ഞായറാഴ്‌ച, മേയ് 01, 2011

നക്ഷത്രങ്ങള്‍ക്കു താഴെ

വിഷുപ്പുലരിയില്‍ മകനോടൊപ്പം കടന്നു വന്ന പുതിയ അതിഥിയെ അത്ഭുത സ്തബ്ദനായി നോക്കി നില്‍ക്കുകയായിരുന്നു അയാള്‍ . അതുകൊണ്ടു തന്നെ , അല്പനേരത്തേയ്ക്ക് അവന്‍ എന്തൊക്കെയാണ് പറഞ്ഞതെന്ന്‍ അയാള്‍ കേട്ടില്ല.

മുപ്പതു വര്‍ഷങ്ങള്‍ക്കു പുറകില്‍ നിന്ന് പെട്ടന്നൊരാള്‍ മുന്‍പില്‍ വന്നു നില്‍ക്കുന്നതു പോലെ തോന്നി അയാള്‍ക്ക്. എത്ര അതിശയകരമായ രൂപസാദൃശ്യം !
ചിരിക്കുമ്പോള്‍ ഇടതുവശത്തെ കവിളില്‍ വിരിയുന്ന ആ നുണക്കുഴിയും ചെരുതായി ചുരുണ്ടമുടിയും മഷിയെഴുതിയതുപോലുള്ള കണ്ണുകളും ഈണത്തില്‍ തലയാട്ടിയുള്ള സംസാരവും. ..
ശരിക്കും അവളെ കൊത്തിവെച്ചപോലുണ്ട്. ആ  വിഷുതലേന്ന്, അവളെ കണ്ട വേഷം പോലും അതു പോലെ തന്നെ.

വെയിലാറി കഴിഞ്ഞ് , ഒരു കൈയ്യില്‍ കത്തിച്ച അയിനിത്തിരിയും കീശയില്‍ നിറയെ പടക്കങ്ങളുമായി അവന്റെ പ്രിയപ്പെട്ട 'പഞ്ചാര'മാവിന്റെ ചുവട്ടിലേക്ക് നടക്കുകയായിരുന്നു അന്നാ  ഏഴുവയസ്സുകാരന്‍.
 
മാവില്‍ ഒരു വലിയ പൊത്തുണ്ട്. അതിനുള്ളില്‍ വച്ച് പടക്കം പൊട്ടിച്ചാല്‍ വലിയ മുഴക്കമുണ്ടാവും. ശബ്ദം വിശാലമായ പാടത്ത് മുഴുവന്‍ പരക്കും. പാടത്തോട് ചേര്‍ന്ന്, മാവിന്റെ തണലില്‍ വിശ്രമിക്കുന്ന സുബൈദാത്തയുടെ ആട്ടിന്‍‌കുട്ടികള്‍ പേടിച്ച്, ചാടി തുള്ളി ഓടാന്‍ തുടങ്ങും. .. എല്ലാം കൊണ്ടും ബഹുരസം.

പക്ഷെ അവിടെയെത്തിയപ്പോള്‍ മാവിന്‍ ചുവട്ടില്‍ കൊയ്ത്തൊഴിഞ്ഞ പാടത്തേയ്ക്ക് കണ്ണു നട്ട് ഒരു പുതിയ അതിഥി !.

സ്ക്കൂളിലോ നാട്ടിലോ അവന് പെണ്‍സുഹൃത്തുക്കളാരുമില്ല. മാത്രമല്ല, സ്കൂളിലൊക്കെ വച്ച് പെണ്‍കുട്ടികളോട് മിണ്ടുന്നതുപോലും കുറച്ചിലാണ്. അതുകൊണ്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ അല്പനേരം അവന്‍ പരുങ്ങി നിന്നു.

'ക്ലാസ്സിലെ പെമ്പിള്ളേരുടെ പോല്യൊന്നല്ല... എന്താ അവള്‍ടെ ഉടുപ്പിന്റ്യേം ഇരിപ്പിന്റ്യേം ഗമ' അവനോര്‍ത്തു.
 
                                                              ******

" അച്ചാ.. അച്ചാ.." മകന്‍ തോളില്‍ തോണ്ടുന്നു :
 
" ഇവര്‌ നമ്മള്‍ടെ പുതിയ നൈബേഴ്സ്സാ.. സിങ്ങ് അങ്കിളിന്റെ അപ്പാര്‍ട്ട്മെന്റില്‌ ഇനി തൊട്ട് ഇവരാ താമസിക്കണത്. അച്ചാ.. ഞാന്‍ ഈ കുട്ട്യെ നമ്മുടെ വിഷുക്കണി കാണിക്കട്ടെ.. ഇവര്ടെ വീട്ടിലെ ഞാന്‍ കണ്ടു.. വെരി ബ്യൂട്ടിഫുള്‍ ."

അയാള്‍ ശരിയെന്നു തലയാട്ടി. ഷോക്കേസ്സിലെ കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞപ്പോഴാവണം അവന് കണിയുടെ കാര്യം ഓര്‍മ്മ വന്നത്...

കണി.. അപ്പോള്‍ അവരും മലയാളികളാണ്.
അത്രയും മുഖച്ഛായ....ഒരു പക്ഷെ ഇതവളുടെ മകള്‍ തന്നെയായിരിക്കുമോ ? അവള്‍ തന്നെയായിരിക്കുമോ അപ്പുറത്ത് താമസത്തിനെത്തിയിരിക്കുന്നത് ?
പക്ഷെ ഒരിക്കല്‍ കേട്ടത് ശരിയാണെങ്കില്‍ ....

" നന്ദൂന് വിഷ്വായിട്ട് പുതിയ കുട്ടുകാരിയെ കിട്ടീട്ട്ണ്ട്...അമര്‍ പോയേപ്പിന്നെ ഒറ്റപ്പൂരാടനായി നടന്നിരുന്ന കുട്ടിയെ ഇപ്പഴാ ഇത്ര സന്തോഷത്തില് കാണ് ണത്.." ശ്യാമ അടുക്കളയില്‍ നിന്ന് ഒരു തവിയുമായി വന്നു

" ദേ... ഇതില് ഉപ്പുണ്ടോന്നൊന്ന് നോക്ക്യേ..." അവളുടെ പണിത്തിരക്ക് തീര്‍ന്നിട്ടില്ല.

സദ്യവട്ടങ്ങള്‍ക്കു വേണ്ട പച്ചക്കറിയൊക്കെ അയാള്‍ നുറുക്കിക്കൊടുത്തിരുന്നു. തെറ്റില്ലാതെ പാചകം ചെയ്യാനുമറിയാം. പക്ഷെ ഭാര്യ സമ്മതിക്കാറില്ല.

" വേണ്ട വേണ്ട..അത്രേം പരിഷ്ക്കാരമൊന്നും വേണ്ട..", അവള്‍ പറയും.

പക്ഷെ ഇതാണു കുഴപ്പം - ' ദേ..ഉപ്പു നോക്ക്.. എരിവു നോക്ക്.. വേവു നോക്ക്... ' എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ ശല്യപ്പെടുത്തികൊണ്ടിരിക്കും. സത്യത്തില്‍ ഒരു മുന്‍‌കൂര്‍ ജാമ്യമെടുക്കലാണത്. പിന്നീട് കുറ്റമൊന്നും പറയാന്‍ കഴിയില്ലല്ലോ..ഇപ്പോള്‍ അവിയലും കൊണ്ടാണ് വരവ്.

അയാള്‍ രുചി നോക്കി : " ഉപ്പിത്തിരി കൂടുതലാ..".

" അദ് സാരല്ല്യ. ചോറിന്റെ കൂട്യാവുമ്പോ ശെര്യായിക്കോളും." എന്നത്തേയും പോലെ ഇപ്പോഴും അവള്‍ സമ്മതിച്ചു കൊടുത്തില്ല.

" ആ കുട്ടി നല്ല മാനേഴ്സ് ഒക്കെയുള്ള കൂട്ടത്തിലാ.. ഞാനിത്തിരി സ്വീറ്റ്സ് കൊടുത്തിട്ട് അവള്‍ ഒന്നു പോലുമെടുത്തില്ല. നമ്മടെ നന്ദു കണ്ടപ്പഴ്ക്ക്യും ചാടി വീണു. "

അതാണ് ശ്യാമയുടെ 'മാനേഴ്സ് ടെസ്റ്റ്'.
 
അങ്ങനെയെങ്കില്‍ എത്ര കുട്ടികള്‍ ഈ ടെസ്റ്റ് പാസ്സാവും ! ..
 
അങ്ങനെയെങ്കില്‍... അന്ന്..ആ പെണ്‍കുട്ടിയുടെ മുമ്പില്‍ പറയാനൊന്നുമില്ലാതെ പരുങ്ങി നില്‍ക്കുമ്പോള്‍ , പെട്ടന്ന് വീണ പഴമാങ്ങ ഉരുണ്ടുരുണ്ട് വേലിക്കിടയിലൂടെ പാടത്ത് യാത്രയവസാനിപ്പിച്ചപ്പോള്‍ അവളെക്കാള്‍ വേഗം ചാടി വീണ് കൈക്കലാക്കിയത് മാനേഴ്സായിരുന്നോ ?

