ഞായറാഴ്‌ച, ജനുവരി 12, 2014

പ്രളയാനന്തരം



                                                        പ്രളയാനന്തരം

പെയ്യാനൊരുങ്ങി  നില്ക്കുന്ന  ആകാശം പോലെയായിരുന്നു യശോധയും.
 
ടോർച്ച് മിന്നിച്ച് മുൻപേ നടക്കുമ്പോൾ, അവളിൽ ഘനീഭവിച്ച മൗനത്തിന്റെ അർത്ഥാന്തരങ്ങളെ ചികഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അയാൾ. ഒരു മിന്നൽശകലം അവളിൽ നിന്ന് പുറപ്പെട്ടാൽ, ഒരു പക്ഷെ താനും  പെയ്തേക്കുമല്ലോ  എന്നയാൾ  ഭയപ്പെട്ടു.  

ഒരില പോലും അനങ്ങുന്നുണ്ടായിരുന്നില്ല. കുറ്റാക്കൂറ്റിരുട്ടും.
പൊടുന്നനെയാണ് ഇരമ്പം കേട്ടു തുടങ്ങിയത്.
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പടവുകളിറങ്ങി പുഴമണല്പരപ്പിലെത്തി കഴിഞ്ഞു.

വിവരം കേട്ടയുടനെ ഓടിപ്പാഞ്ഞിറങ്ങിയതാണ് യശോധ.  സ്റ്റേഷനിൽ നിന്ന് തിടുക്കപ്പെട്ടിറങ്ങുന്നതിനിടയിൽ അയാളും കുടയെടുക്കാൻ മറന്നിരുന്നു.

മഴത്തുള്ളികൾ ദേഹത്തു വീഴുമ്പോഴെങ്കിലും അവൾ മൗനം വെടിയുമെന്ന  പ്രതീക്ഷയിൽ അയാൾ നടത്തത്തിന്റെ വേഗം ഒന്നു കുറച്ചു.  ചാറ്റൽ മഴ നനഞ്ഞാൽ പോലും തോർത്തുമായി പുറകേ ഓടി വരുന്നവളാണ്.

ഒന്നുമുണ്ടായില്ല.നിറഞ്ഞ മൗനത്തോടെ പിന്തുടരുക മാത്രം.

ഒരാരവത്തോടെ വർഷബിന്ദുക്കൾ താഴേക്കിറങ്ങി വന്ന് അവരെ പൊതിഞ്ഞു.  നനഞ്ഞൊട്ടി ടോർച്ച് മിന്നിച്ച് നടക്കുമ്പോൾ, എരിയുന്ന കൊള്ളിയേന്തി ചിതയെ വലം വെക്കുന്ന വാസുട്ടനെ ഒരു നിമിഷം അയാൾ  ഓർത്തു ;  തന്നെ തന്നെയും.

ഉണങ്ങി വരണ്ട മണല്പരപ്പുകൾ  ആർത്തിയോടെ വെള്ളം കുടിച്ചു തീർക്കുകയാണ്.  നടവഴിയിലെ ഉണങ്ങിയ പുല്ലുകൾക്ക് നേരിയൊരു വഴുവഴുപ്പ്. കാലവർഷം പിറന്നിരിക്കുന്നു !

“നിൽക്ക് !” സ്വയമറിയാതെയാണ് അയാളുടെ ശബ്ദമുയർന്നത്.

നിർത്താതെ മിന്നിയ ടോർച്ച് വെളിച്ചത്തിലേക്ക് അവൾ പുറകിൽ നിന്ന് തലയെത്തിച്ചു നോക്കി.
 
വലിയൊരു പാമ്പ് !!  ടോർച്ചിന്റെ മങ്ങിയ  വെളിച്ചവും കഴിഞ്ഞ് അതിന്റെ നീളം ഇരുളിലേക്ക് നീണ്ടു പോകുന്നു !!

 മരണം പോലെ ഒരു തണുപ്പ് മേലാകെ പടർന്ന് കയറുന്നത് അയാൾ അറിഞ്ഞു..

‘ഇനി ഞാനെന്താണു വേണ്ടത്?’ എന്ന മട്ടിൽ അത് തലയുയർത്തി അവരുടെ നേരെ തിരിഞ്ഞു നിന്നു. അഞ്ച് പത്തടികൾക്കുമിപ്പുറം ചലനമറ്റ് അവരും. മഴയുടെ മിനുക്കത്തിൽ അതിന്റെ  ഇരുണ്ട ശൽക്കങ്ങൾ വെള്ളി പോലെ തിളങ്ങി.

പാമ്പിന്റെ ചലനങ്ങൾ ഏകാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു  അയാൾ. ഇരുണ്ട് മരതകവർണ്ണമാർന്ന ഉടൽ അരയോളം ഉയർത്തിപ്പിടിച്ച്, ജിഹ്വാഗ്രത്താൽ ലോകമറിഞ്ഞ് അതങ്ങനെ ഏറെനേരം നിന്നു. ഒടുവിൽ ഒരു തീർപ്പിലെന്ന വണ്ണം, വിഷാദഗാംഭീര്യത്തോടെ ശിരസ്സൊന്നു നമിച്ച് സാവധാനം പുറകിലെ പുല്പടർപ്പിലേക്കു മടങ്ങി. അതിനിടയിൽ, പുതിയ വെളിപാടിന്റെ ബോധപാരമ്യത്തിൽ അറിയാതുയർന്ന നിലവിളി  വാ പൊത്തി  വിഴുങ്ങി യശോധ  തനിക്കു പിന്നിൽ നിന്നു പിടഞ്ഞത് അയാളറിഞ്ഞില്ല. തിരിഞ്ഞു നോക്കുമ്പോഴാകട്ടെ, അതിനകം  അവസാനഉത്തരവും പൊരുത്തപ്പെട്ട യശോധ വർത്തമാനത്തിന്റെ നിർവികാരമൗനം തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഒരു നീർക്കോലിയെ കണ്ടാൽ പോലും അലറിപ്പാഞ്ഞ് അട്ടത്ത് കയറുന്നവളുടെ ആ  ചാഞ്ചല്യമില്ലായ്മ അയാളെ അമ്പരപ്പിക്കുക തന്നെ ചെയ്തു.  

നടത്തം വീണ്ടെടുക്കുമ്പോൾ, ഒരവസാനപ്രതീക്ഷയോടെ യശോധ വീണ്ടുമൊന്ന് തലയുയർത്തി നോക്കി. ഒന്നുമുണ്ടായില്ല.. ആ പുൽക്കാടുകളിലേക്കും ഇരുളിന്റെ തീ പടർന്നു കഴിഞ്ഞിരുന്നു.

                                                         ********

ദഹിപ്പിക്കുന്നതിൽ അതൃപ്തിയുള്ള പലരെയും അയാളവിടെ കണ്ടിരുന്നു. വാസുട്ടന്റെ ബന്ധത്തിലുള്ള ചില കാരണവന്മാർക്ക് അത് ആചാരപരമായി തെറ്റാണെന്ന അഭിപ്രായമാണ്. ‘ഇനിയിപ്പോൾ കുഴിച്ചിട്ടാൽ തന്നെ ആരു ചോദിക്കാനാണ്’  എന്നൊരു ഗർവ്വ്, പഴയ വൈരമൊക്കെ മറന്ന്  ഇഷ്ടത്തിലായ ലില്ലിക്കുഞ്ഞിന്റെ വീട്ടുകാരും പ്രകടിപ്പിക്കുന്നുണ്ട്. പക്ഷേ മാറി നിന്നു കുശുകുശുക്കുന്നതല്ലാതെ ആരുമൊന്നും പറയുന്നില്ല.. മറ്റു ചിലർ എന്തിനേയൊ ഭയപ്പെടുന്നതു പോലെ പൂർണ്ണമൗനത്തിലും.

“ എന്റെ വിശ്വേട്ടാ, ആക്യൊള്ളത് ഈ ഇരുപത് സെന്റ് പറമ്പല്ലേ.. തെങ്ങും കവുങ്ങുമൊക്കെ ഒഴിവാക്കി ഒരിത്തിരി ഇടമുള്ളിടത്ത് കുഴിട്ക്കാന്ന് കര്ത്യപ്പോ അതിന്റെ രണ്ടടി അപ്പറത്താ കെണറ്.. സംഗതി ക്ടാവണങ്കെലും ഒറവ്ട്ക്കാണ്ട്‌രിയ്ക്ക്യോ?” ചിതയ്ക്കു മുകളിൽ തകരപ്പാട്ടയുടെ പന്തൽ   ഉറപ്പിക്കാൻ അവളുടെ ആങ്ങളമാരോടൊപ്പം ഉത്സാഹിക്കുന്നതിനിടയിൽ സ്വകാര്യം പോലെ തിലകൻ പറഞ്ഞപ്പോൾ ഒന്ന് അമർത്തി മൂളുക മാത്രമേ അയാൾക്ക് സാധ്യമായിരുന്നുള്ളു.  മറിച്ചൊരു തീരുമാനം എടുപ്പിക്കാൻ മാത്രം  തിലകനോളം ബന്ധുത്വമോ അടുപ്പമോ അയാൾക്കില്ല.

   പട്രോളിങ്ങിലായിരുന്നോണ്ട് കേട്ട വഴിയ്ക്ക് എറങ്ങാൻ പറ്റില്ല്യ....” തലയ്ക്കു കൈ കൊടുത്ത് മാറിയിരിക്കുകയായിരുന്ന വാസുട്ടനോട്   എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ അയാൾ പരുങ്ങി.

“ ഇനിപ്പോ  എത്തീട്ടും എന്ത് കാര്യം വിശ്വേട്ടാ.. മ്മടെ മുത്ത് വെളുപ്പിനേ പോയില്ല്യേ..”  വാസുട്ടൻ നെഞ്ച് തടവി. പെയ്തു തോർന്ന കണ്ണുകളിൽ വീണ്ടും നീർ നിറഞ്ഞു.

“ന്നാലും ഒന്ന് പോസ്റ്റ് മോർട്ടം  ചെയ്ത് നോക്കായിര്ന്നു  വാസുട്ടാ..”  തന്റെ നെഞ്ചിൽ പുകഞ്ഞുപടർന്നു കൊണ്ടിരുന്നത്  അയാൾ പുറത്തേയ്ക്കിട്ടു. “ ഇതിപ്പോ ദഹിപ്പിക്കുമ്പോ....”

“ ഇനീം അതൊക്കെ അറിഞ്ഞ്ട്ട് എന്ത് കാര്യം ചേട്ടാ.. ഒരു കൊഴപ്പൊല്ല്യാന്ന് ലോകത്തൊള്ള ഡോക്ടർമാരൊക്കെ ആണയിട്ട് പറഞ്ഞ്ട്ടും  മ്മടെ കുട്ടി ഇവടെ കെടന്ന് കാട്ടിക്കൂട്ടിര്ന്ന്ത് കണ്ണാലെ കണ്ട്‌ര്ന്നതല്ലേ.. അവളണങ്ങെ ന്റെ പൊന്നിനെ വെട്ടിപ്പൊളിക്കല്ലേന്ന്  ചങ്ക് പൊട്ടി നെലോളി..പെറ്റ വയറല്ലേ.. ” വാസുട്ടന്റെ ശബ്ദമിടറി.. “ മ്മക്ക് വിധിച്ചിട്ടില്ല്യാ വിശ്വേട്ടാ.. അദെന്നെ..”

അയാൾക്ക് മറുപടിയൊന്നും പറയാനുണ്ടായില്ല. ഉള്ളിലെ അഗ്നിസഞ്ചാരം ദേഹമാകെ പടരുകയാണ്.

“ തിലകൻ പറഞ്ഞ്ട്ട് കഴിഞ്ഞ മാസം  വൈലത്തൂര് ഒരു വൈദ്യരെ കൊണ്ടു കാണിച്ച്ര്ന്നു. ഒറക്കം ത്തിരി കൂടിര്ന്നൂന്നെ ള്ളൂ ; അതീ പിന്നെ മോന് നല്ല ആശ്വാസണ്ടായിര്ന്നു വിശ്വേട്ടാ. എല്ലാം മാറീന്ന്വെച്ചിരിക്ക്യായ്ര്ന്നു ഞങ്ങള്.. ആ ആശ്വാസത്തിലാ മില്ലില്  മോട്ടറ് കത്ത്യപ്പോ കിട്ട്യ ഗ്യാപ്പിനു ഞാനിന്നലെ  തന്നെ വന്നത്. രാത്രി കൊറെ നേരം എണ്റ്റ് കെട്ന്ന് കളിയ്ക്ക്യേം ചെയ്തു ന്റെ മോൻ.. പിന്നെ പാതിരാത്രീല്  കരച്ചില് കേട്ട്ട്ടാ ഞാനെനിയ്ക്ക്ണത്... പിന്നെ എന്തോരം നേരം കഴിഞ്ഞ്ട്ടാ കുട്ടനൊന്ന് ഒറങ്ങി പോയത്
ന്നാലും അതെന്റെ പൊന്നിന്റെ ഒടുക്കത്തെ ഒറക്കാന്ന് വിചാരിച്ച്ര്ന്നില്ല്യ. ..” വാസുട്ടൻ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് തേങ്ങി.

അവസാനമാണ് അയാൾ ഉമ്മറത്തേയ്ക്ക് കയറിയത്.  അങ്ങിങ്ങായി തേങ്ങി കൊണ്ടിരുന്ന സ്ത്രീകൾക്കിടയിൽ,  തോറ്റവന്റെ വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി കുഞ്ഞ് മുറിക്കകത്ത് വെള്ള പുതച്ചു കിടന്നു. ഉഴറി നടന്ന കണ്ണുകൾ,  മയൂര ശോഭയാർന്ന  പിഞ്ചുപാദങ്ങളിൽ മറ്റാരും കാണാത്ത വിധം  സൂഷ്മമായ  ഒരു അരുണസുഷിരം അയാൾക്ക് ചൂണ്ടി കൊടുത്തു.  അയാൾ കേട്ടു : “ എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേൾക്കാതെയും, അകന്നു നിന്നതെന്തുകൊണ്ട്? . എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചു; അങ്ങു കേട്ടില്ല; രാത്രിയിലും വിളിച്ചപേക്ഷിച്ചു;എനിക്ക് ആശ്വാസം ലഭിച്ചില്ല.*”

മേലാസകലം  വെന്തുരുകി അയാൾ പുറത്തെ വെയിലിലേക്കു ചാടി.

 അതിനും മുൻപൊരിക്കൽ, ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം  യശോധയുടെ  നിർബന്ധം അസഹ്യമായപ്പോഴാണ് അയാൾ അവരെ  മെഡിക്കൽ കോളേജിലേക്ക്   അനുഗമിച്ചത്.

തിരികെ എത്തിയതിനു ശേഷം, വാസുട്ടൻ എങ്ങോ മാറിയ   നേരത്ത്, മാറിലുറങ്ങി കിടന്നിരുന്ന   കുഞ്ഞിനെ കൈകളിൽ  മലർത്തി കിടത്തി അയാൾക്കു നേരെ നീട്ടി ലില്ലിക്കുഞ്ഞ് അടക്കി                    ചിരിച്ചു  :  “പറയണംന്ന് വെച്ചതാ മുന്നേ തന്നെ.. ആളെ ഒന്നു മുന്നിൽ വീണു കിട്ടണ്ടേ !..അതേയ്..ആർക്കാനും വേണ്ടി ലീവെടുത്തൂന്ന് ഈർഷ്യയൊന്നും വേണ്ട; ഇവന്റെ അച്ഛനാരാന്നറിയ്യോ ?!..”   

