ചൊവ്വാഴ്ച, ജൂലൈ 07, 2015

മുകുന്ദലീല.

രാന്റെ ആഗ്രഹം പോലെ തന്നെ റസ്റ്റോറന്റിൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ജാലകത്തിനോട് ചേർന്നുള്ള  ഇരിപ്പിടം തിരഞ്ഞെടുക്കുമ്പോൾ, എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുള്ള സുഗമമായ കാഴ്ച്ച അയാൾ ഉറപ്പു വരുത്തിയിരുന്നു.
വെയ്റ്റർ, മുകുന്ദന് ആദരവു കലർന്ന ഒരു പുഞ്ചിരി സമ്മാനിക്കുന്നത് രാജൻ ശ്രദ്ധിക്കാതിരുന്നില്ല.
ഒന്നു രണ്ടു മഞ്ഞപ്പത്രങ്ങളിൽ ചില വാർത്തകൾ വന്നിട്ടുണ്ടെങ്കിലും .മുകുന്ദസ്വാമി
പതുക്കെ നഗരത്തിൽ പേരെടുത്തു വരികയാണല്ലോ എന്നയാൾ ഓർത്തു. സ്വാമിയാവുന്നതിലും മുമ്പുള്ള മുകുന്ദനെ ഓർമ്മയുള്ളവർ നഗരത്തിൽ ഇങ്ങനെ നാലോ അഞ്ചോ പേർ മാത്രം. പിന്നെയുള്ള ഓർമ്മകളെല്ലാം സപ്ലിമെന്റുകളും പരസ്യങ്ങളും വഴി തിരുത്തിയെഴുതപ്പെട്ടു തുടങ്ങിയിരിക്കുന്നു.

 മുകുന്ദൻ  കോൾഡ് കോഫിയ്ക്കും മഷ്രൂം ഫ്രൈയ്ക്കും ഓർഡർ ചെയ്തു.

നമ്മളെന്താണു പറഞ്ഞു കൊണ്ടിരുന്നത് ? മുകുന്ദൻ ചോദിച്ചു. .. ഓർഹൻ പാമുക്കിന്റെ ആ വാചകം.. എനിക്കു  തോന്നുന്നു, പരിസരമല്ല, നമുക്കുള്ളിൽ  തന്നെ  ആരോ ഒരാൾ നമ്മുടെ പരിസരം പരുവപ്പെടുത്തുന്നുണ്ടെന്നാണ്. അല്ലെങ്കിൽ നോക്കൂ, നീ ഇന്ന് എവിടെയെത്തിയെന്ന്.   പക്ഷേ അന്നേ ഞാൻ പറഞ്ഞിരുന്നു, നീ ബിസിനസ്സിലാണ് ശോഭിക്കാൻ പോകുന്നതെന്ന്. അതും കഴിഞ്ഞ് അഞ്ചു വർഷം കഴിയുമ്പോഴേക്കും  ഏറ്റവും മികച്ച യുവസംരഭകനുള്ള അവാർഡ് നിന്നെ തേടിയെത്തുന്നു. ഇപ്പോൾ ദാ സ്കൂളുകൾ, ഹോസ്പിറ്റൽ, ഷോപ്പിങ്ങ് മാൾ... പക്ഷേ ഒന്നു ഞാൻ പറയാം. നിന്റെ സമ്പാദ്യങ്ങളെല്ലാം ലോകത്തിനു വേണ്ടിയാണെന്ന് തിരിച്ചറിയുന്ന ഒരു കാലം നിനക്കുണ്ടാവും.  ഒരു യോഗിയെ പോലെ നീ കച്ചവടം ചെയ്യുന്ന  കാലം വരും. അന്ന് നീ ലോകത്തിന്റേതാവും. നീ രാജഗുരുവെന്ന് അറിയപ്പെടും .

രാജൻ മനസ്സിൽ ഒരു മുട്ടൻ തെറി പറഞ്ഞു. ഇങ്ങനെയൊന്നുമല്ല വേണ്ടത്..മുഖമടച്ച്  രണ്ടെണ്ണം പൊട്ടിച്ചതിനു ശേഷം കഴുത്തിനു കുത്തിപ്പിടിച്ച് ചോദിക്കണം. എന്നിട്ട് തോക്കെടുത്ത് ആ തിരുനെറ്റിയിൽ തന്നെ ഉണ്ട പായിക്കണം. അയാളോർത്തു.
മുകളിലേക്കൊന്നു പാളി നോക്കിയ ശേഷം അയാൾ പ്രതികാരദാഹത്തോടെ പുഞ്ചിരിച്ചു. പക്ഷേ നീ അതിനു വളരേ മുമ്പു തന്നെ ജ്ഞാനനിർവ്വാണം നേടുന്നതിൽ എനിക്കസൂയയുണ്ട്..

അതുണ്ടാവില്ല രാജാ. വഴികൾ വേറേയാണെന്നേയുള്ളൂ ; നമ്മുടെ സഞ്ചാരം സമാന്തരമായിട്ടാണ്. ഞാൻ ജ്ഞാനം നേടിയാൽ നീയും ജ്ഞാനിയാവാതെ തരമില്ല.  നിന്റെ ലക്ഷ്യം പണമായിരുന്നു. എന്റേത്.. മുകുന്ദൻ ഗൂഢമായൊന്ന് ചിരിച്ച ശേഷം  തുടർന്നു അതു പിന്നെ   പറയണ്ടല്ലോ നീയ്യൊന്ന് ഓർത്ത് നോക്കിക്കേ നമുക്ക്  രണ്ടാൾക്കും കൈമുതലായുണ്ടായിരുന്നത് ഒരേ ഗുണങ്ങൾ -  വാചാലത, തന്റേടം, ക്ഷമ, സഹനം അതിനൊക്കെ പുറമേ ഇതൊക്കെ എവിടെ, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന ബുദ്ധി.  ആ എസ് ഐയുടെ  കൈയ്യീന്ന് എത്ര ഇടി വാങ്ങിയിട്ടും നീയന്ന് ഒന്നും പറഞ്ഞില്ല.. അതായിരുന്നല്ലോ നിന്റെ മൂലധനം..എനിക്കും കിട്ടിയിട്ടുണ്ട് വേണ്ടുവോളം. എന്നിട്ടും നാം പിൻവാങ്ങിയില്ല...

കാപ്പിയൊന്ന് നുണഞ്ഞ ശേഷം അയാൾ തുടർന്നു.

പക്ഷേ ഒരിടത്ത് ഞാൻ തോറ്റു. ജീവിതത്തിലാദ്യമായി. പരാജയപ്പെട്ട്, തല താഴ്ത്തി ഞാൻ തിരിഞ്ഞു നടന്നു. ആ പരാജയമാണ് വീണ്ടും എന്നെ സ്വയം പഠിക്കാൻ പ്രേരിപ്പിച്ചത്. എന്നെ നിരാകരിച്ചവൾ, സത്യത്തിൽ അവളാണെന്റെ ഗുരു. അവളാണ് ഈ കാണുന്ന മുകുന്ദനെ സൃഷ്ടിച്ചത്.  എന്റെ ആവശ്യങ്ങൾക്കു പകരം എനിക്ക്  ആവശ്യമുള്ളവരുടെ ആവശ്യങ്ങളാണ് പഠിക്കേണ്ടതെന്ന് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.വെറും നേരമ്പോക്ക് തൊട്ട് പ്രേമത്തിന്റെ അങ്ങേത്തല വരെ. കുഴിനഖം തൊട്ട് അമ്മായിയമ്മയുടെ മരണം വരെ.. വെരി വെരി  വൈഡ് റേഞ്ച്..നീ ശ്രദ്ധിച്ചിട്ടുണ്ടോ ഏത് ദൈവത്തിനായാലും ഭക്തകളാണ് കൂടുതൽ - എന്താ കാരണം ? അവരുടെ ആവശ്യങ്ങളും അത്രയ്ക്ക് വിപുലമാണ്. നിനക്കറിയാമോ ഇന്നാളൊരുത്തി എന്നോടാവശ്യപ്പെട്ടത് അവളുടെ ഭർത്താവിന്റെ ജീവനെടുക്കാനാണ് ; അത്രയ്ക്കങ്ങ് വെറുത്തു പോയത്രെ. ആളെ നീ നല്ല പോലെ അറിയും. എനിക്കു കക്ഷിയെ അറിയാവുന്നതുകൊണ്ടു മാത്രം ഒരുവിധത്തിൽ അവളെ അനുനയിപ്പിച്ചു വിട്ടു. സത്യത്തിൽ അയാളിന്നും ജീവനോടെയിരിക്കുന്നത് എന്റെ ദയ കൊണ്ടാണ്.  അവളു തന്ന കാണിക്ക മാത്രം എത്രയാണെന്നു കേട്ടാ നീ ഞെട്ടും!  പക്ഷേ എനിക്കതിലൊന്നും ഇൻട്രസ്റ്റ് ഇല്ല കെട്ടോ - എന്റെ രാധമാരുടെ സ്നേഹാർപ്പണമല്ലാതെ മറ്റൊന്നും എനിക്കിന്ന് സമ്പാദ്യമായില്ല. അറിയാലോ..ബിസിനസ്സ് ഒക്കെ ഇപ്പോ നോക്കുന്നത് ലീലയാണ്...