                                                                  ********

" എനിക്കു താ.. അതു ഞങ്ങളുടെ മാവാ.." അവള്‍ കോപിച്ചു " കൊതിയന്‍ "

അവനാകെ പുകഞ്ഞു..' ഹും. ഒരവകാശി വന്നിരിക്കുന്നു.! 

ഈ കാണുന്നതെല്ലാം - സുബൈദാത്തയുടെ കശുമാവുകളും പുരയാറ്റെ തേന്മാവുകളും ഞാവലുകളും ഇടവഴിയിലെ ഇലഞ്ഞിയും വേലിപ്പടര്‍പ്പുകളിലെ മുള്ളന്‍പഴവും കൊട്ടക്കായും... മറ്റൊരാളും ഇതേവരെ തന്നോട് അവകാശവാദമുന്നയിച്ചിട്ടില്ല. ഹും, . ഇപ്പോഴിതാ ഒരുത്തി വന്നിരിക്കുന്നു.'

അവന്റെ തീരുമാനം അംഗീകരിച്ചെന്ന മട്ടില്‍ ഇപ്പോള്‍ മറ്റൊരു മാമ്പഴം കൂടി വീണു.അവന്റെ തൊട്ടടുത്ത്.പുല്ലില്‍, ഒരു പോറല്‍ പോലുമേല്‍ക്കാതെ.
അവള്‍ മറുത്തൊന്ന് ചിന്തിക്കുന്നതിനു മുമ്പ് അവന്‍ അതു കൂടി കൈക്കലാക്കി ' ഇപ്പോഴോ ' എന്ന മട്ടില്‍ അവളെ നോക്കി.

" ഹും.. ഇത് ഞങ്ങള്‍ടെ മാവാ.. ഞാന്‍ അമ്മമ്മയോട് പറഞ്ഞു കൊടുക്കും. " അവള്‍ ആവര്‍ത്തിച്ചു.

പക്ഷെ ആ സ്വരത്തില്‍ അടുത്തതൊരു പൊട്ടിക്കരച്ചിലാണെന്ന് സൂചനയുണ്ട്. ഒപ്പം അതൊരു ഭീഷണിയുമാണ്.
കുട്ടികളുടെ തര്‍ക്കങ്ങളില്‍ മുതിര്‍ന്നവര്‍ ഇടപെടുന്നത് അവനിഷ്ടമില്ല. മിക്കപ്പോഴും അവരുടെ വിധി ഉള്‍ക്കൊള്ളാന്‍ കഴിയാത്തക്ക വിചിത്രമായിരിക്കുമെന്നുള്ളതു കൊണ്ടു തന്നെ. പോരാത്തതിന് പുരയാറ്റെ പറമ്പില്‍പ്പോലും കേറരുതെന്ന് വീട്ടില്‍നിന്ന് നിര്‍ദേശമുള്ളതുകൊണ്ട് അവിടെ നിന്നും പിന്തുണ ലഭിക്കാനും സാധ്യതയില്ല.

' വിരുന്നുകാരിയൊക്കെയല്ലെ.. ഒരെണ്ണം കൊടുക്കാം.' അവനൊന്നയഞ്ഞു.

പുല്ലില്‍ വീണ സുന്ദരന്‍ മാമ്പഴം തന്നെ അവന്‍ അവള്‍ക്കു നീട്ടി.
അവള്‍ അരികിലെത്തിയപ്പോള്‍ പെട്ടന്ന് കൈ പിന്‍‌വലിച്ചു.

" ഇനിയെന്നെ കള്ളനെന്നു വിളിക്ക്യോ ? " അവന്‍ ഗൗരവത്തില്‍ ചോദിച്ചു.

" ഇല്ല്യ" അവള്‍ ചിണുങ്ങി.

അവന്‍ തട്ടിപ്പറിക്കുമോ എന്ന് ഭയന്നാവണം, അവള്‍ കിട്ടിയപാടെ മാമ്പഴമൊന്നു കടിച്ചു.
ചാറെല്ലാം ഉടുപ്പിലേക്കും മുഖത്തേയ്ക്കും തെറിപ്പിച്ച് അവള്‍ തിന്നുന്നത് കണ്ടപ്പോള്‍ അവന് സഹതാപം തോന്നി.

" അയ്യേ ! ഇദ് അങ്ങനെ തിന്നണ്ട മാങ്ങ്യല്ല. ചപ്പിക്കുടിയനാ. ചെമരുമ്മഴാ കല്ലുമഴാ ഒക്കെ തല്ലി ഉള്ളിലെ ചാറൊക്കെ കുറുകുറാന്നാവുമ്പോ ഞെട്ടീരവടെ ഒരോട്ടിണ്ടാക്കി വലിച്ച് കുടിക്കണം. ഞാങ്കാണിച്ചെരാ..."

അവന്‍ അടുത്തു കണ്ട കരിങ്കല്ലില്‍ ഊതി മണ്ണും തരിയുമെല്ലാം വെടുപ്പാക്കി മൃദുവായി മാങ്ങ അതില്‍ തട്ടാന്‍ തുടങ്ങി.

" കണ്ട..കണ്ട.. ഇപ്പ മാങ്ങേരെ ഉള്ളില് ചാറ് മാത്രായ്ട്ട്ണ്ടാവും. ഞ്ഞി ഈ മൂട്ടില് പദ്ക്കെ ഞെക്കി ആദ്യം ചൊണയൊക്കെ കളയണം. ഇനി ശെരിയ്ക്ക് വായില് വെച്ച് വലിച്ച് കുടിച്ചാ മതി . മുഴുവന്‍ കുടിച്ച് കഴിഞ്ഞാ അണ്ടീം തോലും മാത്രാവും."

അവന്റെ വായില്‍ വെള്ളമൂറുന്നുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടൊ അതും അവള്‍ക്കു തന്നെ കൊടുക്കാനാണപ്പോളവന് തോന്നിയത്.

" ന്നാ.. ഇദ് ശെരിയ്ക്കും ചപ്പി കുടിച്ചോ... "

അവളാകട്ടെ,രുചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് അതു കൂടി ലജ്ജ കൂടാതെ വാങ്ങി തിന്നു.

" കാലത്ത് വന്ന് പര്‍ക്ക്യാ കൊറേ കിട്ടും. ഞാന്‍ നാളെ ഞാവല് പര്‍ക്കാന്‍ വെരുമ്പ ഇട്ത്ത് വെയ്ക്കാട്ടാ.." അവന്‍ പറഞ്ഞു.

എന്തോ അവളോടൊരിണക്കം.

" ഇവ്ടെ... പുരയാറ്റ്ക്ക് വന്നതാ ? " അവന്‍ ചോദിച്ചു.

അവള്‍ തലയാട്ടി.

" എവ്ട്യാ വീട് ? "

"ഡെല്‍ഹീല് " അവള്‍ പറഞ്ഞു.

'അമ്പോ ! ഡെല്‍ഹി ! ഇന്ത്യേരെ തലസ്ഥാനം. അത് വളരെ അകലെയാണെന്ന് രമ'മേന്റം' പറഞ്ഞിട്ടുണ്ട്.തീവണ്ടീല് കൊറേ ദിവസം ഇരിക്കണ്യത്രെ.' അവന് അവളോടല്പ്പം ബഹുമാനം തോന്നി.

" ഇനിവ്ടെ നിക്കാന്‍ പൂവ്വാ ? " അവന്‍ താല്പര്യത്തോടെ ചോദിച്ചു.

എക്കാലത്തും ഏകാന്തത അവനെ വല്ലാതെ അലട്ടിയിട്ടുണ്ട്. പാടത്തിന്റെ ഇങ്ങേക്കരയില്‍ ഇവരിങ്ങനെ ആറേഴു വീട്ടുകാരേയുള്ളു. അതിലെവിടെയും അവന്റെ സമപ്രായക്കാരില്ല. കൊയ്ത്തൊഴിഞ്ഞ പാടത്ത് മുതിര്‍ന്ന കുട്ടികളോടൊപ്പം ഫുട്ബോള്‍ കളിക്കാനോ അമ്പലക്കുളത്തില്‍ മുങ്ങി തിമര്‍ക്കാനോ പുഴയില്‍ ചൂണ്ടയിടാനോ ...ഒന്നിനും അവനവകാശമില്ല - അവന്‍ ചെറിയ കുട്ടിയാണ് !.

" ഏയ്.. ഇല്ലില്ല്യ.. ഞങ്ങള് സണ്‍ഡേ തിരിച്ച് പൂവ്വും. അവ്ടെ ഞങ്ങള്‍ടെ വെക്കേഷന്‍ തൊടങ്ങീട്ടില്ല്യ "

അവന്റെ ഉല്‍സാഹം പകുതി നശിച്ചു. 'അപ്പൊ പിന്നെ വെല്ല്യ കാര്യല്ല്യ..താന്‍ പിന്ന്യേം ഒറ്റയ്ക്കാവും'. അപ്പോഴാണ് അവന്‍ മറ്റൊരു കാര്യമോര്‍ത്തത്.

