ശനിയാഴ്‌ച, സെപ്റ്റംബർ 15, 2012

വേഷപ്പകർച്ച


വേഷപ്പകർച്ച.


ഇനിയൊന്നും ചെയ്യാനില്ല..ഗുളികകൾ എടുത്തു വായിലേക്കിടണം.. പിന്നെ ഒരിറക്ക് വെള്ളം.. പെയ്യാനുള്ളതെല്ലാം പെയ്ത് തീർന്നപ്പോൾ എന്താശ്വാസം..!

കത്തെഴുതാനിരിക്കുന്നതുവരെ മനശ്ചാഞ്ചല്യമുണ്ടായിരുന്നു. പക്ഷെ നെഞ്ചുരുകി പൊട്ടിക്കരഞ്ഞ് എല്ലാം എഴുതി തീർത്തപ്പോൾ മനസ്സിന് അലയൊതുങ്ങിയ കടലിന്റെ ശാന്തത..

കുട്ടികളെ ഓർത്തുമാത്രമെ സങ്കടമുള്ളു..ഉം...പത്തു പതിനഞ്ചു വയസ്സൊക്കെ ആയില്ലേ, തന്നെ വളർന്നോളും..ദാസേട്ടനു വിഷമമൊക്കെയുണ്ടാകും..എന്നാലും കക്ഷിയല്ലേ ആള്..ഒന്നു രണ്ടു കൊല്ലം കഴിയുമ്പോഴേക്കും മറ്റൊരാളെ കണ്ടെത്തിക്കോളും..

ആസ്പത്രിയിൽ.. ഓ..അവിടെ ഇതൊക്കെ ഓർക്കാൻ ആർക്കാണു നേരം.. ആകെ ലീലാമണി സിസ്റ്ററിനു മാത്രം അല്പം ആത്മാർത്ഥയുണ്ട്. കക്ഷിയൊന്ന് ഉള്ളുലഞ്ഞ് കരയുമായിരിക്കും..ബാക്കിയുള്ളവരൊക്കെ ഇവിടെ വന്നൊന്ന് മൂക്കു ചീറ്റി തിരിച്ചു പോകും..യൂണിയനിലെ ആരെങ്കിലും ബോർഡെഴുതി വെക്കുമായിരിക്കും..രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ മറ്റൊരു നോട്ടീസ് വരും..ഇതൊക്കെ എത്ര കണ്ടിരിക്കുന്നു !
 
കീമോയും റേഡിയേഷനും നരകവേദനയും സഹിച്ച് കിടന്നാൽ നാലഞ്ച് വർഷം കൂടി ആയുസ്സ് കൂട്ടിക്കിട്ടുമായിരിക്കും..വേണ്ട ! വേണ്ടേവേണ്ട !!  ഇത്ര കാലം  ശുശ്രൂഷിച്ച രോഗികൾക്കിടയിൽ, അവരുടെ തന്നെയും പിന്നെ സഹപ്രവർത്തകരുടെയും സഹതാപം ഏറ്റുവാങ്ങി, മുടിയെല്ലാം കൊഴിഞ്ഞ്, ഒരു പേക്കോലമായിങ്ങനെ.സംശയം തോന്നിയപ്പോ അമലയിൽ തന്നെ പോയത് നന്നായി..അല്ലെങ്കിലിപ്പോ ആസ്പത്രിയാകെ പാട്ടായേനെ. ചിലപ്പോൾ സർജറി ചെയ്ത് എടുത്തുകളയാനും മതി.. പിന്നെയവിടെയൊരു സ്പോഞ്ച് സ്ഥാനം പിടിക്കും - ഒറ്റമുലച്ചി !!!ചികിത്സയും ക്ഷീണവും കിടപ്പും തന്നെയാകുമ്പോൾ കുട്ടികൾക്കു പോലും മടുക്കും..  ഓരോരോ കാഴ്ച്ചകൾ എത്രയോ തവണ കണ്ടിരിക്കുന്നു..
എന്തിന്, അമ്മയ്ക്കു തന്നെ..അവരുടെ കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രം, കൊടുംവേദന ചുമന്ന് ആയുസ്സ് തള്ളി നീക്കിയിട്ടവസാനം ചെറിയേട്ടൻ പറഞ്ഞത് തീക്കനൽ പോലെ ഈ നെഞ്ചിലും കിടപ്പുണ്ട്
എനിക്ക് വയ്യ..  എനിക്കങ്ങനെയൊന്നും കേൾക്കാൻ വയ്യ... അമ്മേ, ഞാനും വരുന്നു..

ഇന്നലെ രാത്രി സംഭാഷണം പതിവിലേറെ നീണ്ടു പോയപ്പോൾ ദാസേട്ടൻ ചോദിച്ചിരുന്നു..    
“ ഇന്നെന്താ ശ്രീമതിയ്ക്ക് ഭയങ്കരസ്പ്രേമം ?”

പൊന്തി വന്ന തേങ്ങലമർത്തി ചിരിച്ചു.. “ അതേയ്..ഇതാ ഒറിജിനൽ സ്നേഹം ഇത്രനാളുമുണ്ടായത് വെറും പറ്റിക്കൽസ്..”

“ഉം..ഒറിജിനലൊക്കെ എനിക്കൊന്നു കൂടി കാണണം..” അങ്ങേതലക്കൽ അമർത്തിയ ചിരി.. നേരിട്ടായിരുന്നെങ്കിൽ, ഉള്ളം തുടയിൽ ഒരു മൃദുവായ പിച്ചു വീണേനെ !. അതെ.. രണ്ടുകൊല്ലത്തിലൊരിക്കൽ തിരിച്ചെത്തുമ്പോൾ ദാസേട്ടനും അതാണു വേണ്ടത്..ഒറിജിനൽ !! അതിലൊന്നിന്റെ സ്ഥാനത്താണൊരു സ്പോഞ്ച് കഷണം

പതിവിനു വിപരീതമായി , പാർക്കിലും ഐസ്ക്രീം പാർലറിലും തുണിക്കടയിലുമെല്ലാം ചുറ്റിക്കറങ്ങിയപ്പോൾ കുട്ടികൾക്കും അത്ഭുതം.