മുകുന്ദൻ തന്നെ തന്നെയാണുദ്ദേശിക്കുന്നതെന്ന സന്ദേഹം ശക്തിപ്പെടുമ്പോഴും സംയമനം പാലിക്കാൻ തന്നെയാണ് രാജൻ ശ്രമിച്ചത്.  പെരുമാറ്റത്തിൽ ചെറുതായൊരു അസ്വാഭാവികതയുണ്ടായാൽ മതി, മറ്റുള്ളവർ സംശയിക്കാൻ- അയാളോർത്തു.

ഉവ്വുവ്വ്... അവൾ കൂടി അറിഞ്ഞിട്ടാണോ ഇതൊക്കെ ?..  അയാൾ ചോദിച്ചു. .

 
അല്ല പിന്നെ !,   ദേഹാത്മീയത ഐ മീൻ ഫിസിക്കൽ സ്പിരിച്ച്വാലിറ്റി -ഉൾക്കൊള്ളാത്തതുകൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ ചോദിക്കാൻ തോന്നുന്നത്. സെക്സ് ആണു  പരമമെന്നു കരുതുന്നവർക്ക് അതിലൂടെയേ മോക്ഷം കിട്ടൂ. പണമാണെന്നു കരുതുന്നവർക്ക് അത്. അവരെ അതിനനുവദിക്കുക. ലീലയ്ക്ക് ബിസിനസ്സിലാണ് താല്പര്യമെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാനവളെ ആ വഴിക്കു വിട്ടു.നൗ ഷീ  എഞ്ചോയ്സ് ദാറ്റ്.  സിമ്പിളായി പറഞ്ഞാൽ   ദേഹാത്മീയത എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഇതൊക്കെയാണ്.   സന്ന്യാസമെന്നു വെച്ചാൽ എല്ലാം ത്യജിക്കുക എന്നല്ല ;  ആവശ്യത്തിനു മാത്രം എടുക്കുക എന്നേ അർത്ഥമുള്ളു. ഏതെങ്കിലും സന്യാസി പട്ടിണി കിടന്നു മരിച്ചതായി നീ കേട്ടിട്ടുണ്ടോ ? .നിഷ്ക്കാമകർമ്മം.  എന്നു വെച്ചാൽ ഒന്നും ഇങ്ങോട്ടു ആഗ്രഹിക്കാതെ എല്ലാം അങ്ങോട്ടു കൊടുക്കുക. അതിപ്പോ പ്രേമമാണെങ്കിൽ അത്; കാമമാണെങ്കിൽ അത്. ഗുരോ..എനിക്കു കഞ്ചാവു വലിക്കണം എന്നൊരു ശിഷ്യൻ ആവശ്യപ്പെടുമ്പോൾ ലോകത്തെ മുഴുവൻ പിതൃഭാവത്തിൽ നോക്കുന്ന ഒരാൾക്ക് അതെങ്ങനെ നിഷേധിക്കാൻ കഴിയും ? കഞ്ചാവു സൃഷ്ടിച്ചു നൽകിയതും ഇതേ പ്രകൃതീശ്വരൻ തന്നെയല്ലേ ?
മുകുന്ദൻ മൊരിച്ച കൂൺ കഷണങ്ങളെടുത്തു വായിലേക്കിട്ടു. .. നോക്ക്.. നീയൊരാളിൽ നിന്ന് ബലമായി പൈസ എടുത്താൽ അത് തട്ടിപ്പറി. അതേ സമയം അഞ്ചു രൂപയുടെ മൈദ  അഞ്ഞൂറിന്റെ ബിസ്ക്കറ്റാണെന്നു ബോധിപ്പിച്ചു അവനെ കൊണ്ടു വാങ്ങിപ്പിച്ചാൽ അതു മാന്യമായ കച്ചവടം. അവനും  ആനന്ദം, നിനക്കും ആനന്ദം. നമുക്കതിനെ വേണമെങ്കിൽ മാർക്കറ്റ് സ്പിരിച്ച്വാലിറ്റിയെന്നോ പർച്ചേസ് സ്പിരിച്ച്വാലിറ്റിയെന്നോ ഒക്കെ വിളിക്കാം.നീയൊന്ന് നോക്കിയേ..ഈ മാളുകളിലും സ്വര്ണ്ണക്കടകളിലുമൊക്കെ ഒരു തീർത്ഥാടനത്തിലെന്നപോലെയല്ലേ ലക്ഷങ്ങൾ പോയി  ആത്മനിർവൃതി നേടുന്നത്. അതാ ഞാൻ പറഞ്ഞത് നിനക്കും നല്ല  ഭാവിയുണ്ട് രാജാ……ലീലയും ചില പ്രൊജക്റ്റൊക്കെ ആലോചിക്കുന്നുണ്ട്.   കൂടുതൽ പറഞ്ഞാൽ. വരട്ടെ. ജസ്റ്റ് എ മിനിറ്റ്…”
മുകുന്ദൻ ജുബയുടെ പോക്കറ്റിൽ നിന്ന് മൗത്ത് ഓർഗനെടുത്ത്
കഭീ കഭീ.. വായിക്കാൻ തുടങ്ങി.
അവന്റെ മാസ്റ്റർ പീസ്..കണ്ടു പരിചയിച്ച അവന്റെ മാനറിസങ്ങൾ.;
തീക്കട്ടയിലിരിക്കുന്നതു പോലെ തോന്നി രാജന്. തലേന്ന്, പെട്ടെന്ന് പണത്തിനാവശ്യം വന്നപ്പോൾ  ഭാര്യയുടെ അക്കൗണ്ടൊന്ന് രഹസ്യമായി പരിശോധിച്ചതായിരുന്നു അയാൾ. അവൾ ഉപയോഗിക്കാറില്ലെന്ന വിശ്വാസത്തിൽ  ഒരു കരുതൽനിക്ഷേപം പോലെ മാറ്റി വെച്ചത്. ഇപ്പോൾ ശേഷിക്കുന്നത്  അഞ്ചക്കങ്ങളുള്ള ഒരു  നിസ്സാരതുക. ആ അന്വേഷണമാണ് അയാളെ മുകുന്ദനിലേക്കെത്തിച്ചത്
.
പകുതിയെത്തിയപ്പോൾ മുകുന്ദൻ വായന നിർത്തി. എണീറ്റ് രണ്ടു മേശ അപ്പുറമിരിക്കുന്നവർക്ക് നേരെ തിരിഞ്ഞ് തല കുനിച്ചു. സോറി റ്റു ഡിസ്റ്റർബ് യൂ.
അപ്പോഴാണ് രാജൻ അവരെ ശ്രദ്ധിച്ചത്.  യുവമിഥുനങ്ങൾ. മധുവിധുയാത്രയിലായിരിക്കണം.
  ഗംഭീരം.. ..എന്തേ നിർത്തി കളഞ്ഞത് !.... ദയവായി തുടരൂ.. അവളുടെ കണ്ണുകൾ വിടർന്നു.
ക്യാരി ഓൺ മാൻ.. ചെറുപ്പക്കാരൻ  പുഞ്ചിരിച്ചു.

താങ്ക്യു ഫോർ യുവർ മേഴ്സി .. രാജനോടൊന്ന് കണ്ണിറുക്കിയ ശേഷം മുകുന്ദൻ വായന പൂർത്തിയാക്കി.
 അവർ കൈയ്യടിച്ചു.
അവൾ ഇനിയും മുകുന്ദനെ കാണും. രാജനോർത്തു. അയാളാ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ ശ്രമിച്ചു. ഒരു പുതുമോടിക്കാരന്റെ എല്ലാ വിധ ധാരാളിത്തവും പ്രദർശിപ്പിക്കുന്ന ഒരുത്തൻ.

നീയൊന്നും കഴിക്കാത്തതെന്ത് ? മുകുന്ദൻ പ്ലേറ്റ്  അരികിലേക്ക് നീക്കി വെച്ചു.

രാജൻ ഫ്രൈയെടുത്ത് വായിലേക്കിട്ടു. രുചിയില്ലെന്ന് പറഞ്ഞുകൂടാ.

എനിക്കു തോന്നുന്നത് ഈ ലോകത്തേക്കാൾ വലിയൊരു തമാശക്കളം മറ്റൊരിടത്തുമില്ലെന്നാണ്..ഒന്നു മാറി നിന്നു നോക്കിക്കേ..  ഇല കിട്ടാത്തവനും ഊണ് കിട്ടാത്തവനും പായ കിട്ടാത്തവനും എല്ലാം ഓട്ടപ്പാച്ചിലിലാണ്. എന്നാലോ ഇതൊക്കെ അവരെയൊക്കെ ചുറ്റിപ്പറ്റി ഉണ്ടു താനും..