" ന്തൂട്ടാ പേര് ?" അവന്‍ ചോദിച്ചു.

അവള്‍ എണീറ്റു. ഉടുപ്പിലെ പൊടിയൊക്കെ തട്ടി കുടഞ്ഞു.

" ന്റെ പേര്...പേരയ്ക്ക " ഒരു പ്രതികാരം ചെയ്ത സംതൃപ്തിയോടെ കിലുകിലെ ചിരിച്ച് അവള്‍ പെട്ടന്ന് ഓടിപ്പോയി.

'ഹമ്പടാ !'

അവന്‍ ഇളഭ്യനായിപ്പോയി. ആ ദേഷ്യത്തിന് മാവിന്റെ പൊത്തില്‍ നാല് പടക്കങ്ങള്‍ ഒരുമിച്ചിട്ടു പൊട്ടിച്ചു.മാവിലെ പക്ഷികള്‍ പേടിച്ച് ചിലച്ച് പറന്നു. സുബൈദാത്തയുടെ ആട്ടിന്‍‌കുട്ടികള്‍ പാടത്ത് തുള്ളിയോടി.
പിറ്റേന്ന് വെളുപ്പിന് അവന്‍ പതിവുപോലെ ഞാവല്‍ പെറുക്കാനിറങ്ങി. മരച്ചോട്ടില്‍, ഉണങ്ങിയ ഓലകളും വട്ടയിലകളും വിരിച്ച് അവന്‍ ഒരു തട്ടമൊരുക്കിയിട്ടുണ്ട് - ഞാവല്‍‌പഴങ്ങള്‍ മണ്ണു പറ്റാതിരിക്കാന്‍. വിഷുവാണ്. അന്ന് ഉച്ച തിരിഞ്ഞ് അവന്‍ മാപ്രാണത്ത് അമ്മവീട്ടിലേയ്ക്ക് പോകും. പിന്നെ ഒന്നു രണ്ടാഴ്ച്ച കഴിഞ്ഞേ തിരിച്ചു വരൂ.അതുകൊണ്ടാണ് ഇന്നല്പം നേരത്തേ തന്നെ പറുക്കാനിറങ്ങിയത്.

എല്ലാം പെറുക്കി തലയുയര്‍ത്തി നോക്കുമ്പോള്‍ അവള്‍ മുന്നില്‍. മുഖത്ത് ഗൗരവം..പുറകില്‍ പുരയാറ്റെ അമ്മാമ്മയുമുണ്ട്.

" മിടുക്കാ...ഞങ്ങള് വരണേന്നു മുമ്പ് ഒക്കെ നീയ്യ് തന്നെ പറുക്ക്യോ...ഇനിയിപ്പോ എന്താ ചെയ്യാ...കുട്ടിയെന്നും ഇവടന്ന് പറക്കണതല്ലേ..ഇന്ന് പറക്ക്യേത് അമ്മൂന് കൊടുക്ക്വോ ? അവള് ഞായറാഴ്ച്ച പൂവ്വേ... അത് കഴിഞ്ഞാ കുട്ടിയ്ക്ക് വീണ്ടും പറുക്കാലോ...."

അവള്‍ നീട്ടിയ കുട്ടയിലേക്ക് ഞാവല്‍‌പഴങ്ങള്‍ ചൊരിയുമ്പോള്‍ അവന്‍ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ചുണ്ടുകള്‍ കടിച്ചു പിടിച്ചു.


ഒഴിഞ്ഞ കൂടയുമായി തല കുമ്പിട്ട് തിരിച്ചോടുമ്പോള്‍ അവരുടെ അതിരുകള്‍ വിടുന്നതുവരെ കരച്ചില്‍ പൊട്ടാതിരിക്കാന്‍ അവന്‍ പാടുപെട്ടു. സങ്കടം മുഴുവന്‍  വഴിയരികില്‍ നിന്നു തന്നെ കരഞ്ഞു തീര്‍ത്തു. പുരയാറ്റെ കാര്യമായതു കൊണ്ട് അമ്മയോടും പരാതി പറയാന്‍ വയ്യ. പകുതി അവള്‍ക്കു കൊടുക്കണമെന്ന് അവന്‍ മുന്നെ തീരുമാനിച്ചിരുന്നതാണ്..എന്നിട്ടിപ്പോള്‍ എല്ലാം തട്ടി പറിച്ചു. ..നാളെ തൊട്ടു പറക്കാമെന്ന്.! .അമ്മവീട്ടില്‍ പോയി തിരിച്ചു വരുമ്പോഴേയ്ക്കും ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞു തീര്‍ന്നിരിക്കും....

അതു കൊണ്ടൊക്കെയാണ് ഒരവസ്സാനശ്രമമെന്ന നിലയ്ക്ക് ഉച്ചയ്ക്ക് അവന്‍ വീണ്ടും ഞാവല്‍മരച്ചോട്ടിലെത്തിയത്. പക്ഷെ ഒരൊറ്റയെണ്ണം പോലും കാണാനില്ല. അവള്‍ പെറുക്കിയിരിക്കണം. അവന്‍ വിഷണ്ണനായി തിരിഞ്ഞു നടന്നു

." ഏയ്" ആരോ വിളിക്കുന്നുണ്ട്. അവളാണ്.

അപ്പുറത്തെ തൊടിയില്‍, പഞ്ചാരമാവിന്റെ ചുവട്ടില്‍. അവന്‍ നോക്കിയില്ല. ഞാവലും പഞ്ചാരമാവും...ഇപ്പോ എല്ലാം അവളുടേതാണ്.

." ഏയ് കുട്ടി..ഇവിടെ വരൂ.." ഇതവളുടെ സ്വരമല്ല. തലയുയര്‍ത്തി നോക്കി.

അവളുടെ പുറകില്‍, ഭംഗിയുള്ള സാരിയൊക്കെയുടുത്ത് ഒരു സ്ത്രീ.
അവരെ കാണാനും നല്ല ഭംഗിയുണ്ട്. അവളുടെ മുഖഛായ..അമ്മയായിരിക്കും..

" ഇവിടെ വരൂ.." അവര്‍ വീണ്ടും വിളിച്ചു. ഒരു ചെറിയ ചമ്മലുണ്ട്. എങ്കിലും കാലുകള്‍ അവനെ അങ്ങോട്ടു തന്നെ നയിച്ചു. അവര്‍ അവനെ സൂക്ഷിച്ചു നോക്കി.

." കുട്ടി...ശിവാനന്ദന്റെ മോനാ ? " അവരുടെ സ്വരത്തില്‍ ആകാംഷയുണ്ടായിരുന്നു. അവന്‍ അതെയെന്ന് തലയാട്ടി. അവര്‍ നിശ്വസിച്ചു : " ഹും..എനിക്ക് തോന്നി.. നല്ല ഛായയുണ്ട്....ഇങ്ങു വാ..ചോദിക്കട്ടെ....എന്താ മോന്റെ പേര്.?"

 അരികിലെത്തിയപ്പോള്‍ താടിയില്‍ പിടിച്ച് വാല്‍സല്യത്തോടെ  മുഖമുയര്‍ത്തി കൊണ്ട് അവര്‍ ചോദിച്ചു. .

" വിശ്വജിത്ത്" അവന്‍ സ്വല്പം ലജ്ജയോടെ പറഞ്ഞു.

" ഹായ് നല്ല പേരാണല്ലോ.. അമ്മു കേട്ടല്ലോ.. ഇതാ അവന്റെ പേര്.. ഇനിയിവനെ ഏയ്, പൂയ് നൊന്നും വിളിക്കരുത്..അവന്റെയച്ഛന്‍ അവനു നല്ലൊരു പേരിട്ടിട്ടുണ്ട്."

അവര്‍ വീണ്ടും അവനു നേരെ തിരിഞ്ഞു : " കാലത്ത് അമ്മു കുട്ടനെ കുറെ വെഷമിപ്പിച്ചുവല്ലേ...സാരല്ല്യാട്ടോ..ഞാനിവള്‍ക്ക് നല്ല ശിക്ഷ കൊടുത്തിട്ടുണ്ട്. നാളെ തൊട്ട് കുട്ടന്‍ തന്നെ ഞാവലും മാമ്പഴോം ഒക്കെ പെറിക്കിക്കോളൂട്ടോ..മത്യാവുമ്പോ ഒന്നു രണ്ടെണ്ണം ഈ കൊതിച്ചിപാറൂന്ന് കൊടുത്താ മതി ".

