകൾ കോർത്തു;കുത്തിമലർത്തി. കുത്തിമലർത്തിക്കൊണ്ടേയിരുന്നു. അവശേഷിക്കുന്നവയെ യഥാർത്ഥ രൂപത്തിൽ ചെന്ന് പല്ലിളിച്ചു കാണിച്ച് തുരത്തിയോടിച്ചു. വിജയം പരമാവധി ആസ്വദിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പാലായനം തുടങ്ങിയ നാലഞ്ച് പെണ്ണാടുകളുടെ മേൽ കയറിയിറങ്ങുന്നതിനും രാമകൃഷ്ണനാട് സമയവും ആനന്ദവും കണ്ടെത്തി.
യജമാനന് ആകാശസൌധങ്ങൾ തീർക്കാൻ ആടുകളെയും മാടുകളെയും തുരത്തിയോടിച്ച് മതിലുകൾ തീർക്കുന്ന ബുദ്ധിമാനായ,വിശ്വസ്തനായ വേട്ടപ്പട്ടിയാണ് രാമകൃഷ്ണൻ.
പകൽ : ഒരു സുഹൃത്തിന്റെ കൂട്
യാത്രക്കിടയിൽ ചില നാട്ടുകാരെ കണ്ടു. രാമകൃഷ്ണൻ ചിരിച്ചോ ? ഇല്ലേ ? രാമകൃഷ്ണനറിഞ്ഞു കൂടാ..കന്നിമാസത്തിലെത്തി നിൽക്കുന്ന ഒരു നായക്ക് പരിചയക്കാരെ കാണുമ്പോൾ വാലാട്ടാനറിഞ്ഞു കൂടാ.എന്നു മാത്രമല്ല, ചിലപ്പോൾ കുരച്ചു ചാടിയെന്നും വരും. അതിനിപ്പോൾ ആകെ ഒരു വിചാരമേയുള്ളു. അല്പം മുന്നിലായി വിലാസവതിയായ ഒരു പെൺപട്ടി നടക്കുന്നു. അയാളുടെ കൂട്ടുനായയുടെ പെൺപട്ടി. അവളുടെ മുന്നിലേക്ക് എല്ലിൻ തുണ്ടുകളും മാംസക്കഷണങ്ങളും ഇട്ടുകൊടുത്ത് തൊട്ടുംതലോടിയും കുസൃതി കാണിച്ചും ഏറെ നാളായി നടക്കുന്നുണ്ടെങ്കിലും അവൾ വശംവദയായകുന്നത് ഇപ്പോഴാണ്. ഉച്ചയൂണിന് ശേഷം അവൾക്ക് ചുറ്റും തഞ്ചത്തിൽ വാലാട്ടി, പിൻഭാഗം മണത്ത് ഉരുമ്മി നടന്നപ്പോൾ അവൾ പറഞ്ഞിരുന്നു. : “ സാറിപ്പോ തന്നെ ഇങ്ങനെ മണം പിടിച്ചു നടക്കല്ലേ.. രാധ കുറെ നേരമായി ശ്രദ്ധിക്കുന്നുണ്ട്. ഞാൻ പറഞ്ഞില്ലേ..ഒക്കെ റെഡിയാണ്. ഫ്ലാറ്റിലാരും‌ല്ല്യ. ഞാനെറങ്ങി കൊറച്ചെറങ്ങിയിട്ടേ സാറെറങ്ങാവൂ..”
അവളുടെ പിന്നാലെ വാലാട്ടി കൂടിനുള്ളിലേയ്ക്ക് കടക്കുമ്പോൾ രാമകൃഷ്ണൻ ഉദ്ധതനായ കന്നിമാസത്തിലെ ശ്വാവാണ്.
സായാഹ്നം : വീട്
രാമകൃഷ്ണൻ പടി കടന്നെത്തുമ്പോൾ പുൽത്തകിടിയിൽ മകളും അവളുടെ പ്രിയപ്പെട്ട നായയും. അവളുടെ മാറത്ത് കൈകളമർത്തി കൈയ്യിലുയർത്തിപ്പിടിച്ചിരിക്കുന്ന ബിസ്ക്കറ്റിലേക്ക് കൊതിയോടെ നോക്കുന്ന നായ. അങ്ങനെ നിൽക്കുമ്പോൾ ഒരു രതിക്ക് തയ്യാറായിട്ടെന്ന വണ്ണം അവന്റെ അവയവം പുറത്തേയ്ക്ക് ചുവന്ന് നീണ്ട്..മകൾ ചിരിക്കുന്നു. “ നിലത്ത് നിൽക്കെടാ ബ്ലഡിരാമകൃഷ്ണൻ ഉച്ചത്തിൽ കുരച്ചു. തന്നെക്കാൾ ഉച്ചത്തിൽ, ശക്തമായ കുര കേട്ട് നായ മോങ്ങി, വാലു ചുരുട്ടി കൂട്ടിൽ പോയൊളിച്ചു. രാമകൃഷ്ണൻ അമർഷം തീരാതെ നായയെ നോക്കി മുരണ്ടു. പെൺകുട്ടിയെ നോക്കി മൃദുവായി മുരണ്ടുകൊണ്ടു തന്നെ വാലാട്ടി. അവൾ പകച്ച കണ്ണുകളോടെ അയാളെ നോക്കി.
പകൽ : പ്രവർത്തിയിടം
ആയിരം മദയാനയെക്കാൾ മദയാനയാണ് രാമകൃഷ്ണൻ. ഒരു കരിമ്പിൻ തോട്ടത്തിനു വേണ്ടി എന്തും ചെയ്യുന്നവൻ.ഭയങ്കരൻ.ഒറ്റയാൻ. പക്ഷെ ഉടമക്ക് പ്രിയങ്കരൻ.    
അല്പം മുമ്പു വരെ രാമകൃഷ്ണൻ മണ്ണിലിറങ്ങാനുള്ള അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു.ഭരണതമ്പുരാനും ഉദ്യോഗതമ്പുരാനും നേരത്തെ തന്നെ അനുവാദം കൊടുത്തതാണ് ( വാങ്ങിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് രാമകൃഷ്ണനറിയാം ) . പുതിയ സമ്പ്രദായമനുസരിച്ച് സാധുതതമ്പുരാന്റെ അനുമതി കൂടെ വേണം. അതും ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. സ്വല്പം വൈകും, അത്രമാത്രം. മൂന്നാം തമ്പുരാന്റെ അനുമതി ചുറ്റികയടിച്ചറിയിച്ചയുടൻ രാമകൃഷ്ണൻ ആയിരം കൊമ്പുകളും തുമ്പികളുമുള്ള മദം കൊണ്ട് മഞ്ഞച്ച കൊമ്പനായി മണ്ണിലിറങ്ങി.തുമ്പി കൊണ്ട് മരങ്ങൾ പിഴുതെറിഞ്ഞു.കൊമ്പുകൾ മണ്ണിലാഴ്ത്തി ഇളക്കിമറിച്ചു. ഓരോ കാൽക്കീഴിലും ചെറു സസ്യജീവജാലങ്ങളെ ഞെരിച്ചമർത്തി. വെട്ടിത്തിരിഞ്ഞ് കുടിലുകളോരോന്നായി പിഴുതെറിഞ്ഞു. ഇടത്തോട്ടും വലത്തോട്ടും മേല്പോട്ടും കീഴ്പ്പോട്ടും തുമ്പികളുയർത്തി അട്ടഹസിച്ച്, നിരപ്പിന്റെ അവസാനമെത്തിയപ്പോൽ രാമകൃഷ്ണൻ തിരിഞ്ഞു നോക്കി. സ്തനങ്ങൾ ഞെരിച്ച്, പ്രജനനാവയവങ്ങൾ ആഴത്തിൽ പിളർന്നടച്ച് ധമനികളൂറ്റി താൻ കൊന്നടക്കിയ മണ്ണിന്റെ ഉപരിതല മിനുസത്തിൽ മൃദുവായി തഴുകി മിനുസം പരിശോധിച്ച്, തൃപ്തിയടഞ്ഞ് അനിഷേധ്യനായി ചിന്നംവിളിച്ചു. അവിടവിടെ നിന്ന് കുരച്ചു ചാടി വന്ന എല്ലുന്തിയ നാട്ടുപട്ടികളെ അടിച്ചോടിക്കാൻ ആവശ്യത്തിന് കാക്കി നായ്ക്കളെ മൂന്ന് തമ്പുരാക്കന്മാരും അനുവദിച്ചു തന്നിരുന്നതുകൊണ്ട് അവറ്റകളെ ഒന്നും ചെയ്യേണ്ടി വന്നില്ല.
പകൽ : ഒരു പഞ്ചനക്ഷത്രമാളം
രാമകൃഷ്ണൻ അഞ്ചരആറടി നീളം വരുന്ന ഒരുഗ്രൻ പാമ്പാണ്. പക്ഷെ ഇര വിഴുങ്ങി കിടക്കുന്നതുകൊണ്ട് പുളയാൻ വയ്യ.
ഒരു മണിക്കൂർ മുമ്പാണ് ഉടമ പാമ്പാട്ടി മകുടിയൂതി അയാളെ പുതിയ വിജയമാഘോഷിക്കാൻ മാളത്തിലേക്ക് ക്ഷണിച്ചത്. ഇഷ്ടവിഭവങ്ങളായ ചുവന്ന പാലും ഇണപ്പാമ്പുമായിരുന്നു സൽക്കാര വിഭവങ്ങൾ. ഏതു വേണമെന്ന് രാമകൃഷ്ണനാദ്യം ശങ്കിച്ചു. പാൽ സ്വല്പം അകത്താക്കിയാൽ ഉശിര് കൂട്ടാമെന്ന് കരുതിയാണ് കുപ്പിക്കഴുത്ത് വിഴുങ്ങിയത്. പക്ഷെ എന്തു ചെയ്യാം ! സ്വയമറിയാതെ മുഴുവനായങ്ങ് വിഴുങ്ങിപ്പോയി. ഇണപ്പാമ്പ് ആവുന്നത്ര ചെയ്യുന്നുണ്ട്. സഹായിക്കുന്നുണ്ട്. പക്ഷെ അവൾ ചുറ്റിവരിയുമ്പോൾ അയാൾ അയഞ്ഞുപോകുന്നു. അല്പസമയത്തിനകം അവൾ ഇഴഞ്ഞുപോകുമെന്നോർത്ത് രാമകൃഷ്ണൻ ദേഷ്യത്തോടെ, പകയോടെ ചീറുന്നുണ്ട്, പകുതിയുയർന്ന് ആഞ്ഞു കൊത്തുന്നുണ്ട്. പക്ഷെ, ദുർബലം.
പകൽ : അവധി ദിവസം, വീട്, പിന്നാമ്പുറ മുറി
നീണ്ട കഴുത്ത്, കഷണ്ടിത്തല, വളഞ്ഞ് കൂർത്ത കൊക്കുകളും നഖങ്ങളും. സൂഷ്മതയുള്ള നോട്ടം. രാമകൃഷ്ണൻ ആയാസപ്പെട്ട് പറന്ന് കട്ടിളയിൽ ഇരിപ്പുറപ്പിച്ചു. കഴുത്തു നീട്ടി ശ്രദ്ധാപൂർവം വീക്ഷിച്ചു :“അനക്കമുണ്ടോ ..അധികനാളില്ലെന്ന് ഡോക്ടർ പറഞ്ഞതാണ്. ചത്താൽ ആദ്യം കൊത്തിപ്പറിച്ചെടുക്കേണ്ടത് ശുഷ്ക്കിച്ച മുലകൾക്കിടയിലൂടെ നെഞ്ചോട് ചേർന്ന് കിടക്കുന്ന തിളങ്ങുന്ന ചരടാണ്. അഞ്ചു പവൻ വരുമത്. പിന്നെ ഇരു കൈകളിൽ..’ രാമകൃഷ്ണൻ വെറുതെ ചിറകു കുടഞ്ഞ്അമ്മേയെന്ന് വികൃതമായൊന്ന് കരഞ്ഞു. “ ഇപ്പോഴറിയാം കട്ടിലിലെ പ്രാകൃതരൂപം കണ്ണു തുറന്നു. എന്തൊക്കെയോ ഞരങ്ങി. “ഇല്ല. സമയമായിട്ടില്ല..സാരമില്ല, കാത്തിരിക്കാം..” രാമകൃഷ്ണൻ പറന്നകന്നു.
രാത്രി : വീട്, മകന്റെ മുറി