“ എന്നാലും അമ്മയ്ക്കെന്താ പറ്റിയേ ? ഇൻക്രിമെന്റ്  കിട്ടുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലൊ?” അമ്മുവിന്റെ സംശയം മാറിയിരുന്നില്ല..

“ എന്നാ ശരി..അടുത്തകൊല്ലം തൊട്ട് ഇല്ലേയില്ല..” ഒരു വിതുമ്പലായാണൊ അതു പുറത്തു വന്നത് ? ഭാഗ്യം ! അവൾ ശ്രദ്ധിച്ചിരുന്നില്ല.പക്ഷെ അപ്പു കേട്ടു.

“എന്നാ നമുക്ക് അടുത്ത കൊല്ലം തോട്ട് വേറേ അമ്മേനെ നോക്ക്യാലോ ചേച്ചി..?” അറം പറ്റുന്ന അവന്റെ വാക്കുകൾ കേട്ട് നെഞ്ച് പിടഞ്ഞു. അല്ലെങ്കിലും അവനെന്നും അമ്മയെ കുറിച്ച് പരാതിയാണ് !

കോളിങ്ങ് ബെല്ലടിച്ചുവോ ? ഇല്ല .തോന്നിയതാവും.. അല്ലെങ്കിലും ആരാണീ നേരത്ത് വരാൻ.
അല്ല..വീണ്ടും ബെല്ലടിക്കുന്നു !

ഏട്ടനെങ്ങാൻ ? ഇല്ല.. മുന്നു മണിക്കാണ് വരാൻ പറഞ്ഞത്. കുട്ടികൾ എത്തുന്നതിനു  മുമ്പെ ആരെങ്കിലും കാണണമല്ലൊ, അറിയണമല്ലൊ..ഏട്ടനാണെങ്കിൽ നല്ല ആത്മധൈര്യവുമുണ്ട്.  കടയിലെ തിരക്കൊഴിഞ്ഞ്, ആ നേരത്തു തന്നെയെ വരാൻ സാധ്യതയുള്ളു..പിന്നെയാര് ?

മുഖമൊന്ന് തുടച്ച് വാതിൽ ചെന്നു തുറന്നു.

തലയിൽ തട്ടമൊക്കെയിട്ട് ഒരുത്തി.. “ ചേച്ചീ.. ക്യാൻസറാണ്.. എന്തെങ്കിലുമൊരു സഹായം..”

ഒലക്ക!..കള്ളലക്ഷണമാണ് മുഖത്ത്.

“ഇവിടെയൊന്നുമില്ല.”  ദേഷ്യത്തോടെ വാതിലടക്കാൻ തുടങ്ങുകയായിരുന്നു. പെണ്ണ് വീണ്ടും ഇടയിൽ കയറി.. “ എന്നാ ഒരിത്തിരി കഞ്ഞിവെള്ളം തര്വോ ? കാലത്തൊന്നും കഴിക്ക്യാൻ പറ്റില്ല്യേ..” ദേഷ്യം  ഇരട്ടിക്കുകയായിരുന്നെങ്കിലും ഒരു മിന്നായം പോലെ കണ്ടു.. അവളുടെ തട്ടത്തിനടിയിൽ, തല മിക്കവാറും ശൂന്യമാണ്.  ഏതാനും മുടിനാരുകൾ മാത്രം ഞാന്നു കിടക്കുന്നു !

ഇനിയെങ്ങാനും സത്യമായിരിക്കുമോ ? കീമോ എടുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണാനുണ്ട്..

കാൻസർ..?!

 ഇഡ്ഡലി മൂന്നാലെണ്ണം ബാക്കിയിരിപ്പുണ്ട്.. കൊടുത്താലോ ? പോകുന്ന  പോക്കിൽ ഒരു പുണ്യമായിക്കോട്ടെ..കൊടുത്തിട്ട് വേഗം പറഞ്ഞു വിടാം..

“ അവിടെ നിക്ക്..ഇഡ്ഡലി ഇരിപ്പുണ്ട്..”

അകത്തു നിന്ന് കൊണ്ടു വരമ്പോഴാണ് കണ്ടത്..അവളുടെ കൈയ്യിൽ പാത്രമൊന്നുമില്ല എങ്ങനെ മുറ്റത്തിരുത്തി ഭക്ഷണം കൊടുക്കും ?

“വാ..”  അകത്തേക്കു വിളിച്ചു.

“എവിടെയാ ചികിത്സ ?” ഒരു കൗതുകത്തിൽ  അവളോട് ചോദിച്ചു.

“ ഇവ്ടെ മെഡിക്കൽ കോളേജില്..” സംശയം തീർക്കാനെന്നോണം അവൾ ഇടതുകൈ കൊണ്ട് പ്ലാസ്റ്റിക് കവറിൽ നിന്ന് ചില പേപ്പറുകളെടുത്ത് നീട്ടി..

നിത്യ പരിചയമുള്ള കൈയ്യക്ഷരങ്ങൾ..ഡോക്ടർ ജോർജ്ജ് വർഗീസ്സ്.. ! അവൾ പറഞ്ഞത് സത്യമാണ് !.. സഹതാപം തോന്നി.. ഒപ്പം, അവളോടെന്തോ ഒരടുപ്പം ഊറി വരുന്നു.ഒ പി ചീട്ടുകൾക്ക്  വർഷങ്ങളുടെ പഴക്കമുണ്ട്..പക്ഷെ..

“തൊടങ്ങീട്ട് കൊറെ നാളായല്ലൊ..? ” സംശയം തീർക്കാൻ ചോദിച്ചു.

