രണ്ടു മനുഷ്യർക്കിടയിൽ
ഹിമക്കാറ്റിൽ, മുഖത്താരോ മൂടിയിട്ടുപോയ തുണി മറ്റെങ്ങോ പറന്നുപോകുകയും മഞ്ഞുതുള്ളികൾ മിഴികളിൽ അടർന്നുവീഴുകയും ചെയ്തപ്പോഴാണ് അയാളുണർന്നത്.
അഭൌമമായ മറ്റൊരു ലോകത്തേയ്ക്കാണ് താൻ കണ്ണുതുറന്നതെന്നാണ് അയാൾ അല്പനേരത്തേയ്ക്ക് ധരിച്ചുപോയത്. പക്ഷെ മുറിവേറ്റ് ഒടിഞ്ഞു തൂങ്ങിയ അവയവങ്ങൾ തിരിച്ചു നൽകുന്ന തീവ്രനോവുകളുടെ കൂട്ടപ്പൊരിച്ചിലിൽ, വീണിടത്തു തന്നെയാണ് താനിപ്പോഴും കിടക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു.
ആസകലം വെടിയുണ്ടകളേറ്റ ശരീരത്തിൽ നിന്നും മഞ്ഞിന്റെ ധവളിമയിലേക്കൊഴുകിയ രക്തം , ഭൂപടങ്ങളിൽ കണ്ടു മടുത്ത നദികളുടെ ചിത്രീകരണം പോലെ തോന്നിച്ചു. മഞ്ഞ് മൂടിയ കുന്നിൻചെരിവിന്റെ മദ്ധ്യഭാഗത്ത് , ഒരു ചെറിയ ദേവദാരു വൃക്ഷത്തിന്റെ താഴെയാണയാൾ കിടന്നിരുന്നത്. ബോധം തിരിച്ചുകിട്ടി അല്പസമയത്തിനു ശേഷം അയാൾ സാവധാനം തലയുയർത്തി താഴേക്ക് (അവിടെയായിരുന്നു അവരുടെ സംഘം തമ്പടിച്ചിരുന്നത് ) നോക്കി. വെളുപ്പിന്റെ വിശുദ്ധിയിൽ പറ്റിയ ഇരുണ്ട കളങ്കങ്ങളായി അയാളുടെ സഹപ്രവർത്തകർ താഴെ ചലനമറ്റു കിടന്നിരുന്നു.. അവസാനപ്രതീക്ഷയും അണഞ്ഞ നിരാശയോടെ അയാൾ കണ്ണുകളടച്ചു.
അവരുടെ സംഘത്തിനു കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ടും നിർദേശവും അനുസരിച്ച്, കുന്നുകൾക്കപ്പുറത്ത് ആയുധപരിശീലനം നടത്തുന്ന ഒരു ചെറുസംഘം തീവ്രവാദികളെ ജീവനോടെ പിടികൂടുക, അതിനു കഴിഞ്ഞില്ലെങ്കിൽ മാത്രം അമർച്ച ചെയ്യുക ; ഇത്രയേ അവർ ചെയ്യേണ്ടിയിരുന്നുള്ളു. മറ്റു ദൌത്യങ്ങളെ അപേക്ഷിച്ചിടത്തോളം, വളരെ ലഘുവായ ഒന്നായിരുന്നു അതെന്നുള്ളതുകൊണ്ട് അവരാരും തന്നെ ഗൌരവമുള്ള തയ്യാറെടുപ്പുകൾ നടത്തിയതുമില്ല.
പക്ഷെ കുന്നിന്റെ പകുതി വരെ എത്തുമ്പോഴേക്കും ശത്രുക്കൾ അവരുടെ നീക്കം മണത്തറിയുകയും കുന്നിൻമുകളിൽ വന്ന് ബോംബുകളും വെടിയുണ്ടകളും താഴേക്ക് വർഷിക്കുകയും ചെയ്തു. ശത്രുക്കളുടെ ബാഹുല്യം അമ്പരിപ്പിക്കും വിധത്തിൽ വലുതാണെന്നും പരിശീലനം നേടിയ ശത്രുഭടന്മാർ അവർക്കിടയിൽ ധാരാളമുണ്ടെന്നും അപ്പോൾ മാത്രമാണ് അവർ തിരിച്ചറിഞ്ഞത്.
പക്ഷെ വൈകിപ്പോയിരുന്നു. കടുത്ത,അപ്രതീക്ഷിതമായ അക്രമണത്തിൽ അയാളുടെ സംഘത്തിന് അടിപതറി. വെടിയുണ്ടകളും ഷെൽവർഷങ്ങളുമേറ്റ് മരങ്ങളുടെ മറവിലേയ്ക്ക് പിൻവാങ്ങിയ ശേഷമുണ്ടായ ചെറുത്തുനില്പ് ദുർബലമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ പിന്തുണയ്ക്കെത്തുന്ന അടുത്ത സൈനികസംഘം കാതങ്ങളോളം ദൂരെനിന്ന് മഞ്ഞിലൂടെ നടന്ന് ഇവിടെയെത്താൻ മണിക്കൂറുകളെടുക്കുമെന്നുള്ളത് എല്ലാവരേയും മാനസികമായി തളർത്തി. അടിയന്തിര ഘട്ടങ്ങളിൽ ആകെ ഇടപെടാൻ കഴിയുന്ന വ്യോമസേനയുടെ സഹായമഭ്യർത്ഥിച്ച് സന്ദേശമയച്ചെങ്കിലും അനുകൂലമായ ഒരു പ്രതികരണം അവരാരും പ്രതീക്ഷിച്ചിരുന്നില്ല.
അഥവാ അങ്ങനെയൊരു അത്ഭുതം സംഭവിച്ചാൽ തന്നെ,നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹെലിക്കോപ്റ്ററുകൾ ഇവിടെയെത്തിച്ചേരാൻ പിന്നെയും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലുമെടുക്കും . പ്രതീക്ഷകളെല്ലാം അസ്തമിച്ച്, സഹപ്രവർത്തകരോന്നോയി വെടിയുണ്ടകളേറ്റ് ഈയ്യലുകൾ പോലെ നിലം പതിച്ചുകൊണ്ടിരുന്നത് അയാൾ അറിഞ്ഞു കൊണ്ടിരുന്നു. വെടിയുണ്ടകളേറ്റ് മരത്തിനു പുറകിലേക്ക് പിൻവാങ്ങിയ ശേഷം, തന്റെ തൊട്ടിപ്പുറത്ത് വീണു പൊട്ടിയ ഒരു ബോംബിന്റെ ഉഗ്രസ്ഫോടന ശബ്ദം മാത്രമാണ് അയാളുടെ ഓർമ്മയിൽ അവസാനമായുണ്ടായിരുന്നത്..