രാമകൃഷ്ണൻ അധികാരദണ്ഢുയർത്തി വായുവിൽ ചുഴറ്റി. മകൻ നാലുകാലുകളിൽ നിർഗുണൻ, മണ്ടൻ, കാമം കരഞ്ഞു തീർക്കുന്ന ജീവിവർഗ്ഗം എന്നൊക്കെ രാമകൃഷ്ണൻ വിളിക്കുമെങ്കിലും വംശവർദ്ധനാ തന്ത്രങ്ങളിൽ പ്രാവീണ്യം നേടിയവൻ. അച്ഛന്റെ ചെയ്തികളെ മാറി നിന്ന് പഠിച്ചാസ്വദിക്കുന്നവൻ. ഇപ്പോൾ ഭാണ്ഡങ്ങൾ ചുമക്കാൻ വിധിക്കപ്പെട്ടവനെങ്കിലും അടുത്ത രാമകൃഷ്ണൻ. “നിന്നോട് എസ്സെകൾ കൂടി പഠിക്കാൻ പറഞ്ഞിട്ടില്ലേ ഞാൻരാമകൃഷ്ണൻ അലറി. എന്തൊക്കെയോ ഭാണ്ഡങ്ങൾ കൂടി പയ്യന്റെ പുറത്തു വന്നു വീണു. അവൻ വേദനയോടെ, വിമ്മിട്ടത്തോടെ ഞരങ്ങി. നാളെ മുതൽ വിഴുപ്പു ഭാണ്ഡങ്ങൾ കൂടി അവൻ വിദ്യാലയത്തിലേക്കും തിരിച്ചും ചുമക്കേണ്ടിയിരിക്കുന്നു.
രാത്രി : മകളുടെ മുറി
വെളുപ്പും കറുപ്പും നിറഞ്ഞ രോമാവൃതമായ ശരീരം. തിളങ്ങുന്ന കണ്ണുകൾ. പതിഞ്ഞ കാലടികളോടെ രാമകൃഷ്ണൻ വാതിൽക്കലെത്തി കരഞ്ഞു. “മ്യാവൂ..” മകൾ പഠിക്കുകയായിരുന്നിടത്തു നിന്ന് തലയുയർത്തി നോക്കി. രാമകൃഷ്ണൻ അകത്തേക്കു വന്ന് പെൺകുട്ടിയെ മുട്ടിയുരുമ്മി. “മതി മോളെ.. ഇത്ര വായിച്ചാൽ മതി. പതിന്നൊന്നരയായി. കിടന്നോളൂ ഇനി..എക്സാമിനേഷനായാലും ഒരു റെസ്റ്റൊക്കെ വേണ്ടേ ..”. മകൾ അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു. എപ്പോഴും കുരച്ചു ചാടാ‍റുള്ള അച്ഛനെപ്പോഴാണ് ഇത്ര പാവം പൂച്ചയായി പരിണമിച്ചത് ! കണ്ണുകളിൽ എത്ര സ്നേഹം ! അല്പനേരം കൂടി തഴുകി തലോടിയുരുമ്മി നിന്ന് അവളുടെ കണങ്കാലിൽ കാൽനഖം കൊണ്ട് മൃദുവായൊന്ന് കോറി നിശബ്ദ പാദപതനങ്ങളോടെ പൂച്ച പുറത്തേക്ക് പോകുമ്പോൾ താൻ സ്വപ്നം കാണൂകതന്നെയായിരിക്കുമെന്നാണ് പെൺകുട്ടി ഓർത്തത്.
രാത്രി : വീട്, അടുക്കള
ഇരുട്ട്. രാമകൃഷ്ണ പൂച്ച നിശബ്ദ പാദപതനങ്ങളോടെ അകത്തെത്തിയിട്ട് നേരമേറെയായി. നിമ്ന്നോതികളിലെ വിയർപ്പും പാചകാവശിഷ്ടങ്ങളും നക്കിത്തോർത്തി , മാംസളതകൾ കടിച്ചു വലിച്ച് ഭുജിച്ചുകൊണ്ടിരിക്കുന്നു. പെൺപൂച്ച ഇക്കിളിപ്പെട്ട് അമർന്നു ചിരിക്കുന്നു. ഇരുട്ടിൽ, ജനാലക്കപ്പുറത്ത് മറ്റ് രണ്ടു പൂച്ച കണ്ണുകൾ തിളങ്ങുന്നത് രാമകൃഷ്ണപ്പൂച്ച കാണുന്നില്ല. അവൻ കൊതിയോടെ കാത്തിരിപ്പാണ്. അച്ഛൻ പൂച്ച ഇറങ്ങിപ്പോയിട്ട് വേണം അവന്റെ വിശപ്പ് മാറ്റാൻ.
യജമാനന്റെ കൂടാരം
രാമകൃഷ്ണൻ ബുദ്ധികുർമ്മതയും മിടുക്കും ചങ്കൂറ്റവും താൻപോരിമയുമുള്ള ഒരു മുട്ടൻ ഒട്ടകമാണ്. തലയ്ക്കിടം ചോദിച്ച് കൂടാരം തന്നെ സ്വന്തമാക്കിയവൻ.
പുറത്ത് പൊള്ളുന്ന വെയിൽ. കൂടാരത്തിനുള്ളിൽ യന്ത്രം സൃഷ്ടിക്കുന്ന തണുപ്പ്. സ്വർണ്ണത്തരികൾ തിളങ്ങുന്ന തറകളും ചുമരുകളും. പട്ടുപരവതാനികൾ. നീന്തൽക്കുളങ്ങൾ.കൃത്രിമമായ ജലധാര. ഓരോ വിളിയും കാതോർത്ത് സുഭഗകളായ ദാസിപ്പെണ്ണുങ്ങൾ. പണിതുയർത്തുമ്പോൾ തന്നെ സ്വന്തമാക്കണമെന്ന് നിനച്ചതാണ് രാമകൃഷ്ണൻ . സ്വന്തമാക്കിയിരിക്കുന്നു. ഒക്കെ തന്റെ മിടുക്കും ഭഗവാന്റെയും മാതാജിയുടെയും അനുഗ്രഹങ്ങളും.
വിജയങ്ങളുടെ പ്രതിഫലമായി രാമകൃഷ്ണനു കിട്ടിയത് യജമാനന്റെ സമ്പന്ന കൂടാരത്തിനുള്ളിൽ തല കടത്താനുള്ളയിടം മാത്രം. പുറത്തെ പ്രാരാബ്ധങ്ങൾ പറഞ്ഞപേക്ഷിച്ച് കഴുത്തിനുള്ളയിടം കൂടി നേടിയെടുത്തു. വരുമാനക്കരം‌പിരിവുകാരെക്കൊണ്ട് ഓരിയിടീച്ച് യജമാനന്റെ ശ്രദ്ധ മാറ്റി പകുതിയോളം കടന്നു. ആരും കാണാതെ നെടുംതൂൺ കുലുക്കി പരിഭ്രമം വിതച്ച് മുക്കാൽ ഭാഗത്തോളം പ്രവേശിച്ചു. തുടർന്ന് യജമാനനെ പുറത്താക്കാനുള്ള തൊഴി തുടങ്ങി. രഹസ്യമായി രാമകൃഷ്ണനനൊട്ടകത്തിന്റെ പുറത്തിരുന്ന് രസം പിടിച്ച യജമാന പത്നിയും മകളും ( എത്ര ദൂരം പുറത്തിരുന്ന് സഞ്ചരിച്ചാലും തളരാത്ത രസികൾ ഒട്ടകമാണ് രാമകൃഷ്ണനെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു ) ഇരുട്ടിൽ നിന്ന് സഹായിച്ചു.
ലക്ഷ്യം വരിക്കാൻ വിശ്വാസ്യതയുടെയും വിശ്വാസവഞ്ചനയുടെയും കരുക്കൾ ഒരു പോലെ നീക്കാൻ പഠിക്കണമെന്ന് രാമകൃഷ്ണൻ സിദ്ധാന്തിക്കുന്നു. ആദ്യം വിശ്വാസ്യതയുടെ കുറച്ച് കാലാളുകളെ കുരുതി കൊടുക്കണം. പിന്നെ, സാമ്രാജ്യത്തിനുള്ളിൽ കടന്നു കയറി ആന, കുതിര, തേര്, മന്ത്രി എന്നിവകൊണ്ട് ചുറ്റും വളഞ്ഞ് ഒരു ചെക്ക്, ആഞ്ഞൊരു വെട്ട്. ..ക്ലോസ് !. യജമാനൻ കളി മറന്നുപോയെങ്കിൽ അതയാളുടെ തെറ്റ്, അയാളുടെ വീഴ്ച്ച.
ഇപ്പോൾ യജമാനൻ കൂടാരത്തിനു പുറത്ത് കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് അലയുന്നു. സ്ത്രീകളെയും ഒട്ടകങ്ങളെയും വിശ്വസിക്കരുതെന്ന് മണലിലിരുന്ന് അണമുറയിരുന്നു. പാവം !
തന്റെ പുറത്ത് മാറിമാറിയിരുന്ന് യാത്ര ചെയ്ത് ശല്യം സൃഷ്ടിക്കുന്ന അമ്മയെയും മകളെയും തമ്മിൽ തല്ലിച്ച് തലതകർത്തവശരാക്കി കയങ്ങളിൽ തള്ളുന്നത് കുറച്ചു കഴിഞ്ഞു മതി എന്നാണ് രാമകൃഷ്ണൻ തീരുമാനിച്ചിരിക്കുന്നത്.
ഒഴിവുദിനം: വീട്
രാമകൃഷ്ണൻ പുലർച്ചെയും അതിനുശേഷവും പലവട്ടം കൂവുകയും ചേവലിടുകയും ചെയ്യുന്ന മൂത്ത പൂവൻ കോഴി. ഒഴിവുദിനങ്ങൾ അവന്റെ പിടക്കോഴിക്ക് പേടി സ്വപ്നം.
എല്ലാവരും ഒരുമിച്ചുള്ളപ്പോഴും അവളെ വലംചുറ്റി നടക്കുകയും കാലുകൊണ്ട് തോണ്ടുകയും കൊത്തിവലിക്കുകയും ചെയ്യുന്നത് രാമകൃഷ്ണന്റെ വിനോദമാണ്. ഒന്നും കാണാത്തതുപോലെ എല്ലാം കണ്ട് ഒന്നുമറിയാത്തതുപോലെ എല്ലാമറിഞ്ഞ് കുട്ടികൾ ചിക്കിപ്പരത്തി നടക്കുമ്പോൾ പിടക്കോഴി ഓടിപ്പറന്ന് മറ്റൊരാക്രമണം പ്രതീക്ഷിച്ച് കിടക്കയിലമരും. അയാൾക്കു തന്നെ മതിയാവുന്നില്ലെന്നതുകൊണ്ടു മാത്രം മറ്റൊരു ഭാര്യയും ചെയ്യാത്ത വിട്ടുവീഴ്ച്ചകൾക്ക് താൻ തയ്യാറാവുന്നില്ലേയെന്നും പിന്നെയുമെന്തിനാണുപദ്രവിക്കുന്നതെന്നും അവൾ കൊക്കി കരയും.രാമകൃഷ്ണനത് ഗൌനിക്കാറില്ല.
വലതുകാലുയർത്തി, അവൾക്കു ചുറ്റും വൃത്തത്തിൽ വലംവെച്ച് പ്രത്യേകഭാഷയിൽ കൊക്കി താനൊരു പൂവൻ‌കോഴിയാണെന്ന വിവരം രാമകൃഷ്ണൻ സസന്തോഷം അംഗീകരിക്കും. നാട്ടുകാർ കാൺകെ കൊക്കി ബഹളമുണ്ടാക്കി മുമ്പേ ഓടുകയും മറ്റൊരിടത്ത് ചെന്ന് പതുങ്ങിയിരുന്ന് പൂവൻ‌കോഴികളെ പ്രതീക്ഷിക്കുകയുമാണ് പിടക്കോഴികളുടെ മനശാസ്ത്രമെന്ന് കൂവും. ചേവലുകളാസ്വദിക്കാനും അനുഭവിക്കാനുമാണ് പിടക്കോഴികളെ സൃഷ്ടിച്ചിരിക്കുന്നത്. അവൾ മാത്രം ഏറെ വാരിവലിച്ചു തിന്നുകൊഴുത്ത് ഓരോ ചലനത്തിലും കിതക്കുന്ന കാസരോഗിയായ ഇറച്ചിക്കോഴിയായത് അവളുടെ കുഴപ്പം.അവളുടെ മാത്രം വീഴ്ച്ച. രാമകൃഷ്ണൻ വീണ്ടും ഉച്ചത്തിലൊന്ന് കൂവി, അങ്കവാ‍ലുയർത്തി, ചിറകുകൾ വിടർത്തി, കൊക്കുകൾ കൂർപ്പിച്ച് അവളുടെ മുകളിലേക്ക് ചാടിക്കയറും. ആണും പെണ്ണും തമ്മിൽ നടക്കുന്നത് കുട്ടികൾ അറിയാത്തതൊന്നുമല്ല. അവർ കണ്ടാലെന്ത് ? കണ്ടില്ലെങ്കിലെന്ത് !

