തിങ്കളാഴ്‌ച, ഏപ്രിൽ 15, 2019

മിട്ടി കെ ഫൂളോം


 ജനുറാമിനെ തപ്പി ഇറങ്ങിയതായിരുന്നു ഞാൻ.
കോളേജിലെ തൂപ്പു ജോലിക്കു പുറമേ ഞങ്ങളുടെ ഹോസ്റ്റലിലേക്ക് വിറകും പലചരക്കു സാധനങ്ങളും എത്തിക്കുന്ന പണിയും അയാൾക്കുണ്ടായിരുന്നു.
എന്റെ രക്ഷകൻ. ഇപ്പോൾ ഞാൻ പച്ചജീവനോടെ നിങ്ങൾക്കു മുമ്പിൽ നിൽക്കുന്നത് അയാൾ കാരണമാണ്.
നഗരം വളരെ മാറിപ്പോയിരിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു ക്ലീഷേ പ്രയോഗമല്ലേ എന്നു നിങ്ങൾ നെറ്റി ചുളിച്ചേക്കും. പക്ഷേ എന്തു ചെയ്യാനാണ് ! അതാണൂ സത്യം. ആവർത്തനവിരസമായ സത്യം.

 ഹോസ്റ്റലിൽ നിന്ന്  ഹൈറോഡിലേക്ക് കയറി, ഫസ്റ്റ് ലെഫ്റ്റ് തിരിഞ്ഞ് അല്പം ഉള്ളിലേക്കിറങ്ങിയായിരുന്നു അയാളുടെ വീട്.. അന്ന് വീടിനു പുറകിൽ കാടു മൂടിക്കിടക്കുകയായിരുന്നു. അതിനുള്ളിൽ ഇടിഞ്ഞു  പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിനുള്ളിലിരുന്നാണ് ഞങ്ങൾ അയാളുടെ വാറ്റു ചാരായം മോന്താറുള്ളത്.  രക്ഷപ്പെടുത്താനായി എന്നെ അയാൾ  ഒളിപ്പിച്ചതും അവിടെത്തന്നെ.അയാൾ പറഞ്ഞതനുസരിച്ചാണ് പിറ്റേന്ന് വെളുപ്പിന് അതിനു പിന്നിലുള്ള ഒറ്റയടിപ്പാതയിലൂടെ നടന്ന് കുന്നുകൾ കയറിയിറങ്ങി, സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന ഒരു ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിപ്പറ്റി ഞാൻ രക്ഷപ്പെട്ടത്.  

ഹൈറോഡിൽ നിന്ന് ഇറങ്ങുന്നതിന് എതിർവശത്തായി ഒരു കൊച്ചു കൃഷ്ണ ക്ഷേത്രമുണ്ടായിരുന്നു. ഇന്നത് വളരെ വലുതായിരിക്കുന്നു.  ചുറ്റും കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ.. പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അതാണിപ്പോൾ അടയാളമായി  ഉപയോഗപ്പെട്ടത്. ഊരു മാറാത്ത ദൈവത്തിനു നന്ദി.

 അന്വേഷിച്ച് അയാളുടെ വീടിനടുത്തെത്തിയപ്പോൾ അതൊരു അപ്പാർട്ട്മെന്റ് ഏരിയയായി മാറിയിരിക്കുന്നു. പഴയ വീടില്ല ; പുറകിൽ കാടില്ല. പത്തിരുപത്തഞ്ചു  കൊല്ലം മുമ്പത്തെ കാര്യമാണ് ; ഇപ്പോൾ നഗരമാണ് ;അവിടെ ഏത് ജനുറാം !

പക്ഷേ കിട്ടി ! അയാളെയല്ല ; അയാളുടെ പുതിയ ഇടം.. നഗരത്തിൽ നിന്ന് ഒരു മണിക്കുറോളം യാത്രയുണ്ട്. അവിടേയ്ക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.അന്ത കാലത്ത്  പഠിക്കാതെ കാള കളിച്ചു നടന്നത് ഉപകാരമായി. നഗരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഒരുവിധം കാണാപ്പാഠമാണ്. അയാളിപ്പോ എന്തു ചെയ്യുകയായിരിക്കും ? കുടിച്ച് കരളു പറിഞ്ഞ് ചത്തുപ്പോയ്ക്കാണുമോ ? പത്തുപന്ത്രണ്ടുകൊല്ലം മുമ്പ് അയാൾ കൂടും കുടുക്കയുമെടുത്ത് പോയതാണെന്നാണ് കിട്ടിയ വിവരം.

 ഗഗനാണ് അയാളെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.

 ഗഗൻ. ഗഗൻ സാരഥി.

ക്ഷമിക്കണം,  എനിക്കു പറയാനുള്ളത് ഗഗന്റെ കഥയാണ്. സലീമിന്റെ കഥയാണ്. എന്റെ കഥയാണ്. സത്യത്തിൽ ജനുറാമിനുള്ളത് ഒരു ഗസ്റ്റ് റോളാണ്.  (ഈ) ട്വിസ്റ്റ് ഇഷ്ടപ്പെടാത്തവർ കട്ടേം പടോം മടക്കിക്കോ. ഗെറ്റ് ലോസ്റ്റ് ഫ്രം മൈ സ്റ്റോറി. എനിക്കു പുല്ലാണ് !  

ഗഗൻ. തുറന്ന പെറുമാറ്റം കൊണ്ടും നുറുങ്ങു തമാശകൾ കൊണ്ടും കുസൃതികൾകൊണ്ടും എവിടെയും ഇടിച്ചു കയറുന്നവൻ.