വിശ്വസിക്കാനോ അവിശ്വസിക്കാനോ ആവാതെ, അവളുടെ   ആകർഷണ വലയത്തിൽ മുൻപൊരു ഇരവിൽ സ്വയം  നഷ്ടപ്പെട്ടതു പോലെ,  സകലപ്രതിരോധവും തകർന്ന്  അയാൾ മിഴിച്ച്  നിന്നു പോയി.

കുഞ്ഞപ്പോൾ   ഉറക്കത്തിൽ ഒന്ന് മന്ദഹസിച്ചു.

“ദേ, കണ്ടോ.. സത്യം.. അവനറിയാം..”  അവൾ ചിരിച്ചു.

പിറവി തൊട്ടേ പേരു കേൾപ്പിച്ച കുഞ്ഞാണവൻ .  ഉദയസൂര്യനെ പോലെ തേജസ്സുറ്റ മുഖം.   പിറന്നു വീണതേ ചിരിച്ചു കൊണ്ടായിരുന്നത്രെ.! വായിൽ മൂന്നു നാലു പല്ലുകളുണ്ടായിരുന്ന കാര്യം യശോധ  തന്നെ നേരിട്ടു പരിശോധിച്ചിട്ടുള്ളതാണ്. പക്ഷേ, അകാരണമായി ചില നേരത്തുയരുന്ന കരച്ചിൽ കണ്ടാൽ  ആരായാലും ഭയപ്പെട്ടു പോകും.  ഒരു പിഞ്ചുപൈതലിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഉച്ചത്തിൽ, നിർത്താതെയുള്ള ഒരലറി കരച്ചിൽ..  . ആ  കുഞ്ഞിളം ദേഹമാകെയങ്ങ് ചുവന്നു തുടുക്കും. പിന്നെയൊന്ന് ഉറങ്ങി പോകുന്നതു വരെ ഒരു നിവൃത്തിയുമില്ല. അമ്മിഞ്ഞ കൊടുക്കാനെങ്ങാൻ ശ്രമിച്ചാൽ,  ആ കൊച്ചരിപ്പലുകൾ കൊണ്ട്  മുലക്കണ്ണ് ആഞ്ഞാഞ്ഞു  കടിച്ചു മുറിയ്ക്കുമത്രെ !.. ചിലപ്പോൾ, പുഴ കടന്ന് കരച്ചിൽ ഇപ്പുറത്തെ കരയിൽ  വരെ എത്തും. പിന്നെ അതു നിലയ്ക്കുന്നതു വരെ ഇവിടെ യശോധയ്ക്കും പരിഭ്രമമാണ്. കാണിക്കാത്ത  ഡോക്ടർമാരോ വൈദ്യന്മാരോ ഇല്ല..എല്ലാവർക്കും ഒരേ അഭിപ്രായം –  അതെല്ലാം   കുഞ്ഞിന്റെ കുസൃതിയോ ശാഠ്യമോ ഒക്കെയാകാം, അല്ലാതെ  പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.. അന്ന്, പലതരം ടെസ്റ്റുകൾക്കു പുറമേ വിശദമായ പരിശോധനയും കഴിഞ്ഞ്, അയാൾക്ക് പരിചയമുണ്ടായിരുന്ന പ്രൊഫസറും   പറഞ്ഞത് അതൊക്കെ തന്നെ.

  ലില്ലിക്കുഞ്ഞ് കോരിയിട്ട കനൽകുണ്ഠം ശമനമില്ലാതെ ഇടനെഞ്ചിൽ  നീറിക്കൊണ്ടിരുന്ന അതേ ദിവസങ്ങളിലൊന്നാണ്,  ഉമ്മറത്തിരുന്നെന്തോ  വായിക്കുകയായിരുന്ന അയാളെ  യശോധ  തോണ്ടി വിളിച്ച് അക്കരേയ്ക്ക് ചൂണ്ടുന്നത് : “ ദേ നോക്ക്യേ..”

അയാൾ തലയുയർത്തി നോക്കി. പുഴയ്ക്കക്കരെ,  ശങ്കരൻനായരുടെ വസ്തുവിന്റെ അതിരിൽ  ലില്ലിക്കുഞ്ഞ്  പാത്തും പതുങ്ങിയും നിൽക്കുന്നത് പുലർവെട്ടത്തിൽ നിഴലു പോലെ കാണാം. കമ്പിവേലി നൂണ്ട് അപ്പുറം നിൽക്കുന്ന അവളുടെ മൂത്ത കുട്ടി   അഭിക്കുട്ടനെയും കാണാം.  വീണു കിടക്കുന്ന തേങ്ങകൾ പറുക്കിപ്പിക്കുകയാവും. ഒരു നാലുവയസ്സുകാരന്റെ ആരോഗ്യവും വളർച്ചയുമല്ല അവന്.

“ ഇതിലെന്താത്ര പുതുമ ? ” കണ്ണുകൾ വീണ്ടും വായനയിലേക്കാഴ്ത്തുന്നതിനിടയിൽ അയാൾ ചോദിച്ചു. അറിയാതെയാണെങ്കിൽ പോലും  അവർക്കിടയിൽ വന്നു പെടുമ്പോൾ അയാൾക്കൊരു അസ്വസ്ഥത അനുഭവപ്പെടാറുണ്ട്.

“ അതല്ലാന്ന്, ദേ..നോക്ക്..” യശോധ വിട്ടില്ല.
അയാൾ വീണ്ടും തലയുയർത്തി.

നാലഞ്ച് തേങ്ങകളെങ്കിലും കിട്ടിയിട്ടുണ്ടാകണം. അവളിപ്പോൾ അഭിക്കുട്ടനെ തിരിച്ച്  വേലി നൂഴ്ന്നിറങ്ങാൻ സഹായിക്കുകയാണ്.

“നിനക്കിതെന്തിന്റെ  കേടാ ?” അയാൾക്ക് ചെറുതായി അരിശം വന്നു തുടങ്ങിയിരുന്നു.

“ അതല്ലാന്നേ.. ദേ


അവൾ പൂർത്തിയാക്കുന്നതിനു മുമ്പ്, പുരയ്ക്കകത്തു നിന്ന് കുഞ്ഞിന്റെ അലറിക്കരച്ചിൽ  കേൾക്കായി.

അതിൽ അസ്വസ്ഥയായെന്ന പോലെ, തേങ്ങകളെല്ലാം പൊന്തക്കാട്ടിൽ ഒളിച്ചു വെച്ച്  ലില്ലിക്കുഞ്ഞ് അഭിക്കുട്ടനെയും കൊണ്ട് തിടുക്കത്തിൽ വീട്ടിലേക്ക് തിരിച്ചു പോകുന്നു.

“ ദേ.. ഇതാ ഞാൻ പറഞ്ഞത്..അവളിങ്ങനെ ഓരോ കള്ളത്തരങ്ങൾ ഒപ്പിക്കുമ്പോഴാ ആ കുഞ്ഞിങ്ങനെ കരയുന്നത് !! ”

അയാൾ എല്ലാം മറന്ന് പൊട്ടിച്ചിരിച്ചു.. “ എന്റെ യശോധേ.. നിനക്ക് വേറെ പണിയൊന്നൂല്ല്യേ ?”

യശോധ മുഖം വീർപ്പിച്ചു : “ എന്റെ അമ്മാത്തും കാവിലമ്മ്യാണേ. കണ്ണീ കണ്ട സത്യാ ഞാൻ പറഞ്ഞത്. ഇന്നാളിതു പോലെ, ഒരീസം ഞാനൊന്ന്  കുഞ്ഞിനെ കാണാൻ കേറിയതാ.. അവള്ടെ കഴ്ത്തിലിണ്ട് ഒരു പുത്യേ മാല.. രണ്ട് മൂന്ന് പവന്ണ്ടാവും.. നാല് കൊല്ലം മുമ്പ് മ്മടെ ജമീലേരെ താലിമാല കടവില് വച്ച് കാണാണ്ടായില്ല്യേ ? അതേ പണിഭാഷ.. ഒന്ന് പോളീഷ് ചെയ്ത് മിനിക്കീട്ട്ണ്ട്.. ഇത്തിരി നീളോം കൂട്ടിട്ട്ണ്ട്.. അദെന്നെ.. തിലകന്റെ കുറി കിട്ടീട്ട് വേടിച്ചതാന്ന് പറഞ്ഞവള് നാവ് വായേൽക്കിട്വല്ല, ആ നിമിഷം കേട്ടൂ  കുഞ്ഞുമോന്റെ  അലറി പൊളിച്ചൊള്ള നെലോളി.. ഞാൻ കേട്ട ഭാവം നടിക്കാൻ പോയില്ല്യ.. പക്ഷേ ആ സെക്കന്റില് അവള്ടെ മോറ് കടന്നല് കുത്ത്യോണം വന്ന് വീർത്തു.. സത്യാ വിശ്വേട്ടാ.. ..”

“ നീയ്യൊന്ന് മിണ്ടാണ്ടിരിയ്ക്ക്യോ ? ...കുട്ടി നെലോളിക്ക്ണ് കേട്ടാ വഴീക്കൂടെ പോണോരൊക്കെ നോക്കും ; അവളെ കാണും.. അദെന്നെ
അല്ലാണ്ട്..” അയാൾ തന്റെ പോലീസ് നിരീക്ഷണബുദ്ധി ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.  “ നാട്ട്വാര് കേക്കണ്ട നിന്റെയീ വിഡ്ഡിത്തങ്ങള്.. ”

 യശോധയെ അന്നങ്ങനെ തള്ളി കളഞ്ഞെങ്കിലും അതിനു ശേഷം അതു പോലൊരു സന്ദർഭം ഒത്തു വന്നപ്പോൾ അയാൾ ശ്രദ്ധിക്കാതിരുന്നില്ല.

 മൂന്നാഴ്ച്ച മുമ്പായിരുന്നു അത്..

യശോധ അപ്പുറത്തെന്തോ പണിയിലായിരുന്നു. അയാൾ കണ്ണുകൾ കൂർപ്പിച്ചു. അഭിക്കുട്ടൻ വേലി നൂണ്ട് തിരികെ ഇറങ്ങി കഴിഞ്ഞു. ലില്ലിക്കുഞ്ഞ് ചുറ്റും കണ്ണോടിച്ച്, തേങ്ങകൾ കൈയ്യിലുണ്ടായിരുന്ന ചാക്കിലേക്കിടുകയാണ്. അയാൾ ഒന്നു കൂടി കാതോർത്തു നോക്കി.. ഇല്ല, യാതൊരു ശബ്ദവുമില്ല.

അയാൾ ശബ്ദമുയർത്താതെ ഭാര്യയെ വിളിച്ചു.

“ കണ്ടോടീ.. ഒക്കെ നിന്റെയോരോ തോന്നലുകളായിരുന്നു..”  പക്ഷേ അങ്ങനെ അവളെ നിരാകരിക്കുമ്പോഴും തന്റെയുള്ളിൽ  പുകഞ്ഞു കൊണ്ടിരിക്കുന്ന വേവലാതിക്ക് ശമനം കിട്ടുന്നില്ലല്ലൊ  എന്നയാൾ ഓർത്തു. ചിലപ്പോൾ അതിങ്ങനെ എരിഞ്ഞെരിഞ്ഞ് നാവിൻതുമ്പു വരെ എത്തുമ്പോൾ, യശോധയോട് എല്ലാം പറഞ്ഞൊന്ന് കുമ്പസാരിച്ചാലോ എന്നയാൾക്കു തോന്നാറുണ്ട്.  

“ അതു തന്നെയാ ഞാനുമാലോചിക്കുന്നത്..” യശോധ ചിന്തയിലാണ്ടു.. “ വിശ്വേട്ടൻ ശ്രദ്ധിച്ചിരുന്നോ ?  അഞ്ചു പത്തു ദിവസായി കുഞ്ഞിന്റെ കരച്ചിലിപ്പോ അങ്ങനെ കേക്കാനില്ല.. അല്ലെങ്ങെ പാതിരാത്രിയൊക്കെ എടയ്ക്ക് കേക്കാറൊള്ളതല്ലേ.. ഇപ്പോ ഏതു നേരം ചെന്നു നോക്കിയാലും നല്ല ഉറക്കത്തിലായിരിക്കും.. അവളിനി കുഞ്ഞിനെ മയക്കി കിടത്താൻ എന്തെങ്കിലും ചെയ്യുന്നുണ്ടാവുമോന്നാ എന്റെ സംശയം
കളിയാക്കണ്ട.. അതിനും മടിക്കാത്തോളാ അവള്.. വന്നു കേറി രണ്ട് കൊല്ലം കഴിയുമ്പഴയ്ക്കും കല്ല്യാണ്യമ്മായി ചോര ശർദ്ദിച്ച് മരിച്ചില്ല്യേ ? നേരാ നേരം വാറ്റ്യേതെടുത്തു കൊട്ത്ത് ഷണ്മുഖൻ വെല്ലിച്ചനെ മയക്കി കെടത്തുന്നതാരാ ? ന്ന്ട്ട് കാർന്നോമ്മാരെ ഇഷ്ടങ്ങളൊക്കെ സാധിച്ചു കൊടുക്കണ്ടേന്നൊരു ന്യായോം..  എന്തു  ചെയ്യാനാ.. ?  ഇവടെ അയ്ലക്കത്താരോടെങ്കിലും ഒന്നു ചോയ്ക്കാന്നു വെച്ചാ അത് വീഴാതെ തട്ടാതെ അവള്ടെ ചെവ്ട്ടിലെത്തും.. അവ്‌ള്യണല്ലൊ എല്ലാർക്ക്വിപ്പൊ വേണ്ടൂ. ആ മൈക്കിര്യത്തില്** വീണു പൂവ്വാത്ത ആരാ ഇപ്പോ ഇവ്ട്യൊള്ളത് ?”

ഇരുട്ടി തുടങ്ങിയത് നന്നായി എന്നയാൾക്കു തോന്നി. മുഖത്തെ രക്തം  ഒലിച്ചു പോകുന്നത് അവൾ കാണില്ലല്ലൊ. എങ്കിലും ഒരു വേള, അവൾ എന്തെങ്കിലും അറിഞ്ഞിരിക്കുമോ എന്നു തന്നെ അയാൾ  സന്ദേഹിച്ചു.

“ നീയ്യൊന്ന് മിണ്ടാണ്ടി‌രിയ്ക്ക്.. എന്തായാലും അവര്ടെ കുഞ്ഞല്ലേ.. നമ്മക്കെന്ത് ചെയ്യാൻ പറ്റും ?” തന്റെ  സ്വരം പതിവില്ലാത്ത വിധം  ദുർബലമാകുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു.

“ അവര്ടേന്ന് പറയുമ്പോ
പെറ്റത് അവളു തന്നെ.. സത്യം.. . പക്ഷെ തന്ത.. ആ വാസുട്ടൻ ഒരു പൊട്ടനാ..അല്ലെങ്ങെ ഇങ്ങനൊരുത്തീരെ പ്രേമത്തീ ചെന്നു പെട്വോ ? കാശ് കണ്ടപ്പൊ അവന്റെ കണ്ണും മഞ്ഞളിച്ചുന്നാലും, ഇത്രേം സത്യചൈതന്യമുള്ളൊരു വിത്ത്.. ? ..അതും അവൾടെ വയറ്റില് ആ; ഇരുട്ടിന്റെ പാരമ്യത്തിലല്ലേ വെളിച്ചം പിറക്കണ്ട കാര്യൊള്ളൂ..അതാവും..”

