വ്യാഴാഴ്‌ച, ജനുവരി 10, 2013

ശലഭങ്ങൾ പറഞ്ഞ കഥ



                                           ശലഭങ്ങൾ പറഞ്ഞ കഥ

 
സ്മൃതി ലഹരിഅവസാനിച്ചു കഴിഞ്ഞിട്ടും അവളെയവിടെ കാണാതായപ്പോൾ എന്തു പറ്റിയതാവും എന്ന ഒരുത്ക്കണ്ഠ എന്റെയുള്ളിൽ രൂപപ്പെട്ടിരുന്നു. സാധാരണ, പരിപാടി തീരാൻ ഒന്നോ രണ്ടോ പാട്ടുകൾ ബാക്കിയുള്ളപ്പോൾ അവളവിടെ പ്രത്യക്ഷപ്പെടാറുള്ളതാണ്. ഇരുളിൽ മുങ്ങിത്താണു കിടക്കുന്ന ഒരു വലിയ കപ്പലിലെ പ്രകാശനാളം പോലെ, ആ ഇരുണ്ട ഫ്ലാറ്റിലെ നാലാം നിലയിലെ ചെറിയ വെളിച്ചത്തിൽ അവൾ.. അവളുടെ ഫ്ളാറ്റിനും എന്റെ ഗോഡൗണിനുമിടയിലുള്ള റോഡും പരിസരവും വിജനവും ശാന്തവുമായിരിക്കും. കുറച്ചു നേരം അവളവിടെ ബാൽക്കണിയിൽത്തന്നെ നിൽക്കും. ശുഭ്രമായ നിശാവസ്ത്രങ്ങളണിഞ്ഞ്, ഒരു മാലാഖയെപ്പോലെ. താഴെ, പൂത്തു നിൽക്കുന്ന കുറ്റിമുല്ലകൾക്കും നന്ത്യാർവട്ടങ്ങൾക്കും പൂത്തിരിയെന്ന് ഞാൻതന്നെ പേരിട്ട പേരറിയാത്ത ചെടികൾക്കും ഇടയിൽ, ഗോഡൗൺ ഉമ്മറത്തെ ഓറഞ്ച് വെളിച്ചത്തിൽ ഉലാത്തുന്ന എന്നെയാവും അവളപ്പോൾ നോക്കുക. അതോടെ സുഖമുള്ള ഒരസ്വസ്ഥത എന്നെ വന്ന് പൊതിയാൻ തുടങ്ങും. പിന്നെയവൾ അവിടെ നിന്ന് പോകുന്നതു വരെ ഒരു ഒളികൺനോട്ടമായിരിക്കും എന്റെത്. അഥവാ ഞാൻ തലയുയർത്തിയാൽത്തന്നെ അവൾ നോട്ടം മറ്റെവിടേയ്ക്കെങ്കിലും മാറ്റിയിരിക്കും. ശത്രുവിനു മുറിവേൽക്കാതിരിക്കാൻ വ്യവസ്ഥയുള്ള യുദ്ധത്തിലേർപ്പെടുന്നതുപോലെ രസകരമായ ഒരു വിനോദമായിരുന്നു അത്.

എവിടെനിന്നെന്നറിയാതെ വന്നെത്തുന്ന നാലഞ്ച് നിശാശലഭങ്ങൾ എന്റെ പൂക്കളിൽ തത്തിക്കളിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. കുറച്ചു നേരം അവളങ്ങനെ തന്നെ നിൽക്കും. സൂക്ഷിച്ചു നോക്കിയാൽ, അവളുടെ പൂച്ച വാലുയർത്തി അവളെ മുട്ടിയുരുമ്മി നടക്കുന്നതും കാണാം. ഇടയ്ക്ക് തന്റെ ചെറിയ ബാൽക്കണിമുറ്റത്തെ ചെടികളെ അവൾ താലോലിക്കും. (അതിൽ മൂന്നു ചെടികൾ അവൾ എന്റെ സഹപ്രവർത്തകൻ ബഷീറിനെ പാട്ടിലാക്കി ഈ തോട്ടത്തിൽ നിന്നു തന്നെ കൊണ്ടു പോയി നട്ടതാണ് എന്നെനിക്കറിയാം..പക്ഷേ അവൾ നേരിട്ടിവിടെ പ്രത്യക്ഷപ്പെട്ടാൽപ്പോലും ഞാനത് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല.. ) പിന്നെയവൾ സാവധാനം അകത്തു കടന്ന് വാതിലടയ്ക്കും. അവൾ അണയ്ക്കുന്ന ബാൽക്കണിയിലെ വെളിച്ചം പോലും വളരെ സാവധാനത്തിൽ അസ്തമിച്ചു പോകുന്നതായിട്ടാണ് എനിക്കനുഭവപ്പെടുക. അതു കഴിഞ്ഞാൽ ഞാനുമെന്റെ ചെടികളെയും പൂക്കളെയുമൊക്കെ ഒന്നു പരിശോധിക്കും. പുഴുക്കളെയും പ്രാണികളെയുമെല്ലാം നുള്ളിക്കളയും.(സോഡിയം വെളിച്ചത്തിൽ അവയെ കാണുക അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ പകൽ ഡ്യൂട്ടി എനിക്കിഷ്ടമല്ല. ഭാഗ്യവശാൽ, ബഷീറിനു രാത്രി ഡ്യൂട്ടിയും ഇഷ്ടമല്ല.) പിന്നെ കാവൽപ്പുരയിലെ ബെഞ്ചെടുത്ത് പുറത്തിട്ട് ആകാശം നോക്കിക്കിടക്കും. നക്ഷത്രങ്ങൾ, അമ്പിളിക്കല, വല്ലപ്പോഴും മിന്നിയെരിഞ്ഞു പോകുന്ന കൊള്ളിമീനുകൾ, ചെറിയ ഇരമ്പത്തോടെ വെളിച്ചം മിന്നിച്ച് കടന്നു പോകുന്ന വിമാനം..രാത്രിയാകാശം എനിക്കൊരിക്കലും മടുക്കാറില്ല. അവസാനം, പന്ത്രണ്ടിന്റെ സൈറൺ മുഴങ്ങുമ്പോൾ ഞാനെന്റെ കൊച്ചുകാവൽപ്പുരയിലെ ഇരുമ്പുകട്ടിലിലേക്ക് മടങ്ങും. പക്ഷേ ആ സമയത്തൊക്കെയും അവൾ തന്റെ കിടപ്പുമുറിയിലെ ജാലകത്തിലൂടെ വീണ്ടും എന്നിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്. ഏയ്.. അങ്ങനെയൊന്നുമുണ്ടാവില്ല, എന്റെ തോന്നൽ മാത്രമാവുംഎന്ന് പിന്നാലെ ആശ്വസിക്കുകയും (അതോ നിരാശപ്പെടുകയാണോ? അറിഞ്ഞു കൂടാ) ചെയ്യും.


ഒടുവിൽ എന്റെ ആകാംക്ഷയ്ക്ക് അറുതി വരുത്തിക്കൊണ്ട് അവളവിടെ പ്രത്യക്ഷപ്പെട്ടു. ഈ രാത്രിയിലെ അത്ഭുതം അവൾ കൂടി ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു എനിക്ക് ഏറെ തിടുക്കം. പ്രതീക്ഷ തെറ്റിയില്ല, അവരെത്തന്നെയാണ് അവൾ സൂക്ഷിച്ചു നോക്കുന്നത്. എന്റെ നിശാശലഭങ്ങളെ! അവരാദ്യമായാണ് അവിടെ പ്രത്യക്ഷപ്പെടുന്നത്! സ്വയമറിയാതെ അവളിൽ നിന്നുയർന്ന ആശ്ചര്യശബ്ദം ഞാൻ വ്യക്തമായും കേട്ടു. പിന്നെയവൾ അത്യാഹ്ലാദത്തോടെ തന്റെ ഭർത്താവിനെ ആ കാഴ്ച്ച കാണാൻ ക്ഷണിച്ചു. അയാളാകട്ടെ, അല്പനേരം അവരെ നോക്കി നിന്ന്, പിന്നെന്തൊക്കെയോ ഉപദേശിച്ച് (മഞ്ഞു കൊള്ളേണ്ടെന്നോ മറ്റോ ആയിരിക്കണം..) വീണ്ടും അകത്തേയ്ക്ക് പിൻവലിഞ്ഞു. അല്ലെങ്കിലും, ഒരു ഭർത്താവിന്റെ സ്നേഹനാട്യങ്ങളെക്കാളുപരി, ഒരു ജ്യേഷ്ഠന്റെ കരുതലാണല്ലൊ അയാളുടെ പെരുമാറ്റത്തിൽ നിഴലിക്കാറ്. ( അതോ അയാളവുടെ ജ്യേഷ്ഠൻ തന്നെയാണോ ? ആവോ, ആർക്കറിയാം !) അവളാകട്ടെ, ആദ്യത്തെ അത്ഭുതത്തിനു ശേഷം മറ്റൊരു ചെടിയായി നിന്ന് പൂക്കൾക്കിടയിലൂടെ നീട്ടിയ തന്റെ വിരൽത്തുമ്പിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. നന്നായി’..ഞാൻ ഉള്ളിൽ ചിരിച്ചു. മഹാവികൃതികളും സംശയാലുക്കളുമാണവർ..പക്ഷേ അവസാനം അവൾ വിജയിക്കുക തന്നെ ചെയ്തു.. ആ നിമിഷം, അല്ല, നിമിഷത്തിന്റെ നിമിഷത്തിൽ ഞങ്ങളുടെ മിഴികൾ ഒരു മിന്നൽസ്പർശത്തിലൂടെ ഒന്നാവുകയും, പരസ്പരം തൊട്ടതറിഞ്ഞ് അതിനേക്കാൾ വേഗത്തിൽ അകന്നു മാറുകയും ചെയ്തു. അകത്തു നിന്ന് അയാൾ വീണ്ടും വിളിച്ചപ്പോഴാകണം, തന്റെ റോസാക്കൊമ്പിൽ വിരിഞ്ഞ ആദ്യ മൊട്ടിന് ചെറിയുരുമ്മ സമ്മാനിച്ച് (മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ അതു വിടരും) അവൾ വാതിൽ അടച്ചു.