രാജന്റെ മൊബൈൽ ചിലച്ചു. മെസ്സേജ് ആണ്. അത്തരമൊരു സന്ദർഭത്തിൽ, തന്റെ മൊബൈലിലേക്ക് വരുന്ന ഓരോ സന്ദേശവും  വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്ന് അറിയാവുന്നതുകൊണ്ട് അയാൾ അതെടുത്ത് തിടുക്കത്തിൽ വായിച്ചു. ബാങ്കിൽ നിന്നായിരുന്നു. - അയാളുടെ അക്കൗണ്ടിലേക്ക് വലിയൊരു തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. അതിനു പിന്നാലെ മറ്റൊരു മെസ്സേജ് കൂടി വന്നു. പണമിട്ടിട്ടുണ്ട്. ചിലത് സംസാരിക്കാനുണ്ട്. വൈകീട്ടൊന്ന് കാണണം. അതയച്ചവളുടെ പേര് അയാളെ വല്ലാതെ അന്ധാളിപ്പിക്കുകയും മൊബൈൽ തിടുക്കത്തിൽ പോക്കറ്റിലേക്കിടാൻ പ്രേരിപ്പിക്കുകയും ചെയ്തു. 

പണ്ട് നമ്മൾ പറഞ്ഞ് ചിരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു.. ഇടവകയിലെ പെണ്ണുങ്ങളെ പൂശിയതിനെ ചൊല്ലി അച്ചനും കപ്പ്യാരും തമ്മിൽ തർക്കമാവുന്നതും മണിയടിച്ച് തീരുമാനിക്കുന്നതുമായ കഥ. മുകുന്ദൻ തുടർന്നു.

അയാൾ വിഷയത്തിലേക്ക് വരികയാണെന്ന് രാജൻ തിരിച്ചറിഞ്ഞു.
ആ അച്ചന്റെ സ്ഥാനത്ത് നീയാണ്. ഞാൻ കപ്പ്യാരും. നമ്മൾ പള്ളിമേടയിലിരിക്കേ, ദാ വരുന്നു.   ലീലയും  ഇന്ദുവും .

അവൻ ഒന്നു നിർത്തി കാപ്പി അവസാനമായി മൊത്തി.

  ഞാൻ മണിയടിച്ചു. ണീം. ണീം. രാജന്റെ കണ്ണുകളിലേക്കുറ്റു നോക്കി കൊണ്ടാണ് അയാളതു പറഞ്ഞത്.
 രാജനു തല പെരുക്കുന്നുണ്ടായിരുന്നു.   അയാൾ പോക്കറ്റിലേക്ക് കൈയ്യിട്ടു. അതായിരുന്നു അടയാളം. തൂവാലയെടുത്ത് അയാൾ മുഖം തുടയ്ക്കുന്ന നിമിഷം എതിരെയുള്ള കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ഒരു വെടിയുണ്ട പാഞ്ഞു വന്ന് മുകുന്ദന്റെ തല തുളയ്ക്കും.

നീ മുഖം തുടയ്ക്കേണ്ടതില്ല രാജാ..നമ്മുടെ നാട് ഒരു യഥാർത്ഥ സ്പിരിച്ച്വൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  ബ്രഹ്മസത്യം, ജഗദ്മിഥ്യ.   നീയ്യും മണിയടിക്കുന്നു. ണീം. ണീം.. മുകുന്ദൻ പുഞ്ചിരിച്ചു.
----------------

ഞായറാഴ്‌ച, ജനുവരി 04, 2015

ദ ലാസ്റ്റ് ലൈഫ്.

-----------------------------------------------------------------------------------------------------------
ഈ കഥ ഒ. ഹെന്റിയ്ക്കു കൂടി അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ‘ദ ലാസ്റ്റ് ലീഫ്’ എന്ന കഥ കൂടി ചേരുമ്പോഴാണ് ഇതിന്റെ വായന പൂർണ്ണമാവുക.
----------------------------------------------------------------------------------------------------------

                                                         
അതിശയകരമെന്നു പറയട്ടെ, എല്ലാം പഴയതു പോലെ തന്നെയായിരുന്നു. വാഷിങ്ങ്ടൺ സ്ക്വയറിനടുത്തുള്ള ആ  ഗ്രാമം, അതിലെ ഇടുങ്ങിയതും വഴി തെറ്റിക്കുന്നതുമായ തെരുവുകൾ, ആ പഴയ മൂന്നു നില കെട്ടിടം, മിസ്റ്റർ ന്യൂമോണിയ,  മഞ്ഞുകാലം,  ജോൺസി, സ്യൂ , ബർമ്മൻ, അവരുടെ സൗഹൃദം, അതിന്റെ വഴിത്താരകൾ..
പിന്നെ മാറിയതെന്താണ് എന്നു ചോദിച്ചാൽ - അതെ, അതാണു പറയാൻ തുടങ്ങുന്നത്.

ഒരു പ്രഭാതത്തിൽ, പരിശോധനയ്ക്കു ശേഷം  ഡോക്ടർ സ്യൂവിനോട് പറഞ്ഞു :
  സിംറ്റംസ് എല്ലാം കൃത്യമാണ്. പക്ഷേ ജീവിക്കണം എന്നൊരാഗ്രഹം അവൾക്ക് ഇപ്പോഴും ഉള്ളതു പോലെ. അവളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടോ ?”

“ഇറ്റലിയിൽ പോകണമെന്നും  നേപ്പിൾ  ഉൾക്കടലിന്റെ ചിത്രം വരയ്ക്കണമെന്നും അവൾ എപ്പോഴും പറയാറുണ്ടായിരുന്നു.” സ്യൂ പറഞ്ഞു.

“ വരയോ.. ച്ഛേ.. അതല്ല.. കാര്യമായ എന്തെങ്കിലും
ഒരു കാമുകൻ ?..”

“ കാമുകനോ ?” സ്യൂ  അത്ഭുതപ്പെട്ടു.. “ അതിനുമാത്രം എന്താണു  ഒരു പുരുഷനിലുള്ളത്.. ഇല്ല ഡോക്ടർ.. അങ്ങനെയൊരാളില്ല..”

“ അവൾ ക്ഷീണിതയാണ്..” ഡോക്ടർ പറഞ്ഞു . “ എനിക്ക് അറിയാവുന്നതെല്ലാം ഞാൻ ചെയ്യാം.  പക്ഷേ, ഈ സ്റ്റേജിലെത്തിയ ഒരാൾ താൻ മരിക്കാൻ പോകുന്നില്ല എന്ന് ചിന്തിക്കാൻ തുടങ്ങുന്നതോടെ എന്റെ ജോലി ഇരട്ടിക്കുകയാണ്. നിങ്ങൾക്കറിയാമല്ലോ, അവളുടെ മെഡിക്ലെയിം പോളിസിയിൽ  ഇനി ബാക്കിയുള്ളത് വെറും പതിനായിരത്തി ഇരുപത്തി മൂന്ന് ഡോളറാണ്. ട്രീറ്റ്മെന്റ് തുടരാനുള്ള പൈസ ഇല്ലാത്തതുകൊണ്ട്, അതിൽ പതിനായിരം ഡോളർ ശവസംസ്ക്കാര ചിലവുകൾക്ക് മാറ്റി വെക്കാൻ  ഏതു ഡോക്ടറും നിയമപരമായി ബാധ്യസ്ഥനാണ്. അതുകൊണ്ടാണല്ലോ ഇത്തരക്കാർക്ക് മരണം സ്വീകരിക്കാൻ അനുവാദം നൽകുന്ന, ഞങ്ങളെ അതിനു പ്രാപ്തരാക്കുന്ന നിയമം തന്നെ നിലവിലുള്ളത്...”

ഡോക്ടർ പോയ ശേഷം സ്യൂ മറ്റൊരു മുറിയിലിരുന്ന് മതിയാവോളം കരഞ്ഞു.

പിന്നെയവൾ തന്റെ ചിത്രമെഴുത്ത് സാമഗ്രികളുമായി ജോൺസിയുടെ മുറിയിലേക്ക് നടന്നു.
“സമയമാം രഥത്തിൽ ഞാൻ..” അവൾ പതിയെ  മൂളി കൊണ്ടിരുന്നു.
മെലിഞ്ഞുണങ്ങിയ ജോൺസി നിശബ്ദം കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു. ജാലകത്തിലേക്ക് മുഖം തിരിച്ചാണ് അവൾ കിടന്നിരുന്നത്. അവൾ ഉറങ്ങുകയാണെന്നു കരുതി സ്യൂ പാടുന്നതു നിർത്തി ചിത്രമെഴുതാൻ തുടങ്ങി.
അല്പം കഴിഞ്ഞപ്പോൾ  ഒരു ഞരങ്ങൽ കേട്ട് അവൾ വേഗം കട്ടിലിനടുത്തേയ്ക്ക് നടന്നു.
ജോൺസിയുടെ മിഴികൾ തുറന്നിരിക്കുകയായിരുന്നു. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി എണ്ണി കൊണ്ടിരിക്കുകയായിരുന്നു.

“ പന്ത്രണ്ട്,” അവൾ  എണ്ണി. പിന്നെയല്പം  കഴിഞ്ഞ്, “ പതിനൊന്ന്”, പിന്നെ, “പത്ത്’, “ഒമ്പത്” ഏഴും  എട്ടും അവൾ ഒരുമിച്ചാണ് എണ്ണിയത്.

