ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

തീരാക്കടങ്ങള്‍ (നാം... തുടര്‍ച്ച )

മീശ കുരുത്തപ്പോള്‍
സോഷ്യലിസം നിലവില്‍ വന്നു.
സ്ക്കൂളിനടുത്ത് താമസത്തിനെത്തിയ രാജകുമാരിയെ
പ്രേമിക്കാന്‍ തുല്യാവകാശമായിരുന്നു.
ഇടവഴികളിലെ പ്രണയാകമ്പടികള്‍ക്ക്
വിളക്കുകാലുകളായി നിന്ന് അടയാളവെളിച്ചങ്ങള്‍
തെളിച്ചിരുന്നത് ഊഴമിട്ടായിരുന്നു.
പൊടുന്നനെയൊരു ദിനം
അവള്‍ മറ്റെങ്ങോ താമസം മാറിയപ്പോള്‍
അവള്‍ക്കെഴുതിയ പ്രേമലേഖനത്തില്‍
ഏവരുടേയും ഹൃദയരക്തം കലര്‍ന്നിരുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ചുമര്‍പൊത്തുകളില്‍
പമ്മനും പി. അയ്യനേത്തും മടക്കുപുസ്തകങ്ങളും
വിശ്രമമില്ലാത്ത പൊതുസ്വത്തായിരുന്നു.
ഇരുളില്‍, ഓലമേഞ്ഞ ടാക്കീസില്‍
തടിച്ച നടി നീലനീരാട്ട് തുടങ്ങിയപ്പോള്‍
നെഞ്ചിടിപ്പുകളുടെ താളം മുറുകിയത്
ഒരേ വേഗത്തിലായിരുന്നു.
ദൈവങ്ങളല്ലാതിരുന്നതുകൊണ്ടു മാത്രം
മരക്കൊമ്പിനു പകരം ഇരിപ്പിടങ്ങളൊരുക്കിയത്
പെണ്‍കുളിക്കടവിലെ പൊന്തക്കാടുകളിലായിരുന്നു.
നാട്ടിലെ പെണ്‍ഭൂമിശാസ്ത്രങ്ങള്‍ അളന്നും
ചര്‍ച്ച ചെയ്തും കലുങ്കിലിരിക്കുമ്പോള്‍
വായൂവേഗത്തിലോടാന്‍ പരിശീലനം പകര്‍ന്നത്
വളവു തിരിഞ്ഞ് പലപ്പോഴും പാഞ്ഞെത്താറുള്ള
പോലീസ് വാഹനങ്ങളായിരുന്നു.
രാത്രിസ്വപ്നങ്ങളില്‍ വീണുകിട്ടിയ പെണ്ണിനെപ്പോലും
പാണ്ഡവരെപ്പോലെ പങ്കിട്ടെടുത്തവര്‍
ഓഹരിയുടമകളായി അവകാശവാദമുന്നയിച്ചിരുന്നത്
അവസാനത്തെ ബീഡിപ്പുകയ്ക്കു മാത്രമായിരുന്നു.
വീട്ടിലെ തീവ്രവിപ്ലവകാരികള്‍
ചെങ്കൊടിയേന്തി നെഞ്ചുവിരിച്ചാഞ്ഞു നടക്കുമ്പോള്‍
മുന്‍പില്‍ ചട്ടിതൊപ്പിയും മുളവടിയും ക്ണ്ടാല്‍
നൊടിയില്‍ പിന്‍നിരയിലെത്താനുള്ള ജാലവിദ്യ പഠിച്ചവരായിരുന്നു.
മരനീരടിച്ച് കാവടിയില്‍
തകില്‍താളത്തില്‍ തകര്‍ത്താടിയവര്‍
പക്ഷെ, പഠന,പ്രാരാബ്ദങ്ങളായ് പലവഴി പിരിഞ്ഞന്ന്
കുടിച്ച് തീര്‍ത്തത് ഒരു കുടം കണ്ണുനീരായിരുന്നു.
പക്ഷെ,
'നീ ഞാന്‍ തന്നെ'യെന്ന് കരഞ്ഞുകൈപിടിച്ചകവര്‍ന്നവര്‍
വല്ലപ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോള്‍
പഴയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുമെന്ന് ഭയപ്പെട്ട്
തിടുക്കത്തിലൊരു കുശലാന്വേഷണം നടത്താന്‍ മാത്രം
പഠിച്ചു കഴിഞ്ഞിരുന്നു.