മതം എനിക്കിന്നു മൈരാണ്. പക്ഷേ അതിങ്ങനെ മോന്തയിലും ദേഹത്തിലും കോണകത്തിലുമെല്ലാം തേച്ച് മുക്രയിട്ടു  നടക്കുന്ന മലമൈരുകൾക്കിടയിൽ  ആവശ്യത്തിനനുസരിച്ച് ഞാനതൊരു പുതപ്പായി ഉപയോഗിക്കും.നീട്ടേണ്ടിടത്ത് നീട്ടും, വടിക്കേണ്ടിടത്ത് വടിക്കും.വേണ്ടി വന്നാൽ മുണ്ടുപൊക്കിയും ഐക്യദാർഢ്യം പ്രഖ്യാപിക്കും.തുമ്പത്തെ തൊലിയിലുമുണ്ടല്ലോ മതം !  പൊക്കി കാണിക്കാൻ പറ്റാത്തവന്മാരാണ് മതം ചോദിക്കുന്നതെങ്കിൽ, അതിനു മുമ്പ് എങ്ങനെയും സ്കൂട്ടാവും. ജീവനാണല്ലോ ഏറ്റവും വലുത്. അത്യാവശ്യം പള്ളിയും നിസ്കാരവുമൊക്കെയായി കഴിഞ്ഞിരുന്ന എന്നെ  ഈ ജീവിതസത്യം പഠിപ്പിച്ചത് ഗഗനാണ്.

ജനുറാമിന്റെ വീടിന്റെ പുറകിലുള്ള കാട്ടിലെ ഇടിഞ്ഞുപൊളിഞ്ഞ വീടിനുള്ളിൽ വച്ച്, അയാൾ വാറ്റിയ ചാരായം എനിക്കു പകർന്നു തന്നതും അവൻ തന്നെ. ഫസ്റ്റ് പെഗ് ഇൻ മൈ ലൈഫ്.

വെള്ളമടിച്ച് ചെന്നപ്പോൾ, മദ്യം ഹറാമാണ്, മാങ്ങാത്തൊലിയാണ് എന്നൊക്കെ പറഞ്ഞ്  സലീം എന്നെ ഉപദേശിക്കാൻ വന്നു.

അവൻ പറഞ്ഞു  തുടങ്ങിയപ്പോഴേ ഗഗൻ വലിയ വായിൽ ഓളിയെടുക്കാൻ തുടങ്ങി. ഒരക്ഷരം കേൾപ്പിക്കില്ലെന്ന വാശിയോടെ.

“ ഇവിടെ മദ്യപിക്കുന്നത് നിരോധിച്ചിട്ടില്ല .”  സലീം തോറ്റുമടങ്ങിയപ്പോൾ ഗഗൻ പറഞ്ഞു. “ അതുകൊണ്ട് നമുക്ക് കുടിക്കാം. അത് നിയമവിരുദ്ധമല്ല. പക്ഷേ ഇജ്ജാതി മൈരുകൾക്ക് ചെവി വെച്ചു കൊടുക്കരുത്. അത് മനസ്സിനടിയിൽ ചുരുണ്ടുകൂടി കിടക്കും. ഇനിയെന്നെങ്കിലുമൊരിക്കലൊരു ഒരു കഷ്ടകാലം വരുമ്പോ ആ പാമ്പെണീറ്റ് വന്ന് കൊത്തും. പിന്നെ ഇവന്മാരു പറയുന്ന മരുന്നേ ഫലിക്കൂ.  പിന്നെ ജീവിതകാലം ഇവരുടെ അടിമ. രണ്ടും അഡിക്ഷൻ തന്നെ; പക്ഷെ കുടിക്കുമ്പോ നമുക്കറിയാം അത്  അഡിക്ഷൻ കൊണ്ടാണെന്ന്. പക്ഷേ മതം കുടിച്ചവന് അതറിയില്ല. പിറന്നു വീഴുന്നതിനു മുമ്പേ കുടിപ്പിച്ചു തുടങ്ങുന്നതല്ലേ. അത് മരിച്ചു വീഴുന്നതുവരെ തുടരും.  ഇവന്മാരിങ്ങനെ എന്തു പറയാൻ വന്നാലും ഇങ്ങനെ കൂവിയോടിച്ചോണം.. “

ഞാൻ തലയാട്ടി. കുടിച്ചാൽ അവൻ ഒരു തത്വജ്ഞാനിയാവും.യുക്തിവാദിയാവും.  എനിക്കാണെങ്കിൽ നാലു തെറി കൂടുതൽ പറയണം. മൈര് !