ബോധം തിരിച്ചുകിട്ടിയതിൽ അയാൾക്കനുനിമിഷം നിരാശയും ദുഃഖവും തോന്നി. പരാജയത്തിന്റെ പടുകുഴിയിൽ വീണടിഞ്ഞു കിടക്കുമ്പോൾ, മരണത്തിലേക്കുള്ള ദൂരം ഏതാനും ചില മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , ഒരായിരം സൂചികൾ ഒരുമിച്ചിറക്കുന്ന നോവും അതിനെക്കാൾ തീവ്രമായ ഓർമ്മകളും തിരികെ സമ്മാനിക്കാൻ വേണ്ടി മാത്രം എന്തിനാണീ നശിച്ച ബോധം തിരികെ വന്നത് !
ചിലപ്പോൾ ഹെലിക്കോപ്റ്ററുകൾ കൃത്യതയോടെ ശത്രുക്കളുടെ മേൽ ബോംബിങ്ങ് നടത്തിയിരിക്കാം, അവരെ ഒന്നടങ്കം കൊന്നൊടുക്കിയിരിക്കാം. പൈൻമരങ്ങളെ പോലും വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഹിമക്കാറ്റ് മൂലമായിരിക്കാം തുടർന്നുള്ള രക്ഷാദൌത്യത്തിന് ഹെലിക്കോപ്റ്ററുകൾ എത്താതിരിക്കുന്നത് - അയാൾ ആശ്വസിക്കാൻ ശ്രമിച്ചു. ആദ്യസന്ദേശത്തിനു തന്നെ , അടുത്തുള്ള സൈനികസംഘം മഞ്ഞിലൂടെ ഇങ്ങോട്ടു നീങ്ങാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, അവർക്കിനിയിവിടെയെത്താൻ നാലഞ്ച് മണിക്കൂറുകൾ മതി..പക്ഷെ മിക്കവാറും അവർക്കു തിരികെ കൊണ്ടുപോകാനുണ്ടാകുക തണുത്തുമരവിച്ച കുറെ മൃതദേഹങ്ങൾ മാത്രമാവും.
അഥവാ ഇനിയാരെങ്കിലും ജീവനോടെ ശേഷിച്ചിട്ടുണ്ടെങ്കിൽ തന്നെ ,മുറിവുകളിലൂടെ മഞ്ഞ് അരിച്ചു കയറിയ കുറെ അവയവങ്ങൾ നീക്കം ചെയ്തുമാത്രമെ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകാൻ കഴിയൂ..വർഷക്കാലത്ത്, കാലുകൾ രണ്ടും വെട്ടിയെടുക്കപ്പെട്ടതിനുശേഷം, കൈകൾ കൊണ്ട് നിരങ്ങിച്ചാടി കുഴിയിൽ മറഞ്ഞിരുന്ന തവളകളെ അയാൾക്കോർമ്മ വന്നു. തവളകളെയൊക്കെ പാതി ജീവനോടെ ആ കുഴിയിലിട്ട് മൂടും. ഇവിടെ പക്ഷെ, ജീവൻ തിരികെ ലഭിച്ചേക്കാം, അത്രമാത്രം.
അപ്പോൾ, അപ്പോഴും ജാഗ്രത്തായിരുന്ന ഒരു സൈനികന്റെ ആറാമിന്ദ്രിയം അയാളുടെ ദൃഷ്ടികൾ മുകളിലേക്കുയർത്തി. കുന്നിന്മുകളിൽ, ഏകദേശം തന്റെ നേരെ മുകളിൽ, ഒരാൾരൂപം ചലിക്കുന്നുണ്ടെന്ന് അയാൾക്കു തോന്നി.
തോന്നലല്ല ; ഒരാളുണ്ട് !!
അയാളുടെ രോമങ്ങളെണീറ്റു. മരത്തിനു പുറകിൽ ഒന്നുകൂടി മറഞ്ഞിരുന്ന് തോക്കെടുത്ത് ഉന്നം പിടിക്കുന്നതിനെകുറിച്ച് അയാൾ ആലോചിച്ചു. പക്ഷെ കൈ ! എവിടെയാണ് കൈ ?
തൊട്ടപ്പുറത്ത് മഞ്ഞിനുള്ളിൽനിന്ന് പുതുനാമ്പുകൾ പോലെ ഉയർന്നു നിൽക്കുന്ന വിരലുകളും കൈപ്പത്തിയും തന്റേതുതന്നെയാണോ ? അതോ ബോംബു വീഴുന്നതിനു ഒരു സെക്കന്റ് മുമ്പ് ഫ്ലാസ്ക് എറിഞ്ഞു തന്ന സെൽവരാജിന്റേതോ ? വേരു പോലെ മഞ്ഞിലേക്കാണ്ടുപോയിരിക്കുന്ന ഈ വലതുകൈയ്ക്ക് എന്താണു സംഭവിച്ചത് !! ആലോചിക്കാൻ നേരമില്ല. ശത്രുവിൽ നിന്ന് കണ്ണെടുക്കാതെ അയാൾ ഇടതുകൈ ചലിപ്പിച്ചു നോക്കി.. ഭാഗ്യം ! അതവിടെയുണ്ട്.. ചൂണ്ടു വിരലുൾപ്പെടെ മൂന്നു വിരലുകൾ ചലിക്കുന്നുണ്ട്..പക്ഷെ എല്ലുകൾ നുറുങ്ങുന്ന വേദനയ്ക്കിടയിൽ , തോക്കെടുത്ത് മരത്തോട് ചേർത്തു വെച്ച് ഉന്നം പിടിയ്ക്കാൻ താൻ ഏറെ സമയമെടുത്തുവെന്ന് അയാൾക്കു തോന്നി. അവിടെയങ്ങനെ പതിഞ്ഞമർന്നു കിടന്ന് ഇടതുകൈകൊണ്ട് ഉന്നം പിടിയ്ക്കുമ്പോൾ തന്റെ ലക്ഷ്യത്തെക്കുറിച്ച് അയാൾക്കൊട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല.
ശത്രു തോക്ക് വലതുകൈയ്യിലൂന്നി നിന്ന് താഴേക്ക് നോക്കുന്നുണ്ടായിരുന്നു. വൃക്ഷശിഖരത്തിൽ പറന്നിരുന്ന് താഴെയുള്ള ഇരകളെ കൂർമ്മതയോടെ നോക്കുന്ന കഴുകനെ അവൻ ഓർമ്മപ്പെടുത്തി. ഇപ്പോഴവൻ ഇങ്ങോട്ടു തന്നെയാണ് നോക്കുന്നത്.. ഒരു പക്ഷെ മരത്തിനു പുറകിലെ ചലനം അവൻ കണ്ടിരിക്കാം.ശത്രുവിന്റെ വലതുകൈ സാവധാനം അവന്റെ പുറകിലെ ബാഗിലേക്കു നീങ്ങുന്നത് അയാൾ കണ്ടു..ഇനിയൊട്ടും അമാന്തിക്കാനില്ല..ഒരാളെങ്കിൽ ഒരാൾ…
ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് സംഭവിച്ചത് – അയാൾ നിറയൊഴിച്ചതും എതിരാളി ബാഗിൽ നിന്ന് ബോംബെടുത്ത് വലിച്ചെറിഞ്ഞതും.