-------------------------------------------------------------------------------------------
മണികണ്ഠന്‍,
എല്ലാ കൊള്ളരുതായ്മകളില്‍ നിന്നും
സൗമ്യമായി പുഞ്ചിരിച്ച് നീ അകന്നു നിന്നിട്ടേയുള്ളു.
ഞങ്ങളുയര്‍ത്തിയ വീരവാദങ്ങളള്‍ക്കിടയില്‍
'നിങ്ങള്‍ ചെയ്തത് തെറ്റായിരുന്നു' എന്ന് മൗനം കൊണ്ട്
വിളിച്ചു പറഞ്ഞത് നീ മാത്രമായിരുന്നു.
പക്ഷെ എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ?
'ആ പഴയ സുഹൃത്തില്ലേ, മണികണ്ഠന്‍....'
എന്ന് ഭാര്യ ഫോണിലൂടെ പറയാന്‍ തുടങ്ങിയപ്പോള്‍
നിന്റെ വിവാഹമായിരിക്കുമെന്ന് ഞാന്‍ കരുതി.
പക്ഷെ അവള്‍ പറഞ്ഞത് നിന്റെ ശൂന്യതയെക്കുറിച്ചാണ്.
'വരുന്നില്ല' എന്നാണു ഞാനാദ്യം പറഞ്ഞതെങ്കിലും
പറഞ്ഞുതീരാത്ത പഴയ സ്നേഹക്കടങ്ങള്‍
എനിക്കിരിക്കപ്പൊറുതി തന്നില്ല.
ഞാനറിഞ്ഞിരുന്നില്ല മണികണ്ഠന്‍,
വിരല്‍ത്തുമ്പുകൊണ്ടു നേടിയ ഭൂലോകസൗഹൃദങ്ങളുമായി
ഞാന്‍ സല്ലപിക്കുമ്പോള്‍
കുറച്ചപ്പുറത്ത്,
സര്‍ക്കാരുശുപത്രിയുടെ വിളറിയ ചുമരുകള്‍ക്കുള്ളില്‍
ഹൃദയം പകര്‍ന്ന് ഹൃദയം നേടിയവന്‍
മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന്.
നിന്റെ രോഗത്തിന് മരുന്നുകളില്ലായിരിക്കാം.
പക്ഷെ അല്‍പ്പനേരത്തേക്കെങ്കിലും
വ്യാധിയുടെ കൂര്‍ത്ത മുള്ളുകള്‍ വകഞ്ഞു മാറ്റി,
കൈകള്‍ കോര്‍ത്ത്,
നമുക്കാ പഴയ മാമ്പഴക്കാലത്തേക്ക് പറന്നുപോകാമായിരുന്നു.
പക്ഷെ, പിഴുതെറിഞ്ഞ പൂമരം പോലെ ചലനമറ്റ് വാടിയെങ്കിലും
മുഖത്ത് യാതൊരു പരിഭവങ്ങളുമില്ലാതെ
ആ പഴയ സൗമ്യമായ പുഞ്ചിരിയോടെ
നീയെന്നെ വരവേറ്റു.
അപ്പോളാളിവന്ന ഒരു തേങ്ങല്‍
ഇപ്പോഴുമെന്നുള്ളില്‍
അടങ്ങാതെ കിടപ്പുണ്ട്.
വേറൊരു സ്വര്‍ലോകം മറ്റെവിടെ പണിതീര്‍ത്താലും
ഇനിയും നിന്റെ ദൈവത്തോടെനിക്കു സന്ധി ചെയ്യുക വയ്യ ‍.
നീ കാണുന്നുണ്ടാവും -
നമ്മുടെ കളിസ്ഥലങ്ങളില്‍ ചുമരുകളയുര്‍ന്നിരിക്കുന്നു
നമ്മുടെ പുഴ വറ്റിയമര്‍ന്നിരിക്കുന്നു.
നമ്മുടെ കുന്നിന്‍പുറങ്ങള്‍ തച്ചുതകര്‍ത്തിരിക്കുന്നു.
നമ്മുടെ തണല്‍മരങ്ങള്‍ വെട്ടിവെളുത്തിരിക്കുന്നു.
എവിടെയിരുന്നാണ്
മുടി ചുരുണ്ടു നീണ്ട ഏതൊ ഒരു വധുവിനായി
നീ പണിതീര്‍ത്ത സ്വര്‍ണ്ണമാല്യത്തെക്കുറിച്ച്,
സൗമ്യലളിതമായിരുന്ന നിന്റെ സ്വപ്നങ്ങളെക്കുറിച്ച്,
ഹൃദയം നുറുങ്ങിയ വരികള്‍
കടം തീരാത്ത കണ്ണുനീര്‍ കൊണ്ട് ഞാനെഴുതി തീര്‍ക്കേണ്ടത്..

