പഠിക്കാത്തവർ
വെള്ളയടിച്ച കുഴിമാടങ്ങൾക്ക്
വാണിഭക്കാരുടെ സ്വരമായിരുന്നു.
നന്മകൾക്ക് ദാനം ലഭിച്ച പൂർവീകസ്വത്തിൽ
പുതിയ ചന്തകൾ പടുത്തുയർത്തി
അവർ ലേലം വിളിച്ചു.
‘ ആർക്കും വരാം ആർക്കും വരാം
നൂറടച്ചാൽ ഒന്ന് ! നൂറടച്ചാൽ ഒന്ന് ’
നേരെയുയർന്ന ചൂണ്ടു വിരലുകളെ ഒടിച്ചമർത്തി
അവർ ആക്രോശിച്ചു.
‘പാപികൾക്കു വേണ്ടി ജീവൻ ത്യജിച്ചവന്റെ ഇടയരെ
ആരും ത്യാഗം പഠിപ്പിക്കേണ്ടതില്ല ’
കറുപ്പടിച്ച കുഴിമാടങ്ങൾക്ക്
വാണിഭക്കാരുടെ സ്വരമായിരുന്നു.
കണ്ണുകൾ കെട്ടി
നീതീയും അനീതിയും തൂക്കി നോക്കി വിധി പറയേണ്ടവർ
കണ്ണുകൾ തുറന്ന്
നഷ്ടക്കണക്കുകൾ വായിച്ച് കണ്ണീരൊഴുക്കി.
‘കച്ചവടം എപ്പോഴും ലാഭത്തിന്
പണമുള്ളവർ പഠിക്കട്ടെ !
പണമില്ലാത്തവർ ഭൂതവും ഭാവിയും വർത്തമാനവും
പണയം വെച്ച് പണമുണ്ടാക്കട്ടെ. ’
നേരെയുയർന്ന ചൂണ്ടു വിരലുകളെ ഒടിച്ചമർത്തി
അവർ ആക്രോശിച്ചു.
‘ന്യായം പഠിച്ച സർവ്വന്യായാധിപരെ
ആരും ന്യായം പഠിപ്പിക്കേണ്ടതില്ല. ’
വർണ്ണങ്ങളടിച്ച കുഴിമാടങ്ങൾക്ക്
വാണിഭക്കാരുടെ സ്വരമായിരുന്നു.
‘പണത്തിനു മീതെ വോട്ടും പറക്കില്ല.
ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ല
കറുപ്പുകളും വെളുപ്പുകളും ചേർന്ന് തീരുമാനിക്കട്ടെ.’
നേരെയുയർന്ന ചൂണ്ടു വിരലുകളെ ഒടിച്ചമർത്തി
അവർ ആക്രോശിച്ചു.
‘നിങ്ങൾ തോളിലേറ്റിയവരെ
നിങ്ങൾ തിരുത്തേണ്ടതില്ല.’
രക്തം തിളയ്ക്കുന്നവർക്ക്
എന്നും എവിടേയും എപ്പോഴും
ഒരേ സ്വരമായിരുന്നു.
‘സ്വാതന്ത്ര്യം സമത്വം ജനാധിപത്യം
സ്വാതന്ത്ര്യം സമത്വം ജനാധിപത്യം’
വടിയും വെടിയുമേറ്റ്
നുറുങ്ങുന്ന എല്ലുകൾക്കും പൊലിയുന്ന ജീവനും മീതെ
അവരുടെ മുഷ്ടികളുയർന്നു.
ഉയരും ഞങ്ങൾ നാടാകെ
തിരുത്തും ,പഠിപ്പിക്കും നിങ്ങളെയാകെ.
രണ്ടക്ഷരക്കാരന്റെ ചന്തയിൽ
ചൂണ്ട രണ്ടു വർഷം രാവി
ചെറിയ മീനെയിട്ട് വലിയ മീനിനെ തുമ്പത്ത് കോർത്തവർ
ശീതീകരിച്ച മുറിയിൽ ഹാംബർഗർ ചവച്ചിരുന്ന്
വീണ്ടും ചിരിച്ചു.
‘ഡേർട്ടി ഫെല്ലോസ്…
ഇനിയുമൊന്നും പഠിച്ചിട്ടില്ല.’
പണമുള്ളവർ പഠിക്കട്ടെ !
മറുപടിഇല്ലാതാക്കൂഒന്നും മിണ്ടണ്ട
ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ :)
മറുപടിഇല്ലാതാക്കൂ