“ഉവ്വ ചേച്ചി.. അഞ്ചുകൊല്ലം മുമ്പായിരുന്നു തൊടക്കം.. അന്ന് ഇഞ്ചക്ഷനും ലൈറ്റൊട്യൊക്ക്യായ്ട്ട്  മുഴുവനായ്ട്ടങ്ങ്ട് മാറി തൊടങ്ങ്യേതായ്ര്ന്നു.. അയിന്റെടേല് കെട്ട്യോൻ മരത്തുമ്മന്ന് വീണ് അരയ്ക്ക് താഴെ തളന്നു..മൂപ്പര്ടെ ചികിൽസയ്ക്ക് കാശ് കൊറെ ചെലവായപ്പൊ മ്മടെ കാര്യവടിട്ടു..അദാപ്പോ പ്രശ്നായേ.. രണ്ട് മാസം മുമ്പ് പിന്നീം ലക്ഷണങ്ങള് കണ്ട് തൊടങ്ങി.. ആസ്പത്രീ പോയപ്പോ ഡോക്ടറു പറഞ്ഞു ഇനീം  ഇഞ്ചക്ഷനും ലൈറ്റടീം വേണന്ന്.. ഇപ്പൊ രണ്ടിഞ്ചക്ഷൻ കഴിഞ്ഞു..ഇനിപ്പോ ലൈറ്റടി തൊടങ്ങണം..” പറയുമ്പോഴും അവൾക്ക് സങ്കടമൊന്നുമില്ല. അല്ലെങ്കിലും കണ്ടിട്ടുണ്ട്.. പലർക്കും ഒരു നിർവികാരതയാണ്..

“ എന്നെ കണ്ട്ട്ട്‌ണ്ടോ അവ്ടെ ?”

അവൾ ചോദ്യഭാവത്തിൽ സൂക്ഷിച്ചു നോക്കി..

“ഞാനവിടെ നേഴ്സാ.. ഓങ്കോളജീ തന്നെ..മര്ന്ന് കേറ്റാൻ നിങ്ങളവ്ടെ ഒര് മുറീ വന്ന് കെട്ക്കാറില്ല്യേ ? ഞാനവടിണ്ടാവാറ്ണ്ട്..”

“അങ്ങനെ പറഞ്ഞപ്പോ” അവൾ സംശയത്തോടെ നോക്കി.. “ കണ്ട പോലെ ഒരു തോന്നല്..”

“ മര്ന്നൊക്കെ അവ്ടന്ന് ഫ്രീ കിട്ടാറില്ല്യേ ?”

“ഇല്ല്യാന്നേ..ഞങ്ങടെ കഷ്ടകാലം ..പുത്യേ റേഷങ്കാർഡ് കിട്ട്യേല് ഞങ്ങള് എ.പി.എല്ലാ.. ശെര്യാക്കാൻ നടന്നെന്റെ കാല് തേഞ്ഞു..അട്ത്തമാസം ശെര്യാക്കി തെരാന്ന് റേഷൻ പീട്യക്കാരൻ പറഞ്ഞ്ട്ട്ണ്ട്.. കണ്ടറിയണം..”

 അവിശ്വസിക്കേണ്ടതുണ്ട് എന്നു തോന്നിയില്ല.

അവൾ ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകി വച്ചു.

“ കുട്ട്യേള് ?” വീണ്ടുമൊരു കൗതുകം.

“ രണ്ടെണ്‌ണ്ട്..മൂത്തോൻ എട്ടില്..എളേത് പെണ്ണാ.. അഞ്ചില്.. അവ്റ്റങ്ങൾടെ കാര്യോർത്ത്ട്ടാ ഞാന്ങ്ങനെ എന്‌റ്റ് നടക്ക്ണ്ദ്.... അല്ലെങ്ങെ വെല്ല വെഷോം കുടിച്ച് ചത്തേനെ....നമ്മള് വയ്യാണ്ട് കെട്ക്കുമ്പഴേ അവ്റ്റങ്ങള്ടെ സ്നേഹം മനസ്സിലാവൊള്ളു..ചേച്ചിക്ക്യറിയോ ? ഇനിയ്ക്ക് തീരെ എനിയ്ക്ക്യാൻ പറ്റാണ്ടായ നാലഞ്ച് ദെവ്സം എട്ടാം ക്ലാസ്സീ പടിക്കണ എന്റെ പൊന്നുമോൻ  അഞ്ച് മണിക്കെന്ന്റ്റ് ചോറും കൂട്ടാനും വെച്ചു...” ഒരു ഏന്തലോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.. “ആ കുഞ്ഞുമക്കളീം വയ്യാണ്ട് കെട്ക്കണ ഒരാളീം വിട്ട് മ്മടെ വേദനാന്നും പറഞ്ഞ് നെലോളിച്ച് നടന്ന്ട്ട് എന്ത് കാര്യം  ..അവ്ടെ കെട്ന്ന് ചാവും..അദെന്നെ..”

കണ്ണുകൾ നിറയുന്നുണ്ട്.. പക്ഷെ സംസാരിച്ച് മതിയാവുന്നില്ല.. മരണത്തിന്റെ ഗുഹാമുഖത്തേക്ക് അവളൊരു പുതിയ വെളിച്ചം വീശുന്നു..എത്ര വേഗമാണ് ചിലതെല്ലാം മറന്നു പോകുന്നത്..

എന്റെ പൊന്നുമക്കൾ !!..

ഒരു വലിയ തേങ്ങൽ വന്ന് തൊണ്ടയിൽ തടഞ്ഞു..

അവൾ പോകാനൊരുങ്ങുകയാണ്.

“നിക്ക്..” പൊട്ടിയൊലിക്കാതെ പറഞ്ഞൊപ്പിച്ചു.

ബെഡ്രൂമിലെ അലമാരിയിൽ നിന്ന് എത്ര നോട്ടുകളെടുത്തു എന്നോർമ്മയില്ല..കണ്ണുകളിൽ ഒരു മൂടൽ വന്നു നിറഞ്ഞൊഴിയുന്നു..

“ഇതു വച്ചോ..” അവളുടെ കൈകളിൽ വച്ചു കൊടുത്തു.

അത്രയും തുക അവൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..” അയ്യോ..ഇത്രയ്ക്കൊന്നും വേണ്ട ചേച്ചി.. ഇത് കൊറെ കൂട്തലാ..” അവളുടെ കണ്ണുകൾ നിറയുന്നു.

പാവം ! ഈ നോട്ടുകൾക്ക് പകരം തന്നത് എന്താണെന്ന് അവളറിയുന്നില്ലല്ലൊ..

“ വെച്ചോളു.. നമുക്ക് ആസ്പത്രീവെച്ച് കാണാ..ഞാനുമ്ണ്ടാവും ഇനി അവടെ നിങ്ങക്കൊപ്പം.. നഴ്സായ്ട്ടല്ല.. രോഗ്യായ്ട്ട്..എനിക്കും ..” പൊട്ടിക്കരഞ്ഞു പോയി . രണ്ടു ദിവസമായി ചുമക്കുന്ന താങ്ങാഭാരം അങ്ങനെ പൊട്ടിയൊഴുകി പോകുന്നു.