പുൽത്തകിടിയും, അലങ്കരിച്ചും കത്രിച്ചും ഭംഗിയാക്കിയ ചെടികളുമുള്ള നഗരവീടുകളിലെ പൂന്തോട്ടങ്ങളെ അപേക്ഷിച്ച് തീർത്തും അപരിഷ്കൃതം എന്നു പറയാവുന്ന ഒന്നായിരുന്നു എന്റെത്. ഗോഡൗണിന്റെ ഉമ്മറത്ത്, കാവൽപ്പുരയ്ക്കും ഗേറ്റിനുമിടയ്ക്കുള്ള ഇത്തിരി മണ്ണിൽ ഞാൻ തന്നെ വീട്ടിൽ നിന്നു കൊണ്ടു വന്നു പിടിപ്പിച്ച നാടൻ ചെടികൾ. പിന്നെ നാലഞ്ചെണ്ണം വരുന്ന വഴിക്ക് കാണുന്ന വീടുകളിൽ നിന്ന് തക്കം കിട്ടുമ്പോൾ ഒടിച്ചുകൊണ്ടു വന്ന് നട്ടത്. പക്ഷേ വൈകുന്നേരം ഡ്യൂട്ടിയ്ക്കെത്തുമ്പോൾ, ലോഡിറക്കാനും കയറ്റാനും വരുന്ന ഡ്രൈവർമാരുടെ തോന്ന്യാസവഴികളിൽപ്പെട്ട് ഇടയ്ക്കിടെ പലതും ഒടിഞ്ഞും ചതഞ്ഞും കിടക്കുന്നതുകണ്ട് നെഞ്ചു് ഉരുകിപ്പോകാറുണ്ട്. ഒരു തുള്ളി വെള്ളമൊഴിക്കുന്നതു പോകട്ടെ, അതൊന്നു ശ്രദ്ധിക്കാൻ പോലും ബഷീർ ഓർക്കാറില്ല. ഇതൊക്കെത്തന്നെ എന്തോ വലിയ ഔദാര്യം പോലെയാണ് ചില നേരത്തെ അവന്റെ പെരുമാറ്റം . അവന്റെ മാത്രമല്ല, ഇടയ്ക്കിടെ വന്ന് എത്തിനോക്കുന്ന മാനേജരുടെയും നയം അതു തന്നെയാണ്. ജോലി സമയത്തല്ലല്ലോ ഇതെല്ലാം ചെയ്യുന്നതെന്ന പതിവു ചോദ്യംചെയ്യലുമുണ്ടാകും.

ആകാശം എന്നത്തെക്കാളും മനോഹരമായിരുന്നു. നക്ഷത്രങ്ങൾ പതിവില്ലാത്തവിധം തിളങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഒരു കൊള്ളിമീൻ എനിക്കു നേർക്കെന്നവണ്ണം പാഞ്ഞുവന്ന് കത്തിയമർന്ന് അപ്രത്യക്ഷമായി. ശലഭങ്ങൾ എന്റെ പൂക്കളിലേക്ക് തന്നെ തിരിച്ചു വന്നിരുന്നു. കൊച്ചുതെമ്മാടികളേ.. എന്നെ വിട്ടു പോകും അല്ലേ?” ഞാനവരെ കളിയായി ശകാരിച്ചു. പക്ഷേ അവരതൊന്നും ശ്രദ്ധിക്കാതെ തിടുക്കത്തിൽ തേനൂറ്റാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചു തെമ്മാടികൾ!


അവർക്കു വേണ്ടി വിരൽത്തുമ്പുകൾ നീട്ടാനൊന്നാഞ്ഞെങ്കിലും അവൾ കാണുന്നുണ്ടാവുമല്ലൊ എന്ന ജാള്യതയോടെ ഞാൻ വേഗം കൈ പിൻവലിച്ചു.


പന്ത്രണ്ടിന്റെ സൈറനു ശേഷം മയങ്ങാൻ കിടക്കുമ്പോഴും അവൾ മനസ്സിൽ നിന്നു മാഞ്ഞിരുന്നില്ല.

പരിചയമില്ലാത്തവരെ നിരന്തരം നിരീക്ഷിച്ചും പിന്നെയതെല്ലാം കൂട്ടിച്ചേർത്തും
അവർക്കൊരു ചരിത്രം നിർമ്മിക്കുക പണ്ടുമുതലേ എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കുറച്ചുനാളുകളായി അവളാണ് എന്റെ കഥാപാത്രം.


അവളൊരു അദ്ധ്യാപകന്റെ മകളാണ്. അമ്മ ഒരു വീട്ടമ്മയായിരിക്കും..’, മുൻപു നിർത്തിയതിൽ നിന്ന് ഞാൻ വീണ്ടും തുടങ്ങി. ദൂരെയേതോ ഗ്രാമത്തിലായിരിക്കും അവളുടെ വീട്. തൊടിയിലും വയലിലുമെല്ലാം നിറയെ പച്ചപ്പും കൃഷിയുമുള്ള ഒരു പഴയ മാതൃകയിലുള്ള വീട്..പഠിക്കാൻ മിടുക്കിയായിരുന്നിരിക്കണം . മുതിർന്നപ്പോൾ നഗരത്തിലെ ഏതെങ്കിലും കോളേജിലായിരിക്കും അവൾ പഠിച്ചിട്ടുണ്ടാവുക. മിക്കവാറും ബോട്ടണിയോ അല്ലെങ്കിൽ മലയാളമോ പോലെ വേരുകളിൽ ജീവനുള്ള ഒന്ന്. ഡിഗ്രി കഴിഞ്ഞയുടനെ അവളെ ഈ വിധവയായ സ്ത്രീയുടെ മകനു വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ടാവണം. അതിനിടയിലെപ്പോഴൊ അവളുടെ വാത്സല്യനിധിയായ അച്ഛൻ മരിച്ചു പോയിട്ടുണ്ടാവണം. ആ സ്ത്രീയെ അധികമങ്ങനെ പുറത്തു കണ്ടിട്ടില്ലെങ്കിലും, അവളുടെ ഭർത്താവിനെ നാലഞ്ചു തവണ ഞാൻ ബാൽക്കണിയിൽ കണ്ടിട്ടുണ്ട്. കണ്ടിടത്തോളം അയാൾ ഒരരസികനല്ല. പക്ഷേ അവളുടെ ചെടികളെ പരിചരിക്കാനോ പൂച്ചയെ ഓമനിക്കാനോ ഒന്നും അയാൾ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. കുട്ടികളുണ്ടാവാത്താതാണ് അവളുടെ സ്ഥായിയായ വിഷാദഭാവത്തിനും അവർക്കിടയിലെ യാന്ത്രിക സംഭാഷണങ്ങൾക്കും കാരണം.. അത്രയും ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അവളുടെ പൂച്ച..അത്രയുമായപ്പോൾ എന്റെ ചിന്ത അവനിലേക്കാണൊഴുകിയത്. അവളോളമോ അതിൽക്കൂടുതലോ എനിക്കു പരിചയം അവനെയാണല്ലോ... ഒരു തികഞ്ഞ തന്ത്രശാലിയാണവൻ. എങ്ങനെയാണവൻ നാലാം നിലയിൽ നിന്ന് അത്താഴ സമയത്ത് കൃത്യമായി എന്റെ അടുത്തെത്തുന്നതെന്നുള്ളത് എന്റെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ്. ലിഫ്റ്റിലൂടെ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചോ, പടികളിറങ്ങിയോ ആണ് അവൻ എന്റെ അടുത്തെത്തുന്നതെന്ന് വിശ്വസിക്കാൻ വയ്യ. പകരം, അവനു മാത്രമറിയാവുന്ന ഒരു ഗൂഢമാർഗം അവിടെ നിന്ന് എന്റെ കാവൽപ്പുരയിലേക്കുണ്ട് എന്നു തന്നെ കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ തന്റെ നിഗൂഢപാതകൾക്കും തന്ത്രങ്ങൾക്കുമപ്പുറം അവനെവിടെയോ സ്നേഹിക്കുന്ന ഒരു ഹൃദയവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.


ഒമ്പതിന്, അകലെയുള്ള ഫാക്ടറിയിലെ സൈറൺ മുഴങ്ങുമ്പോഴാണ് ഞാൻ അത്താഴത്തിനായി ചോറ്റുപാത്രം തുറക്കുക. അതിനു തൊട്ടു മുമ്പ്, അവൻ എന്റെ കാവൽപ്പുരയ്ക്കു മുന്നിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. കറുപ്പും വെളുപ്പും കലർന്ന ഓമനത്തമാർന്ന ഉടൽ. വെളുത്ത മുഖത്ത്, നെറ്റിയിൽ ഒരു കറുത്ത പൊട്ട്. ഒരു മൃദുഗാനം പോലെ പതിഞ്ഞ ശബ്ദത്തിൽ രണ്ടു മൂന്നു തവണ അവൻ കരയും. ചോറ്റുപാത്രം തുറന്നാലുടൻ വാലുയർത്തി, എന്റെ കാലുകളിൽ വന്നുരുമ്മി തന്റെ ഗാനാലാപനം ആവർത്തിക്കും. രണ്ടുരുള ചോറുമാത്രമാണ് അവൻ കഴിക്കുക. അതു വെടിപ്പായി തിന്നു തീർത്ത്, ഒരു പ്രതിഫലം നൽകുന്ന കൃത്യതയോടെ വീണ്ടുമൊന്ന് മുട്ടിയുരുമ്മി ഉമ്മറത്ത് ചെന്നിരിക്കും. പിന്നെ തോക്കു പോലെ കാലുയർത്തിയിരുന്ന് ശരീരമാസകലം നക്കിത്തോർത്തി വെടിപ്പാക്കും. അഞ്ചു മിനിറ്റ് അവിടെ കിടന്നൊരു മയക്കം. അതു കഴിഞ്ഞ് മതിൽ ചാടി അപ്രത്യക്ഷനാകും. പിന്നെയവളവിടെ ബാൽക്കണി വാതിൽ തുറക്കുമ്പോൾ, ഒന്നുമറിയാത്തവനെപ്പോലെ അവളെ മുട്ടിയുരുമ്മി നടക്കുന്നുതാവും കാണുക. കള്ളൻ !


അവന്റെ സ്നേഹവായ്പും വിശേഷബുദ്ധിയും വെളിപ്പെട്ടതും അതുപോലൊരു രാത്രി തന്നെ. സുഹൃത്ത് എന്നു പറയാൻ കഴിയില്ലെങ്കിലും അയൽപക്കത്തെ നല്ലവനായ ഒരു ചെറുപ്പക്കാരൻ തലേന്ന് വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ അഴൽ എന്നെ വിട്ടു പോയിരുന്നില്ല. ബഷീറിനു മറ്റെന്തോ അത്യാവശ്യമുണ്ടായിരുന്നതുകൊണ്ട് ലീവൊട്ട് കിട്ടിയതുമില്ല. പകൽ സമയത്തെ അദ്ധ്വാനം, ഉറക്കമിളപ്പ്, വിഷാദം എല്ലാം കൂടി വിശപ്പൊക്കെ എപ്പോഴോ കെട്ടു പോയിരുന്നു. നെഞ്ചത്താകട്ടെ, കല്ലു കയറ്റി വച്ചതു പോലെ ഒരു വീർപ്പുമുട്ടലും. വെറുതെ രണ്ടുരുള വാരിത്തിന്ന്, ബാക്കിയുള്ള ചോറെല്ലാം അവനിട്ടു കൊടുത്തു. അവനാകട്ടെ, എന്നെപ്പോലെ തന്നെ വെറുതെയതൊന്ന് തിന്നെന്നു വരുത്തി കാൽക്കൽത്തന്നെ വന്നു ചുരുണ്ടു കിടപ്പായി. അതുവരെ അവനെക്കുറിച്ച് ഞാൻ കാര്യമായി ആലോചിച്ചിരുന്നില്ലെന്നുള്ളതാണ് സത്യം. തിരിച്ചു പോകേണ്ട സമയം കഴിഞ്ഞിട്ടും അവൻ എണീക്കാനുള്ള ലക്ഷണമില്ല എന്നു കണ്ടപ്പോൾപോകുന്നില്ലേടായെന്ന് കാലു കൊണ്ടു മൃദുവായൊന്ന് തോണ്ടി നോക്കി. പക്ഷേ അവൻ അതിഷ്ടപ്പെടാത്ത മട്ടിൽ ചെറുതായൊന്ന് കരഞ്ഞ് ഒരു രോമപ്പന്തു പോലെ അവിടെത്തന്നെ ചുരുണ്ടു കിടന്നതേയുള്ളൂ. ഒടുവിൽ, അവനെ കാണാതെ അവൾ ആധിപിടിക്കേണ്ട എന്നു കരുതി ഞാൻ അവനെയെടുത്ത് ഉമ്മറത്തു കൊണ്ടു കിടത്തി. ഒരു മയക്കത്തിനു ശേഷം പാതിരാത്രിയെങ്ങോ ഉണർന്നു നോക്കിയപ്പോൾ അവൻ അവിടെയില്ല എന്നു കണ്ട് ആശ്വാസപ്പെടുകയും ചെയ്തു.