 എണ്ണാൻ മാത്രം എന്താണുള്ളത് എന്ന  കൗതുകത്തോടെ സ്യൂ പുറത്തേക്ക് നോക്കി. അവിടെ, അടുത്ത കെട്ടിടത്തിന്റെ ചുമരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുമരിനിപ്പുറത്ത്, ഒരു പഴഞ്ചൻ മരം നില്പുണ്ടായിരുന്നു. ശിശിരത്തിന്റെ തണുത്തുനിർവികാരമായ ആലിംഗനത്തിൽ, അതിന്റെ ഇലകൾ ഏകദേശം മുഴുവനായും പൊഴിഞ്ഞു കഴിഞ്ഞിരുന്നു.
“ എന്താ നീ എണ്ണുന്നത് ?” സ്യൂ ചോദിച്ചു.
“ ആറ്” ജോൺസി എണ്ണി.  പിന്നെ ദുർബലമായ സ്വരത്തിൽ തുടർന്നു. “ എല്ലാം വേഗത്തിൽ കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസം മുമ്പ് നൂറോളമെണ്ണമുണ്ടായിരുന്നു. എണ്ണിതീർക്കാൻ ഞാൻ ബുദ്ധിമുട്ടി.  ഇപ്പോൾ വളരെ എളുപ്പമായിരിക്കുന്നു.. ദാ.. ഒരെണ്ണം കൂടി വീണു. ഇനി അഞ്ചെണ്ണമേ ബാക്കിയുള്ളൂ..”

“ നീയെന്തിന്റെ കാര്യമാ പറയുന്നത്?”

“ഇലകൾ- ആ മരത്തിന്റെ.. അവസാനത്തെ ഇല പൊഴിയുന്നതിനൊപ്പം, ഞാനും പോകേണ്ടി വരും.. മുന്നു ദിവസമായി ഞാനതു മനസ്സിലാക്കിയിട്ട്
പക്ഷേ എങ്ങാനും ?”

“ ഓഹ്.. കേട്ടുകേൾവിയില്ലാത്ത വിഡ്ഡിത്തം
” സ്യൂ വിന്റെ ശബ്ദമുയർന്നു.. ഒരു വയസ്സൻ മുന്തിരിവള്ളി നിന്റെ ഭാവിയിൽ എന്തു മാറ്റം വരുത്താനാണ്.. ഇലകൾ പൊഴിഞ്ഞാലും ഇല്ലെങ്കിലും ..നീ.. നോക്കൂ, നമ്മുടെ കൈയ്യിൽ ഇനി ചികിത്സക്കായി പൈസയൊന്നുമിരിപ്പില്ല എന്ന് മറക്കല്ലേ.. മനസ്സിൽ നിന്ന് മറ്റ് ചിന്തകളൊക്കെ മാറ്റൂ..ഡോക്ടർ പറഞ്ഞത് സിംറ്റസ് എല്ലാം കൃത്യമാണെന്നാണ്. എന്തെങ്കിലും കഴിക്കാനൊക്കെ ആഗ്രഹം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ  പറയ്.. എന്റെ കൈയ്യിൽ  കുറച്ച് പൈസയിരിപ്പുണ്ട്..”
“അതൊന്നും വേണ്ട സ്യൂ
ദാ.. ഒരെണ്ണം കൂടി വീണു..” ജോൺസി മരത്തിൽ നിന്നു കണ്ണെടുക്കാതെ തുടർന്നു. “ എനിക്ക് ഒന്നും കഴിക്കണമെന്നില്ല.. ഇനിയുള്ളത് നാല് ഇലകളാണ്.. ഇരുട്ടുന്നതിനു മുമ്പ് അവസാനത്തെ ഇലയും പൊഴിയുന്നത് എനിക്കു കാണണം..അപ്പോൾ ഞാനും പോകും..”
സ്യൂ  ഒന്നുകൂടി പുറത്തേക്കു നോക്കി.
“ എന്റെ പൊന്നു ജോൺസി, നീയൊന്നു കുറച്ചു നേരം കണ്ണടച്ചു കിടക്കൂ.. എനിക്ക് ഈ ചിത്രം നാളെ കൊടുക്കാനുള്ളതാണ്.. കർട്ടനിട്ടാൽ വെളിച്ചം കിട്ടില്ല.. ഞാനിതു തീർക്കുന്നതുവരെ പുറത്തേക്കു നോക്കില്ല എന്നു നീയെനിക്ക് ഉറപ്പു താ..”

“നിനക്ക് അടുത്ത മുറിയിൽ പോയിരുന്നു വരച്ചു കൂടേ ?” ജോൺസി തണുത്ത സ്വരത്തിൽ ചോദിച്ചു.

“ അപ്പോ നീ തനിച്ചായി പോവില്ലേ ?.. നീ ആ ഇലകളിൽ തന്നെ നോക്കി കിടക്കുന്നത് എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു..”
“ നിന്റെ വരപ്പു തീരുമ്പോൾ പറയ്..” ജോൺസി കണ്ണുകളടച്ചു. “ അവസാനത്തെ ഇല പൊഴിയുന്നത് കാണാൻ എനിക്കാഗ്രഹമുണ്ട്.. എന്റെ കാത്തിരിപ്പ്  അവസാനിക്കാറായിരിക്കുന്നു. എന്റെ ചിന്തകൾ അന്ത്യമടുത്തു തുടങ്ങിയിരിക്കുന്നു.. ആ ഇലകളെ പോലെ,   താഴേക്ക്, താഴേക്ക് ആണ്ടുപോകാൻ ഞാനാഗ്രഹിക്കുന്നു..”

“ഉറങ്ങാൻപറ്റുമോന്ന് നോക്കൂ..” സ്യൂ പറഞ്ഞു. “ ഞാനാ ബർമ്മനെ വിളിക്കാൻ പോവുകയാണ്.. ഈ ചിത്രത്തിൽ എനിക്കൊരാളെ വരയ്ക്കാനുണ്ട്.. ബർമ്മനെ പോലൊരാൾ.. ഞാൻ പെട്ടന്നു വരാം..അതുവരെ  അനങ്ങാതെ കിടക്കൂ..”

താഴത്തെ നിലയിൽ, ബർമ്മൻ അയാളുടെ ഡാർക്ക് റൂമിൽ തന്നെ ഉണ്ടായിരുന്നു. പതിവുപോലെ,  അയാളെ മദ്യം മണത്തു. സ്യൂ അയാളോട് ജോൺസിയെ കുറിച്ചും മുന്തിരിവള്ളിയിലെ ഇലകളെ കുറിച്ചും പറഞ്ഞു.

“ എന്തൊരു വിഡ്ഡിത്തം..” അയാൾ  ഒച്ചവെച്ചു.. “ ഇല വീഴുന്നതിനനുസരിച്ചാണോ ഒരാളുടെ ജീവൻ പോകുന്നത് ! എന്നെ വച്ച് പടം വരയ്ക്കാനോ ? വേറെ ആളെ നോക്ക്
ആ മണ്ടിപ്പെണ്ണ് ജോൺസി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നീ കാരണമല്ലേ ?..”

“ അവൾക്കു തീരെ വയ്യ.. അതാണ്  ഇങ്ങനത്തെ ചിന്തകളൊക്കെ അവൾക്കു തോന്നുന്നത്..മിസ്റ്റർ ബർമ്മൻ, നിങ്ങൾ  വരുന്നില്ലെങ്കിൽ വേണ്ട.. പക്ഷേ നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്നാണ് ഞാൻ കരുതിയിരുന്നത്..”

“ നീ ശരിക്കും ഒരു പെണ്ണു തന്നെ..” ബർമ്മൻ ദേഷ്യപ്പെട്ടു..” ആരാണു പറഞ്ഞത് ഞാൻ വരില്ലെന്ന്.. നടക്ക്.. ഞാൻ വരാം.. അരമണിക്കൂറായി ഞാനിതു തന്നെയല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.. ജോൺസിയെ പോലൊരു നല്ല കുട്ടി ഇങ്ങനെ കിടന്നു നരകിക്കാൻ പാടില്ല.. നോക്കിക്കോ... ഒരു ദിവസം ഞാനെന്റെ മാസ്റ്റർപീസ് വരയ്ക്കുക തന്നെ ചെയ്യും.. എന്നിട്ടു വേണം നമുക്കിവിടെ നിന്ന് മറ്റെവിടേക്കെങ്കിലും പോകാൻ..”

അവർ മുറിയിലെത്തുമ്പോൾ ജോൺസി ഉറങ്ങുകയായിരുന്നു. സ്യൂ കർട്ടൻ വലിച്ചിട്ട ശേഷം ബർമ്മനെ അടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്ന് അവർ ആ മരത്തിലേക്ക്  അങ്കലാപ്പോടെ നോക്കി. ഒരു നിമിഷം, അവരുടെ കണ്ണുകൾ നിശബ്ദം സംവദിച്ചു.. പുറത്ത് മാരി പോലെ നേർത്ത മഴ പെയ്തുകൊണ്ടിരുന്നു.

ബർമ്മൻ താഴെയിരുന്നു. സ്യൂ അയാളെ നോക്കി ചിത്രമെഴുതാൻ  തുടങ്ങി.