പുലർച്ചെ : വീട്


ഒഴിവുദിനങ്ങളിൽ പതിവുള്ള കോട്ടുവായോടെ രാമകൃഷ്ണൻ ഉണർന്നു. തൂവലുകൾ, അങ്കവാലുൾപ്പെടെ മെത്തയിൽ കൊഴിഞ്ഞുകിടന്നിരുന്നു.അയാൾ കണ്ണാടിയിലേക്ക് നോക്കി. ഒരു മുഴുത്ത ചെമ്പൻ കുതിര ! സമൃദ്ധമായ കുഞ്ചിരോമങ്ങൾ, ഉറച്ച മാംസപേശികൾ, മനോഹരമായ വാൽ. ഏറെ നാളായി ഒരു കുതിരയെ സ്വപ്നം കാണുന്നെങ്കിലും അതിന്നുതന്നെ ആയതെന്തെന്ന് ഓർത്തയാൾ അതിശയപ്പെട്ടു. മെത്തയിൽ നിറഞ്ഞുകിടക്കുകയാണ് കുതിര. അയാൾ ഒന്നെഴുന്നേൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. കിടന്നുകഴിഞ്ഞാൽ എഴുന്നേൽക്കാൻ പ്രയാസമുള്ളതുകൊണ്ട് കുതിരകൾ നിന്നാണ് ഉറങ്ങാറുള്ളതെന്നയാൾ ഓർത്തു. പക്ഷെ ആരോഗ്യമുളള കുതിരയ്ക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. കൈകാലുകൾ ഒന്നു കുടഞ്ഞെറിഞ്ഞ്, ഒരു ആക്കത്തോടെ രാമകൃഷ്ണനെഴുനേറ്റു. എന്തൊരു പൊക്കം ! എന്തൊരു വലുപ്പം ! എത്ര ചെറുപ്പം ! ജീനിയുടെയും കടിഞ്ഞാണിന്റെയും ബന്ധനമില്ലാത്ത, സർവതന്ത്രസ്വതന്ത്രനാ‍യ കരുത്തൻ, മുട്ടാളൻ, സുന്ദരൻ കുതിര ! വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുന്ന രാജസൂയയാഗാശ്വം.‘ആരൊരാളീ കുതിരയെ കെട്ടുവാൻ ! ആരൊരാളിതിൻ മാർഗ്ഗം മുടക്കുവാൻ !’ അയാൾ തൃപ്തിയിലൊന്ന് ചിനച്ചു. വെറുതെ പല്ലിറുമ്മി. മുറിയിലങ്ങോട്ടുമിങ്ങോട്ടും കുളമ്പടികൾ വെച്ചു.ഇനിയെന്താണ് വേണ്ടത് ? ഓരോ അണുവും ത്രസിക്കുന്നു. ആരെയാണിനി കീഴടക്കേണ്ടത് ? ചെവിയുയർത്തി വട്ടം പിടിച്ചു.മൂക്ക് വിടർത്തി.ആരാണവിടെ ശബ്ദിക്കുന്നത് ? എവിടെ നിന്നാണൊരു ഗന്ധം ? അതെ..ഒരു പെൺകുതിരയുടെ മസൃണമായ ഗന്ധമാണത്. തനെ പെൺകുതിര കഴുതക്കുട്ടിക്കൊപ്പം സദ്യയിൽ മുതിര തിന്നാൻ പോകുമെന്ന് തലേന്നു തന്നെ പറഞ്ഞുവെച്ചിരുന്നത് രാമകൃഷ്ണനോർത്തു.അടുക്കളയിലെ എല്ലിച്ച കുതിരയെയും അയാൾ തന്നെയാണ് പറഞ്ഞു വിട്ടത്അതെ, ഇത് തീർച്ചയായും അവരുടെ മണമല്ല. ആണിന്റെ വിയർപ്പണിഞ്ഞിട്ടില്ലാത്ത ഒരു കന്യകയായ കുതിരയുടെ ഗന്ധമാണിത്. എവിടെ നിന്നാവാം ഗന്ധമെന്ന് കിണഞ്ഞോർത്തു കൊണ്ടിരിക്കെ മുകളിൽ വീണ്ടുമൊരു ചിനച്ചിൽ കേട്ടു. ഒപ്പം ഒരു പട്ടികുരയും. ഗന്ധത്തിന്റെ ഉറവിടം ഒരു മിന്നൽ പോലെ രാമകൃഷ്ണൻ തിരിച്ചറിഞ്ഞു. തന്റെ പുൽമേടുകളിൽ മേഞ്ഞുവളർന്നവൾ. തന്റെ..കുതിര ഒന്നു കൂടി ഉണർന്നു. പേശികൾ ത്രസിച്ചു. തൃപ്തിയോടെ ഉച്ചത്തിൽ ചിനച്ച്, കുതിരകൾ മറ്റുള്ളവരെ നോക്കി മോണകൾ പുറത്തുകാട്ടി പുച്ഛത്തിൽ ചിരിക്കാറുള്ള ചിരി വിതറി, പല്ലിറുമ്മി, കുളമ്പടികൾക്ക് കീഴെ മാർബിൾ തറയും ഏണിപ്പടിയും തകർത്ത് മുകളിലേക്ക് പായുമ്പോൾ രാമകൃഷ്ണക്കുതിര ഓർത്തു. ‘ലായത്തിന്റെ കൊളുത്തുകൾ കൈകൾ കൊണ്ട് തൊഴിച്ചു തുറക്കണം. നിസ്സാരൻ പട്ടിയെ കാലുകൾകൊണ്ട് തോണ്ടിയെറിയണം. എന്നിട്ട്
മുയൽ ഒരു നിശബ്ദജീവിയാണ്. കാഴ്ച്ചയിൽ പെട്ടില്ലെങ്കിൽ അതെന്താണ് ചെയ്യുന്നതെന്നുപോലും നാമറിയില്ല. മനുഷർക്കിടയിൽ, മനുഷ്യർ വളരത്തുന്ന മുയലുകൾ വെളുത്ത്, സുന്ദരരും സൌമ്യരുമായി കാണപ്പെടുന്നു. പക്ഷെ, ഒരു പ്രശ്നമുണ്ട്. അമ്മമുയൽ വയറൊഴിഞ്ഞ നറും‌പൈതങ്ങളെ അടങ്ങാത്ത വിശപ്പുള്ള ചില അച്ഛൻ‌മുയലുകൾ ഭക്ഷണമാക്കിയേക്കാം. അതൊഴിവാക്കാനാണത്ര അവയെ പ്രസവത്തിനു മുമ്പുതന്നെ മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നത്. രാമകൃഷ്ണനിപ്പോൾ വെളുത്ത്, സുന്ദരനും സൌമ്യനുമായ ഒരു തന്തമുയലാണ്. ഇതും കഴിഞ്ഞ് രാമകൃഷ്ണൻ അളിഞ്ഞ മൃതശരീരങ്ങൾ കുറ്റിക്കാടുകൾക്കിടയിൽ രഹസ്യമായൊളിപ്പിച്ച് മറ്റാരുമറിയാതെ തിന്നു തീർക്കുന്ന കഴുതപ്പുലിയാകും. അതുകഴിഞ്ഞ് പുഴയോളം കണ്ണീരൊഴുക്കുന്ന മുതലയാകും. അതും കഴിഞ്ഞ്.
ക്ഷമിക്കണം.മാനവവിജയഗാഥകളുടെ അനിവാര്യതകളിൽ വിശ്വസിക്കുന്നവർ ചരിത്രം ശുഭപര്യവസായി ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇനിയുള്ള വരികൾ അവർക്കു വേണ്ടി മാത്രം.
അതുംകഴിഞ്ഞ് രാമകൃഷ്ണൻ സുഖമായുറങ്ങും. പുലർച്ചെ ആരാധനപ്പുരകളിലും ആശ്രമങ്ങളിലും പോകും.വഴിപാടുകളും സംഭാവനകളും ഉദാരമാക്കും. പ്രാർത്ഥനകളിലും അർച്ചനകളിലും പങ്കെടുക്കും. നമ്മളിലൊരാളാവും. ചിലപ്പോൾ നമ്മെക്കാളുയരെ, നാം ആരാധിക്കുന്ന