ഒരു രാത്രി കൂടി അവൻ അതേപോലെ തന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന് ഞാൻ വല്ലാതെ കഷ്ടപ്പെട്ടുപോയ ഒരു രാത്രിയായിരുന്നു അത്. കനപ്പെട്ട ജോലിയൊന്നും അധികം ചെയ്യരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും രണ്ടാമത് വന്ന വണ്ടിയിലെ ക്ലീനർ ഒരു പയ്യനായിരുന്നതുകൊണ്ട്, ലോഡ് ഇറക്കാൻ ഞാൻ കൂടി പണിപ്പെടേണ്ടി വന്നു. എല്ലാം കഴിയുമ്പോഴേക്കും, ക്ഷീണം കൊണ്ട് വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. ഒന്നും കഴിക്കാതിരുന്നതാവാം തളർച്ചയുടെ രണ്ടാമത്തെ കാരണം എന്നു കരുതി വേഗം അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴാണ്, എന്റെ വല്ലായ്മ തിരിച്ചറിഞ്ഞതു പോലെ, തിരിച്ചു പോകാതെ അവിടെത്തന്നെ ചുരുണ്ടു കൂടി കിടക്കുന്ന അവനെ കണ്ടത്. സത്യം പറഞ്ഞാൽ വാരിയെടുത്ത് ഒരുമ്മകൊടുക്കാനാണാദ്യം തോന്നിയത്. പക്ഷേ കിടന്നിടത്തു നിന്നൊന്നെണീക്കാൻ പോലും പറ്റാത്ത വിധം അശക്തനായിരുന്നു ഞാൻ. അഥവാ അവനെ കാണാതെ അവൾ വിഷമിച്ചാലും ഒരു രാത്രിമാത്രമല്ലേഎന്ന ആശ്വാസത്തോടെ അവിടെത്തന്നെ കിടന്നു. പക്ഷേ നെഞ്ചത്തെ അസ്വസ്ഥതകൾ സമയം ചെല്ലുന്തോറും വർദ്ധിക്കുകയായിരുന്നു. നെഞ്ചിടിപ്പുകളൊക്കെ താളം തെറ്റിയതു പോലെ.. അതങ്ങനെ പെരുകിപ്പെരുകി ഇനിയൊരു രക്ഷയുമില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ, അത്തരം സന്ദർഭങ്ങളിൽ കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഗുളികയെടുത്ത് കഴിച്ചു. അവനാകട്ടെ, ‘ഇതെന്താണീ ചെയ്യുന്നത്!എന്ന അത്ഭുതഭാവത്തോടെ ഒന്നു തലയുയർത്തി നോക്കി അവിടെത്തന്നെ കിടന്നു. അപ്പോഴാണ് അവനു പുറത്തു പോകാനുള്ള വഴി അടച്ചിരിക്കുകയാണല്ലൊ എന്നു ഞാൻ ഓർത്തത്. സോറി കുട്ടാവാതിൽ തുറന്നിട്ട് വീണ്ടും വന്നു കിടക്കുമ്പോൾ ഞാനവനോട് ക്ഷമ ചോദിച്ചു. ഇനിയെപ്പഴാ നിനക്ക് തോന്നുന്നതെന്നു വച്ചാ പൊക്കോഎന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ഉടനെ എല്ലാം ഭേദമാവും എന്നു കരുതിയിരുന്നെങ്കിലും, പുലർച്ചെയാവാറായപ്പോഴാണ് വേദനയൊക്കെ ശമിച്ച് ഞാനൊന്നുറങ്ങിയത്. അതുവരെ അവൻ അവിടെ ചുരുണ്ടുകൂടി കിടക്കുകതന്നെയായിരുന്നു.


ആ നെഞ്ചുവേദന പന്തിയല്ല എന്നു തോന്നിയതുകൊണ്ടാണ് അന്ന് ഡ്യൂട്ടികഴിഞ്ഞ് പോകുന്ന വഴിക്കു തന്നെ വീണ്ടും ഡോക്ടറെ കണ്ടത്. ശകാരം, ഇ.സി.ജി, അടിയന്തിരമായി രണ്ടിഞ്ചക്ഷനുകൾ, കൂടുതലായി നാലഞ്ചിനം മരുന്നുകൾ, പിന്നെ വർഷങ്ങൾക്കു മുമ്പേ വഴിയടഞ്ഞു തുടങ്ങിയ എന്റെ ഹൃദയക്കുഴലുകൾക്ക് എത്രയും വേഗം സമാന്തരപാത സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആവർത്തനം എല്ലാം മുറപോലെ തന്നെ നടന്നു. എനിക്കറിയാം, ഡോക്ടർക്കുമറിയാം പെട്ടന്ന് നടക്കുന്ന കാര്യമൊന്നുമല്ല.. അങ്ങേർ തന്നെ ശുപാർശ ചെയ്ത് പുട്ടപർത്തിയിൽ സൗജന്യ ശസ്ത്രക്രിയയ്ക്ക് അവസരം കിട്ടിയെങ്കിലും ഊഴമെത്താൻ ഇനിയും ഒരു വർഷത്തോളം കാക്കണം.. അതുവരെ ഈ നെഞ്ചിൻകൂട് കൂടുതൽ പരിക്കേൽക്കാതെ ഇങ്ങനെ തള്ളി നീക്കണം!


ആരോ തോണ്ടിവിളിക്കുന്നതു പോലെ തോന്നിയപ്പോഴാണ് ചാടിയെഴുന്നേറ്റത്..നോക്കുമ്പോൾ, തൊട്ടു മുമ്പിൽ അവൾ!!! എന്താണിത് ?


നല്ല ഉറക്കമായിരുന്നു.. എത്ര വിളിച്ചിട്ടാ..അവൾ മൃദുവായി ചിരിച്ചു.

സ്വപ്നമാണോ എന്ന പാതിസംശയത്തോടെ തന്നെ അവളെ അന്തിച്ചു നോക്കി. ഇതവൾ തന്നെയോ? ഇത്രയടുത്ത് കാണുമ്പോൾ അവൾക്ക് ദൂരെ കാണുന്ന സൗകുമാര്യമില്ല.. സ്വല്പം ഇരുണ്ട്, വിളറിയ മുഖം..ചലനം നിലച്ച മിഴികൾ..


സംശയിക്കണ്ട.. ഞാൻ തന്നെ..അവൾ ചിരിച്ചു, ഒന്നു യാത്ര പറയാമെന്നു കരുതി വന്നതാണ്..ഞാൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവൾ കാണാതെ സമയം നോക്കി. മൂന്ന് നാല്പത് !!

നിങ്ങൾ ഒരു കുഴിമടിയനായ കാല്പനികനാണെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്.. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ പൂക്കളോടും ശലഭങ്ങളോടും പൂച്ചയോടുമെല്ലാം കിന്നാരം പറഞ്ഞ് തന്റെ ജീവിതം പാഴാക്കിക്കളയുന്നതു കാണുമ്പോൾ മറ്റെന്താണ് കരുതേണ്ടത്! അതുകൊണ്ടുതന്നെ അന്നൊക്കെ ഒരീർഷ്യയോടെയാണു നിങ്ങളെ ഞാൻ കണ്ടിരുന്നത്.. പക്ഷേ എന്റെ നിത്യനെ നിങ്ങൾക്കരികിൽ കണ്ട അന്ന് ഞാൻ ശരിക്കും അന്തിച്ചു പോയി. അതിനു ശേഷമാണ് ഞാൻ നിങ്ങളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നെയെനിക്കു തോന്നി അതവന്റെ ചെറിയൊരു തമാശ മാത്രമാണെന്ന്.. പക്ഷേ.”അവളൊന്നു നിർത്തി.


പരീക്ഷയടുക്കുന്തോറും പാഠഭാഗങ്ങൾ കൂടുതൽ മിഴിവോടെ നമുക്കു മുന്നിൽ വ്യക്തമാകാറില്ലേ? അതുപോലൊരു ശേഷി എനിക്കുമുണ്ടായിരുന്നു. നിങ്ങളുടെ ഓരോ ചലനത്തിൽ നിന്നും നിങ്ങളെ കൂടുതലായി അറിയുകയായിരുന്നു ഞാൻ..ജനാലത്തിണ്ടിൽ വച്ചിരുന്ന എന്റെ മരുന്നുകളിലേക്ക് നോക്കിയാണവൾ അതു പറഞ്ഞത്.


നിങ്ങളെ ഞാൻ വളരെ മുമ്പേ കാണേണ്ടതായിരുന്നു..എങ്കിൽ ഇത്ര നേരത്തേ ഈ യാത്ര വേണ്ടി വരുമായിരുന്നില്ല..ഒരു നെടുവീർപ്പോടെ അവൾ തുടർന്നു.


പൂക്കൾ, ചെടികൾ, നിലാവ്, നക്ഷത്രങ്ങൾ, പാട്ട്..എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു കാലം! പക്ഷേ അവനെ എന്നെയേല്പിച്ച് അച്ഛൻ കടന്നു പോയതിനു ശേഷം അവൻ മാത്രമായി എന്റെ എല്ലാം. അവന്റെ ഇരിപ്പ്, നടപ്പ്, കാറ്റുപോലും അറിയാത്ത കാലൊച്ചകൾ, പിന്നിലൂടെ അറിയാതെ വന്നുള്ള മുട്ടിയുരുമ്മലുകൾ..പിന്നെ അവനായി എന്റെ ലോകം.. എനിക്കു വേണ്ടി ഉരുകുന്ന അമ്മയെയും ജീവിതം മാറ്റിവച്ച ഏട്ടനെയുമെല്ലാം പുറത്തെവിടെയോ തള്ളിയിട്ട് . എനിക്കറിയാം..നിങ്ങൾക്കവനെ ഭയമൊന്നുമില്ല.. പക്ഷേ എന്നെപ്പോലെ അവനെ അത്രമാത്രം സ്നേഹിക്കുകയും വേണ്ട കേട്ടോ .....


അപ്പോഴും, കാണുന്നത് സ്വപ്നമാണോയെന്ന് അന്തിച്ചു നിന്നിരുന്ന എന്നെ അവഗണിച്ച് അവൾ സ്റ്റൂളിൽ ഇരുന്നു.