താഴ്‌വരയുടെ നിശബ്ദസാഗരത്തിൽ ഘോരശബ്ദത്തിന്റെ രാക്ഷസതിരമാലകളുയർത്തി കൊണ്ട് സ്ഫോടനശബ്ദം മുഴങ്ങി.
തോക്കിന്റെ റീക്കോയിലിൽ മേലാസകലം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട് അയാൾ പല്ലു ഞെരിച്ചു. എതിരാളി വലിച്ചെറിഞ്ഞ ബോംബ് അയാളുടെ ഏതാനും മീറ്റർ മുൻപിൽ വലതുവശത്താണ് വീണു പൊട്ടിയത്. സ്ഫോടനത്തിൽ മഞ്ഞും മൺതരികളും അയാളുടെ ദേഹത്തേയ്ക്ക് തെറിച്ചു.
താഴ്‌വരയുടെ നിശബ്ദസാഗരത്തിൽ ഘോരശബ്ദത്തിന്റെ രാക്ഷസതിരമാലകളുയർത്തി കൊണ്ട് സ്ഫോടനശബ്ദം മുഴങ്ങി.
തോക്കിന്റെ റീക്കോയിലിൽ മേലാസകലം നുറുങ്ങുന്ന വേദന അനുഭവപ്പെട്ട് അയാൾ പല്ലു ഞെരിച്ചു. എതിരാളി വലിച്ചെറിഞ്ഞ ബോംബ് അയാളുടെ ഏതാനും മീറ്റർ മുൻപിൽ വലതുവശത്താണ് വീണു പൊട്ടിയത്. സ്ഫോടനത്തിൽ മഞ്ഞും മൺതരികളും അയാളുടെ ദേഹത്തേയ്ക്ക് തെറിച്ചു.
വെടി കൊണ്ടതുകൊണ്ടാണോ അതോ എറിഞ്ഞതിന്റെ ആയത്തിലാണോ എതിരാളി മുന്നോട്ടുചായുന്നതെന്ന് അയാൾക്കു വ്യക്തമായില്ല. പിന്നെ അയാളെ അമ്പരപ്പിച്ചുകൊണ്ട് ശത്രു മുന്നോട്ട് വീഴുകയും ലക്ഷ്യം തെറ്റിയ ഒരു സ്ലെഡ്ജിനെപ്പോലെ മഞ്ഞിലൂടെ കുത്തിയും മറഞ്ഞും താഴോട്ടിഴുകുകയും ചെയ്തു. മരങ്ങളിൽ തട്ടിയും തടഞ്ഞും അവസാനമവൻ തൊട്ടു മുൻപ് താൻ തന്നെ ബോംബെറിഞ്ഞുണ്ടായ ഗർത്തത്തിൽ വന്നു പതിച്ചത് അയാൾ കണ്ടു . അവനോടൊപ്പം മുകളിൽ നിന്നിടിഞ്ഞ കുറച്ച് മഞ്ഞു പാളികളും ആ കുഴിയിൽ വന്നടിഞ്ഞു.
എതിരാളി അതിനുള്ളിൽ കിടന്ന് ഞരങ്ങുന്ന ശബ്ദം കേൾക്കാമായിരുന്നു. അവന് വെടി കൊണ്ടിരിക്കണം ! അയാൾക്കാഹ്ലാദവും അഭിമാനവും തോന്നി. പക്ഷെ തോക്ക് അവിടെ നിന്നുയർത്തി, മരത്തിനു വലതുവശത്തോട് ചേർത്ത് പുതിയ സ്ഥാനത്തേയ്ക്ക് ഉന്നം പിടിയ്ക്കുക ഈ കിടപ്പിൽ കിടന്ന് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടും നിരാശ വന്നയാളെ പൊതിഞ്ഞു. ആ കുഴിയിൽ നിന്നു കയറിയാൽ ഇനിയവന്റെ ബോംബിന്റെ ലക്ഷ്യം തെറ്റില്ല..അല്ലെങ്കിൽ ഇനിയിങ്ങനെ കിടന്നിട്ടെന്തിനാണ് ! അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.
എതിരാളി കുഴിയിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിന്റെ സൂചനകൾ ദൃശ്യമായിരുന്നു. മഞ്ഞിന്റെ വിളുമ്പിൽ , താഴേക്കുള്ള വിടവിലൂടെ ആദ്യം ഒരു കൈ പ്രത്യക്ഷപ്പെട്ടു. പിന്നെ കമ്പിളി കൊണ്ട് മൂടിയ തല. പരിക്കേറ്റതുകൊണ്ടാവാം അവൻ ഇഴഞ്ഞു കയറാൻ ശ്രമിക്കുന്നതെന്ന് അയാൾ കണക്കു കൂട്ടി.
ഒടുവിൽ തല പകുതിയോളം പുറത്തേയ്ക്ക് വന്നു. മഞ്ഞിൽ തിളങ്ങുന്ന രണ്ട് വെള്ളിനക്ഷത്രങ്ങൾ പോലെ അവന്റെ ദൃഷ്ടികൾ ദൃശ്യമായി. അയാൾ കിടന്നിടത്തേയ്ക്ക് തന്നെയാണ് അവൻ നോക്കിയത്. അയാളും കണ്ണിമ തെറ്റാതെ നോക്കി കിടക്കുകയായിരുന്നു. ഏറെ നേരം നാലു കണ്ണുകൾ പരസ്പരം ഏറ്റുമുട്ടി.
അയാൾക്ക് അനങ്ങാനാവില്ലെന്ന് ഉറപ്പു വന്നതിനാലാവണം, അപരൻ കുറച്ചു കൂടി പുറത്തേയ്ക്ക് തല നീട്ടി : “ പരദേശിപ്പന്നീ..നീയെന്തിനാണെന്നെ വെടിവെച്ചത് ? അല്ലെങ്കിലും ഞാൻ ചാവുമായിരുന്നു ! ” അവൻ കരയുന്ന സ്വരത്തിൽ പറഞ്ഞു. പ്രായം തികയാത്ത ഒരു ചെറുക്കന്റെ സ്വരമായിരുന്നു അവന്
“ എന്റെ തോക്കും ബാഗും മുകളിലേതോ മരത്തിനിടയിൽ കുടുങ്ങിപ്പോയി..അല്ലെങ്ങെ നിന്റെ കഥ ഞാനിപ്പോ കഴിച്ചേനെ..”
അയാളൊന്നും മിണ്ടാതെ അവനെ തറപ്പിച്ചു നോക്കി കിടന്നു. അവൻ പറഞ്ഞത് ശുദ്ധനുണയായിരിക്കണം - അവന്റെ ഇടതുകൈ ഇപ്പോഴും കുഴിക്കുള്ളിലാണ്, അയാൾ ഓർത്തു. പിന്നെ സർവശക്തിയുമെടുത്ത് കിടന്നിടത്തുനിന്നെണിറ്റ് തോക്കുയർത്താൻ ശ്രമിച്ചു. മഞ്ഞിൽ പുതഞ്ഞു പോയ പകുതി ശരീരവും ഒരു നങ്കൂരം പോലെ ആഴത്തിലെവിടെയോ ഉറച്ചുപോയ വലം കൈയ്യും അയാളുടെ എല്ലാ ശ്രമങ്ങളും വിഫലമാക്കി. തലയും ഇടതുകൈയ്യും മാത്രം ചെറുതായി ഇളക്കാനാവുന്നുണ്ട്..