അവന്‍ അവരോട് ചേര്‍ന്ന് നിന്ന് ഒളികണ്ണിട്ട് അവളെ നോക്കി. അവളുടെ മുഖത്ത് അസൂയ,ദേഷ്യം,സങ്കടം

" അയിന് ഞാനിന്ന് മാപ്രാണത്ത് പൂവും ..ഇനി കൊറേ നാള് കഴിഞ്ഞിട്ടാ വെരാ.." അവന്‍ ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു.

" മാപ്രാണം....അവിടെയാരാ..?" അവര്‍ ചോദിച്ചു.

" അമ്മേരെ വീട്.."

" ഓ.." അവര്‍ ചിരിച്ചു : " എന്താ അമ്മയുടെ പേര് ?"

" വിജയ "

" അമ്മ എങ്ങന്യാ..കാണാന്‍ സുന്ദര്യാ ? " അവര്‍ കുസൃതിയോടെ ചോദിച്ചു. അതെയെന്ന് തലയാട്ടുമ്പോള്‍ അവന് നാണം തോന്നി.

" എന്നെ പോല്യാ ? " അവര്‍ വിടുന്ന മട്ടില്ല.." അവന്‍ അല്ലെന്ന് തലയാട്ടി.

" അമ്മ വെളുത്തിട്ടാ.."

അവര്‍ ഒന്നു നിശ്വസിച്ചു. പിന്നെ ചിരിച്ചു. " അമ്പടാ..അപ്പോ ഞാന്‍ കറുത്തിട്ടാന്നാ പറഞ്ഞ് വെര്ണത്..!...ആട്ടെ...അച്ഛനിപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനമൊക്കെയുണ്ടോ...? "

" ഉം..അച്ഛനിപ്പോ സെക്രട്ടറ്യാ.." ആകെ അറിയാവുന്ന കാര്യം അവന്‍ അഭിമാനത്തോടെ പറഞ്ഞു.

അവരൊന്നും മിണ്ടാതെ ഏതോ ചിന്തയിലാണ്ടു.

" ന്യിക്ക്യ് പോണം ...അമ്മ അന്നേഷിക്കും " അല്‍പസമയത്തിനു ശേഷം അവന്‍ പറഞ്ഞു.

" നിക്ക്...ഞാനിപ്പോ വരാം...കുട്ടന് ഞാനൊരു സമ്മാനം തരാം " അവര്‍ തിടുക്കപ്പെട്ട് തൊടിയില്‍ നിന്ന് വീട്ടിലേയ്ക്ക് കയറി പോകുന്നത് കണ്ടു.

" പേരയ്ക്കേരെ ശെരിയ്ക്കും പേര് അമ്മൂന്നാ ? " അവന്‍ ചോദിച്ചു.

" അല്ല..ജ്യോതീന്നാ " അവള്‍ ചിരിച്ചു. അവനും . പിണക്കം മാറിയതിന്റെ ചിരി.

അവര്‍ തിരികെ വന്നപ്പോള്‍ കൈയ്യില്‍ ഒരു ചെറിയ ചെപ്പുണ്ടായിരുന്നു.

" ഇത് കുട്ടന്‍ ആരേയും കാണിക്കരുത്..വലിയ കുട്ടിയാവുമ്പോള്‍ ഇതെന്തിനാണെന്ന് മനസ്സിലാകും. മിടുക്കനായി പഠിക്കണം ട്ട്വോ. എന്നാലേ വിചാരിച്ചതൊക്കെ നേടാന്‍ കഴിയൂ.." പറയുന്നതിനോടൊപ്പം അവരുടെ സ്വരമിടറുന്നതും കണ്ണുകള്‍ നിറയാന്‍ തുടങ്ങുന്നതും എന്തിനാണെന്ന് അവന് മനസ്സിലായില്ല. പക്ഷെ അത് അമൂല്യമായ എന്തോ ആണെന്നറിഞ്ഞ് മുറുകെ പിടിച്ചു.

                                                                           *********

പെട്ടന്നുയര്‍ന്ന കോളിങ്ങ് ബെല്‍ ശബ്ദം അയാളെ ഞെട്ടിച്ചു.

'ആരാവും ?' എന്ന് ചിന്തിച്ചേറെ തല പുകയുന്നതിനു മുമ്പു തന്നെ മകനോടൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടി ചാടിയെണീറ്റു.

" അയ്യോ..അമ്മയാവും ! "

അമ്മ ..അവളായിരിക്കുമോ അത്..വാതില്‍ തുറക്കാനടുക്കുമ്പോള്‍ ആകാംഷ കൊണ്ട് തന്റെ ഹൃദയം ഇപ്പോള്‍ പുറത്തു ചാടുമെന്ന് അയാള്‍ക്കു തോന്നി. വാതില്‍ തുറന്നു. അല്ല ; അവളല്ല..മുന്‍പെവിടെയും കണ്ടു പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരി. അവള്‍ ചെറുതായൊന്ന് ചിരിച്ചു.

" ഞങ്ങള്‍ അപ്പുറത്ത് താമസത്തിനെത്തിയതാണ്. ..മോള്..ഇങ്ങോട്ടു വന്നിരുന്നു.."

അപ്പോഴേയ്ക്കും ഭാര്യ അയാളുടെ പുറകിലെത്തിയിരുന്നു.

" വരൂ ..വരൂ .. അകത്തേയ്ക്ക് വരൂ.." അവള്‍ ക്ഷണിച്ചു.

" അമ്മേ..ഞാനിപ്പോ വരാം..രണ്ട് ഗെയിം കൂടി കളിക്കട്ടേ.." പെണ്‍കുട്ടി അവരോട് പറഞ്ഞു.

" വിഷുവിന് ആരുമുണ്ടാവില്ലെന്ന് പറഞ്ഞ് നന്ദു മുഖം വീര്‍പ്പിച്ചിര്യക്കായിരുന്നു ഇന്നലെ വരെ..ഇനിയിപ്പോ അതു വിഷമിക്കണ്ട.." ഭാര്യ ചിരിച്ചു.
 
കുറച്ചു കൂടി കുശല വര്‍ത്തമാനങ്ങള്‍ പറഞ്ഞ് , പരിചയപ്പെടാനായി വൈകീട്ട് അവരെയങ്ങോട്ട് ക്ഷണിച്ച് ആ സ്ത്രീ തിരികെ പോയി. ആ കുട്ടിയും അവരും തമ്മിലുള്ള രൂപസാദൃശ്യമില്ലായ്മയെ കുറിച്ചാണ് അയാള്‍ അപ്പോഴും ചിന്തിച്ചു കൊണ്ടിരുന്നത്..

' അതിനിടയ്ക്ക് എന്തൊക്കെ ചിന്തിച്ചു കൂട്ടി.. പക്ഷെ എന്തതിശയം ! ഈ കുട്ടി ശരിക്കും അമ്മുവിനെ പോലെ തന്നെ..അന്ന്, അതിനു ശേഷം പിന്നീടവളെ എന്നെങ്കിലും കാണുമെന്ന് കരുതിയതല്ല.
പക്ഷെ പിന്നീടൊരിയ്ക്കല്‍ സ്കൂളു വിട്ടു വരുമ്പോള്‍ , അന്ന് നാലിലായിരുന്നുവെന്ന് തോന്നുന്നു, പുരയാറ്റത്തെ വീട്ടുമുറ്റത്ത് ഒരു ചെറിയ ആള്‍ക്കൂട്ടം.

ആള്‍ക്കാര്‍ ഒച്ച താഴ്ത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വീടിനുള്ളില്‍ നിന്ന് നേരിയ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ ?
 
നേരെ വീട്ടിലേക്കോടി. അച്ഛന്‍ തെക്കാപ്പുറത്ത് മാവിന്‍ ചോട്ടില്‍ ചാരു കസേരയില്‍ കണ്ണടച്ച് കിടപ്പുണ്ട്. എന്തോ കുഴപ്പമുണ്ട്.
.പാര്‍ട്ടിയിലെ വെല്ല്യ ആരോ മരിച്ചപ്പോ, ഹസൈനാരിക്കയുമായി പിണങ്ങിയപ്പോ, അച്ഛന്റെ കൂട്ടുകാരന്‍ തെങ്ങുമ്മന്ന് വീണപ്പോ...അങ്ങനെ വെല്ല്യ വെഷമം വരുമ്പഴെ അച്ഛനങ്ങനെ കിടക്കുന്നത് കണ്ടിട്ടുള്ളൂ.

.അടുക്കളയില്‍ അമ്മയുണ്ട്.. അമ്മയുടെ മുഖവും വല്ലാതെ..

." പുരയാറ്റ് എന്താ പറ്റ്യമ്മേ..? " ആകാംഷ അടക്കാനായില്ല.