സലീം അവന്റെ റൂം ‌മേറ്റാണ്. എന്നും എതെങ്കിലും പറഞ്ഞ് രണ്ടാളും തമ്മിൽ തല്ലുണ്ടാവും. പക്ഷേ കിടക്കാൻ നേരത്ത് രണ്ടും കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. മീൻ കഴിക്കണമെന്നു തോന്നുമ്പോൾ  അവൻ സലീമിനെയും കുത്തിപ്പൊക്കി സലീമിന്റെ വീട്ടിലേക്ക് പോകും.  മംഗലാപുരത്താണ് സലീമിന്റെ വീട്. അവന്റെ ഉമ്മ വറുത്തും പൊരിച്ചും ചുട്ടും  കറി വെച്ചുമെല്ലാം മൂക്കുമുട്ടെ ഗഗനെ ഫ്രഷ്  മീൻ തീറ്റിക്കും. കൊതിയിളകുമ്പോൾ ഇടയ്ക്കൊക്കെ ഞാനും പോകും. മീനിനെന്ത് മതം !!
മിനി ഇന്ത്യയായിരുന്ന ഞങ്ങളുടെ കാമ്പസിൽ.ഏതൊരുത്തനെ പരിചയപ്പെട്ടാലും ഗഗൻ രണ്ടു കാര്യങ്ങളാണ് ചോദിക്കുക. ഒന്ന് : അവരുടെ നാട്ടിലെ  ആഘോഷങ്ങൾ . രണ്ട് : അവരുടെ ഭാഷയിലെ തെറികൾ  ? തെറികൾ അവൻ ഉരുവിട്ട് പഠിക്കും. പറഞ്ഞവനോട് തന്നെ പ്രയോഗിക്കും. ആഘോഷങ്ങൾ ഡേറ്റടക്കം ഡയറിയിൽ  കുറിച്ചു വെക്കും. ഒന്നുകിൽ ആ ദിവസം വെള്ളമടക്കം ഫുൾ ചെലവ് ഇടീക്കും. അല്ലെങ്കിൽ അവരോടൊപ്പം നാട്ടിലേക്ക് തിരിക്കും. അറിയാമോ ? തൃശ്ശൂർ പൂരത്തിന് അവൻ വന്നിട്ടുണ്ട്.   

 അവനാണ് ഇത്രയും വർഷങ്ങൾക്കു ശേഷം  എന്നെ ഇവിടെയ്ക്ക് വീണ്ടും കൊണ്ടുവന്നത്.
അവന്റെ ഓർമ്മ.
എന്റെ കണ്മുന്നിൽ, എന്റെ കൈയ്യാലാണവൻ വീണത്.
കൃത്യമായി പറഞ്ഞാൽ
..
എനിക്കു മുമ്പിൽ സലീം ഉണ്ടായിരുന്നു.
പുറകിൽ രാജേന്ദ്രയും.
ഹോളിയ്ക്ക് രണ്ടു ദിവസം മുമ്പായിരുന്നു അത്.
സലീമും ഞാനും അത്താഴം കഴിഞ്ഞ് ഒന്നു പുകച്ച ശേഷം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. രാജേന്ദ്ര ഡൈനിങ്ങ് ഹാളിൽ നിന്നുള്ള വരവും.

 പൊടുന്നനെയാണ് സലീം ചോരയിൽ കുളിക്കുന്നത് കാണുന്നത്. എന്താണെന്ന് മനസ്സിലാകുന്നതിനു മുമ്പ് ഞാനും രാജേന്ദ്രയും നിറമുള്ള വെള്ളത്തിൽ കുളിച്ചു.
ഒരു മിന്നായം പോലെ, ജനലിനപ്പുറം ഗഗന്റെ തിളങ്ങുന്ന കണ്ണുകളും ചപ്രത്തലമുടിയും മറയുന്നത് ഞാൻ കണ്ടു.

 “ ആ പന്നീരെ മോനെ വെറുതെ വിടരുത്” പോക്കറ്റിൽ നിന്ന്  കളർപ്പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് കൈയ്യിലൊതുക്കി പായുന്നതിനിടയിൽ സലീം അലറി.
വരാന്തയുടെ നടു വരെ ഓടിയിട്ടു വേണം ഉള്ളിലേക്ക് കടക്കാൻ.

 ഗഗനെ തേടി ഓടുന്നതിനിടയിൽ തന്നെ പല ദിക്കിൽ നിന്നും പീച്ചാം കുഴലുകൾ ഞങ്ങൾക്കു നേരെ നിറയൊഴിച്ചു തുടങ്ങിയെന്ന് അറിഞ്ഞപ്പോഴാണ് ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് മനസ്സിലായത്. അവനെ തപ്പിയെടുത്ത് അണ്ണാക്കു വരെ കളർപ്പൊടി അടിച്ചു കയറ്റാൻ ഞങ്ങളുടെ കൈ തരിച്ചു.

 കഴിഞ്ഞ തവണ ഹോളിക്ക് ഇതു പോലെ തുടങ്ങി വെച്ചിട്ട് ഒന്നുമറിയാത്തതു പോലെ ഹോസ്റ്റൽ വാർഡന്റെ മുറിയിലൊളിച്ച്, ജനലിലൂടെ കൈയ്യിട്ട് പുറത്തു നിന്ന് പൂട്ടി സുഖമായി കിടന്നുറങ്ങിയ അവനെ കളറിൽ മുക്കി കൊല്ലാനുള്ള സകല തയ്യാറെടുപ്പും നടത്തുന്നതിനിടയെയാണ് ഇങ്ങനെയൊരാക്രമണമുണ്ടായത്.
അന്വേഷണത്തിനൊടുവിൽ ഞങ്ങളവനെ കണ്ടെത്തുക തന്നെ ചെയ്തു. സ്റ്റോർ റൂമിനടുത്തുള്ള കക്കൂസിനു പുറകിൽ നിന്ന് പുകയ്ക്കുകയായിരുന്നു അവൻ.

 ഞങ്ങൾ കണ്ടു എന്നുറപ്പായതോടെ അവൻ വീണ്ടും പാഞ്ഞു. പുറകേ ഞങ്ങളും. അവിടെ നിന്ന് ഹോസ്റ്റലിനു മുന്നിലെ റോഡിലൂടെ അല്പം. പിന്നെ ഇടതിരിഞ്ഞ് പഴയ ഗേറ്റിലൂടെ വീണ്ടും കോമ്പൗണ്ടിലേക്ക്.
ഡൈനിങ്ങ് ഹാളിനു മുമ്പിലുള്ള പ്രാർത്ഥനാമുറിയിലാണ് അവൻ ഓടിക്കയറിയത്. പുറകേ  കാറ്റു പോലെ ഞങ്ങളും.
മുറിയിലെ ത്രിമൂർത്തീവിഗ്രഹങ്ങൾക്ക് മുമ്പിൽ കുട്ടികളാരൊക്കെയൊ ഇരുന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. പരീക്ഷാ കാലത്ത് അവിടെ തിരക്ക് കൂടുതലാവാറുണ്ട്.
അവൻ പിള്ളേരേയും വിഗ്രഹത്തേയും വലം വച്ച് ഓടുക തന്നെ.