  നീയ്യൊന്ന് പതുക്കെ പറ...” അയാൾ ഒരു വിഡ്ഡിചിരിയിലേക്ക്   സ്വയമൊതുങ്ങാൻ ശ്രമിച്ചു.
കശുമാങ്ങാഗന്ധമുള്ള തെളിനീർ തൊണ്ടയിൽ തീപകർന്നിറങ്ങിയത് അശനിപാതം പോലെ ഓർമ്മയിൽ നിറഞ്ഞു. കേട്ടറിഞ്ഞ് താക്കീതു നൽകാനിറങ്ങിയ ഒരു രാത്രിയിലെ  ആവേശം, വഴി തിരിച്ചൊഴുക്കപ്പെട്ടത് അങ്ങനെയൊരു സൽക്കാരാരംഭത്തിലൂടെയാണ്. ആദ്യത്തേത്, അവസാനത്തേതും. പക്ഷെ അതുമതിയായിരുന്നല്ലൊ.

 എനിക്കവള്ടെ കാര്യം ഓർക്കുമ്പഴേ  മേലാകെ പെരുക്കാൻ തൊടങ്ങും..” യശോധ അകത്തേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞു. “ ആ പൈതലിനെ അമ്മാത്തുംകാവിലമ്മ കാക്കട്ടെ..”  

സ്ത്രീസഹജമായ അസൂയയാണോ അവളുടെ വിദ്വേഷത്തിനു പുറകിലെന്ന് അയാൾ ആലോചിച്ചു നോക്കിയിട്ടുണ്ട്.

ദേശത്തെ കുഞ്ഞുങ്ങളുടെ ‘വൈയ്യമ്മ’യായിരുന്നല്ലോ യശോധ. വയറിളക്കം, ചർദ്ദി, ചെവിവേദന തുടങ്ങിയ എല്ലാ ശിശുരോഗങ്ങൾക്കും ചില ഒറ്റമൂലികളുണ്ട് യശോധയുടെ കൈയ്യിൽ. അതൊന്നുമില്ലെങ്കിൽ തന്നെ,  കുഞ്ഞുങ്ങൾക്ക് നൽകാനായി എപ്പോഴുമെന്തെങ്കിലും – അരിനെല്ലിക്കയോ കശുവണ്ടി ചുട്ടതോ തേങ്ങാപ്പൂളോ കപ്പലണ്ടി മിഠായിയോ  സ്റ്റോക്കുണ്ടാവും. രണ്ടോ  മൂന്നോ നാഴി അരിയോ നെല്ലോ എണ്ണയോ എല്ലാം മുഖം കറുപ്പിക്കാതെ കടം കൊടുക്കുന്നതുകൊണ്ട് നാട്ടിൻപുറത്തെ പെണ്ണുങ്ങൾക്കും വേണ്ടപ്പെട്ടവൾ.  വാസുട്ടന്റെ കൈപിടിച്ച് ലില്ലിക്കുഞ്ഞ് വന്ന് കയറിയ കാലത്ത്, യശോധയ്ക്കവളോടും ഇഷ്ടക്കുറവൊന്നുമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല,  പെണ്ണിനെയും ചെക്കനെയും കൊത്തിയരിയാനായി അരിശം പൂണ്ട് പാഞ്ഞു നടന്നിരുന്ന അവളുടെ ആങ്ങളമാരിൽ നിന്നൊളിക്കാൻ,  പൊന്നാഞ്ചേരിയിൽ സ്വന്തം വീടു തന്നെ അവർക്കൊരുക്കി കൊടുത്തതും ഈ  യശോധ തന്നെയായിരുന്നല്ലൊ.  അതിനെല്ലാം മാറ്റം വരുന്നത്,   ആഴ്ച്ചക്കുറി നടത്താനും അത്യാവശ്യക്കാർക്ക് ഈടൊന്നുമില്ലാതെ പലിശയ്ക്ക് കൊടുക്കാനും, എന്തിന്, കുഞ്ഞുങ്ങൾ ഓക്കാനിച്ച് തുപ്പി കളയുന്ന കയ്പുമരുന്നുകൾ, കളി പറഞ്ഞു ശ്രദ്ധ തെറ്റിച്ച് കവിളിൽ മൃദുമായൊന്നമർത്തി ഒരു ഞൊടിയിൽ തൊണ്ടയിലേക്കൊഴിച്ചു കൊടുക്കാൻ വരെ ( അവൾ നഴ്സിങ്ങും പഠിച്ചിട്ടുണ്ടത്രെ ) -    അങ്ങനെ എന്തിനും ഏതിനും   നാട്ടുകാർക്ക് ഉപകാരപ്പെടുന്ന ഒരുവളായി ലില്ലിക്കുഞ്ഞ് സ്വയം ഉയർന്നു വരുന്നതോടെയാണ്.

കളിചിരി പറഞ്ഞിരിക്കുന്നതിനിടയിൽ, മറ്റൊരു നേരമ്പോക്കെന്ന വണ്ണം അവളുടെ മനസ്സറിയാൻ ഒരിക്കൽ അയാൽ  ഒരു ശ്രമം നടത്തുകയും ചെയ്തു : “ എന്നാലും യശോധേ
എന്താ  നിനക്കവളോടിത്ര  വിരോധം ?... ഓരോരുത്തർക്കും ദൈവം ഓരോന്ന് വിധിച്ചിട്ടുണ്ട് ..അതിപ്പൊ നമ്മളായിട്ട് അസൂയപ്പെട്ട്ട്ട് കാര്യണ്ടോ

“ വിരോധൊന്നൂല്ല്യ വിശ്വേട്ടാ..” യശോധയുടെ മുഖം വാടി.  “ അവളിപ്പോ ഒരിത്തിരി കാടും പടലും വെട്ടിത്തെളിച്ച് പയറു നട്ടോണ്ട് കാട്ടിലെ കഞ്ഞുണ്ണീം കർളകോം മുത്തങ്ങീം ഒന്നും ഇല്ല്യാണ്ടാവാൻ പോണില്ല്യാന്ന്  നിക്ക്യറിയാം.. ഇനിപ്പോ അതെല്ലാം പറിച്ചൂണ്ട് വന്ന്  ഇടിച്ചു പിഴിഞ്ഞ് കൊടുത്താല് ഇന്നത്തെ കുട്ട്യോൾടെ ദണ്ണൊന്നും മാറാൻ പോണില്ല്യാന്നും നിക്ക്യറിയാം...ന്നാലും എല്ലാരും അവൾടെ പോലെ തൊടങ്ങ്യാലോ ? കാലിലൊരു മുള്ളൊന്നു കേറിയാ ഇറ്റിച്ചു കൊടുക്കാൻ കുരുട്ടുപാലേരെ പാലു തന്നെ വേണ്ടേ ?  ശെര്യാ.. കുണ്ടനെടവഴീക്കൂടെ പോണ കാളവണ്ടീരെ കൂട്ടത്തിലാ ഞാൻ.. എന്നാലവളോ, പിന്നിലുള്ളതെല്ലാം എരിച്ച് പായുന്ന തീവാണത്തിന്റെ പ്രകൃതോം....”

അവളൊന്നു നിർത്തി   രണ്ടും തെറ്റാ, രണ്ടിന്റേം എടേലു ഒരു  ശരിവേഗം ഉണ്ടാവുംന്നൊരു തോന്നല്
ആ ശരിവേഗത്തിലാ ഒരു നിലനിൽപ്പുണ്ടാവുള്ളൂന്നൊരു തോന്നല്.. ആ ശരിലോകത്തിയ്ക്ക്യ്  കൈ പിടിച്ചെത്തിക്കാൻ എന്റെ വയറ്റിലൊരു ഉണ്ണി പിറക്കുംന്നൊരു തോന്നല്..അല്ലാണ്ടിപ്പോ എനിക്കെന്തിനാ അവളോടൊരു വിരോധം ! ” അവൾ ശബ്ദമില്ലാതെ കരഞ്ഞു.

വേണ്ടെന്നു തോന്നി അയാൾക്ക് .പ്രതീക്ഷകൾ മാത്രം ബാക്കി നിർത്തി അവളുടെ ഗർഭപാത്രം ഏഴാമതും അകാലത്തിൽ ഒഴിഞ്ഞിട്ട് ദിവസങ്ങളേ ആയിരുന്നുള്ളു അന്ന്..

                                                            ***********

കാലുകളിൽ പുഴ വന്നു തൊട്ടു കഴിഞ്ഞിരുന്നു. അയാൾ നടപ്പൊന്നു നിർത്തി. വഴി രണ്ടായി പിരിയുകയാണ്. വലത്തോട്ടു പോയാൽ,  മരത്തടികൾ  ചേർത്തുകെട്ടി  നാട്ടുകാർ നിർമ്മിച്ച താൽക്കാലിക  പാലം വഴി പുഴ കടക്കാം. ഇടത്തോട്ടു നടന്നാൽ, പുഴയുടെ ആഴം കുറഞ്ഞ ഭാഗം വഴി മുറിഞ്ഞു കടക്കാം.

  മഴ തിരിമുറിയാതെ തുടരുകയാണ്. അയാൾ പുഴയിലേക്ക് ടോർച്ച് മിന്നിച്ചു. വെള്ളം ഉയർന്നിട്ടുണ്ട്. കലങ്ങിമറിഞ്ഞ് കാളിന്ദിയായി മുന്നിൽ നിറഞ്ഞു പരന്നൊഴുകുകയാണ് പുഴ. 

പ്രളയാരംഭമാണെന്ന നിറഞ്ഞ ബോധ്യത്തിലും ഇടത്തോട്ടു തന്നെ അയാളുടെ കാലുകൾ ചലിച്ചത്, സകല പിണക്കങ്ങളും മറന്ന്, ‘വേണ്ടാട്ടോ.. പാലം വഴി പോയാ മതി’ എന്നൊരു പിൻവിളി, ഏതു നിമിഷവും കൈകളിൽ പിടിച്ചു നിർത്തും എന്ന പ്രതീക്ഷയോടെയായിരുന്നു.  അവൾ  കാണാത്ത പുഴയൊന്നുമല്ലല്ലൊ അത്.

മുട്ടറ്റം വെള്ളം വരെ അതൊരു പ്രതീക്ഷയായിരുന്നു. അരയോളമെത്തുമ്പോൾ തൊണ്ട കനത്തു  തുടങ്ങിയ വാശിയും. ഒന്നുമുണ്ടായില്ല. ഒന്നു മുരടനക്കുക പോലും. കൈനീട്ടിയാൽ തൊടാവുന്ന ദൂരത്തിൽ നിശബ്ദം പിൻതുടരുക മാത്രം. അതിനിടയിലെപ്പോഴോ  വെള്ളം കയറി ഇരുട്ടു തുപ്പി തുടങ്ങിയ ടോർച്ച് അയാൾ പതുക്കെ പുഴയ്ക്ക് വിട്ടു കൊടുത്തു.

നെഞ്ചൊപ്പം വെള്ളത്തിൽ, പുഴയല്ല, തന്റെ സങ്കടക്കടൽ ആണ് ചുറ്റും പരന്നൊഴുകുന്നതെന്ന് അയാളറിഞ്ഞു. ഒഴുക്കിൽ കാലുകളുറയ്ക്കുന്നില്ല.  ഒടുങ്ങുന്നതിനു  ഭയമുണ്ടായിട്ടല്ല.. ഇത്രയും കാലം നിഴൽ പോലെ  അറിഞ്ഞവൾക്ക്
.അതെ , തെറ്റു തന്നെ. തെറ്റ്. തെറ്റ്. തെറ്റ്. പക്ഷെ, ഇത്രയും വലിയ ശിക്ഷ.. അയാളുടെ തൊണ്ട കനത്തു വിങ്ങി. പറയാനുമറിയാനുമുള്ളത് നെഞ്ചിനും ചുണ്ടിനുമിടയിൽ കിടന്ന് പിടഞ്ഞു.

 ന്റെ വെളിച്ചായിരുന്നല്ലോ വിശ്വേട്ടാ..
.. ? എന്തിനേ ആ കെണിയിൽ പോയ് പിണഞ്ഞു ?.. ”  അണമുറിഞ്ഞ ഒരു  തേങ്ങൽ.

 ഒരു നൊന്തുപിടച്ചിലിൽ അയാൾ പുറകിലേക്ക് തിരിഞ്ഞു. ഹൃദയങ്ങളിലേക്ക് നീണ്ട നാലു കൈകൾ ഒഴുക്കിനിടയിൽ പരസ്പരം കൊരുത്തു.

“ അവളതേ ചെയ്യുമായിരുന്നുള്ളൂ.. തിരിച്ചറിയാൻ പറ്റില്ല്യ എനിക്ക്..അവളെ തിരുത്താനൊരു പിറവി.. അത്ര്യേ ഞാൻ കരുത്യൊള്ളൂ.. എന്തേ  ഒരു വാക്ക് പറഞ്ഞില്ല്യ  ?...  ഞാൻ നോക്ക്യേനല്ലോ.. പൊന്നു പോലെ..”  എന്ന് യശോധ  മാറിലമർന്നു വിതുമ്പുന്നത് ഇനിയൊന്നും പറയാനാവാത്ത വിധം  അയാളെ നിശബ്ദനാക്കി കളഞ്ഞു.

എവിടെ നിന്നോ ഒരു ചിരി മുഴങ്ങുന്നത് അയാൾക്കു കേൾക്കായി. ചിരിയല്ല.. അട്ടഹാസം
ചെവി പിളരും വിധം അതിങ്ങനെ ഇരമ്പി പെരുകുകയാണ്.

“ അവളാണ്.. ഇനി അവളുടെ കാലാണ് വിശ്വേട്ടാ
..”  കഴുത്തറ്റം വെള്ളത്തിൽ, യശോധയുടെ കൈകൾ ഒരു കവചം പോലെ അയാളെ പൊതിഞ്ഞു.

                                                      ##########

* സങ്കീർത്തനങ്ങൾ - ബൈബിൾ

** മൈക്കിര്യം = ശൃംഗാരം

ബുധനാഴ്‌ച, ഡിസംബർ 11, 2013

ജനിതകം.


                                                    
അസ്പഷ്ടമായെന്തോ പറഞ്ഞു പിറുപിറുത്ത്, അച്ഛൻ ഉറക്കത്തിലേക്ക് ഇറങ്ങി പോയിട്ട് മണിക്കൂറൊന്ന് കഴിഞ്ഞു. ‘അസ്പഷ്ടം’ എന്നു പറഞ്ഞാൽ ശരിയാവുമോ ? ദാഹിക്കുന്നെന്നോ തണുക്കുന്നെന്നോ മൂത്രമൊഴിക്കണമെന്നൊ – അങ്ങനെ അതിൽ നിന്നു വേണ്ടതെല്ലാം വേർതിരിച്ചെടുക്കാൻ ലീനക്കും  രാജിക്കുമെല്ലാം  കഴിയുമ്പോൾ,  അസ്പഷ്ടമാകുന്നതെങ്ങനെ ?  പക്ഷേ എത്ര ആത്മാർത്ഥമായി ശ്രമിച്ചിട്ടും ഇത്തവണയും പരാജയപ്പെടുകയാണുണ്ടായത്. ‘ ആ.. പോട്ടെ.. സാരമില്ല..’ എന്നൊക്കെ പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ചു കിടത്താനേ ഇപ്പോഴും കഴിഞ്ഞുള്ളു.

അപൂർവ്വമായേ ലീന  അസൗകര്യങ്ങൾ പറയാറുള്ളൂ. അപ്പോൾ പിന്നെ ആരെങ്കിലുമൊരാൾ ഇങ്ങനെ ലീവെടുത്തിരിക്കണം. ഒരു തവണ ഒരാളെങ്കിൽ  അടുത്ത തവണ മറ്റേയാൾ. അതാണ് രാജിയുടെ ചട്ടം. ‘ അതേയ്..ലീവൊക്കെ എല്ലാവർക്കും ഒരു പോലെയാ.’ അവൾ പറയും.