രാത്രി വൈകുന്നതുവരെയും അവൾ ചിത്രമെഴുത്ത് തുടർന്നു കൊണ്ടിരുന്നു.

കാലത്തെഴുന്നേറ്റയുടനെ സ്യൂ ജോൺസിക്കരികിലേക്ക് ചെന്നു. അവൾ വിടർന്ന കണ്ണുകളോടെ ജനാലയ്ക്കലേക്കു തന്നെ നോക്കി കിടക്കുകയായിരുന്നു. “ എനിക്കു കാണണം..” അവൾ പറഞ്ഞു.

സ്യൂ ജാലക തിരശ്ശീല മാറ്റി.
രാത്രി മുഴുവൻ കാറ്റും വീശിയടിക്കുകയായിരുന്നിട്ടും മരത്തിന്റെ ശാഖയോടു ചേർന്ന്, കടുംപച്ച നിറത്തിൽ ഒരില തലയുയർത്തി നില്പുണ്ടായിരുന്നു. ഒരേയൊരില. മൂപ്പു കൊണ്ട് അതിന്റെ അരികുകളിൽ മഞ്ഞപ്പു കലർന്നു തുടങ്ങിയിരുന്നു. ഏകദേശം ഇരുപതടി ഉയരത്തിലുള്ള ചില്ലയിലാണ് അത് തൂങ്ങി നിന്നിരുന്നത്.
“ ഇതാണവസാനത്തേത്..” ജോൺസി പറഞ്ഞു. “  രാത്രി കാറ്റിന്റെ അലർച്ച കേട്ടപ്പോൾ, ഞാനിത് ഇന്നലെ തന്നെ പൊഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതിയിരുന്നത്. എന്തായാലും ഇന്നത് പൊഴിയും.. അതോടൊപ്പം എന്റെ ജീവനും പറന്നു പോവും..”
“എന്റെ പൊന്നു ജോൺസി..” സ്യൂ കേണു.. “ ഇങ്ങനെയൊന്നും പറയാതെ.. എന്തിനാണിതു തന്നെ  ഓർത്തുകൊണ്ടിരിക്കുന്നത് ?.. ഇല പൊഴിയുകയോ  നിൽക്കുകയോ ചെയ്തോട്ടെ..”

ജോൺസി മറുപടിയൊന്നും പറഞ്ഞില്ല. യാത്രയ്ക്കു തയ്യാറെടുക്കുന്ന ഒരാത്മാവിന്റെ ഏകാന്തത അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. മണ്ണിലേക്കും സൗഹൃദത്തിലേക്കും  അവളെ ബന്ധിച്ചു നിർത്തിയിരുന്ന കെട്ടുകൾ ഓരോന്നായി പൊട്ടിത്തകർന്നു തുടങ്ങിയിരുന്നു.

പകൽ പതിയെ ഇഴഞ്ഞു പോയി. ഇരുട്ടു പരക്കുന്നതു വരെയും,  ആ ഇല തണ്ടിന്മേൽ തന്നെ  ഉറച്ചുതൂങ്ങിക്കിടക്കുന്നത് അവർക്കു കാണാമായിരുന്നു. രാത്രിയായതോടെ, വടക്കൻ കാറ്റ് വീശിയടിക്കാൻ തുടങ്ങി.  തല്ലിയലയ്ക്കുന്ന മഴയും.

അടുത്ത പ്രഭാതത്തിൽ, വെളിച്ചം പരന്നതോടെ, ജാലക തിരശ്ശീല മാറ്റാൻ ജോൺസി ആവശ്യപ്പെട്ടു.

അവിടെ ഇല ഉണ്ടായിരുന്നില്ല.
ആ ശൂന്യതയിലേക്ക് നോക്കി ജോൺസി ഏറെ നേരം കിടന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ ഞാനൊരു ചീത്തപ്പെൺകുട്ടിയായിരുന്നു, സ്യൂ..” അവൾ വിതുമ്പി “ പൊഴിഞ്ഞു പോയ ആ അവസാന ഇല ഞാനെത്ര മാത്രം മണ്ടിയായിരുന്നുവെന്ന് എനിക്ക് കാണിച്ചു തരുന്നു. ജീവിക്കാനുള്ള ആഗ്രഹം ഒരു മഹാപരാധമാണ്.. ..  നിന്റെ സൂപ്പു കുടിക്കാനോ കണ്ണാടി നോക്കാനോ നീ പാചകം ചെയ്യുന്നത് നോക്കിയിരിക്കാനോ ഇനി ഞാനാഗ്രഹിക്കുകയില്ല..”

ഒരു മണിക്കൂർ കഴിഞ്ഞ്, തീർത്തും ദുർബലമായ സ്വരത്തിൽ അവൾ  വീണ്ടും വിതുമ്പി “ സ്യൂ.. ഒരു ദിവസം മേപ്പിൾ ഉൾക്കടൽ വരയ്ക്കാനാവുമെന്നും ഞാനിനി ആഗ്രഹിക്കുകയില്ല..”

ഉച്ച തിരിഞ്ഞ് ഡോക്ടർ വന്നു.

പരിശോധനയ്ക്കു ശേഷം  സംസാരിക്കാനായി സ്യൂ  അയാളെ മുറിക്കു പുറത്തുള്ള  ഹാളിലേക്ക് അനുഗമിച്ചു.
“ ഇപ്പോൾ നല്ല പുരോഗതിയുണ്ട്..” ഡോക്ടർ പറഞ്ഞു.. “ പൾസ് ഒക്കെ താഴ്ന്നു വരുന്നുണ്ട്.
ശല്യമൊന്നുമുണ്ടാക്കാതെ ഇനിയവളെ തനിച്ചു വിട്ടേക്കുക. .. എനിക്ക് ഇവിടെ തന്നെ വേറൊരാളെ നോക്കാനുണ്ട്.. ബർമ്മൻ എന്നാണയാളുടെ പേര്.. എനിക്കു കുഴപ്പമൊന്നും തോന്നിയില്ല. വെറും പനി.. പക്ഷേ അയാൾക്കു  പിന്നേയും സംശയം..ന്യൂമോണിയയോ മറ്റോ ആണോയെന്ന്.. ആശുപത്രിയിൽ കൊണ്ടു പോയി ടെസ്റ്റുകളൊക്കെ ചെയ്യിക്കണമെന്നാണ് അയാളുടെ ആവശ്യം..”

അടുത്ത ദിവസം കാലത്ത്, പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. “ നിങ്ങളുടെ ഊഹം ശരിയാണ്..പത്തു പതിനാലു മണിക്കൂറെങ്കിലുമായിട്ടുണ്ടാവും.. ഞാൻ പേപ്പറുകൾ ഒപ്പിട്ടു തരാം..നിങ്ങൾ സംസ്ക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ..”

അന്ന് ഉച്ച തിരിഞ്ഞ്, സ്യൂ  ജോൺസി കിടന്നിരുന്ന കട്ടിലിൽ വന്നിരുന്നു. പിന്നെയൊരു തലയണയെടുത്ത് മടിയിൽ വച്ചു.

“ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്..” അവൾ പറഞ്ഞു. “ നാളെ ബർമ്മന്റെ ചിത്രപ്രദർശനമുണ്ട്. റോയൽ ഗാലറിയിൽ.. ഒരേയൊരു ചിത്രം മാത്രം.. അയാളുടെ മാസ്റ്റർ പീസ്.. ദ ലാസ്റ്റ് ലൈഫ്.. ഒന്നാന്തരം വെതർ  പ്രൂഫ് ജാക്കറ്റും ബൂട്ടുകളും അണിഞ്ഞിരുന്നിട്ടും, ഒരു  രാത്രി മുഴുവൻ പുറത്തിരുന്ന് ചിത്രമെഴുതിയതുകൊണ്ട് തനിക്കു ന്യൂമോണിയയെങ്ങാൻ പിടിപെട്ടിട്ടുണ്ടാവുമോ എന്നയാൾക്ക് പേടിയുണ്ടായിരുന്നു. പക്ഷേ കഥയെല്ലാം കേട്ടയുടനെ റോയൽ ഗാലറി ഉടമ നിക്കോളാസ് പതിനായിരം ഡോളർ ആണ് അഡ്വാൻസ് ചെയ്യാൻ തയ്യാറായത്.  പിന്നെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു


നോക്കൂ ചങ്ങാതി.. ആ ജനാല ചില്ലിലേക്ക് സൂക്ഷിച്ചു നോക്കൂ.. ബർമ്മൻ തന്റെ വിശേഷമായ ചായക്കൂട്ടുകളുപയോഗിച്ച്  ആ ഇല അവിടെ എഴുതി ചേർക്കുന്നതിനു മുമ്പ്, മറ്റൊരു കരിംപച്ച ഇല അവിടെയാരോ വരച്ചു വെച്ചിട്ടുണ്ടായിരുന്നു..എനിക്കു തോന്നുന്നത് പണ്ടുമുതലേ അതവിടെ ഉണ്ടായിരുന്നുവെന്നാണ്. അരികുകളിൽ മഞ്ഞപ്പു കലർന്ന ആ അവസാന ഇല.. ഇത്രമാത്രം കാറ്റടിച്ചിട്ടും ആ ഇല എന്തുകൊണ്ടനങ്ങുന്നില്ല എന്നു നീ ശ്രദ്ധിച്ചില്ല ? അതിന്മേൽ കൃത്യമായി വരച്ചു ചേർത്ത ആ ശൂന്യഇല – ബർമ്മന്റെ മാസ്റ്റർപീസ് ഇല്ലായിരുന്നുവെങ്കിൽ, നിന്റെ ജീവിതം എത്ര മാത്രം ദുരന്തപൂർണ്ണമായിരുന്നിരുന്നേനെ എന്നോർത്തു നോക്കിക്കേ..”