 പിടിയിലൊതുങ്ങാവുന്ന ദൂരത്തെത്തിയിരുന്നു.
'ഇന്ന് നിന്നെ കൊല്ലുമെടാ പന്നീരെ മോനെ..' സലീം  ചിരിച്ചലറി.
 ഞാൻ പീച്ചാം കുഴലെടുത്ത് ഒരു ചാമ്പു ചാമ്പി. വെള്ളം വീണത് അവന്റെ ദേഹത്തല്ല ; മുമ്പിൽ തറയിലാണ്.
മാർബിൾ തറയിൽ.
ഒരു നിമിഷാർദ്ധം കൊണ്ട്, അവനതിൽ കാൽവഴുതി പുറകിലേക്ക് മലക്കുന്നതും പ്രതിഷ്ഠയുടെ പടിക്കെട്ടിൽ  തലയടിച്ചു വീഴുന്നതുമാണ് കണ്ടത്. ആക്കം നിയന്ത്രിക്കാനാവാതെ സലീം അവന്റെ മേലെ തല്ലിയലച്ചു  വീണു.
ബസ്.
അവൻ പോയി.
കുസൃതിയോ പകപ്പോ എന്നറിയാത്ത, അവന്റെ അടയാത്ത കണ്ണുകൾക്കുള്ളിലെ ഭാവം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. ഞാൻ മരിക്കുന്നതുവരെ ഉണ്ടാവും.
 ബൊക്കെ ചൂത്ത്..തെണ്ടി സൂളെ... ഞങ്ങളെ വിട്ടിട്ടുപോയി.
മൈര്.. മൂക്കിലും കണ്ണിലും നീര് വന്ന് നിറയുന്നു.
അതീപ്പിന്നെ  ആരെങ്കിലും അങ്ങനെ ഓടിപ്പായുന്നത്  കാണുന്നതേ നെഞ്ചത്ത് ഒരാന്തലാണ്. നെഞ്ചത്ത് കയറിയിരിക്കുന്ന മുള്ള് ഒന്നിളകും. ചോര തൂറ്റിത്തെറിക്കും.
 പോലീസ് എനിക്കും സലീമിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
പക്ഷേ കൂട്ടുകാർ  ഞങ്ങളുടെ കൂടെ നിന്നു.
രാജേന്ദ്രയടക്കം പലരും സാക്ഷി പറഞ്ഞു. സങ്കടം മാറിയപ്പോൾ, വിവാഹമോചിതരായ  അവന്റെ ബംഗാളി അമ്മയും ആസാമി പപ്പയും വന്ന് ഞങ്ങൾക്കവനോട് വിരോധമൊന്നുമുണ്ടായിരുന്നില്ലെന്ന് മൊഴി കൊടുത്തു.
ഏഴെട്ടു മാസം കഴിഞ്ഞ്  കോടതി ഞങ്ങളെ  വെറുതേ വിട്ടു.
ഞങ്ങളെല്ലാവരും അവന്റെ ഓർമ്മയിൽ വട്ടമിട്ടിരുന്ന് കരഞ്ഞു.
സലീമിന്റെ പ്രാർത്ഥനയും പള്ളിയിൽ പോക്കും കൂടി.
എനിക്ക് ജനുറാമിന്റെ പട്ടച്ചാരായം ഒരാശ്വാസമായിരുന്നു.
എങ്ങനെയോ ഫൈനലീയറിലെത്തി. അതങ്ങനെ ഉന്തിത്തള്ളി തീരുകയും ചെയ്തേനെ. പക്ഷേ സമ്മതിച്ചില്ലല്ലോ
.

1992 ന്റെ പ്രത്യേകത അറിയാമോ ? ഡിസംബറിൽ ഞങ്ങളുടെ ഫൈനൽ ഇയർ നടന്നു കൊണ്ടിരിക്കുകയാണ്. 1993 മാർച്ചിലാണ് പരീക്ഷ.  