“ ചെകുത്താനേ.. ഈ അവസ്ഥയിൽ കിടന്ന് നീയാ തോക്കൊന്നുയർത്തുന്നത് എനിക്കു കാണണം.. ഒരു കത്തി, അല്ലെങ്കിൽ ഒരു മരക്കൊമ്പെങ്കിലും എന്റെ കൈയ്യിൽ ശേഷിച്ചിരുന്നെങ്കിൽ ഇഴഞ്ഞുവന്ന് ഒറ്റക്കുത്തിനു നിന്റെ പണി ഞാൻ തീർത്തേനെ..”
എതിരാളിയുടെ പരിഹാസം അയാളുടെ രക്തം തിളപ്പിച്ചു. പക്ഷെ തീർത്തും നിസ്സഹായനാണ് താനെന്നോർത്ത് അയാൾ പല്ലു ഞെരിച്ചു.
അവൻ കുഴിയിൽ നിന്നിഴഞ്ഞ് പകുതിയോളം പുറത്തു വന്നു.
അപ്പോഴാണയാളതു കണ്ടത് - അവന്റെ ഇടതുവശം രക്തപങ്കിലമാണ്.ഇടതുകൈ ഒടിഞ്ഞു തൂങ്ങികിടക്കുന്നു..ചിലയിടത്ത് മാംസം ചീന്തിപ്പോയിരിക്കുന്നു. കണ്ടിടത്തോളം പരിക്കുകൾ വെച്ച്, അവനും ഏറെ സമയം ആയുസ്സില്ല. അയാൾ തീർച്ചപ്പെടുത്തി.
അപ്പോഴാണയാളതു കണ്ടത് - അവന്റെ ഇടതുവശം രക്തപങ്കിലമാണ്.ഇടതുകൈ ഒടിഞ്ഞു തൂങ്ങികിടക്കുന്നു..ചിലയിടത്ത് മാംസം ചീന്തിപ്പോയിരിക്കുന്നു. കണ്ടിടത്തോളം പരിക്കുകൾ വെച്ച്, അവനും ഏറെ സമയം ആയുസ്സില്ല. അയാൾ തീർച്ചപ്പെടുത്തി.
“ കണ്ടോ ചെകുത്താനേ ? നിന്റെ ഹെലിക്കോപ്റ്ററുകൾ ചെയ്ത പണിയാണ്.. നിങ്ങൾ തിരിച്ചടിക്കുമെന്ന് ഉറപ്പുണ്ടായതുകൊണ്ടാണ് ഞങ്ങൾ വേഗം പിൻവാങ്ങിയത്.എന്നാലും നിങ്ങളുടെ സൈന്യത്തിന്റെ സ്വഭാവം വച്ച് അവറ്റകൾ ഇത്രവേഗം ഇരമ്പി വന്ന് ബോംബിടുമെന്ന് ഞങ്ങളുടെ കമാണ്ടർ പോലും കരുതിയിരുന്നില്ല..നാണമില്ലാത്തവർ.. കരയിലൂടെ വന്ന് യുദ്ധം ചെയ്യുന്നവരോട് ആകാശത്തിലൂടെ വന്ന് പ്രതികാരം ചെയ്യുക. ! മനുഷ്യപിശാചേ..ഞങ്ങളിനി വെറുതെയിരിക്കുമെന്ന് കരുതണ്ട..നിന്റെ രാജ്യത്തിന്റെ ഓരോ മുക്കും മൂലയും ഞങ്ങൾ
കത്തിക്കും ! ”
ഹെലിക്കോപ്റ്ററുകൾ !..അപ്പോൾ അതു നടന്നു ! അയാൾക്കേറെ ആഹ്ലാദം തോന്നി..അല്ലെങ്കിലും പുതിയ അധികാരികൾ സ്ഥാനമേറ്റ ശേഷം കാര്യങ്ങളൊക്കെ ഒരു മാറ്റമുണ്ട് !
അവന്റെ തുടർച്ചയായ സംസാരം അയാളെ അസ്വസ്ഥനാക്കി. യുദ്ധത്തിൽ, ഗുരുതരമായി പരിക്കേറ്റ പലരും മരണത്തിലേയ്ക്ക് ഒഴുകിപ്പോകുന്നതിനയാൾ ദൃക്‌സാക്ഷിയായിട്ടുണ്ട് - മിത്രങ്ങളായാലും ശത്രുക്കളായാലും. ചിലർ അനന്തതയിലേക്ക് നോക്കി കണ്ണിമയ്ക്കാതെ കിടക്കും. ചിലർ കണ്ണ് തുറക്കുകയേയില്ല. ചിലർ രാജ്യത്തിന് ജയ് വിളിക്കും. മിത്രങ്ങളാണെങ്കിൽ ചിലപ്പോൾ രണ്ടോ മൂന്നോ വാചകങ്ങൾ പറയും- അനിവാര്യമായ ജയത്തെക്കുറിച്ച്, തന്നെയവിടെയുപേക്ഷിച്ച് യുദ്ധം തുടരുന്നതിനെക്കുറിച്ച്..അങ്ങനെയെന്തെങ്കിലും. ചിലർ പല്ലിറുമ്മി ഞരങ്ങും.. പക്ഷെ ഇതുപോലെ ലജ്ജയില്ലാത്ത, വായാടിയായ ഒരുത്തൻ ആദ്യമായാണ് അയാൾക്കു മുന്നിൽ വരുന്നത്.
“ മിണ്ടാതിരിക്ക് കഴുതെ..ചാവാൻ നേരത്ത് പെണ്ണുങ്ങളെപ്പോലെ പുലമ്പാതെ..” അയാൾ മുരണ്ടു.
“എനിക്കിവിടെ നിന്ന് അനങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാനാദ്യം ചെയ്യുക എണീറ്റു വന്ന് നിന്റെ വായിലിത്തിരി മണ്ണു കോരിയിടുകയായിരിക്കും ! ”
“ ഞാൻ പറയും ! തനിക്കെന്താ നഷ്ടം പരദേശി നായേ ? തന്നെപ്പോലെ ജീവിതം പാതി കഴിഞ്ഞവനൊന്നുമല്ല ഞാൻ..വെറും പതിനേഴ് വയസ്സ്.. ”
അവൻ മുഖത്തെ കമ്പിളി എടുത്തു മാറ്റി. ശരിയാണ്..രോമങ്ങൾ കിളിർത്തു തുടങ്ങിയ ഒരു പയ്യൻ..