                                                                   ***********



ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2014

മൂന്ന്.



 അവൾ തുടർന്നു : “അതേ നിമിഷത്തിലാണ്, അടിമേ, നിന്നോടുള്ള അലിവും എന്നെ പ്രതിയുള്ള പ്രതിഷേധവും എന്റെ അബോധത്തിന്റെ വേരുകളിൽ തൊട്ടത്. ഉറവിടം തേടി പോകേ വേരുകൾ എന്നെ പലതായി പകുത്തിരിക്കുന്നു. ഓരോ വിഭജനത്തിലും അടരലിന്റെ നോവും പിറവിയുടെ നവോന്മേഷവും ഞാനനുഭവിക്കുന്നു. പക്ഷേ മറുവശത്ത്, ഓരോ ആയുധവും  പുതുമയും വിജയോന്മാദവും ഉറപ്പു നൽകി  എന്നെ കാത്തിരിക്കുന്നു. എതിരാളികളെ ഒന്നൊഴിയാതെ അരിഞ്ഞു തള്ളിയ നീയിനി അവയെല്ലാം ആർക്കു നേരെ പ്രയോഗിക്കും എന്ന് നിന്റെ അടിമമസ്തിഷ്ക്കം നിശബ്ദം എന്നോടു ചോദിക്കുന്നു. ജാനകിയായിരുന്നു ശരി എന്നെനിക്ക് പറയാനാവില്ല. പക്ഷേ അറിയുന്നു, അവൾ പറഞ്ഞതിൽ ചില ശരികളുണ്ടായിരുനെന്ന്.  അതേ. ഇനിയൊരു മടക്കയാത്രയില്ല.  എന്നോടു തന്നെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട്, ഞാനിതാ നിന്നെ സ്വതന്ത്രനാക്കുന്നു. മംഗളം !”
 



വൃത്തിഹീനമായ ഒരു ചേരിയിലേക്ക്  കാലെടുത്തു വച്ചതു പോലെയാണ് ഡിറ്റക്ടീവ് ഭദ്രയ്ക്ക് തോന്നിയത്. അംഗഭംഗം വന്നവർ,  നിർവികാരരായ വൃദ്ധർ, മുറിവുകളിൽ നിന്ന് പഴുപ്പും  ചോരയുമൊലിപ്പിച്ചു കൊണ്ട് എന്തൊക്കെയോ ശാപവചനങ്ങളുരുവിടുന്നവർ, അശ്ലീല ആംഗ്യങ്ങളോടെ ക്ഷണിക്കുന്ന സ്ത്രീകൾ, കരഞ്ഞു മയങ്ങുന്ന കുഞ്ഞുങ്ങൾ.  ആ അന്തരീക്ഷത്തിനനുയോജ്യമായ വേഷവിധാനങ്ങളോടെ, ആരുടെയും ശ്രദ്ധയ്ക്ക് ഇടം കൊടുക്കാതെ നടന്നു നീങ്ങുമ്പോൾ തന്നെ അവരുടെ സൂക്ഷദൃഷ്ടികൾ തെരുവിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കുകയായിരുന്നു.

ആൾക്കൂട്ടത്തിനിടയിൽ,തന്നെ മറികടന്ന് മുന്നോട്ട്  നീങ്ങിയ നരച്ച സാരി ചുറ്റിയ സ്ത്രീ, അബദ്ധത്തിലെന്നോണം ഒന്നു തോണ്ടിയ ശേഷം പിറുപിറുക്കുന്നത് തനിക്കുള്ള  സന്ദേശമാണെന്ന് അവരുടെ അപസർപ്പകബുദ്ധി പെട്ടന്നു തന്നെ തിരിച്ചറിഞ്ഞു. ‘പിന്തുടരുക’ എന്ന അവസാനവാക്ക് മാത്രമേ വ്യക്തമായുള്ളൂവെങ്കിലും, അത് ചെയ്യാൻ തന്നെയാണ് ഡിറ്റ. ഭദ്ര തീരുമാനിച്ചത്. സാരിത്തലപ്പു കൊണ്ട് മുഖം മുറച്ച്, ആൾക്കൂട്ടത്തിലൂടെ  തിടുക്കത്തിൽ മുന്നോട്ടു നിങ്ങുന്ന  ഈ സ്ത്രീ  എങ്ങോട്ടാണ് തന്നെ നയിച്ചു കൊണ്ടു പോകുന്നത് എന്നൊരു സന്ദേഹം ഡിറ്റ. ഭദ്രയിൽ ഉണർന്ന അതേ  നിമിഷത്തിലാണ് അവർ പൊടുന്നനെ അപ്രത്യക്ഷയായത്. അതേ നിമിഷം തന്നെ, ഇടതുവശത്തുള്ള കെട്ടിടത്തിന്റെ ഒരു ഇടുങ്ങിയ വാതിലൂടെ നീണ്ടു വന്ന ഒരു കൈ, ഡിറ്റ. ഭദ്രയെ അകത്തേക്കൊളിപ്പിക്കുകയും ചെയ്തു.

“ അയാളുടെ ആൾക്കാർ ഇവിടെയുമുണ്ട്..എന്നെയവർക്കറിയാം.. നിങ്ങളുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു നാടകം കളിക്കേണ്ടി വന്നത്....” സാരിത്തലപ്പെടുത്ത് വീശി ഉഷ്ണമകറ്റാൻ ശ്രമിച്ചു കൊണ്ട് ആ സ്ത്രീ പുഞ്ചിരിച്ചു. “ വരൂ..  മഹി അകത്തുണ്ട്..”
പുറത്തെ ശബ്ദകോലാഹലങ്ങളൊന്നും കടനെത്താത്ത വിധം   ശാന്തമായ ഒരു മുറിയായിരുന്നു അത്. നിശബ്ദതയാണ് ആ ലോകത്തിന്റെ അടയാളമെന്ന് പൊടുന്നനെ ഡിറ്റ. ഭദ്രയ്ക്ക് തോന്നി.  തന്നോട്  അകൽച്ചയില്ലാത്തെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയോട് എവിടെയോ എന്തോ പരിചയങ്ങൾ  ഉള്ളിലുണരുന്നതു പോലെയും.
.
“മഹീ ..”  അടുത്ത മുറിയിൽ, മയക്കം പിടിച്ചു തുടങ്ങിയിരുന്ന യുവതിയെ അവർ തട്ടിയുണർത്തി. “ഞാൻ പറഞ്ഞിരുന്നില്ലേ.. നിന്നെയന്വേഷിച്ച് ഭദ്ര എത്താതിരിക്കില്ലെന്ന്... ”

മഹി എണീറ്റു ഭദ്രയ്ക്കു നേരെ കൈ നീട്ടി.. “  കേട്ടിട്ടുണ്ട്  ഒരുപാട്...”

 ദാറ്റ് വാസ് എ ബ്രില്ല്യന്റ് മൂവ് മഹീ....” ഡിറ്റ്കറ്റീവ്  അവളുടെ കൈ നുകർന്ന ശേഷം അവളുടെ മുടിയിഴകളിൽ നിന്ന്  ആ സൂക്ഷ്മക്യാമറ നുള്ളിയെടുത്തു. “ മിടുക്കില്ലാത്ത ഒരാൾക്ക് ഇങ്ങനെയൊരു സ്പൈ കാം മുടിയിൽ തിരുകി വെക്കുക സാദ്ധ്യമല്ല..”

മഹിയ്ക്ക് അത്ഭുതം തോന്നാതിരുന്നില്ല. ഒരു മൊട്ടുസൂചിയോളം പോന്ന ആ  സ്പൈ കാം തനിക്കല്ലാതെ മറ്റാർക്കും വീണ്ടെടുക്കാനാവില്ലെന്നാണ് അവൾ കരുതിയിരുന്നത്. ആ വിശ്വാസം അയാൾക്കരികിൽ ചെല്ലുമ്പോഴുമുണ്ടായിരുന്നു.

