മുട്ടിയാൽ….
“ അല്ലാ ! ഇതെന്താ ഈ കാണുന്നേ ! ഇതെന്താ ആകാശത്തിങ്ങനെ…?! ”
“ തമ്പ്രാക്കള് പറഞ്ഞു പൊതുവഴീല് കുത്തിയിരിപ്പൊന്നും വേണ്ടാന്ന്. എടവും വലവും സ്വകാര്യം. ഇനി ഇവിട്യേ സ്ഥലൊള്ളൂ…തമ്പ്രാക്കള് ആകാശയാത്ര തൊടങ്ങ്യാ ഇവടന്നും ഓടിക്ക്യോന്നാ ഇപ്പഴത്തെ പേടി ”
“ എല്ലാരുമുണ്ടല്ലോ കൂടെ..ചുവപ്പ്, ത്രിവർണ്ണം, കാവി, മഞ്ഞ, പച്ച, നീല, വെള്ള..”
“ഉവ്വ..എല്ലാരുമുണ്ട് ! ”
“അല്ല ഇതെന്താ അതിന്റേയും പിന്നില് ശവവണ്ടികള് ? ”
“ശവങ്ങള് മാത്രല്ല..ഇപ്പ ദൈവങ്ങക്കു കൂടി നെരത്തിലെറങ്ങാൻ അവകാശല്ല്യ. തമ്പ്രാക്കൾടെ ആജ്ഞേരെ ഒരു പവറ് ! ”
“ ഇതെന്താ ദൈവങ്ങൾക്കും പിന്നില് കുറെ കാൽനടക്കാര് ? ”
“ റോഡില് കാൽനടക്കാര് കൂട്യപ്പോ തമ്പ്രാക്കള് കൽപ്പിച്ചു പൊതു നിരത്ത് വാഹനങ്ങൾക്കൊള്ളതാന്ന് ”
“ അതിന്റേയും പിന്നിൽ സൈക്കിളുകാര് ? ”
“ റോഡില് സൈക്കിളുകാര് കൂട്യപ്പോ തമ്പ്രാക്കള് കല്പിച്ചു റോഡ് യന്ത്രവാഹനങ്ങൾക്കൊള്ളതാന്ന് ”
“അതിന്റേയും പിന്നില് ബൈക്കുകാര് ? ”
“ തമ്പ്രാക്കള് പറഞ്ഞു ഹെൽമറ്റു വെച്ചാലും ടു വീലറുകാര് അപകടങ്ങളുണ്ടാക്കി വഴിമൊടക്കുംന്ന് ”
“ഓട്ടോറിക്ഷ ? ”
“ കണ്ണും മൂക്കില്ല്യാണ്ട് ഓടിച്ച് റോഡില് ബ്ലോക്കുണ്ടാക്കുംന്ന് ”
“ ലോറി, ബസ്സ് ? ”
“ഭാരവാഹനങ്ങളോടി പൊതു നിരത്ത് കുണ്ടും കുഴിയുമാവുംന്ന് ”
“ അങ്ങനെ പ്രജകളെല്ലാവരും വായുമാർഗ്ഗമാക്കി അല്ലേ..? ”
“അദെന്നെ..ഇതിപ്പോ തമ്പ്രാക്കൾടെ കാറ്, തമ്പ്രാക്കൾടെ റോഡ്, തമ്പ്രാക്കൾടെ നാട്..നമ്മളാര്..വെറും കൃമി….എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള് ; ന്യായാഞ്ചേരി തമ്പ്രാക്കള് തമ്പ്രാക്കള് !! ”
“അതൊക്കെ പോട്ടെ..ഇതെന്താ എല്ലാവരും മൂടുപൊത്തി നടക്കുന്നത് ? ”
“ എല്ലാർക്കും മുട്ടി തൊടങ്ങീട്ട് കൊറെ നേരായി..പക്ഷെ നമ്മളിവിടിര്ന്ന് തൂറിയാ കീഴെ തമ്പ്രാക്കൾടെ കാറും റോഡുമെല്ലാം വൃത്തികേടാവുല്ല്യേ….അതോണ്ട് മൂടുപൊത്തിങ്ങനെ നടക്കെന്നെ..!! ”
നിയമങ്ങളൊക്കെ മേലാളന്മാര്‍ക്കായി ഒരുങ്ങുന്നു. അത് എത്ര കഠിനമാണെങ്കിലും കീഴാളന്മാര്‍ക്ക് അനുസരിച്ചേ മതിയാകൂന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