ഒരിക്കൽ, ആ രാത്രി.. നിങ്ങളന്ന് വല്ലാതെ ക്ഷീണിതനായിരുന്നു.. നിത്യൻ തിരിച്ചങ്ങോട്ടു വരാതെ നിങ്ങളുടെ കാൽക്കൽത്തന്നെ ചുരുണ്ടുകൂടിയുറങ്ങുന്നത് കണ്ട് ഞാൻ വിറങ്ങലിച്ചു പോയി.. അവനെ തിരികെ വിളിക്കാൻ ഞാനെന്തൊക്കെ ചെയ്തെന്നറിയാമോ?.. എന്റെ കിടപ്പുമുറിയിൽ നിന്ന് നിങ്ങളുടെ ഈ ജനലിലൂടെ എന്താണിവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് വ്യക്തമായി കാണാം. നെഞ്ചത്തൊരു കല്ലു കയറ്റി വച്ചതുപോലെ നിങ്ങളിവിടെക്കിടന്ന് വീർപ്പുമുട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. മുറിയിലിരുന്ന് ഞാനവനെ നിരന്തരം തിരിച്ചു വിളിച്ചു കൊണ്ടിരുന്നു.. ഒരു വേള, എന്നെക്കാളുപരി നിങ്ങളെയാണോ അവനു പ്രിയമെന്ന് ഞാൻ സംശയിച്ചു പോയി. പക്ഷേ പാതിരയായപ്പോൾ - നിങ്ങളപ്പോൾ നല്ല ഉറക്കമായിരുന്നു - അവൻ ഒന്നുമറിയാത്തതു പോലെ തിരികെ വന്നു..അപ്പോൾ മാത്രമാണെന്റെ ശ്വാസം നേരേ വീണത്..അതോടെ അവനു നിങ്ങളിലുള്ള ഭ്രമം അവസാനിച്ചു എന്നാണു ഞാൻ കരുതിയിരുന്നത്."


"പക്ഷേ പിന്നീടൊരിക്കൽക്കൂടി അവനെന്നെ ഭയപ്പെടുത്തി. പിന്നേയ്ക്കു പിന്നാലെ രണ്ടു ലോഡുകൾ വന്ന്, നിങ്ങൾക്കൊരു വിശ്രമമില്ലാത്ത രാത്രിയായിരുന്നു അത്. ഒടുവിലൊടുവിൽ നിങ്ങൾ തളർന്ന് വീണു പോകുമോ എന്നു പോലും ഞാൻ ഭയന്നു. അതിനു മുമ്പേ തന്നെ അവനിവിടെ വന്നു സ്ഥലം പിടിച്ചതും ഞാൻ ശ്രദ്ധിച്ചിരുന്നു. ഊണു കഴിഞ്ഞു കിടന്നിട്ടും അവനിവിടെ തന്നെ ചുരുണ്ടു കൂടി കിടക്കുകയാണെന്ന് കണ്ടപ്പോൾ എനിക്കുണ്ടായ ടെൻഷൻ! അപ്പോൾത്തൊട്ട് ഞാനവനെ വിളിക്കാൻ തുടങ്ങിയതാണ്..പക്ഷേ അവനെന്നെ ശ്രദ്ധിച്ചതേയില്ല. നിങ്ങളുടെ മിടിപ്പുകളുടെ താളം തെറ്റുന്നത്, ഒടുവിൽ എണീറ്റ് ആ മരുന്ന് കഴിക്കുന്നത്, നിത്യൻ കൗതുകത്തോടെ അതു നോക്കി കിടക്കുന്നത് എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അതിനു ശേഷമെങ്കിലും അവൻ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. അവൻ അതേ പുച്ഛം നിറഞ്ഞ കൗതുകത്തോടെ നിങ്ങളെ നോക്കി കിടന്നു.. അപ്പോൾ ഞാനാദ്യമായി അവനെ വെറുത്തു..കഠിനമായി വെറുത്തു.. ആംബുലൻസ് സർവീസിൽ വിളിച്ചു പറഞ്ഞാലെന്ത് ? അല്ലെങ്കിൽ എന്റെ ഏട്ടനെ തന്നെ പറഞ്ഞയച്ചാലെന്ത് ? അല്ല്ലെങ്കിൽ ഞാൻ തന്നെ ഇറങ്ങിവന്നാലെന്ത് ? അങ്ങനെ പല ചിന്തകളും എന്നിലൂടെ കടന്നു പോയി. ഒരു തോക്കു കിട്ടിയിരുന്നെങ്കിൽ അവനെ വെടിവച്ചു കൊല്ലാമായിരുന്നു എന്ന വ്യർത്ഥചിന്ത പോലും..പക്ഷേ ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം തളർന്നു പോയിരുന്നു ഞാൻ.. "


"ഒടുവിലെപ്പോഴോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അതെ.. വർഷങ്ങൾക്കു ശേഷം ഞാൻ കരഞ്ഞു.. അതും മറ്റൊരാളെയോർത്ത്..അവൾ പുഞ്ചിരിച്ചു. അതെ..നിസ്സഹായതയോടെ നിങ്ങളെ നോക്കി സർവ്വം തളർന്ന് ഞാനങ്ങനെ കിടന്നു..പക്ഷേ അവസാനം അവനങ്ങോട്ടു തന്നെ വന്നു.. അപ്പോൾ വീണ്ടുമെന്റെ കണ്ണീരുറവകൾ പൊട്ടിത്തകർന്നു. ആദ്യം ആഹ്ലാദം കൊണ്ട്..പിന്നെ..

അവളൊന്നു വിതുമ്പി. പിന്നെയതു മറച്ച് തിടുക്കത്തിൽ സംസാരം തുടർന്നു.


എനിക്കു വേണ്ടി ഞാനൊരിക്കലും അവനോട് കെഞ്ചിയിരുന്നില്ലപക്ഷേ, ഈ രാത്രി, കുറച്ചു മുമ്പ് ഞാനവന്റെ കാൽക്കൽ വീണു കെഞ്ചി.. നിങ്ങൾ കണ്ടതാണല്ലൊ.. . നിങ്ങളുടെ ശലഭങ്ങൾ എന്റെ പൂക്കൾ തേടി വന്ന ദിവസമായിരുന്നു ഇത്..അവരെന്റെ വിരൽത്തുമ്പുകളെ ചുംബിച്ചു!
നിങ്ങൾ കണ്ടതാണല്ലൊ, എന്റെ പനിനീർമൊട്ട് വിരിയാറായിരിക്കുന്നു.. ഏതാനും ദിവസങ്ങൾ മാത്രമാണു ഞാൻ ചോദിച്ചത്..പക്ഷേ അവൻ നിസ്സംഗനായി മുഖം കഴുകി ഇരുന്നതേയുള്ളു. ഇപ്പോൾ എനിക്കു തോന്നുന്നു..അവന്റെ ഔദാര്യമല്ല, നിങ്ങളുടെ ആ വയസ്സൻ ഡോക്ടറില്ലേ, അയാളുടെ കരുതലാണു നിങ്ങൾ എന്ന്.. യന്ത്രങ്ങൾക്കും നോട്ടുകൾക്കുമിടയിൽ എന്റെ ചികിത്സകർക്കു നഷ്ടപ്പെട്ടുപോയത്..അവളൊരു നിമിഷം എന്തോ ആലോചനയിൽ മുഴുകിയ ശേഷം തുടർന്നു.


അല്ലെങ്കിൽ, അവരെ പറഞ്ഞിട്ടും കാര്യമില്ല..ഇതിനിടയ്ക്കെപ്പോഴോ, ഞാനെന്റെ മനസ്സും ശരീരവും അവനു സമർപ്പിച്ചു കഴിഞ്ഞിരുന്നല്ലൊ.ഒരു ദീർഘനിശ്വാസത്തോടെ അവളെണീറ്റു.


സമയമായിരിക്കുന്നു.. ഇറങ്ങട്ടെ.. ഞാൻ മാത്രമേ ഇറങ്ങുന്നുള്ളു.. നിത്യൻ ഇവിടെയൊക്കെ തന്നെയുണ്ടാവും.. ആവർത്തിക്കട്ടെ. അവനെയൊരു മിത്രമായി കൂടെ കൂട്ടേണ്ടതില്ല.....ശത്രുവായി കരുതിയിരിക്കേണ്ടതുമില്ല....കൂടെച്ചേർത്താലും കല്ലെറിഞ്ഞോടിച്ചാലും നിഴൽ പോലെ പിന്തുടരുന്ന ഒരനിവാര്യത.. അതുമാത്രമാണവൻ...


അവൾ നടന്നു തുടങ്ങിയതായിരുന്നു. പിന്നെ തിരിഞ്ഞു നിന്നൊന്ന് പുഞ്ചിരിച്ചു.


രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ഏട്ടനെയൊന്ന് കാണൂ.. പുട്ടപർത്തിയിലേക്കുള്ള യാത്ര വേഗത്തിലാക്കാനുള്ള ചിലത് ചെയ്യാൻ ഏട്ടനാവും.. ഈ പൂക്കളും ചെടികളും സ്നേഹവാത്സല്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്..


ഒരു മായ പോലെ അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞതിനു ശേഷമാണ് ഞാൻ കണ്ണു തുറന്നത്. അണമുറിയാതെ അവൾ പറഞ്ഞു തീർത്തതെല്ലാം, ഒരു വാക്കു പോലും ചോർന്നു പോകാതെ എന്നിൽ തങ്ങി നില്പുണ്ടല്ലൊ എന്നാണു ഞാനാദ്യമോർത്തത്. സമയമാണ് പിന്നെ നോക്കിയത് നാലു മണി !


അവളുടെ പ്രത്യക്ഷപ്പെടലിന്റെയും വാക്കുകളുടെയും പൊരുൾ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ ഒരാന്തലോടെ ഞാനവളുടെ ശയനമുറിയിലേക്ക് നോക്കി.

അവിടെ വിളക്കുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. പരിഭ്രാന്തിയുടെ ചലനങ്ങൾ ഉണർന്നു കഴിഞ്ഞിരുന്നു.

                                                             ********
.

തിങ്കളാഴ്‌ച, നവംബർ 19, 2012

പ്രതികരിക്കുക !

 
 പ്രതികരിക്കുക !


അയലക്കത്തെ വീട്ടിലെ അപ്പൂപ്പൻ‌ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.
സ്വന്തം അപ്പൂപ്പന്റെ കുഴിമാടത്തിനരികെ നിന്ന്
ആവോളം കണ്ണീരൊഴുക്കിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ അമ്മുമ്മ മരിച്ചാൽ
ഉടനെ അങ്ങോട്ടു പോകരുത്.

സ്വന്തം അമ്മൂമ്മയുടെ കാല് തിരുമ്മി തിരുമ്മി
ഉറക്കി കിടത്തിയിട്ടേ
അങ്ങോട്ടു പോകാവൂ.


അയലത്തെ വീട്ടിലെ ചെറുപ്പക്കാരൻ
മരിച്ചാൽ ഉടനെ അങ്ങോട്ടോടരുത്.

എന്നോ മരിച്ചു പോകാവുന്ന നിങ്ങളെയോർത്ത്
നെഞ്ചത്തടിച്ച് നിലവിളിച്ച്, 

 പിന്നെ പുരോഹിതനെ വിളിച്ച് 
തിലോദകം ചാർത്തി
മരിച്ച മനസ്സോടെ വേണം
  അങ്ങോട്ടു പോകാൻ.

വെള്ളിയാഴ്‌ച, നവംബർ 02, 2012

വെറുമൊരു ഗുണപാഠകഥ


വെറുമൊരു ഗുണപാഠകഥ


സ്കൂൾബാഗ് മൂലയിലൊരിടത്ത് ആശ്വാസപൂർവം ഇറക്കി വച്ച ശേഷം, കുട്ടി ഉടുപ്പ് മാറിയിടുകയായിരുന്നു. ഇനി അച്ഛമ്മ തിരിച്ചെത്തുന്നതു വരെ, ഒന്നു രണ്ടു കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ്,  പൊട്ടിയ മൺപാത്രകഷണങ്ങളും പഴകി ചളുങ്ങിയ പ്ലാസ്റ്റിക് പാവയുമൊത്ത്  അവൾ കളി തുടർന്നോളും. അതാണു പതിവ്.