ആദ്യമൊന്നന്തിച്ച്, പിന്നെ എല്ലാം തിരിച്ചറിഞ്ഞ് അവൾ കൈ കൂട്ടിപ്പിടിച്ചു.. “ കുറുന്തോട്ടിക്കും വാതം..!!” അവൾക്കത് മനസ്സിലാവും.. അവളും കരയുകയാണല്ലൊ..

“ ചേച്ചീനെ കണ്ടപ്പഴേ തോന്നിഉള്ളിലെന്തോ വെല്ല്യ പ്രയാസണ്ട്ന്ന്..”, അവൾ തുടർന്നു.

“ഇവടെ ആരോടും പറഞ്ഞ്ട്ടില്ല്യ.. രണ്ട് ദിവസ്സായ്ട്ടൊള്ളു അറ്ഞ്ഞ്ട്ട്..” എത്ര നിയന്ത്രിച്ചിട്ടും  തേങ്ങൽ അടങ്ങുന്നില്ല.. “ എന്താ ചെയ്യണ്ടേന്ന് ഒരു രൂപോല്ല്യാണ്ട് ഇരിക്ക്യായിര്ന്നു..”

“തലയ്ക്ക് മീതെ വെള്ളം വന്നാ അയ്നു മേലെ തോണി..” അവൾ ആശ്വസിപ്പിച്ചു.. “ ചേച്ചി  വീട്ട്വാരോടൊക്കെ കാര്യം പറയ്.. അപ്പൊ തന്നെ മനസ്സിന്റെ ഭാരം കൊറയും..”


“ഇന്നത്തെ കാലത്ത് ഇദൊക്കെ വെല്ല സൂക്കേട്വൊണൊ..അവടത്തെ തെരക്ക് ചേച്ചി കാണാറില്ല്യേ.. ജലദോഷം വര്ണ മായിര്യല്ലേ ആൾക്കാര്ക്ക്  കേൻസറ് വര്ണദ്.. ഇഞ്ചക്ഷനും ലൈറ്റടിയൊക്കെ കഴിഞ്ഞാ ഒക്കെ ശെര്യാവും.. കൊറച്ച് നാള് ബുദ്ധിമുട്ട്വൊക്കിണ്ടാവും..മുടി പൂവും.. അയിനിപ്പെന്താ.. ഒക്കെ ശര്യാവില്ല്യെ.. ഇത്രേം വെല്ല്യ പ്രതാപത്തില് നിക്ക്ണ അമ്പലത്തിലെ ആല്വേള്  വരെ കൊല്ലത്തിലൊരിയ്ക്കെ ഇല്യൊക്കെ കൊഴിഞ്ഞ് അസ്തികൂടായ് നിക്ക്ണ്.. പിന്ന്യണ് മൻഷ്യന്മാര്..”

ഒന്നും അറിയാത്തതല്ല. ചിലതൊക്കെ താനും പലരെ ആശ്വസിപ്പിക്കാൻ പറഞ്ഞിട്ടുള്ളതാണ്..
ഒരാണിന്റെ ചങ്കൂറ്റമുണ്ടെന്ന് പലരും വിശേഷിപ്പിക്കാറുള്ളയാളാണ്.. പക്ഷെ, കുന്തം സ്വന്തം നെഞ്ചിലേക്ക് വന്നപ്പോൾ, എല്ലാ പാഠങ്ങളും മറന്നു പോയി.

പിന്നെയുമെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് അവൾ പടിയിറങ്ങിപ്പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. എത്ര നിർബന്ധിച്ചിട്ടും അവൾ ആയിരം രൂപയെ വാങ്ങിയുള്ളു.. പാവം !..

അല്പം കഴിഞ്ഞാൽ ഏട്ടൻ വരും.. ആദ്യമറിയുന്നത് ഏട്ടനാവട്ടെ.. അമ്മയുടെ അസ്ഥിത്തറയിൽ പോയൊന്ന് നെഞ്ചുപൊട്ടികരയണം.. ദാസേട്ടനോട് പറയണം.അമ്മു കേക്കുമ്പോൾ പേടിക്കുമോ ? സാരമില്ല.. അവൾ സത്യമറിയട്ടെ. ലീലാമണി സിസ്റ്ററോട് പറയണം.. പിന്നെ മറിയുമ്മയോട്..

ഓർത്തപ്പോൾ ചിരി വന്നു..

മറിയുമ്മയോട് പറഞ്ഞാൽ മതി.. പിന്നെ എല്ലാവരും അറിഞ്ഞോളും..

********
 

42 അഭിപ്രായങ്ങൾ:

 1. ശരീരത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറിനെ പേറുന്ന മനസ്സുകളുടെ നോവ്‌ മനസ്സിനെ കാര്‍ന്നു തിന്നും വിധം എഴുതിയിരിക്കുന്നു... ഒരു നേര്‍ത്ത ചിരിയിലൊതുക്കിയ അവസാനം, പ്രതിരോധിക്കാനുള്ള ഒരു മനസ്സിന്റെ പുറപ്പാടാണ്...
  നല്ല എഴുത്തിനെന്റെ ആശംസകള്‍ മാഷേ ..:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചിലത് പറയാനുണ്ട്..