അച്ഛനൊരിക്കലും പറയത്തക്ക ബുദ്ധിമുട്ടുകൾ  സൃഷ്ടിച്ചിരുന്നില്ല.  ഞാനാണെങ്കിൽ പഴയ ‘ദു:സ്വഭാവങ്ങളിൽ’ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാൻ ശീലിച്ചു കഴിയുകയും ചെയ്തിരുന്നു.  അപ്പോഴാണ് ഇന്നലത്തെ ഏഴുമണി വാർത്തയിൽ ബോംബു പൊട്ടിയത്. ഹൈക്കോടതി വിധിയിൽ, സകല ചങ്ങലകളും കുടഞ്ഞു കളഞ്ഞ് സത്യം  സൂര്യതേജസ്സോടെ എണീറ്റു നിൽക്കുന്നത് കണ്ടപ്പോൾ, ആദ്യം രോമാഞ്ചമാണുണ്ടായത്. പെൺകുട്ടിയുടെ സ്വരം പതിവു പോലെ നിർവികാരമായിരുന്നു.  പക്ഷേ  അവളുടെ പിതാവ്, ചാനൽ പെൺകുട്ടിയോട് കരഞ്ഞു : “എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.. സത്യം എന്നെങ്കിലും പുറത്തു വരും മോളേ..” അതു പറയാൻ മാത്രമായിരിക്കണം എൺപത്തി നാല് വർഷങ്ങൾ പിഴിഞ്ഞ് ചണ്ടിയാക്കിയ  ആ ശരീരത്തിൽ പ്രാണൻ തുടിച്ചിട്ടുണ്ടാകുക !

ചിന്നു പഠനമുറിയിലായിരുന്നു. രാജി അടുക്കളയിലും. പിന്നെയാരെ പേടിക്കാൻ! വിരലുകൾ റിമോട്ടിലമർന്നില്ല.  വർഷങ്ങളായി കെട്ടി നിർത്തിയതെല്ലാം  അണ പൊട്ടിയൊഴുകി.

പക്ഷേ, കിടന്ന്  ഏറെ കഴിഞ്ഞ്, നെഞ്ചത്ത് വിരലുകളോടിച്ച് രാജി ചോദിച്ചു : “ വീണ്ടും തുടങ്ങ്യോ പഴേ ശീലം ? ..ഞാൻ കണ്ടു
ചാനൽ മാറ്റ്യാ പോരായിരുന്നില്ലേ ?..”

“ ഓക്കേ
ഇതിലെന്താണിത്ര പ്രശ്നം മിസ്റ്റർ അജയ്.. കരഞ്ഞോളൂ. അങ്ങനെയൊരു ഫീലിങ്ങ് ഇല്ലെങ്കിൽ  നിങ്ങളിലെ മനുഷ്യത്വത്തിനു എന്തോ തകരാറുണ്ടെന്നാണ് ഞാൻ കരുതുക..ഇതെല്ലാം അടക്കി വെക്കുന്നതാണ് പ്രശ്നം..” വർഷങ്ങൾക്കു മുമ്പ്, പ്രശ്നങ്ങളെല്ലാം സശ്രദ്ധം കേട്ട ശേഷം  ഡോക്ടർ ജയദേവ് ആദ്യം പറഞ്ഞത് അതാണ്.

“ ഏസ് എ ടീച്ചർ..  നമുക്ക് കുട്ടികളോട് പലതും കൺവേ ചെയ്യാനുണ്ടാവില്ലേ ഡോക്ടർ ? കുറച്ചു നാൾ മുമ്പ്  കമ്പോഡിയയിലെ  ടോൾ സ്ലെങ്ങ് സ്മാരകത്തെ കുറിച്ച് ഒരു ഫീച്ചറുണ്ടായിരുന്നു പത്രത്തിൽ.   അതേ കുറിച്ചൊക്കെ  പറയുമ്പോൾ
.. ചെറിയ കുട്ടികളാണെങ്കിൽ, അവരതൊന്നും ശ്രദ്ധിക്കില്ലെന്ന് വെക്കാം.. പക്ഷേ  പതിനാറും പതിനേഴുമൊക്കെയെത്തിയ കുട്ടികളാവുമ്പോൾ, അവർക്കതറിയാം. സബ്ജക്റ്റ് ഹിസ്റ്ററി ആവുമ്പോൾ ഇതൊന്നും പറയാതെ പോകാനും പറ്റില്ലല്ലൊ... മിസ്റ്റർ സെന്റിമെന്റ്സ് എന്നാണ് അവർക്കിടയിൽ എന്റെ വിളിപ്പേരു തന്നെ... ഇന്നലെ തന്നെ, ഈ ജഡ്ജ്മെന്റിനെ  കുറിച്ച് സ്റ്റാഫ് റൂമിൽ സംസാരമുണ്ടായി. ‘പെൺകുട്ടി അറിഞ്ഞു കൊണ്ടു തന്നെയാവും, പിടിക്കപ്പെട്ടപ്പോൾ അവൾ അടവ് മാറ്റിയതാവും’. ഇങ്ങനത്തെയൊക്കെ ആർഗ്യുമെന്റ്സ് കേട്ടങ്ങനെ മിണ്ടാതിരിക്കാനാവുന്നില്ല, എന്റെ കോ വർക്കേഴ്സിനോടു പോലും.” ഡോക്ടറോട് ഒന്നു കൂടി വിശദീകരിച്ചു.

കൗൺസിലിങ്ങിന് തിയ്യതി നിശ്ചയിച്ച് ഇറങ്ങാൻ നേരമാണ് ഡോക്ടർ അങ്ങനെയൊരു ചോദ്യം ഉന്നയിച്ചത് : “ ആട്ടെ. എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം മനസ്സിലുണ്ടോ ?..”

‘ഇല്ല’ എന്നാണപ്പോൾ മറുപടി കൊടുത്തത്.

പക്ഷേ എന്തൊരു ചോദ്യമാണത് ?

വാലിൽ തൂങ്ങിയ ചരടിൽ ജീവൻ പിടഞ്ഞ തുമ്പികളും ഈർക്കിലി കുടുക്കിൽ കുരുങ്ങി പ്രാണൻ വെടിഞ്ഞ തവളക്കുഞ്ഞുങ്ങളും തൊട്ട് എത്രയോ  വികൃതികൾ, തെറ്റുകൾ..

മോഷ്ടിച്ചത്  ഒരുമിച്ചായിരുന്നെങ്കിലും അതിനുള്ള ശിക്ഷ തനിച്ച്  ഏറ്റു വാങ്ങേണ്ടി വന്ന ബാലകൃഷ്ണൻ..

ഒരു പതിമൂന്നു കാരന്റെ ദേഹകൗതുകങ്ങൾക്ക് വിധേയയായി ചലനമറ്റു നിൽക്കുമ്പോൾ മിഴികളിൽ കൗതുകം മാത്രം തിളങ്ങിയ ഒരു നാലുവയസ്സുകാരി..

‘ഒരു കൂടപ്പിറപ്പിനെ പോലെയാണല്ലോ   അജയേട്ടാ  കണ്ടിരൊന്നൊള്ളൂ ..’  എന്ന് പൊട്ടിക്കരഞ്ഞ്, ഇരുട്ടിലേക്ക് തള്ളിയിട്ട് മറഞ്ഞ ഇരുപതുകാരി..

കുറ്റബോധം ഇല്ലത്രെ !!

പിന്നെ കൗൺസിലിങ്ങിന് പോയില്ല. പകരം ഇങ്ങനെ ചില പൊടിക്കൈകളൊക്കെയാണ് പരീക്ഷിച്ചത്. റിമോട്ടിൽ, ഒരു ക്ലിക്ക് അകലെയാണ് കാർട്ടൂൺ ചാനൽ. പിന്നെയാണോ പ്രയാസം ! ടോം ഏന്റ് ജെറി കണ്ട് കൺനിറയെ ചിരിക്കാറുണ്ടെന്നൊക്കെ പറഞ്ഞപ്പോൾ,  ഡോക്ടർ തിരിച്ചിങ്ങോട്ടു ചോദിച്ച ചോദ്യവും അതായിരുന്നു. ‘ അത്തരം ആഹ്ലാദങ്ങൾക്കു നൽകുന്ന ഒരു വിലയായി കണ്ടാൽ പോരേ അതും ?’

പക്ഷേ അന്നേ ശ്രദ്ധിച്ചിരുന്നു - അച്ഛനും പുറകിലുണ്ടായിരുന്നു. പൂർണ്ണ ബോധത്തോടെ, ആരോഗ്യത്തോടെ.

ചിന്നുവിന്റെ കളികളിൽ ചേർന്ന്,ടി വി യ്ക്കു മുന്നിൽ കാലു നീട്ടി അമ്മയുമിരിക്കുന്നുണ്ടാവും.

അവളങ്ങനെ അവിടെ നിൽക്കുന്നതാണ് പ്രശ്നം.  സിനിമയിൽ ഏതു രംഗം വരുമ്പോഴാണ്,  ഏതു വാർത്ത വരുമ്പോഴാണ്,  തിരിഞ്ഞു നോക്കേണ്ടത് എന്നവൾക്കറിയാം.പിന്നെ  റണ്ണിങ്ങ് കമന്റ്റി തുടങ്ങുകയായി: “ അച്ഛമ്മേ.. ദേ.. അച്ഛൻ കരയ്ണ്
അച്ചച്ഛനും കരയ്ണ്ണ്ട്

അമ്മയോ രാജിയോ നോക്കില്ലെന്നറിയാമെങ്കിലും, കണ്ണട തുടക്കുന്നതു പോലെ തിടുക്കത്തിലെന്തെങ്കിലും ചെയ്ത് നീർപ്പൊടിപ്പുകൾ തുടച്ചു മാറ്റും. പക്ഷേ അച്ഛനങ്ങനെ ചമ്മലൊന്നുമില്ല..കുറച്ചു വിസ്തരിച്ചു തന്നെ, മുണ്ടിന്റെ കോന്തലയിൽ മൂക്കു ചീറ്റി
……
എങ്ങാനും അതു കണ്ടാൽ മാത്രം  രാജി എന്നെയൊന്ന് നോക്കും.. മൂക്കു ചീറ്റി മുണ്ടിൽ തേക്കുന്ന  ‘വൃത്തികെട്ട ശീലം’ എനിക്കുമുണ്ടത്രെ.

‘മിണ്ടാതിരിക്കെടീ..” പച്ചക്കറി അരിയുന്നതിനിടയിൽ രാജി അവൾക്കു നേരെ കൈയ്യോങ്ങും.

അമ്മയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരിയുണ്ടാവും.

അതേ ചിരിയോടെയാണ്, ഒരിക്കലമ്മ പറഞ്ഞത് : “ അച്ഛനത്ര പാവമൊന്നുമല്ലായിരുന്നു മക്കളേ..”

 ജയേച്ചിയും  സത്യയും  പിള്ളേരുമൊക്കെയുണ്ടായിരുന്നു. ഒരോണത്തിന്റെ പിറ്റേന്ന്. മദ്യലഹരിയിൽ പേരക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന ബേബി ചേട്ടന്റെ കൊടുമയിൽ നിന്ന് തുടങ്ങിയ പരദൂഷണം ആണുങ്ങളിലേക്കെത്തിയപ്പോഴായിരുന്നു അത്.  

അച്ഛന്റെ മുഖമൊന്നു മങ്ങി. അത്ര മാത്രം.

“ ഏ.. അതെന്താദ് ഇപ്പോ ഇങ്ങനൊരു വർത്താനം
ശരിയാണോ അച്ഛാ ?” സത്യയ്ക്ക് മാത്രമേ എന്തും വെട്ടി തുറന്ന് ചോദിക്കാനുള്ള ധൈര്യമുള്ളൂ. അന്നും ഇന്നും. അച്ഛന്റെ തന്നെ മറ്റൊരു പകർപ്പ്.

“ ഉം..” അച്ഛനൊന്ന് ചിരിച്ച് മൂളിയതേയുള്ളൂ.

അപ്പോഴേയ്ക്കും അമ്മ തന്നെ മറ്റെന്തോ പറഞ്ഞ് വിഷയം മാറ്റി.

അടുത്ത ഓണത്തിന് അമ്മയുണ്ടായില്ല.

ഒരു സൂചന, പേരിന് ഒരു ജലദോഷം പോലുമുണ്ടായിരുന്നില്ല. വൈകുന്നേരം, കാവിൽ നിന്നു വന്നു കയറിയ ഉടനെ, ‘മോളേ, നെഞ്ചത്തൊരു വല്ലാത്ത കെതപ്പ്’ എന്ന് രാജിയോടു പറഞ്ഞ് സോഫയിലൊന്നു കിടന്നതാണ്.

‘തനിച്ചായി പോയി’ എന്നൊരു തോന്നൽ അച്ഛനുണ്ടാവരുതെന്ന് എല്ലാവർക്കും – കൂട്ടുകാർക്കും വീട്ടുകാർക്കും ഞങ്ങൾ  മക്കൾക്കും - എല്ലാവർക്കും  നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും അച്ഛൻ തനിച്ചായി. ആദ്യമാദ്യം ഓർമ്മകൾക്കു ചുറ്റും ജീവിച്ച്, പിന്നെ ആ  ഓർമ്മകൾ പോലും നഷ്ടപ്പെട്ട്.

മലർന്നു കിടന്നാണ് അച്ഛൻ ഉറങ്ങുന്നത്. മലർന്നു കിടന്നുറങ്ങുന്നത് ധീരതയുടെ ലക്ഷണമാണത്രെ. ആവോ.. എനിക്കൊരിക്കലും കഴിയാറില്ല.

എണീറ്റ് നിലത്തിരുന്ന് കട്ടിലിനടിയിൽ നിന്ന് അച്ഛന്റെ ട്രങ്ക് പെട്ടി ശബ്ദമുണ്ടാക്കാതെ വലിച്ചെടുത്തു. ഓർമ്മക്കേടിന്റെ മൂർദ്ധന്യത്തിലും, അച്ഛൻ നിധി പോലെ സൂക്ഷിക്കുന്ന താക്കോൽ തലയണക്കടിയിൽ നിന്ന് പതുക്കെ കൈ നീട്ടിയെടുത്തു.

 ഡോക്ടർ ജയദേവിന്റെ  ചോദ്യം പണ്ടേ ഉള്ളിൽ കുരുങ്ങി കിടക്കുന്നതാണ്. പിന്നെ അമ്മയുടെ അന്നത്തെ ആ   മുന ചൂണ്ടലും.

എതിരാളികൾക്കു പോലും ചൂണ്ടി കാണിക്കാൻ ഒരു  കറയില്ലാത്ത നേതാവിനെ  ഏത്  പാപബോധമാവും വിടാതെ പിൻതുടർന്നിട്ടുണ്ടാവുക? അറിഞ്ഞിട്ട് കുറ്റപ്പെടുത്താനോ ന്യായീകരിക്കാനോ ഒന്നുമല്ല.. വെറുതെ ഒരാകാംക്ഷ.. പണ്ടത്തെ  പാർട്ടി നേതാക്കൾക്ക് കാലം മാത്രം സാക്ഷി പറയുന്ന ചില പകർപ്പുകൾ രഹസ്യമായി പിറന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പിറന്ന വയർ മറ്റൊന്നായതു കൊണ്ടു മാത്രം, തിരിച്ചറിയപ്പെടാനാവാത്ത ചോര  എവിടെയെങ്കിലും ?  എങ്കിൽ മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും
?