എങ്ങനെയാണു തുടങ്ങുക എന്ന് അപ്പോഴുമയാൾക്ക് തീർച്ച കിട്ടിയിരുന്നില്ല.

“വാ മോളെ, അച്ഛനൊരു കഥ പറയാം..” ഒട്ടും ആത്മവിശ്വാസമില്ലാതെ, പതിഞ്ഞ ശബ്ദത്തിൽ  അയാൾ കുഞ്ഞിനോട് പറഞ്ഞു.

കുട്ടി സംശയത്തോടെ അയാളെ നോക്കി – ഇതിപ്പോളെന്താണൊരു പുതുമ എന്ന മട്ടിൽ. എപ്പോൾ കഥ പറയാനാവശ്യപ്പെട്ടാലും അച്ഛൻ നാലഞ്ച് കഥകൾ ആവർത്തിക്കുകയാണ് പതിവ് - നീല കുറുക്കന്റെയും കിണറ്റിലെ സിംഹത്തിന്റെയും  കുരങ്ങന്റെ ഹൃദയത്തിന്റെയും രാമുവിന്റെയും ദാമുവിന്റെയും ..അങ്ങിനെ ചിലതു മാത്രം. അതുകൊണ്ടു തന്നെ അവളീയിടെയായി അച്ഛനോട് കഥ പറയാനാവശ്യപ്പെടാറില്ല.

“പുത്യേ കത്യാ ?” കുട്ടിയുടെ സംശയം മാറിയിരുന്നില്ല.

 “ഉം..  രാമുവിന്റെയും ദാമുവിന്റെയും കഥ ഞാനിതിനുമുമ്പ് പറഞ്ഞിട്ടില്ല്യല്ലൊ ?”  അയാൾ  അവളുടെ ഓർമ്മശക്തി പരീക്ഷിക്കാൻ ചോദിച്ചു.

കുട്ടി തലയിൽ കൈ വച്ചു “ അയ്യേ..ഈ അച്ഛനൊരോർമ്മ്യൂല്ല്യ..രാമൂന്റീം ദാമൂന്റീം എന്തോരം കതകള് പറഞ്ഞതാ.. ന്ന്ട്ടൊന്നും ഓർമ്മില്ല്യ..”

“ ഉവ്വോ ! എന്തൊക്കെ കഥകളാ പറഞ്ഞേ ? ” അവിടെ പിടിച്ചു കയറാനുള്ള ലാക്കോടെ അയാൾ ചോദിച്ചു.

മകൾ വിരൽ മടക്കാൻ തുടങ്ങി “ സത്യം പറഞ്ഞ കാരണം രാമുന്ന് വനദേവത സ്വർണ്ണകോടാലീം  വെള്ളി കോടാലീം കൊട്ത്തത്..അത്യാഗ്രഹം കാരണം ദാമു പൊന്മുട്ടയിടണ താറാവിനെ കൊന്നത്, അച്ഛനുമമ്മീനീം ശുശ്രൂഷിച്ച കാരണം രാമൂന് നിധി കിട്ട്യേത്, പുലി വര്‌ണ്ന്ന് നൊണ പറഞ്ഞ്ട്ട് അവസാനം ശരിക്കും പുലി വന്ന് ദാമൂനെ      ഓടിക്ക്‌ണ്ത് ..കിണറ്റിൽ വീണ അട്ടിങ്കുട്ടീനെ രക്ഷിച്ച കാരണം രാജകുമാരി രാമൂനെ കല്യാണം          കഴിക്ക്‌ണ്‌ത്..” അവൾ ഒന്നു നിർത്തി വീണ്ടും ആലോചിച്ചു. “ ആ.. പിന്നെ ..പിന്നെ..ആലിഞ്ചോട്ടിലെ സന്യാസി പറഞ്ഞപോലെ നാട്ട്വാര് എല്ലാരും കൂടി തോട് കീറിയപ്പോ നാട്ടില് വെള്ളം വന്നത്

ഇതെല്ലാം എപ്പോൾ പറഞ്ഞു എന്ന് അതിശയത്തോടെ അയാളോർത്തു. എന്തായാലും അടുത്ത കാലത്തൊന്നുമായിരിക്കില്ല.

“എന്നാ രാമൂന്റീം ദാമൂന്റീം വേറൊരു കഥ പറയാം..”

“വെച്ച്വെട്ടി കത്യാ  ?” അച്ഛൻ വെച്ചുകെട്ടിയുണ്ടാക്കിയ കഥകൾ അവൾക്കിഷ്ടമില്ല. പകുതിയാവുമ്പോഴേക്കും മടുത്തു തുടങ്ങും.

“അല്ലല്ല.. ശരിക്കും നടന്നതാ..”  അയാൾ ഉറപ്പു കൊടുത്തു.

ഭാഗ്യം ! അവൾ പായയിൽ ചെന്നിരുന്നു.

അയാൾ  തലയണയെടുത്ത് ശ്രദ്ധാപൂർവം ചെറ്റയോട് ചേർത്തു വച്ച് ചാരിയിരുന്ന ശേഷം  കുട്ടിയെ മടിയിൽ പിടിച്ചിരുത്തി. ഒന്നു ചുമച്ച് കണ്ഠശുദ്ധി വരുത്തി  കഥ പറയാൻ തുടങ്ങി.

“അപ്പൊ കഥ തുടങ്ങാം..സ്വർണ്ണ കോടാലീം താറാവിട്ട സ്വർണ്ണമുട്ടകളും അച്ഛൻ കൊടുത്ത നിധീം  ഒക്കെ വിറ്റു കിട്ടിയ കാശിന് രാമു നെല്പാടം വാങ്ങി കൃഷി തുടങ്ങ്യേത് സന്യാസീരെ കഥേല് പറഞ്ഞ്ര്ന്നില്ല്യേ ?”

കുട്ടി ഉവ്വെന്ന് തലയാട്ടി.. “ ന്ന്ട്ട് കൊറച്ച് പാടം ദാമൂനും വെറ്തെ കൊട്ത്ത്‌രിന്നു, കൃഷി ചെയ്തോളാൻ പറഞ്ഞ്..”

“ ആ ..അദെന്നെ.. അങ്ങനെ കൃഷി തൊടങ്ങ്യന്ന് തൊട്ട് നാട്ട്വാര് രാമൂനെ മണ്ടൻ രാമുന്ന് വിളിച്ച് കളിയാക്കാൻ തൊടങ്ങി..”

“അതെന്ത്യേ ?” അദ്ധ്വാനിയും സത്യസന്ധനുമായ രാമുവിന് അങ്ങനെയൊരു പേരു വീണത് എന്തുകൊണ്ടാണെന്ന്  കുട്ടിക്ക്  ഒട്ടും മനസ്സിലായില്ല..

“ കാശ്  പലിശയ്ക്ക് കൊടുത്താല് മേലനങ്ങാണ്ടെന്നെ ഇഷ്ടം പോലെ കാശ് കിട്ട്വല്ലൊ.. പിന്നെന്തിനാ ഈ ചെളീലെറങ്ങി പണി എട്ക്ക്‌ണ്ന്ന് ചോയ്ച്ച്ട്ടാ നാട്ടാര് കള്യാക്ക്യേത്.. എന്നാലും രാമു അതൊന്നും കണക്കാക്കില്ല്യ.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കും. കള പറിച്ചു കളയും. വിത്തിറക്കും, വളമിടും.. പക്ഷെ  ദാമു പണ്ടേ കുഴിമടിയനായിരുന്നല്ലൊ. ഇരുന്നിടത്തു നിന്ന് അനങ്ങില്ല്യ.  അങ്ങനെ കൃഷിയൊന്നും ചെയ്യാതെ മടി പിടിച്ചിരുന്ന് ദാമുവിന്റെ പാടോം പറമ്പും നിറയെ കാടും പടലും നിറഞ്ഞു.. മടിയനും താറാവിനെ കൊന്നവനുമൊക്കെയാണെങ്കിലും സ്വന്തം ചേട്ടനാണല്ലൊ ദാമൂ. അതുകൊണ്ട് രാമു എന്ത് ചെയ്യും ? കൃഷി ചെയ്തു കിട്ടുന്നതിൽ നിന്ന് കുറച്ച് ദാമുവിനും കൊടുക്കും. അവരങ്ങനെ ജീവിച്ചു പോകുമ്പോ, ഒരു ദിവസം അവിടെ ഒരാളെത്തി..ഒരു ചാക്കു നിറയെ പണവുമായി ഒരു വെല്ല്യ പണക്കാരൻ..എന്നിട്ടയാൾ എന്തു ചെയ്തു ?”

കുട്ടി ആകാംഷയോടെ അയാളെ നോക്കി.. “ എന്തു ചെയ്തു ?”

“ മഹാ തന്ത്രശാലിയായ അയാൾ ദാമുവിനോട് ചോദിച്ചു, നിന്റെ തരിശു കിടക്കുന്ന പാടം മുഴുവൻ എനിക്കു തര്വോ , ആയിരം പണം തരാംന്ന്..കേട്ട പാതി കേക്കാത്ത പാതി ദാമു പാടം മുഴുവൻ അയാൾക്കു വിറ്റു. എന്നിട്ടാ പണക്കാരൻ എന്തു ചെയ്തു ? അപ്പൊ തന്നെ ആ പാടം മുഴുവൻ മണ്ണിട്ടു നെകത്തി അവടെ കൊറെ കെട്ടിടങ്ങള് പണ്തു. ന്ന്ട്ട്  ദാമുന് വേറൊരു ജോലീം കൊടുത്തു – ആ കെട്ടിടങ്ങളൊക്കെ വിക്ക്വാ, മറ്റൊള്ള കർഷകര്ടെയൊക്കെ പാടം കുറഞ്ഞ വെലയ്ക്ക് വാങ്ങിച്ചു കൊട്ക്ക്വാ.. ദാമൂന്ന് ആ ജോലി ‘ക്ഷ’ പിടിച്ചു  - നല്ല സുഖല്ലേ..പണ്യൊന്നും എട്ക്കണ്ടല്ലാ !..തന്നെ പോലെന്നെ  മടിയും കാശിനത്യാവശ്യോം ഒക്ക്യൊള്ള കൃഷിക്കാര്ട്യൊക്കെ അട്ത്ത്കൂടി സൂത്രത്തില് അവര്ടെ പാട്വൊക്കെ പണക്കാരന് വേടിച്ചു കൊടുത്തു..അങ്ങനെ ദാമൂം പതുക്കെ പണക്കാരനാവാൻ തൊടങ്ങി..പക്ഷെ മ്മടെ രാമു മാത്രം എന്ത് ചെയ്തു ? തന്റെ പാടത്താണ് തന്റെ ചോറ്ന്ന് പറഞ്ഞ്  എല്ല്മുറിയെ പണിട്ത്തു. അപ്പോ ദുഷ്ടനായ ദാമൂം പണക്കാരനും കൂടി എന്ത്  ചെയ്തു ? രാമൂന്റെ പാടത്തിയ്ക്ക് വെള്ളം പോണ തോട് നെകത്തി. പിന്നെ ആരും കാണാതെ  കൊറെ ചപ്പും ചവറ്വൊക്കെ പാവം രാമൂന്റെ പാടത്ത് കൊണ്ടിട്ടു..വെള്ളല്ല്യാണ്ട്  കൃഷി ചെയ്യാൻ പറ്റ്വോ ?  പോരാത്തേന് മാലിന്യങ്ങളും.  ബുദ്ധിമാനായ രാമൂന് ഒരു കാര്യം മനസ്സിലായി..ഇതൊക്കെ അത്യാർത്തിക്കാരായ ദാമൂന്റീം പണക്കാരന്റീം പണ്യാന്ന്..പക്ഷെ രാമു മര്യാദക്കാരനല്ലേ..ആരോടും അടി കൂടാനൊന്നും പാടില്ല്യ.. അപ്പൊ  രാമു എന്ത് ചെയ്തു ?”