   ഈ കഥയെഴുതിയത് ഒരു വർഷം മുമ്പാണ്. അതിനു മുമ്പൊരിക്കൽ ജോലിയുടെ ഭാഗമായി മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗം ഒന്നു സന്ദർശിക്കേണ്ടി വന്നു. നല്ല തിരക്ക് . മിക്ക മുഖങ്ങളിലും ഭയമില്ല, ദു:ഖമില്ല..ഒരു തരം നിർവികാരത.പിന്നീടൊരിക്കൽ കേട്ടു, മെഡിക്കൽ കോളേജിലെ ഒരു നഴ്സ് ആത്മഹത്യ ചെയ്തു എന്ന്..( അസുഖമായിരുന്നില്ല, വേറെന്തോ കാരണങ്ങളായിരുന്നു. ഇതു രണ്ടും ചേർത്താണ് കഥയെഴുതിയത്.
   ഇവിടെ നാട്ടിൻപുറത്തെ ഒരു ക്ലബ് നടത്തിയ കഥാമത്സരത്തിൽ ഇതിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. പക്ഷെ ഒപ്പം മത്സരിക്കാൻ സ്കൂൾ കുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് പിന്നീടാണറിഞ്ഞത്.അതുകൊണ്ട് പോസ്റ്റ് ചെയ്യാൻ ഒരു നാണക്കേടു തോന്നി..
   ഇപ്പോൾ, രണ്ടു മൂന്നാഴ്ച്ചകൾക്കു മുമ്പ്, ഏകദേശം ഇതേ അവസ്ഥയിലൂടെ കടന്നു പോയി - ഭാര്യയുടെ അച്ഛന് ക്യാൻസർ ആണെന്നറിഞ്ഞപ്പോൾ. കക്ഷി ഇപ്പോൾ ചികിത്സയിലാണ്.
   'ജലദോഷം പോലെയല്ലെ ആൾക്കാർക്കു ക്യാൻസർ വരുന്നത്' എന്നു പറഞ്ഞത്,കീമോ തെറാപ്പിയും റേഡിയേഷനും കഴിഞ്ഞ മറ്റൊരു രോഗിയുടെ ഭാര്യയാണ് - അച്ഛനോടൊപ്പം ആ തിരക്കിലിരിക്കുമ്പോൾ.
   ( കഥയിൽ ആ വാചകം ഇപ്പോൾ കൂട്ടി ചേർത്തതാണ്.. )
   രോഗങ്ങൾ വരുന്നതിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലായിരിക്കാം. പക്ഷെ അങ്ങോട്ടു ചെന്നു ചോദിച്ചു വാങ്ങുന്നതെന്തിന് ? പുകയില ഉപയോഗം വഴിയാണ് നല്ലൊരു ശതമാനം പേർക്ക് ക്യാൻസർ വരുന്നത്. ( അമ്മായിഅച്ഛനും ഒരു ബീഡിവലിക്കാരനാണ്.. ). അവരോടുള്ള ഒരു സങ്കടം പറച്ചിൽ കൂടിയാണ് ഇത്..

   ഇല്ലാതാക്കൂ
 2. കഥയുടെ വിഷയത്തേക്കാള്‍ പറഞ്ഞ രീതിയാണ് ഇഷ്ടായത് .മനസ്സില്‍ തട്ടിയ കഥ .ജീവിതം അവസാനിപ്പിക്കാന്‍ ആര്‍ക്കുമാകും .പക്ഷെ എന്തും തരണം ചെയ്തു ജീവിക്കാനുള്ള കരുത്ത് ഉണ്ടാക്കാന്‍ എല്ലാവര്‍ക്കുമാകില്ല .നല്ലൊരു സന്ദേശം കൂടി ഉണ്ടായിരുന്നു വിഡ്ഢിമാന്‍ .ഇഷ്ടമായി കഥ .(കണ്ണു നിറഞ്ഞത് കൊണ്ട് കുറ്റങ്ങള്‍ ഒന്നും കണ്ടില്ല .അഥവാ കാണാന്‍ ആയില്ല )

  മറുപടിഇല്ലാതാക്കൂ
 3. ചെറുതായി കരയിച്ചു... കഥയാണെന്ന് കുറച്ചു നേരം തോന്നിയില്ല..

  മറുപടിഇല്ലാതാക്കൂ
 4. മനസ്സൊന്നറിയാതെ പിടഞ്ഞുപോയി. നല്ല രചന..

  മറുപടിഇല്ലാതാക്കൂ
 5. ഒരു കൊടും വേദനയെ ചിരി കൊണ്ട് പ്രതിരോധിക്കുക .നന്നായിരിക്കുന്നു വേഷപ്പകര്‍ച്ച .

  മറുപടിഇല്ലാതാക്കൂ
 6. ഇതെന്താ കരയിക്കാനായി കച്ചകെട്ടി ഇറങ്ങിയതുപോലെ ...? ഒന്നും എഴുതാന്‍ കഴിയുന്നില്ല... നെഞ്ചില്‍ ഒരു ഭാരം...!

  മറുപടിഇല്ലാതാക്കൂ
 7. വ്യതസ്തമായ രീതിയില്‍ പറഞ്ഞു എന്നതാണ് ഈ കഥയുടെ ( അതോ പരിചയമുള്ള ആരുടെയോ അനുഭവമോ ) വിജയം..ചെറിയ സംഭാഷണങ്ങളിലൂടെ പുറത്തേക്കു വരുന്ന വേദന, വായനക്കാരുടെ മനസ്സിലേക്കും.. >> വെച്ചോളു.. നമുക്ക് ആസ്പത്രീവെച്ച് കാണാ..ഞാനുമ്ണ്ടാവും ഇനി അവടെ നിങ്ങക്കൊപ്പം.. നഴ്സായ്ട്ടല്ല.. രോഗ്യായ്ട്ട്..എനിക്കും …..” പൊട്ടിക്കരഞ്ഞു പോയി .<<

  ആ ഭാഗം ശരിക്കും നന്നായി എന്ന് തോന്നുന്നു..

  >>ഇന്നത്തെ കാലത്ത് ഇദൊക്കെ വെല്ല സൂക്കേട്വൊണൊ..അവടത്തെ തെരക്ക് ചേച്ചി കാണാറില്ല്യേ.. ജലദോഷം വര്ണ മായിര്യല്ലേ ആൾക്കാര്ക്ക് കേൻസറ് വര്ണദ്.. << അതെ ആര്‍ക്കും വരാം..ഇപ്പോഴും...ഡോ. ഗംഗാധരന്റെ ജീവിതം എന്നാ അത്ഭുതം വായിക്കൂ..ജീവിതത്തിന്റെ നിരാര്‍ഥകത മനസ്സിലാകും..

  എല്ലാ ആശംസകളും.. വീണ്ടും വരാം..

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. അവസാനം ആയപ്പോഴേക്കും രണ്ടു തുള്ളി കണ്ണീര്‍ എന്‍റെ കീബോര്‍ഡില്‍ വീണു ചിതറി. വേറെ ഒന്നും പറയാനില്ല.

