ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

യു പി ജയരാജിന്നിലം പതിയ്ക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സു പോലെ, പുതുതായി മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും, രാമബാണം പോലെ, സഹസ്രങ്ങളായി പെരുകുന്നുമുണ്ട്.
വെയിൽ ചിന്നുന്നുണ്ട്, ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റു വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്.ചൂഷണം പെരുകുന്നുണ്ട്.

അതുകൊണ്ടു തന്നെ സമരം തുടരുന്നുമുണ്ട്. *


അഴികൾക്കപ്പുറത്ത്, അവൻ അക്ഷോഭ്യനായിരുന്നു.
ഇപ്പുറത്ത് അമ്മയും.
‘പോലീസുകാർക്കൊക്കെ ഇപ്പോൾ പഴയ കടുപ്പമൊന്നുമില്ലല്ലേ.. !” തിരിച്ചിറങ്ങുമ്പോൾ ഞാൻ അതിശയം മറച്ചു വെച്ചില്ല.
“ അതിനിപ്പോ അവരിവിടെ  പോലീസ് സ്റ്റേഷൻ ആക്രമണമൊന്നും നടത്തുന്നില്ലല്ലൊ. വല്ല ക്വാറിയും ഐ ബിയുമൊക്കെ തല്ലി പൊളിച്ചതുകൊണ്ട്  പോലീസുകാർക്കെന്ത് ചേതം !” അമ്മ ചിരിച്ചു.
“ ഇപ്പോ പിന്നെ പഠിച്ച പിള്ളേരൊക്കെയല്ലേ  പോലീസിലൊക്കെ കേറുന്നത്. സത്യത്തിൽ ആ മജിസ്റ്റ്രേടിന്റെ വിധി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. തലയിൽ കാറ്റും വെളിച്ചോം  ഒക്കെ കേറുന്നവർ കൂടുതലായി വര്വാണ്..”

“അതൊന്നുമില്ലാത്തവരും  ഇവർക്കിടയിലുണ്ട് എന്നതാണ് മോനേ പ്രശ്നം.” അമ്മ പുറകിലേക്ക് ചാരി കണ്ണുകളടച്ചു. “ അഞ്ചു  സംസ്ഥാനങ്ങളിലായി  നൂറ്റിപ്പതിനാല് കേസുകൾ.. അതൊക്കെ ഇനി എന്നു തീരുമെന്നാണ്..”

ഞാനൊന്നും  മിണ്ടാതെ വണ്ടിയോടിച്ചു. അമ്മ പറഞ്ഞത് ശരിയാണ്. അവനിനി എന്നു പുറം ലോകം കാണാനാണ്? ഒന്നിൽ ജാമ്യം കിട്ടിയാലും അടുത്ത കേസിൽ അറസ്റ്റുണ്ടാവും.

ആദിവാസി ഊരിൽ സാന്നിദ്ധ്യം,  ഐ ബി ആക്രമണം എന്നൊക്കെ ഫ്ളാഷുകൾ കാണുമ്പോൾ,  ഫ്ലാറ്റിലെ തണുപ്പിനുള്ളിലും വിയർത്തു പോവാറുണ്ട്. ഒരേറ്റുമുട്ടൽ നാടകം കൊണ്ട് അവസാനിച്ചു പോകരുതേ എന്ന് ഇനിയും നിശ്ചയമില്ലാത്ത ദൈവവിശ്വാസത്തോടെ കേഴാറുണ്ട്. ഭാഗ്യം ! അതെന്തായാലും ഉണ്ടായില്ലല്ലൊ.

“തോംസാ..” അമ്മ കണ്ണുകൾ തുറന്നു. “ ഭൂമിയിലെ  അവസാനത്തെ മനുഷ്യനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നീയ്യ് ?”

…………….?”

“ എനിക്കു തോന്നുന്നത് തനിക്കു മുമ്പേ പോയവർ കരുതി വെച്ചതാണ് തന്റെ ജീവിതം എന്ന് അയാൾ തിരിച്ചറിയുമെന്നു തന്നെയാണ്..
……..”  അമ്മ ഒന്നു നിശ്വസിച്ചു. “ പക്ഷേ തന്റെ എല്ലാ ആർത്തിയുമൊടുങ്ങി കഴിയുമ്പോഴാണവനതിനാകുകയുള്ളെന്നു മാത്രം..”  അമ്മ  കണ്ണുകളടച്ചു.

അമ്മ എന്താണുദ്ദേശിച്ചത് ? വിപ്ലവം ? അഹിംസ ? .മനുഷ്യത്വം ? സ്വാർത്ഥത ?