ക്യാമ്പസിനു പുറത്ത് കലാപങ്ങൾ  അനുദിനം ശക്തിപ്പെട്ടു വരികയായിരുന്നു. അതിന്റെ അനുരണനങ്ങൾ ഫോസ്റ്റലിലുമുണ്ടായി.കുട്ടികൾ ഇടകലർന്നു താമസിച്ചിരുന്ന ഹോസ്റ്റലിൽ, ഹിന്ദുക്കൾക്ക്  മാത്രം ഒരുമിച്ച്  റൂമുകൾ അനുവദിക്കപ്പെടുകയോ അവരങ്ങനെ സ്വീകരിക്കുകയോ ചെയ്തു.  പേരിലൊഴിച്ച് മറ്റൊന്നു കൊണ്ടും മുസ്ലീമല്ലാതിരുന്ന ഞാൻ സലീമിന്റെ മുറിയിലേക്ക് മാറ്റപ്പെട്ടു. എന്റെ മുറിയിൽ, രാജേന്ദ്രയോടൊപ്പം സന്ദീപ് ഭട്ടാചാര്യ വന്നു കയറി. എതിർപ്പുകളുയർന്നെങ്കിലും അതൊക്കെ നിശബ്ദമാക്കപ്പെട്ടു. ഗഗൻ മരിച്ചു വീണ പ്രാർത്ഥനാമുറിയിൽ ഹിന്ദു സന്യാസിമാരുടേ പ്രഭാഷണങ്ങളും പൂജകളും പ്രസാദവിതരണവും എല്ലാം  ആരംഭിച്ചു. റിക്രിയേഷൻ ക്ലബ്ബ് എന്ന ലേബലിൽ, ആദ്യം ഹിന്ദ് മാതാ എന്ന സംഘടനയും പിന്നെ ശാഖയും തുടങ്ങി.
അങ്ങനെയോരോന്നിനോടും പൊരുത്തപ്പെട്ടു തുടങ്ങുന്നതിനൊപ്പം, മതങ്ങളുടെയും ജാതിയുടേയും മതിലുകളും കുട്ടികൾക്കിടയിൽ  ഉയർന്നു തുടങ്ങുന്നതും ഞങ്ങൾ കണ്ടു..
അത്തരം മതിലുകൾ തകർത്ത്  ഞങ്ങൾക്കിടയിൽ പാലങ്ങൾ പണിതവൻ മണ്ണിലുറങ്ങിപ്പോയിരുന്നല്ലോ.

എന്തുമൈരെങ്കിലുമാവട്ടെ, നാലഞ്ചു മാസം കഴിഞ്ഞാൽ ഇറങ്ങിപ്പോകാമല്ലോ എന്നോർത്തു ഞങ്ങൾ സമാധാനിച്ചു.

ഗഗനു ശേഷം കൂടുതൽ പരിചയമുണ്ടായിരുന്ന ഒരാളെന്ന നിലയിലാവാം,  ഹോസ്റ്റലിൽ തന്റെ വാറ്റുചാരായവില്പനയുടെ ഏജന്റായി ജനുറാം എന്നെയാണ് നിയമിച്ചത്. പോരാത്തതിന്, ഞാനയാളുടെ ഒരു ഉപഭോക്താവു കൂടിയായിരുന്നല്ലൊ. ഭാഗ്യം, മദ്യത്തിനു മതമില്ല !!

ഹോളിവെള്ളം തളിച്ചതിന് ദുർഗ്ഗാപ്രതിമയിലേക്ക് ഹിന്ദുയുവാവിനെ തള്ളിയിട്ട് കൊന്നവർ എന്ന ഒരപഖ്യാതി ഞങ്ങളെക്കുറിച്ച് നാട്ടിൽ പരക്കുന്നുണ്ട് എന്ന് ആയിടെ  ഒരിക്കൽ ജനുറാം എന്നെ അറിയിച്ചു.സൂക്ഷിക്കണം എന്ന് ഉപദേശിച്ചു.

ഞാനതത്ര കാര്യമാക്കിയില്ലെങ്കിലും സലീമിനോടു പറയാതിരുന്നില്ല. പള്ളിയിൽ നിന്നും അങ്ങനെയൊരു സംസാരം കേട്ടെന്ന് അവനും പറഞ്ഞു.  പുറത്തേക്കിറങ്ങുമ്പോൾ കുറച്ചുകാലം ശ്രദ്ധിച്ചെങ്കിലും പിന്നെ ഞങ്ങളത് വിട്ടുപോയി. അതാണല്ലോ പ്രായം.അതിനുമാത്രമൊന്നും പരിസരത്തൊന്നും കണ്ടതുമില്ല.  

ഗഗനില്ലാത്ത ഹോളി വരികയാണ്. ഞങ്ങളുടെയൊക്കെ നെഞ്ചിനെ ചുറ്റിപ്പിണഞ്ഞ്  ആ ഓർമ്മകളുടെ മുൾപ്പടർപ്പുകൾ കൊളുത്തി വലിക്കുന്നുണ്ട്. ആഘോഷങ്ങളൊന്നും വേണ്ടെന്ന് ആരും  തീരുമാനമെടുത്തില്ലെങ്കിലും എല്ലാവരുടേയും മനസ്സിൽ അതുണ്ടായിരുന്നു. പക്ഷേ ഗഗന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകളും നോട്ടീസുകളും ഇറക്കിക്കൊണ്ട് തങ്ങളുടെ അക്കൊല്ലത്തെ ഹോളി ആഘോഷം അവന് സമർപ്പിക്കുമെന്ന് ഹിന്ദ്മാതാ പ്രഖ്യാപിച്ചു.

ധീർ സേനാനി ഗഗൻ സുബാഷ് ചതുർവേദി. ഹിന്ദുസ്വാഭിമാൻ ഗഗൻ സുബാഷ് ചതുർവേദി. 
ഞങ്ങളുടെ ഓരോരുത്തരുടേയും മുറിവിൽ നിന്ന് പിന്നേയും രക്തം കിനിഞ്ഞു.
 അതിന്റെയും പരീക്ഷ വരാൻ പോകുന്നതിന്റേയുമെല്ലാം പിരിമുറുക്കം മൂത്ത്  ഭ്രാന്താവുമെന്നായപ്പോൾ, ഞങ്ങൾ ഭാസ്കറിൽ ഒരു സിനിമയ്ക്കു പോയി.. നടക്കാനുള്ള ദൂരമേയുള്ളൂ ഭാസ്കറിലേക്ക്.  മുൻപൊരിക്കൽ കണ്ട പടമായതുകൊണ്ട് ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. പിന്നെ പടം കഴിഞ്ഞ് അവർ തട്ടി വിളിച്ചപ്പോഴാണ് എണീറ്റത്.

