വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

കണ്ണാടി കാണ്മോളവും

കണ്ണാടി കാണ്മോളവും


വ്രണങ്ങളിൽ പുഴുവരിക്കുന്ന ഭ്രാന്തൻ

ആദിവാസിക്കുടികളിലെ പട്ടിണിക്കോലങ്ങൾ

ആകാശമുയരെ നാലു മതിലുകൾക്കുള്ളിൽ

കൊച്ചു വീടിന്റെ സങ്കടം.

ഇതൊക്കെയായിരുന്നു വേണ്ടിയിരുന്നത്.

കണ്ട് കണ്ണ് നിറയണം.

ഹൃദയം വിതുമ്പണം

ലിങ്ക് കൊടുക്കണം

മനസ്സ് പൊള്ളിപ്പിടഞ്ഞ്

കവിത പിറക്കണം.

അയക്കാനെടുത്ത കാശ്

വേണ്ടതെല്ലാം ചെയ്തു

എന്ന ആത്മനിർവൃതിയിൽ

കീശയിലേക്കു തന്നെ മടങ്ങണം.

പക്ഷെ ഇത്തവണ

വൻ‌ചതിയായിപ്പോയി.

പ്രവാസികൾക്ക് മഴക്കാഴ്ച്ച

വീണവന് കൈത്താങ്ങ്

മാനവസ്നേഹഗാഥകൾ

ആർക്കു വേണം ?

ലിങ്കൊടിഞ്ഞു പോയി.

കവിത വറ്റിപ്പോയി.

---------------------------------------

പണ്ട് ഒരു കണ്ണാടിക്കഷണം( ഏഷ്യാനെറ്റ് ) കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ക്രൂരത

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ലില്ലിക്കുട്ടി

ലില്ലിക്കുട്ടി

കാൽച്ചിലമ്പൊലിയായി വന്ന്
ഭയപ്പെടുത്താനാണെങ്കിൽ
നീ ഒരുപാടുറക്കമിളയ്ക്കേണ്ടി വരും.
പാതിരാപ്പടങ്ങൾക്കു ശേഷം
വീടുകളിപ്പോഴുറങ്ങുന്നത്
ഒരു മണിയ്ക്കാണ്.

നിശബ്ദം കാറ്റായി വന്ന്
പൂമുഖത്തെ വർണ്ണകലണ്ടറുകൾ പറിച്ചെറിയാൻ,
അടുക്കളത്തിണ്ണയിൽ കഴുകികമഴ്ത്തിയ പാത്രങ്ങൾ മറിച്ചിടാൻ
മണ്ടിനടന്ന്
നീ അവശയാവേണ്ടതില്ല.
ഇന്നതെല്ലാം കാലഹരണപ്പെട്ട
ശീലമായിരിക്കുന്നു.

നട്ടുച്ചയ്ക്കും നടുപ്പാതിരയ്ക്കും
പുഴയോരത്ത് വെളുത്ത രൂപമായ്
നീ ഉയിർക്കേണ്ടതില്ല.
നീ പതിഞ്ഞ കണ്ണുകളിലെല്ലാം
വെള്ളെഴുത്ത് പടർന്നു കഴിഞ്ഞിരിക്കുന്നു.

നിന്റെ കുരുത്തോലമങ്കമാർ
നിന്റെ സ്മൃതിയിൽ വ്യാകുലപ്പെട്ട്
ഇപ്പോൾ കുരിശുവരച്ച് വിരൽ മുത്താറില്ല.
കർക്കിടകത്തിലെ ക്യാമ്പുകളിൽ
പോട്ടയ്ക്കലച്ചനോടൊപ്പം
ഉച്ചത്തിൽ ഹാലേലൂയകൾ പാടി
വിശുദ്ധരതിമൂർച്ഛയിൽ
അവർ പുളഞ്ഞാടുകയാണ് പതിവ്.

വെളുത്ത സുന്ദരിയായ് വന്ന്
കുഞ്ഞുങ്ങളെ സ്വപ്നത്തിൽ
നീ ഭയപ്പെടുത്തേണ്ടതില്ല.
ഹാരിപ്പോട്ടറും
ചെകുത്താൻ മരണവും കണ്ട്
തഴമ്പിച്ച കണ്ണുകൾക്ക്
നിന്റെ കലാപ്രകടനങ്ങൾ
നല്ലൊരു നേരമ്പോക്കു മാത്രമായിരിക്കും.