22 അഭിപ്രായങ്ങൾ:

 1. മനോജ് !!!

  നിന്‍റെ മനോഹരമായ എഴുത്തില്‍ അസൂയ തോന്നിപോകുന്നു ..

  "തീരാകടങ്ങള്‍" വായിച്ചപ്പോള്‍ നാം എന്ന കവിത
  കൂടുതല്‍ മനോഹരമായിമാറുന്നു .. !!

  അച്ചടക്കമുള്ള എഴുത്ത് !
  ഓണവും മാങ്ങാക്കാലവും വിപ്ലവും ഒക്കെ
  അതിരിട്ടുനില്‍ക്കുന്ന 'ഓര്‍മ്മകവികളില്‍' നിന്ന് നീ എത്രമാത്രം വ്യത്യസ്ഥനാണ് എന്നതാണ് അതിലേറെ ഇഷ്ടപെട്ടത് !

  ബ്ലോഗിനെ രൂപം ഒന്നുകൂടി ഭംഗിപ്പെടുത്തൂ ..
  നാം സീരീസ് വേറിട്ടുനില്‍ക്കുന്ന പേജ് ആകട്ടേ ..
  മറ്റുകവിതകളില്‍ ഇടകലരാതേ ഒരു സിഗ്നേചര്‍ കവിത ..

  ഇനിയും എഴുതൂ ആ ഹൃദയകാരിയായ സൗഹ്ര്ദങ്ങളെകുറിച്ച് !
  കലര്‍പ്പില്ലാത്ത കാലത്തെകുറിച്ച് !!

  മണികണ്ഠന്‍ മാത്രമല്ല ..
  രാജു , തിലകന്‍ , കുട്ടന്‍ , ശാരദ ..
  സ്കൂളില്‍ നൃത്തം പടിപ്പിക്കാന്‍ നഗരത്തില്‍ നിന്നും വരാറുള്ള സുന്ദരിടീച്ചര്‍.
  പകതീര്‍ക്കലുകളുടെ കാവടിയാട്ടങ്ങള്‍ .

  അയല്പ്പക്കങ്ങളോടൊന്നും കൂട്ട് കൂടാതെ ഏകാന്ത ജീവിതം നയിക്കുന്ന
  ദേവകിയമ്മായി പ്രണയപൂര്വ്വം മാസംതോറും കയ്യൊപ്പിട്ട് വാങ്ങാറുള്ള അഞ്ഞൂറ് രൂപാ മണിയോര്‍ഡര്‍ .. !
  അതിന്‍റെ നിഘൂടത തേടിയുള്ള നമ്മുടെ ആദ്യ തീവണ്ടിയാത്ര ..

  എഴുതൂ മനോജ് എല്ലാം;
  എന്തിനു പറയാതിരിക്കണം ..?

  മറുപടിഇല്ലാതാക്കൂ
 2. വളരെയധികം നന്നായിട്ടുണ്ട് ഈ കവിത പറയാതെ വയ്യ.. ആ കൂട്ടുകാരന്‍ മനസ്സില്‍ ഒരു മുറിവേല്‍പ്പിച്ചുകൊണ്ട് മായാതെ നില്‍ക്കുന്നു..
  അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു ...
  ഇനിയും എഴുത്തുക...