“ ഇന്നത്തെ പരിശീലനം കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തി ഉമ്മിയുണ്ടാക്കിയ റൊട്ടിയും തിന്ന് ചുരുണ്ടു കൂടിയുറങ്ങേണ്ടവനാ ഇവിടെ ആരോരുമില്ലാതെ വയറും നെഞ്ചും കീറിപ്പൊളിഞ്ഞ് മഞ്ഞിൽ കിടന്ന് ചാവാൻ പോകുന്നത്..” അവന്റെ ശബ്ദമിടറി.
അയാൾക്കു ചിരിയാണു വന്നത്. അവന്റെ പ്രായത്തെ കരുതിയൊ എന്തോ, നേരിയ സഹതാപവും തോന്നാതിരുന്നില്ല.
“ പിന്നെ വേലി നൂണ്ട് ഞങ്ങളുടെ രാജ്യത്തു വന്ന് ഞങ്ങളെയൊക്കെ വെടിവെച്ചാൽ നിന്നെയൊക്കെ പൂച്ചെണ്ടു തന്നു സ്വീകരിക്കുമെന്ന് കരുതിയോ ? ” അയാൾ പരിഹസിച്ചു.
പയ്യൻ മറുപടിയൊന്നും പറഞ്ഞില്ല.
നിശബ്ദത മിനിറ്റുകളോളം നീണ്ടിട്ടും അവനിൽ നിന്ന് മറുപടിയൊന്നും ഉയരാതായപ്പോൾ അവന്റെ ശബ്ദം എന്നെന്നേക്കുമായി അവസാനിച്ചുവോ എന്ന ആകാംഷയിൽ അയാളവനെ സൂക്ഷിച്ചു നോക്കി.
അവൻ കണ്ണുകൾ ആകാശത്തേയ്ക്ക് തുറന്ന് മലർന്നു കിടക്കുകയായിരുന്നു. മരിച്ചിട്ടില്ല; നെഞ്ച് ഉയർന്നു താഴുന്നുണ്ട്..അയാൾ കണ്ടു
“ ദേഹമാസകലം ആയിരം സൂചികൾ ഒരുമിച്ച് കയറുന്ന വേദന.. ഈ മരങ്ങളും ആകാശവും സൂര്യനുമെല്ലാം ഇരുണ്ട് കറങ്ങാൻ തുടങ്ങുന്നതുപോലെ.. നെഞ്ചിനൊരു വലിയ ഭാരം..നെഞ്ചിടിപ്പൊക്കെ ആകെ താളം തെറ്റിയപോലെ..മരിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണോ അത് ? ” പെട്ടന്ന് അവൻ ചോദിച്ചു. ആത്മാവിൽ നിന്നുയർന്ന ഒരു രോദനം പോലെ തോന്നി അത്.
“ജനിച്ചാൽ ഒരിക്കൽ മരിക്കണം..നീയും മരിക്കും, ഞാനും മരിക്കും. എല്ലാവരും മരിക്കും..അതിലെന്താ ഇത്ര പേടിക്കാനുള്ളത് ? ” അയാൾ നിർവികാരം പറഞ്ഞു. എങ്കിലും അതിൽ ഒരു സ്വാന്തനത്തിന്റെ ധ്വനി നിഴലിച്ചിരുന്നു.
മരണം അവനിൽ നിന്നത്ര ദൂരെയല്ലാതെ കാത്തുനില്പുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് ഒരു മിന്നൽ പോലെ ആ ഓർമ്മ അയാൾക്കുള്ളിൽ കത്തിയത് – വലതു വശത്ത്, പകുതിയോളം മഞ്ഞിൽപ്പുതഞ്ഞു കിടക്കുന്ന ബാഗിൽ, ഒരു കുപ്പി റം ഇരിപ്പുണ്ട് !ആ ചിന്തയോടൊപ്പം തന്റെ ദാഹം പലമടങ്ങ് ഇരട്ടിയായതായി അയാൾ അറിഞ്ഞു. ഒരിറ്റ് ഇറക്കാൻ കഴിഞ്ഞെങ്കിൽ ! എങ്ങാനും ചിലപ്പോൾ അതിന്റെ ചൂട് നീട്ടി നൽകുന്ന ജീവദൈർഘ്യത്തിൽ….
പക്ഷെ, ഇനിയൊരല്പം കൂടി കഴിഞ്ഞാൽ, അത് പുറത്തെടുക്കാൻ ശേഷിയുള്ള അവസാനജീവിയും ഇല്ലാതാവും . പിന്നെയത് ആർക്കും ഉപയോഗമില്ലാതെ മഞ്ഞിൽ ആണ്ടു പോകും . പക്ഷെ ബാഗിനുള്ളിൽ ബാക്കിയെന്തൊക്കെയാണുള്ളതെന്ന് അവനറിയാനിട വന്നാൽ ?
പക്ഷെ ആ ഓർമ്മ മനസ്സിൽ ഉയർന്നതിനു ശേഷം, അനുനിമിഷം തന്റെ ദാഹം കൂടി വരികയാണെന്ന് അയാൾക്കു തോന്നി. .ഒരിറക്കെങ്കിലും കിട്ടിയാൽ…
“ ഈ ബാഗിനുള്ളിൽ ഒരു കുപ്പി റം ഇരിപ്പുണ്ട് ”, ഒടുവിൽ രണ്ടും കല്പിച്ച് അയാൾ പറഞ്ഞു. : “ അതു കഴിച്ചാൽ കുറച്ചാശ്വാസം ലഭിച്ചേക്കും ”.
“ റം !. ഇത്തരം അവസ്ഥയിൽ അത് വളരെ ഉപകരിക്കും എന്ന് കമാണ്ടർ പറഞ്ഞിട്ടുണ്ട്. എവിടെ ? ആ ബാഗിലാണോ ? ” അവൻ ചോദിച്ചു. പിന്നെയവൻ കുഴിയിൽ നിന്ന് ഇഴഞ്ഞ് പുറത്തു വരാനുള്ള ശ്രമം തുടങ്ങി.
അരയ്ക്കു താഴേയ്ക്കും അവന് നല്ലവണ്ണം പരിക്കുണ്ടെന്ന് അയാൾ കണ്ടു. ഇടതു കാല്പാദം അറ്റു പോയിരിക്കുന്നു. ഇഴഞ്ഞു നീങ്ങുമ്പോഴുണ്ടായ തീവ്രനൊമ്പരത്തിൽ അവൻ ഞരങ്ങുകയും മൂളുകയും ചെയ്തു. ഒരു വേള, ബാഗ് തുറക്കുന്നതിനു മുൻപു തന്നെ അവൻ ചലനമറ്റു വീഴുമെന്ന് അയാൾക്കു തോന്നി.
പക്ഷെ അവസാനം അവൻ വിജയിക്കുക തന്നെ ചെയ്തു. പക്ഷെ അവന്റെ വലതുകൈ ബാഗിനുള്ളിൽ കൂടുതൽ നേരം പരതുന്നുണ്ടെന്ന തോന്നൽ അയാളെ ആശങ്കപ്പെടുത്തി -അതിനുള്ളിലുള്ള ബാക്കി സാമഗ്രികൾ അവൻ തിരിച്ചറിഞ്ഞാൽ ?