മാധ്യമം ആഴ്ച്ചപ്പതിപ്പ്  2005 ഏപ്രിൽ 8
-----------------------------------
ചിത്രങ്ങൾ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ നിന്ന്

ബുധനാഴ്‌ച, ജനുവരി 04, 2012

രണ്ടു മനുഷ്യർക്കിടയിൽ


രണ്ടു മനുഷ്യർക്കിടയിൽ

ഹിമക്കാറ്റിൽ, മുഖത്താരോ മൂടിയിട്ടുപോയ തുണി മറ്റെങ്ങോ പറന്നുപോകുകയും മഞ്ഞുതുള്ളികൾ മിഴികളിൽ അടർന്നുവീഴുകയും ചെയ്തപ്പോഴാണ് അയാളുണർന്നത്.

അഭൌമമായ മറ്റൊരു ലോകത്തേയ്ക്കാണ് താൻ കണ്ണുതുറന്നതെന്നാണ് അയാൾ അല്പനേരത്തേയ്ക്ക് ധരിച്ചുപോയത്. പക്ഷെ മുറിവേറ്റ് ഒടിഞ്ഞു തൂങ്ങിയ അവയവങ്ങൾ തിരിച്ചു നൽകുന്ന തീവ്രനോവുകളുടെ കൂട്ടപ്പൊരിച്ചിലിൽ, വീണിടത്തു തന്നെയാണ് താനിപ്പോഴും കിടക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു.

ആസകലം വെടിയുണ്ടകളേറ്റ ശരീരത്തിൽ നിന്നും മഞ്ഞിന്റെ ധവളിമയിലേക്കൊഴുകിയ രക്തം , ഭൂപടങ്ങളിൽ കണ്ടു മടുത്ത നദികളുടെ ചിത്രീകരണം പോലെ തോന്നിച്ചു. മഞ്ഞ് മൂടിയ കുന്നിൻ‌ചെരിവിന്റെ മദ്ധ്യഭാഗത്ത് , ഒരു ചെറിയ ദേവദാരു വൃക്ഷത്തിന്റെ താഴെയാണയാൾ കിടന്നിരുന്നത്. ബോധം തിരിച്ചുകിട്ടി അല്പസമയത്തിനു ശേഷം അയാൾ സാവധാനം തലയുയർത്തി താഴേക്ക് (അവിടെയായിരുന്നു അവരുടെ സംഘം തമ്പടിച്ചിരുന്നത് ) നോക്കി. വെളുപ്പിന്റെ വിശുദ്ധിയിൽ പറ്റിയ ഇരുണ്ട കളങ്കങ്ങളായി അയാളുടെ സഹപ്രവർത്തകർ താഴെ ചലനമറ്റു കിടന്നിരുന്നു.. അവസാനപ്രതീക്ഷയും അണഞ്ഞ നിരാശയോടെ അയാൾ കണ്ണുകളടച്ചു.

അവരുടെ സംഘത്തിനു കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ടും നിർദേശവും അനുസരിച്ച്, കുന്നുകൾക്കപ്പുറത്ത് ആയുധപരിശീലനം നടത്തുന്ന ഒരു ചെറുസംഘം തീവ്രവാദികളെ ജീവനോടെ പിടികൂടുക, അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രം അമർച്ച ചെയ്യുക ; ഇത്രയേ അവർ ചെയ്യേണ്ടിയിരുന്നുള്ളു. മറ്റു ദൌത്യങ്ങളെ അപേക്ഷിച്ചിടത്തോളം, വളരെ ലഘുവായ ഒന്നായിരുന്നു അതെന്നുള്ളതുകൊണ്ട് അവരാരും തന്നെ ഗൌരവമുള്ള തയ്യാറെടുപ്പുകൾ നടത്തിയതുമില്ല.

പക്ഷെ കുന്നിന്റെ പകുതി വരെ എത്തുമ്പോഴേക്കും ശത്രുക്കൾ അവരുടെ നീക്കം മണത്തറിയുകയും കുന്നിൻ‌മുകളിൽ വന്ന് ബോംബുകളും വെടിയുണ്ടകളും താഴേക്ക് വർഷിക്കുകയും ചെയ്തു. ശത്രുക്കളുടെ ബാഹുല്യം അമ്പരിപ്പിക്കും വിധത്തിൽ വലുതാണെന്നും പരിശീലനം നേടിയ ശത്രുഭടന്മാർ അവർക്കിടയിൽ ധാരാളമുണ്ടെന്നും അപ്പോൾ മാത്രമാണ് അവർ തിരിച്ചറിഞ്ഞത്.

പക്ഷെ വൈകിപ്പോയിരുന്നു. കടുത്ത,അപ്രതീക്ഷിതമായ അക്രമണത്തിൽ അയാളുടെ സംഘത്തിന് അടിപതറി. വെടിയുണ്ടകളും ഷെൽ‌വർഷങ്ങളുമേറ്റ് മരങ്ങളുടെ മറവിലേയ്ക്ക് പിൻ‌വാങ്ങിയ ശേഷമുണ്ടായ ചെറുത്തുനില്പ് ദുർബലമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ പിന്തുണയ്ക്കെത്തുന്ന അടുത്ത സൈനികസംഘം കാതങ്ങളോളം ദൂരെനിന്ന് മഞ്ഞിലൂടെ നടന്ന് ഇവിടെയെത്താൻ മണിക്കൂറുകളെടുക്കുമെന്നുള്ളത് എല്ലാവരേയും മാനസികമായി തളർത്തി. അടിയന്തിര ഘട്ടങ്ങളിൽ ആകെ ഇടപെടാൻ കഴിയുന്ന വ്യോമസേനയുടെ സഹായമഭ്യർത്ഥിച്ച് സന്ദേശമയച്ചെങ്കിലും അനുകൂലമായ ഒരു പ്രതികരണം അവരാരും പ്രതീക്ഷിച്ചിരുന്നില്ല.

അഥവാ അങ്ങനെയൊരു അത്ഭുതം സംഭവിച്ചാൽ തന്നെ,നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹെലിക്കോപ്റ്ററുകൾ ഇവിടെയെത്തിച്ചേരാൻ പിന്നെയും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും . പ്രതീക്ഷകളെല്ലാം അസ്തമിച്ച്, സഹപ്രവർത്തകരോന്നോയി വെടിയുണ്ടകളേറ്റ് ഈയ്യലുകൾ പോലെ നിലം പതിച്ചുകൊണ്ടിരുന്നത് അയാൾ അറിഞ്ഞു കൊണ്ടിരുന്നു. വെടിയുണ്ടകളേറ്റ് മരത്തിനു പുറകിലേക്ക് പിൻ‌വാങ്ങിയ ശേഷം, തന്റെ തൊട്ടിപ്പുറത്ത് വീണു പൊട്ടിയ ഒരു ബോംബിന്റെ ഉഗ്രസ്ഫോടന ശബ്ദം മാത്രമാണ് അയാളുടെ ഓർമ്മയിൽ അവസാനമായുണ്ടായിരുന്നത്..

ബോധം തിരിച്ചുകിട്ടിയതിൽ അയാൾക്കനുനിമിഷം നിരാശയും ദുഃഖവും തോന്നി. പരാജയത്തിന്റെ പടുകുഴിയിൽ വീണടിഞ്ഞു കിടക്കുമ്പോൾ, മരണത്തിലേക്കുള്ള ദൂരം ഏതാനും ചില മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , ഒരായിരം സൂചികൾ ഒരുമിച്ചിറക്കുന്ന നോവും അതിനെക്കാൾ തീവ്രമായ ഓർമ്മകളും തിരികെ സമ്മാനിക്കാൻ വേണ്ടി മാത്രം എന്തിനാണീ നശിച്ച ബോധം തിരികെ വന്നത് !