  മറുപടിഇല്ലാതാക്കൂ
 3. ആദ്യഭാഗത്ത് മൂര്‍ത്തമായ ചരവ്യാപാരം,ലൈംഗികതയോടുള്ള വാഞ്ഛ.അടുത്ത ഭാഗത്ത് അണഞ്ഞുപോയൊരു സൗഹൃദത്തെക്കുറിച്ചോര്‍ത്തുള്ള മനോവ്യഥ...

  അതിഗംഭീരമായിരിയ്ക്കുന്നു......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്തൂട്ടാ രഞ്ജിത്തേ ഈ ചരവ്യാപാരം ?

   ഇല്ലാതാക്കൂ
 4. വളരെ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. നല്ല അർത്ഥഗർഭമായ, ഇഴയടുപ്പമുള്ള, വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്ന വാക്കുകൾ. ഇതിനെ ഒരു കവിത എന്നൊക്കെ വിളിച്ചാൽ അത് വെറുമൊരു തരംതാഴ്ത്തലായിപ്പോവും. എനിക്ക് വിശദീകരിക്കാനും വർണ്ണിക്കാനും വാക്കുകളില്ല, ഈ വാക്കുകളേക്കുറിച്ച്, നിങ്ങളുടെ ആ സൗഹൃദത്തെക്കുറിച്ച് പറയാനും, എഴുതാനും. ആശംസകൾ, അഭിനന്ദനങ്ങൾ. നിങ്ങളുടെ ആ സൗഹൃദത്തിന് ഒരായിരം അഭിവാദ്യങ്ങൾ. ഇനിയും എഴുതൂ ഇതുപോലുള്ള വാക്കുകൾ.

  മറുപടിഇല്ലാതാക്കൂ
 6. ഒരു വിഡ്ഢിയുടെ എഴുത്തു കാണാന്‍ വന്നിട്ട് ദാര്‍ശനികനെ കണ്ട് വണങ്ങി തിരിച്ചു പോവുന്നു...

  മറുപടിഇല്ലാതാക്കൂ
 7. വേറൊരു സ്വര്‍ലോകം മറ്റെവിടെ പണിതീര്‍ത്താലും
  ഇനിയും നിന്റെ ദൈവത്തോടെനിക്കു സന്ധി ചെയ്യുക വയ്യ ‍.

  ഇത്രയും നല്ല വരികളോട് എനിക്കും സന്ധി ചെയ്യുക വയ്യ ...
  നല്ല കവിത മനോജേ...
  താങ്കളിലെ വിഡ്ഢിയെ വായിക്കാന്‍ ഇനിയും വരാം .

  മറുപടിഇല്ലാതാക്കൂ
 8. നന്ദി, വേണുവേട്ടാ..
  ഇനിയും വരണം..

  മറുപടിഇല്ലാതാക്കൂ
 9. ആ നല്ല സുഹൃത്തിന് എന്‍റെ പ്രണാമം.!
  വാക്കുകള്‍കൊണ്ട് തീരത്ത ഈ വേദനയ്ക്കും എന്‍റെ പ്രണാമം.

  മറുപടിഇല്ലാതാക്കൂ
 10. 'നീ ഞാന്‍ തന്നെ'യെന്ന് കരഞ്ഞുകൈപിടിച്ചകവര്‍ന്നവര്‍
  വല്ലപ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോള്‍
  പഴയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുമെന്ന് ഭയപ്പെട്ട്
  തിടുക്കത്തിലൊരു കുശലാന്വേഷണം നടത്താന്‍ മാത്രം
  പഠിച്ചു കഴിഞ്ഞിരുന്നു.>>>> സത്യമായ വാക്കുകള്‍ മനോജ്‌

  മറുപടിഇല്ലാതാക്കൂ
 11. അം ജത് ജിയുടെ അഭിപ്രായമാണെനിക്കും . കിടു :)

  മറുപടിഇല്ലാതാക്കൂ
 12. രണ്ടാമത്തേത് ഏറെ ഇഷ്ടമായി .

  മറുപടിഇല്ലാതാക്കൂ