  അറിയുന്നുണ്ട്. ചില  നാനാർത്ഥങ്ങൾ മനസ്സു പൊള്ളിക്കുന്നുണ്ട്..പക്ഷേ തിരിച്ചിറങ്ങാൻ വയ്യ. നേടിയതൊന്നും നഷ്ടപ്പെടുത്താൻ വയ്യ..

  ചിന്തകളെ മേയാൻ വിട്ട്  കാറോടിച്ചു.

വീടെത്തിയപ്പോൾ  ഉച്ച തിരിഞ്ഞിരുന്നു.

“നീയിരിക്ക്.. ഇന്നലത്തെ മീഞ്ചാറുണ്ട്.. അണ്ടി ചുട്ടു വെച്ചിട്ടുണ്ട്. ചമ്മന്തീണ്ടാക്കാം. ചോറുണ്ടുട്ട് പോവാം....”.


 വേണ്ടെന്നു പറയാൻ കഴിയില്ല. പറഞ്ഞാലോ,  ഓ..നിനക്കിപ്പോ പാവങ്ങടെ വീട്ടിലെ ചോറൊന്നും  ഇറങ്ങില്ലല്ലേ’  പോലുള്ള വളിച്ച സെന്റിമെന്റ്സൊന്നും പറയാതെ ‘എന്നാ ആയ്ക്കോട്ടെ’ എന്ന് പുഞ്ചിരിച്ച് യാത്രയാക്കുകയും ചെയ്യും.

ഊണു കഴിഞ്ഞു ചായ്പ്പിലേക്കൊന്നു കയറി. പുസ്തകങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലാണ്.

“പോലീസുകാരുടെ പണിയാണ്..നിനക്ക് തിരക്കില്ലെങ്ങെ നമുക്കിതൊന്ന് അടക്കി വെച്ചാലോ ?”

 വിശപ്പു പോലും  മറന്ന് വായനയിലാഴ്ത്തിയ പുസ്തകങ്ങൾ. ഓരോ ഇതളുകൾക്കും ഓരോ ഓർമ്മകൾ പങ്കു വെക്കാനുണ്ടാവും.


മറിച്ചു നോക്കിയും അടുക്കി വെച്ചും ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. അതിനിടെ  നാട്ടുവീട്ടുവിശേഷങ്ങളെല്ലാം പറഞ്ഞു  തീരുകയും ചെയ്തിരുന്നു. കുട്ടികളെയും ഷമീനയേയും കൂട്ടാതിരുന്നത് ബോധപൂർവ്വമാണെന്ന് അമ്മയ്ക്ക് തോന്നിക്കാണണം. അമ്മയുണ്ടാക്കാറുള്ള നാടൻ പലഹാരങ്ങളല്ലാതെ മറ്റൊന്നും ആകർഷകമായി അവർക്കിവിടെയില്ലല്ലൊ.

“നീയ്യ് ടൗണിലേക്കല്ലേ.. ഞാനുമുണ്ട്..” ഇറങ്ങാൻ നേരം  വാതിൽ ചാരിക്കൊണ്ട് അമ്മ പറഞ്ഞു. അമ്മയ്ക്കിപ്പോൾ നടക്കുമ്പോൾ ചെറിയൊരു ഏന്തലുണ്ട്. മുട്ടുതേയ്മാനം.  ആയുർവേദാസ്പത്രിയിലെ മരുന്നു കൊണ്ട് കുറവുണ്ടെന്നാണ് അമ്മ പറയുന്നത്.

“ ഓവുപാലം വഴി പൂവ്വാം..  അവിടെയാ ഇറങ്ങേണ്ടത്..” വണ്ടി ടൗണിലേക്ക് കയറിയപ്പോൾ അമ്മ ഓർമ്മിപ്പിച്ചു.

“അവടെ നിർത്തിക്കോ..” അമ്മ വിരൽ ചൂണ്ടി. “ നീയും വാ.. കുട്ടികൾക്ക് ഒന്നും  വാങ്ങിയില്ലല്ലോ..” 

“അതൊന്നും വേണ്ടമ്മേ..” എന്ന വാക്കുകൾ  തൊണ്ടയിലെത്തി നിന്നു, അമ്മ ചൂണ്ടിക്കാണിച്ചയിടത്തേയ്ക്ക് നോട്ടം പാളിയപ്പോൾ. ഒരു ഇന്ത്യൻ ബഹുരാഷ്ട്രക്കമ്പനിയുടെ സൂപ്പർമാർക്കറ്റ്.. മൂന്നു നാലു കൊല്ലം മുമ്പ് അതിനെതിരെ സമരം ചെയ്തതിനു അവന്റെ തല തല്ലിപൊളിച്ചിട്ടുണ്ട് പോലീസ്.