ചിലപ്പോൾ ഹെലിക്കോപ്റ്ററുകൾ കൃത്യതയോടെ ശത്രുക്കളുടെ മേൽ ബോംബിങ്ങ് നടത്തിയിരിക്കാം, അവരെ ഒന്നടങ്കം കൊന്നൊടുക്കിയിരിക്കാം. പൈൻ‌മരങ്ങളെ പോലും വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഹിമക്കാറ്റ് മൂലമായിരിക്കാം തുടർന്നുള്ള രക്ഷാദൌത്യത്തിന് ഹെലിക്കോപ്റ്ററുകൾ എത്താതിരിക്കുന്നത് - അയാൾ ആശ്വസിക്കാൻ ശ്രമിച്ചു. ആദ്യസന്ദേശത്തിനു തന്നെ , അടുത്തുള്ള സൈനികസംഘം മഞ്ഞിലൂടെ ഇങ്ങോട്ടു നീങ്ങാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, അവർക്കിനിയിവിടെയെത്താൻ നാലഞ്ച് മണിക്കൂറുകൾ മതി..പക്ഷെ മിക്കവാറും അവർക്കു തിരികെ കൊണ്ടുപോകാനുണ്ടാകുക തണുത്തുമരവിച്ച കുറെ മൃതദേഹങ്ങൾ മാത്രമാവും.

അഥവാ ഇനിയാരെങ്കിലും ജീവനോടെ ശേഷിച്ചിട്ടുണ്ടെങ്കിൽ തന്നെ ,മുറിവുകളിലൂടെ മഞ്ഞ് അരിച്ചു കയറിയ കുറെ അവയവങ്ങൾ നീക്കം ചെയ്തുമാത്രമെ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകാൻ കഴിയൂ..വർഷക്കാലത്ത്, കാലുകൾ രണ്ടും വെട്ടിയെടുക്കപ്പെട്ടതിനുശേഷം, കൈകൾ കൊണ്ട് നിരങ്ങിച്ചാടി കുഴിയിൽ മറഞ്ഞിരുന്ന തവളകളെ അയാൾക്കോർമ്മ വന്നു. തവളകളെയൊക്കെ പാതി ജീവനോടെ ആ കുഴിയിലിട്ട് മൂടും. ഇവിടെ പക്ഷെ, ജീവൻ തിരികെ ലഭിച്ചേക്കാം, അത്രമാത്രം.

അപ്പോൾ, അപ്പോഴും ജാഗ്രത്തായിരുന്ന ഒരു സൈനികന്റെ ആറാമിന്ദ്രിയം അയാളുടെ ദൃഷ്ടികൾ മുകളിലേക്കുയർത്തി. കുന്നിന്മുകളിൽ, ഏകദേശം തന്റെ നേരെ മുകളിൽ, ഒരാൾ‌രൂപം ചലിക്കുന്നുണ്ടെന്ന് അയാൾക്കു തോന്നി.

തോന്നലല്ല ; ഒരാളുണ്ട് !!

അയാളുടെ രോമങ്ങളെണീറ്റു. മരത്തിനു പുറകിൽ ഒന്നുകൂടി മറഞ്ഞിരുന്ന് തോക്കെടുത്ത് ഉന്നം പിടിക്കുന്നതിനെകുറിച്ച് അയാൾ ആലോചിച്ചു. പക്ഷെ കൈ ! എവിടെയാണ് കൈ ?

തൊട്ടപ്പുറത്ത് മഞ്ഞിനുള്ളിൽനിന്ന് പുതുനാമ്പുകൾ പോലെ ഉയർന്നു നിൽക്കുന്ന വിരലുകളും കൈപ്പത്തിയും തന്റേതുതന്നെയാണോ ? അതോ ബോംബു വീഴുന്നതിനു ഒരു സെക്കന്റ് മുമ്പ് ഫ്ലാസ്ക് എറിഞ്ഞു തന്ന സെൽ‌വരാജിന്റേതോ ? വേരു പോലെ മഞ്ഞിലേക്കാണ്ടുപോയിരിക്കുന്ന ഈ വലതുകൈയ്ക്ക് എന്താണു സംഭവിച്ചത് !! ആലോചിക്കാൻ നേരമില്ല. ശത്രുവിൽ നിന്ന് കണ്ണെടുക്കാതെ അയാൾ ഇടതുകൈ ചലിപ്പിച്ചു നോക്കി.. ഭാഗ്യം ! അതവിടെയുണ്ട്.. ചൂണ്ടു വിരലുൾപ്പെടെ മൂന്നു വിരലുകൾ ചലിക്കുന്നുണ്ട്..പക്ഷെ എല്ലുകൾ നുറുങ്ങുന്ന വേദനയ്ക്കിടയിൽ , തോക്കെടുത്ത് മരത്തോട് ചേർത്തു വെച്ച് ഉന്നം പിടിയ്ക്കാൻ താൻ ഏറെ സമയമെടുത്തുവെന്ന് അയാൾക്കു തോന്നി. അവിടെയങ്ങനെ പതിഞ്ഞമർന്നു കിടന്ന് ഇടതുകൈകൊണ്ട് ഉന്നം പിടിയ്ക്കുമ്പോൾ തന്റെ ലക്ഷ്യത്തെക്കുറിച്ച് അയാൾക്കൊട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല.

ശത്രു തോക്ക് വലതുകൈയ്യിലൂന്നി നിന്ന് താഴേക്ക് നോക്കുന്നുണ്ടായിരുന്നു. വൃക്ഷശിഖരത്തിൽ പറന്നിരുന്ന് താഴെയുള്ള ഇരകളെ കൂർമ്മതയോടെ നോക്കുന്ന കഴുകനെ അവൻ ഓർമ്മപ്പെടുത്തി. ഇപ്പോഴവൻ ഇങ്ങോട്ടു തന്നെയാണ് നോക്കുന്നത്.. ഒരു പക്ഷെ മരത്തിനു പുറകിലെ ചലനം അവൻ കണ്ടിരിക്കാം.ശത്രുവിന്റെ വലതുകൈ സാവധാനം അവന്റെ പുറകിലെ ബാഗിലേക്കു നീങ്ങുന്നത് അയാൾ കണ്ടു..ഇനിയൊട്ടും അമാന്തിക്കാനില്ല..ഒരാളെങ്കിൽ ഒരാൾ
ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത് – അയാൾ നിറയൊഴിച്ചതും എതിരാളി ബാഗിൽ നിന്ന് ബോംബെടുത്ത് വലിച്ചെറിഞ്ഞതും.

താഴ്‌വരയുടെ നിശബ്ദസാഗരത്തിൽ ഘോരശബ്ദത്തിന്റെ രാക്ഷസതിരമാലകളുയർത്തി കൊണ്ട് സ്ഫോടനശബ്ദം മുഴങ്ങി.

തോക്കിന്റെ റീക്കോയിലിൽ മേലാസകലം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട് അയാൾ പല്ലു ഞെരിച്ചു. എതിരാളി വലിച്ചെറിഞ്ഞ ബോംബ് അയാളുടെ ഏതാനും മീറ്റർ മുൻപിൽ വലതുവശത്താണ് വീണു പൊട്ടിയത്. സ്ഫോടനത്തിൽ മഞ്ഞും മൺ‌തരികളും അയാളുടെ ദേഹത്തേയ്ക്ക് തെറിച്ചു.

വെടി കൊണ്ടതുകൊണ്ടാണോ അതോ എറിഞ്ഞതിന്റെ ആയത്തിലാണോ എതിരാളി മുന്നോട്ടുചായുന്നതെന്ന് അയാൾക്കു വ്യക്തമായില്ല. പിന്നെ അയാളെ അമ്പരപ്പിച്ചുകൊണ്ട് ശത്രു മുന്നോട്ട് വീഴുകയും ലക്ഷ്യം തെറ്റിയ ഒരു സ്ലെഡ്ജിനെപ്പോലെ മഞ്ഞിലൂടെ കുത്തിയും മറഞ്ഞും താഴോട്ടിഴുകുകയും ചെയ്തു. മരങ്ങളിൽ തട്ടിയും തടഞ്ഞും അവസാനമവൻ തൊട്ടു മുൻപ് താൻ തന്നെ ബോംബെറിഞ്ഞുണ്ടായ ഗർത്തത്തിൽ വന്നു പതിച്ചത് അയാൾ കണ്ടു . അവനോടൊപ്പം മുകളിൽ നിന്നിടിഞ്ഞ കുറച്ച് മഞ്ഞു പാളികളും ആ കുഴിയിൽ വന്നടിഞ്ഞു.

എതിരാളി അതിനുള്ളിൽ കിടന്ന് ഞരങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു. അവന് വെടി കൊണ്ടിരിക്കണം ! അയാൾക്കാഹ്ലാദവും അഭിമാനവും തോന്നി. പക്ഷെ തോക്ക് അവിടെ നിന്നുയർത്തി, മരത്തിനു വലതുവശത്തോട് ചേർത്ത് പുതിയ സ്ഥാനത്തേയ്ക്ക് ഉന്നം പിടിയ്ക്കുക ഈ കിടപ്പിൽ കിടന്ന് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും നിരാശ വന്നയാളെ പൊതിഞ്ഞു. ആ കുഴിയിൽ നിന്നു കയറിയാൽ ഇനിയവന്റെ ബോംബിന്റെ ലക്ഷ്യം തെറ്റില്ല..അല്ലെങ്കിൽ ഇനിയിങ്ങനെ കിടന്നിട്ടെന്തിനാണ് ! അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.
എതിരാളി കുഴിയിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിന്റെ സൂചനകൾ ദൃശ്യമായിരുന്നു. മഞ്ഞിന്റെ വിളുമ്പിൽ , താഴേക്കുള്ള വിടവിലൂടെ ആദ്യം ഒരു കൈ പ്രത്യക്ഷപ്പെട്ടു. പിന്നെ കമ്പിളി കൊണ്ട് മൂടിയ തല. പരിക്കേറ്റതുകൊണ്ടാവാം അവൻ ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നതെന്ന് അയാൾ കണക്കു കൂട്ടി.

ഒടുവിൽ തല പകുതിയോളം പുറത്തേയ്ക്ക് വന്നു. മഞ്ഞിൽ തിളങ്ങുന്ന രണ്ട് വെള്ളിനക്ഷത്രങ്ങൾ പോലെ അവന്റെ ദൃഷ്ടികൾ ദൃശ്യമായി. അയാൾ കിടന്നിടത്തേയ്ക്ക് തന്നെയാണ് അവൻ നോക്കിയത്. അയാളും കണ്ണിമ തെറ്റാതെ നോക്കി കിടക്കുകയായിരുന്നു. ഏറെ നേരം നാലു കണ്ണുകൾ പരസ്പരം ഏറ്റുമുട്ടി.