പത്തു പന്ത്രണ്ടു കൊല്ലം മുമ്പാണ് അച്ഛൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നത്.  ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് വെറുമൊരു എൽ സി അംഗത്വത്തിലേക്ക്. ജോലി കിട്ടിയതിന് അമ്മയുടെ നേർച്ച പ്രകാരം വ്രതം നോറ്റ്, കെട്ടുനിറച്ച് ഞാൻ  മലയ്ക്കു പോയതാണോ  അതിനു കാരണം എന്നൊരു ശങ്കയുണ്ടായിരുന്നു. സത്യ അതിന്റെ പേരിൽ വഴക്കിനു വരികയും ചെയ്തു.     ‘ ഏയ്..അതൊന്നുമല്ല’ എന്ന് തള്ളിക്കളഞ്ഞെങ്കിലും, ‘ മനസ്സീ പിടിക്കാത്ത എന്തെങ്കിലും കണ്ടിട്ടുണ്ടാവും’ എന്നൊരു ഊഹം മുന്നോട്ടു വെക്കാനേ അമ്മയ്ക്കും കഴിഞ്ഞുള്ളൂ.

ഈ ട്രങ്കു പെട്ടിയിൽ,  എല്ലാ ചോദ്യങ്ങൾക്കും  ഉത്തരമുണ്ടാവുമെന്ന ഒരു തോന്നൽ.

ഉറക്കത്തിലൊന്ന് കണ്ണു തുറന്നാലും പെട്ടന്ന് കാണാനാവാത്ത വിധം കട്ടിലിന്റെ  തലക്കൽ മറഞ്ഞിരുന്ന്   പൂട്ട് തുറക്കുമ്പോൾ മുന്നിലൊരു കുറ്റബോധം വന്ന് പല്ലിളിക്കാതിരുന്നില്ല.  അച്ഛനിൽ നിന്ന് അടി കിട്ടാറുള്ളത് രണ്ട് കാര്യങ്ങൾക്കാണ് : ഒന്ന്, നുണ പറഞ്ഞാൽ. രണ്ട്, ഈ പെട്ടിയിലെങ്ങാൻ ഒന്നു തൊട്ടു പോയാൽ..

പെട്ടി തുറന്നു. പഴകിയ കടലാസ്സിന്റെ മണം മൂക്കിലേക്ക് കയറുന്നു. കരുതിയിരുന്നയത്രയൊന്നുമില്ല. കുറച്ച് നോട്ടീസുകൾ, ലഘുലേഖകകൾ, നോട്ടു ബുക്കുകൾ, ഡയറികൾ, കത്തുകൾ, രണ്ടു മൂന്നു വാരികകൾ, ഒന്നു രണ്ടു മുദ്രപത്രങ്ങൾ , പഴയ  ചില പണയപ്പാടു രസീതികൾ, നിറം മങ്ങിയ നാലഞ്ച് ഫോട്ടോകൾ, നാണയങ്ങൾ.

ഏതിൽ നിന്നാണ് തുടങ്ങേണ്ടത് ?

അധികം പഴക്കമില്ലാത്ത കടലാസ്സ് - അതീയടുത്ത കാലത്ത് എഴുതിയതാണ് - മുദ്രപത്രത്തിന്റെ പകർപ്പ്. ശരീരം മെഡിക്കൽ കോളേജിലേക്കു സംഭാവന ചെയ്യുന്നതിന്. അതന്നേ പറഞ്ഞു വെച്ചിരുന്നതുമാണല്ലൊ.
 
പഴക്കമുള്ളത് ആധാരമാണെന്ന് തോന്നുന്നു.

നോട്ടീസുകളും ലഘുലേഖകളും  വാരികകളും എല്ലാം ആദ്യം മാറ്റി വെച്ചു. പാർട്ടിയുടേയും യുക്തിവാദസംഘത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയുമെല്ലാമുണ്ട്.

ഫോട്ടോകൾ രണ്ടെണ്ണം ഒട്ടും വ്യക്തമല്ല. ഒന്ന്, പണ്ട് ഫ്രെയിം ചെയ്തു വച്ച വിവാഹഫോട്ടോയാണ്. ചില്ലു പൊട്ടിയപ്പോൾ എടുത്തു വച്ചതാവണം. പണ്ട് കണ്ടിട്ടുണ്ട്. പിന്നൊന്ന് ഞങ്ങൾ മക്കൾ മൂന്നാളും നിൽക്കുന്നതാണ്. പണ്ട് വല്ല്യാപ്പൻ എടുത്തതാവണം.

ഇൻലാന്റുകൾ ബോംബെയിൽ നിന്നുള്ളതാണ്. ഓടിച്ചു നോക്കി. രാധമ്മായിയുടെയാണ്. അന്നും പ്രാരാബ്ധം പറച്ചിൽ തന്നെ ! എയർ മെയിൽ  വല്ല്യാപ്പന്റെയാണ്. നോക്കേണ്ട കാര്യമില്ല - വാചകമടിയായിരിക്കും.

ഡയറികൾ ഓരോന്നായി മറിച്ചു നോക്കി.
ഫണ്ട് പിരിവിന്റെയും  പത്ര വരിക്കാരുടെയും പുസ്തക വില്പനയുടെയുമൊക്കെ കണക്കുകളാണധികവും. എല്ലാം  ഡേറ്റിട്ട് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നെയുള്ളത് സമ്മേളനങ്ങളുടെ കാര്യപരിപാടികളും ചർച്ചകളും ക്ലാസ്സുകളുടെ വിശദാംശങ്ങളും എല്ലാം ഉൾക്കൊള്ളിച്ച കുറിപ്പുകളാണ്.  പാർട്ടിയുടെയും പരിഷത്തിന്റെയും യുക്തിവാദസംഘത്തിന്റേയുമെല്ലാമുണ്ട്.

നോട്ടുപുസ്തകങ്ങൾ തപ്പി. ഇതൊക്കെ തന്നെ. ഒന്നിൽ ജയേച്ചിയുടെ കല്ല്യാണ ചെലവുകളും വിളിക്കേണ്ടവരുടെ ലിസ്റ്റും എല്ലാം എഴുതി കണ്ടു.

‘കരുതിയതൊന്നും കണ്ടെത്താനായില്ലല്ലൊ എന്ന നിരാശയോടെ  എല്ലാം വീണ്ടുമൊന്ന്  മറിച്ചു നോക്കുന്നതിനിടയിലാണ്   ഒരു  നോട്ടു പുസ്തകത്തിലെ കുറിപ്പ് ശ്രദ്ധയിൽ പെട്ടത്.  ആദ്യത്തെ നാലഞ്ചു താളുകൾ വിട്ട് എഴുതി തുടങ്ങിയിരിക്കുന്നു.

1973 ഡിസംബർ 14.

സഖാവ് വള്ളിയമ്മ പോലീസിൽ നിന്നു നേരിട്ട കൊടും പീഡകളെ കുറിച്ച് രണ്ടാഴ്ച്ച മുമ്പ് അയ്യങ്കാവ് മൈതാനിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ, എന്റെ ശബ്ദം വല്ലാതെ ഇടറിവീണുപോയത് മറ്റാരും ശ്രദ്ധിച്ചിട്ടില്ലെന്നാണ്  കരുതിയിരുന്നത്.

പക്ഷേ അന്നു വൈകീട്ട് വറുഗീസിന്റെ പീടികയിൽ വച്ച് കണ്ടപ്പോൾ സ.  രാജൻ മേപ്പോടി എന്നെ ഇരുട്ടത്തേക്ക് വിളിച്ചു മാറ്റി  നിർത്തി : “ സഖാവിനെ ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. അടികൊണ്ടു വീണവന്റെ വേദന   പ്രതിഷേധമായി ജ്വലിപ്പിക്കാനുള്ള ഊർജ്ജമാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വാക്കുകളിൽ തുടിക്കേണ്ടത്.  അല്ലാതെ കണ്ണീരൊഴുക്കി വീര്യം കെടുത്തുന്നവയാവരുത് അവ. സഖാവിനു  എവിടൊക്കെയോ  വീഴ്ച്ച പറ്റുന്നുണ്ട്. തിരുത്തണം അത്..”

രണ്ടാഴ്ച്ചയായി ഞാനാലോചിക്കുന്നു. എവിടെ നിന്നാണ് ഞാൻ തിരുത്തി തുടങ്ങേണ്ടത് ?

ബാല്യകാലത്ത്, ഓല നാരിൽ പിടഞ്ഞ നീർമാണിക്ക്യനും*  ഈർക്കിലി കുടുക്കിൽ തൂങ്ങിയ മണ്ഡൂകശിശുക്കൾക്കും ആര് ജീവൻ തിരികെ കൊടുക്കും?  ഇരുട്ട് മൂടിയ ചെറ്റയ്ക്കുള്ളിൽ, ഒരു പതിനഞ്ചുകാരന്റെ  നഗ്നദേഹത്തിനു മുമ്പിൽ കൗതുകം പൂണ്ടു നിന്ന ചെറുബാല്യക്കാരിയുടെ നയനനിഷ്ക്കളങ്കത എവിടെ നിന്നു തിരിച്ചു കൊടുക്കും ?  ‘ തമ്പ്രാൻ സഖാവ് ഞങ്ങടെ  ദൈവാണ്’ എന്ന് കണ്ണീരോടെ  കൈ കൂപ്പിയവൾക്കു മുന്നിൽ നിന്ന് ഞാനെങ്ങനെ മാന്യതയെ കുറിച്ച്  പ്രസംഗിക്കും ?  അഭയം നൽകിയ സ. വർഗീസും സ. കുഞ്ഞിക്കണാരനും ബയണറ്റിനു നേരെ വിരിമാറ് കാട്ടിയപ്പോൾ  ഒളിവിൽ നിന്ന് ഒളിവിലേക്ക് പാലായനം ചെയ്ത ഞാനെങ്ങനെ ബലികുടീരങ്ങളേ ചുണ്ടുകൾ വിതുമ്പാതെ പാടി തീർക്കും ?

കുതറി മാറാനുള്ള ശ്രമത്തിലാണ് ഞാൻ.. എന്തിലും ഏതിലും ചിരിക്കുള്ള  വക കണ്ടെത്തുന്ന സ.കോയക്കുട്ടിയുടെ കളിമ്പങ്ങൾ മാത്രമാണൊരാശ്രയം.

  വായനക്കിടയിലെപ്പോഴോ  മിഴികളിലെ ഈർപ്പം അക്ഷരങ്ങൾക്കു മേലെ സ്ഥടിക സുതാര്യമായ് പെയ്തു തുടങ്ങിയിരുന്നു. ‘അച്ഛാ..’ എന്നൊരു വാക്ക് തൊണ്ടയിൽ കൊളുത്തി വലിക്കുന്നുണ്ട്.

 പുസ്തകം മടക്കി വെച്ച് പെട്ടി അടച്ചു പൂട്ടി കട്ടിലിനടിയിലേക്ക് തള്ളി.

അച്ഛനിപ്പോഴും ഉറക്കമാണ്.

അധികം കിടന്നിട്ടില്ല, അച്ഛനോടൊപ്പം. എന്നും അമ്മയുടെ മോനായിരുന്നു  ഞാൻ.

ആ കാൽക്കൽ തല വെച്ച്, വിലങ്ങനെ ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു. വിരൽ തുമ്പുകളിൽ അച്ഛനെ തൊട്ട്.

ജനിതകത്തിന്റെ നിറവ് കട്ടിലിൽ  ഒഴുകിപ്പരന്നു കൊണ്ടിരുന്നു.

                                                                  *********

* നീർമാണിക്ക്യൻ - ഒരിനം തുമ്പി.


തിങ്കളാഴ്‌ച, മാർച്ച് 18, 2013

തന്നൂർ


                                                                 തന്നൂർ

 പരസ്പരം തൊടാത്ത പതിനൊന്ന് തുരുത്തുകൾ മാത്രമായിരുന്നു ഞങ്ങളുടെ കളിക്കാർ.
 ആ തുരുത്തുകളെ അടിമുടി തകർത്തെറിഞ്ഞ്  ഉരുൾപൊട്ടിയ മലവെള്ളം പോലെ വലന്തേറ്റക്കാർ   ഇരച്ചു പാഞ്ഞു.

ഫ്ലഡ് ലൈറ്റുകളൊരുക്കുന്ന പകൽ വെളിച്ചത്തിൽ, പച്ചപ്പട്ടു പോലെ പതുപതുത്ത പുൽമൈതാനിയിൽ, ബൂട്ടിനുള്ളിലെ ഉഷ്ണത്തിൽ വിങ്ങിയ എന്റെ ചങ്ങാതിമാരുടെ  കാലുകൾ  പന്തൊന്നു തൊടാൻ കിട്ടാതെ ഓടി ക്ഷീണിച്ച് തളർന്നിരുന്നു.

എട്ടാമത്തെ ഗോളിനു ശേഷമാണ്  നാട്ടുകാർ വലന്തേറ്റക്കാർക്കു വേണ്ടി ആർപ്പു വിളിച്ചു തുടങ്ങിയത്. ഞങ്ങളുടെ കുഞ്ഞുങ്ങളും സഹോദരങ്ങളും ഭാര്യമാരും കാമുകികളും മാതാപിതാക്കളുമെല്ലാം അവർക്കു വേണ്ടി ആർപ്പു വിളിച്ചു ; എങ്ങാനും വഴി തെറ്റി പന്ത് ഞങ്ങളിൽ  ആരുടെയെങ്കിലും കാൽക്കലെത്തിയാൽ നിർത്താതെ കൂക്കി വിളിച്ചു.

കളി തീരാൻ ഇരുപതു  മിനിറ്റു കൂടി ബാക്കിയുണ്ടായിരുന്നു. ഞാനപ്പോൾ ഉസ്മാന്റെ ഉപ്പൂപ്പയെയാണ് ഓർത്തു കൊണ്ടിരുന്നത്.

“ ഞാനുണ്ടാവില്ല മോനേ കളി കാണാൻ..” വൃദ്ധന്റെ മിഴികളിൽ നീർമണികൾ തിളങ്ങി.“..നാളെ മുതൽ തന്നൂർ എന്നൊരു നാടുണ്ടാവില്ല. വലന്തേറ്റക്കാർ എറിഞ്ഞു തരുന്ന ഉച്ഛിഷ്ടങ്ങൾക്ക് കാത്തിരിക്കുന്ന കുറെ അടിമകൾ മാത്രമുണ്ടാവും. അടിമകൾ !...”

തന്നൂർ കാൽപന്തുകളിയുടെ നാടാണ്. പ്രതിരോധത്തിന്റെയും. ഇവിടത്തെ കാറ്റിനു പറയാനുള്ളത് ഡിഫൻസുകളുടെയും സേവിങ്ങുകളുടെയും നിലയ്ക്കാത്ത കഥകളാണ്. ആ ഇതിഹാസ കഥകൾ കേട്ടു വളർന്നാണ് ഓരോ തന്നൂരുകാരനിലും ചോരത്തിളപ്പുള്ള  ഒരു കളിക്കാരൻ ജനിക്കുന്നത്.  തെയ്യത്ത് അപ്പുണ്ണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയ്ക്കു വേണ്ടിയുള്ള ഫുട്ബോൾ മേളയാണ് ഞങ്ങളുടെ ദേശീയോത്സവം.  

 ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉസ്മാന്റെ ഉപ്പൂപ്പ  സ്വകാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത് തെയ്യത്ത് അപ്പുണ്ണിയോടാണ്. തല പുകഞ്ഞിരുന്ന് ചർച്ച ചെയ്യുന്നത് അവരൊരുമിച്ചുള്ള അവസാനകളിയിലെ തന്ത്രങ്ങളെ കുറിച്ചാണ്. കൊപ്പത്തോ മറ്റോ ആയിരുന്നു ആ കളി. അന്നൊക്കെ ദേശങ്ങൾ തമ്മിലായിരുന്നത്രെ മത്സരം. സെവൻസ്.  വലന്തേറ്റക്കാർ തന്നൂരുകാർക്ക് ഒരിക്കലുമൊരു വെല്ലുവിളിയായിരുന്നില്ല. പക്ഷെ അന്നത്തെ കളിയിൽ വലന്തേറ്റയ്ക്കു വേണ്ടി കളിക്കാൻ അംബ്രോസ് എന്നൊരു വരത്തനുണ്ടായിരുന്നു. കുതന്ത്രങ്ങളുടെയും കള്ളക്കളിയുടെയും ഫൗളുകളുടെയും തലതൊട്ടപ്പൻ. വെടിമരുന്ന നിറച്ച ഷോട്ടുകൾ പെയ്യുന്നവൻ. ഗോളികളുടെ പേടിസ്വപ്നം. പക്ഷെ അപ്പുണ്ണിയ്ക്കോ തന്നൂരിനോ കുലുക്കമുണ്ടായില്ല. അംബ്രോസിന്റെ സകല തന്ത്രങ്ങൾക്കും വഴിയടച്ച് അപ്പുണ്ണി  ഇരുമ്പു മതിൽ പോലെ പോസ്റ്റിൽ നിറഞ്ഞു നിന്നു. തന്നൂർ മുന്നേ – പൂജ്യത്തിനു കളി ജയിച്ചു എന്ന്  ഉറപ്പിച്ച് ആർപ്പുവിളികൾ തുടങ്ങിയ അവസാനനിമിഷത്തിൽ  പെനാൽറ്റി ബോക്സിൽ വച്ച് കാലിൽ കിട്ടിയ പന്ത് തന്നൂരിന്റെ ലെഫ്റ്റ് ബാക്ക് അമ്മൂഞ്ഞിയുടെ കൈപ്പത്തിയിലേക്ക് കോരിയിട്ട അംബ്രോസിന്റെ കുതന്ത്രം.

പെനാൽറ്റി !

കിക്കെടുക്കുന്നത് അയാൾ തന്നെ. തന്നൂരിന് ഒരു ഗോൾ വീണു എന്നു തന്നെ മിക്കവരും കരുതി. പക്ഷെ  അപ്പുണ്ണിയ്ക്കുണ്ടോ വല്ല കൂസലും !  ഷോട്ടെടുക്കുന്നതിനുമുമ്പ്, അപ്പുണ്ണിയുടെ കണ്ണുകളിലേയ്ക്ക് നോക്കി, മോഹനിദ്രയിലേക്കാഴ്ത്തുന്നതുപോലെ  എന്തോ ദുർമന്ത്രങ്ങൾ ഉരുവിട്ട്, കുനിഞ്ഞ്  പന്തൊന്ന് തിരിച്ചു വച്ച്, തീവണ്ടിയെപ്പോലെ പാഞ്ഞു വന്ന് അംബ്രോസിന്റെ ഷോട്ട്. പോസ്റ്റിന്റെ വലതുമുകളിലെ മൂലയിലേക്കാണ് പന്ത് ഒരു വെടിച്ചില്ലു പോലെ പാളുന്നതെന്ന് എല്ലാവരും കണ്ടു. അപ്പുണ്ണി പറന്നതും അവിടേയ്ക്കു തന്നെ.

( കഥ അവിടെയെത്തുമ്പോൾ, ഓരോ തന്നൂരുകാരന്റെയും  ശബ്ദമൊന്നിടറും.  നെഞ്ചൊന്ന് പിടയും..)

ഒരു സ്ഫോടനം നടന്നതു പോലെ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അപ്പുണ്ണി വലയ്ക്കുള്ളിലേക്കും പന്ത് പുറത്തേയ്ക്കും തെറിച്ചു. പുറത്തേയ്ക്ക് തെറിച്ച പന്ത് തല വെച്ച് കുത്തിയകറ്റിയ  സെന്റർ ബേക്ക് കോയാമു കുഴഞ്ഞു വീണു.  റഫറിയുടെ നീണ്ടവിസിൽ. കളി കഴിഞ്ഞു ;പക്ഷെ അപ്പുണ്ണി എണീറ്റില്ല. കിടന്നിടത്തു നിന്ന് തലയുയർത്തി എല്ലാവരേയുമൊന്ന് നോക്കി. രണ്ടു കവിൾ ചോര ചർദ്ദിച്ചു.. ബോധം തെളിഞ്ഞ കോയാമുവിന്റെ  ലോകത്തിൽ അപ്പുണ്ണി മരിച്ചില്ല. വലന്തേറ്റക്കാർക്കെതിരെയുള്ള തന്ത്രങ്ങൾ മരിച്ചില്ല.

പിന്നീടാണതറിഞ്ഞത് – ‘ഒന്നുകിൽ അവർ ജയിക്കും, അല്ലെങ്കിൽ അവനെ ഞാനെടുക്കും’ എന്ന് കളിക്കു മുമ്പേ അമ്പ്രോസ് പറഞ്ഞു വെച്ചിരുന്നുവത്രെ.

വലന്തേറ്റക്കാർക്ക് അതോടെ അംബ്രോസ് ഒരു വീരനായകനായി. ഫോർവേഡ് ആയി വാടകയ്ക്കെടുക്കപ്പെട്ടവൻ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു.

 കളിക്കളത്തിൽ വച്ചു തന്നെ അമ്പ്രോസിനോടു പകരം ചോദിക്കാൻ ഓരോ തന്നൂരുകാരന്റെയും ചോര തിളച്ചു.  അത് തന്നൂരിന്റെ മണ്ണിൽ വെച്ചു തന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ, രാപ്പകൽ മണ്ണു ചുമന്ന് നാട്ടിലൊരു മൈതാനമുണ്ടാക്കി. വലന്തേറ്റക്കാരെ കളിക്കാൻ വെല്ലുവിളിച്ചു. അവർ വന്നു. പക്ഷെ അമ്പ്രോസ് ഉണ്ടായിരുന്നില്ല.കാലുളുക്കിയിരിക്കുകയാണെന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി. അത്തവണ മാത്രമല്ല, പിന്നീടും.പക്ഷെ കളി തുടങ്ങിയപ്പോൾ മനസ്സിലായി, പതിനൊന്ന് അംബ്രോസ്സുമാരോടാണ് കളിക്കുന്നതെന്ന്. നാട്ടുകാരും കുറച്ചൊക്കെ കരുതിയിരുന്നു. ഒറ്റക്കെട്ടായി വീറോടെ പൊരുതി, ജയിച്ചു.  അപൂർവം ചില വർഷങ്ങളിൽ മാത്രം വലന്തേറ്റക്കാർ ജയിച്ചു. പക്ഷെ  അവരുടെ ഓരോ വിജയത്തിനു പിന്നിലും, റഫറിമാർ കാണാത്ത ഫൗളുകളുടെയും കള്ളക്കളികളുടെയും കഥകൾ ഞങ്ങൾക്ക് പറയാനുണ്ടായിരുന്നു.
                                                        
                                                   ***************

പതിനെട്ടാം വയസ്സിൽ, റിസർവായിട്ടിരിക്കാനായിരുന്നു വിധിയെങ്കിലും, വലന്തേറ്റക്കാരുമായുള്ള എന്റെ അരങ്ങേറ്റമത്സരമായിരുന്നു അന്ന്. വിജയം ആഘോഷിക്കാനായിരുന്നു ഞാൻ ഉസ്മാന്റെ വീട്ടിലെത്തിയത്.

“വിഡ്ഡികൾ..ജയിക്കുകയാണെന്ന് നിങ്ങൾ കരുതുന്നു. പക്ഷെ അവർ പഠിക്കുകയാണ്. നമ്മുടെ ആക്രമണം, നമ്മുടെ പ്രതിരോധം.. ഓരോന്നായി അവർ പഠിച്ചെടുക്കുകയാണ്.   അവസാന ജയം അവരുടേതാകും, കാരണം, അതിനു ശേഷം തന്നൂരിലൊരു കളിക്കാരൻ ഉണ്ടാകില്ല.തന്നൂർ തന്നെയുണ്ടാകില്ല..”  കോയാമുപ്പൂപ്പ പതിയെ പറഞ്ഞത് എന്റെയുള്ളിലൊരു പോറലുണ്ടാക്കി.

“ നീയത് കാര്യാക്കണ്ട.. ഉപ്പൂപ്പ അങ്ങനെ പലതും പറയും. നമ്മള്  ഇലവൻസിലേക്കു മാറിയപ്പോൾ ഉപ്പൂപ്പ ഉണ്ടാക്കിയ പുകിലൊക്കെ നിനക്കോർമ്മയില്ലേ ?  ” ഉസ്മാൻ ചിരിച്ചു.

അതെങ്ങനെ മറക്കാൻ കഴിയും ?  . വലന്തേറ്റക്കാർ അങ്ങനെയൊരു വെല്ലുവിളി നടത്തിയാൽ ഏറ്റെടുക്കാതിരിക്കുന്നവർ തന്നൂരുകാരാണോ ?  ഇനി മുതൽ ഇലവൻസ് കളിക്കാനേ ഉള്ളൂ എന്നവർ വാശി പിടിച്ചാൽ   അതു കേട്ട് പിന്മാറുന്ന ഭീരുക്കളോ ഞങ്ങൾ ? കാര്യം ഗ്രൗണ്ടിനു പടിഞ്ഞാറു വശത്തെ പാടം കുറച്ചു നികത്തേണ്ടി വന്നു.. തെക്കുഭാഗത്തെ ചില വീടുകളൊഴിപ്പിക്കുന്നത് സംബന്ധിച്ച് ചില കശപിശയൊക്കെയുണ്ടായി..ശ്രമദാനത്തിനു വരുന്നവരെ കല്ലെടുത്തെറിഞ്ഞോടിച്ചും  നികത്തിയ ഗ്രൗണ്ട് ആരും കാണാതെ വന്ന് കുഴച്ചു മറിച്ചിട്ടും  വൃദ്ധൻ അന്ന് ചില്ലറ തല്ലിപൊളിയാണോ  ഉണ്ടാക്കിയത് ? ഒടുവിൽ കുറച്ച് നാൾ ചങ്ങലക്കിടേണ്ടി വന്നു.

“ അതേടാ..പന്നീന്റെ മോനെ..ശത്രുവിന്റെ ആവശ്യത്തിനനുസരിച്ച് അങ്കക്കളം വലുതാക്കുന്ന നീയൊക്കെ ബുദ്ധിമാൻ..ഞാൻ വെറും ഭ്രാന്തൻ..”, തിണ്ണയിലിരുന്ന വൃദ്ധൻ അലർച്ചയോടെ ചാടിയെണീറ്റപ്പോൾ ഞാനും ഉസ്മാനും പെട്ടന്നാ ഭാവപ്പകർച്ചയിൽ ഒരു നിമിഷം പകച്ചു പോയി       “ അവരുടെ ആവശ്യത്തിനനുസരിച്ച് നിന്റെയൊക്കെ തന്തമാർ പാദങ്ങൾ ബൂട്ടിട്ട് പൊതിഞ്ഞു കെട്ടി.. ഇന്ന് നിന്റെയൊക്കെ  കാലിന് തന്നൂരിലെ മണ്ണിന്റെ ഉപ്പും പുളിയുമറിയാമോടാ ? ഒരഞ്ചു മിനിറ്റ് മണ്ണിലിറങ്ങിയാ നിന്റെയൊക്കെ കാലിന്നു ചരൽ മുറിഞ്ഞു പൊട്ടും .. എന്നിട്ടും നീയും നിന്റെ തന്തയുമെല്ലാം വീരനായകന്മാർ
.ചിരിച്ചോടാ..നീയൊക്കെ ചിരിച്ചോ..നിന്റെയൊക്കെ ഒടുക്കത്തെ കളി വരെ ചിരിച്ചോണ്ടിരുന്നോ ”   വൃദ്ധൻ എന്നെയൊരു തീ പാറുന്ന നോട്ടം നോക്കി. പിന്നെ എന്തൊക്കെയോ പിറുപിറുത്ത് വീണ്ടും തിണ്ണയിൽ ചെന്നിരുന്നു.

ഉസ്മാൻ വീണ്ടും ചിരിച്ചു. “ മൂപ്പരിന്നു നല്ല ഫോമിലാ..”

“എന്തിനാടാ ചെക്കന്മാരേ കാർന്നോരെ അരിശം പിടിപ്പിക്കുന്നത് ?” ഉസ്മാന്റെ ഉമ്മ അകത്തു നിന്ന് വിളിച്ചു ചോദിച്ചു. “  അതവിടെയിരുന്ന് എന്തെങ്കിലും പറഞ്ഞോട്ടെ.. നിങ്ങളു നിങ്ങടെ പാടു നോക്കി പോ..”

കളികൾ പിന്നെയും നടന്നു. മിക്കതിലും ഞങ്ങൾ തന്നെ ജയിച്ചു. പക്ഷെ ആ വാക്കുകൾ, നോട്ടം എന്റെയുള്ളിൽ ഒരു കാരമുള്ളു പോലെ തറഞ്ഞു കിടന്നു. അവർ ഞങ്ങളുടെ കളി പഠിക്കുന്നുണ്ടോ ?

കാര്യം ഞങ്ങൾക്കും  അതീവ രഹസ്യമുള്ള ചില മുന്നൊരുക്കങ്ങളുണ്ട്. വലന്തേറ്റ  വിന്നേഴ്സിന്റെ കളി ഈ പരിസരത്തെവിടെയുണ്ടെന്ന് കേട്ടാലും അവിടെ അവരറിയാതെ  തന്നൂർ ഫൈറ്ററിലൊരാൾ ഹാജരുണ്ടാവും. അവരുടെ പൊസിഷൻ, പാസ്സുകൾ, ഫൗളുകൾ എല്ലാം അയാൾ കണ്ണിമയ്ക്കാതെ പഠിക്കും. അതെല്ലാം ചേർത്തു വെച്ചാണ് അടുത്ത  അങ്കത്തിനു ഞങ്ങൾ തയ്യാറെടുക്കാറുള്ളത്.ഒരു പക്ഷേ അത്തരം തന്ത്രങ്ങളൊക്കെ അവർക്കുമുണ്ടാകുമോ ? എങ്കിലവരിങ്ങനെ തോൽക്കുന്നതെന്ത് ? വളരെ വളരെ വൈകി, ഇന്നലെ രാത്രിയാണല്ലോ ആ  ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയത് !

വീണ്ടും ആരവം ഉയരുന്നു. അടുത്തെ ഗോൾ വീണിരിക്കുന്നു!. പതിനേഴ് !!. ഒരു സാമ്രാജ്യം തകർന്നടിയുകയാണ്. ജനം ആർപ്പു വിളിക്കുന്നു. സ്വന്തം ദേഹം കടിച്ചു മുറിക്കുന്ന ഭ്രാന്തൻ നായയെ പോലെ, തന്നൂരുകാരേ, നിങ്ങൾ നിങ്ങളുടെ തോൽവിയിൽ തന്നെ ഉന്മത്തരായി ആർപ്പു വിളിക്കുകയാണല്ലൊ !