അമ്മ ഒന്നു മടിച്ചു : " അവടത്തെ ആ തമ്പ്‌രാട്ടില്ല്യേ.. ഡെല്ലീല് ഒള്ളത്..ഭദ്രമ്പ്‌രാട്ടി..അവര് അവടെ വെച്ച് മരിച്ചൂന്ന് ഫോണ്‍ വന്നിരിയ്ക്കുണ്..ന്തോ വെല്ല്യ സൂക്കേടായിരുന്നൂത്രെ..ആ.. പിന്ന്യെ..നീയിപ്പോ അച്ഛന്റെട്ത്ത്യ്ക്ക്കൊന്നും പോണ്ടാട്ടാ.....ആ മനസ്സ് കെടന്ന് നീറ്ണത് ഞാന്‍ കാണ്‌ണ്ണ്ട്. " അമ്മ മൂക്കു ചീറ്റി.

പിന്നെയുമേറെനാള്‍ കഴിഞ്ഞ് , ഒരോണക്കാലത്താണ് അവളെ വീണ്ടും കാണുന്നത്. എന്തോ, അതിനു ശേഷം പുരയാറ്റെ പരമ്പിലേയ്ക്ക് കയറാന്‍ മനസ്സു വന്നിട്ടില്ല ; അമ്മ മരിച്ചതിനു ശേഷം അവളവിടെ തന്നെയുണ്ടെന്ന് കേട്ടെങ്കിലും.പക്ഷെ പൂക്കളമിടാന്‍ തുമ്പപ്പൂക്കള്‍ ആവശ്യമായി വരുമ്പോള്‍ പുരയാറ്റേയ്ക്ക് കയറാതെ വയ്യ.

" ഇപ്പെന്താ ഇങ്ങ്ടൊന്നും വരാത്തെ ? ഇനിയ്ക്കൊന്ന് കളിക്കാനും മിണ്ടാനും ആരൂംല്ല്യ " പുറകില്‍ അവള്‍ .

" അദ്'..." അവന്‍ പരുങ്ങി. " ഇനിയ്ക്യ് ഓണപരീക്ഷ്യാര്‍ന്നു. .." 

പക്ഷെ അവനവളോട് സഹതാപം തോന്നി തുടങ്ങിയിരുന്നു." ഇനി ഞാനെന്നും വരാട്ടാ.." 

                                                                      *******

" അച്ഛാ.. ഞാനിനി ഇവരോട്യ്ക്ക് പോട്ടേ ? " മകനാണ്.

" നന്നായി.. ഇനിപ്പോ രാത്ര്യാവണെ വരെ രണ്ടാള്‍ക്കും അങ്ങ്ടും ഇങ്ങ്ടും കടത്ത് നടത്തി കൊണ്ടിരിക്കാം .. നന്ദു, ഉണ്ണാറാവുമ്പോ വരണം ട്ടോ.." ശ്യാമ അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു.

" അമ്മ പറഞ്ഞത് കേട്ടല്ലോ...ഉണ്ണാറാവുമ്പോ വരണം" അനുമതി കാത്തു നില്‍ക്കുകയായിരുന്ന മകനോട് അയാള്‍ പറഞ്ഞു.

" താങ്ക് യൂ അങ്കിള്‍ " അവളുടെയും നന്ദി പ്രകടനം !
                     
                                                                     ******


" എന്നെ നിങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു പൂവാത്തതെന്താ ? " ഒരിക്കല്‍ അമ്മു ചോദിച്ചു. ഇപ്പോഴവരോടൊപ്പം കളിക്കാന്‍ ഒരാള്‍ കൂടിയുണ്ട്. അവന്റെ ഒന്നര വയസ്സുള്ള അനിയത്തി.

" അമ്മൂന്റെ അമ്മമ്മയ്ക്ക്തിഷ്ടാവില്ല്യ " അവന്‍ ഗൗരവത്തിലായി.

" നമ്മക്ക് അമ്മ്മ്മയറിയാണ്ടെ പൂവ്വാം "

" എങ്ങന്യാ ?"

" നാളെ അമ്മമ്മ വല്യമാമരോടയ്ക്ക് പൂവും..അവടെ രമയ്ക്ക് പന്യായോണ്ട് എന്നെ കുണ്ടുവില്ല്യ.."

" അമ്മുചേച്ചി..അമ്മുചേച്ചി.".അവന്റെ അനിയത്തി അവളുടെ ഒക്കത്തിരുന്ന് ചിലച്ചു കൊണ്ടിരുന്നു.

അച്ഛനിറങ്ങിയതിനു ശേഷം വീട്ടിലെത്താമെന്നാണ് അവന്‍ കരുതിയത്. അമ്മയാവുമ്പോ എന്തെങ്കിലുമൊക്കെ പറഞ്ഞ് നിക്കാം..പക്ഷെ അധികം ഒച്ചയുണ്ടാക്കാതെ വീടിനു പുറകിലെത്തിയപ്പോള്‍ അച്ഛന്‍ പിന്നിലെ തെങ്ങില്‍ നിന്നിറങ്ങി വരുന്നു. അവളുടെ മുന്‍പില്‍ വച്ചു തന്നെ അടി വീഴുന്ന കാര്യമോര്‍ത്ത് അവന്‍ വെറുങ്ങലിച്ചു നിന്നു. പക്ഷെ അച്ഛന്‍ അവളെ തന്നെയാണ് നോക്കുന്നത്..

അവളും അച്ഛനെ അന്തം‌വിട്ട് നോക്കി നില്‍ക്കുകയാണ്. കത്ത്യട്ടിയും കട്ടി തുണിയും പുറകില്‍ കെട്ടി വച്ച മാട്ടവുമൊക്കെയായി ഒരു ചെത്തുകാരനെ അവള്‍ ആദ്യം കാണുകയായിരുന്നിരിക്കണം..

" കുട്ടി...ഭദ്രേരെ മോളാണല്ലേ...നല്ല ഛായ.. എന്താ കുട്ടീരെ പേര് "
അച്ഛന്‍ അവളുടെ നിറുകയില്‍ തലോടുന്നത് അവന്‍ അത്ഭുതത്തോടെ നോക്കി നിന്നു.

ആ വേഷം കണ്ടാവണം സ്വല്പം പേടിയോടെ അവള്‍ പറഞ്ഞു : " ജ്യോതി "

" മോള് നിക്ക്...ഞാന്‍ കരിക്കിട്ടു തരാം " അച്ഛന്‍ പറഞ്ഞു.

" വേണ്ടച്ഛാ.. നമുക്കമ്മൂന്ന് കള്ള് കൊടുക്കാം " അവന്‍ ചാടി കയറി പറഞ്ഞു.
 
വീട്ടില്‍ വിശിഷ്ട വ്യക്തികള്‍ വരുമ്പോള്‍ അച്ഛനങ്ങനെയാണ് സല്‍ക്കരിക്കാറുള്ളതെന്ന് അവനോര്‍ത്തു. ഇളം കള്ള് ഇടയ്ക്കൊക്കെ അച്ഛനവനും കൊടുക്കാറുണ്ട്.

അച്ഛന്‍ പൊട്ടിച്ചിരിച്ചു : " നല്ല കഥ്യായി...ആ കുട്ടിയ്ക്കിനി വീട്ടില്യ്ക്കൊന്നും പൂവ്വണ്ട..നിങ്ങള് കുടിക്ക്ണെണ്ടെന്നു വിചാരിച്ച് വെല്ല്യ വീട്ടിലെ കുട്ട്യോള്‍ക്ക് അതൊക്കെ കൊടുക്കാന്‍ പറ്റ്വോ ? കള്ള് നാറ്റൊന്നും അവ്‌ര്ക്ക് സഹിക്കില്ല്യ..."

കരിക്കിന്റെ മൂടു ചെത്തി അവര്‍ക്കു മൂന്നു പേര്‍ക്കും നീട്ടുമ്പോള്‍ അച്ഛന്റെ കണ്ണ് നനഞ്ഞിരിക്കുന്നത് എന്തിനാണെന്ന് മാത്രം അവന് പിടികിട്ടിയില്ല.


" ഈ കള്ള് ന്ന് പറഞ്ഞാ എന്താ ? " തിരികെ പോകുമ്പോള്‍ അവള്‍ ചോദിച്ചു.

" തെങ്ങ് ചെത്തീട്ട് കിട്ട്ണ്താ..തെങ്ങിന്റെ കൊല ചെത്തീട്ട് ഈയ്യം നെറച്ച കൊലോട്ടോണ്ട്...ആ വെള്ത്ത എല്ലുമുട്ടില്ല്യേ...അതാ കൊലോട്ട്...കൊറെ തല്ലും ...ന്ന്ട്ട് കൊടം കമത്തി വെക്ക്യും.കൊറേ നേരം കഴിയുമ്പോ കൊലേന്ന് കള്ള് ഊറി കൊടത്തില് വീഴും..വെള്ത്ത്ട്ടാ..കഞ്ഞെള്ളം പോലെ..മധുരോണ്ടാവും പുളീംണ്ടാവും...കുടിയ്ക്കുമ്പോ ഒരു തരം ഗ്യാസ് മാതിര്യാ...കൊറെ കുടിച്ചാ തലയ്ക്ക് മത്ത് പിടിയ്ക്കും..."

" കോള പോല്യാ..?"

" ആ ..ഏകദേശം.."