അയാൾക്ക് അനങ്ങാനാവില്ലെന്ന് ഉറപ്പു വന്നതിനാലാവണം, അപരൻ കുറച്ചു കൂടി പുറത്തേയ്ക്ക് തല നീട്ടി : “ പരദേശിപ്പന്നീ..നീയെന്തിനാണെന്നെ വെടിവെച്ചത് ? അല്ലെങ്കിലും ഞാൻ ചാവുമായിരുന്നു ! ” അവൻ കരയുന്ന സ്വരത്തിൽ പറഞ്ഞു. പ്രായം തികയാത്ത ഒരു ചെറുക്കന്റെ സ്വരമായിരുന്നു അവന്

“ എന്റെ തോക്കും ബാഗും മുകളിലേതോ മരത്തിനിടയിൽ കുടുങ്ങിപ്പോയി..അല്ലെങ്ങെ നിന്റെ കഥ ഞാനിപ്പോ കഴിച്ചേനെ..”

അയാളൊന്നും മിണ്ടാതെ അവനെ തറപ്പിച്ചു നോക്കി കിടന്നു. അവൻ പറഞ്ഞത് ശുദ്ധനുണയായിരിക്കണം - അവന്റെ ഇടതുകൈ ഇപ്പോഴും കുഴിക്കുള്ളിലാണ്, അയാൾ ഓർത്തു. പിന്നെ സർവശക്തിയുമെടുത്ത് കിടന്നിടത്തുനിന്നെണിറ്റ് തോക്കുയർത്താൻ ശ്രമിച്ചു. മഞ്ഞിൽ പുതഞ്ഞു പോയ പകുതി ശരീരവും ഒരു നങ്കൂരം പോലെ ആഴത്തിലെവിടെയോ ഉറച്ചുപോയ വലം കൈയ്യും അയാളുടെ എല്ലാ ശ്രമങ്ങളും വിഫലമാക്കി. തലയും ഇടതുകൈയ്യും മാത്രം ചെറുതായി ഇളക്കാനാവുന്നുണ്ട്..

“ ചെകുത്താനേ.. ഈ അവസ്ഥയിൽ കിടന്ന് നീയാ തോക്കൊന്നുയർത്തുന്നത് എനിക്കു കാണണം.. ഒരു കത്തി, അല്ലെങ്കിൽ ഒരു മരക്കൊമ്പെങ്കിലും എന്റെ കൈയ്യിൽ ശേഷിച്ചിരുന്നെങ്കിൽ ഇഴഞ്ഞുവന്ന് ഒറ്റക്കുത്തിനു നിന്റെ പണി ഞാൻ തീർത്തേനെ..”

എതിരാളിയുടെ പരിഹാസം അയാളുടെ രക്തം തിളപ്പിച്ചു. പക്ഷെ തീർത്തും നിസ്സഹായനാ‍ണ് താനെന്നോർത്ത് അയാൾ പല്ലു ഞെരിച്ചു.
അവൻ കുഴിയിൽ നിന്നിഴഞ്ഞ് പകുതിയോളം പുറത്തു വന്നു.

അപ്പോഴാണയാളതു കണ്ടത് -  അവന്റെ ഇടതുവശം രക്തപങ്കിലമാണ്.ഇടതുകൈ ഒടിഞ്ഞു തൂങ്ങികിടക്കുന്നു..ചിലയിടത്ത് മാംസം ചീന്തിപ്പോയിരിക്കുന്നു. കണ്ടിടത്തോളം പരിക്കുകൾ വെച്ച്, അവനും ഏറെ സമയം ആയുസ്സില്ല. അയാൾ തീർച്ചപ്പെടുത്തി.

“ കണ്ടോ ചെകുത്താനേ ? നിന്റെ ഹെലിക്കോപ്റ്ററുകൾ ചെയ്ത പണിയാണ്.. നിങ്ങൾ തിരിച്ചടിക്കുമെന്ന് ഉറപ്പുണ്ടായതുകൊണ്ടാണ് ഞങ്ങൾ വേഗം പിൻ‌വാങ്ങിയത്.എന്നാലും നിങ്ങളുടെ സൈന്യത്തിന്റെ സ്വഭാവം വച്ച് അവറ്റകൾ ഇത്രവേഗം ഇരമ്പി വന്ന് ബോംബിടുമെന്ന് ഞങ്ങളുടെ കമാണ്ടർ പോലും കരുതിയിരുന്നില്ല..നാണമില്ലാത്തവർ.. കരയിലൂടെ വന്ന് യുദ്ധം ചെയ്യുന്നവരോട് ആകാശത്തിലൂടെ വന്ന് പ്രതികാരം ചെയ്യുക. ! മനുഷ്യപിശാചേ..ഞങ്ങളിനി വെറുതെയിരിക്കുമെന്ന് കരുതണ്ട..നിന്റെ രാജ്യത്തിന്റെ ഓരോ മുക്കും മൂലയും ഞങ്ങൾ
കത്തിക്കും ! ”

ഹെലിക്കോപ്റ്ററുകൾ !..അപ്പോൾ അതു നടന്നു ! അയാൾക്കേറെ ആഹ്ലാദം തോന്നി..അല്ലെങ്കിലും പുതിയ അധികാരികൾ സ്ഥാനമേറ്റ ശേഷം കാര്യങ്ങളൊക്കെ ഒരു മാറ്റമുണ്ട് !

അവന്റെ തുടർച്ചയായ സംസാ‍രം അയാളെ അസ്വസ്ഥനാക്കി. യുദ്ധത്തിൽ, ഗുരുതരമായി പരിക്കേറ്റ പലരും മരണത്തിലേയ്ക്ക് ഒഴുകിപ്പോകുന്നതിനയാൾ ദൃക്‌സാക്ഷിയായിട്ടുണ്ട് - മിത്രങ്ങളായാലും ശത്രുക്കളായാലും. ചിലർ അനന്തതയിലേക്ക് നോക്കി കണ്ണിമയ്ക്കാതെ കിടക്കും. ചിലർ കണ്ണ് തുറക്കുകയേയില്ല. ചിലർ രാജ്യത്തിന് ജയ് വിളിക്കും. മിത്രങ്ങളാണെങ്കിൽ ചിലപ്പോൾ രണ്ടോ മൂന്നോ വാചകങ്ങൾ പറയും- അനിവാര്യമായ ജയത്തെക്കുറിച്ച്, തന്നെയവിടെയുപേക്ഷിച്ച് യുദ്ധം തുടരുന്നതിനെക്കുറിച്ച്..അങ്ങനെയെന്തെങ്കിലും. ചിലർ പല്ലിറുമ്മി ഞരങ്ങും.. പക്ഷെ ഇതുപോലെ ലജ്ജയില്ലാത്ത, വായാടിയായ ഒരുത്തൻ ആദ്യമായാണ് അയാൾക്കു മുന്നിൽ വരുന്നത്.

“ മിണ്ടാതിരിക്ക് കഴുതെ..ചാവാൻ നേരത്ത് പെണ്ണുങ്ങളെപ്പോലെ പുലമ്പാതെ..” അയാൾ മുരണ്ടു.

“എനിക്കിവിടെ നിന്ന് അനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനാദ്യം ചെയ്യുക എണീറ്റു വന്ന് നിന്റെ വായിലിത്തിരി മണ്ണു കോരിയിടുകയായിരിക്കും ! ”

“ ഞാൻ പറയും ! തനിക്കെന്താ നഷ്ടം പരദേശി നായേ ? തന്നെപ്പോലെ ജീവിതം പാതി കഴിഞ്ഞവനൊന്നുമല്ല ഞാൻ..വെറും പതിനേഴ് വയസ്സ്.. ”

അവൻ മുഖത്തെ കമ്പിളി എടുത്തു മാറ്റി. ശരിയാണ്..രോമങ്ങൾ കിളിർത്തു തുടങ്ങിയ ഒരു പയ്യൻ..

“ ഇന്നത്തെ പരിശീലനം കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തി ഉമ്മിയുണ്ടാക്കിയ റൊട്ടിയും തിന്ന് ചുരുണ്ടു കൂടിയുറങ്ങേണ്ടവനാ ഇവിടെ ആരോരുമില്ലാതെ വയറും നെഞ്ചും കീറിപ്പൊളിഞ്ഞ് മഞ്ഞിൽ കിടന്ന് ചാവാൻ പോകുന്നത്..” അവന്റെ ശബ്ദമിടറി.

അയാൾക്കു ചിരിയാണു വന്നത്. അവന്റെ പ്രായത്തെ കരുതിയൊ എന്തോ, നേരിയ സഹതാപവും തോന്നാതിരുന്നില്ല.

“ പിന്നെ വേലി നൂണ്ട് ഞങ്ങളുടെ രാജ്യത്തു വന്ന് ഞങ്ങളെയൊക്കെ വെടിവെച്ചാൽ നിന്നെയൊക്കെ പൂച്ചെണ്ടു തന്നു സ്വീകരിക്കുമെന്ന് കരുതിയോ ? ” അയാൾ പരിഹസിച്ചു.

പയ്യൻ മറുപടിയൊന്നും പറഞ്ഞില്ല.

നിശബ്ദത മിനിറ്റുകളോളം നീണ്ടിട്ടും അവനിൽ നിന്ന് മറുപടിയൊന്നും ഉയരാതായപ്പോൾ അവന്റെ ശബ്ദം എന്നെന്നേക്കുമായി അവസാനിച്ചുവോ എന്ന ആകാംഷയിൽ അയാളവനെ സൂക്ഷിച്ചു നോക്കി.

അവൻ കണ്ണുകൾ ആകാശത്തേയ്ക്ക് തുറന്ന് മലർന്നു കിടക്കുകയായിരുന്നു. മരിച്ചിട്ടില്ല; നെഞ്ച് ഉയർന്നു താഴുന്നുണ്ട്..അയാൾ കണ്ടു

“ ദേഹമാസകലം ആയിരം സൂചികൾ ഒരുമിച്ച് കയറുന്ന വേദന.. ഈ മരങ്ങളും ആകാശവും സൂര്യനുമെല്ലാം ഇരുണ്ട് കറങ്ങാൻ തുടങ്ങുന്നതുപോലെ.. നെഞ്ചിനൊരു വലിയ ഭാരം..നെഞ്ചിടിപ്പൊക്കെ ആകെ താളം തെറ്റിയപോലെ..മരിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണോ അത് ? ” പെട്ടന്ന് അവൻ ചോദിച്ചു. ആത്മാവിൽ നിന്നുയർന്ന ഒരു രോദനം പോലെ തോന്നി അത്.