കഴിഞ്ഞ കൊല്ലം മത്സരം കഴിഞ്ഞു  മടങ്ങുമ്പോഴാണ് വലന്തേറ്റക്കാർ അങ്ങനെയൊരു   ആവശ്യം മുന്നോട്ടു വച്ചത് : “ ഇനി മുതൽ ഞങ്ങൾ ഗ്രാസ്സ് പിച്ചിലേ കളിക്കുന്നുള്ളു” , അവരുടെ മാനേജർ പറഞ്ഞു,
 “അറിയാമല്ലൊ, ഞങ്ങളുടെ കളിക്കാരിൽ രണ്ടു പേർ ഇന്റർനാഷണൽ പ്ലേയേഴ്സ് ആണ്..നാലു പേർ നാഷണലും. മണ്ണിൽ കളിക്കുമ്പോൾ അവർക്ക് വല്ലാതെ സ്ട്രെയിനെടുക്കേണ്ടി വരുന്നുണ്ട്. ഇവിടെയൊന്ന് മറിഞ്ഞു വീണാൽ പോലും അവരുടെ ഫിറ്റ്നസൊക്കെ തകരാറിലാവും
അല്ലാതെ നിങ്ങളോട് കളിക്കുന്നതിന് വിരോധമുണ്ടായിട്ടല്ല.” മറുപടിയില്ലാതെ അന്തിച്ചു നിൽക്കുകയായിരുന്ന ഞങ്ങളുടെ മാനേജരുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് അയാൾ തുടർന്നു “ നോക്കൂ.. നിങ്ങൾക്ക് ഒന്നാന്തരം പ്ലേയേഴ്സ് ഉണ്ട്.. അതുകൊണ്ടാണല്ലൊ നിങ്ങൾ ജയിക്കുന്നത്. പക്ഷെ നിങ്ങളുടെ ഗ്രൗണ്ട്.. അത് ഇരുപതു വർഷം പുറകിലാണ്.. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾ തന്നെ നിങ്ങളുടെ വളർച്ച നിഷേധിക്കുകയാണ്. ആറു  വർഷമേ ആയിട്ടുള്ളു ഞങ്ങൾ ഗ്രാസ്സ് പിച്ചിലേക്ക് മാറിയിട്ട്..അപ്പോഴേയ്ക്കും അഞ്ച് ഇന്റർനാഷണൽ പ്ലേയേഴ്സിനെ  സൃഷ്ടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. കൊപ്പവും തിരൂരുമെല്ലാം ഗ്രാസ്സ് പിച്ചിലേക്ക് മാറുകയാണെന്ന് കേൾക്കുന്നു. അതായി കഴിഞ്ഞാൽ പിന്നെ അവരുമുണ്ടാവില്ല ഇവിടെ കളിക്കാൻ.” ഒന്നു നിർത്തി, വാക്കുകളിൽ പുച്ഛം നിറച്ച് അയാൾ അവസാനിപ്പിച്ചു, “ നിങ്ങൾ മാത്രം ഇങ്ങനെ ചരലിൽ നിരങ്ങി ജീവിതം കഴിക്കും..”

വലന്തേറ്റക്കാരുടെ വെല്ലുവിളി കേട്ടില്ലെന്ന് നടിക്കുകയോ ?   അതിലുമുപരി, തന്നൂരുകാരായ ഇന്റർനാഷണൽ പ്ലേയർസ് എന്ന എക്കാലത്തേയും സ്വപ്നം

പക്ഷെ പണം.. ?

“ഗ്രാസ്സ് ഫീൽഡാക്കാൻ പത്ത് ലക്ഷം.. ഫ്ലഡ് ലൈറ്റിന് എട്ട് ലക്ഷം, ഗാലറിയ്ക്ക് 40 ലക്ഷം.” ഞങ്ങൾ സമീപിച്ച എഞ്ചിനീയർ പുല്ലു പോലെ പറഞ്ഞു.

 ആദ്യമേ തന്നെ ഗാലറി വേണ്ടെന്നു വച്ചു. എന്നിട്ടും വേണം പതിനെട്ട് ലക്ഷം !! ഈ ഇട്ടാവട്ടം തന്നൂരിൽ നിന്ന് അത്രയും തുക പിരിച്ചെടുക്കാമെന്ന്  സ്വപ്നത്തിൽ പോലും  ചിന്തിക്കാൻ വയ്യ.

‘അന്വേഷിപ്പിൻ, കണ്ടെത്തും’ എന്നാണല്ലൊ പ്രമാണം. കണ്ടെത്തുക തന്നെ ചെയ്തു. ക്ലബ്ബിന്റെ രക്ഷാധികാരി ഹരിഹരേട്ടനാണ് വഴി കാട്ടിയത്. അദ്ദേഹം ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ടയാളാണ്. പണക്കാരന്റെ പത്രാസുകളൊന്നും കാണിക്കാതെ, ക്ലബ്ബിനു വേണ്ട ഫുട്ബോളും ജേഴ്സിയുമെല്ലാം മനസ്സലിവോടെ സ്പോൺസർ ചെയ്യാറുള്ള സ്നേഹസമ്പന്നൻ.

ക്ലബ്ബ് പ്രസിഡണ്ട് ദാസേട്ടനും സെക്രട്ടറി ഉമ്മറിക്കയും ചേർന്നാണ് കരാറിൽ ഒപ്പു വെച്ചത്.

                                                     **************                                            

ഇന്നലെ രാത്രിയാണതുണ്ടായത്. പരിശീലനവും ഇന്നത്തെ കളിയുടെ ഗെയിം പ്ലാനിങ്ങും കഴിഞ്ഞ്, ഇരുൾ മൂടിയ ഇടവഴിയിലൂടെ തിരിച്ചു വരുമ്പോഴാണ് പൊടുന്നനെ മുന്നിൽ മറ്റൊരു നിഴൽ അനങ്ങുന്നതായി തോന്നിയത്. പെട്ടന്നെന്തോ ആഞ്ഞുയർന്നു താണുവോ ? തലയിലെന്തോ ഭാരമുള്ളത്  പൊട്ടിവീണുവോ ?

 തപ്പി നോക്കി..ഇല്ല.. തോന്നലായിരുന്നു.. കണ്ണിലെ ഇരുട്ട് പരിചിതമായപ്പോൾ മുന്നിലെ നിഴൽ തിരിച്ചറിഞ്ഞു. കുഞ്ഞാമുപ്പൂപ്പ !

“ നീ പേടിച്ചോ ?” മൂപ്പർ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“കുറച്ച്..” ഞാൻ ചിരിക്കാൻ  ശ്രമിച്ചു.

“നന്നായി”, മൂപ്പർ എന്റെ കൈ പിടിച്ചു. “ വാ..” എൺപതു കഴിഞ്ഞിട്ടും വൃദ്ധന്റെ കൈയ്ക്ക് എന്തു ബലം !
‘എങ്ങോട്ടാണ്’ എന്ന് നാവുയർത്താൻ പോലുമാകുന്നതിനു മുമ്പ്, കാറ്റിന്റെ വേഗതയിൽ എവിടേയ്ക്കാണെന്നെ വലിച്ചു കൊണ്ടു പോകുന്നത് ? അതിനിടയിൽ ശരവർഷം  പോലെ ചോദ്യങ്ങളും !

“നിനക്ക് കുറച്ചു മുമ്പൊരു സന്ദേശം കിട്ടിയിരുന്നോ ? ടീമിലെ രണ്ടു പേർ ഒറ്റുകാരാണെന്ന് ?”

“ ഉവ്വ്..” ഞാൻ അതിശയത്തോടെ സമ്മതിച്ചു. അഞ്ചുമിനിറ്റ് മുമ്പാണ്  ഒരജ്ഞാത നമ്പറിൽ നിന്ന് അങ്ങനെയൊരു മെസ്സേജ് വന്നത്. സ്റ്റേഡിയത്തിൽ നിന്ന് മടങ്ങുമ്പോൾ.

“ നിനക്ക് മാത്രമല്ല, ടീമിലെ  എല്ലാവർക്കും അവരത് അയച്ചിട്ടുണ്ട്. സത്യവുമാണത്. പക്ഷെ ഇപ്പോൾ നിങ്ങളെ അറിയിച്ചത്, നാളത്തെ നിങ്ങളുടെ കെട്ടുറപ്പ് തകർക്കാൻ.. പതിനൊന്നു പേർ പതിനൊന്നു പേരായി തന്നെ അകന്നു മാറി നിൽക്കാൻ....”

“ ?!”

“ വെറും ഇരുപത് ദിവസത്തെ പരിശീലനം.. അത് മതിയോടാ അവരെ ജയിക്കാൻ ?”

എന്തു പറയാൻ ! പോരെന്നു ഞങ്ങൾക്കു തന്നെ അറിയാം.. പക്ഷെ..

  പെണ്ണിന്റെ  മാല പണയം വെച്ചിട്ട് അതിനുള്ളതേ കിട്ടിയുള്ളല്ലേ?” പരിഹാസമാണ് വൃദ്ധന്റെ ശബ്ദത്തിൽ.

നാവനങ്ങുന്നില്ല. മർമ്മത്താണ് കിളവൻ ചോദ്യങ്ങളാഴ്ത്തുന്നത് !


“ ഫുട്ബോൾ ജീവശ്വാസമായ തന്നൂരിൽ, ഇങ്ങനെയൊരു അന്താരാഷ്‌ട്ര നിലവാരമുള്ള  സ്റ്റേഡിയം തയ്യാറാക്കാൻ മുൻകൈയ്യെടുക്കാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്..” നാലുമാസം മുമ്പ്, സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമ്പോൾ ഹരിഹരേട്ടൻ പ്രസംഗിച്ചു.

 “ ഇത്രയും നാളും, കുട്ടികൾ മൈതാനിയിൽ കളി കഴിഞ്ഞു വരുന്നതു വരെ തന്നൂരിലെ ഓരോ  അച്ഛനമ്മമാർക്കും പേടിയായിരുന്നു, വീണുരഞ്ഞു പൊട്ടിയ കൈകാലുകളുമായാണൊ തങ്ങളുടെ കുട്ടികൾ കയറി വരിക എന്ന്. ഞാനടക്കം ചില രക്ഷിതാക്കളെങ്കിലും അതുകൊണ്ടു മാത്രം കുട്ടികളെ ഇങ്ങോട്ടു പറഞ്ഞയക്കാനും മടി കാണിച്ചിരുന്നു.  ഇനിയാ പേടി വേണ്ട. എനിക്കുറപ്പാണ്, തന്നൂരിലെ  മാന്യപൗരന്മാർ അമ്പതോ നൂറോ മുടക്കി പരിശീലനം നേടാനോ  ടിക്കറ്റെടുത്ത് ടൂർണ്ണമെന്റ് കാണാനോ മടി കാണിക്കുന്നവരല്ല .” കിടിലം കൊള്ളിക്കുന്ന കൈയ്യടി തീരുന്നതു വരെ ഹരിഹരേട്ടനു കുറച്ചു സമയം പുഞ്ചിരിയോടെ കാത്തു നിൽക്കേണ്ടി വന്നു.

 “ എങ്കിലും ചില നാണം കെട്ടവരുണ്ട്..” ആ മുഖത്ത് രോഷം പടർന്നു “ എന്തും ഏതും സൗജന്യമായി തിന്നു ശീലിച്ച പിച്ചകൾ
. ആടുമാടുകളെയും നാടോടിപരിഷകളെയും മാത്രമല്ല, അത്തരക്കാരെ കൂടി ഉദ്ദേശിച്ചാണ് കമ്പനി, പതിനെട്ടടി പൊക്കത്തിൽ രണ്ടടി വീതിയിൽ മൈതാനത്തിനു ചുറ്റും ..”, അദ്ദേഹം മൈതാനത്തിനു ചുറ്റും വിരൽ ചൂണ്ടി  തുടർന്നു “ ഈ മതിൽ പടുത്തുയർത്തിയിരിക്കുന്നത്..” തന്നൂരുകാർ വീണ്ടും ആവേശത്തോടെ കൈയ്യടിച്ചു.

“ നിങ്ങൾക്കറിയാമല്ലോ, നൂറു വർഷം കഴിഞ്ഞാൽ കമ്പനി    സ്റ്റേഡിയം നമുക്കു തന്നെ തിരിച്ചു തരും.  മന്ത്ലി യൂസേഴ്സ് ഫീ ആയി
പുറത്തുള്ളവരിൽ നിന്ന്  അറുപതിനായിരം ഈടാക്കുമ്പോൾ  ക്ലബിന്  വെറും മുപ്പതിനായിരം  രൂപ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അതു കേൾക്കുമ്പോൾ ചിലർക്കൊക്കെ ഒരു മുറുമുറുപ്പുണ്ടാവും – ഇത്ര രൂപയോ എന്ന്.  ഞാനൊരു കണക്കു പറയാം.. ഒരു മാസത്തേയ്ക്ക് മുപ്പതിനായിരമാവുമ്പോൾ ഒരു ദിവസത്തേയ്ക്ക് മുപ്പതിനായിരം ഹരണം മുപ്പത്, അതായത് ആയിരം. റിസർവ് ഉൾപ്പെടെ പതിനഞ്ചു പേരാണല്ലൊ ടീമിലുള്ളത്. ആയിരം ഹരണം പതിനഞ്ച്, അറുപത്താറ് രൂപ എഴുപത് പൈസ. അതായത്, ഒരു കളിക്കാരൻ ഒരു ദിവസം മുടക്കേണ്ടത് അറുപത്തേഴ് രൂപ. നിങ്ങൾ നോക്കൂ..”,   അദ്ദേഹം വേദിയിലിരിക്കുന്ന ഞങ്ങൾക്കു നേരെ വിരൽ ചൂണ്ടി “ വെറും അറുപത്തേഴ് രൂപ വച്ച് ദിവസവും മുടക്കാൻ ശേഷിയില്ലാത്തവരാണൊ ഇവർ ?”

“ അല്ല..അല്ല..അല്ല..” ജനക്കൂട്ടം ആർത്തു.


വൃദ്ധൻ പെട്ടന്ന് തിരിഞ്ഞു നിന്നെന്റെ കൈകളിൽ മുറുകെ പിടിച്ചു. ഇരുട്ടത്ത് ആ കണ്ണുകൾ മാത്രം നക്ഷത്രങ്ങളെ പോലെ തിളങ്ങി.

“ നിനക്കെന്നെ വിശ്വാസമുണ്ടോ ?”

‘ഉവ്വ്’ എന്നു മറുപടി പറയുമ്പോൾ വല്ലാത്തൊരൂർജ്ജം എന്നിൽ വന്നു നിറയുന്നത് അനുഭവപ്പെട്ടു. ശരീരമാകെ ഒരു യുദ്ധത്തിനു ത്രസിക്കുന്നതു പോലെ.

“ വാ..” വൃദ്ധൻ വീണ്ടും തിടുക്കത്തിൽ മുന്നോട്ടു നീങ്ങി. “ അവരുടെ ഗെയിം പ്ലാനിങ്ങ് അവസാനിക്കുന്നതിനു മുമ്പ്..”

കാടും പടലും  ഞെരിച്ചമർത്തി ശരവേഗത്തിൽ മുന്നോട്ടു പായുമ്പോൾ എനിക്കാ വഴി തെളിഞ്ഞു തുടങ്ങിയിരുന്നു. റോഡ് മാർഗ്ഗമാണെങ്കിൽ പതിനൊന്ന്  കിലോമീറ്ററുണ്ടവിടേയ്ക്ക് !!
ഒടുവിൽ, മൂന്നാം കുന്നിന്റെ നെറുകയിൽ വെച്ചു ഞാനതു കണ്ടു.ദൂരെ, പച്ചപ്പരവതാനി പോലെ വലന്തേറ്റക്കാരുടെ മൈതാനം.
ഞങ്ങളവിടെയ്ക്കടുത്തു കൊണ്ടിരിക്കേ, പെട്ടന്നവിടുത്തെ വിളക്കുകളണഞ്ഞു.

“അവരുടെ പരിശീലനം കഴിഞ്ഞു.. ഇനി ഗെയിം പ്ലാനിങ്ങാണ്..വാ..”