" ന്നാ ഇനിയ്ക്കും കുടിയ്ക്കാര്‍ന്നു..." വിലപ്പെട്ടത് എന്തോ നഷ്ടപ്പെട്ടതിന്റെ കുണ്ഠിതം അവളുടെ വാക്കുകളില്‍...

                                                                      ***********


" നല്ലയാളാ..ഊണിനു മുമ്പേ തൊടങ്ങിയോ ഒറക്കം ! " ഭാര്യയുടെ ശബ്ദമാണ് അയാളെ ഉണര്‍ത്തിയത്.

" ന്തായാലും സന്തോഷായി..ഇത്രനാളും മിണ്ടാനും പറയാനും ഒരാളില്ല്യാണ്ട് ഞാനിവിടെ വീര്‍പ്പു മുട്ടി കഴിയാര്‍ന്നു...ഇന്യിപ്പോ ഒരാളെ കിട്ട്യല്ലോ....." ഊണു കഴിക്കുന്നതിനിടയില്‍ , പുതിയ അയല്‍ക്കാരിയെ കിട്ടിയ സന്തോഷം ശ്യാമ മറച്ചു വെച്ചില്ല.
 
പാവം ! ശരിയാണ്.. പുറത്തിറങ്ങിയാല്‍ ഒരു മരത്തണല്‍ പോലുമില്ലാത്ത മരുഭൂമി. കേട്ടിട്ടു പോലുമില്ലാത്ത എന്തോ ഭാഷകള്‍ ചിലച്ച് തിടുക്കത്തില്‍ നീങ്ങുന്ന മനുഷ്യര്‍...കൂട്ടിലടച്ച തത്തയെപ്പോലെ അവള്‍ കഴിയാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു.

" അപ്പ അമ്മ ഇനി ഞങ്ങളോടൊന്നും മിണ്ടില്ല്യേ..? " നന്ദുവിന്റെ ചോദ്യം അവരെ ചിരിപ്പിച്ചു.

ഭാര്യയും മകനും ഊണിനു ശേഷം റ്റി. വി. കാണാനിരുനപ്പോള്‍ ഒന്നു മയങ്ങാമെന്നു കരുതി അയാള്‍ ബെഡ് റൂമിലെത്തി .എ. സി. യുടെ തണുപ്പ് അല്പം കൂട്ടി.

വിഷുക്കാലം....വീട്ടിലായിരുന്നെങ്കില്‍ ഊണു കഴിഞ്ഞ് അമ്മയും അയാളും അനിയത്തിയും പടിഞ്ഞാറെ ചായ്പില്‍ കിടക്കുകയായിരിക്കും ഇപ്പോള്‍. പാടത്തു നിന്ന് തൊടിയിലൂടെ കടന്നു വരുന്ന കാറ്റ് എല്ലാവരേയും വീശിയുറക്കും. അച്ഛന്‍ ഉമ്മറത്ത് ചാരുകസേരയിലിരുന്ന് പത്രം വായിച്ച് ഉറക്കം തൂങ്ങുന്നുണ്ടാവും. ആദ്യ വരവിനു ശേഷം,ഇടയ്ക്കൊക്കെ അവളുമുണ്ടാവും അവരോടൊപ്പം മയങ്ങാന്‍. അമ്മയോട് ചേര്‍ന്നു കിടന്ന് അവള്‍ പെട്ടന്ന് മയങ്ങും. 'പാവം കുട്ടി ' അവളുടെ മുടിയിഴകളില്‍ വിരലോടിച്ചു കൊണ്ട് അമ്മ സങ്കടത്തോടെ പറയും.

" ഞാന്‍ കൊറച്ച് നാള് കഴിഞ്ഞാ ഡെല്ലിയ്ക്ക് പൂവ്വും " അങ്ങനെ കിടക്കുമ്പോള്‍ ഒരു ദിവസം അവള്‍ ദുഃഖത്തോടെ പറഞ്ഞു.

" അതെന്ത്യേ..? " അമ്മ ഉദ്വേഗത്തോടെ ചോദിച്ചു

" അച്ഛന്‍ ഇനീം കല്ല്യാണം കഴിക്കാന്‍ പൂവ്വാ.. എന്നെ ഇനീം അവടത്തെ സ്കൂളീ ചേര്‍ക്കും "

" അത്യോ...", അത്ഭുതം കൊണ്ട് അമ്മയുടെ സ്വരം അറിയാതെ ഉയര്‍ന്നു.പിന്നെ അതൊരു യാദാര്‍ത്ഥ്യമാണെന്ന് മനസ്സിലായപ്പോള്‍ അമ്മ സ്വരം താഴ്ത്തി.

" അദിപ്പോ.. നല്ല കാര്യല്ലേ... പൗഡറിട്ട് തരാനും മുടി ഈരി തരാനും ..ഒക്കെ അമ്മൂന്ന് ഇനീം ഒരമ്മേനെ കിട്ട്വല്ലേ..."

അവള്‍ ഒന്നും മിണ്ടാതെ അമ്മയോട് ചേര്‍ന്ന് കിടക്കുക മാത്രം ചെയ്തു. അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

" അല്ല..ഇനിയിപ്പോ.. അയാളെ കുറ്റം പറയാന്‍ പറ്റ്വോ....മൂന്ന് നാല് കൊല്ലായില്യേ..ഇവടത്തെ വെല്യമ്പ്‌രാട്ട്യിക്ക്യണങ്ങെ വയസ്സായി വരാ... അയിന്റെ കാലം കഴിഞ്ഞാ ആര് നോക്കും ഈ കുട്ട്യേ.." വൈകീട്ട് അമ്മ , അച്ഛനോട് പറയുന്നത് കേട്ടു.


" വിശ്വേട്ടന്‍ വര്ണ്ണ്ടോ അങ്ങ്ട്..? " ശ്യാമയും നന്ദുവും ഇപ്പോള്‍ പുതിയ അയല്‍പക്കത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

" ഓ..ഞാനില്ല്യ...അയാള് രാത്ര്യല്ലേ വരാന്ന് പറഞ്ഞത് " അയാള്‍ക്ക് താല്പര്യം തോന്നിയില്ല.

" എന്നാ ഞങ്ങ പോയിട്ട് വരാ...അവര് വന്ന് വിളിച്ചതല്ലേ...ചായ ഫ്ലാസ്ക്കി തെളപ്പിച്ച് വെച്ചിട്ടിണ്ട്.."

ഇനിയിപ്പോ രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്ക് പ്രതീക്ഷിക്കണ്ട.അതിനുള്ളില്‍ വിത്തും പേരും നാരായവേരടക്കമുള്ള വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ടാവും....

അന്ന് യാത്രപറഞ്ഞ് പോയതിനു ശേഷം പിന്നീടൊരിയ്ക്കലേ അവളെ കണ്ടിട്ടുള്ളു.ഇടവഴിയിലൂടെ ബൈക്കോടിച്ചു വരുമ്പോള്‍ , അയാളെ അത്ഭുതസ്തബ്ദനാക്കി കൊണ്ട് അവള്‍ പെട്ടന്ന് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ അമ്പരപ്പിനു ശേഷം അവളെ തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ പെട്ടന്ന് വണ്ടി നിറുത്തി.

അവള്‍ ചിരിച്ചു : " പെട്ടന്ന് കണ്ടപ്പോ മനസ്സിലായില്ല അല്ലേ..പക്ഷെ ഞാന്‍ ഒറ്റനോട്ടത്തില്‍ തന്നെ  തിരിച്ചറിഞ്ഞു... ഞാന്‍ വിശ്വത്തിന്റെ വീട്ടീന്നാ വരുന്നത്.. അച്ഛനുമമ്മയേയുമൊക്കെ കണ്ടു.. ദീപ ഇപ്പോ ഹോസ്റ്റലിലാ ല്ലെ.. വിശ്വത്തെ കാണാന്‍ പറ്റില്ല്യല്ലോന്ന് വെഷമിച്ച് വര്വായിരുന്നു.. സന്തോഷായി..കണ്ടല്ലോ... "

അയാള്‍ ചിരിച്ചു :" ജ്യോതി ആകെ മാറിയിരിക്കുന്നു.. തടി വെച്ചിട്ട്ണ്ട്..പിന്ന്യെങ്ങന്യാ പെട്ടന്ന് തിരിച്ചറിയാ.....അമ്മമ്മ മരിച്ച് നിങ്ങളൊക്കെ പിറ്റേന്നു തന്നെ തിരിച്ചുപോയിട്ടുണ്ടാവുംന്നാ ഞാന്‍ വിചാരിച്ചിര്ന്നേ.. "

" ഹസ്ബന്റ് പിറ്റേന്നു തന്നെ പോയി....ഇനിയൊരിക്കലും ഇങ്ങോട്ടൊന്നും വരവുണ്ടാവില്ല്യ... അതുകൊണ്ട് സഞ്ചയനം കഴിയുന്ന വരെ നിക്കാന്ന് വിചാരിച്ചു... "