“ അബോധത്തെ അളക്കാതിരുന്നിടത്താണ് നിനക്ക്  പിഴച്ചത് – അയാളുടെ, നിന്റെ തന്നെയും...”  ഡിറ്റ. ഭദ്ര പറഞ്ഞു. “ അങ്ങനെ നോക്കുമ്പോൾ, അയാൾ പൂർണ്ണമായും കുറ്റക്കാരനുമല്ല
.. അല്ലേ , ജാനകീ.?” തന്നെയവിടെയെത്തിച്ച മൂന്നാമൾക്കു നേരെ തിരിഞ്ഞു കൊണ്ട്, ഒരു  അന്വേഷകയ്ക്ക് മാത്രം സാധ്യമാവുന്ന  നാടകീയതയോടെ, ആ പേരിൽ അത്രമേൽ ഊന്നി കൊണ്ടാണ് ഡിറ്റ. ഭദ്ര അതു ചോദിച്ചത്.
“ തിരിച്ചറിഞ്ഞു അല്ലേ....” അവരുടെ കൈ പുണർന്നു കൊണ്ട് ജാനകി പുഞ്ചിരിച്ചു.. “ഗ്രേറ്റ്, ഭദ്രാ.. നമിക്കുന്നു, ഈ പാടവത്തെ..”

“ കുറ്റവും ശിക്ഷയുമെല്ലാം....”  ജാനകി പുഞ്ചിരിച്ചു. “ഇവൾ തന്നെ തീരുമാനിക്കട്ടെ. നോ കമന്റ്സ്..”

“ ശരി തന്നെ. അവൾ തന്നെ തീരുമാനിക്കട്ടെ....” ഡിറ്റ. ഭദ്ര തന്റെ ടാബ് ഓൺ ചെയ്ത് ഒരു ചിത്രം അവൾക്കു നേരെ നീട്ടി. “പറയൂ മഹീ.. അയാളെ എന്തു ചെയ്യണം ? എന്താണു നിന്റെ വിധി?”
ടാബിൽ കണ്ട പുരുഷന്റെ ചിത്രം ഒരു നിമിഷത്തേയ്ക്ക്  അവളെ പരിഭ്രമിപ്പിച്ചു.  

“പേടിക്കേണ്ട.. അയാൾക്കിപ്പോഴും ഓർമ്മ തെളിഞ്ഞിട്ടില്ല .” ഡിറ്റ. ഭദ്ര അവളെ ആശ്വസിപ്പിച്ചു.

“ ഇവിടെയാണ് ഇപ്പോൾ നാമുള്ളത്.. ” ഡിറ്റ. ഭദ്ര അയാളുടെ ശിരസ്സിലേക്ക് വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു, “ ഇവിടെ -  അയാളുടെ അബോധപാതാളത്തിൽ
”. .

“ആദ്യം, നിനക്കെവിടെയാണ് പിഴച്ചത് എന്നു നമുക്ക് പരിശോധിക്കാം..” ഡിറ്റ. ഭദ്ര അവളുടെ ചാരക്ക്യാമറയിൽ നിന്ന് മെമ്മറി ചിപ്പ് അടർത്തിയെടുത്ത്, തന്റെ ടാബിൽ കുത്തി.  

 അവളോട് ഇണചേരാനൊരുങ്ങുന്ന പുരുഷന്റെ കളിചിരികളും ലാസ്യചലനങ്ങളും സ്ക്രീനിൽ തെളിഞ്ഞോടിക്കൊണ്ടിരിക്കേ, പൊടുന്നനെ   ദൃശ്യങ്ങൾ മാഞ്ഞു.
“അയാൾ ക്യാമറ കണ്ടു എന്ന് നീ ഭയപ്പെട്ടു. അല്ലേ ? ” ഡിറ്റ. ഭദ്ര ആരാഞ്ഞു.

അവളൊന്നും മിണ്ടിയില്ല.  

“കുറച്ചു കാലമായി ഞാനയാൾക്കു പുറകേയുണ്ട്..കൃത്യമായി പറഞ്ഞാൽ അങ്കിതയുടെ തിരോധാനം മുതൽ..അവളെ എങ്ങനെയാണ് തുടച്ചു നീക്കിയതെന്ന് അയാൾ  പറയുന്നത് ഞാനും കേട്ടതാണ്. അങ്ങനെയോരോന്ന് പറുക്കിയെടുക്കാനാണ് അയാൾക്കു പിറകേ കൂടിയിരിക്കുന്നതും.” ഡിറ്റ. ഭദ്രയുടെ  കണ്ണുകൾ വന്യരൗദ്രതയിൽ തിളങ്ങി. “പക്ഷേ അയാളത് നിന്നെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മാത്രം പറഞ്ഞതാണ്. .. നീ കൃത്യമായും  അതിൽ വീണു പോയി.  അയാൾ ആ ക്യാമറ കണ്ടിരുന്നില്ല എന്നതാണ് വാസ്തവം.. പക്ഷേ നീ അപ്രത്യക്ഷയായത് അയാളെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. ..അയാൾ എന്നാൽ
അയാളുടെ സ്വബോധം..അതിനു നിന്നെ വേണമെന്നുണ്ടായിരുന്നു..ഏറ്റവും കുറഞ്ഞത് ആദ്യസംയോഗം തീരുന്നതു വരെയെങ്കിലും....”

മഹി ഒന്നു മൂളി.

“നീയാണ് തല കുനിച്ച് കീഴടങ്ങിയത്. നിന്റെ അബോധം.. ദുർബലയെന്ന നിന്റെ നിതാന്തഭയം. പ്രതിഷേധമേതുമില്ലാതെ നീ കീഴടങ്ങിയ വിജയോന്മാദത്തിൽ അയാളുടെ അബോധം നിന്നെ വിഴുങ്ങിക്കളഞ്ഞു.!.”

   ‘ഓ..അങ്ങനെയോ’എന്ന കൗതുകഭാവത്തിൽ മഹി ഡിറ്റ. ഭദ്രയെ നോക്കി.

“.നിങ്ങളുടെ മുറിക്ക് തൊട്ടപ്പുറത്തിരുന്ന് ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. അയാൾ അങ്ങനെ കൈ നീട്ടിയ നേരത്ത്, നീ പൊടുന്നനെ അപ്രത്യക്ഷയായത് ഒരു നിമിഷം എന്നെയും അമ്പരപ്പിച്ചു. നീ എന്തെങ്കിലും മായാജാലവിദ്യകൾ പ്രയോഗിച്ചതാവാം എന്നാണ് അപ്പോഴെനിക്കു തോന്നിയത്. അയാൾ പരിഭ്രമിച്ചു തലകുടയുന്നതും നിന്നെ ഉറക്കെവിളിക്കുന്നതും കണ്ടപ്പോൾ ആ സമയത്ത് ഇടപെട്ടില്ലെങ്കിൽ മുറിയിൽ മറ്റുള്ളവർ വരാനും പരിശോധിക്കാനും സാധ്യതയുള്ളതുകൊണ്ട് അയാളുടെ ബോധം കെടുത്തുകയല്ലാതെ എനിക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. പക്ഷേ മുറി മുഴുവൻ അരിച്ചു പെറുക്കിയിട്ടും നിന്റെ പൊടി  പോലും കണ്ടുകിട്ടിയതുമില്ല. നിന്നെ അന്വേഷിച്ചന്വേഷിച്ചാണ് ഞാനിവിടെയെത്തുന്നത്.. ഇതൊരു ചരിത്രനിയോഗമായിരിക്കാം അല്ലേ ജാനകീ......ഇവളേക്കാൾ വളരെ മുമ്പേ ഇതേ ലോകത്താൽ വിഴുങ്ങപ്പെട്ടവളാണല്ലൊ  താങ്കൾ..
..”

  തെറ്റി,ഭദ്രാ..”  ജാനകി പുഞ്ചിരിച്ചു. “വിഴുങ്ങപ്പെടുകയല്ല ; ഈ ലോകത്തേക്ക് ഞാൻ സ്വമേധയാ ഇറങ്ങി വരികയാണുണ്ടായത്..” .   

“ അങ്ങനെയോ ! ” ഡി. ഭദ്രയുടെ പുരികം ചുളിഞ്ഞു.  “ അമ്മയുടെ മടിത്തട്ടിന്റെ സ്വാസ്ഥ്യത്തിലേക്കിറങ്ങി പോയി എന്ന കഥ വിശ്വസനീയമായി എനിക്കൊരിലും തോന്നിയിരുന്നില്ല...പക്ഷേ താങ്കൾ സ്വയമിറങ്ങി വന്നതാണ് എന്നു കേൾക്കുമ്പോൾ.......”

ഡിറ്റ. ഭദ്ര മഹിക്കു നേരെ തിരിഞ്ഞു. “എക്സ്ക്യൂസ് മി മഹീ
അയാൾക്കു ബോധം തെളിയുന്നതുവരെ നമുക്ക് സമയമുണ്ട്.. ഞാൻ ജാനകിയുടെ  വെർഷൻ ഒന്നു കേൾക്കട്ടെ....  ഒരു തീരുമാനത്തിലെത്താൻ ഒരുപക്ഷേ ഈ കഥയും നിന്നെ സഹായിച്ചേക്കും....”
മഹി താല്പര്യമില്ലാത്ത മട്ടിൽ  തലയാട്ടി.

 “ ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം  ജാനകീ
.അത്രയും വലിയൊരു ആൾക്കൂട്ടത്തിന്റെ മുൻപിൽ വച്ച് ഹീനമായി അപമാനിക്കപ്പെട്ടതായിരുന്നില്ലേ താങ്കളുടെ തിരോധാനത്തിനു കാരണം ?”