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍9/15/2012 2:49 AM

  ഹൃദയ സ്പര്‍ശിയായ കഥ .ഒരു പാട് വേദന തോന്നി ഈ കഥ വായിച്ചപ്പോള്‍ ,അര്‍ബുദ രോഗിയായ എന്റെ സുഹൃത്തിനെയാണ് ഓര്‍മ്മ വന്നത് . ജീവിതത്തോടുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചു ആകെ മരവിപ്പു ബാധിച്ചിരിക്കുന്ന അയാള്‍ക്ക്‌ പ്രത്യാശ നല്‍കാന്‍ ഒരുപാട് ശ്രമിച്ചു .എന്നിട്ടും കഴിയാതെ വന്നപ്പോള്‍ കുറെ പരുഷമായി സംസാരിക്കുകയും , പിണങ്ങുകയും ചെയ്തിരുന്നു ,ഇപ്പോള്‍ തോന്നുന്നു ക്രൂരതയായിപ്പോയെന്നു .

  മറുപടിഇല്ലാതാക്കൂ
 11. കുഞ്ഞിനി......9/15/2012 3:17 AM

  കൊള്ളാം....സാധാരണ മിക്കപ്പോഴും കേട്ട് മറന്നുപോകുന്ന കഥ...എങ്കിലും ഈ എഴുത്ത്...മനസ്സിനെ ഒന്ന് പിടിച്ചിരുത്തി...ആസ്വദിപ്പിച്ചു...ഹൃദയസ്പര്‍ശിയാക്കി....മനോജേട്ടന്‍ നന്നായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 12. കഥ വായിച്ചു, നന്നായിരിക്കുന്നു.

  "ഇന്നത്തെ കാലത്ത് ഇദൊക്കെ വെല്ല്യ സൂക്കേട്വാണോ ... അവടത്തെ തെരക്ക് ചേച്ചി കാണാറില്ല്യെ ..... ജലദോഷം വര്ണമായിര്യല്ലേ ആള്‍ക്കാര്‍ക്ക് കേന്‍സറ് വരണത് .... ഇഞ്ചക്ഷനും ലൈറ്റടിയൊക്കെ കഴിഞ്ഞാ ഒക്കെ ശാര്യാവും ... "

  "ഇത്രേം വെല്ല്യേ പ്രതാപത്തില് നിക്ക്ണ അമ്പലത്തിലെ അല്വെള് വരെ കൊല്ലത്തിലൊരിക്കെ ഇല്യൊക്കെ കൊഴിഞ്ഞ് അസ്തികൂടായ് നിക്ക്ണ് .... പിന്ന്യാണ് മന്ഷ്യന്മാര്....."

  സ്വയം രോഗിയായിട്ടും, താന്‍ പറയുന്നത് തന്റെ തന്നെ അനുഭവിത്തിനു വിരുദ്ധമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ, മറ്റൊരു രോഗിയെ, അതും നേഴ്സായ ഒരുരോഗിയെ, ലളിതമായ ഗ്രാമ്യവാക്കുകളിലൂടെയും ഉപമകളിലൂടെയും സമാധാനിപ്പിക്കുന്ന ദരിദ്രയായ, ഒരു മനുഷ്യായുസ്സില്‍ അനുഭവിച്ചു തീര്‍ക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ദുഖങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചു കൊണ്ടിരിക്കുന്ന ആ പാവം സ്ത്രീ കഥാപാത്രം കാലങ്ങളോളം എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കും.

  മറുപടിഇല്ലാതാക്കൂ
 13. ജലീൽ അരീപ്പുറത്ത്9/15/2012 4:34 AM

  പതിനേഴാമത്തെ വയസ്സിൽ അരങ്ങൊഴിഞ്ഞ മൂത്ത സഹോദരി, ആറ് മാസത്തെ ചികിത്സക്കൊടുവിൽ ....കരുതും പോലെ നിസ്സംഗത വരുന്നില്ല..........ഓർമ്മകളുടെ തിരയിളക്കം വേദനയുടേയും......

  മറുപടിഇല്ലാതാക്കൂ
 14. ഹൃദയ സ്പര്‍ശിയായിരുന്നു.
  കാന്‍സര്‍ ബാധിച്ച എത്ര മനുഷ്യര്‍.....
  എന്റെ ഉപ്പയുടെ സഹോദരനെയും കാലയവനികക്കുള്ളില്‍ മറച്ചത് കാന്‍സറായിരുന്നു....

  മറുപടിഇല്ലാതാക്കൂ
 15. ശരിയാണു ആര്‍ക്കും എപ്പൊ വേണെലും വരാം. എല്ലാവരേയും ദൈവം കാക്കട്ടെ എന്ന പ്രാര്‍ത്ഥനയേ ഉള്ളു.

  കഥ നന്നായിട്ടുണ്ട്.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 16. ഞാനൊരൽപ്പം സെന്റിമെന്റലാണു, എന്നാലും ചില ബ്ലോഗ് പോസ്റ്റുകളൊക്കെ വായിക്കുമ്പോൾ കാണ്ട് ചിരിക്കാറുണ്ട് " വിതുമ്പിപ്പോയി, നൊമ്പരപ്പെടുത്തി " എന്നിങ്ങനെ കമന്റുകൾ.

  പക്ഷേ, ആത്മാർത്ഥമായും ഇത് വായിച്ച് വന്നപ്പോൾ പകുതിയിൽ കണ്ണ്നിറഞ്ഞ് വായിക്കാൻ പറ്റാണ്ടായി. നല്ലൊരു കഥ മാത്രമല്ല ഇത്, ഇതൊരു മോട്ടിവേഷൻ കൂടിയാണു.