“ജനിച്ചാൽ ഒരിക്കൽ മരിക്കണം..നീയും മരിക്കും, ഞാനും മരിക്കും. എല്ലാവരും മരിക്കും..അതിലെന്താ ഇത്ര പേടിക്കാനുള്ളത് ? ” അയാൾ നിർവികാരം പറഞ്ഞു. എങ്കിലും അതിൽ ഒരു സ്വാന്തനത്തിന്റെ ധ്വനി നിഴലിച്ചിരുന്നു.

മരണം അവനിൽ നിന്നത്ര ദൂരെയല്ലാതെ കാത്തുനില്പുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് ഒരു മിന്നൽ പോലെ ആ ഓർമ്മ അയാൾക്കുള്ളിൽ കത്തിയത് – വലതു വശത്ത്, പകുതിയോളം മഞ്ഞിൽ‌പ്പുതഞ്ഞു കിടക്കുന്ന ബാഗിൽ, ഒരു കുപ്പി റം ഇരിപ്പുണ്ട് !ആ ചിന്തയോടൊപ്പം തന്റെ ദാഹം പലമടങ്ങ് ഇരട്ടിയായതായി അയാൾ അറിഞ്ഞു. ഒരിറ്റ് ഇറക്കാൻ കഴിഞ്ഞെങ്കിൽ ! എങ്ങാനും ചിലപ്പോൾ അതിന്റെ ചൂട് നീട്ടി നൽകുന്ന ജീവദൈർഘ്യത്തിൽ
.

പക്ഷെ, ഇനിയൊരല്പം കൂടി കഴിഞ്ഞാൽ, അത് പുറത്തെടുക്കാൻ ശേഷിയുള്ള അവസാനജീവിയും ഇല്ലാതാവും . പിന്നെയത് ആർക്കും ഉപയോഗമില്ലാതെ മഞ്ഞിൽ ആണ്ടു പോകും . പക്ഷെ ബാഗിനുള്ളിൽ ബാക്കിയെന്തൊക്കെയാണുള്ളതെന്ന് അവനറിയാനിട വന്നാൽ ?

പക്ഷെ ആ ഓർമ്മ മനസ്സിൽ ഉയർന്നതിനു ശേഷം, അനുനിമിഷം തന്റെ ദാഹം കൂടി വരികയാണെന്ന് അയാൾക്കു തോന്നി. .ഒരിറക്കെങ്കിലും കിട്ടിയാൽ

“ ഈ ബാഗിനുള്ളിൽ ഒരു കുപ്പി റം ഇരിപ്പുണ്ട് ”, ഒടുവിൽ രണ്ടും കല്പിച്ച് അയാൾ പറഞ്ഞു. : “ അതു കഴിച്ചാൽ  കുറച്ചാശ്വാസം ലഭിച്ചേക്കും ”.

“ റം !. ഇത്തരം അവസ്ഥയിൽ അത് വളരെ ഉപകരിക്കും എന്ന് കമാണ്ടർ പറഞ്ഞിട്ടുണ്ട്. എവിടെ ? ആ ബാഗിലാണോ ? ” അവൻ ചോദിച്ചു. പിന്നെയവൻ കുഴിയിൽ നിന്ന് ഇഴഞ്ഞ് പുറത്തു വരാനുള്ള ശ്രമം തുടങ്ങി.

അരയ്ക്കു താഴേയ്ക്കും അവന് നല്ലവണ്ണം പരിക്കുണ്ടെന്ന് അയാൾ കണ്ടു. ഇടതു കാല്പാദം അറ്റു പോയിരിക്കുന്നു. ഇഴഞ്ഞു നീങ്ങുമ്പോഴുണ്ടായ തീവ്രനൊമ്പരത്തിൽ അവൻ ഞരങ്ങുകയും മൂളുകയും ചെയ്തു. ഒരു വേള, ബാഗ് തുറക്കുന്നതിനു മുൻപു തന്നെ അവൻ ചലനമറ്റു വീഴുമെന്ന് അയാൾക്കു തോന്നി.

പക്ഷെ അവസാനം അവൻ വിജയിക്കുക തന്നെ ചെയ്തു. പക്ഷെ അവന്റെ വലതുകൈ ബാഗിനുള്ളിൽ കൂടുതൽ നേരം പരതുന്നുണ്ടെന്ന തോന്നൽ അയാളെ ആശങ്കപ്പെടുത്തി -അതിനുള്ളിലുള്ള ബാക്കി സാമഗ്രികൾ അവൻ തിരിച്ചറിഞ്ഞാൽ ?

“കിട്ടി !”, അവൻ സാവധാനം കുപ്പി പുറത്തെടുത്ത് അടപ്പ് കടിച്ചു തുറന്നപ്പോൾ അയാൾക്കും ആഹ്ലാദം തോന്നാതിരുന്നില്ല.

കുപ്പി വായിലേക്ക് ചെരിച്ച് അവനൊരു കവിൾ നുകർന്നപ്പോൾ ദാഹം കൊണ്ട് താനിപ്പോൾ മരിച്ചു പോകുമെന്ന് അയാൾക്കു തോന്നി. എത്ര തടഞ്ഞിട്ടും തൊണ്ടയിലൂടെ രണ്ടിറക്ക് ഉമിനീർ താഴേക്കിറങ്ങി.

അവൻ ഒന്നു ചുമച്ചു : “ ഹൊ! തീ വിഴുങ്ങിയ പോലെ.. !..എന്തൊരു പുകച്ചിലാണ്...” .

സംസാരത്തിനിടയിൽ അവന്റെ മുഷ്ടി ചെരിഞ്ഞ് മദ്യം കുപ്പിയിൽ നിന്ന് പുറത്തേക്കൊഴുകുന്നത് കണ്ട് അയാൾ പരിഭ്രമിച്ചു.

“ കഴുതേ, അതു കളയല്ലേ..” അയാൾ ഉദ്വേഗത്തോടെ പറഞ്ഞു.

അവൻ കൈ നിവർത്തി പിടിച്ചു.

“ ചെകുത്താനേ..നീ കരുതുന്ന പോലെ ഞാനൊരു കഴുതയൊന്നുമല്ല . ..എങ്കിലും, ആദ്യം പ്രത്യുപകാരം
……..നിനക്ക് ഞാനിത് വായിലേക്ക് ഒഴിച്ചു തരണോ ?” അവന്റെ സ്വരത്തിന് ഉണർവുണ്ടായിരുന്നു.

“ വേണ്ട വേണ്ട..,” അയാൾക്കസ്വസ്ഥത തോന്നി..“ ആ കുപ്പിയൊന്നീ ഇടതു കൈയ്യിലേക്കു തന്നാൽ മതി..”

“ എന്നാൽ ശരി, അങ്ങനെയെങ്കിലങ്ങനെ..”

കഴുത്ത് ഇടത്തോട്ട് തിരിച്ച്, മണ്ണിൽ നിന്ന് കഴിയാവുന്നിടത്തോളം തല ഉയർത്തിപ്പിടിച്ച് അയാൾ മദ്യം അല്പാല്പം വായിലേക്കൊഴിച്ചു. അമൃതാണ് തൊണ്ടയിലൂടെ താഴേക്കിറങ്ങുന്നതെന്ന് അയാൾക്കു തോന്നി.

“ ചെകുത്താനേ, ഞാനിപ്പോഴൊരു വലിയ ആശയകുഴപ്പത്തിലാണ്..” , എതിരാളി കുറച്ചുകൂടി മുന്നോട്ടിഴഞ്ഞ്, അയാൾക്ക് വിമ്മിഷ്ടം സൃഷ്ടിച്ചുകൊണ്ട് അയാളുടെ പുറത്ത് തല വെച്ച് മലർന്നു കിടന്നു. അവന്റെ കൈ ബാഗിനുള്ളിലേക്ക് നീങ്ങി : “ഇതൊരു ജീവന്മരണ പ്രശ്നമാണ്
മറ്റൊന്നും വേണ്ട ; ഈ സ്ഥിതിയിങ്ങനെ തുടർന്നാൽ, ആദ്യം ഞാനും പിന്നെ നീയും മരിക്കുമെന്ന് എനിക്കറിയാം. പക്ഷെ എങ്ങാനും അതിനിടയിൽ നിന്റെ രക്ഷകർ വന്നാൽ നീയിവിടെ നിന്ന് ജീവനോടെ രക്ഷപ്പെട്ടാൽ ..ഈ കുന്നിനപ്പുറത്ത് ചിതറിക്കിടക്കുന്ന എന്റെ കൂട്ടാളികളോടും എന്നോടുതന്നെയും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകുമത്..അതുകൊണ്ട് നിന്റെ ബാഗിലെ കത്തിയെടുത്ത് പ്രയോഗിച്ചാലോ എന്നാണു ഞാൻ  ഇപ്പോ ആലോചിക്കുന്നത്.. അതോ മരണത്തിന് ഒന്നോ രണ്ടൊ മണിക്കൂർ അകലെ, നിനക്ക് നിന്റെ വിധി എനിക്ക് എന്റെ വിധി എന്ന പാട്ടിനു വിട്ട്, ഇവിടെയിങ്ങനെ ആകാശത്തേയ്ക്കു കൺ‌തുറന്ന് ജീവൻ വെടിയണോ ....? ………..എനിക്കറിഞ്ഞുകൂടാ..എപ്പോഴാണ് ഞാനൊരു തീരുമാനത്തിലെത്തുക. ?......”

അയാൾക്ക് ഭയം തോന്നിയില്ല. പകരം അതിശയകരമായ ഒരു പുതിയ ആശ്വാസവും ഉണർവും അനുഭവപ്പെടുകയും ചെയ്തു. മദ്യം അല്പാല്ലമായി ആസ്വദിച്ചു നുണഞ്ഞിറക്കുമ്പോൾ അയാൾ പറഞ്ഞു:

“ ശരിയാണ്
എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട് മരണവും ജീവിതവും ഒരു സൈനികന് നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. .. ഓരോ ആയുധപ്രയോഗത്തിലും അതിങ്ങനെ കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കും.. ” , ഒരു ത്രികാലജ്ഞാനിയുടെ ശാന്തതയോടെ അയാൾ തുടർന്നു : “ നിനക്കെന്നെ വിശ്വസിക്കാം ; നല്ല മൂർച്ചയുള്ള കത്തിയാണത്.. ഞാനിങ്ങനെ ഇടത്തോട്ടു തലവെച്ചു കിടക്കുമ്പോഴാണ് നിനക്കത് പ്രയോഗിക്കാനെളുപ്പം. ..എന്തൊക്കെയായാലും നമ്മൾ ശത്രുക്കളാണ്, അതു മറക്കണ്ട..”

