വെള്ളിയാഴ്‌ച, നവംബർ 12, 2010

തോറ്റവന്റെ സ്മാരകങ്ങള്‍

തോറ്റവന്റെ സ്മാരകങ്ങള്‍

1. അനശ്വരം

മഞ്ഞുകാലം എനിക്കിഷ്ടമാണ്.

പുലര്‍കാലതാരകളോട് വിട പറഞ്ഞ്

അവള്‍ക്കു വേണ്ടി ഞാന്‍ താഴേക്കിറങ്ങി വരുന്നത്

മഞ്ഞുകാലത്താണ്.

ഈ കാത്തിരിപ്പ് എനിക്കിഷ്ടമാണ്.

സ്വര്‍ണ്ണമുടിയിഴകളില്‍, ഇളംനീലവസ്ത്രങ്ങളില്‍

മഞ്ഞുമേഘശകലങ്ങളണിഞ്ഞ്

കൈകളില്‍ സുഗന്ധവര്‍ണ്ണപൂക്കൂടയുമായി

അവളെന്നെ കാണാനെത്തുന്നത്

കാത്തിരിക്കാന്‍ എനിക്കിഷ്ടമാണ്.

അവള്‍ക്കെന്നും ഒരേ താളമാണ്.

മുട്ടുകുത്തി നിന്ന്

മെഴുതിരികള്‍ കൊളുത്തി

പൂക്കുടയോടൊപ്പം മിഴിനീര്‍പൂക്കള്‍ അടരുമ്പോള്‍

അവള്‍ ചുംബിക്കുന്നത്

എന്റെ തണുത്തുറഞ്ഞ മാര്‍ബിള്‍ നെഞ്ചകത്താണ്.

അവളുടെ ചുംബനത്തിനും

അവളുടെ കണ്ണുനീര്‍ത്തുള്ളിയ്ക്കും

എന്നത്തേക്കാള്‍ ചൂടു കൂടുതലാണെന്ന് ഞാനറിയും.

'എമ്മ,നിന്റെ നീര്‍മിഴികളില്‍,മുടിയിഴകളില്‍,

വിതുമ്പും ചൊടികളില്‍ മൃദുവായി തഴുകി

കടന്നുപോയ തണുത്ത കാറ്റ് ഞാനാണെന്ന്,

നിന്റെ കാലിണകളെ ചുംബിക്കുന്ന മണ്‍തരികള്‍ ഞാനാണെന്ന്

ദ്രവിച്ച് മണ്ണോടു ചേര്‍ന്ന എന്റെ ഹൃദയം വിതുമ്പും.

എമ്മ, മാംസം കഴുകുകള്‍ കൊത്തിപ്പറിച്ചോട്ടെ

അസ്ഥികള്‍ പൊടിഞ്ഞ് മണ്ണിലമര്‍ന്നോട്ടെ

പക്ഷെ,

ഹിമകണങ്ങള്‍ വസന്തപുഷ്പങ്ങളെ സുഷുപ്തിയില്‍ നിന്ന് ചുംബിച്ചുണര്‍ത്തുവോളം

ചാന്ദ്രകിരണങ്ങള്‍ ആമ്പല്പൂക്കളെ ചുംബിച്ചുറക്കുവോളം

നാം ഈ നിര്‍മലസുമങ്ങളില്‍ സുഗന്ധരേണുക്കളായ് അനശ്വരരാവും.


2.സുഹൃത്ത്

പക്ഷെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

അവന്‍ ഒരിക്കലും എന്നരികിലേക്ക് വരാറില്ല.

'കളിചങ്ങാതി, നിനക്കെന്നോടെന്തിത്ര വിരോധം !'

എന്ന് ഞാനവനോട് പിണങ്ങാറുണ്ട്.

പക്ഷെ അലക്ഷ്യമായി മറ്റെങ്ങൊ മിഴികള്‍ പായിച്ച്

അവനെന്നും അകലെ മാറി നിന്നിട്ടേയുള്ളു.