“കിട്ടി !”, അവൻ സാവധാനം കുപ്പി പുറത്തെടുത്ത് അടപ്പ് കടിച്ചു തുറന്നപ്പോൾ അയാൾക്കും ആഹ്ലാദം തോന്നാതിരുന്നില്ല.
കുപ്പി വായിലേക്ക് ചെരിച്ച് അവനൊരു കവിൾ നുകർന്നപ്പോൾ ദാഹം കൊണ്ട് താനിപ്പോൾ മരിച്ചു പോകുമെന്ന് അയാൾക്കു തോന്നി. എത്ര തടഞ്ഞിട്ടും തൊണ്ടയിലൂടെ രണ്ടിറക്ക് ഉമിനീർ താഴേക്കിറങ്ങി.
അവൻ ഒന്നു ചുമച്ചു : “ ഹൊ! തീ വിഴുങ്ങിയ പോലെ.. !..എന്തൊരു പുകച്ചിലാണ്...” .
സംസാരത്തിനിടയിൽ അവന്റെ മുഷ്ടി ചെരിഞ്ഞ് മദ്യം കുപ്പിയിൽ നിന്ന് പുറത്തേക്കൊഴുകുന്നത് കണ്ട് അയാൾ പരിഭ്രമിച്ചു.
“ കഴുതേ, അതു കളയല്ലേ..” അയാൾ ഉദ്വേഗത്തോടെ പറഞ്ഞു.
അവൻ കൈ നിവർത്തി പിടിച്ചു.
“ ചെകുത്താനേ..നീ കരുതുന്ന പോലെ ഞാനൊരു കഴുതയൊന്നുമല്ല . ..എങ്കിലും, ആദ്യം പ്രത്യുപകാരം……..നിനക്ക് ഞാനിത് വായിലേക്ക് ഒഴിച്ചു തരണോ ?” അവന്റെ സ്വരത്തിന് ഉണർവുണ്ടായിരുന്നു.
“ വേണ്ട വേണ്ട..,” അയാൾക്കസ്വസ്ഥത തോന്നി..“ ആ കുപ്പിയൊന്നീ ഇടതു കൈയ്യിലേക്കു തന്നാൽ മതി..”
“ എന്നാൽ ശരി, അങ്ങനെയെങ്കിലങ്ങനെ..”
കഴുത്ത് ഇടത്തോട്ട് തിരിച്ച്, മണ്ണിൽ നിന്ന് കഴിയാവുന്നിടത്തോളം തല ഉയർത്തിപ്പിടിച്ച് അയാൾ മദ്യം അല്പാല്പം വായിലേക്കൊഴിച്ചു. അമൃതാണ് തൊണ്ടയിലൂടെ താഴേക്കിറങ്ങുന്നതെന്ന് അയാൾക്കു തോന്നി.
“ ചെകുത്താനേ, ഞാനിപ്പോഴൊരു വലിയ ആശയകുഴപ്പത്തിലാണ്..” , എതിരാളി കുറച്ചുകൂടി മുന്നോട്ടിഴഞ്ഞ്, അയാൾക്ക് വിമ്മിഷ്ടം സൃഷ്ടിച്ചുകൊണ്ട് അയാളുടെ പുറത്ത് തല വെച്ച് മലർന്നു കിടന്നു. അവന്റെ കൈ ബാഗിനുള്ളിലേക്ക് നീങ്ങി : “ഇതൊരു ജീവന്മരണ പ്രശ്നമാണ്… മറ്റൊന്നും വേണ്ട ; ഈ സ്ഥിതിയിങ്ങനെ തുടർന്നാൽ, ആദ്യം ഞാനും പിന്നെ നീയും മരിക്കുമെന്ന് എനിക്കറിയാം. പക്ഷെ എങ്ങാനും അതിനിടയിൽ നിന്റെ രക്ഷകർ വന്നാൽ… നീയിവിടെ നിന്ന് ജീവനോടെ രക്ഷപ്പെട്ടാൽ ..ഈ കുന്നിനപ്പുറത്ത് ചിതറിക്കിടക്കുന്ന എന്റെ കൂട്ടാളികളോടും എന്നോടുതന്നെയും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകുമത്..അതുകൊണ്ട് നിന്റെ ബാഗിലെ കത്തിയെടുത്ത് പ്രയോഗിച്ചാലോ എന്നാണു ഞാൻ ഇപ്പോ ആലോചിക്കുന്നത്.. അതോ മരണത്തിന് ഒന്നോ രണ്ടൊ മണിക്കൂർ അകലെ, നിനക്ക് നിന്റെ വിധി എനിക്ക് എന്റെ വിധി എന്ന പാട്ടിനു വിട്ട്, ഇവിടെയിങ്ങനെ ആകാശത്തേയ്ക്കു കൺതുറന്ന് ജീവൻ വെടിയണോ ....? ………..എനിക്കറിഞ്ഞുകൂടാ..എപ്പോഴാണ് ഞാനൊരു തീരുമാനത്തിലെത്തുക…. ?......”
അയാൾക്ക് ഭയം തോന്നിയില്ല. പകരം അതിശയകരമായ ഒരു പുതിയ ആശ്വാസവും ഉണർവും അനുഭവപ്പെടുകയും ചെയ്തു. മദ്യം അല്പാല്ലമായി ആസ്വദിച്ചു നുണഞ്ഞിറക്കുമ്പോൾ അയാൾ പറഞ്ഞു:
“ ശരിയാണ്… എന്തും സംഭവിക്കാനുള്ള സാധ്യതയുണ്ട്… മരണവും ജീവിതവും ഒരു സൈനികന് നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. .. ഓരോ ആയുധപ്രയോഗത്തിലും അതിങ്ങനെ കീഴ്മേൽ മറിഞ്ഞുകൊണ്ടിരിക്കും.. ” , ഒരു ത്രികാലജ്ഞാനിയുടെ ശാന്തതയോടെ അയാൾ തുടർന്നു : “ നിനക്കെന്നെ വിശ്വസിക്കാം ; നല്ല മൂർച്ചയുള്ള കത്തിയാണത്.. ഞാനിങ്ങനെ ഇടത്തോട്ടു തലവെച്ചു കിടക്കുമ്പോഴാണ് നിനക്കത് പ്രയോഗിക്കാനെളുപ്പം. ..എന്തൊക്കെയായാലും നമ്മൾ ശത്രുക്കളാണ്, അതു മറക്കണ്ട..”
വെയിൽ അസ്തമിക്കുകയും സൂര്യകിരണങ്ങളിൽ ചുവപ്പുരാശി കലർന്നു തുടങ്ങുകയും ചെയ്തിരുന്നു.
കരിമ്പടം പുതച്ച്, തങ്ങളുടെ പ്രിയപ്പെട്ട കളിത്തോഴി കൂടി ലീലകളാടാനെത്തുന്ന ആഹ്ലാദത്തിൽ തണുപ്പും ഹിമകാറ്റും താഴ്‌വാരമാകെ ആഹ്ലാദനൃത്തം തുടങ്ങി. ഇരുണ്ട ആകാശത്ത് , ഒരു വിധവയുടെ ജീവിതാരംഭം പോലെ, വിളറിയ ചന്ദ്രക്കലയും നക്ഷത്രകുഞ്ഞുങ്ങളും തെളിഞ്ഞു.