വെയിൽ അസ്തമിക്കുകയും സൂര്യകിരണങ്ങളിൽ ചുവപ്പുരാശി കലർന്നു തുടങ്ങുകയും ചെയ്തിരുന്നു.

കരിമ്പടം പുതച്ച്, തങ്ങളുടെ പ്രിയപ്പെട്ട കളിത്തോഴി കൂടി ലീലകളാടാനെത്തുന്ന ആഹ്ലാദത്തിൽ തണുപ്പും ഹിമകാറ്റും താഴ്‌വാരമാകെ ആഹ്ലാദനൃത്തം തുടങ്ങി. ഇരുണ്ട ആകാശത്ത് , ഒരു വിധവയുടെ ജീവിതാരംഭം പോലെ, വിളറിയ ചന്ദ്രക്കലയും നക്ഷത്രകുഞ്ഞുങ്ങളും തെളിഞ്ഞു.

പിന്നെയുമേറെ നേരം കഴിഞ്ഞ്, താഴെ, നിഴലും നിലാവും ചിത്രങ്ങൾ വരയുന്ന ഹിമഭൂമിയിൽ ചുരുണ്ടു കൂടിയ രണ്ടു മനുഷ്യർക്കിടയിലെ നിശബ്ദതയിലേക്ക്, സൂചിയിലതുമ്പുകളിലെ മഞ്ഞുതുള്ളികൾ നിർവികാരം അടർന്നു വീഴാൻ തുടങ്ങി.

                                       *******************

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

പുരുഷ ലക്ഷണം

പുരുഷ ലക്ഷണം


മനസ്സു നിറയെ മനുഷ്യത്വമാണ്.

എങ്കിലും, ചുറ്റിപ്പറക്കുന്ന കഴുകുപോലെ

മുഴുത്ത മാംസത്തിലാണു നോട്ടം.


അമ്മയും പെങ്ങളും വീട്ടിലുണ്ട്.

പക്ഷെ വളം വരിയുന്ന വേരുകൾ പോലെ

ആൾക്കൂട്ടത്തിലെപ്പോഴും

വിരലുകൾ തോണ്ടി ഞെരിക്കും.


അനാദികാലം മുതലേ ചിത്തം സംസ്കൃതമാണ്.

പക്ഷെ മധുരം മണക്കുന്ന മക്ഷിയെപ്പോൽ

ഒറ്റയ്ക്കിരുട്ടിൽ കണ്ടാൽ

മണിപ്രവാളമേ മൂളൂ.


പാശ്ചാ‍ത്യകേളീസൌകുമാര്യങ്ങളിലേക്കാണ്

ദേഹമോഹപ്രയാണം

പക്ഷെ കുറ്റിയിൽ കെട്ടിയ നായയെപ്പോൽ

മനുസ്മൃതിയ്ക്കു ചുറ്റുമാണു മസ്തിഷ്കഭ്രമണം.


ചാമിയോളം വരില്ല;

എങ്കിലും അറുത്തെറിഞ്ഞാൽ

മുളച്ചുപൊന്തുംശിരസ്സുമായ്

ഒരു കുഞ്ഞുദശമുഖച്ചാമി ഉള്ളിലുറങ്ങിക്കിടപ്പുണ്ട്.


അതുകൊണ്ടു പെങ്ങളേ

ഒഴിഞ്ഞുമാറി നടന്നോളിൻ

ഓതിരം കടകം പറഞ്ഞോളിൻ

അരയിലെപ്പോഴുമൊരു ചുരിക കരുതിക്കോളിൻ.

ഞായറാഴ്‌ച, നവംബർ 06, 2011

ബി പ്രാക്ടിക്കൽ

ബി പ്രാക്ടിക്കൽ


ആദ്യത്തെ ഒരാഴ്ച്ച സ്വർഗമായിരിക്കും

ശേഷം, കാറ്റുപോയ ബലൂൺ പോലെ

കീശ ശൂന്യമായിത്തീരും.

പിന്നെ പണി കഴിഞ്ഞ്

പൊടിയും വിയർപ്പുമണിഞ്ഞ്

നടന്നു തളർന്നെത്തുമ്പോൾ

നട്ടുച്ചയ്ക്കലക്കിയും

ഉള്ളിയരിഞ്ഞും കനലൂതിയും

മറ്റൊരുച്ഛിഷ്ടമായ്

അടുക്കളയിൽ പുകയുന്നുണ്ടാവും.

കത്തുന്ന കണ്ണുകൾ

പരസ്പരം നോക്കും.

മകനെ തട്ടിയെടുത്തവളെന്നും

അതിനപ്പുറവുമുള്ള സരസ്വതികൾ

കേട്ട് കാതുകൾ തഴമ്പിക്കും.

പീടികക്കാരന്റേയും വാടകക്കാരന്റേയും

മുമ്പിൽ നാണം കെട്ടുവെന്ന്

രാത്രിയങ്കം വെട്ടി

കിടക്കയിൽ പരസ്പരം തൊടാതെ

അരിഞ്ഞു വീണ് രണ്ടു പാഴ്തടികളാകും.

പിന്നെയിതെല്ലാം നിത്യാഭ്യാസമാകും.

സ്വർഗനാളുകളിലെ സാക്ഷിമുകുളങ്ങളെ അനാഥരാക്കി

ആത്മഹത്യയെക്കുറിച്ചോ മോചനത്തെകുറിച്ചോ

ചിന്തിച്ചുറയ്ക്കും.

അതുകൊണ്ടാണ്, അതുകൊണ്ടുമാത്രമാണ്

നഗരത്തിൽ ഒരു വസതി,

ഒരു നാൽചക്രവണ്ടി,

ശീതീകരണി,

അലക്കു യന്ത്രം,

വാതകയടുപ്പ്,

ഉപ്പ്,

കർപ്പൂരം,

പിന്നെ

പെണ്ണിന്റെ മാത്രം നൈസർഗികാഹ്ലാദത്തിന്

അഞ്ചു റാത്തൽ സ്വർണ്ണം,

വട്ടചിലവിനു ദശലക്ഷങ്ങൾ,

ആവശ്യപ്പെട്ടത്.

ഇതിന്റെയെല്ലാം അകമ്പടിയിൽ

നമ്രമുഖിയായ് കതിർമണ്ഡപത്തിൽ വരൂ.

പ്രണയം

ഇനിയും

വസന്തം വിടർത്തുന്നത്

കാണിച്ചു തരാം.

ചൊവ്വാഴ്ച, ഒക്‌ടോബർ 18, 2011

ഉറങ്ങാതെ

ഉറങ്ങാതെ



മറന്നതിനുള്ള മറുപടി

പിഞ്ചുചെവികളിൽ ഈയം പോലെ തിളയ്ക്കുന്നുണ്ടാവണം

കുസൃതിക്കുള്ള ശിക്ഷണം

കുഞ്ഞുതുടകളിൽ തിണർത്ത് കിടപ്പുണ്ടാവണം

എന്നിട്ടുമെന്തിനാണ്

ഉറങ്ങാൻ നേരം

പുറകിലല്പനേരം പതുങ്ങി

ഒരു കുഞ്ഞുമ്മ കവിളിൽ പകർന്ന്

നീ മടിയിൽ കയറിയിരുന്നു കളഞ്ഞത് ?!



രാവേറെ വൈകിയിരിക്കുന്നു.

ഉറക്കത്തിൽ

മാലാഖമാരൊപ്പം ഊയലാടിയാവും

നീ പുഞ്ചിരിക്കുന്നത്.

പക്ഷെ

എനിക്ക്

ഉള്ളമുരുകിയൊലിച്ച്

വലിയൊരു കടൽ തൊണ്ടയിൽത്തടഞ്ഞ്

ഉമ്മകൾ പകർന്ന് ഉണർന്നു കിടന്നേ പറ്റൂ.

ഉറങ്ങുക, എന്റെ മാലാഖക്കുഞ്ഞേ,

ഉറങ്ങാതെ

കണ്ണീർതാരാട്ടു പാടിയിരിക്കാം ഞാൻ.

---------------------

കുറച്ചു കാലം മുമ്പ് വാ‍യിച്ച ഒരു പുസ്തകത്തിൽ കണ്ട കത്തിനോട് കടപ്പാട്. ( ഒരു വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തം മാത്രമാണെന്നേ ഓർമ്മയുള്ളു..ഡേവിഡ് കാർനഗി എന്നാണു എഴുത്തുകാരന്റെ പേരെന്നു തോന്നുന്നു )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

വിഡ്ഡ്യാരംഭം.

വിഡ്ഡ്യാരംഭം.

ഓം.

ഹരിശ്രീഗണപതയെ നമഃ

അവിഘ്നമസ്തു.

“ഭാഷാപിതാവിന്റെ പവിത്രഭൂമിയിൽ

മകന് ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞത്

മഹാപുണ്യം”

നീട്ടിപ്പിടിച്ച കുഴലിനു മുൻപിൽ

പിതാവ് നിരുദ്ധകണ്ഠനായി.

ചക്രങ്ങൾ വീണ്ടുമുരുണ്ടു.

വലിയ മതിൽ‌ക്കെട്ടിന്റെ നാലകം

കുഞ്ഞിന്റെ നീട്ടിപ്പിടിച്ച നാക്ക്

പാതിരി കഠാര കൊണ്ട് വടിച്ചു.

വിരലുകൾ അമ്ലം കൊണ്ടു കഴുകി.

തോക്കിൻ‌മുന കൊണ്ട് നാക്കിൽ,

ഓട്സും ആൽമണ്ടും സ്ട്രോബറിയും

വിതറിയ തളികയിൽ

കുഞ്ഞുവിരൽ ബലമായമർത്തി,

കോറിയിട്ടു

A, B,C…………

“മലയാളം കൂപമണ്ഠൂകം.

ലോകഭാഷയല്ലോ ഭാവിജീവിതം”

സ്വയം നീട്ടിപ്പിടിച്ച കുഴലിനുമുമ്പിൽ

പിതാമഹാൻ വീണ്ടും നിരുദ്ധകണ്ഠനായി.