അവള്‍ നിശ്വസിച്ചു : " ആ പഴയ കുട്ടിക്കാലം.. ഞാവല്പഴങ്ങള്‍..പഞ്ചാരമാവ്.. എല്ലാം എന്നെന്നേയ്ക്കുമായി കഴിഞ്ഞുപോയി അല്ലേ വിശ്വം ..? "

" അതൊക്കെ നമ്മോടൊപ്പം കുഴിച്ചുമൂടുന്ന ഒരോര്‍മ്മ മാത്രമാവും ജ്യോതി....കണ്ടില്ലേ...എല്ലാവടേയും പുതിയ പുതിയ വീടുകളുയരുകയാണ്.....അതൊക്കെ പോട്ടെ.. ഹസ്ബന്റ് എന്തു ചെയ്യുന്നു..? നിങ്ങള് ഡെല്ലീല് സെറ്റില്‍ഡായി അല്ലേ.. ? "

" ആള് ഡെല്ലി പോലീസിലാ... പിന്നെയവടെ സെറ്റില്‍ഡാവാണ്ടെ പറ്റില്ല്യലോ..", അവള്‍ ചിരിച്ചു :

" ഇനി വിശ്വം ചോയ്ക്കാത്തതിനു കൂടി അഡ്വാന്‍സായി മറുപടി പറയാ...കുട്ടികളായിട്ടില്ല്യ... ഒരു ചെറ്യേ പ്രോബ്ലണ്ട്..ട്രീറ്റ്മെന്റിലാ ഇപ്പോ...അല്ലാ..വിശ്വത്തിന്റെ മാരേജ് ഫിക്സ് ചെയ്തിരിയ്ക്കാ ല്ലേ... അമ്മ കുറീരെ ആല്‍ബം കാണിച്ച് തന്നിര്‍ന്നു. നല്ല കുട്ട്യാട്ടോ.... ..ആട്ടെ...ഞാന്‍ വിശ്വത്തിനോട് പേഴ്സണലായൊരു കാര്യം ചോയ്ച്ചാ ബുദ്ധിമുട്ടാവ്വോ..? ", അവള്‍ ഒന്നു മടിച്ചു.

അവളെന്താണ് ചോദിക്കാനുദ്ദേശിക്കുന്നതെന്ന് അയാളൊന്നമ്പരന്നു...കുട്ടിക്കാലത്ത് കുറച്ചു കാലം മാത്രം കൂടെയുണ്ടായിരുന്ന ഒരു കളിക്കൂട്ടുകാരിയ്ക്ക് എന്താണിത്ര പേഴ്സണല്‍ കാര്യങ്ങള്‍ അറിയാനുള്ളത് !

"ചോയ്ച്ചോളൂ..നമക്കൊക്കെ എന്താ ഇത്ര പേഴ്സണല്‍ കാര്യങ്ങളൊള്ളത്.." ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ജിജ്ഞാസ ഒതുങ്ങിയില്ല.

" വേറൊന്ന്വല്ല...അന്ന്... അന്ന്..അമ്മ വിശ്വത്തിന് തന്ന ഗിഫ്റ്റെന്തായിരുന്നു... ? ..ഞാനിന്നലെ ചില കാര്യങ്ങളറിഞ്ഞു..."

" ഓ..അതാണോ.." ,അയാള്‍ക്കു സമാധാനമായി : " അത്..ഒരു താലിയായിരുന്നു..മഞ്ഞച്ചരടില്‍ കോര്‍ത്ത ഒരു താലി "

" ഓ ", അവള്‍ അതേ ഉത്തരം പ്രതീക്ഷിച്ചിരുന്ന പോലെ ഒന്നു നിശ്വസിച്ചു : " അപ്പോ പാറുവമ്മ പറഞ്ഞത് സത്യമാണ്....പാവങ്ങള്‍.. തന്റെയിഷ്ടത്തിന് , അച്ഛച്ഛന്‍ മരണത്തിലൂടെ മറുപടി പറഞ്ഞപ്പോ വെന്തുരുകി പോയ അമ്മയുടെ മനസ്സ് ഇന്ന് ഞാന്‍ കാണുന്നുണ്ട്..എന്നിട്ടാരെങ്കിലും എന്തെങ്കിലും നേടിയോ. ?... അമ്മ എന്നെങ്കിലും മനം നിറഞ്ഞു ചിരിച്ചതായി ഞാനോര്‍ക്കുന്നില്ല.. അതുകൊണ്ടു തന്നെ അച്ഛനും .....വിശ്വവുമറിഞ്ഞിട്ടുണ്ടാവുമല്ലോ എല്ലാം..? "

" ഉവ്വ്... അമ്മ പറഞ്ഞിട്ടുണ്ട്.."

" അമ്മയന്നെന്തിനാണത് വിശ്വത്തിന് തന്നെ തന്നതെന്ന് മനസ്സിലാവുന്നില്ല.. തങ്ങള്‍ക്ക് കഴിയാതിരുന്നത് അടുത്ത തലമുറയ്ക്കെങ്കിലും കഴിയട്ടെയെന്ന് അമ്മ ആഗ്രഹിച്ചിട്ടുണ്ടാവുമോ ആവോ ?..അങ്ങനെ ചിന്തിക്കുമ്പോ... ഒരു സ്വപ്നം നഷ്ടപ്പെടുത്തിയതിന്റെ സങ്കടം..എന്തോ ഒരു വലിയ കടം ബാക്കിനില്‍ക്കുന്നുവെന്ന തോന്നല്‍ ഒക്കെ ഇപ്പോ മനസ്സില്‍... .",
അവള്‍ വിഷാദത്തോടെ ചിരിച്ചു : " "ഇനിയൊരങ്കത്തിനു ബാല്യമില്ലാതായിപ്പോയല്ലോ എന്ന നഷ്ടബോധം.. .. "

" ചിലപ്പോ എല്ലാം നേരെ തിരിച്ചുമാവാം..ഇതോടെ എല്ലാം അവസാനിച്ചോട്ടെ എന്നു കരുതി നിന്റെ അമ്മ അന്നത് തന്നതാവാം...പക്ഷെ നീയിവിടെതന്നെയുണ്ടായിരുന്നെങ്കില്‍ ", അയാള്‍ ചിരിച്ചു :" ഒരു പ്രണയം പൊട്ടിമുളയ്ക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു... പക്ഷെ ഇപ്പോ... ഇതൊക്കെ ജീവിതമല്ലേ ജോതീ...സിനിമയിലേതു പോലെ റീ ടേയ്ക്ക് എടുക്കാന്‍ പറ്റില്ലല്ലോ...അഥവാ നീയിപ്പോ പറഞ്ഞതു പോലെ അതൊരു വലിയ സ്വപ്നമാണെങ്കില്‍ ഒരു കാര്യം ചെയ്യാം..നമുക്കും അടുത്ത തലമുറയ്ക്ക് ബാറ്റണ്‍ കൈമാറാം.." ,അയാള്‍ പകുതി ഗൗരവത്തിലാണത് പറഞ്ഞത്.

വഴിയിലൂടെ ആരൊക്കെയോ വരുന്നുണ്ടായിരുന്നു.

" അതൊരു നല്ല ഐഡിയയാണ്..നമുക്കും ജീവിക്കണമല്ലോ അല്ലെ...",

അവള്‍ ചിരിച്ചു : " ശ്ശെ..! കഷ്ടമായിപ്പോയി..പണ്ടായിരുന്നെങ്കില്‍ ഇവരെയൊക്കെ വെല്ലുവിളിച്ച് ഇങ്ങനെ സംസാരിച്ചു നില്‍ക്കാമായിരുന്നു...ഇതിപ്പോ ആര് ഗൗനിക്കുന്നു !... മഴ വരുന്നുണ്ട്.....എന്നാ പിന്നെ നമുക്ക് പിരിയാമല്ലേ... ഇനിയൊരിക്കലും കാണില്ലെന്ന പ്രതീക്ഷയോടെ..."

                                                                          ******


പിന്നീടെന്നെങ്കിലും അവളെ കണ്ടിട്ടുണ്ടോ...?

ഉവ്വ്..ചുട്ടുപൊള്ളിക്കിടക്കുന്ന പനിക്കിടക്കയിലേയ്ക്ക് അന്നത്തേതുപോലെ അപ്രതീക്ഷിതമായി അവള്‍ കടന്നു വന്നു.അവള്‍ക്കെന്തോ വലിയ തിടുക്കമുള്ളതുപോലെ തോന്നി..

നെറ്റിയില്‍ തൊട്ടു നോക്കി : " നല്ല പനിയുണ്ടല്ലോ...വൈറലല്ലേ..പതുക്കെയേ മാറൂ.. വിശ്വം..ഞാന്‍ വേറൊരു പ്രധാന കാര്യമറിയാനാണ് വന്നത്... ആ താലി നീയെന്തു ചെയ്തു...ആര്‍ക്കെങ്കിലും കൊടുത്തോ നീയത് ? "

" അത്..", അയാള്‍ ഞരങ്ങി : " അതെന്റെ കൈയ്യിലുണ്ട്...ആരേയും കാണിച്ചിട്ടില്ല.."