  മറുപടിഇല്ലാതാക്കൂ
 17. വളരെ നന്നായി. കൃതഹസ്തനായ എഴുത്തുകാരന്റെ തൂലിക സ്പര്‍ശം.
  നാമറിയുന്ന പലരും, നമ്മളില്‍ തന്നെയും ജീവിതത്തില്‍ ഒരു പക്ഷെ കടന്നു പോകാവുന്ന സന്ദര്‍ഭങ്ങള്‍ കഥയില്‍ നിറയുന്നു. നമ്മുടെ മിക്ക കലാസൃഷ്ടികളും കഥയില്‍ അപൂര്‍ണ വിരാമത്തിനാണ് കാന്‍സര്‍ രോഗത്തെ ഉപയോഗിക്കാറ്. മനസിലെ ഇരുള്‍ ഒരു ചിരിക്കു വഴി മാറിയത് പ്രത്യാശ നല്‍കുന്നു,ഇത് വായിക്കുന്ന പലര്‍ക്കും. കഥ പറഞ്ഞു തീരുമ്പോഴേക്കും കഥാപാത്രങ്ങള്‍ കഥയില്‍ നിന്നിറങ്ങി ജീവിതത്തിലേക്ക് നടക്കുകയാണിവിടെ.

  ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കഥാപാത്രങ്ങളില്‍ ഒരാളായി ജീവിച്ചു ജീവിതം തിരിച്ചു പിടിച്ച ഒരാള്‍.

  മറുപടിഇല്ലാതാക്കൂ
 18. ഹൃദയത്തില്‍ പതിഞ്ഞ കഥ. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 19. അടക്കുകയും ഒതുക്കുകയും ചെയ്യുമ്പോള്‍ അതില്‍ മാത്രം തിരിഞ്ഞു കളിക്കും.
  പങ്കുവയ്ക്കുമ്പോള്‍ അറിയാത്ത പലതും കണ്ടെത്താനാകും.

  മറുപടിഇല്ലാതാക്കൂ
 20. നൊമ്പരപ്പെടുത്തുന്ന രചന
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. ശരിക്കും കണ്ണ് നിറഞ്ഞു. ഏറ്റവും അടുപ്പം ഉള്ളവരില്‍ ചിലര്‍ കാന്‍സറിന്റെ വഴിയെ മരണത്തിലേക്ക് നടന്നു പോയിട്ടുണ്ട്. പെട്ടെന്ന് എല്ലാം ഓര്മ വന്നു.
  ഈ കമന്റ്‌ എഴുതുന്നതിനു മുന്പ് വന്ന ഫോണ്‍ കാളിലും ഒരു കാന്‍സര്‍ വിശേഷം, ഒരു സുഹൃത്തിന്റെ അമ്മക്ക് തൊണ്ടയില്‍ കാന്‍സറിന്റെ ആരംഭം. "അമല" യില്‍ നിന്നും "Regional Cancer Centre,തിരുവനന്തപുരം" റെഫര്‍ ചെയ്തിരിക്കുന്നു. ആ അമ്മക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം.

  മറുപടിഇല്ലാതാക്കൂ
 22. വിഡ്ഢിമാന്‌റെ ഞാന്‍ വായിച്ചതില്‍ പെട്ടെന്ന് തീര്‍ന്ന് പോയ കഥ ഇതാണെന്ന് തോന്നുന്നു :) എല്ലാവരും പറഞ്ഞത്‌ പോലെ നന്നായ്‌ എഴുതിയിരിക്കുന്നു, കാന്‍സര്‍ എന്നത്‌ അപകടകാരിയായ ഒരു രോഗമാണ്‌, അവസ്ഥയാണ്‌. മാറാ രോഗങ്ങള്‍ വരാതെ പടച്ചവന്‍ നമ്മെ കാക്കട്ടെ എന്ന ഉള്ളുരികിയ പ്രാര്‍ത്ഥന :( കാന്‍സര്‍ എന്നത്‌ നാം വിളിച്ച്‌ വരുത്തുന്ന ഒരു രോഗം തന്നെയാണെന്നാണ്‌ എന്‌റെ പരിമിത അറിവില്‍ എനിക്‌ തോന്നുന്നത്‌. ജീവിത ശൈലീ രോഗമാണ്‌ കാന്‍സര്‍. ശരീരത്തിലെ നിര്‍ജ്ജീവമായ കാന്‍സര്‍ സെല്ലുകളെ പരി പോഷിപ്പിക്കുന്നതും അവക്ക്‌ ജീവന്‍ നല്‍കുന്നതും നമ്മുടെ ജീവിത ശൈലിയാണ്‌. ഭക്ഷണം, പുകവലി, ഉറക്കം, വ്യായായ്മയില്ലായ്മ, വ്രണങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. കഥ നന്നായിരിക്കുന്നു, സ്വ അനുഭവവും, ഭാവനയും ചേര്‍ത്തെഴുതിയതിനാല്‍ രചനകള്‍ മുഴച്ച്‌ നില്‍ക്കില്ല. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 23. പതുക്കെയാണ് പറഞ്ഞത് പക്ഷേ അതെന്റെ മനസ്സില്‍ മുഴങ്ങുന്നു :(
  ഹൃദയസ്പര്‍ശിയായ ഒരു രചന..

  മറുപടിഇല്ലാതാക്കൂ
 24. ചിലതൊക്കെ വല്ലാതെ മനസിലങ്ങ് തട്ടും
  ഒന്നും പറയാനില്ല

  മറുപടിഇല്ലാതാക്കൂ
 25. എന്റെ വീട്ടില്‍ കുറെ പേരുടെ ജീവിതം കാര്‍ന്നെടുത്തത് ആ അസുഖമാണ്. വല്യമ്മ, വല്യച്ചന്‍, അമ്മാവന്‍, പിന്നെ ഭാര്യയുടെ ചെറിയച്ചന്‍. വല്യമ്മക്ക് മുറുക്കുന്ന സ്വഭാവമുണ്ടായിരുന്നു. പുകയില കൂട്ടുമായിരുന്നു എന്നാണോര്‍മ. വല്യച്ചനും അമ്മാവനും പുകവലിയും ഉണ്ടായിരുന്നു. അമ്മാവന് പുകവലിയുടെ കൂടെ അമിത മദ്യപാനവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മാവന് കരളില്‍ ആയിരുന്നു ഈ രോഗം. ഇതില്‍ നിന്നും ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പുകയിലയുടെയും മദ്യത്തിന്റെയും പങ്ക് തള്ളിക്കളയാന്‍ ആകില്ല എന്ന് എനിക്ക് പൂര്‍ണ്ണ ബോധ്യമായി. പക്ഷെ ഭാര്യയുടെ ചെറിയച്ചന് ഇത് രണ്ടും ഇല്ലായിരുന്നു. അവരുടെ കാര്യത്തില്‍ വിധി എന്നല്ലാതെന്തു പറയാന്‍!!