അമ്മ അതൊന്നും ഓർക്കാത്തതാണോ ?


“ഇവിടന്നു വേണ്ടമ്മേ.. .” വാക്കുകൾ പുറത്തേക്കെത്തുമ്പോൾ അങ്ങനെയായി മാറിപ്പോയിരുന്നു. ഷോപ്പിങ്ങിൽ അവരുടെ  സ്ഥാപനങ്ങൾ  ഇപ്പോഴും  ഒഴിവാക്കാറുണ്ട് , ഒരനുഷ്ഠാനം പോലെ വ്യർത്ഥമാണതെന്ന് അറിയാമെങ്കിലും.

“അല്ല.. ഇവിടെ തന്നെയാണ് നമുക്ക് കയറേണ്ടത്..”അമ്മ ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു.

അമ്മയുടെ നരച്ച ജാക്കറ്റും വില കുറഞ്ഞ പോളിസ്റ്റർ സാരിയും ഗ്ലാസ്സ് ഡോർ തുറന്നു പിടിച്ച  സെക്ക്യൂരിറ്റിക്കാരന്റെ മുഖത്ത്  അതൃപ്തി നിറക്കുന്നതും പുറകേ വരുന്നവന്റെ ദുർമേദസ്സു നിറഞ്ഞ ശരീരം അതിന്റെ സ്ഥാനത്ത് കൃത്രിമവിനയം പുന:സ്ഥാപിക്കുന്നതും കാണുന്നുണ്ടായിരുന്നു.

“വാ..” അമ്മ കൈ പിടിച്ചു. “ ഓർഗാനിക് സ്റ്റോർ ഒന്നാം നിലയിലാണ്..”
അമ്മയുടെ കൈകൾക്ക് പൊടുന്നനെ എന്താണിത്ര ബലം ? ആ കണ്ണുകൾക്കിപ്പോഴെന്താണിത്ര ഊർജ്ജത്തിളക്കം ?!

ഉദാസീനതയോടെ നടന്നു നീങ്ങുന്ന പണക്കൊഴുപ്പുടലുകൾ. അഭിമാന കൗതുകങ്ങളോടെ നീങ്ങുന്ന മധ്യവർഗ്ഗ മുഖങ്ങൾ..അവർക്കിടയിൽ തലയുയർത്തിപ്പിടിച്ച് ഒരു പോരാളിയെപ്പോലെ അമ്മ മുന്നോട്ടു നടക്കുന്നു.

ആകർഷകമായ കവറുകളിലും ചില്ലുകൂടുകളിലുമായി  പലഹാരങ്ങളും പഴങ്ങളും പച്ചക്കറികളും. ‘ഓർഗാനിക്ക്’ എന്ന അവകാശവാദത്തിനുള്ള ബലമെന്നോണം, ചിലതെല്ലാം പാളയിലും വാഴയിലയിലും പൊതിഞ്ഞിരിക്കുന്നു.

അമ്മ  കുനിഞ്ഞ് രണ്ടു മൂന്നു പാക്കറ്റുകളെടുത്തു നീട്ടി.

“ എള്ളുണ്ടയും അണ്ടിപ്പിട്ടുമാ..കുട്ടികൾക്കു കൊടുത്തോ..”

അവിശ്വസനീയത അപ്പോഴും വിട്ടുമാറിയിരുന്നില്ല. “Tradationally made pure  gingelly balls, original cashew nut balls” എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട്.
കവറുകളും പിടിച്ച് ഇതികർത്തവ്യമൂഢനായി നിന്നു.
അമ്മ ചിരിച്ചു. “ പേടിക്കേണ്ട.. ഞങ്ങൾ തന്നെ ഉണ്ടാക്കിയതാ..ഇവിടേയ്ക്ക് ഒന്നു കടത്തിയെടുക്കാൻ കുറച്ചു കളികളൊക്കെ വേണ്ടി വന്നെന്നു മാത്രം....” അമ്മ പാക്കറ്റുകളിലൊന്ന് പിടിച്ചു  വാങ്ങി വിരൽ ചൂണ്ടി. “ദേ ..ഇതൊന്നു വായിച്ചേ..”

സൂക്ഷിച്ചു നോക്കി. വിലവിവരങ്ങൾക്കും പോഷകമൂല്യങ്ങൾക്കുമെല്ലാം താഴെ, ആരും കാണാത്ത വിധം കുനുകുനാ അച്ചടിച്ചു വെച്ചിരിക്കുന്നത് പതുക്കെ വായിച്ചെടുത്തു.