പിന്നെയുമേറെ നേരം കഴിഞ്ഞ്, താഴെ, നിഴലും നിലാവും ചിത്രങ്ങൾ വരയുന്ന ഹിമഭൂമിയിൽ ചുരുണ്ടു കൂടിയ രണ്ടു മനുഷ്യർക്കിടയിലെ നിശബ്ദതയിലേക്ക്, സൂചിയിലതുമ്പുകളിലെ മഞ്ഞുതുള്ളികൾ നിർവികാരം അടർന്നു വീഴാൻ തുടങ്ങി.
*******************
കഥ നന്നായി പറഞ്ഞു ..
മറുപടിഇല്ലാതാക്കൂപക്ഷെ മനോജിന്റെ മറ്റു കഥകള്‍കൊപ്പം എത്തിയില്ല
അങ്ങനെയാണോ ? ഞാൻ ഇതെന്തോ വലിയ സംഭവമാണെന്നാ കരുതിയിരുന്നത്..അതാ ഇത്ര പരസ്യമൊക്കെ കൊടുത്തത്..:(
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടപ്പെട്ടു. ആദ്യം മുതല്‍ അവസാനം വരെ ഒറ്റ ശ്വാസത്തില്‍ വായിച്ചു തീരത്തു എന്ന് പറയാം. രണ്ടുപേരുടെയും ചിന്തകള്‍ വളരെ കൃത്യമായി പകര്‍ത്തി വെച്ചിരിക്കുന്നു. അവസാനവും നന്നാക്കി.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു മനോജ് ,ഓഷോയുടെ ഒരു കഥയുണ്ട് ,അന്യോന്യം വഴി കൊടുക്കാന്‍ വിസമ്മതിച്ചു രണ്ടു വണ്ടിക്കാര്‍ രണ്ടു വണ്ടികളും വഴിയില്‍ ഇടുന്നു ,കുറെ നേരം കഴിഞ്ഞു ഒന്നാമന്‍ ബോറടിച്ചിട്ടു പത്രം വായിക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടാമന്‍ അതിലൊരു ഷീറ്റ് ആവശ്യപ്പെടുന്നു ,ഒന്നാമന്‍ സൌമനസ്യത്തോടെ അത് കൊടുക്കുകയും ചെയ്യുന്നു ,അത്ര സൌമനസ്യം ഒന്നും വേണ്ട ആ വണ്ടി ഒരല്‍പം ഒതുക്കി കൊട്ടുക്കാന്‍ എന്ന് ഓഷോ ചിരിക്കുന്നു ,അത് പോലെ ഒരു ചിരി ഈ പോസ്റ്റിലും കാണാം ,വ്യത്യസ്തത ഉള്ള പോസ്റ്റ് ,ഈ കഥ വിജയിച്ചിരിക്കുന്നു ..........ഞങ്ങളുടെയൊക്കെ മനസ്സുകളില്‍ ...
മറുപടിഇല്ലാതാക്കൂസന്തോഷം, സിയാഫ് ഭായ്..
മറുപടിഇല്ലാതാക്കൂഎന്തോ, വായിക്കുന്തോറും ഈ കഥ എനിക്കു കൂടുതൽ ഇഷ്ടമാവുകയാണ്..
കഥ നന്നായി ട്ടോ ...ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നിരുന്നാലും ഇങ്ങനെ ഒക്കെ ഉള്ള മരണങ്ങള്‍ സങ്കടാണ്..
മറുപടിഇല്ലാതാക്കൂനന്ദി, കൊച്ചുമോൾ
ഇല്ലാതാക്കൂകൊള്ളാട്ടൊ ..
മറുപടിഇല്ലാതാക്കൂനന്ദി, തക്ഷയ
ഇല്ലാതാക്കൂനല്ല കഥ.പുതുമയും വിത്യസ്തതയും തോന്നി.
മറുപടിഇല്ലാതാക്കൂനന്ദി,ആറങ്ങോട്ടുകര മുഹമ്മദ്
ഇല്ലാതാക്കൂനല്ല കഥ തന്നെ..ഒരിരുപ്പിനു തന്നെ വായിച്ചുതീര്‍ത്തു...
മറുപടിഇല്ലാതാക്കൂനന്ദി, ശ്രീക്കുട്ടൻ
ഇല്ലാതാക്കൂമനോജേട്ടാ,കഥ നന്നായിരിക്കുന്നു....
മറുപടിഇല്ലാതാക്കൂനന്ദി, മാനസി
മറുപടിഇല്ലാതാക്കൂviddiman നല്ല കഥ, നല്ല വിവരണം. ഞാൻ ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു. എത്ര മനോഹരമെന്ന് പറയുവാൻ മാത്രം ഭാഷാ വിജ്ഞാനം എനിക്കില്ല. നല്ല ഒരു ഹോളിവുഡ് പടം കണ്ടിരിക്കുന്ന അനുഭവത്തിലാണ് ഞാനത് വായിച്ച് തീർത്തത്. ഉജ്ജ്വലം. ആശംസകൾ.
മറുപടിഇല്ലാതാക്കൂനന്ദി, മണ്ടൂസൻ
മറുപടിഇല്ലാതാക്കൂനന്നായി കഥ .!
മറുപടിഇല്ലാതാക്കൂനന്ദി, മൈഡ്രീംസ്
മറുപടിഇല്ലാതാക്കൂഇതു ഞാന്‍ മുന്‍പേ വായിച്ചിരുന്നു. അന്ന് എന്തോ ഇവിടെ കമെന്റ്റ് ഇടാന്‍ പറ്റിയില്ല പക്ഷെ ഫേസ്ബുക്കില്‍ എട്ടു എന്നുതന്നെയാണ് എന്റെ വിശ്വാസം.
മറുപടിഇല്ലാതാക്കൂഅവസാനം ഒരു ത്രില്ലര്‍ സിനിമ പോലെ നായകന്‍ വില്ലനെ കൊല്ലുന്നത് കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. തീര്‍ന്നാപ്പോഴാണ് തോന്നിയത് ആരാണ് വില്ലന്‍? ഏതാണ് നായകന്‍?.........പേരുപോലെ നമ്മെപ്പോലെ രണ്ടു മനുഷ്യര്‍!