കുട്ടി ചെറുതായൊന്ന് കോട്ടുവായിട്ടു. അച്ഛൻ ‘വെച്ച്വെട്ടി കഥ’ യുണ്ടാക്കി തന്നെ പറ്റിക്കുകയാണോ എന്നൊരു സംശയം അവൾക്ക് തോന്നി തുടങ്ങിയിരുന്നു. പക്ഷെ കഥ ഓർത്തെടുക്കുന്ന തിരക്കിൽ അയാളതു കണ്ടില്ല.

“അപ്പൊ രാമു എന്ത് ചെയ്തു ?” അയാൾ തുടർന്നു. “ രാമു രാജാവിനോട് പരാതി പറയാൻ പോയി. ‘ശരി..ഒരു ദിവസം നോം നേരിട്ട് വന്ന് പരിശോധിക്കാം’ ” അയാൾ രാജാവിനെ അനുകരിച്ചു കൊണ്ട് തുടർന്നു.

 “ . അങ്ങനെ ഒരു ദിവസം രാജാവ് രാമുവിന്റെ പാടം കാണാൻ നേരിട്ടെഴുന്നെള്ളി. രാജാവ് നോക്കുമ്പോ എന്താണു കാണുന്നത് ?ചപ്പും ചവറ്വല്ലെ !  രാജാവിനു ദേഷ്യം വന്നു. ‘ എടാ രാമൂ, നീയൊരു നുണയനാണ്.നിന്നെ ശിക്ഷിക്കാതെ വിടുന്നത് നോമിന്റെ ഔദാര്യമാണെന്ന് കരുതിക്കോ.  മാലിന്യങ്ങള് നിറഞ്ഞ് ഉണങ്ങി കിടക്കുന്ന ഈ പാടം കണ്ടാലറിയാം നീയൊരു കുഴിമടിയനാണെന്ന്.. അതുകൊണ്ട് നാമിതാ കല്പിക്കുന്നു.. ഈ പാടം നീ ദാമുവിന് ദാനം നൽകുക..അവനിവിടെ പ്രജകൾക്ക് ഉപകാരമുള്ള വിദ്യാലയങ്ങളും വൈദ്യശാലകളും വ്യവസായശാലകളും എല്ലാം പണിയട്ടെ..’  ” അയാൾ ഗംഭീര ശബ്ദത്തിൽ പറഞ്ഞു നിർത്തി.

കുട്ടി വീണ്ടും കോട്ടുവായിട്ടു. “ ഇത് അച്ചന്റെ ഇണ്ടാക്കിക്കത്യാ പൊട്ടക്കത..” ഇനിയും അവൾക്ക് മടുപ്പ് മറച്ചു വെക്കുവാനാകുമായിരുന്നില്ല.

“ അല്ല ദേവൂട്ട്യെ..ശരിക്കും നടന്നതാ.. നല്ല കഥ്യാ.. കഥേരെ അവസാനം ഒര് മാജിക്ക്ണ്ട്..നല്ല രസാ....” കഥ പകുതിയിൽ നിർത്താൻ അയാൾക്കാവുമായിരുന്നില്ല.

‘അവസാനത്തെ മാജിക് ’ എന്ന ആകർഷണത്തിൽ കുട്ടി വീണ്ടും അടങ്ങിയിരുന്നു.

അയാൾ വീണ്ടും കഥ തുടങ്ങി “ അതീ പിന്നെ നാട്ട്വാരൊക്കെ രാമുനെ എന്ത് വിളിക്കാൻ തൊടങ്ങി ? മരമണ്ടൻ രാമൂന്ന് വിളിക്കാൻ തൊടങ്ങി..പാവം  രാമു..അപ്പോഴാ അവനൊരു കാര്യം മനസ്സിലായത്..രാജാവ്, കൃഷിക്കാരും പാവങ്ങളും ഒന്നും പറയുന്നത് വിശ്വസിക്കില്ല്യ, പണക്കാരും നൊണയമ്മാരും പറയുന്നത് മാത്രേ വിശ്വസിക്കൂന്ന്..എന്തു കാര്യം ?  ആകെ കൈയ്യിലുണ്ടായിരുന്ന ഭൂമീം പോയി.. പിന്നെയവൻ എന്തു ചെയ്തു ? പണ്ട് താറാവിട്ട ഒരു പൊന്മുട്ട രാമൂന്റെ ബുദ്ധിമതിയായ അമ്മ  എടുത്തു വെച്ച്ട്ട്‌ണ്ടായ്ര്ന്നു. അത് വിറ്റു കിട്ടിയ കാശോണ്ട് അവര് ദൂരെ ദൂരെ മലഞ്ചെരിവില് കൊറച്ച് സ്ഥലം വാങ്ങി. ന്ന്ട്ട് അവടൊരു കുഞ്ഞിപ്പെര വെച്ച് താമസം തൊടങ്ങി.  പിന്നെ അവ്ടീം എല്ല് മുറിയെ പണിട്ത്തു. അപ്പോഴോ, മത്തങ്ങീം കുമ്പളങ്ങീം വെണ്ടയ്ക്കീം വഴ്തനീം ഒക്കെ കൈ നെറയെ കായ കൊടുത്തു രാമുന്ന്.. രാമൂനും സന്തോഷായി.”

“കത കഴിഞ്ഞോ അച്ഛാ ?” കുട്ടി ചോദിച്ചു. സന്തോഷത്തിലാണ് കഥ അവസാനിക്കേണ്ടതെന്ന് അവൾക്കറിയാമായിരുന്നു..

“ ഇല്ല്യല്ല.. പകുത്യായ്ട്ടൊള്ളു..” അയാൾ കുഞ്ഞിനൊരുമ്മ കൊടുത്തു. “ അയിന്റെടയ്ക്ക് ആരോ, കൊതിയൻ  ദാമൂനോട് പറഞ്ഞു രാമു താമസിക്കണ കുന്നിന്റെ മോളിലെ പാറക്കൂട്ടത്തില് നിധിണ്ട്ന്നും അത് കാരണാ രാമൂം രാജകുമാര്യൊക്കെ സന്തോഷത്തില് ജീവിക്ക്‌ണ്‌ത്‌ന്നും. കേട്ടപാതി കേക്കാത്ത പാതി  ദാമു എന്ത് ചെയ്തു ?  പഴേപോലെ അവട്യൊള്ളോര്യൊക്കെ ഓരോന്ന് പറഞ്ഞ് പറ്റിച്ച് ആ കുന്ന് മുഴുവൻ വെലയ്ക്ക് വാങ്ങി.. കൊറച്ച് കാശ് കാണ്ച്ച്ട്ട് രാമൂനോടും എറങ്ങി പൊക്കോളാൻ പറഞ്ഞു. പക്ഷെ രാമൂന് സ്തലം കൊടുക്ക്വാൻ പറ്റ്വോ ? തക്കാളീം വെണ്ടക്കീം മുരിങ്ങക്കീം മെളകും ഒക്കെ നട്ട് നനച്ച്ണ്ടാക്ക്യ മണ്ണല്ലെ.. കൊടുക്കുല്ല്യാന്നെന്നെ രാമു കട്ടായം പറഞ്ഞു. അപ്പൊ ദുഷ്ടൻ ദാമു എന്ത് ചെയ്തു ?  വെല്ല്യ വെല്ല്യ ഗുണ്ടുകള് കൊണ്ട്ന്ന് കുന്നിമ്മോളിലെ പാറക്കൂട്ടം പൊട്ടിക്കാൻ തൊടങ്ങി.പണ്ടത്തെ അനുഭവം ഓർമ്മ്യൊള്ളോണ്ട് രാമു എന്ത് ചെയ്തില്ല ? രാജാവിനോട് പരാത്യൊന്നും പറയാൻ പോയില്ല്യ. ഒച്ചീം ബഹളോം കുലുക്കോം ഒക്കെ സഹിച്ച് അവടെ തന്നെ കെടന്നു.  അങ്ങനെ ഒരീസം  വെല്ല്യ മഴ പെയ്തപ്പോ എന്ത്ണ്ടായി ?  കുന്നിന്റെ മോളീന്ന് വെല്ല്യ കല്ല്വേളും മണ്ണും മരോം എല്ലാം കൂടി കുത്ത്യൊലിച്ച് വന്ന്  പാവം രാമൂന്റെ കൃഷിത്തോട്ടോം വീട്വൊക്കെ മൂടിപ്പോയി.അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു ? മരമരമണ്ടൻ രാമൂന്ന് വിളിച്ചു..”

“നൊണക്കത ! ” കുട്ടി നെറ്റി ചുളിച്ചു..  നല്ലവനായ രാമുവിനു തുടരെ തുടരെ അപകടങ്ങൾ സംഭവിക്കുന്നത് അവൾക്കിഷ്ടമായില്ല.. “  എന്തെങ്കിലും പറ്റ്യാല് രാമൂനെ വനദേവത രക്ഷിക്കല്ല്വോ ” ഒരു തർക്കത്തിനുള്ള ഭാവത്തോടെ അവൾ പറഞ്ഞു.

ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. അയാൾ   അല്പനേരം ആലോചനയിലാണ്ടു. പിന്നെ വേദനയോടെ പുഞ്ചിരിച്ചു.. “ വനദേവത്യോ ? ആ കൊതിയൻ ദാമു പണ്ട് എന്ത് ചെയ്തിരുന്നൂന്ന് അറിയ്യോ ? വനദേവതേരെ  കൈയ്യില് ഇനീം  സ്വർണ്ണകോടാലിണ്ടാവുംന്ന് വിചാരിച്ച് ആദ്യം ആ പൊഴ മുഴുവൻ വറ്റിച്ചു.. അതിലൊന്നും കാണാണ്ടായപ്പൊ ആ കാട് മുഴുവൻ വെട്ടി തെളിച്ചു . വനമില്ല്യാത്തോടെങ്ങന്യാ വനദേവത താമസിക്ക്യാ ? അങ്ങനെ വനദേവത പണ്ടെ ആ കാട് വിട്ട് പോയ്ര്ന്നു..അതാ രാമുനെ സഹായിക്കാൻ വരാഞ്ഞെ..”

കുട്ടി തൃപ്തി വരാതെ തലയാട്ടി. കഥ കേൾക്കാനുള്ള അവളുടെ താല്പര്യം നശിച്ചു തുടങ്ങിയിരുന്നു.

അയാൾ  കഥ തുടർന്നു.. “ അങ്ങനെ രാമൂന്റെ അമ്മീം  രാമൂം രാജകുമാരീം മിന്നു മോളും കൂടി വീണ്ടും നാട്ട്ല്യ്ക്ക് വന്നു..”

“ ഏതാ മിന്നുമോള് ?” കുട്ടി ചോദിച്ചു.