“ A Kudubasree product”

അമ്മയുടെ കണ്ണുകളിലെ  തിളക്കത്തിന്റെ ജ്വാല എന്നെ വന്നു പൊതിഞ്ഞു.

ചൂട്. ഉയിരിനെ ഉയിർ കൈ പിടിച്ചുയർത്തുമ്പോഴുള്ള ചൂട്.

അതുകൊണ്ടു സുഹൃത്തേ,

 താങ്കൾ പറഞ്ഞതാണു ശരി.  സമരം തുടരുക തന്നെ ചെയ്യും.

--------------------------------------------------

*നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് - യു പി ജയരാജൻ
********

13 അഭിപ്രായങ്ങൾ:

 1. യു പിയുടെ കഥകൾ എല്ലാം വിപ്ളവം നിറഞ്ഞതാണ്‌ അല്ലെ?
  അതി ഭാവുകത്വമില്ലാതെ സിമ്പിൾ ആയി പറഞ്ഞിരിക്കുന്നു.
  വായനക്കാരന് പൂരിപ്പിക്കാൻ കുറച്ചധികം ഉണ്ട് താനും.
  സമരങ്ങള അവസാനിക്കില്ല
  തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 2. ആ അമ്മയാണ് യഥാര്‍ത്ഥ വിപ്ലവകാരി

  മറുപടിഇല്ലാതാക്കൂ
 3. ‘നിലം പതിയ്ക്കുന്ന ഓരോ പോരാളിക്കും
  പകരം രാവണന്റെ ശിരസ്സു പോലെ, പുതുതായി
  മറ്റൊരാൾ ഉയിർത്തെഴുന്നേൽക്കുന്നുണ്ട്. സമരത്തെ
  മുന്നോട്ടു നയിക്കുന്ന ഓരോ ധീരയോദ്ധാവും, രാമബാണം
  പോലെ, സഹസ്രങ്ങളായി പെരുകുന്നുമുണ്ട്. വെയിൽ ചിന്നുന്നുണ്ട്,
  ഓർമ്മകൾ ഉണരുന്നുണ്ട്, കാക്കകൾ കരയുന്നുണ്ട്, കാറ്റു വീശുന്നുണ്ട്. മരങ്ങൾ ഉലയുന്നുണ്ട്. കാടിളകുന്നുണ്ട്.ചൂഷണം പെരുകുന്നുണ്ട്. ...’


  അതുകൊണ്ടു തന്നെ സമരങ്ങൾ തുടർന്നുകൊണ്ടിരിക്കട്ടേ

  മറുപടിഇല്ലാതാക്കൂ
 4. ഓരോ എഴുത്തും ഓരോ സമരം ആണ് ,,സമരങ്ങള്‍ തുടരട്ടെ സുഹൃത്തെ

  മറുപടിഇല്ലാതാക്കൂ
 5. ചില സമരവഴികൾ അങ്ങനെയുമാകാം / ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെങ്കിൽ.

  മറുപടിഇല്ലാതാക്കൂ
 6. വിജയന്‍ മാഷിന്റെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. കത്തിക്കാനുപയോഗിച്ച കമ്പ് കത്തികീര്‍ന്നാലും തീ പടര്‍ന്നുകൊണ്ടേയിരിക്കും. ചിലപ്പോള്‍ കനലായി എരിഞ്ഞും..

  മറുപടിഇല്ലാതാക്കൂ
 7. സമരം എന്നെന്നും തുടർന്ന്കൊണ്ടിരിയ്ക്കട്ടെ!!!!

  മറുപടിഇല്ലാതാക്കൂ
 8. അവസാനമനുഷ്യൻ ഒരു വിപ്ലവകാരി ആയിരിക്കും അവന്റെ മുൻപിൽ ഈ ലോകം നശിക്കും കൂടെ അവനെ വായിക്കാത്ത മനസ്സിലാക്കാത്ത ദുഷിച്ച ലോകവും ....

  മറുപടിഇല്ലാതാക്കൂ
 9. അവസാനമനുഷ്യൻ ഒരു വിപ്ലവകാരി ആയിരിക്കും അവന്റെ മുൻപിൽ ഈ ലോകം നശിക്കും കൂടെ അവനെ വായിക്കാത്ത മനസ്സിലാക്കാത്ത ദുഷിച്ച ലോകവും ....

  മറുപടിഇല്ലാതാക്കൂ