 സലീമിനെന്തോ തിരിച്ചു പോവാൻ തിടുക്കം കാണീച്ചു. പക്ഷേ ഞങ്ങൾ മൂന്നാളും ഒരു  മസാലചായ കുടിച്ചിട്ട് മടങ്ങിയാൽ മതിയെന്ന അഭിപ്രായക്കാരായിരുന്നു.
 ചായ കുടിച്ച് തിരിച്ച് നടക്കുമ്പോൾ റോഡിൽ സാമാന്യം തിരക്കുണ്ടായിരുന്നു.കടകളിലെല്ലാം ദീപാലങ്കാരങ്ങൾ.  ഹോളി അടുത്തെത്തിയല്ലോ.
 രണ്ടു മൂന്നു കോളേജ് പിള്ളേർ ഞങ്ങൾക്കെതിരെ കടന്നു പോയി.
‘സിനിമയ്ക്കാണാടാ ?’ മൻജീത്  ചോദിച്ചു.
“ഉം’ അവരിലാരോ ഇഷ്ടപ്പെടാത്ത മട്ടിലൊന്ന് മൂളി.
‘എന്താ അവന്മാരുടെയൊക്കെ ഒരു പോസ്..” രാജേന്ദ്ര പിറുപിറുത്തു. “ഹിന്ദു മാതാ..അവന്റമ്മേടേ മാതാ.”
അന്തിമയങ്ങി തുടങ്ങിയിരുന്നു.
“ എനിക്കിനി അങ്ങോട്ട് വന്നിട്ട് പള്ളീപ്പോകാൻ നേരമുണ്ടാവില്ല. നിങ്ങള് നടന്നോ.. ഞാൻ പള്ളീ കേറീട്ട് വന്നോളാം”മാർക്കറ്റ് എത്തിയപ്പോൾ  സലീം പറഞ്ഞു. പള്ളിയിലേക്ക് അവിടെ നിന്ന് ലെഫ്റ്റ് തിരിഞ്ഞ് അഞ്ചു  മിനിറ്റ് നടക്കണം. വൈകുന്നതുകൊണ്ടുള്ള പകപ്പ് അവന്റെ മുഖത്തുണ്ടായിരുന്നു.
പറഞ്ഞതും ആ  വഴി നടക്കലും ഒരുമിച്ച് കഴിഞ്ഞു.
“എന്നാ നീ പള്ളീത്തന്നെ കെടന്നോ.. പള്ളിക്കുണ്ടായവനേ..” എനിക്കു ദേഷ്യം വന്നു. അതാണവന്റെ ഇരട്ടപ്പേര്. ചെന്നിട്ട് പഠിക്കാനുള്ളതെന്തെങ്കിലും നോക്കാമെന്ന് പറഞ്ഞിരുന്നതാണ്.

 അവൻ  നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി ഒന്നു ചിരിച്ചു കൈ വീശി. ഒരു തരം വല്ലാത്ത ചിരി.
എനിക്ക് ചെറിയൊരു പേടി തോന്നി. ‘ഹോസ്റ്റലിൽ വന്നിട്ട് തരാം’ എന്നായിരുന്നോ  അതിന്റെ അർത്ഥം ?  മൂഡ് ശരിയല്ലെങ്കിൽ  അങ്ങനെ വിളിക്കുന്നതിന്  അവൻ  നല്ല ഇടിയിടിക്കാറുണ്ട്.

 “സാബ്..സ്ഥലമെത്തി” ഓട്ടോക്കാരൻ വിളിച്ചു.

 വണ്ടി നഗരാതിർത്തികൾ വിട്ടതും മൺറോഡിലേക്ക് കയറിയതുമൊന്നും അറിഞ്ഞില്ല. ഇപ്പോൾ നിൽക്കുന്നത് ഒരു മുക്കൂട്ടുകവലയിലാണ്. ഒരു ചെറിയ അങ്ങാടി. രണ്ടു മൂന്നു കടകൾ. ഇരുപത്താറ് കൊല്ലം മുമ്പത്തെ നീൽമിട്ടി ഗാവ്  ഇങ്ങോട്ട് പറിച്ചു വെച്ചതു പോലെ. ഒരുപക്ഷെ ജനുറാമിന്റെ വീടും അതുപോലെ പറിച്ചു നട്ടിട്ടുണ്ടാവാം.

 അധികം അന്വേഷിക്കേണ്ടി വന്നില്ല. ആകെ പത്തുമുപ്പതു വീട്ടുകാരുള്ളവരുടെ വിവരങ്ങളെല്ലാം കടക്കാർക്ക് മനപാഠമാണ്. പക്ഷേ അവർക്ക് നമ്മുടെ ചരിത്രമറിയണം. അതാണ് പുലിവാല്.
ഈ കുഗ്രാമവാസികളൊന്നും എന്നെ  അറിയാൻ പോകുന്നില്ലെങ്കിലും പോലീസിന്റെ കണക്കിൽ ഞാൻ 1993  ഏപ്രിലിലിലെ നീൽമിട്ടി  ഔട്ടർസർക്കിൾ കലാപത്തിൽ കാണാതായവനാണ്.