  മറുപടിഇല്ലാതാക്കൂ
 26. ഒന്നും പറയാനില്ലാ നൊമ്പരപ്പെടുത്തുന്ന കഥ ..


  ആ ദുഖത്തിലും അവസാനമുള്ള ചിരിയില്‍ ഞാനും പങ്കുകൊണ്ടു
  മറിയുമ്മയോട് പറഞ്ഞാൽ മതി.. പിന്നെ എല്ലാവരും അറിഞ്ഞോളും..
  (ആകാശവാണി)

  മറുപടിഇല്ലാതാക്കൂ
 27. രണ്ടോ മൂന്നോ തവണ വന്നു വായിച്ചതാ. അഭിപ്രായം പറഞ്ഞിരുന്നില്ലേ?? എന്തായാലും എന്നെ എന്നും വേദനിപ്പിക്കുന്നതാണ് ഈ രോഗം. ചതിയന്‍ എന്ന് ഞാന്‍ മനസ്സ് കൊണ്ട് വിളിക്കും.. കാരണങ്ങള്‍ക്കും അപ്പുറത്ത് വെറുതെ പറയാതെ കടന്നു വരുന്നവന്‍ . ഒരു പാട് വേദനിപ്പിക്കുംപോഴും അവസാനം കണ്ടെത്തിയ ആ കുഞ്ഞു പുഞ്ചിരിയും ഇഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 28. നന്നായി വേഷം പകര്‍ന്നാടാന്‍ കഴിഞ്ഞിട്ടുണ്ട്... വേഷപ്പകര്‍ച്ചക്കൊടുവില്‍ മുണ്ടിന്‍റെ അറ്റം ഉയര്‍ത്തി കണ്ണു തുടയ്ക്കേണ്ടിയും വന്നു.. മറ്റൊന്നും പറയാന്‍ കഴിയില്ല... സ്നേഹാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 29. ഒന്നുല്യ പറയാന്‍..., നഷ്ടപ്പെട്ടുപോയ കുറെ മുഖങ്ങള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു... വേദനയോടെ

  മറുപടിഇല്ലാതാക്കൂ
 30. അവതരണ മികവു അപാരമായി.
  ചില വരികള്‍ വായിക്കുമ്പോള്‍ കണ്ണ് നിറയുന്നുണ്ടോ എന്ന് തോന്നി.
  ക്യാന്‍സറും ഇപ്പോള്‍ സര്‍വ്വ സാധാരണം.
  ദൈവം കാത്തു രക്ഷിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 31. എന്റെയും കണ്ണില്‍ ചെറിയൊരു നനവ്‌ പടരാതിരുന്നില്ല..നല്ലൊരു പോസ്റ്റ്‌

  മറുപടിഇല്ലാതാക്കൂ
 32. എന്‍റെ കണ്ണിനെ ഈറനണിയിച്ചു ഈ കഥ. ഒരു കഥ മാത്രമായി തോന്നിയില്ല ഈ രചന. ഒരു വേറിട്ട അവതരണ ശൈലി. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളില്‍ നിന്നും എല്ലാവരെയും പടച്ചവന്‍ കാത്തു രക്ഷിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 33. ഇന്നലെ വൈകുന്നേരം ഇത് പോലെ ഒരു ക്യാന്‍സര്‍ സര്‍വൈവറേ പരിചയപ്പെട്ടു. എന്‍റെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യ. ഒരു മാറിടം സര്‍ജറിക്ക് ശേഷമുള്ള കീമോയും റേഡിയേഷനും ഒക്കെ കഴിഞ്ഞു മുടിയെല്ലാം പഴയ പോലെ വളര്‍ന്നു നല്ല ആക്ടീവ് ആയ സ്ത്രീ. ആവരെപ്പറ്റി തന്നെയാണ് ഇന്ന് മുഴുവനും ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്.അപ്പോള്‍ ഇതാ ഈ പോസ്റ്റും .
  കഥ ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 34. ഞാന്‍ വീണ്ടും വായന തുടങ്ങി

  ഈ ഭാഗത്തെത്തിയപ്പോള്‍ കണ്ണുനിറഞ്ഞു:

  ചേച്ചിക്ക്യറിയോ ? ഇനിയ്ക്ക് തീരെ എനിയ്ക്ക്യാൻ പറ്റാണ്ടായ നാലഞ്ച് ദെവ്സം എട്ടാം ക്ലാസ്സീ പടിക്കണ എന്റെ പൊന്നുമോൻ അഞ്ച് മണിക്കെന്ന്റ്റ് ചോറും കൂട്ടാനും വെച്ചു...” ഒരു ഏന്തലോടെ അവൾ പറഞ്ഞവസാനിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
 35. കരയാന്‍ വാത്സ്യായനന് ഇഷ്ടമില്ല..
  നിര്‍വൃതിയാര്‍ന്ന ചിരിയാണിഷ്ടം..
  കഥയല്ലെയെന്ന് കരുതി സമാധാനിക്കുന്നു.
  മനസ്സിലായില്ലെ?
  കഥ മനസ്സില്‍ കൊണ്ടുവെങ്കിലും,
  അങ്ങിനെയൊന്നുമില്ലെന്ന് ഭാവിച്ച് വാത്സ്യായനന്‍ ചിരിക്കുകയാണെന്ന്..!!!

  മറുപടിഇല്ലാതാക്കൂ
 36. അതിശയോക്തികളില്ലാതെ, തനിമയോടെ ഒരു രോഗിയുടെ മനോനില ആവിഷ്ക്കരിച്ചിരിക്കുന്നു. കഥയില്‍ തിളങ്ങിയത് സഹായമഭ്യര്‍ത്ഥിച്ച് വന്ന രോഗിയുടെ ശുഭാപ്തിവിശ്വാസം പകരുന്ന തരത്തിലുള്ള സംഭാഷണമാണ്.

  മറുപടിഇല്ലാതാക്കൂ
 37. ഇത് ഒരനുഭവം പോലെ തോന്നിച്ചു ....നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