“അവരുടെ മോളാ.. ഒരു സുന്ദരിക്കുട്ടി..മിടുക്കി കുട്ടി.. നിന്നെ പോലെ ” അയാൾ മകൾക്ക് വീണ്ടുമൊരു ഉമ്മ കൊടുത്തു.

“ നാട്ടില് വന്നപ്പോ എന്താ കഥ ! എല്ലാവടീം വീടും കടേളും..പാടോം കൃഷ്യോന്നും  കാണാനില്ല്യ  എവടീം.... ന്നാലൊ,  എല്ലാവര്ടെ കൈയ്യിലും നെറയെ കാശും ! അവനാകെ അതിശയയായി..പിന്നെ അന്വേഷിച്ച് വന്നപ്പഴല്ലേ,  ആള്ക്കാര്ക്കൊക്കെ ഇപ്പൊ ദാമൂന്റെ  തൊഴിലാ ചെയ്‌ണ്ത്  ! സൂത്രത്തിലട്ത്ത് കൂടി മറ്റുള്ളോര്ടെ വീടും ഭൂമീം വണ്ട്യൊക്കെ വെല കൊറച്ച് വേടിച്ച് , പിന്നെ കൊറെ നൊണ പറഞ്ഞ് വെല കൂട്ടി വിക്ക്വാ. അതീന്ന് കമ്മീഷൻ അടിക്ക്യാ..ഇതൊക്ക്യിണ് പണി.. നല്ല സുഖല്ലേ..മേലനങ്ങി ഒന്നും ചെയ്യണ്ട..പിന്നെ കൊറെ ആൾക്കാരണങ്കിലോ, ഇതൊക്കെ വേടിക്കാൻ  വേണ്ട കാശ്ണ്ടാക്കാൻ വേണ്ടി അന്യദേശത്ത് പോയി പൊരിവെയിലത്ത് എല്ല്മുറിയെ പണിട്ത്ത് കഷ്ടപ്പെട്വേം....”

കുട്ടി വീണ്ടും കോട്ടുവായിട്ടു. ചിലതൊന്നും അവൾക്ക് മനസ്സിലാകുന്നതു കൂടിയുണ്ടായിരുന്നില്ല. പോരാത്തതിന്, കഥയിൽ തന്റെ സമപ്രായക്കാരി കഥാപാത്രം വന്നതിന്റെ കൗതുകം, അവളെ പരാമർശിക്കാതായതോടെ അവസാനിക്കുകയും ചെയ്തിരുന്നു.

“പറ്റിയൊരു വീടന്വേഷിച്ച് രാമു കുറെ അലഞ്ഞു...കാശ്വൊന്നൂല്ല്യാത്തോര്ക്ക് എവിടന്ന് വീട്  കിട്ടാൻ ? കുന്നും പൊഴീം ഒക്കില്ല്യാണ്ടായ കാരണം വന്ന സ്തലത്തിക്ക്യും തിരിച്ച് പോയ്ട്ട് കാര്യല്ല്യ.  അവസാനം അവരെന്തു ചെയ്തു ? വലിയൊരു അഴുക്കു ചാലിന്റെയരികിൽ പ്ലാസ്റ്റിക് ചാക്കും ഷീറ്റുമൊക്കെ വലിച്ചു കെട്ടി ഒരു കൂരയുണ്ടാക്കി അതിൽ പാർപ്പു തുടങ്ങി..അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്ത് വിളിച്ചു ? ദരിദ്രവാസി രാമൂന്ന് വിളിച്ചു”

കുട്ടിയുടെ ആശ അവസാനിച്ചിരുന്നില്ല.. “ അപ്പൊ.. രാമൂന് ആ തോടു വെട്ടണ്ട സൂത്രം പറഞ്ഞു കൊട്ത്ത സന്യാസിണ്ടായ്ര്ന്നില്ല്യേ ?”

മകളുടെ ഓർമ്മശക്തിയിൽ അയാൾക്കഭിമാനം തോന്നി. പക്ഷെ കഥ തുടരാതിരിക്കുന്നതെങ്ങനെ ?

“ സന്ന്യാസ്യോ ? .. ദാമൂ ആ അരയാല് മുറിച്ച് കളഞ്ഞ് അവ്ട്യൊരു വെല്ല്യ അമ്പലം പണിഞ്ഞ്ര്ന്നു.. ഇരിക്ക്യാൻ മരത്തണലില്ല്യാണ്ടായപ്പൊ സന്യാസി നാടു വിട്ടു പോയി..”

അവസാന പ്രതീക്ഷയും നശിച്ച്, കുട്ടി മടുപ്പോടെയും സങ്കടത്തോടെയും അയാളുടെ മടിയിലിരുന്നു.എല്ലാം ചേർന്ന് അവൾക്ക് ചെറുതായി കരച്ചിൽ വരുന്നുണ്ടായിരുന്നു.

“രാമൂന് നാട്ട്വാരുടെ ജോലിയൊന്നും ചെയ്യാൻ ഇഷ്ടമുണ്ടായില്ല്യ.ആകെയറിയുന്ന കൃഷിപ്പണ്യോ മരം വെട്ടലൊ ചെയ്യാൻ ആളെ അവശ്യല്ലാനും.  പക്ഷെ എന്തെങ്കിലും ജോലി ചെയ്യാതെ എങ്ങനെ അരി വാങ്ങിക്കും ? അന്വേഷിച്ചന്വേഷിച്ച് നടന്നവസാനം  ഒരു കുതിരവണ്ടിക്കാരൻ മുതലാളീരെ ഒര് വണ്ടി വാടകയ്ക്കെടുത്ത് ഓടിക്കാൻ തൊടങ്ങി. ഓടിക്കിട്ടിയ കാശു മുഴുവൻ വൈകുന്നേരം മുതലാളിക്ക് കൊടുക്കണം.. അപ്പോ മുതലാളി അഞ്ചു പണം കൂലി കൊടുക്കും..”

അയാൾ കുട്ടിയെ നോക്കി.. അവൾ ഇമവെട്ടാതെ തന്നെ തന്നെ നോക്കിയിരിക്കുന്നതെന്തിനാണെന്ന് അയാൾക്ക് മനസ്സിലായില്ല..

“ അച്ഛന്റെ തലേലൊരുറുമ്പ്.. ! ” കുട്ടി ഉദ്വേഗത്തോടെ പറഞ്ഞു.

അയാളത് കൈ വീശി തട്ടി കളഞ്ഞു.

“ ആ മുതലാളീരെ വണ്ടി ഓടിക്കുന്ന മറ്റ് വണ്ടിക്കാരെല്ലാം രാമൂനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു,  വണ്ടി ഓടി കിട്ടണേന്ന് കൊറച്ച് കാശ് അവനാന്റെ ആവശ്യത്തിന് എട്ത്ത്ട്ട് ബാക്ക്യൊള്ളതേ മൊതലാളിക്ക് കൊട്ക്കാൻ പാടൊള്ളൂന്ന്..സത്യസന്ധനായ രാമൂന് അത് സമ്മതിക്കാൻ പറ്റ്വോ ? അവൻ  കിട്ട്യ കാശ് മുഴുവൻ മുതലാളിക്ക് കൊട്ത്തു.മാത്രല്ല,  കൂലി തീരെ പോരാന്ന് പരാതി പറയ്വേം ചെയ്തു. മഹാകുതന്ത്രക്കാരനായ മുതലാളി  അപ്പൊ എന്ത് ചെയ്തു ? കിട്ടിയ കാശു മുഴുവൻ കൊട്ത്താലെ ജോലി തര്വൊള്ളൂന്ന് പറഞ്ഞ് മറ്റൊള്ള വണ്ടിക്കാരെ മുഴുവൻ പിരിച്ചു വിട്ടു. അപ്പൊ നാട്ട്വാരൊക്കെ രാമൂനെ എന്തു വിളിക്കാൻ തൊടങ്ങി ?   ചതിയൻ രാമൂന്ന് വിളിക്കാൻ തൊടങ്ങി.ന്ന്ട്ടും വണ്ടിക്കാര്ടെ ദേഷ്യം തീർന്നില്ല്യ -  അവൻ കാരണല്ലെ അവര്ടെ ജോലി പോയേ.. അവരെല്ലാം കൂടി എന്ത് ചെയ്തു? ഒരീസം രാത്രി രാമു തനിയെ വണ്ട്യോടിച്ച് വരുമ്പോ.”

അപ്പോഴാണയാൾ മകളെ ശ്രദ്ധിച്ചത്. അവൾ മറ്റെന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു..

“എങ്ങന്യാ കുതിരവണ്ടി ഓടിക്ക്യാന്നറിയോ ദേവൂട്ടിയ്ക്ക് ?” അയാൾ അല്പം ഉറക്കെ ചോദിച്ചു.
അവൾ ഇല്ലെന്ന് തലയാട്ടി.

അയാൾ പുറകിലെ തലയണയെടുത്ത് മുന്നിലേക്കിട്ടു. മകളെ പിടിച്ച് അതിൽ കവച്ചിരുത്തി.

“ഇതാണ് കുതിര..” അയാൾ തലയണയിൽ തട്ടി. “പിന്നെ”, അയാൾ തോർത്തെടുത്ത് തലയണക്കടിയിൽ വച്ച് ഒരു ഭാഗം മുകളിലേക്കെടുത്തു. “ ഇത് ജീനി..”

തോർത്ത് മകളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് തുടർന്നു.. “ ഇതിങ്ങനെ അയച്ചു കൊടുക്കണം.. എന്നിട്ട് കുതിരയുടെ പള്ളയിൽ കാലുകൊണ്ട്  രണ്ടടിയടിച്ച്..ട്ടൊ ട്ടൊ ന്ന് ഒച്ചണ്ടാക്കിയാ കുതിര ഓടും..”

അവൾക്കത് വളരെ ഇഷ്ടപ്പെട്ടു. കാലുകളിട്ടിളക്കി, ട്ടൊ ട്ടൊ ന്ന് ശബ്ദമുണ്ടാക്കി അവൾ കുതിരയെ ഓടിക്കാൻ തുടങ്ങി.

“ ആ ..അങ്ങനെ ഒരു ദിവസം രാത്രി കുതിരവണ്ടിയോടിച്ചു വരുമ്പോ”
അയാളൊന്നു നിർത്തി ശ്വാസമെടുത്തു.

“ഡിം !” അയാൾ പൊടുന്നനെ കുട്ടിയെ പായിലേക്ക് മറിച്ചിട്ടു :

“ മറ്റേ വണ്ടിക്കാരിലൊരാൾ തന്റെ വണ്ടി വേഗത്തിലോടിച്ചു വന്ന് രാമുവിന്റെ    വണ്ടിയിടിച്ചു മറിച്ചിട്ടു !”

അവളൊന്ന് പകച്ചു പോയിരുന്നു. അതിലേറേ സങ്കടവും.. പെട്ടന്ന് മറിച്ചിട്ടപ്പോൾ, അവളുടെ കൈയ്യെവിടെയൊ  ചെറുതായൊന്ന് ഉളുക്കിയിരുന്നു.

“പൊട്ട്ട്ടച്ച്ച്ചൻ..” അവൾ ചിണുങ്ങി.. “ പൊട്ട കത..”

പക്ഷെ അയാൾ കഥ പറയാനുള്ള ആവേശത്തിലായിരുന്നു.

“ പാവം  രാമു.. വണ്ടീമ്മന്നു വീണ് നട്ടെല്ലൊടിഞ്ഞ് എണീക്കാൻ പറ്റാതെ കിടപ്പിലായി..”