ഒറ്റയ്ക്ക് തുണിയലക്കുന്ന
നാട്ടുപെണ്ണുങ്ങളിൽ മനം കയറിയിരുന്ന്
നീയിനി
കന്യകാത്വത്തെയും
പ്രണയദുരന്തങ്ങളെയും പറ്റി
അലമുറയിടേണ്ടതില്ല.
കൊട്ടകയിൽ തകർത്തോടുന്ന
തട്ടുപൊളിപ്പൻ സിനിമകൾ പോലെ
പ്രണയമിപ്പോൾ
ശുഭപര്യവസായിയായി തീർന്നിരിക്കുന്നു.
അഥവാ അങ്ങനെയല്ലാത്തപ്പോൾ
നറുപെൺകൊടിമാർ
ഓരോ തവണയും
പഴയ പ്രണയാവശിഷ്ടത്തിന്റെ
ജീവത്തുടിപ്പുകൾ തൂത്തെറിഞ്ഞും
പുതിയ ചെറുക്കൻ‌മാർക്ക്
ചായ പകർന്നും
സദാ പ്രണയ,മംഗല്യസന്നദ്ധരായി മാറിയിരിക്കുന്നു.

വാലിട്ടെഴുതിയ മിഴികളും
മുട്ടോളം മുടിയും
റോസാപൂവും
വെളുത്ത വസ്ത്രങ്ങളുമണിഞ്ഞ്
നീ നിന്റെ ശവക്കല്ലറയിൽ
ഒരോർമ്മകുറിപ്പുപോലുമില്ലാതെ
മരിച്ചമർന്നിരിക്കുന്നു.

പക്ഷെ, നീയറിയണം:
നീ കൊളുത്തിയ മെഴുതിരി
ഒരു താഴ്വാരമാകെ
ചെറുതരി വെളിച്ചങ്ങളുടെ
വസന്തം പടർത്തുകയാണെന്ന്.
നീ പാടിയ പാട്ടുകൾ
ഒരു പുതിയ സാമ്രാജ്യത്തിന്റെ
ഉണർത്തു പാട്ടായെന്ന്.

------------------------------


ലില്ലിക്കുട്ടി ഞങ്ങളുടെ നാട്ടിൻപുറത്തെ ഒരു പഴഞ്ചൻ പ്രണയരക്തസാക്ഷി. അന്യമതസ്ഥനെ പ്രേമിച്ച് ഒടുവിൽ അയാൾ വഞ്ചിക്കുകയാണെന്നറിഞ്ഞതോടെ ആത്മഹത്യ ചെയ്തു.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

അസംവാദം

അസംവാദം

ഒന്നാമൻ ‘അ’ എന്നാണ് പറഞ്ഞത്.

രണ്ടാമൻ സമ്മതിച്ചില്ല: ‘ആ’.

മൂന്നാമൾ പറഞ്ഞു : ‘ ‘ഇ’ ആണ് ശരി’ !

നാലാമൻ ‘ഈ’.

അഞ്ചാമൾ..

ആറാമൻ.....

വീണ്ടും ഊഴമെത്തിയപ്പോൾ

ഒന്നാമൻ ‘അ’ എന്ന കുറ്റിയിൽ തന്നെ കറങ്ങി.

അനന്തരം ഉച്ചയായി, വിശപ്പായി.

കുത്തരിച്ചോറ്

എട്ടുക്കൂട്ടം

പപ്പടം

പഴം

പായസം.

തർക്കികൾ ഒന്നടങ്കം

‘ഒ’ എന്ന് ഉരുളകൾ വായിലേക്കിട്ടു.

തർക്കം മടുത്തപ്പോൾ

‘ഓഓ’ എന്ന് കോട്ടുവായിട്ടു.

‘ങുർ‌‌ർ’ എന്ന് കിടന്നപായിൽ കൂർക്കം വലിച്ചു.

വെളുത്തപ്പോൾ

മുള്ളി,

കാട്ടമിട്ടു.

സംശയം തീർന്നു-

ഒക്കെയുമിപ്പോഴും മൃഗങ്ങൾ തന്നെ !