പക്ഷെ അതിശയം, ഇന്ന്

അവള്‍ അകലെയെങ്ങോ മറഞ്ഞപ്പോള്‍

അവനെന്നരികിലേക്ക് വന്നു.

"ഇനിയും നിന്നോട് പറയാതെനിക്ക് വയ്യ";

അവന്‍ പറഞ്ഞു :

"നിഴല്‍ പോലുമറിയാതെ,

അന്ന് നിന്റെ പാനപാത്രത്തില്‍ കൊടും വിഷം കലര്‍ത്തിയത് ഞാനാണ്.

എന്തിനെന്നുപോലുമറിയാതെ

നീ പിടഞ്ഞു വീണു മരിച്ചപ്പോള്‍

മനസ്സുകൊണ്ടു ചിരിച്ചതും ഞാനാണ്.

ശേഷം എന്നിലേക്കു നിന്നെ ഞാന്‍ പറിച്ചു നട്ടപ്പോള്‍

'അവന്‍ ഇപ്പോഴും നിന്നിലുമെന്നിലും മരിക്കാതിരിക്കുന്നു'

എന്ന് അവളെന്റെ മാറില്‍ മുഖം ചായ്ച്ചു.

പക്ഷെ പിന്നീടൊരിക്കലെങ്കിലും ഞാനെന്നിലേക്ക് തിരിച്ചെത്തിയാല്‍

'നിനക്കെവിടെ നിന്നിത്ര കുടിലത ?'

എന്നവള്‍ വിതുമ്പും

'പപ്പ എന്താണിങ്ങനെ ?'

എന്നെന്റെ കുഞ്ഞുങ്ങള്‍ പിണങ്ങും.

എനിക്ക് മടുത്തിരിക്കുന്നു, റിച്ചി

നിനക്ക് ജീവന്‍ പകര്‍ന്ന് ഞാന്‍ മരിച്ചു കൊണ്ടിരിക്കുന്നു.

ഇന്നും ഒഴുകാനിടമില്ലാതെ

അണകെട്ടി പെരുകുന്ന പ്രണയസമ്മര്‍ദ്ദത്തില്‍

ഹൃദയം നുറുങ്ങുമ്പോള്‍ ഞാനറിയുന്നു,

നിന്നോടെന്ത് പാതകമാണ് ഞാന്‍ ചെയ്തതെന്ന്.

പക്ഷെ, റിച്ചീ, നീ അറിയണം:

ജനിതകമായ സാങ്കേതികകള്‍ക്കപ്പുറം

ആ കുഞ്ഞുങ്ങള്‍ നിന്റേതാണ്.

അവളീനിമിഷം വരെ നിന്നില്‍ വിശുദ്ധയാണ്.

ഇപ്പോള്‍ ഞാന്‍ സ്വപ്നം കാണുന്നത്

ഒരു പുലര്‍വേളയില്‍ ഉയിര്‍ത്തു വന്ന്

നീ എന്നെ മരണത്തിലേക്ക് സ്വതന്ത്രനാക്കുന്നതാണ്."

അവന്‍ കരഞ്ഞതേയില്ല

പക്ഷെ അവന്‍ സ്വയം ഒരു കണ്ണുനീര്‍തുള്ളിയായിരുന്നു.

അവന്‍ മാപ്പു ചോദിച്ചതേയില്ല

പക്ഷെ അവന്‍ തന്നെ ഒരു മാപ്പപേക്ഷയായിരുന്നു.


അവന്റെ ഏറ്റുപറച്ചിലുകള്‍

കൊടുങ്കാറ്റുകളും ഭൂകമ്പങ്ങളും

എന്നിലുയര്‍ത്തി കടന്നു പോകുന്നു.

പക്ഷെ പ്രണയമാണ് എന്നും എന്റെ മുദ്രാവാക്യം.