ഞങ്ങൾ നിരങ്ങി നിരങ്ങി ഒരു വൻമതിലിനടുത്തെത്തി. കൂടുതൽ ഇരുൾ നിറഞ്ഞ മറ്റൊരു ഭാഗത്തേയ്ക്ക് വൃദ്ധനെന്നെ നയിച്ചു. “ ഇവിടെയിരിക്ക്..”
പിന്നെ അദ്ദേഹം ചുമരിൽ പരതാൻ തുടങ്ങി. “ എന്റെ ഇത്രയും നാളത്തെ അദ്ധ്വാനത്തിന്റെ ഫലമാണത്..” ഒരു ചെറിയ  കല്ല് ഇളക്കി മാറ്റിക്കൊണ്ട്, എന്റെ  കണ്ണുകൾ അവിടേയ്ക്ക് ബലമായി ചേർത്തു വച്ച്  ആജ്ഞാപിച്ചു. “ നോക്ക്
വെളിച്ചം ഒട്ടും പുറത്തു പോകരുത്..”

ഞാൻ അടങ്ങാത്ത വിസ്മയത്തോടെ ആ ദ്വാരത്തിലൂടെ കണ്ണയച്ചു. ഒരു വലിയ മുറിയാണത്. കളിക്കാരെല്ലാവരും ഒരു വലിയ എൽ സി ഡി ടി വിയിലേക്ക് നോക്കിയിരിക്കുന്നു.  അവരേതോ  കളി കാണുകയാണ്. ‘ അയ്യേ, ഇതാണോ അവരുടെ ഗെയിം പ്ലാൻ !’ എന്ന പുച്ഛത്തോടെ ഞാൻ തല തിരിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ തിരിച്ചറിവിൽ എന്റെ എന്റെ രോമങ്ങൾ എഴുന്നു നിന്നത്.. അത് ഞങ്ങളുടെ കളിയാണ് !.രണ്ടു ദിവസം മുമ്പ് ഞങ്ങളും കൊണ്ടോട്ടി ബ്രദേഴ്സും തമ്മിൽ നടന്ന സെമി ഫൈനൽ.. !! പെട്ടന്ന് അവരുടെ കോച്ച് അവിടെ പ്രത്യക്ഷപ്പെട്ടു. എന്തോക്കെയോ പറഞ്ഞു കൊണ്ട് അയാൾ ടി വി യ്ക്കു നേരെ റിമോട്ട് ഉയർത്തി. കളിക്കാർ ചിരിച്ചു.   ടി വി യിലെ ദൃശ്യങ്ങൾ മാറി. ചെറിയ ഇരുട്ടുണ്ട്. എങ്കിലും വ്യക്തമാകുന്നുണ്ട് ഇപ്പോൾ ഞങ്ങളാണ് സ്ക്രീനിൽ. വട്ടം കൂടിയിരുന്നെന്തോ ചർച്ച ചെയ്യുന്നു. ദൈവമേ !.. അല്പം മുമ്പ് നടന്ന ഞങ്ങളുടെ ഗെയിം പ്ലാനിങ്ങ്..!! പെട്ടന്ന് ജനമദ്ധ്യത്തിൽ നഗ്നനാക്കപ്പെട്ടതു പോലെ  ഞാൻ സർവ്വാംഗം തളർന്നിരുന്നു പോയി.. 

അതു കഴിഞ്ഞ് അയാൾ വീണ്ടുമെന്തോ പറഞ്ഞു റിമോട്ട് ഉയർത്തി. സ്ക്രീനിലിപ്പോൾ സുമേഷ് ആണ്..ഞങ്ങളുടെ തുരുപ്പ് ചീട്ട്..കാലിൽ പന്തൊന്നു കിട്ടിയാൽ, അത് ഗോളാക്കിമാറ്റാൻ വൈദഗ്ദ്യമുള്ള ഞങ്ങളുടെ ഉശിരൻ സെന്റർ ഫോർവേഡ് . കുട്ടിക്കാലം മുതലുള്ള അവന്റെ ചിത്രങ്ങൾ, കളികളുടെ ചെറു ക്ലിപ്പിങ്ങുകൾ..ഓരോന്നായി ടി വിയിൽ മിന്നി മാഞ്ഞുകൊണ്ടിരുന്നു.

“ നിങ്ങൾ ഓരോരുത്തരും പന്തുരുട്ടി തുടങ്ങിയ കാലം തൊട്ടുള്ള വിവരങ്ങൾ അവരുടെ കൈയ്യിലുണ്ട്.” വൃദ്ധൻ മർമ്മരം പോലെ പറഞ്ഞു. “ നിങ്ങളുടെ കഴിവുകൾ, കഴിവില്ലായ്മകൾ, ദൗർബല്യം
.ഓരോന്നും..” പിന്നെ ആ കല്ല് അവിടേയ്ക്കു തന്നെ കയറ്റി വച്ചു.

“നാളെ നാം തോൽക്കും.. അതവർക്കറിയാം..” തിരികെ നടക്കുമ്പോൾ വൃദ്ധൻ പറഞ്ഞു. “ പക്ഷെ അവർക്ക് കേവലമൊരു വിജയം പോര.. നാളെ മുതൽ ‘ഫൈറ്റേഴ്സ്’ എന്ന പേര് ഉച്ചരിക്കാൻ തന്നൂരുകാർക്ക് ലജ്ജ തോന്നണം.. അവരുടെ മനസ്സിൽ  വലന്തേറ്റ വിന്നേഴ്സ് ഒരു വിഗ്രഹമായി കയറിയിരിക്കണം. അവരെത്രയോ കാലമായി അതിനുള്ള പണി തുടങ്ങിയിട്ട്
നിനക്കറിയാമോ ?, അംബ്രോസ്സിനു വരെ തന്നൂരിൽ ആരാധകരുണ്ട്, അന്നു തൊട്ടേ. നാളെ മുതൽ അവർ മാളങ്ങൾ വിട്ട് പുറത്തു വരും..വലന്തേറ്റക്കാരുടെ മാടമ്പികളായി തന്നൂർ ഭരിക്കും. ചുങ്കം ഒടുക്കാതെ പന്തുരുട്ടുന്ന തന്നൂരിലെ ഓരോ കാലും തല്ലിയൊടിക്കും..”

ഞാൻ എന്തിനെന്നറിയാതെ മൂളി.എവിടെയ്ക്കെങ്കിലും ഓടി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത.

“ഭയമാകുന്നുണ്ടോ നിനക്ക് ?”

.”

“ തളരരുത്.. സ്ഥായിയാരു വ്യവസ്ഥ സൃഷ്ടിക്കാൻ അടിമത്തത്തിനാവില്ല. സ്വാതന്ത്ര്യദാഹികളുടെ മനസ്സ് പുകഞ്ഞു കൊണ്ടേയിരിക്കും. അതെല്ലാമൊത്തുചേർന്നാളിപ്പടർന്ന്  ചൂഷണത്തിനെതിരെ വീണ്ടുമൊരു അഗ്നിതാണ്ഢവമുയരും. പക്ഷെ ഒരു ചെറുതരി തീയ്യെങ്കിലും വേണം. കളി മറന്ന്, സ്വയമറിയാതെ അടിയറവുകളിലേക്കാണ്ടു പോയ തന്നൂരിന്റെ അബോധമനസ്സിലും വെന്തു നീറുന്ന ഒരു തീപ്പൊരി.. അത് വേണം.. ഉള്ളിൽ ഊതിയൂതി പെരുപ്പിക്കാൻ
... അതു വേണം.. വൃദ്ധൻ ഒന്നു നിർത്തി.
“ അഭിമന്യുവിനെ കുറിച്ച് കേട്ടിട്ടില്ലേ നീയ്യ്. ? ”  തിരിഞ്ഞു നിന്ന് എന്റെ കൈകൾ രണ്ടും ചേർത്തു പിടിച്ചു.ആ കണ്ണുകളിൽ കനലുകളെരിഞ്ഞു.. “ നാളെ നിന്റെ ദിനമാണു കുഞ്ഞേ..”

“ ഞാനോ ?!!” ഞാനാകെ അന്തിച്ചു പോയി.  അവരുമായുള്ള ഒരു കളിയിൽ പോലും പന്തുരുട്ടാതെ റിസർവ് ബഞ്ചിലിരിക്കേണ്ടി വന്നിട്ടുള്ള ഞാൻ !

“ ശരിയാണ്.” വൃദ്ധൻ പുഞ്ചിരിച്ചു.. “ നീയൊരു നല്ല കളിക്കാരനല്ല.. അതാണു നിന്റെ നേട്ടവും. നിന്നെയവർ അത്രയ്ക്ക് കണക്കിലെടുത്തിട്ടില്ല.. വലതുകാൽ കൊണ്ട് പന്ത് ബാക്കിലേക്കു തോണ്ടി ഇടതുകാൽ കൊണ്ടെടുക്കുന്ന നിന്റെയാ ലോങ്ങ് റേഞ്ച് ഷോട്ടില്ലേ, ഇതേവരെ അവരത് കണ്ടിട്ടില്ല..”

വൃദ്ധൻ വീണ്ടും തിരിഞ്ഞു നിന്നു.ഞങ്ങൾ ഇടവഴിയിൽ തിരിച്ചെത്തിയിരുന്നു. “ നാളെ, ഇനിയൊന്നും ബാക്കിയില്ല എന്ന് തോന്നുന്ന അവസാനനിമിഷത്തിൽ,  അവർക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നവരിലൊരുവനെ നീ തിരികെ വിളിക്കുക. ഒരു ഗോളിനുള്ള സമയം നിനക്ക് കിട്ടും.   നാളെ മുതൽ  അതിന്റെ പേരിലായിരിക്കും നീ ഓർ
ക്കപ്പെടുക ” ഉപ്പൂപ്പ എന്റെ  തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.

മേലാകെ  തീ പടർന്നു കയറുകയാണ്.. ഒരു നിമിഷം കൊണ്ട് മറ്റൊരു ലോകത്തേയ്ക്ക് പിറവിയെടുത്തതു പോലെ.

 “ ആരൊക്കെയാണ് ഒറ്റുകാർ ?” ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു.

“ നാളെ കളി കാണുമ്പോൾ നിനക്കതറിയാനാവും, .” വൃദ്ധൻ വേദനയോടെ പുഞ്ചിരിച്ചു..  “ അതു വരെ, എല്ലാവരും സഖാക്കൾ തന്നെ എന്നു കരുതിക്കോളൂ. അല്ലെങ്കിലൊരു പക്ഷേ നിന്റെ നാവു തന്നെ നിന്നെ വഞ്ചിച്ചെന്ന് വരും..”

പൊടുന്നനെ, ഇരുൾ കീറിമുറിച്ച് ഒരു ടോർച്ച് വെളിച്ചം ഞങ്ങളുടെ ദേഹത്തേയ്ക്ക് വീണു.           

“ നന്ദാ..” ഉസ്മാന്റെ പരിഭ്രാന്തമായ ശബ്ദം.

അവനോടി വന്ന് വൃദ്ധനെ തള്ളി മാറ്റി. “ മാറി നിൽക്ക് കിളവാ..നിങ്ങളവനെ എന്താ            ചെയ്തത് ?”പിന്നെ എന്റെ നെറ്റിയിൽ തോണ്ടികൊണ്ട് അവൻ ചോദിച്ചു “ എന്താടാ ഇയാളു ചെയ്തത് ? ചോരയൊലിക്കുന്നുണ്ടല്ലൊ.”

ഞാൻ സംശയത്തോടെ  വിരലോടിച്ചു നോക്കി..വിരൽത്തുമ്പിലൊരു ഈർപ്പം തടയുന്നുണ്ട്. കൈയ്യിലേക്കു നോക്കി.. രക്തം കിനിഞ്ഞിരിക്കുന്നു !!

“ ഹ ഹ ഹ..” വൃദ്ധൻ ചിരിച്ചു. “ പിന്നെയൊരു തെറിപ്പാട്ട് പാടി.

“ വാ ശവമേ..” കൈയ്യിൽ കരുതിയ ചങ്ങലയിൽ വൃദ്ധനെ പൂട്ടി വലിച്ചിഴച്ചു നടക്കുമ്പോൾ ഉസ്മാൻ പറഞ്ഞു.” ഉപ്പൂപ്പയാണെന്നൊന്നും ഞാൻ നോക്കില്ല.കാലു തല്ലിയൊടിച്ച് ഒരു മൂലയ്ക്കിടും. ”

“ ഇല്ലടാ..ഒന്നും പറ്റിയില്ല..  ഇരുട്ടത്ത് ഞങ്ങളൊന്ന് കൂട്ടിമുട്ടിയതാ..” ഞാനവനെ ആശ്വസിപ്പിച്ചു.

വൃദ്ധൻ വീണ്ടും പൊട്ടിച്ചിരിച്ചു.
 
                                                      *************

വീണ്ടുമൊരാരവമുയർന്നു.. അടുത്ത ഗോൾ വീണിരിക്കുന്നു. പതിനെട്ട് ! പെട്ടന്ന്, എന്തോ ഒന്ന് മൂക്കിനെയുരസി ചീളിപാഞ്ഞ് വിജേഷിന്റെ നെഞ്ചത്ത് ചെന്ന് പതിച്ചു. “ അമ്മേ..” അവൻ നിലവിളിച്ചു. കല്ല് !

ആരും തലയുയർത്തുന്നില്ല.. തോ‌ൽവിയിൽ കരയുന്നവരല്ല ഞങ്ങൾ തന്നൂരുകാർ. പക്ഷെ ഇപ്പോൾ ഒരു വാക്കൊന്ന് എവിടെ നിന്നെങ്കിലും പൊട്ടി വീണാൽ, ഒരു മൂക്കൊന്ന് വിതുമ്പി ചീറ്റിയാൽ എന്താണുണ്ടാവുകയെന്ന് പറയുക വയ്യ.

  സഹദേവേട്ടൻ കളിക്കാർക്ക് നിർദ്ദേശം നൽകുന്നത് നിർത്തി   ബലി തർപ്പണത്തിനെന്ന പോലെ മുട്ടുകാലൂന്നി തല കുമ്പിട്ട്  ഗ്രൗണ്ടിലിരിക്കുകയാണ്. 

 ക്ലോക്കിലേക്ക് നോക്കി. കളി തീരാൻ ആറു മിനിറ്റു കൂടിയുണ്ട്. ഒരു പത്മവ്യൂഹത്തിന്റെ ആരവമാണ് ചുറ്റും മുഴങ്ങുന്നുത്. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു.രക്തം തിളച്ചാണ് ദേഹത്തു നിന്ന് ആവി പൊങ്ങുന്നത്.

 എണീറ്റ് സഹദേവേട്ടനരികിലേക്ക് നടന്നു.

“ ഒടുക്കത്തെ കളിയല്ലേ സഹദേവേട്ടാ.. എനിക്കുമൊന്ന് കളിക്കണം..”

“ എന്തിനാടാ നീ കൂടി നാണം കെടുന്നത് ! വീട്ടിൽ പരാമറിരിപ്പുണ്ട്. നാട്ടുകാർ എറിഞ്ഞു കൊന്നില്ലെങ്കിൽ നമുക്കെല്ലാവർക്കും അതടിച്ച് ചാവാം..” സഹദേവേട്ടൻ മുഖമുയർത്തിയില്ല.

“ എനിക്കും കളിക്കണം സഹദേവേട്ടാ..” അത് ശ്രദ്ധിക്കാത്തതായി നടിച്ച്, സബ്സ്റ്റിറ്റ്യൂഷൻ ബോർഡിൽ നമ്പരുകൾ കൊരുത്തു വച്ച് ഞാൻ പറഞ്ഞു.. “ ഉസ്മാനെ തിരികെ വിളിക്ക്..”

                                                         *********