" സന്തോഷായി ", അവളുടെ ചിരിയില്‍ ആഹ്ലാദമുണ്ടായിരുന്നു : " ഇപ്പഴും മനസ്സില്‍ നീയെനിക്കൊരിടം മാറ്റി വെച്ചിട്ടുണ്ടല്ലോ...സന്തോഷായി വിശ്വം...ഇനിയത് വിശ്വത്തിന്റെ മോന് കൈമാറിക്കോളൂ..ഞാനെന്റെ മോളെ പറഞ്ഞയക്കാം അടുത്തു തന്നെ."

വന്നതുപോലെ അവള്‍ പെട്ടന്ന് അപ്രത്യക്ഷമാവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആയിരം ചോദ്യങ്ങളോടെ ചാടിയെണീറ്റു. പക്ഷെ മുന്നില്‍ കണ്ടത് ചുമരുകള്‍ മാത്രമാണ്.

അത് ഒരു സ്വപ്നമായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.. അതിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് അമ്മ ആ വാര്‍ത്ത പറഞ്ഞത്..കേട്ടുകേള്‍‌വിയായിരുന്നെങ്കിലും വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഇനി..ഒന്നു സ്ഥിരീകരിക്കാന്‍ പോലും ആരുമില്ല.. ഒരു കല്ലുപോലും ബാക്കി വെക്കാതെ പുരയാറ്റെ തറവാട് പൊളിച്ചു കളഞ്ഞിരുന്നു...ഏതോ കൊച്ചിക്കാരനാണത്രെ എല്ലാം വാങ്ങിച്ചത്..

                                                                         ******

ആരോ വാതില്‍ തുറക്കുന്നുണ്ട്..ശ്യാമ തിരിച്ചെത്തിയിരിക്കുന്നു...പ്രതീക്ഷിച്ച പോലെ, ആ പെണ്‍കുട്ടിയുമുണ്ട് അവരോടൊപ്പം..

" ഞാനാദ്യം കണ്ടപ്പഴേ വിചാരിച്ചു ആ കുട്ടിയ്ക്ക് അയിന്റെ അമ്മേരെ ഒരു ഛായയുമില്ല്യല്ലോന്ന്...അദെങ്ങന്യാ...",

ശ്യാമ കുട്ടികള്‍ കേള്‍ക്കുന്നില്ലെന്നുറപ്പു വരുത്തി പുതിയ അയല്‍ക്കാരുടെ വിശേഷങ്ങളുടെ കെട്ടഴിക്കുകയാണ്.പുറമേയ്ക്ക് താല്പര്യം കാണിക്കാറില്ലെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ അയാള്‍ ശ്രദ്ധിക്കാറുണ്ട്.ഈ വിഷയത്തില്‍ പതിവില്‍ കൂടുതല്‍ താല്പര്യവുമുണ്ട്..

" അവ്‌രേ...ഇദ് രണ്ടാം കെട്ടാ...ആ കുട്ടീരെ അമ്മ മൂന്ന് നാല് കൊല്ലം മുമ്പ് മരിച്ചു പോയതാത്രെ...മൂന്നാളും സ്കട്ടറില് പൂവുമ്പോ ആക്സിഡണ്ട് പെറ്റ്യേതാത്രെ..ഡെല്ലീല് വെച്ച്...അയാളവടെ പൊലീസിലായിരുന്നൂന്ന്...
ഉമേനെ കല്യാണം കഴിച്ച്ട്ട് രണ്ട് കൊല്ലാവ്ണൊള്ളൂന്ന്..." ശ്യാമ അവസാനിപ്പിച്ചിട്ടില്ല...

പക്ഷെ വേണ്ട..ഇനിയൊരു വിശദീകരണം ആവശ്യമില്ല...അന്ന് കേട്ടതൊക്കെ അക്ഷരപ്രതി സത്യമായി മുന്നില്‍ തെളിയുന്നു...

"പിന്ന്യേ..", ശ്യാമ തുടരുകയാണ് , " അവര് നായമ്മാരാ.."

'അറിയാം' എന്ന മറുപടി അയാളുടെ നാവിന്‍‌തുമ്പിലെത്തി നിന്നു.

സ്ത്രീകളോട്, വിശേഷിച്ച് ഭാര്യമാരോട് ' അറിയാം ' എന്ന് ഒറ്റവാക്കിലൊരിക്കലും മറുപടി പറയരുത്.. ഒരായിരം ചോദ്യങ്ങള്‍ പുറകേ വരും.

ശ്യാമ പിന്നെയുമെന്തൊക്കെയൊ പറയുന്നുണ്ട്..പക്ഷെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.

അയാള്‍ കുട്ടികളെ നോക്കി. അവര്‍ ജാലകത്തിലൂടെ ഇരുണ്ട ആകാശം നോക്കിയിരിപ്പാണ്.

മരുഭൂമിയിലെ വിസരിത പ്രകാശം മൂലം നക്ഷത്രങ്ങള്‍ ദൃശ്യമല്ല. പക്ഷെ കുട്ടികള്‍ കാണുന്നുണ്ടായിരിക്കാം. മുതിര്‍ന്നവര്‍ കാണാത്തത് പലതും അവരാണല്ലോ കണ്ടെത്തുന്നത്.

അയാള്‍ ഫ്രിഡ്ജ് തുറന്നു. മാംഗോ ജ്യൂസിരിപ്പുണ്ട്. അയാള്‍ രണ്ടു കാനെടുത്ത് കുട്ടികള്‍ക്കരികിലേയ്ക്ക് നടന്നു.

ജ്യൂസ് അവര്‍ക്കു നേരെ നീട്ടുമ്പോള്‍ അയാള്‍ ചോദിച്ചു

" കുട്ടി..ജ്യോതീരെ മോളാണല്ലേ...നല്ല ഛായയുണ്ട്.. എന്താ മോള്‍ടെ പേര്..?"

മിഴികളിലെ നക്ഷത്രത്തുള്ളികള്‍ കുട്ടികള്‍ കണ്ടെത്തില്ലെന്ന് അയാള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 

                                                                
                                                             ************ 


7 അഭിപ്രായങ്ങൾ:

  1. സത്യായും, നിയ്ക്ക് വായിച്ച് കൊതി തീരാത്ത പോലെ..
    എത്ര രസായിട്ടാ കുഞ്ഞുങളെ കൊണ്ടു നിർത്തിയിരിയ്ക്കുന്നത്..
    കുഞ്ഞു വർത്തമാനങ്ങളും,അവരുടെ പെരുമാറ്റങ്ങളും, നീക്കങ്ങളും... ശൈലിയും,,, എല്ലാം...എല്ലാം...വളരെ ഇഷ്ടായി...!
    കഥയും കഥയുടെ കാമ്പും കുഞ്ഞു മനസ്സുകൾക്കുള്ളിൽ ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ലാ ട്ടൊ, ക്ഷമിയ്ക്കാ...!
    നല്ല വഴക്കം, ഇടയ്ക്കിടെ ഞങ്ങളെ ഒന്നിങ്ങു വരുത്തൂന്നേ...!
    ആശംസകൾ...ട്ടൊ...!

    മറുപടിഇല്ലാതാക്കൂ
  2. കാതടപ്പിക്കുന്ന നിശബ്ദതയ്ക്ക് നടുവിലാണ് ഞാനിപ്പോള്‍, മിഴികളിലെ നക്ഷത്രത്തുള്ളികള്‍ തുടച്ചിട്ടു. തലമുറകളെ സ്നേഹ കാമനകളുടെ നേര്‍ത്ത നൂലുകൊണ്ട് കോര്‍ത്തിട്ടിരിക്കുന്നു. മനോഹരം,മറ്റൊന്നും പറയാനില്ല.

    മറുപടിഇല്ലാതാക്കൂ
  3. കഴിഞ്ഞ വര്ഷം പോസ്റ്റ് ചെയ്ത കഥയാണല്ലേ.
    വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. ഈ ബ്ലോഗിലെ മനോഹരമായൊരു രചന - നല്ല വായനാനുഭവം...

    മറുപടിഇല്ലാതാക്കൂ
  5. വിഡ്ഢിമാന്റെ കഥകളില്‍ മികച്ചതോന്നുകൂടി .ഒട്ടും മടുപ്പിക്കാതെ വായിച്ച കഥ .M.T യുടെ കഥകള്‍ വായിക്കും പോലൊരു സുഖവും.വീണ്ടും വീണ്ടും വായിക്കുകയായിരുന്നു ഞാന്‍ .ഏറെ ഇഷ്ടമായി ഈ ശൈലി .

    മറുപടിഇല്ലാതാക്കൂ
  6. മനോഹരം..വേറെ ഒന്നും പറയാനില്ല..!!

    മറുപടിഇല്ലാതാക്കൂ