എന്റെ കളിക്കൂട്ടുകാരാ, നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

അവളോടുള്ള പ്രണയത്തില്‍

അസ്ഥികള്‍ പൂക്കുമ്പോള്‍

ദൈവത്തോടു പോലും ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

3.തോറ്റവന്റെ സ്മാരകങ്ങള്‍
പണം

പെണ്ണ്

പിണിയാളുകള്‍

പടയോട്ടം...

ചരിത്രം തുടര്‍ന്നു കൊണ്ടേയിരിക്കും.

പക്ഷെ കല്ലില്‍ കൊത്തിവച്ച വിജയഗാഥകളെ

ചതിയുടെ നാവേറ്റുചരിതങ്ങള്‍ പിന്തുടരുന്നുണ്ട്.

ആരോരുമറിയാതെ പിടഞ്ഞു തോറ്റവന്റെ സ്മാരകങ്ങള്‍

ജയിച്ചന്റെ ഹൃദയഭിത്തികള്‍ക്കുള്ളില്‍ പടര്‍ന്നുയരുന്നുണ്ട്.

വിജയോന്മാദികള്‍

തലകളരിഞ്ഞ് കാഹളങ്ങളുമായി മുന്നേറുമ്പോള്‍

കണ്ണീരും രക്തവും കലര്‍ന്ന സ്മാരകശിലകള്‍

ഉള്ളില്‍ അടുക്കി

തോറ്റവരുടെ ഒരു മഹാസ്മാരകമായി

സ്വയം പുനര്‍നിര്‍മ്മിക്കുന്നുണ്ട്.

15 അഭിപ്രായങ്ങൾ:

  1. തോറ്റവരുടെ സ്മാരകങ്ങള്‍ കല്ലും മണ്ണും കണ്ണീരും അല്ല ജയിച്ചവര്‍ ആണ് .കവിത യുടെ മിന്നലാട്ടം ഇതാ ഇവിടെ ..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി, ചങ്ങാതിമാരെ..

    മറുപടിഇല്ലാതാക്കൂ
  3. വായിച്ചു
    നന്നായിരിക്കുന്നു
    ആശംസകള്‍

    അവന്റെ ഏറ്റുപറച്ചിലുകള്‍
    കൊടുങ്കാറ്റുകളും ഭൂകമ്പങ്ങളും
    എന്നിലുയര്‍ത്തി കടന്നു പോകുന്നു.
    പക്ഷെ പ്രണയമാണ് എന്നും എന്റെ മുദ്രാവാക്യം.

    മറുപടിഇല്ലാതാക്കൂ
  4. സിയാഫ് പറഞ്ഞതുപോലെ കവിതയുടെ മിന്നലാട്ടം.

    മറുപടിഇല്ലാതാക്കൂ
  5. വര്‍ണ്ണാഭമായ ഈ എഴുത്തും എനിക്കിഷ്ടമാണ്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, ഫൌസിയ..( അപ്പോ ഇതിനു മുൻപ് ഏതാണ് ഇഷ്ടമെന്നു പറഞ്ഞത് ? )

      ഇല്ലാതാക്കൂ
  6. കവിത നന്നായിട്ടുണ്ട് ട്ടോ ..

    മറുപടിഇല്ലാതാക്കൂ
  7. പക്ഷെ കല്ലില്‍ കൊത്തിവച്ച വിജയഗാഥകളെ
    ചതിയുടെ നാവേറ്റുചരിതങ്ങള്‍ പിന്തുടരുന്നുണ്ട്.
    ആരോരുമറിയാതെ പിടഞ്ഞു തോറ്റവന്റെ സ്മാരകങ്ങള്‍
    ജയിച്ചന്റെ ഹൃദയഭിത്തികള്‍ക്കുള്ളില്‍ പടര്‍ന്നുയരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍10/16/2012 8:40 AM

    നന്നായിട്ടുണ്ട് അഭിനന്ദനം ...അലികുഞ്ഞു വെള്ളങ്ങല്ലുര്‍.

    മറുപടിഇല്ലാതാക്കൂ