മനോജിൽ നല്ലൊരു കഥാകാരൻ ഒളിഞ്ഞിരിക്കുന്നുണ്ട് കേട്ടൊ ഭായ്
മറുപടിഇല്ലാതാക്കൂതാങ്ങളുടെ കഥകളില്‍ എനിക്കേറെ പ്രിയങ്കര മായ ഒന്ന് ഇതാണ്.മരണം വരുന്നതും കാത്തിരിക്കുന്ന ശത്രുക്കളായ രണ്ടു പേരുടെ മനോവിചാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു .ക്ലൈമാക്സ് ഏറെ ഇഷ്ടമായി .വലിച്ചു നീട്ടി ബോറടിപ്പിക്കാതെ പ്രതീക്ഷകള്‍ക്ക് വിപരീതമായോരന്ത്യം .കുറെ മുന്നേ എഴുതിയ കഥയായതിനാല്‍ ചില കുറവുകള്‍ ഉണ്ട്.എങ്കിലും എനികിഷ്ടമായി .ആശംസകള്‍ സുഹൃത്തേ...
മറുപടിഇല്ലാതാക്കൂഇതിന്റെ ലിങ്ക് ഗ്രൂപ്പില്‍ കൊടുത്തത് നന്നായി. ഇല്ലെങ്കില്‍ ഇത്ര നല്ല ഒരു വായന തരപ്പെടുമായിരുന്നില്ല. ശത്രുവിനെ വകവരുത്താനുള്ള സൈനികന്‍റെ കരുത്തും, മുറിവേറ്റു വീണ മനുഷ്യജീവനെ സഹായിക്കാനുള്ള മനുഷ്യത്വവും ഇഴചേര്‍ന്ന നല്ലൊരു കഥ.
മറുപടിഇല്ലാതാക്കൂഒരു നല്ല കഥ വായിച്ച സുഖം തോന്നുന്നു ...
മറുപടിഇല്ലാതാക്കൂനല്ല അവതരണ ശൈലി ....
നല്ല ഒരു കഥ.. നല്ല വായന ആവശ്യപ്പെടുന്ന കഥ. എനിക്കിഷ്ടമായി
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ<<>> ആ ഒരു സന്ദര്ഭാത്തിന്റെ തീവ്രത ഇല്ലാതാക്കുന്ന വാചകം !!
മറുപടിഇല്ലാതാക്കൂ<>> മനസ്സിലായില്ല :(
<> ഒരു ശത്രുവിനെ അതും അവനെ അറിയുന്നതിന് മുന്നേ ഈ ഒരു ഉപമ മുഴച്ചു കാണുന്നോ ?
<>>> നിങ്ങളും സമ്മതിച്ചു - എന്നെപ്പോലെ .... ന്നാലും സ്ത്രീകളെ ഇങ്ങനെ ? മറ്റൊരുപമ കാണാമായിരുന്നു.
.
<<<<“ ദേഹമാസകലം ആയിരം സൂചികൾ ഒരുമിച്ച് കയറുന്ന വേദന..>>>> 2 പ്രാവശ്യം ആവര്ത്തിച്ചു. പാടില്ല.
<<>> അടി പൊളി ...
----------------------------------------
ബോറീസ് പോലെയെവ് ന്റെ "ഒരു യഥാർത്ഥ മനുഷ്യന്റെ കഥ " എന്നത് ഇത്തരം ഒരു അനുഭവമാണ് --- ബട്ട് ഒറ്റക്കാണ്.
രാജ്യസ്നേഹം / മിലിട്ടറി രാഷ്ട്രീയം ഒക്കെ നന്നായി. ശരിക്ക് ഉള്ളില കടക്കാൻ കഴിയുന്നു... സങ്കല്പ്പിക്കാൻ കഴിയുന്നു.
പ്രമേയം ഇഷ്ടപ്പെട്ടു ..... ശത്രുവും / ശത്രുവും !!
നല്ല കഥ.
ഒരു ചര്ച്ചക്കു വെക്കുകയെങ്കിൽ സംസാരിക്കാനുള്ള ചിലതുണ്ട്.
വിഡ്ഢിമാൻ !!! :D
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇത് നിലവാരമുള്ള ഒരു കഥയാണ്. പക്ഷെ ചില തോന്നലുകള്‍.
മറുപടിഇല്ലാതാക്കൂ"തൊട്ടിപ്പുറത്ത് ", "എന്നിട്ടൊക്കെത്തിനെയും", "നിരാശ വന്നയാളെ പൊതിഞ്ഞു.", "അനങ്ങാനാവില്ലെന്ന് "എന്നീ പ്രയോഗങ്ങള്‍ കഥയുടെ നിലവാരം കെടുത്തിയതുപോലെ. തുടക്കത്തിലെ സംസാരശൈലി കുറച്ചുകൂടി നിലവാരമുള്ളതാക്കിയിരുന്നെങ്കില്‍, നന്നാകുമായിരുന്നു എന്നും തോന്നുന്നു. സംസാരം തന്നെ കൂടിപ്പോയൊ എന്നും തോന്നുന്നു. കഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരം കുറച്ചുകൊണ്ടുതന്നെ അവരുടെ ആശയവിനിമയം സാധ്യമാക്കുവാന്‍ കഴിയുമായിരുന്നില്ലേ. ശത്രുരാജ്യങ്ങളിലെ ഭടന്‍മാര്‍, മരണത്തെ മുഖാമുഖം കണ്ടുകൊണ്ടു കിടക്കുമ്പോള്‍, ഒരുപക്ഷെ ഒരു കുപ്പിയില്‍നിന്നും റം പങ്കുവെച്ചേക്കാം. പക്ഷെ ഒരു തീവ്രവാദി അങ്ങനെ ചെയ്യുവാന്‍ സാധ്യത കുറവാണ്. ഇതൊക്കെ എന്റെ മാത്രം വെറും തോന്നലുകളായിരിക്കാം. പക്ഷെ താങ്കളുടെ ഭാവനയും ശൈലിയും അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍ വിഡ്ഢിമാന്‍.
വീണ്ടും വായിച്ചു - ആദ്യ വായനയിൽ തോന്നാത്ത ഒരനുഭൂതിയാണ് ഇപ്പോൾ തോന്നിയത് - അത് കൊണ്ടാണ് വീണ്ടും അഭിപ്രായമെഴുതുന്നതും - വല്ലാത്തൊരു കഥ തന്നെ - വാക്കുകളുടെ ഒഴുക്കുണ്ടല്ലോ ഗംഭീരം - നിങ്ങള്ക്ക് ഇതിനേക്കാൾ നന്നായി കഴിയും എന്നത് ഒരു വസ്തുതയുമാണ്.
മറുപടിഇല്ലാതാക്കൂ:)
ഇഷ്ടം... ആ ചിത്രം മുഴുവൻ മനസിൽ കണ്ടു.. മഞ്ഞിൽ പുതച്ച മലഞ്ചെരിവും..
മറുപടിഇല്ലാതാക്കൂരണ്ട് മരണാസന്നരായ യോദ്ധാക്കളും..
പിന്നെ മഞ്ഞ് പുതപ്പിലെ കളങ്കം പോലെ ചേതനയറ്റ ശരീരങ്ങളും..
ഒരു കൊറിയൻ സിനിമ കണ്ട പോലെ..
കൂടുതൽ വിമർശങ്ങൾ നടത്താൻ ഒരു വായന കൂടി ആവശ്യം..
ആ വായന കഴിഞ്ഞിട്ട് പറയാം..