“അല്ല ഭദ്ര.  ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.  സാന്ദർഭീകമായ ചില വൈകാരികതകൾ അപ്പോഴുണ്ടായിരുന്നെങ്കിലും പ്രതികാരമോ പ്രതിഷേധമോ ആയിരുന്നില്ല അതിനു പിന്നിൽ..”

  പക്ഷേ ആ പിന്മാറ്റം അധികാരോന്മത്തതയെ അരക്കിട്ടുറപ്പിക്കുകയല്ലാതെ എന്തു മാറ്റമാണുണ്ടാക്കിയത് ?..തലയുയർത്തി നിന്ന്, നേർക്കു നേർ പോരാട്ടം ആവശ്യപ്പെടുന്ന  ചരിത്രസന്ദർഭമായിരുന്നു അത്. ജാനകി അതിനു ശേഷിയില്ലാത്തവളായിരുന്നെന്ന് ഞാൻ കരുതുന്നില്ല..”

“ അധികാരത്തോടൊപ്പവും അതിന്റെ തടവിലും  രണ്ടിൽ നിന്നും മുക്തയായും ഞാൻ ജീവിച്ചിട്ടുണ്ട്.  സ്വാർത്ഥത്തെ സ്വാർത്ഥം കൊണ്ടോ അധികാരത്തെ അധികാരം കൊണ്ടോ നേരിടാൻ കഴിയില്ല  ഭദ്രാ..അങ്ങനെയൊരു യുദ്ധത്തിൽ എതിരാളികൾ ഉന്മൂലനം ചെയ്യപ്പെട്ടാലും അവിടെ അവശേഷിക്കുന്നത് അതേ സ്വാർത്ഥവും അധികാരവും തന്നെയായിരിക്കും. രൂപവും ഭാവവുമെല്ലാം വിജയികളുടേതായി  മാറും എന്നു മാത്രം.പിന്നീട് ആ വിജയികൾ തന്നെ ഇരകളെ കണ്ടെത്താൻ തുടങ്ങും..  .”

“ അതുകൊണ്ട്, സ്വയം തിരുത്തുന്നതുവരെ അധികാരം അതിന്റെ നൃശംസതകൾ തുടരട്ടെ എന്ന  നിഷ്ക്രിയസിദ്ധാന്തം വേട്ടക്കാർക്കാണാനൂകൂല്യം നൽകുന്നത്..എനിക്കതു പിന്തുടരാൻ വയ്യ..” ഡിറ്റ. ഭദ്രയുടെ ശബ്ദത്തിൽ രോഷം കലർന്നിരുന്നു.
ജാനകി ഡിറ്റ. ഭദ്രയുടെ കൈകൾ സ്നേഹപൂർവം കൈയ്യിലെടുത്തു. “ അറിയാം., ഈ ചോര തിളയ്ക്കുന്നത്, എട്ടു കൈകളുടെ വീറോടെ അടരാടുന്നത്, അനീതികൾക്കെതിരെയാണെന്ന്..സംശയമില്ല.. പോരാട്ടം തുടരുക തന്നെ വേണം. തിന്മകൾ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം..... ”

“പറയാൻ പലതുമുണ്ട്.. ഇനിയൊരവസരത്തിലാവട്ടെ..” ഡിറ്റ. ഭദ്ര അസംതൃപ്തയായി തലയാട്ടി.

.  “ അതെ ” ജാനകി മഹിക്കു നേരെ മിഴി ചൂണ്ടി “  മഹിയുടെ കോട്ടുവായും അതാണ് പറയുന്നത് ....
  നമുക്ക് ഓരോ കപ്പ്  ചായയായാലോ ?”

ചായ മൊത്തി കൊണ്ടിരിക്കേ,  ഡിറ്റ. ഭദ്രയാണ് വീണ്ടും തുടക്കമിട്ടത്. “ അയാൾക്കു ബോധം തെളിയാൻ ഇനിയും ഒരു മണിക്കൂർ എടുക്കും..മഹിയ്ക്ക് തിടുക്കമൊന്നുമില്ലല്ലോ ?”

“ എന്നു ചോദിച്ചാൽ..” മഹി തന്റെ  അസ്വാരസ്യം മറച്ചു വെച്ചില്ല.. “ ജാനകി പറഞ്ഞതാണു കാര്യം.. ബോറടിക്കുന്നുണ്ട്
ഇവിടെ മറ്റു മനുഷ്യരൊന്നുമില്ലേ ?”

 “ അതാണ് എനിക്കും ചോദിക്കാനുള്ളത്..  താങ്കളുടെ  കുട്ടികളെ പോലും താങ്കൾക്കൊപ്പം കാണാനില്ലല്ലോ ജാനകീ....” ഡിറ്റ. ഭദ്രയുടെ ശബ്ദത്തിൽ സഹതാപപുച്ഛങ്ങൾ ഇടകലർന്നു..

“സത്യം തന്നെ. ഞാനിപ്പോഴും തനിച്ചാണ്.....എങ്കിലും മണ്ണടിഞ്ഞു മറ്റൊന്നിനു വളമാകുന്നതുവരെ ഇവിടെ തന്നെ തുടരാനാണ് ആഗ്രഹം..” മഹിയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ടാണ് ജാനകി അതു പറഞ്ഞത്.

“ ശരി.. ഇനിയും വൈകിക്കുന്നില്ല ..” ഡിറ്റ  ഭദ്ര മഹിക്കു നേരെ തിരിഞ്ഞു..
 “ ഇത്രയുമെത്തിയ മഹിക്കു മുന്നിൽ ഏതുലോകവും തിരഞ്ഞെടുക്കുന്നതിനുള്ള ഒരവസരം  നൽകേണ്ടതുണ്ട് എന്ന്  കരുതുന്നു..” ഡിറ്റ. ഭദ്രയുടെ  ശബ്ദത്തിൽ ആത്മവിശ്വാസം തുളുമ്പിയിരുന്നു. “ എന്തു പറയുന്നു മഹീ ?. ജാനകിക്കൊപ്പം കൂടുന്നോ അതോ ഭൗതികത്തിലേക്ക് തിരികെ പോരുന്നോ ?.”

ജാനകി വാൽസല്യത്തോടെ പുഞ്ചിരിച്ചു. “ അതൊരു നല്ല തീരുമാനമാണ്. അവൾ തീരുമാനിക്കട്ടെ
..”

ഒരു പുഞ്ചിരി മഹിയുടെ ചുണ്ടിലും വിരിഞ്ഞു. ഒട്ടും തിടുക്കം കൂട്ടാതെയാണ് അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്ന്   പിസ്റ്റൾ  പുറത്തെടുത്ത് ജാനകിക്കു നേരെ ചൂണ്ടിയത്.

“ സോറി,   ജാനകീ..ഇനിയും  പാഴാക്കാൻ സമയമില്ല..”

 ഒരു മിന്നൽ പിണർ പാഞ്ഞതു പോലെയാണ് ഡിറ്റ. ഭദ്രയ്ക്കു തോന്നിയത്. “ എന്താണീ ചെയ്തത് !!” അരയിൽ നിന്ന് പിസ്റ്റളെടുത്ത് മഹിക്കു നേരെ ചൂണ്ടിക്കൊണ്ട് അവർ അലറി.  

മഹി പുച്ഛത്തോടെ ചിരിച്ചു. “ എനിക്കറിയാം, നിങ്ങൾ ഇതു കണ്ടിട്ടുണ്ടാവില്ല, ഡിറ്റക്റ്റീവ് !” അവൾ  തോക്കിൽ ചുംബിച്ചു. “ ദിസ് ഈസ് ദ മോസ്റ്റ് അഡ്വാൻസ്ഡ് വൺ..    ഒരൊറ്റ ട്രിഗറിന്, ഇരുപത്തിനാലിലധികം തവണ റേയ്സ്  പായും. ഒരു പൊടി പോലും ശേഷിക്കില്ല. ഇനി,  ദാ ഈ ബട്ടനിൽ ജസ്റ്റ് ഒന്നു പ്രെസ്സ് ചെയ്താൽ, നിങ്ങളുദ്ദേശിക്കുന്നവരുടെ അബോധത്തിലേക്ക് പ്രവേശിക്കാം, അവിടെ എന്തു ചെയ്യാം. അതിനാണ് ഞാനിവിടെ വന്നത്- അയാളുടെ പ്രതിരോധങ്ങളും സന്ദേഹങ്ങളും ഓരോന്നായി കണ്ടെത്താൻ, അവ തുടച്ചു നീക്കാൻ; അല്ലാതെ ഇതൊരു  വിഴുങ്ങലും പുഴുങ്ങലും കീഴടങ്ങലുമൊന്നുമല്ല.  എനിക്കെന്റെ ലക്ഷ്യം പൂർത്തീകരിച്ചേ പറ്റൂ. ജാനകി ഒരു വേസ്റ്റ് ആണ്. നിങ്ങൾ ഒരു ന്യൂയ്സെൻസും..സോറി. ”

തോക്കിൽ നിന്ന് ഒരു തവണ കൂടി കണ്ണഞ്ചിക്കുന്ന പ്രകാശം നിറയൊഴിഞ്ഞു.