കടക്കാർ പറഞ്ഞ ലക്ഷണങ്ങളുള്ള വീടെത്തി. വീടല്ല, കുടിൽ. പഴയ വീടിന് ചുമരുകളുണ്ടായിരുന്നു. ഇതൊരു ചെറ്റപ്പുര. ഉണങ്ങി നിൽക്കുന്ന ഭൂമി. നിത്യദാരിദ്ര്യത്തിന്റെ ലക്ഷണങ്ങൾ.  കൃഷിയിൽ നഷ്ടം വന്ന് അയാളുടെ മകൻ ആത്മഹത്യ ചെയ്തിട്ട് അധികകാലമായില്ലെന്ന് കടക്കാരനിൽ നിന്ന് അറിഞ്ഞിരുന്നു.  ഇടയ്ക്കിടെ തളർന്നു    വീഴുന്നത് കാരണം അയാൾക്കിപ്പോൾ പണിക്കൊന്നും പോകാൻ കഴിയുന്നില്ലെന്നും.

 മുറ്റത്തെ കയറുകട്ടിലിൽ നിന്ന് തലയുയർത്തി നോക്കുന്ന വൃദ്ധൻ അയാൾ തന്നെയാവണം. എവിടേയോ ഒരു ഛായ തെളിഞ്ഞു വരുന്നുണ്ട്..
“ജനു ദാ..” ചിരിച്ചു കൊണ്ട് കയറി ചെന്നു.
അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നു. ആളെ പിടികിട്ടാത്തതിലുള്ള അമ്പരപ്പ് മുഖത്ത്.
“മനസ്സിലായോ ?” മിലിട്ടറി ക്യാപ് അഴിച്ച് കട്ടിലിൽ വച്ചു. ഇടയിലെപ്പോഴോ കയറി വന്ന് ശീലമായതാണാ തൊപ്പി.  
“കസേരയില്ല.. ഇതിലിരിക്കാം..” വൃദ്ധൻ എഴുന്നേറ്റു . “ എനിക്കങ്ങ്.. കോളേജിലെ..ആരെങ്കിലുമാണോ ?”
“ ഇരിക്ക് ജനുദാ..”, ഞാനയാളുടെ തോളിൽ പിടിച്ച് കട്ടിലിൽ ഒപ്പമിരുത്തി. “ ഞാൻ  അക്ബറാണ്..93 ലെ കലാപത്തിൽ നിങ്ങൾ രക്ഷപ്പെടുത്തിയ അക്ബർ..”
അയാൾ ഓർമ്മകളിൽ പരതുന്നതു പോലെ. പിന്നെയാ കണ്ണുകൾ തിളങ്ങി.
വൃദ്ധൻ വിറയ്ക്കുന്ന കരങ്ങളോടെ കെട്ടിപ്പിടിച്ചു.. “അക്ബർ..”
അയാൾക്ക് പലതും പറയാനുണ്ടായിരുന്നു..

 അവിടെ നിന്ന് രക്ഷപ്പെട്ടതു മുതലുള്ള കഥകൾ ഞാനും പറഞ്ഞു. എത്രയോ നാടുകൾ, എത്രയോ തൊഴിലുകൾ. പറയാനെത്ര കഥകൾ. അന്ന്  സലീം കൊല്ലപ്പെട്ടതു പോലും അറിയുന്നത്  പിന്നെയുമെത്രയോ നാൾ കഴിഞ്ഞ് രാജേന്ദ്രയെ വിളിക്കാൻ സൗകര്യം കിട്ടിയപ്പോഴാണ്. സലീം ആശുപത്രിയിലാണ് എന്നു മാത്രമാണല്ലോ അന്ന് ഇയാൾ പറഞ്ഞിരുന്നത്. ഹോസ്റ്റലിൽ കയറുന്നതിനു മുമ്പ്, രാജേന്ദ്രയും മൺജീതും കാണാതെ അറിയാതെ തന്റെ ഗുഡ്സ് ഓട്ടോയിൽ ചാടിച്ചു കൊണ്ട് വന്ന് ആ കെട്ടിടത്തിൽ  ഒളിപ്പിക്കുമ്പോഴും ‘കലാപം തുടങ്ങി. സലീമിനെ അവർ  ആക്രമിച്ചു. നിന്നെയാണവർ ഇനി നോക്കുന്നത് ‘ എന്നെല്ലാം ഇയാൾ പറഞ്ഞപ്പോഴും  ഒട്ടും വിശ്വാസമുണ്ടായിരുന്നില്ലല്ലോ. പക്ഷേ അന്നു രാത്രി കാടിന്റെ മറപറ്റി ഹോസ്റ്റലിലേക്ക് തിരികെ പോകാൻ തുനിഞ്ഞപ്പോൾ കണ്ട കാഴ്ച്ചകൾ !

“രക്ഷപ്പെടുത്തിയത് കണക്കാക്കണ്ട മോനെ..” വൃദ്ധന്റെ ശബ്ദം വിറച്ചു.” ഞാനാണ് നിങ്ങളെ ഒറ്റുക്കൊടുത്തതും
വാറ്റുന്നതിന് പോലീസിൽ പിടിപ്പിക്കുമെന്നു പറഞ്ഞ് പേടിപ്പിച്ചു. കോളേജിലെ ഹോളി ആഘോഷം മുടക്കാതിരിക്കാൻ നിങ്ങളെ ഒന്നു പേടിപ്പിക്കണം എന്നു മാത്രമാണ് എന്നോടു പറഞ്ഞിരുന്നത്. അവനെ അവർ പള്ളിവഴിയിലിട്ട് വളയുന്നേരം ഞാനവിടെയുണ്ടായിരുന്നു. ഹോക്കി സ്റ്റിക്കിനുള്ള അടിയേറ്റ് വീണു കിടക്കുമ്പോൾ അവൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.. ദേ..ദിവടെക്കെടന്ന് പൊള്ളുന്നുണ്ടത്..” വൃദ്ധൻ നെഞ്ചത്തടിച്ച് കരഞ്ഞു.