കുട്ടി ഒന്നു കൂടി ഉച്ചത്തിൽ ചിണുങ്ങി.. “പൊട്ട്ട്ടച്ച്ച്ചൻ.. ! എന്തിനാ എന്നെ ഉന്തീട്ടേ ? ഞാൻ അച്ഛമ്മ വരുമ്പോ പറഞ്ഞു കൊടുക്കും..”

അയാളുടെ സ്തോഭം അടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

“ എവടെ ? മോൾക്ക് വേദന്യ്ട്ത്തോ  ?” അയാൾ അലിവോടെ ചോദിച്ചു.

“ഉം..” കുട്ടി ഒന്നു കൂടി ചിണുങ്ങി..

“ പോട്ടെ.. സാരല്ല്യ.. ” അയാൾ മകളുടെ കൈയ്യെടുത്ത് വിരലുകളിൽ ഊതി.. “ അപ്പൊ പാവം രാമൂന്റെ കാര്യൊന്ന് ആലോചിച്ച് നോക്ക്യേ ? ഒന്നും ചെയ്യാൻ പറ്റാണ്ട് പായേ തന്നെ കെടപ്പായില്ല്യേ..”

“ .. അച്ഛന്റെ മായിര്യോ ?..”  കുട്ടി സഹതാപത്തോടെ ചോദിച്ചു.

“ ഉം..” അയാൾ മൂളി.

 ഇനിയെങ്ങനെയാണ് കഥ തുടരേണ്ടതെന്ന്  അയാൾക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷെ ഇവിടെയാണോ കഥ അവസാനിപ്പിക്കേണ്ടത് ?

“ അവര്ക്കൊക്കെ ആരാ ഇപ്പോ അരി വേടിച്ചു കൊടുക്ക്‌ണ്ത്.. ?” കുട്ടി അല്പനേരത്തെ ആലോചനയ്ക്കു ശേഷം ചോദിച്ചു. ഇത്രയും പ്രായത്തിലെ ജീവിതത്തിനിടയിൽ, അരിക്കുള്ള പ്രാധാന്യം അവൾ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്..

 “മിടുക്കിക്കുട്ടി..നല്ല ചോദ്യം..” അയാൾ മകളുടെ പുറത്തു തട്ടി   ആൾക്കാര് എന്തെങ്കിലും പറഞ്ഞോട്ടെ, നീയെപ്പഴും എന്റെ  പൊന്നുമോനാ.. ..” ഇടറി താണു പോയ ശബ്ദം ഒരു കൃത്രിമചുമയിലൂടെ വീണ്ടെടുത്ത്  അയാൾ തുടർന്നു, “ പൊന്നുമോനാന്ന്  വിളിച്ച്ര്ന്ന ഒരമ്മ ഇണ്ടായ്ര്ന്നില്ല്യേ രാമൂന് ? അവര് കാലത്ത് എന്നും അപ്പണ്ടാക്കി ചന്തേലു കൊണ്ടന്ന് വിറ്റു കിട്ടുന്ന കാശോണ്ട് അച്ഛമീം മിന്നുകുട്ടീം രാമൂം സുഖായ്ട്ട് താമസിക്കും”

അടുത്ത ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നു. “ അപ്പൊ രാജകുമാര്യെന്ത്യേ ?”

“ കുരുട്ടുബുദ്ധിക്കാരൻ ദാമൂന്റെ കൈയ്യില് ചില ദുർമന്ത്രങ്ങളൊക്കിണ്ട്.. ആയിരം തവണ അതു കേട്ടാ ആരായാലും മയങ്ങും.. ആ മന്ത്രം ചൊല്ലി മയക്കി ദാമു  സുന്ദരിയായ രാജകുമാരീനെ തട്ടിക്കൊണ്ടു പോയി..”

“രാമൂന് രാജകുമാരീനെ രക്ഷിക്കാൻ പറ്റില്ല്യേ ?”

“ രാമൂന് എതിർമന്ത്രങ്ങളൊക്കെ അറിയാം..എന്നാലും രാമു എന്ത് ചെയ്തു ? എന്തായാലും ഇവിടെ കഷ്ടപ്പാടാ.. രാജകുമാര്യെങ്കിലും സന്തോഷത്തോടെ ജീവിച്ചോട്ടേന്ന് വിചാര്ച്ച് മിണ്ടാണ്ടിരുന്നു.. അതീ പിന്ന്യല്ലെ ആൾക്കാരൊക്കെ രാമൂനെ മന്ദൻരാമൂന്ന്   വിളിച്ചൊടങ്ങ്യേത് !”    അയാൾ ഭാവഭേദമില്ലാതെ പറഞ്ഞു.

കുട്ടി  അല്പനേരം മിണ്ടാതിരുന്നു..

“കത കഴിഞ്ഞോ അച്ഛാ ?” അവൾ നിരാശയോടെ ചോദിച്ചു..

“ഉം..” അയാൾ മൂളി.ഇനിയും എങ്ങനെയാണ് കഥ നീട്ടേണ്ടതെന്നറിയാതെ വഴിമുട്ടി നിൽക്കുകയായിരുന്നു അയാൾ.

 “ ദേവൂട്ടിക്ക് കഥ ഇഷ്ടായോ ?”

“ഇല്ല്യ..പൊട്ടക്കത.. ഈ കതേലെന്താ രാമു എപ്പഴും തോക്ക്‌ണ്ത് ?.. പൊട്ടക്കത..” അതിനു പിന്നാലെയാണതവൾക്കതോർമ്മ വന്നത്.. “ കതേരെ അവസാനം മാജിക് ഇണ്ട്ന്ന് പറഞ്ഞ്ട്ട് എവടെ ?”

“ മാജിക്കോ ?” അയാൾക്കത് പെട്ടന്ന് ഓർമ്മ വന്നില്ല.

“ആ മാജിക്കെന്നെ.. കതേരെ അവസാനം മാജിക്കിണ്ട്ന്ന് അച്ഛൻ പറഞ്ഞ്ര്ന്നു..”  കുട്ടി കുറ്റപ്പെടുത്തുന്നതു പോലെ പറഞ്ഞു.

“ ആ..മാജിക്..” അയാൾ സങ്കടത്തോടെ കുട്ടിയെ കൺകൊണ്ടുഴിഞ്ഞു. സ്കൂളിൽ നിന്ന് വാടിതളർന്ന് നടന്നെത്തുമ്പോൾ  ആദ്യമൊക്കെ അവൾ വിശപ്പു കൊണ്ട് ഒച്ച വെക്കുകയും കരയുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇപ്പോൾ, അച്ഛമ്മ വരുന്നതു വരെ  ക്ഷമയോടെ കാത്തിരിക്കാറുണ്ട്. പക്ഷെ  ഇനിയല്പം കൂടി കഴിഞ്ഞ് അച്ഛമ്മയെ അന്വേഷിച്ചു തുടങ്ങുമ്പോൾ..

അങ്ങനെ ഒരു ദിവസം.. മിന്നുമോളുടെ അച്ഛമ്മ അപ്പം വിറ്റു തീർന്ന് ചന്തയിൽ നിന്ന് വരികയായിരുന്നു..അപ്പൊ ദാ നിൽക്കുന്നു, ഒരു മാലാഖ !”  അവസാനമെത്തുമ്പോഴേക്കും അയാളുടെ സ്വരം ഒരു വിതുമ്പൽ പോലെ നേർത്തുപോയിരുന്നു.. “  മാലാഖ എന്നിട്ടെന്തു ചെയ്തു ? ഇനീം ഇവടെ കെടന്ന് കഷ്ടപ്പെടണ്ടാന്ന് പറഞ്ഞ്. ഭും.. ദാ അച്ഛമ്മയെ സ്വർഗത്തിലേക്ക് പൊക്കിക്കൊണ്ടുപോയി…” അയാൾ ആകാശത്തേയ്ക്ക് കൈ ചൂണ്ടി.

അയ്യേ..ഇതെന്തൂട്ട് മാജിക്..!” കുട്ടി നെറ്റി ചുളിച്ചു..

“അതല്ലേ ഏറ്റോം വെല്ല്യ മാജിക്..!.” വായിലേക്കൂറി വന്ന ചവർപ്പ് കണ്ണിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിച്ച്, ആത്മനിന്ദയും നിസ്സഹായതയും വിങ്ങിതുളുമ്പിയ  പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

                                                          **********




  

വ്യാഴാഴ്‌ച, ഒക്‌ടോബർ 04, 2012

തത്വചിന്ത

 തത്വചിന്ത


"ഇതെന്താണ് ?"
ജ്ഞാനി വലതുകൈയ്യിലെ ചൂണ്ടുവിരൽ ഉയർത്തികാണിച്ചു കൊണ്ട് ആൾക്കൂട്ടത്തോട് ചോദിച്ചു.

"അതൊരു വിരലാണ്.." ആൾക്കൂട്ടം സൗമ്യമായി മറുപടി പറഞ്ഞു.

"വിഡ്ഡികളെ. ശരിക്കു നോക്കൂ.ഇത് ഒന്നാണ് ! " അദ്ദേഹം ആക്രോശിച്ചു.
'
ശരിയാണല്ലൊ..' ആൾക്കൂട്ടം ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ?" അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അത് ഒന്നാണ് " ആൾക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.

"പമ്പരവിഡ്ഡികളെ, ഇത് എന്റെ പെരുവിരലാണ്  !"  അദ്ദേഹം പൊട്ടിത്തെറിച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി ഒന്ന് ചിരിച്ചു.

"ഇതെന്താണ് ? " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

" അതൊരു വിരലാണ് " ആൾക്കൂട്ടത്തിലെ ചിലർ പറഞ്ഞു. "അതൊന്നാണ് " മറ്റുചിലർ  പറഞ്ഞു.

" മരക്കഴുതകളെ.. ഇത് ഒന്നാണ്  !",   ആൾക്കൂട്ടത്തിൽ 'അതൊരു വിരലാണ്' എന്നു പറഞ്ഞവരോട്   അദ്ദേഹം പറഞ്ഞു. . " കോവർ കഴുതകളെ  ഇതൊരു ചൂണ്ടുവിരൽ മാത്രമാണ് !",  'അതൊന്നാണ് 'എന്നു പറഞ്ഞവരുടെ നേരെ തിരിഞ്ഞ് അദ്ദേഹം ഒച്ച വച്ചു.

'ശരിയാണല്ലൊ..' ആൾക്കൂട്ടം വീണ്ടും ഇളഭ്യരായി.

"ഇതെന്താണ് " അല്പസമയം കഴിഞ്ഞ് ജ്ഞാനി വീണ്ടും വിരലുയർത്തി കൊണ്ട് ചോദിച്ചു.

"അതൊരു വിരലാണ്..അത് ഒന്നുമാണ്.." ഇത്തവണ തെറ്റില്ല എന്ന ഉറപ്പോടെ ആൾക്കൂട്ടം ഒന്നടങ്കം വിളിച്ചു പറഞ്ഞു.

അദ്ദേഹം ജനക്കൂട്ടത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

"തിരുമണ്ടന്മാരെ.. ഇത്രയും നിസ്സാരമായ  ഒരു സംഗതി പോലും ഒരു വിരലാണൊ അതോ ഒന്നാണോ എന്ന് തീരുമാനിക്കാൻ നിങ്ങൾക്കാവുന്നില്ല.  പറയൂ, നിങ്ങളൊക്കെ ജീവിച്ചിരുന്നിട്ട് എന്തു ഫലം ? "