 എനിക്കയാളോട് ദേഷ്യമൊന്നും തോന്നിയില്ല. ആരാണ് ഇരകളെന്നും ആരാണ് വേട്ടയാടുന്നവരെന്നും ഇന്നെനിക്കറിയാം. അയാൾ ചെയ്തിലെങ്കിൽ മറ്റു നൂറു  ഒറ്റുകാരെ അവർ സൃഷ്ടിച്ചിരിക്കും.

 “ അവർ പറഞ്ഞതെല്ലാം ഞാൻ ചെയ്തു. എന്നിട്ടും  മന്ദിറിന്റെ സമീപത്ത് മദ്യം വിൽക്കുന്നെന്ന് പറഞ്ഞ് അവരെന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു. മാംസം കഴിക്കുന്നവരെന്ന് പറഞ്ഞ് നാട്ടിൽ നിന്നോടിച്ചു..” അയാൾ അമർഷം കൊണ്ട് വിറച്ചു.
കൊള്ളാം..ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നതു പോലെയാണ്.

 “ഇപ്പോഴുണ്ടോ പരിപാടി ?” ഞാൻ കുപ്പിയുടെ ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു. “ഉണ്ടെങ്കിൽ ഓരോന്നെടുക്ക്.. ദാ യുടെ പനിനീര് ...”
“എവടെ മോനേ..” വൃദ്ധൻ കൈ മലർത്തി. പോലീസ് പിടിച്ചേപ്പിന്നെ സ്റ്റൗവ് ഞാൻ കൈകൊണ്ടു തൊട്ടിട്ടില്ല. രണ്ടു തുള്ളി കണ്ട കാലം മറന്നു..”

 ഞാൻ മിക്ചർ പാക്കറ്റും പ്ലാസ്റ്റിക് ഗ്ലാസ്സും കുപ്പിയും  പുറത്തെടുത്തു. ഇറങ്ങുന്നതിനു മുമ്പ് ട്രെയിനിലെ ടോയ്‌ലറ്റിലിരുന്ന് മൂന്നെണ്ണം മടമടാ അടിച്ചതാണ്.  സലീമും ഗഗനും ഉറങ്ങിക്കിടക്കുന്ന ഈ മണ്ണിൽ കാലുകുത്തുമ്പോൾ അതിന്റെ പിൻബലമില്ലാതെ വയ്യ. പക്ഷേ അടിച്ചതിന്റെ ഗ്യാസ് തീർന്നു.
കിളവന്റെ മുഖം പ്രകാശം കൊണ്ട് നിറഞ്ഞു.
ഞാൻ ഓരോന്ന് ഒഴിച്ചു.
ബാക്ക് പാക്കിൽ നിന്ന് സോഡയെടുത്ത് ഒഴിച്ചു.
“കഴിക്ക്, ദാ ”
കിളവന്റെ കൈ വല്ലാതെ വിറയ്ക്കുന്നെന്ന് കണ്ടപ്പോൾ കൈകൂട്ടിപ്പിടിച്ച് അയാളുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു.
ഒരെണ്ണമെടുത്ത് അടിച്ച ശേഷം മിക്ചർ പാക്കറ്റ് പൊട്ടിച്ച് വായിലേക്കിട്ടു. ഒരുണർവ്.
വീണ്ടുമോരോന്ന് ഒഴിച്ചതിനു ശേഷം കുപ്പി  അടച്ച് വൃദ്ധനു കൊടുത്തു. അയാളത് നിധി കിട്ടിയതു പോലെ മുണ്ടിനിടയിലേക്ക് ഒളിപ്പിച്ചു.
‘ഇത് അവർക്ക് വേണ്ടിയാണ്.  ഉറവ വറ്റാത്ത അവരുടെ ഓർമ്മകൾക്ക്.’ ഞാൻ ഗ്ലാസ്സുയർത്തി. തൊണ്ട വീണ്ടും കനക്കുന്നു. മൈര്..
വൃദ്ധൻ രണ്ടാമത്തേത് എടുത്തടിച്ചു.
“നിനക്കിപ്പോ സുഖമാണോ..? രാജേന്ദ്ര സാഹിബൊക്കെ ഏതോ വലിയ കമ്പനിയിലാണെന്നൊക്കെ കോളേജിൽ വച്ച് കേട്ടിരുന്നു..അവരുടെ വിവരമൊക്കെയുണ്ടോ ? “ കിളവൻ ചോദിച്ചു.
“ എവടെ ദാ.. “ ഞാൻ കൈമലർത്തി. “ദാ കണ്ടോ. തയമ്പ്... മൈക്കാട് പണിയാണ്
. സർക്കാരിന്റെ കണക്കിൽ ഊരും പേരുമില്ലാത്ത, അക്ഷരജ്ഞാനമില്ലാത്ത ഒരു ഊരുതെണ്ടിയല്ലേ ഞാൻ..ഊരുതെണ്ടികൾക്കെവിടെയാ കൂട്ടുകാര്.. 
കിളവനൊന്നും മിണ്ടിയില്ല. എന്തൊക്കെയോ  ഉള്ളിൽ കിടന്ന് തിളയ്ക്കുന്നുണ്ട്.
“ഈ തള്ളേത്തൂക്കികൾ നമ്മടെയൊക്കെ ജീവിതം ഒരു നരകമാക്കിയല്ലോ, മകനേ..”
കിളവൻ  കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഞാനും.
                                     
                                                ***********



3 അഭിപ്രായങ്ങൾ: